അവളുടെ മനസ്സ് ചെറുതായി പതറാൻ തുടങ്ങി. അവൾക്ക് ആ മുറിയിൽ അധികസമയം നിൽക്കാൻ സാധിച്ചില്ല…

Story written by Vipin PG

===============

ടേബിളിൽ തനിക്കായി വിളമ്പി വെച്ച ഭക്ഷണങ്ങളോക്കെ തട്ടിത്തെറിപ്പിച്ചു കൊണ്ട് ആഷ്‌ലി ദേഷ്യത്തോടെ ഇറങ്ങിപ്പോയി.

രണ്ടാനമ്മയുമായി പൊരുത്തപ്പെടാൻ അവൾക്ക് ഒരിക്കലും സാധിച്ചില്ല. വിശന്നിട്ടും അവൾ ഭക്ഷണം കഴിച്ചില്ല

സ്ത്രീകളോട് അവൾക്കിപ്പോൾ വെറുപ്പാണ്. അത് വെറുതെ ഉണ്ടായ ഒരു വെറുപ്പ് അല്ല. അതിന് കാരണക്കാരി അവളുടെ അമ്മയാണ്. നാല്പത് കാരിയായ അവളുടെ അമ്മ ഒളിച്ചോടി. അതിന് ശേഷം അവളുടെ മുന്നിൽ കാണുന്ന സ്ത്രീകളോടെല്ലാം അവൾക്ക് വെറുപ്പാണ്.

അമ്മ നഷ്ടപ്പെട്ട മകളെ വളർത്തിയെടുക്കാൻ അവളുടെ അച്ഛൻ നന്നായി പാടുപെട്ടു. അതുകൊണ്ട് തന്നെ അയാൾ രണ്ടാം വിവാഹം ചെയ്തു.

അവളുടെ രണ്ടാനമ്മ സുന്ദരിയായിരുന്നു, സ്മാർട്ട് ആയിരുന്നു. എന്നിട്ടും അവൾക് പൊരുത്തപ്പെടാൻ പറ്റിയില്ല.

അവൾക്ക് ഈ ഭൂമിയിൽ ഇനി ഒരു സ്ത്രീയുമായും പൊരുത്തപ്പെടാൻ സാധിക്കില്ല. കാരണം ഒളിച്ചോടിയ അമ്മയുടെ പേരിൽ അവൾ വളരെയധികം അപമാനിക്കപ്പെട്ടിട്ടുണ്ട്. അവൾ എന്നും പള്ളിയിൽ പോകും. പറയാനുള്ളതെല്ലാം ദൈവത്തോട് പറയും. കരയും,,,തിരികെ വീണ്ടും വീട്ടിൽ പോകും,,,

എന്നത്തേയും പോലെ ആ പോക്ക് നേരെ പോയത് പള്ളിയിലേക്ക് ആണ്. അന്ന് പള്ളിയിൽ എത്തിയ ആഷ്‌ലി പതിവിൽ കൂടുതൽ സമയം പള്ളിയിൽ ചിലവഴിച്ചു. ധ്യാനത്തിൽ ആയി പ്രാർത്ഥിച്ചിരുന്ന ആഷ്‌ലി ഒരു വിളി കേട്ട് തിരിഞ്ഞു നോക്കി.

“ഹലോ “

കാണാൻ സുന്ദരനായ ഒരു ചെറുപ്പക്കാരൻ. ആഷ്‌ലി അവനെ മൈൻഡ് ചെയ്തില്ല. ആഷ്‌ലി പള്ളിയിൽ നിന്നും ഇറങ്ങി പുറത്തേക്ക് പോകാൻ നോക്കിയപ്പോൾ വീണ്ടും വിളി വന്നു

“ആഷ്‌ലി “

ഒരു നിമിഷം ഞെട്ടിയ ആഷ്‌ലി തിരികെ നോക്കി

“എൻറെ പേര് എങ്ങനെ അറിയാം “

“പേര് മാത്രമല്ല,,, എല്ലാം അറിയാം “

“എങ്ങനെ “

“ഞാൻ എന്നും കാണാറുണ്ട് ഒരുപാട് പേരോട് ചോദിച്ചിട്ടുണ്ട് “

“എന്തിന് “

“നിന്നെ കുറിച്ച് അറിയാൻ “

“നിങ്ങളാരാ “

“ഐ ആം ജോൺസൻ “

“എന്നിട്ട് അറിയേണ്ടതെല്ലാം അറിഞ്ഞോ”

“കുറച്ചൊക്കെ, ബാക്കി നിന്നോട് നേരിട്ട് ചോദിക്കാം എന്ന് കരുതി “

“എന്നാ ചോദിക്ക്, അറിയേണ്ടതെല്ലാം ചോദിക്ക് “

“നമുക്ക് നടന്നു സംസാരിച്ചാലോ “

“ഒരല്പം സ്വാതന്ത്രം തന്നെ എന്ന് കരുതി അതുമുതലെടുക്കരുത്. ഇനി എന്നെ ഫോളോ ചെയ്യരുത്,, ബൈ “

ആഷ്‌ലി ദേഷ്യത്തോടെ അവിടെ നിന്ന് പോയി. രണ്ടാം ദിനവും ആഷ്‌ലിയുടെ പ്രാർത്ഥന കഴിഞ്ഞപ്പോൾ പുറകിൽ അവൻ ഉണ്ടായിരുന്നു. അന്നും അവൾ  അവന്  പിടികൊടുത്തില്ല.

മൂന്നാം ദിനം പള്ളിയിൽ നിന്ന് ഇറങ്ങിയ ആഷ്‌ലിയുടെ പുറകെ അയാൾ ചെന്നു

“ഹാപ്പി ബർത് ഡേ ആഷ്‌ലി “

അവൾ പോലും മറന്ന അവളുടെ പിറന്നാൾ അവൻ ഓർത്തു. വീട്ടിൽ പപ്പയോ അവളുടെ രണ്ടാനമ്മയോ അവളുടെ പിറന്നാൾ ദിനം  ഓർത്തില്ല. അന്നവൾ ഇത്തിരി മയപ്പെട്ടു. അന്ന് അവൾ അവന്റെ കൂടെ നടന്നു സംസാരിച്ചു.

മനുഷ്യന്റെ മനസ്സിന്റെ  ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഒരു പ്രത്യേക കഴിവുള്ള മനുഷ്യൻ. അവൻ  അവളുമായി ഒത്തിരി നേരം സംസാരിച്ചു,

അന്ന് പിരിയുമ്പോൾ അവൻ അവൾക്കു പിറന്നാൾ സമ്മാനം അവളുടെ കയ്യിൽ കൊടുത്തു. വീട്ടിലെത്തിയപ്പോൾ അത്താഴം കഴിക്കുന്ന പപ്പയും ആ സ്ത്രീയും…അവൾക്കുള്ളത് വിളമ്പി വച്ചിരിക്കുന്നു. അവൾ കഴിച്ചില്ല, എന്നത്തേയും പോലെ അന്നും തീർന്നു…

നാലാം നാൾ,,,അന്ന് അവൾ അവനെ  പ്രതീക്ഷിച്ചു. പക്ഷെ അവൻ പള്ളിയിൽ ഉണ്ടായിരുന്നില്ല. ആഷ്‌ലി നിരാശപ്പെട്ടു.

പള്ളിയിൽ നിന്ന് ഇറങ്ങിയപ്പോൾ അവൻ പുറത്തുണ്ടായിരുന്നു. അവളെ ഒരു  റൈഡിന് ക്ഷണിച്ചു.

അന്ന് അവൾ അവനൊപ്പം റൈഡിനു പോയി. അന്നവൾ കാണാൻ ഇഷ്ടപ്പെട്ട പലതും കണ്ടു. കഴിക്കാൻ ഇഷ്ടപ്പെട്ട പലതും കഴിച്ചു. അവളുടെ മനസ്സ് പതിയെ സ്വതന്ത്രമാവുകയായിരുന്നു.

പിരിയുമ്പോൾ അവരൊരുമിച്ച് അവളുടെ വീട് വരെ പോയി പോയിരുന്നു. ഏറെ വൈകിയിട്ടും പപ്പയോ ആ സ്ത്രീയോ അവൾ എവിടെപ്പോയെന്ന് അന്വേഷിച്ചില്ല. ആ വീട്ടിൽ ആ സ്ത്രീയുടെ സ്വാതന്ത്ര്യം കൂടിക്കൂടി വന്നു. ഒരു മകൾ കാണാൻ പാടില്ലാത്ത കാഴ്ചകൾ അവൾ കാണാൻ തുടങ്ങി. അവൾ സൂര്യൻ ഉദിക്കാൻ പ്രാർത്ഥിച്ച് കിടന്നുറങ്ങി.

അഞ്ചാം ദിവസം, അന്ന് പള്ളിയിൽ നിന്നിറങ്ങിയ ആഷ്‌ലിയും ജോൺസണും പൂന്തോട്ടത്തിലൂടെ നടന്നു. അവന്  ചില ചോദ്യങ്ങൾ ഉണ്ടായിരുന്നു. അവൾക്കും…

“എന്താ രണ്ടാനമ്മയെ ഇഷ്ടമല്ലാത്തെ “

“രണ്ടാനമ്മ അല്ല, സ്ത്രീ…അവർക്ക് അമ്മയാകാനുള്ള പ്രായമില്ല, മാത്രമല്ല എനിക്ക് എല്ലാവരും സ്ത്രീയാണ്, അമ്മയല്ല “

“ഇനിയൊരു നാൾ അമ്മ തിരികെ വന്നാൽ സ്വീകരിക്കുമോ “

“ഇല്ല “

“അതെന്താ “

“സ്വാർത്ഥത തേടി പോയവർക്ക് എന്റെ  മനസ്സിൽ സ്ഥാനമില്ല. അമ്മ പോയപ്പോൾ എന്നെ കുറിച്ച് ഓർത്തില്ല ഇനി. എനിക്ക് അമ്മ വേണ്ട “

അവൾ പറഞ്ഞതിനെ ഒന്നും അയാൾ എതിർക്കുന്നില്ല. പിന്നീട് അവളുടെ ചോദ്യങ്ങളായിരുന്നു…

“ആ സ്ത്രീ നന്നായി കുക്ക് ചെയ്യും. പക്ഷെ എനിക്ക് ഇഷ്ടമില്ലാത്ത വിഭവങ്ങൾ മാത്രം…അതെന്താ “

“ഭക്ഷണം കഴിക്കാൻ പോലും നീ ആ വീട്ടിൽ പോകരുതെന്ന് കരുതുന്നുണ്ടാകും “

“അവർ പുറത്തു പോകുമ്പോൾ എന്നെ കൊണ്ടുപോകാറില്ല “

“അവർക്ക് comfortable അല്ലായിരിക്കും “

“എല്ലാം അമ്മ തുടങ്ങി വച്ചതാണ്…ഒന്നും എന്റെ മനസ്സിൽ നിന്ന് പോകുന്നില്ല “

“എങ്കിൽ ഒരു കാര്യം ചെയ്യു…അമ്മയുടെ മുറിയിൽ അമ്മയുടെതായ എല്ലാം എടുത്ത് കത്തിച്ചു കളയു. അവിടെ ജ്വലിക്കുന്ന തീയിൽ നിൻറെ പകയും പ്രതികാരവും വെറുപ്പും എല്ലാം തീരണം “

“പറ്റില്ല…ആ മുറി എനിക്ക് വിലക്കപ്പെട്ടതാണ്. അവിടെ കയറാൻ പറ്റില്ല “

“വേറെന്തെങ്കിലും ഉണ്ടോ.വിലക്കപ്പെട്ടതായി “

“സെമിത്തേരി “

“അതെന്താ  “

“പണ്ട് സെമിത്തേരിയിൽ വച്ച് എന്തോ കണ്ടു പേടിച്ചു. പിന്നെ പോയിട്ടില്ല. എന്റെ വല്യമ്മച്ചി അവിടെ ഉണ്ട്…എന്നോട് ഒരിത്തിരി സ്നേഹം ഉണ്ടായിരുന്നനത് വെല്യമ്മച്ചിക്കായിരുന്നു “

“ശരി…എന്തായാലും ഒരു വിലക്ക് പൊട്ടിക്കൂ…മുറിയിൽ കയറൂ….എല്ലാം കത്തിക്കൂ, അമ്മ മനസ്സിൽ നിന്നും പോട്ടെ “

അവൾ അവനെ അനുസരിക്കാൻ തീരുമാനിച്ചു. അന്ന് വീട്ടിൽ തിരികെയെത്തിയ ആഷ്‌ലി വർഷങ്ങളായി പൂട്ടിക്കിടന്ന അവളുടെ അമ്മയുടെ മുറി തുറന്നു. അവൾ അവിടെയാണ് പിച്ച വച്ചത്….

വളർന്നപ്പോൾ എപ്പോഴോ അവൾക് ആ മുറി അന്യമായി. അവൾക്ക് വിലപ്പെട്ട ആ മുറിക്കകത്ത് മായാജാല കാഴ്ചകൾ ആയിരുന്നു. അവളുടെ അമ്മ വരച്ച ചിത്രങ്ങൾ, അവളുടെ അമ്മ എഴുതിയ കവിതകൾ, അമ്മയുടെ വർണ്ണശബളമായ ശേഖരങ്ങൾ, അമ്മയുടെ പുഞ്ചിരിച്ച മുഖമുള്ള ചിത്രങ്ങൾ….

അവളുടെ മനസ്സ് ചെറുതായി പതറാൻ തുടങ്ങി. അവൾക്ക് ആ മുറിയിൽ അധികസമയം നിൽക്കാൻ സാധിച്ചില്ല. അവൾ മുറി പൂട്ടി പുറത്തിറങ്ങി.

ആറാം ദിവസം…..

അവർ വീണ്ടും കണ്ടു. അവൾ മുറി തുറന്ന കാര്യം അയാളോട് പറഞ്ഞു.

“എല്ലാം കത്തിച്ചോ “

“ഒന്നും കത്തിച്ചില്ല “

“അതെന്താ “

“കത്തിക്കാൻ തോന്നിയില്ല “

“അതെന്താ “

“അതെല്ലാം ഭംഗിയുള്ളതാണ് “

“അപ്പോൾ അമ്മ ഭംഗിയുള്ളതായിരുന്നു അല്ലേ “

“അമ്മയെ കാണാൻ ഭംഗിയായിരുന്നു. പക്ഷേ മനസ്സ് ഭംഗി ഇല്ലാതെ പോയി “

“ശരി, നാളെ നിനക്ക് വിലക്കപ്പെട്ട രണ്ടാമത്തെ സ്ഥലത്ത് കൊണ്ട് പോകും, സെമിത്തേരി “

“സത്യം “

“സത്യം “

അവൾ സന്തോഷത്തിലായിരുന്നു. അന്ന് പിരിയുമ്പോൾ അവൾക്ക് അവൻ  ഒരു പട്ടിക്കുട്ടിയെ സമ്മാനിച്ചു. അവൾ ആ പട്ടിക്കുട്ടിയെ കൊണ്ട് വീട്ടിലേക്ക് പോയി.

വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പെട്ടന്ന് ആ പട്ടി കുട്ടി അവളുടെ കയ്യിൽ നിന്ന് പുറത്തു ചാടി. ആ പട്ടി കുട്ടി ഓടി. അവൾ അതിന്റെ  പുറകെ ഓടി. ആ പട്ടി കുട്ടി ആ വീടിൻറെ അണ്ടർ ഗ്രൗണ്ടിലേക്ക് പോയി. അവൾ  പുറകെ പോയി.

അവിടെ പൂട്ടിക്കിടക്കുന്ന ഒരു മുറി. അവൾ അതിന്റെ  അടുത്തേക്ക് പോയി. വാതിൽ പുറത്തുനിന്ന് പൂട്ടിയിരുന്നു. അവൾ പതിയെ ജനൽ തുറന്നു. അവൾ കണ്ടു, ഒരു മുറിയിൽ ചങ്ങലക്ക് ബന്ധിച്ച നിലയിൽ അവളുടെ അമ്മ….

കണ്ണുകൾ കുഴിഞ്ഞ് കവിളുകൾ ഒട്ടി എല്ലും തോലുമായി ഒരിറ്റ് ജീവൻ അവശേഷിക്കുന്ന അവളുടെ അമ്മ. ഒരു നിമിഷം അറിയാതെ നിലവിളിച്ചു. അവൾ പെട്ടെന്ന് തന്നെ അവളുടെ വാ പൊത്തി. അവൾ വീട്ടിലേക്ക് തിരികെ പോയി.

അവളുടെ ധാരണകൾ തെറ്റിദ്ധാരണകൾ ആയിരുന്നെന്നു അവൾക് മനസ്സിലായി തുടങ്ങി. അവൾ ആ കാര്യം ആരോടും പറഞ്ഞില്ല.

അവൾക് വേണ്ടി വിളമ്പി വച്ച അത്താഴം അവൾ അന്ന് ആ പട്ടിക്ക് കൊടുത്തു.

പിറ്റേന്ന് നേരം വെളുത്തപാടെ അവൾ പള്ളിയിൽ പോയി. ജോൺസൻ  അവൾക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു. അവന്റെ കയ്യിൽ രണ്ട് പൂച്ചെണ്ടും…

അതിൽ ഒരെണ്ണം അവൻ അവൾക് കൊടുത്തു. അവർ രണ്ടുപേരും കൂടി അവൾക്ക് വിലക്കപ്പെട്ട രണ്ടാമത്തെ സ്ഥലത്തേക്ക് പോയി…

സെമിത്തേരി….സിമിത്തേരിയിൽ നിരന്നു കിടക്കുന്ന കല്ലറകൾക്കിടയിൽ അവൾ അവളുടെ മുത്തശ്ശിയെ തേടി. അവളുടെ ജീവൻറെ ജീവനായിരുന്നു മുത്തശ്ശി…

ജോൺസൻ അവളുടെ മുത്തശ്ശിയുടെ കല്ലറ കണ്ടുപിടിച്ചു. അവളെ കല്ലറയ്ക്കു മുന്നിൽ നിർത്തി ജോൺസൻ  പൂച്ചെണ്ടുമായി മാറിപ്പോയി. അവൻ  മറ്റൊരു കല്ലറയുടെ മുന്നിൽ നിന്ന് പ്രാർത്ഥിക്കുകയായിരുന്നു…

ആഷ്ലി കണ്ടതും ആഷ്ലിക് പറയാനുള്ളതുമായ എല്ലാം ആഷ്‌ലി അവളുടെ മുത്തശ്ശിയോട് പറഞ്ഞു. വലിയൊരു ആത്മനിർവൃതിയിൽ അവൾ അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ചു.

കുരിശു വരച്ച് കല്ലറയുടെ മുന്നിൽ എഴുന്നേറ്റ് തിരിഞ്ഞു നോക്കിയപ്പോൾ ആളെ കാണുന്നില്ല. അവൾ അവിടമാകെ തിരഞ്ഞു അവനെ  കാണുന്നില്ല. ഒടുവിൽ അവൾ അവൻ  പ്രാർത്ഥിച്ച കല്ലറയുടെ മുന്നിൽ പോയി. അവന്റെ  കയ്യിലുണ്ടായിരുന്ന പൂച്ചെണ്ട് ആ കല്ലറയിൽ ഉണ്ടായിരുന്നു.

അവൾ ആ പൂച്ചെണ്ട് എടുത്തപ്പോൾ ആ കല്ലറയിൽ അവൾ ആ പേര് കണ്ടു,,,ജോൺസൻ,,,,ഏഴ് ദിവസമായി അവളോടൊപ്പം ഉണ്ടായിരുന്ന ജോൺസൻ….

വർഷങ്ങൾക് മുന്നേ അവളുടെ അമ്മയുടെ പേരിൽ പഴികേട്ട ആ യുവാവ്, അന്നേ മരണത്തിനു കീഴടങ്ങിയ ജോൺസൻ…

അവൾ ഞെട്ടി….വീണ്ടും നിലവിളിച്ചു,,,,,,അവൾ ആ സെമിത്തേരിയിൽ നിന്നും ഇറങ്ങി ഓടി,,,അവൾക്കൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല,,,,

ആഷ്‌ലി വീട്ടിൽ തിരികെ എത്തി,,,,അവൾ അവിടെ കണ്ടത് ച ത്തു കിടക്കുന്ന ആ പട്ടിക്കുട്ടിയെയാണ്,,,,അവൾക് കാര്യങ്ങൾ മനസ്സിലായി. അവളുടെ പപ്പാ,,,അവളുടെ അമ്മയെ ഇല്ലാതാക്കി,,,,,ഇപ്പോൾ അവളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു….

അന്ന് അവൾക് വേണ്ടി വിളമ്പി വച്ച അത്താഴവുമായി അവൾ താഴേക്ക് പോയി. അവൾക് ഈ ഭൂമിയിൽ ജീവിക്കാൻ ഇഷ്ടമല്ലായിരുന്നു. അവൾ ജോൺസണെ തേടി പോകാൻ തീരുമാനിച്ചു. പൂട്ട് മുറിച്ചു മുറിക്കുള്ളിൽ കയറി. ആ അത്താഴം അവളും അവളുടെ അമ്മയും പങ്കിട്ടു കഴിച്ചു…

സാറ്റർഡേ….

ദൈവം വിശ്രമിച്ച ഏഴാം നാൾ,,,,അവർ ആ മുറിയിൽ ഒരുമിച്ചു വിശ്രമിച്ചു…