എനിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നൂ. പ്രതീക്ഷിക്കാത്ത സമയത്താണ് സംഭവിച്ചിരിക്കുന്നത്…

പുനർജ്ജനി….

Story written by Suja Anup

============

“എന്താ ചേച്ചി, രണ്ടു ദിവസ്സമായല്ലോ പുറത്തേയ്ക്കു കണ്ടിട്ട്. അതുകൊണ്ടാണ് ഞാൻ അന്വേഷിച്ചിറങ്ങിയത്..”

“ഒന്നും പറയേണ്ട സുമി, ഇനി ഇങ്ങനെ ഒരബദ്ധം പറ്റാനില്ല”

“അതെന്ത് അബദ്ധം..”

“മാസം രണ്ടായിന്നൂ..”

“എനിക്ക് ഒന്നും മനസ്സിലാകുന്നില്ല..”

“എടി, പൊട്ടിക്കാളി…വയറ്റിലുണ്ടെന്ന്..”

“ഈശ്വരാ..എനിക്ക് ഒന്ന് തുള്ളിചാടുവാനാണ് തോന്നുന്നത്..?”

“നിനക്ക് അത് പറയാം. മൂത്തവൾ ബിരുദം ഒന്നാം വർഷം, രണ്ടാമൻ പ്ലസ് ടു. ഇതിനിടയിൽ ഒരു കുട്ടി, അതും ഈ വയസ്സാം കാലത്തു. പുള്ളിക്കാരൻ സമ്മതിക്കില്ല. ഞാൻ ഒത്തിരി പറഞ്ഞു നോക്കി. ആരെയും അറിയിക്കരുത് എന്നാണ് ഉത്തരവ്.”

“അങ്ങനെ പറയല്ലേ ചേച്ചി..”

“അതിയാൻ നാളെ എന്നെയും കൊണ്ട് ആശുപത്രിയിൽ പോകുന്നുണ്ട്. ഇതിനെ കളഞ്ഞു കഴിഞ്ഞാലേ ഇനി സമാധാനമുള്ളൂ എന്നാണ് പറയുന്നത് .”

ഞാൻ അറിയാതെ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

വിവാഹം കഴിഞ്ഞിട്ട് വർഷം പത്തായി. ഇതുവരെ എനിക്ക് ഒരു കുഞ്ഞികാൽ കാണുവാൻ ഭാഗ്യം ഉണ്ടായിട്ടില്ല. നേരാത്ത നേർച്ചകൾ ഇല്ല. കാണാത്ത ഡോക്ടർമാരും ഇല്ല. എന്നിട്ടും ദൈവം കനിഞ്ഞില്ല.

ചേച്ചിയോട് ഒന്ന് ചോദിക്കണം എന്നുണ്ടായിരുന്നൂ

“ആ കുഞ്ഞിനെ പ്രസവിച്ചിട്ടു എനിക്ക് തരാമോ..”

പക്ഷേ വാക്കുകൾ പുറത്തേയ്ക്കു വന്നില്ല.

“ദാ പുള്ളിക്കാരൻ എത്തി. നാളെ നീ ഒന്ന് ഇവിടത്തെ കാര്യങ്ങൾ നോക്കണം. കുട്ടികളെ ഒന്നും അറിയിക്കുന്നില്ല.”

ചേട്ടനെ കണ്ടതും ഞാൻ അറിയാതെ കരഞ്ഞു പോയി. അവർ രണ്ടുപേരോടുമായി ഞാൻ പറഞ്ഞു.

“ഈ പാപം ചെയ്യരുത്. ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന ഒത്തിരി പേര് ഈ ലോകത്തിൽ ഉണ്ട്. മ ച്ചി എന്ന പേര് കേട്ട് ഞാൻ മടുത്തൂ. കുട്ടികൾ ദൈവത്തിൻ്റെ ദാനമാണ്. അത് വേണ്ടെന്നു വയ്ക്കരുത്.”

എണ്ണിയെണ്ണി ഞാൻ എന്തൊക്കെയോ പറഞ്ഞു. അവർ അതൊന്നും കേട്ടില്ല.
പിറ്റേന്ന് അവർ ആശുപത്രിയിൽ പോകുമ്പോൾ തളർന്ന് ഞാൻ ആ ക്രൂ ശിതരൂപത്തിൻ്റെ മുന്നിൽ മുട്ടുകുത്തി.

“ആ കുഞ്ഞിനെ എനിക്ക് തരാമായിരുന്നില്ലേ..എൻ്റെ കണ്ണുന്നീർ നീ കാണുന്നില്ലല്ലോ. അവർക്കു അതിനെ വേണ്ട. പിന്നെ എന്തിനാണ് അവിടെ കൊടുത്തത്..”

എത്ര നേരം ഞാൻ അവിടെ ഇരുന്നു കരഞ്ഞു എന്നറിയില്ല.

വൈകീട്ട് ചേച്ചിയെ കണ്ടപ്പോൾ വിഷമം തോന്നി.

പാവം…അവരും നന്നായി വിഷമിക്കുന്നുണ്ട്.

ഒരാഴ്ച ചേച്ചിക്ക് വേണ്ട കാര്യങ്ങൾ ഞാൻ ചെയ്തു കൊടുത്തൂ. അയൽപക്കം ആണെങ്കിലും സ്വന്തം ചേച്ചിയായി മാത്രമേ ഞാൻ എന്നും കണ്ടിട്ടുള്ളൂ.

***************

സമയം കടന്നു പോയികൊണ്ടിരുന്നൂ…

മൂന്ന് മാസം കഴിഞ്ഞു. ചേച്ചിയുടെ വീട്ടിൽ ചെന്നിരുന്നു വർത്തമാനം പറഞ്ഞിരിക്കുമ്പോൾ പെട്ടെന്നാണ് തല കറങ്ങിയത്.

ഉടനെ തന്നെ ചേച്ചി ആശുപത്രിയിൽ കൊണ്ട് പോയി.

ഡോക്ടർ ആണ് സംശയം പറഞ്ഞത്.

“ഗർഭിണി ആണെന്ന് തോന്നുന്നൂ..”

കാർഡ് ടെസ്റ്റ് പോസിറ്റീവ്.

എനിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നൂ. പ്രതീക്ഷിക്കാത്ത സമയത്താണ് സംഭവിച്ചിരിക്കുന്നത്.

ചേച്ചിക്ക് സന്തോഷം ആയി.

“അന്ന് നീ എൻ്റെ മുന്നിലിരുന്നൂ ഒത്തിരി കരഞ്ഞില്ലേ. അത് ദൈവം കേട്ടുകാണും..”

“ശരിയാണ്. എത്ര പണം ചെലവാക്കിയതാണ്. ഒന്നും നടന്നില്ല. പക്ഷേ ഇപ്പോൾ ഒരു ഉണ്ണി വന്നിരിക്കുന്നൂ..”

ചേട്ടൻ ഒരു പണിയും എടുക്കുവാൻ സമ്മതിച്ചില്ല. ഏതു നേരവും ചേച്ചി എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കി കൊണ്ടുവരും. ഏട്ടൻ്റെ  അമ്മയും അപ്പനും വീട്ടിൽ വന്നു നിന്നൂ. എനിക്ക് വരുവാൻ ആരുമില്ല. എല്ലാവരും കൂടെ എന്നെ താഴെ വയ്ക്കാതെ നോക്കി.

അങ്ങനെ യാതൊരു കുഴപ്പങ്ങളും ഇല്ലാതെ ആ പ്രസവം നടന്നൂ. ഒരു കുഴപ്പവും ഇല്ലാതെ കുഞ്ഞിനെ കിട്ടി.

ആ കുഞ്ഞിനെ കൈയ്യിൽ എടുത്തു ചേച്ചി പറഞ്ഞു.

“അന്ന് പുള്ളിക്കാരൻ എന്നെ നിർബന്ധിച്ചു അ ബോർഷൻ ചെയ്യിച്ചൂ. ആ രാത്രിയിൽ ഞാൻ ഒത്തിരി കരഞ്ഞു. നിൻ്റെ വയറ്റിൽ എൻ്റെ മകൻ പുനർജ്ജനിക്കും എന്ന് എനിക്കുറപ്പായിരുന്നൂ. അത്രയ്ക്ക് ഞാൻ കരഞ്ഞു പ്രാർത്ഥിച്ചിരുന്നൂ..”

ഒരു പക്ഷേ ശരിയായിരിക്കും, പ്രതീക്ഷിക്കാത്ത സമയത്തു ഒരു ചികിത്സയും കൂടാതെ എനിക്ക് അവനെ ദൈവം തന്നൂ. രണ്ടമ്മമാർ അവനു വേണ്ടി പ്രാർത്ഥിച്ചില്ലേ. അത് കാണാതിരിക്കുവാൻ ദൈവത്തിന് ആകുമോ..”

……………….സുജ അനൂപ്