പെണ്ണ് കാണുവാൻ വന്ന രണ്ടു പേരാണ് സംഗതി വഷളാക്കിയത്. രണ്ടു കല്യാണാലോചനകൾ തടി മൂലം മുടങ്ങി…

ഗുണ്ടുമണി

Story written by Suja Anup

===============

“എൻ്റെ ഗുണ്ടുമണി, നിനക്കൊന്ന് ഭക്ഷണം കുറച്ചു കൂടെ. ഇങ്ങനെ തടിച്ചു കൊഴുത്തിരുന്നാൽ ആരാണ് നിന്നെ കെട്ടുവാൻ പോകുന്നത്…”

“രാവിലെ തന്നെ അമ്മ തുടങ്ങി. ഇനി ഇപ്പോൾ ഭക്ഷണനിയന്ത്രണത്തെ കുറിച്ച് ഒരു ക്ലാസ് തന്നെ നടക്കും. വേറെ ഒരു പണിയും ഇല്ല ഈ അമ്മയ്ക്ക് …”

ജനിച്ചപ്പോൾ അഞ്ചു കിലോ ഉണ്ടായിരുന്നൂ. ദൈവം സഹായിച്ചിട്ടു അന്നു അച്ഛനിട്ട ഓമനപ്പേരാണ് ഗുണ്ടുമണി. പിന്നെ ഇതേവരെ ആ പേര് മാറ്റേണ്ടി വന്നിട്ടില്ല. തടി അതേപോലെ തന്നെ കൊണ്ടു നടക്കുവാൻ സാധിക്കുന്നുണ്ട്.

സ്കൂളിലും കോളേജിലും വീട്ടിലും അതേ പേര്. ഇത്രയും നാൾ വലിയ പ്രശ്നം ഇല്ലാതെ പോയി. പെണ്ണ് കാണുവാൻ വന്ന രണ്ടു പേരാണ് സംഗതി വഷളാക്കിയത്. രണ്ടു കല്യാണാലോചനകൾ തടി മൂലം മുടങ്ങി.

അതോടെ ഭക്ഷണം നിയന്ത്രിക്കുവാൻ അമ്മ തീരുമാനമെടുത്തൂ…

********************

“അമ്മേ, ഇന്നലത്തെ മീൻ കറി ബാക്കി ഉണ്ടോ..”

“നിന്നോട് ചോറ് കഴിക്കേണ്ട എന്ന് ഞാൻ പറഞ്ഞതല്ലേ. അവിടെ ചപ്പാത്തി ഇരുപ്പുണ്ട്. അത് കഴിച്ചാൽ മതി. രാവിലെ തന്നെ അവൾക്കു ചോറും മീൻ കറിയും മതി..”

“എന്തിനാ അമ്മേ, ഒരു പിടി ചോറ് മതി. ഉച്ചയ്ക്ക് ഞാൻ ചപ്പാത്തി കഴിച്ചോളാം…”

“ഗുണ്ടുമണി, അമ്മ പറമ്പിൽ നിന്നും രണ്ടു മുരിങ്ങക്കായ പറിച്ചിട്ടു വരാം. രവിയുടെ കൂട്ടുകാരൻ ഉച്ചയ്ക്ക് വരുന്നുണ്ട്. ഊണിനു അവൻ ഉണ്ടാവും. ഒരുപാടു കാര്യങ്ങൾ തീർക്കാനുണ്ട്. നീ ഭക്ഷണം കഴിച്ചിട്ട് വേഗം പച്ചക്കറി അരിയണം. രവി മീനും ചിക്കനും വാങ്ങിക്കുവാൻ പോയി..”

********************

“ഇവിടെ ആരുമില്ലേ…”

ഈ വാതിലും തുറന്നിട്ട് വീട്ടുകാരൊക്കെ എവിടെ പോയോ എന്തോ..?

“ഗുണ്ടുമണി ഇവിടെ ഇരുന്നു പുട്ട് അടിക്കുകയാണോ..”

കയ്യിലിരുന്ന കറി ചട്ടിയും, അതിൽ കിടന്ന ഒരു പിടി ചോറും എന്നെ നോക്കി പൊട്ടിചിരിച്ചൂ..

ആദ്യത്തെ ചമ്മൽ മാറിയതും ഞാൻ നല്ല തൊലിക്കട്ടിയോടെ ചോദിച്ചൂ.

“ആരാണ്, മനസ്സിലായില്ല..”

“രവിയില്ലെ..”

ഇനി ഇപ്പോൾ ഒന്നും ചോദിക്കുവാനില്ല. ഏട്ടൻ്റെ കൂട്ടുകാരൻ. കോളേജിൽ ഒന്നിച്ചു പഠിച്ചൂ. ഇപ്പോൾ വിദേശത്താണ്. ഏട്ടൻ വാതോരാതെ എപ്പോഴും പറയുന്ന കഥകളിലെ കഥാപാത്രം.

ഞാൻ ഒന്നും മിണ്ടിയില്ല. സത്യത്തിൽ കണ്ണ് നിറഞ്ഞു. അല്ലെങ്കിൽ തന്നെ ഏട്ടൻ എന്നെ എപ്പോഴും തീറ്റപ്പണ്ടാരം എന്ന് വിളിക്കും. നന്നായി പഠിക്കും, നന്നായി പാട്ടു പാടും, അതൊന്നും കാണുവാൻ ആരുമില്ല.

ഇപ്പോൾ കൂട്ടുകാരൻ എന്താണ് വിചാരിച്ചുണ്ടാവുക, ഞാൻ ഒരു തീറ്റ പണ്ടാരം ആണ് എന്നല്ലേ…

“നീ എപ്പോൾ എത്തി..”

“രവി, എത്ര നാളായി നിന്നെ കണ്ടിട്ട്..”

ഏട്ടനും അയാളും വിശേഷങ്ങൾ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഞാൻ അവിടെ നിന്നും നീങ്ങി. ആരും കാണാതെ എൻ്റെ മുറിയിൽ കയറി വാതിലടച്ചൂ.

കുറേ കഴിഞ്ഞപ്പോൾ അമ്മ വന്നു വാതിലിൽ തട്ടി വിളിച്ചൂ.

കണ്ണ് തുടച്ചു ഞാൻ വാതിൽ തുറന്നൂ.

അമ്മ പറഞ്ഞൂ..

“മോളെ, നീ അറിയരുത് എന്ന് പ്രത്യേകം പറഞ്ഞിട്ട് രവി ഒരു കാര്യം ചെയ്തു. രണ്ടു ആലോചനകൾ മുടങ്ങിയതിൽ പിന്നെ നീ പെണ്ണ് കാണുവാൻ സമ്മതിക്കുന്നുണ്ടായിരുന്നില്ലല്ലോ. ആ പയ്യൻ നിന്നെ പെണ്ണ് കാണുവാൻ വന്നതാണ്. അവനു നിന്നെ ഇഷ്ടമായി. നേരത്തെ തന്നെ രവി നിൻ്റെ ഫോട്ടോ അവനു അയച്ചു കൊടുത്തിരുന്നൂ..”

അതോടെ എല്ലാം പൂർത്തിയായി.

പെണ്ണ് കാണുവാൻ വന്ന ചെറുക്കൻ്റെ മുന്നിൽ കറിചട്ടിയുമായി നിന്ന ആദ്യത്തെ പെണ്ണായിരിക്കും ഞാൻ. എനിക്ക് നല്ല ദേഷ്യം വന്നൂ. അപ്പോഴേയ്ക്കും അച്ഛൻ വന്നൂ..

“മോളെ, പത്തിൽ പത്തു പൊരുത്തമുണ്ട്. എല്ലാം നേരത്തെ തന്നെ നോക്കിയതാണ്. ഇനി നിൻ്റെ ഇഷ്ടം അറിഞ്ഞാൽ മതി.”

അപ്പോഴേക്കും ഏട്ടനും വന്നൂ. കൂടെ അദ്ദേഹവും…

എനിക്ക് എതിരഭിപ്രായം ഒന്നും ഉണ്ടായിരുന്നില്ല. ഒരേ ഒരു കാര്യം മാത്രം അദ്ദേഹത്തോട് ഞാൻ ചോദിച്ചൂ..

“വീട്ടിലും എന്നെ ഗുണ്ടുമണി എന്ന് തന്നെയാണോ പരിചയപ്പെടുത്തിയത്..”

അതോടെ ഏട്ടൻ പൊട്ടിചിരിച്ചൂ..

ഏതായാലും അടുത്ത ശുഭമുഹൂർത്തത്തിൽ വിവാഹം നടന്നൂ…

…………..സുജ അനൂപ്