രാവിലെ മുതൽ ലേഖയും അനൂപും ടെൻഷനിലാണ്..തങ്ങളുടെ മകൾ ആരുടെ കൂടെ നിൽക്കും എന്ന കാര്യത്തിൽ…

പ്രായപൂർത്തി…

Story written by Praveen Chandran

==============

അവരുടെ ഡൈവേഴ്സ് കേസിന്റെ വിധി പറയുന്ന ദിവസമായിരുന്നു ഇന്ന്…

രാവിലെ മുതൽ ലേഖയും അനൂപും ടെൻഷനിലാണ്..തങ്ങളുടെ മകൾ ആരുടെ കൂടെ നിൽക്കും എന്ന കാര്യത്തിൽ…

മകൾക്ക് പ്രായപൂർത്തിയായിരിക്കുന്നു..ആരുടെ കൂടെ വേണമെന്ന് തീരുമാനിക്കാൻ എല്ലാവരുടേയും പോലെ അവൾക്കും അവകാശമുണ്ട്..അത് തന്നെയാണ് ഇരുവരുടേയും പേടിയും ആശ്വാസവും..

ചില ഈഗോ പ്രശ്നങ്ങളൊഴിച്ചു നിർത്തിയാൽ പറയത്തക്ക പ്രശ്നങ്ങളൊന്നും അവരുടെ ദാമ്പത്ത്യത്തിൽ ഇല്ലായിരുന്നു..

പക്ഷെ മകളെ അവർക്കു ജീവനാണ്..അവൾ എൻജിനീയറിംഗിനു പഠിച്ചുകൊണ്ടിരിക്കുന്നു..

കോടതിയിൽ കേസുകളെടുക്കാൻ തുടങ്ങി..ഇരുവരുടേയും ടെൻഷൻ കൂടിക്കൂടി വന്നു..

“ലേഖാ നീയൊന്ന് സമാധാനമായിരിക്ക് അവൾ നിന്റെ കൂടെത്തന്നെ വരും” അമ്മ അവളെ സമാധാനിപ്പിക്കാനായി പറഞ്ഞു..

“എനിക്കത്ര ഉറപ്പില്ല അമ്മേ..അനൂപ്മായുളള പ്രശ്നങ്ങൾ കാരണം എനിക്കവളെ ശ്രദ്ധിക്കാനേ സമയം കിട്ടിയില്ല!..” അവൾ ആശങ്കയോടെ പറഞ്ഞു..

“എത്രയായാലും നീയവളുടെ അമ്മയല്ലേ?പെൺകുട്ടികൾക്ക് അമ്മമാരുടെ സഹായം ഇല്ലാതെ എങ്ങനെ മുന്നോട്ട് പോകാനാവും..നീ വിഷമിക്കാതെ..”

“എന്തോ എനിക്ക് ഒരു ടെൻഷൻ പോലെ അമ്മേ”….

കോടതിയുടെ മറ്റൊരു കോണിൽ…

“അവൾക്ക് അമ്മയെന്നു വച്ചാ ജീവനാടാ..അതാ എന്റെ ടെൻഷൻ..പിന്നെ ലേഖയാണ് അവളുടെ കാര്യങ്ങൾ ഒക്കെ നോക്കിയിരുന്നത്…” അനൂപ് സുഹൃത്തായ എബിനോടായി പറഞ്ഞു..

“നീ ടെൻഷനാവണ്ട പെൺകുട്ടികൾക്ക് അച്ഛന്മാരോടാവും കൂടുതലിഷ്ടം ഉണ്ടാവാ..നീ നോക്കിക്കോ അവൾ നിന്റെ ഒപ്പം തന്നെ വരും..” എബിൻ അവനെ ആശ്വസിപ്പിച്ചു..

“ഇത്രേയും കാലം ഞാനത് തന്നെയാണ് കരുതിയിരുന്നത്..പക്ഷെ ലേഖയുമായുളള പ്രശ്നങ്ങൾ എന്നെ കുറച്ചൊക്കെ അവളിൽ നിന്നകറ്റിയിരിക്കുന്നു…എനിക്കവളെ വേണമെടാ”..

“നീ സമാധാനിക്ക്..അവൾ നിന്റെ കൂടെത്തന്നെ വരും”

കോടതിയിൽ അവർ രണ്ടുപേരും അവരവരുടെ തീരുമാനത്തിൽ ഉറച്ചുനിന്നു..

അവസാനം അവരെ ആകാംക്ഷയിലാഴ്ത്തിക്കൊ ണ്ട് ജഡ്ജിയുടെ ആ ചോദൃമെത്തി..

“നിമിഷയ്ക്ക് ആരുടെ കൂടെ പോകാനാണിഷ്ടം?”

എല്ലാവരും നിശബ്ദമായി അവളെത്തന്നെ നോക്കിയിരുന്നു…

അനൂപിന്റെയും ലേഖയുടേയും ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു…

നിമിഷ ഇരുവരേയും മാറി മാറി നോക്കി..

“എനിക്ക്..എനിക്ക്..”

അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു..

“എനിക്ക്..രജ്ഞിത്തിന്റെ കൂടെ പോകാനാണിഷ്ടം” ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു..

ജഡ്ജിയടക്കം എല്ലാവരും ഒന്നമ്പരന്നു..

“ആരാണ് ഈ രജ്ഞിത്ത?” ജഡ്ജി ചോദിച്ചു..

“അത്..രഞ്ജിത്ത് എന്റെ ബോയ് ഫ്രണ്ട് ആണ്..ഞങ്ങൾ തമ്മിലിഷ്ടത്തിലാണ്..എനിക്ക് അവന്റെ കൂടെ പോകാനാണിഷ്ടം”..

തലയിൽ കയ് വച്ചിരുന്ന അനൂപിനും ലേഖക്കും അവളുടെ തീരുമാനത്തെ എതിർക്കാൻ പോലും കഴിഞ്ഞില്ല…

കാരണം അവൾക്ക് പ്രായപൂർത്തിയായിരുന്നുവത്രെ…

~പ്രവീൺ ചന്ദ്രൻ