അപ്പോളാണ് വീട്ടിൽ കരഞ്ഞു കൊണ്ട് ഇരിക്കുന്ന എന്റെ അച്ഛനെയും അമ്മയെയും ഓർമ്മ വന്നത്. രാവിലെ അവൾ എന്നോട് ചോദിച്ചത്…

പ്രേമം

Story written by Arun Nair

==============

”അരുണേട്ടാ, രാവിലെ തന്നെ കുളിച്ചൊരുങ്ങി  ഇത്രയും അത്യാവശ്യമായി എങ്ങോടാണോ…കുറെയെണ്ണം ഉണ്ട് എങ്ങനെ നാട് നന്നാക്കാൻ നടക്കുന്നെ…എന്നാൽ  നാടിനും ഇല്ല വീടിനുമില്ല ഗുണം…”

“നീ കൂടുതൽ കാര്യങ്ങളൊന്നും അന്വേഷിക്കേണ്ട…അമ്മു നീ എന്റെ അനുജത്തി ആണ്…കൂടുതൽ ഭാരിച്ച കാര്യങ്ങളൊന്നും തിരക്കണ്ട കേട്ടോ..നിന്നോട് എന്റെ പാർട്ടിയുടെ കൊടിയുടെ കളറുള്ള ഷർട്ട്‌ തേച്ചിടാൻ പറഞ്ഞിട്ട് ഇട്ടോ….”

“എനിക്കൊന്നും വയ്യ തേച്ചിടാൻ…എങ്ങോട്ടാ പോകുന്നെന്ന് പറ ആദ്യം…പറഞ്ഞാൽ തേച്ചു തരാം… “”

“വല്ല ആൺപിള്ളേരെയും തേക്കനാണെങ്കിൽ പറയാതെ തന്നെ അവളു ചെയ്തേനെ…അവൾക്കിപ്പോ ഒരു ഷർട്ട്‌ തേക്കാൻ വയ്യ… “”

“”എനിക്കു ചേട്ടനോട് സംസാരിച്ചാൽ വായിൽ വല്ല ചീത്തയും വരും…ഞാൻ അമ്പലത്തിൽ പോകാൻ ഇരിക്കുവാ അതുകൊണ്ട് കൂടുതലൊന്നും സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല…. “”

“പിണങ്ങാതേടി അനുജത്തി ഞാൻ കാര്യം പറയാം..അല്ലേലും ഞാൻ നിന്നോടെല്ലാം പറയാറുണ്ടല്ലോ…ഇന്ന് നമ്മുടെ പാർട്ടിയിൽ ഉള്ള ഒരു ചെറുക്കന്റെ കല്യാണം നടത്തികൊടുക്കണം..അവൻ വേറെ മതത്തിൽ പെട്ട ഒരു പെണ്ണുമായി ഇഷ്ടത്തിൽ ആണ്…. “”

“”അപ്പോൾ വീട്ടുകാർ അറിയാതെ ആണോ ചേട്ടാ ഇതൊക്കെ ചെയുന്നത്…വേണ്ട ചേട്ടാ അതൊക്കെ പാപമാണ്…അവർക്കും ഇല്ലേ മാതാപിതാക്കൾ…അവരെ കുറിച്ചു കൂടി ചിന്തിക്കു..മിനിമം അവരെ അറിയിച്ചിട്ട് എങ്കിലും ചെയ്യൂ ഇതൊക്കെ…. “”

“”എടി പൊട്ടി പെണ്ണേ നീ ഇത് എന്താ പറയുന്നത്…അവരുടെ വീട്ടുകാർ അറിഞ്ഞാൽ അവരുടെ കല്യാണം നടത്തി കൊടുക്കില്ല അവിടെയാണ് നമ്മളെ പോലെ ഉള്ളവർ സഹായത്തിനു വേണ്ടത്….സ്നേഹിക്കുന്നവരെ ഒന്നിപ്പിക്കണം അത് നമ്മുടെ നയമാണ് അതിനിടക്ക് ചീപ്പ്‌ കോംപ്ലക്സ് ഒന്നും നോക്കിയിട്ട് കാര്യമില്ല…. “”

“”എന്റെ പൊന്നു ചേട്ടാ വീട്ടിൽ അറിയിച്ചാലല്ലേ നടത്തി കൊടുക്കുമോ ഇല്ലയോ അറിയാൻ പറ്റു…അറിയിക്കാതെ ഉള്ള മുൻവിധി തെറ്റല്ലേ ചേട്ടാ..ഇപ്പോൾ ആ പെണ്ണു ഞാൻ ആണെങ്കിൽ എന്താകും നിങ്ങളുടെ അവസ്ഥ…..””

“”നിർത്തിക്കോ അമ്മു നിന്റെ വർത്താനം എന്നിട്ടു ഷർട്ട്‌ തേക്ക്…കൂടുതൽ ഒന്നും ആലോചിക്കാൻ സമയമില്ല…അവരെ ഒന്നിപ്പിച്ചു എല്ലാടത്തും കാണിക്കണം….സ്നേഹിക്കുന്നവരുടെ കൂടെ നമ്മളുണ്ട് പറഞ്ഞാൽ കുറച്ചു വോട്ട് ഇലക്ഷന് കൂടുതൽ കിട്ടും നമ്മുടെ പാർട്ടിക്ക്..അതുകൊണ്ട് മോളുടെ സഹതാപം ഓർക്കാൻ എനിക്കു നേരമില്ല…. “”

അമ്മു ഷർട്ട്‌ തേച്ചു തന്നത് ഇട്ടു നോക്കി പൊളിച്ചു ഇന്ന് എന്റെ ലുക്ക്‌…എന്റെ പാർട്ടിയുടെ കൊടിയുടെ കളറുള്ള ഷർട്ടും ആ കരയുമുള്ള മുണ്ടും….ഒരു പ്രവർത്തകൻ എന്ന നിലയിൽ നിന്നും നേതാവ് എന്ന നിലയിലേക്ക് ഉള്ള മാറ്റം ആക്കണം ഇന്നത്തെ പ്രവർത്തനം…അലമാരയിലെ ഗ്ലാസിൽ നോക്കി ഞാനോരോ കാര്യങ്ങൾ ഓർത്തു…

പെട്ടന്ന് അമ്മ വിളിച്ചു ടാ കഴിക്കാൻ എടുത്തു വച്ചിട്ടുണ്ട്….ചൂട് ആറും  മുൻപ് കഴിക്കു….

അമ്മ എടുത്തു വച്ച ഭക്ഷണവും കഴിച്ചു ഞാൻ പോകാനായി ഇറങ്ങി…ഞാൻ അവിടെ ചെന്നു..എന്നെ കണ്ടതും എന്റെ താഴെയുള്ള പ്രവർത്തകർക്ക് ആവേശമായി…

“”അരുണേട്ടൻ എത്തി ഇനി ഒന്നും പേടിക്കണ്ട…രജിസ്റ്റർ ചെയ്യാൻ വന്ന ചെറുക്കനോടും പെണ്ണിനോടും എന്റെ ഒരു ശിങ്കിടി പറയുന്നത് കേട്ടപ്പോൾ ഉള്ളിലൊരു കുളിർമ തോന്നി… “”

ഞാൻ കൂടെയുണ്ടെന്നുള്ള ധൈര്യത്തിൽ പ്രവർത്തകരെല്ലാം സജീവമായി നിന്നു തന്നെ രജിസ്റ്റർ നടത്തി…അവരെ ആരുമറിയാത്ത സ്ഥലത്തേക്ക് മാറ്റി…അവരുടെ സുരക്ഷിതത്വം ഇപ്പോൾ എന്റെ കടമയാണ് അത് നന്നായി നിർവഹിച്ചാൽ മാത്രമേ എന്റെ വില ഇടിയാതെ ഇരിക്കു…വൈകിട്ട് വരെ ഞാനും പ്രവർത്തകരും അവരുടെ കൂടെ നിന്നു…അതിനു ശേഷം അവരെ ആദ്യ രാത്രിയുടെ സന്തോഷത്തിലേക്കു പറഞ്ഞു വിട്ടിട്ടു ഞാൻ അവിടുന്ന് ഇറങ്ങി…

ഏഴു മണി ഒക്കെ ആയപ്പോൾ ഞാൻ വീട്ടിലെത്തി..വീട്ടിൽ എത്തിയപ്പോൾ അമ്മയുമച്ഛനും ആകെ ടെൻഷൻ അടിച്ചു കൊണ്ട് വീടിന്റെ മുൻപിൽ നിൽക്കുന്നു..വണ്ടി നിർത്തി ഇറങ്ങി ചെന്നതും ഞാൻ അമ്മയോട് ചോദിച്ചു…

“”എന്താണമ്മേ എന്ത് പറ്റി അമ്മ എന്താണ് വിഷമിച്ചു ഇരിക്കുന്നത്… “”

“”അതെ മോനെ നമ്മുടെ അമ്മു ഇതുവരെ കോളേജ് വിട്ടു വന്നിട്ടില്ല..അവളുടെ മൊബൈലിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല..കൂട്ടുകാരിയെ വിളിച്ചപ്പോൾ അറിഞ്ഞു ഏതോ ചെറുക്കനുമായി ഇഷ്ടത്തിൽ ആണെന്ന്..അവരു ഒളിച്ചോടി പോയോ ആവോ അതോ എൻറെ കുഞ്ഞിന് വല്ല ആപത്തും വന്നു കാണുമോ.എന്റെ മോൻ ഒന്നു അന്വേഷിച്ചിട്ടു വാ… “”

“”ഹേയ് അങ്ങനെ ഒന്നും സംഭവിച്ചിട്ടു ഉണ്ടാവില്ല…ഞാൻ ഇല്ലേ അമ്മേ എന്തായാലും ഞാനൊന്നു പോയി നോക്കട്ടെ…..””

പെട്ടന്ന് എന്റെ മൊബൈലിൽ റിങ് അടിച്ചു..ഹോ എന്റെ കൂടെയുള്ള പ്രവർത്തകൻ ആണല്ലോ..എന്താണാവോ കാര്യം..എന്തായാലും ഇപ്പോൾ പെങ്ങളുടെ കാര്യം അവരറിയണ്ട..ആകെ നാണക്കേട് ആകും…

ഞാൻ ഫോൺ എടുത്തപ്പോൾ അവൻ എന്നോട് പറഞ്ഞു “”ഇന്ന് കല്യാണം നടത്തിയ ചെറുക്കന്റെയും പെണ്ണിന്റെയും വീട്ടുകാർ അവരെ കാണാതെ കൂട്ടുകാരെയൊക്കെ വിളിച്ചു അന്വേഷിക്കുണ്ട്…അവരോട് പറയണോ ഇപ്പോൾ എവിടെ ആണെന്ന്… കാര്യം പറയണോ…?? “”

“”വേണ്ട വേണ്ട ഇപ്പോൾ പറയണ്ട. നാളെ അവരോട് കൂടി ആലോചിച്ചിട്ട് പോലീസ് സംരക്ഷണം ഒരുക്കി വിടാം അല്ലങ്കിൽ നമുക്കു റിസ്ക് ആണ്. എങ്കിൽ ശരിയെട ഞാൻ കുറച്ചു തിരക്കിൽ ആണ് പിന്നെ വിളിക്കാം… “”

ഞാൻ ബൈക്ക് എടുത്തു ഇറങ്ങി…അപ്പോൾ അവൾ രാവിലെ എന്നോട് ചോദിച്ച കാര്യങ്ങൾ എല്ലാം തെളിഞ്ഞു വന്നു…എന്നാലും എന്റെ അമ്മു നിനക്ക് എങ്ങനെ തോന്നി ഈ ഏട്ടനോട് പറയാതെ കാര്യങ്ങൾ ചെയ്യാൻ…ചേട്ടൻ ഇത് എങ്ങനെ സഹിക്കും…

അപ്പോളാണ് വീട്ടിൽ കരഞ്ഞു കൊണ്ട് ഇരിക്കുന്ന എന്റെ അച്ഛനെയും അമ്മയെയും ഓർമ്മ വന്നത്…രാവിലെ അവൾ എന്നോട് ചോദിച്ചത് അപ്പോൾ ഓർമ്മ വന്നു…മാതാപിതാക്കളുടെ ദുഃഖം..എങ്ങനെയാണ് അമ്മു നിനക്ക് നമ്മുടെ അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാൻ കഴിഞ്ഞത്….ഞങ്ങളുടെ സ്വത്ത് അല്ലേ മുത്തേ നീ…ഓരോന്നും ഓർത്തു ഞാൻ വണ്ടി ഓടിച്ചു…അറിയാവുന്ന കൂട്ടുകാരോട് എല്ലാം തിരക്കി നോക്കി. ആരും കണ്ടില്ലെന്നു മറുപടി തന്നു …

പെട്ടന്ന് അമ്മ വിളിച്ചു

“”മോനെ അമ്മു വന്നിട്ടുണ്ട് കൂടെ രണ്ടു ആൺപിള്ളേരും ഒരു പെണ്ണും ഉണ്ട്. അവളുടെ കല്യാണം കഴിഞ്ഞു എന്നാണ് പറയുന്നത്..മോൻ എടുത്തു ചാടിയൊന്നും ചെയ്യരുത്…മോൻ പെട്ടെന്ന് ഇങ്ങോട്ട് വാ… “”

ഞാൻ വണ്ടി തിരിച്ചു വീട്ടിലേക്കു പറത്തി വിട്ടു…വീടിന്റെ മുൻപിൽ എത്തിയപ്പോൾ തന്നെ കണ്ടു അമ്മുവും കൂടെ വന്ന ചെറുപ്പക്കാരനും പെണ്ണും മുറിക്കു അകത്തു ഇരിക്കുന്നത്…വണ്ടി നിർത്തി ചാടി ഇറങ്ങി ഞാൻ മുറിയിലേക്ക് ഓടി..ഓടും വഴി വണ്ടി താഴെ വീഴുന്ന ശബ്ദം ഞാൻ കേട്ടു..നശിക്കട്ടെ എല്ലാം…

അമ്മുവിന്റെ അടുത്തു എത്തിയതും എന്റെ കണ്ണുകൾ നിറഞ്ഞു പോയി…അവളെ അടിക്കാൻ എനിക്കു കഴിയില്ല. എന്റെ പൊന്നനുജത്തിയാണവൾ എന്റെ ചങ്കിലെ ചൂട് അവൾക്കു മാത്രമേ കൊടുത്തിട്ടുള്ളു..അവൾ എനിക്കു അനുജത്തി മാത്രമല്ല മകൾ കൂടിയാണ്…

“”അമ്മു മോളെ നിനക്ക് ഇത് എന്ത് പറ്റി..നിനക്ക് എങ്ങനെ തോന്നി മോളെ ഇങ്ങനെ ഒക്കെ ചെയ്യാൻ..ഏട്ടനെ ഓർക്കേണ്ട നിനക്ക് നമ്മുടെ അച്ഛനെയും അമ്മയെയും ഓർക്കാൻ വയ്യാരുന്നോ….. “”

പെട്ടന്ന് കൂടെ വന്ന ചെറുക്കൻ എന്തോ പറയാൻ തുടങ്ങി. ഞാൻ അവനുനേർക്കു കൈകൾ കാട്ടി

“”വേണ്ട ഒന്നും മിണ്ടണ്ട പറഞ്ഞു ഞാൻ എന്റെ അനുജത്തിയോട് ആണ് സംസാരിക്കുന്നത്… “”

“”അരുണേട്ടാ…. “”

അമ്മു എന്നെ വിളിച്ചു…

“”ഏട്ടൻ തന്നെയല്ലേ രാവിലെ പറഞ്ഞത് സ്നേഹിക്കുന്നവരെ ഒന്നിപ്പിക്കുന്നത് നല്ലതാണെന്നു…പിന്നെ എന്തിനാ ഇപ്പോൾ മാറ്റി പറയുന്നത്…എനിക്കും തോന്നി ഏട്ടാ നിങ്ങളോട് പറഞ്ഞാൽ കല്യാണം നടത്തി തരില്ലെന്ന്..അതുകൊണ്ട് ചെയ്തതാണ്…. “”

“”അമ്മു മതി എനിക്കു ഒന്നും കേൾക്കണ്ട…സന്തോഷം ആയി മോളെ ഒരുപാട് സന്തോഷം…ഈ അച്ഛനോടും അമ്മയോടും ഏട്ടൻ ഇനി എന്ത് പറയും…അവരുടെ വിഷമം ഞാൻ എങ്ങനെ മാറ്റും… “”

“”എല്ലാവർക്കും ഇല്ലേ ചേട്ടാ അച്ഛനും അമ്മയും..അപ്പോൾ ചേട്ടൻ രാവിലെ ചെയ്തത് ശരി ആണോ…..??? അതോ നമുക്കു വരുമ്പോൾ മാത്രമേ അതിനൊക്കെ വേദന ഉള്ളോ…ബാക്കി എല്ലാവരും സ്നേഹിച്ചു കെട്ടുമ്പോൾ കൂടെ നിൽക്കും അനുജത്തി ചെയ്തപ്പോൾ സങ്കടവും ഇതാണോ ചേട്ടൻറെ ആദർശം… “”

“”മോളെ അതു നീ ചെയ്തപ്പോൾ ആണ് ഏട്ടന് അതിന്റെ വിഷമം മനസ്സിലാകുന്നത്…സഹിക്കാൻ പറ്റുന്നില്ല അമ്മു…അച്ഛന്റെയും അമ്മയുടെയും കണ്ണുനീർ എങ്ങനെ തുടക്കണമെന്നും അറിയില്ല…ഇനി ഞാൻ എന്തായാലും വീട്ടുകാർ അറിയാതെ ഉള്ള രജിസ്റ്റർ കല്യാണത്തിന് കൂട്ടു നിൽക്കില്ല…മനസ്സിലായി എനിക്കതിന്റെ വേദന..പക്ഷേ അപ്പോളേക്കും എനിക്കു എന്റെ അനുജത്തിയുടെ കല്യാണം ഓടി നടന്നു നടത്താൻ ഉള്ള അവസരം നഷ്ടമായി. ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല… “”

അമ്മു വന്നെന്റെ അടുത്തു നിന്നു എന്നെ കെട്ടിപിടിച്ചു

“”ഏട്ടാ പേടിക്കണ്ട കേട്ടോ..അമ്മയ്ക്കും അച്ഛനും വിഷമം ഒന്നുമില്ല..അവരോട് ഞാൻ എല്ലാം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്…..””

“”അപ്പോൾ മോൾ ഏട്ടനെ മാത്രം മോളുടെ കല്യാണം മറച്ചു വച്ചല്ലേ…അത്രക്കും മോശമാണോ ഏട്ടൻ… “”

“”അല്ല ഏട്ടാ,, എന്റെ ഏട്ടൻ നല്ലതാണ്…പക്ഷേ ഇപ്പോൾ രാഷ്ട്രീയം തലയ്ക്കു പിടിച്ചു മനുഷ്യപ്പറ്റു ഇല്ലാതെ ആകുന്നു. പത്തു വോട്ട് കൂടുതൽ കിട്ടാൻ വേണ്ടി അധപതിച്ചു പോകുന്നു ചിന്തകൾ.പിന്നെ ഏട്ടന് അറിയുമോ ഇപ്പോളും അച്ഛനു കിട്ടുന്ന പെൻഷൻ കൊണ്ടാണ് ഈ വീട് കഴിയുന്നത്. ഈ നടപ്പ് അല്ലാതെ അവരെ ഒന്നു നോക്കാൻ ഏട്ടന് കഴിയുനില്ല…സ്വന്തം അച്ഛനെയും അമ്മയെയും നോക്കാൻ പോലും കഴിയാത്തവൻ എന്ത് രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടും കാര്യമില്ല….ഇതൊക്കെ ഏട്ടനോട് പറയണം ഉണ്ടായിരുന്നു..അത് സാധിച്ചത്‌ ഇപ്പോളാണ്  മാത്രം…

പിന്നെ ഏട്ടാ എന്റെ കല്യാണം കഴിഞ്ഞിട്ട് ഒന്നുമില്ല..എല്ലാം ഏട്ടന് എന്ത് തോന്നും അറിയാൻ ഒരു നാടകം ഒരുക്കിയതാണ് ഞാൻ…ഇതെന്റെ കൂട്ടുകാരിയും അവളുടെ രണ്ടു ചേട്ടന്മാരും ആണ്…..

എന്നോട് ഒന്നും തോന്നരുത് ഏട്ടാ രാവിലെ ആ അച്ഛന്റെയും അമ്മയുടെയും വിഷമം ഓർക്കാൻ പറഞ്ഞിട്ട് കേട്ട ഭാവം പോലും ചേട്ടൻ നടിക്കാതെ ഇരുന്നതുകൊണ്ട് ചെയ്തു പോയതാണ്…എന്നോട് ക്ഷമിക്കു ചേട്ടാ….. “”

എനിക്കു ദേഷ്യവും സങ്കടവും സന്തോഷവും എല്ലാം ഒരുമിച്ചു വന്നു അവളുടെ വർത്തമാനം കേട്ടപ്പോൾ…

എന്തൊരു ജന്മം ആണോ എന്റെ അനുജത്തി….നിനക്ക് മുൻപിൽ ഞാൻ നമിച്ചു മോളെ…അതും ഓർത്തു ഞാൻ നിന്നപ്പോൾ അവളുടെ കൂടെ വന്ന നാടക കഥാപാത്രങ്ങൾ പോകാനായി യാത്ര ചോദിക്കുക ആയിരുന്നു….

ഒരു നിമിഷം എന്റെ ശ്രദ്ധ അവരിൽ ആയപ്പോൾ എനിക്കിട്ടു ഞൊണ്ടി കൊണ്ട് എന്റെ പൊന്നനുജത്തി അമ്മു അകത്തേക്ക് ഓടി…നിൽക്കടി അവിടെ പറഞ്ഞു ഞാൻ പുറകയും…

ഞങ്ങളുടെ ചിരി  കളികൾ പിന്നെയും വീട്ടിൽ നിറയുമ്പോൾ നാടകത്തിലെ പ്രധാന കഥാപാത്രങ്ങൾ ഞങ്ങളുടെ കളികൾ കണ്ടു പൊട്ടി ചിരിക്കുക ആയിരുന്നു….

A story by അരുൺ നായർ

സ്നേഹം കുറ്റമല്ല, വിവാഹം കഴിക്കുന്നതും കുറ്റമല്ല…മിനിമം വീട്ടുകാരെ അറിയിച്ചിട്ട് ചെയുക. നിങ്ങളെ തേടിയുള്ള അവരുടെ അലച്ചിൽ എങ്കിലും ഒഴിവാക്കാം…പിന്നെ അതൊക്കെ നടത്തി തരുന്ന രാഷ്ട്രീയക്കാർക്ക് നിങ്ങളുടെ ജീവിതം നന്നായി കാണാൻ ഉള്ള ആഗ്രഹം കൊണ്ട് അല്ല സഹായം ചെയ്യുന്നത്  10 വോട്ട് കിട്ടാൻ മാത്രമാണ്…ജീവിതം എങ്ങനെ വേണം തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്.