ആമിയുടെ ചോദ്യം കേൾക്കേണ്ട താമസം പെണ്ണിന്റെ മുഖം ചെന്താമര പോലെ വിടർന്നു…

ശ്രീമോൾ

എഴുത്ത്: ആഷാ പ്രജീഷ്

=================

“എടി നിന്റെ ഹരിയേട്ടൻ എന്നാ വരിക?”

കൂട്ടുകാരി ആമിയുടെ ചോദ്യം കേൾക്കേണ്ട താമസം പെണ്ണിന്റെ മുഖം ചെന്താമര പോലെ വിടർന്നു..

“ഈയാഴ്ച്ച വരുമെന്നാ പറഞ്ഞെ വിളിച്ചപ്പോൾ……

“ഓ അത് പറഞ്ഞപ്പോൾ പെണ്ണിന്റെ നാണം കണ്ടോ…

ആമിനാ കളിയാക്കാനുള്ള പുറപ്പാടാണെന്ന് മനസിലാക്കിയ ശ്രീ കപടഗൗരവം നടിച്ചു.

“ഇച്ചേയിയെ???????

അങ്ങ് ദൂരെ നിന്ന് അനന്തൂട്ടന്റെ ശബ്ദം…ശ്രീയുടെ അയല്പക്കത്തെ വീട്ടിലെ പയ്യനാണ് അനന്തൻ..

“ഈ ചെക്കന് വേറെ പണിയൊന്നുമില്ലേ? ഞാൻ പോകുവാടി…കാണാഞ്ഞിട്ട് അച്ഛൻ വിട്ടതാകും അവനെ…

ശ്രീ കൂട്ടുകാരിയോടെ യാത്ര പറഞ്ഞു വിളികേട്ട ഭാഗത്തേക്ക്‌ നടന്നു.

ശ്രീ നടന്നു നീങ്ങുന്നത് നോക്കി ആമിന നിന്നു..

ആമിനയുടെ ചെറുപ്പം മുതലേയുള്ള കൂട്ടാണ് ശ്രീ..എന്നും കുറച്ചു സമയം കുശലം പറയാൻ ഒത്തുകൂടുക പതിവുണ്ട് രണ്ടാൾക്കും.

അമ്മ ചെറുപ്പത്തിലേ മരിച്ച ശ്രീക്കു ആകെയുള്ളത് അച്ഛൻ മാത്രമാണ്. അച്ഛന്റെ ചങ്ങാതിയുടെ മകനായ ഹരിയുമായി വളരെ മുൻപേ വിവാഹം പറഞ്ഞുറപ്പിച്ചതാണ് അവൾക്കു. ഇപ്പോൾ വിദേശത്തു നിന്ന് ഹരി വരാനുള്ള കാത്തിരിപ്പിലാണ് പെണ്ണ്

“എത്ര നേരമായി മോളെ ഹരി വിളിക്കുന്നു…വേഗം വന്ന് ഫോണെടുക്ക്..”

ദൂരെ നിന്നേ മകൾ വരുന്നത് കണ്ട നാരായണൻ പറഞ്ഞു. സന്തോഷത്തോടെ തന്നെ കടന്ന് അകത്തേക്ക് പോയ മകളെ നോക്കി അയാൾ നെടുവിർപ്പിട്ടു..

നാട്ടിൽ നല്ലൊരു ജോലിയുണ്ടായവനാണ് അതെല്ലാമുപേക്ഷിച്ചു ഗൾഫിൽ പോയി കിടക്കുന്നത്. വിദേശത്തു പോകണമെന്ന് പറഞ്ഞപ്പോഴേ തനിക്ക് താല്പര്യമില്ലയിരുന്നു. പക്ഷെ അവനു സ്വപ്നങ്ങളും മോഹങ്ങളും കൂടുതലാണ്..പിന്നെ ഇപ്പോഴത്തെ ചെറുപ്പകാരല്ലേ….ഉള്ളത് കൊണ്ട് ഞെരുങ്ങി ജീവിക്കുവാൻ അവർ തയ്യാറാക്കുമോ..അതുകൊണ്ട് മൗനനുവാദം നൽകി അന്ന്.

ഇനിയിപ്പോൾ മടങ്ങി വന്നാൽ ഒരു തിരിച്ചു പോക്ക് ഉണ്ടാകില്ലെന്നാണ് പറഞ്ഞത്..മകൾ സമാധാനമായി ജീവിക്കണം. അത്രയേ ആഗ്രഹിക്കുന്നുള്ളു…ഓരോന്നാലോചിച്ചു ഇറയത്തു തന്റെ ചാരുകസാരയിൽ ഇരുന്നപ്പോഴാണ് ശ്രീമോൾ കടന്നുവന്നു. മുഖം കടന്നലു കുത്തിയത് പോലെയുണ്ട് പെണ്ണിന്റെ….ഈ ആഴ്ച വരാൻ ശ്രമിച്ചതാണ്, ടിക്കറ്റ് ഒക്കെ ആയില്ലത്രേ…

കുറച്ചൊന്നുമല്ല നിരാശ തോന്നിയത്. അച്ഛൻ ഏറെ നിർബന്ധിച്ചിട്ടും ഉച്ചക്ക് ഊണ് കഴിക്കാൻ കൂടി കൂട്ടാക്കിയില്ല അവൾ.

സന്ധ്യക്ക്‌ അമ്മയുടെ അസ്ഥിത്തറയിൽ വിളക്കു വയ്ക്കാനായി ഇറയത്തു നിന്ന് മിറ്റത്തേക്ക് കാലെടുത്തു വച്ചപ്പോഴാണ് പെട്ടന്നു തലകറങ്ങുന്നത് പോലെ തോന്നിയത്. നാരായണൻ നോക്കുമ്പോൾ ബോധരഹിതയായി നിലത്ത് വീണുകിടക്കുന്ന മകളെയാണ് കണ്ടത്. അനന്തന്റെ അച്ഛൻ വാസു വീട്ടിലുണ്ടായിരുന്ന സമയമായതു കൊണ്ട് വേഗം അവന്റെ ഓട്ടോയിൽ ഹോസ്പിറ്റലിൽ കൊണ്ടു പോയി.

അവിടെ ചെന്നപ്പോഴാണ് ബ്ലഡിൽ എന്തോ കുഴപ്പമുണ്ട്..പിന്നെ പ്രഷർ ലോ ആണ് എന്നൊക്കെ പറഞ്ഞു അവർ അവിടെ അഡ്മിറ്റ്‌ ആക്കി. വിവരം അറിയ മാത്രയിൽ തന്നെ ഹരിയുടെ ഏട്ടന്മാർ ഓടിയെത്തി

ടെസ്റ്റ്‌ എല്ലാം കഴിഞ്ഞപ്പോൾ മാത്രമാണ് പ്രശ്നം കുറച്ചു ഗൗരവം ഉള്ളത്ണെന്ന് എല്ലാവർക്കും മനസിലായെ..blood ക്യാ ൻസറിന്റെ ഏറ്റവും മോശമായ അവസ്ഥ.!!!

ഡോക്ടർ അതു പറഞ്ഞത് ഹരിയുടെ ഏട്ടന്മാരോടാണ്. ICUവിനു പുറത്തു വിക്ഷണനായി ഇരിക്കുന്ന നാരണേട്ടന് മകളുടെ രോഗവസ്ഥ അംഗീകരിക്കാൻ പറ്റിയില്ല.

“ഇല്ല..എന്റെ ശ്രീമോൾക്ക് ബ്ലഡ്‌ ക്യാൻസറോ..? ചെറിയൊരു ജലദോഷപനി പോലും വരാറില്ല അവൾക്ക്. ഈ 22 വർഷത്തിനിടയിൽ ഒരിക്കൽ പോലും അവൾക്കായി ഒരു ഹോസ്പിറ്റലും കയറി ഇറങ്ങേണ്ടി വന്നിട്ടില്ല. ആ എന്റെ മോൾക് blood ക്യാൻസറോ???

ആ മനുഷ്യൻ വിങ്ങി വിങ്ങി കരഞ്ഞു.

പക്ഷെ ചില യഥാർത്യങ്ങൾ നാം അംഗീകരിച്ചല്ലേ പറ്റൂ. ജീവന്റെ ഏട്ടന്മാരുടെ സ്നേഹസാമിപ്യവും ഡോക്ടറുടെ പ്രത്യാശ നിറഞ്ഞ വാക്കുകളും നാരായണൻ പെട്ടെന്ന് കർമനിരതമായി.

മകളുടെ ജീവൻ എങ്ങനെയും തിരിച്ചു പിടിക്കണം എന്ന ചിന്ത മാത്രമായി ആ മനസ്സിൽ.

********************

നിഷ്കളങ്കതയുടെ പര്യായമായ ഒരു പെണ്ണ്.അവൾ ജനിച്ചു വളർന്ന നാടല്ലാതെ വേറൊരു ലോകവും അവൾ കണ്ടിട്ടില്ല.ശീതീകരിച്ച ഹോസ്പിറ്റലിന്റെ എമർജൻസി വാർഡിൽ ഭ്രാ ന്തമായ മനസോടെ അവൾ കിടന്നു.

ഹരിയേട്ടൻ വരില്ല എന്ന് കേട്ടപ്പോൾ പെട്ടന്നുണ്ടായ മനോവിഷമത്തിൽ തലകറങ്ങി വീണു. അതിൽ കൂടുതലായി തനിക്കെന്തെക്കിലും സംഭവിച്ചു എന്ന് ശ്രീക്കു തോന്നിയതേയില്ല.

മകൾ ഒരു വലിയ രോഗത്തിന്റെ പിടിയിലാണെന്നു പറയാനുള്ള ധൈര്യം നാരായണനും ഉണ്ടായില്ല.

എത്രയും വേഗം ട്രീറ്റ്മെന്റ് തുടങ്ങണം. അതിനു ഈ ഹോസ്പിറ്റലിൽ സൗകര്യം ഇല്ല. ചികിത്സിക്കുന്ന ഡോക്ടർ ശ്രീയെ റിജീനൽ കാൻസർ സെന്ററിലേക്കു റഫ്ഫർ ചെയ്തു

“എത്രയും വേഗം അവിടെ എത്തി ട്രീറ്റ്മെന്റ് സ്റ്റാർട്ട്‌ ചെയ്യണം. അതൊരു പ്രതീകഷയാണ്.”

ഡോക്ടർ പറഞ്ഞു.

പക്ഷെ പോകുന്നതിനു മുൻപ് ശ്രീയോട് പറയണം. തന്റെ രോഗവിവരത്തെ കുറിച്ച്…

എത്രയും വേഗം ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് മടങ്ങാൻ വ്യാഗ്രത കാണിക്കുന്ന മകൾ.

നാരായണൻ നിസ്സഹായനായി പോയ നിമിഷങ്ങൾ.

എന്നാൽ ഇപ്പോഴും സ്നേഹത്തിന്റെ കണിക വറ്റാത്ത നല്ലവനായ ആ ഡോക്ടർ ആ ഉഥ്യമം ഏറ്റെടുത്തു.

“ബ്ലഡിൽ ചെറിയൊരു കുഴപ്പം. അതിനു കുറച്ചു ചികിത്സ ആവശ്യമാണ്. അതിനായി കുറച്ചു നാൾ ഹോസ്പിറ്റലിൽ കഴിയണം. അങ്ങനെ പതുക്കെ, ക്ഷമയോടെ, ഡോക്ടർ കാര്യങ്ങൾ അവളെ ധരിപ്പിച്ചു.

എല്ലാം തലകുലുക്കി കേട്ട് കഴിഞ്ഞ് ശ്രീ പെട്ടെന്ന് ഡോക്ടറോട് ചോദിച്ചു.

“വേറെ ആശുപത്രിയിൽ പോകണന്നല്ലേ ഡോക്ടർ പറഞ്ഞെ.അതിന് മുന്ന് എനിക്കെന്റെ ഹരിയേട്ടനോട്‌ സംസാരിക്കാൻ പറ്റോ.?

ഹരിയേട്ടന്റെ ശബ്‍ദം ഒന്ന് കേട്ടാൽമതി എന്റെ അസുഖം എല്ലാം വേഗം മാറും.

ആ പെൺകുട്ടിയുടെ നിഷ്കളങ്കമായ സംസാരം….

ഡോക്ടർ മെല്ലെ ചിരിച്ചു.

*********************

പിന്നീടെല്ലാം വളരെ പെട്ടന്നായിരുന്നു. ഡിസ്ചാർജ് വാങ്ങി, പോകാനുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയത് ഹരിയുടെ ഏട്ടന്മാർ തന്നെ. എന്നാൽ കാൻസർ സെന്ററിലെ ഭയാനകമായ ആ അന്തരീക്ഷത്തിലേക്കു, ആ വലിയ വാർഡിലെ ബെഡ്‌ഡിക്ക് അഭയം തേടുന്നതിന് മുൻപ് ശ്രീക്ക് തന്റെ ഹരിയേട്ടനെ ഒന്ന് വിളിക്കാൻ മാത്രം സാധിച്ചില്ല.

ആ ശബ്ദം ഒരു മാത്രയെങ്കിലും കേൾക്കാൻ അവൾ അത്രയ്ക്ക് ആഗ്രഹിച്ചിരുന്നു.

എന്നാൽ അത് മാത്രം സാധിച്ചു കൊടുക്കാൻ ഹരിയുടെ ഏട്ടന്മാർക്കോ അച്ഛനോ സാധിച്ചില്ല.

രോഗവിവരം അറിഞ്ഞപ്പോൾ മുതൽ ഹരി വിളിക്കുന്നതുമാണ്. കാര്യങ്ങൾ പങ്ക് വയ്ക്കുന്നതുമാണ്. എന്നാൽ രണ്ടു ദിവസമായി ഇപ്പോൾ വിളിച്ചാലും അവൻ ഡ്യൂട്ടിയിൽ ആണെന്ന് കൂട്ടുകാരന്റെ മറുപടി.

ചെറിയ കുട്ടികൾ മുതൽ പ്രയമായവർ വരെ. അതിൽ ഒട്ടുമിക്കവാരും മുടികൊഴിഞ്ഞു കണ്ണുകൾ കുഴിയിലാണ്ട്. വല്ലാത്ത ഒരു അവസ്ഥയിൽ ആയവർ. ആ അന്തരീക്ഷം ശ്രീയിൽ ഭയം വർധിപ്പിച്ചു.

വളരെ പെട്ടെന്ന് തന്നെ ട്രീറ്റ്മെന്റ് ആരംഭിച്ചു.1st കിമോ കഴിഞ്ഞു. കാൻസർ എന്ന മഹാരോഗത്തിന്റെ പിടിയിലാണ് താനെന്നു അവൾ മെല്ലെ മനസിലാക്കി. 3മത്തെ കീമോ കഴിഞ്ഞതും അവളുടെ ഇടതൂർന്ന കറുത്ത മുടി അവളുടെ തലയിൽ നിന്ന് വേർപെട്ട് തുടങ്ങി. ആ അവസ്ഥ തരണം ചെയ്യാൻ അവൾക്കായില്ല. ഉറക്കെ അലറികരഞ്ഞ അവൾ ബോധരഹിതയായി നിലം പതിച്ചു. എമർജൻസി വിഭാഗത്തിലേക്ക് മാറ്റപ്പെട്ട ശ്രീയുടെ കണ്ടിഷൻ കുറച്ചു മോശമായി…

പ്രതീക്ഷകൾ അസ്തമിക്കുകയാണെന്നു ഹരിയുടെ ഏട്ടന്മാർക്ക് തോന്നി തുടങ്ങി

പ്രതീക്ഷയുടെ അവസാന കിരണവും അസ്‌തമിക്കും എന്ന് തോന്നുന്നിടതാണ് പലപ്പോഴും ദൈവത്തിന്റെ അദൃശ്യകരങ്ങൾ പ്രവർത്തിക്കുന്നത്. ശ്രീയുടെ കാര്യത്തിലും അതുതന്നെ സംഭവിച്ചു.

ഏക മകളെ വിധിക്കു വിട്ടു കൊടുക്കാൻ കഴിയാത്ത ആ അച്ഛന്റെ കണ്ണീരിന് മുന്നിൽ ദൈവം തന്റെ കരങ്ങളാൽ തലോടിയതവാം. എന്തായാലും ശ്രീയുടെ ആരോഗ്യസ്ഥിതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടായി.

ICU വിൽ നിന്ന് മാറ്റിയ അന്ന് അവൾ വളരെ ശാന്തയായി കാണപ്പെട്ടു. പിന്നീടുള്ള ദിവസങ്ങളിലും ചലിക്കുന്ന ഒരു പ്രതിമ പോലെ ആണെങ്കിലും ട്രീറ്റ്മെന്റ്നോട്‌ സഹകരിച്ചു തുടങ്ങി. എന്നാൽ മകളുടെ ആ നിർവികര അവസ്ഥ നാരായണന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. മനസ്സ് തുറന്നു ഒന്ന് പൊട്ടികരയാൻ പോലുമാകാതെ ആശുപത്രി വരാന്തയിലെ ഇടനാഴികളിൽ പ്രാർത്ഥനനിരതമായി അയാൾ നിലകൊണ്ടു

ഒരു മാസത്തെ ട്രീറ്റ്മെന്റ്, blood കൗണ്ടിൽ നേരിയ വ്യത്യാസം കണ്ടു. പ്രതീക്ഷവഹമായ മാറ്റം. തൽക്കാലത്തേക്ക് വീട്ടിൽ പോയി rest എടുത്തിട്ട് ട്രീറ്റ്മെന്റ് ആരംഭിക്കാം എന്ന അവസ്ഥ ആയി.

എന്നാൽ ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് മടങ്ങാൻ ശ്രീ കൂട്ടാക്കിയില്ല. അവൾ വീണ്ടും ഭ്രാ ന്തിയെ പോലെ അലറി. ഇരുകൈകളും കൊണ്ട് തന്റെ തലയിൽ അവൾ പ്രഹരിച്ചു.

“ഇല്ല…എനിക്ക് വീട്ടിൽ പോവണ്ട. എന്റെ ഈ അവസ്ഥയിൽ എന്നെ ആരും കാണണ്ട…..”

“എനിക്കിത് സഹിക്കാൻ വയ്യ!!!

അവൾ പലയാവർത്തി ഇങ്ങനെ പുലമ്പി കൊണ്ടേ ഇരുന്നു.

“എടി..കൊച്ചേ…നിന്നെ ഓർത്തോ..ഹരിയെ ഓർത്തോ അല്ല. ഈ പാവം അച്ഛനെ ഓർത്തു മാത്രമാണ് രാവും പകലും മാറി മാറി ഞങ്ങൾ നിന്നെ ശുശ്രുക്ഷിക്കുന്നെ. അതുകൊണ്ട് അദ്ദേഹത്തെ ഓർത്തെങ്കിലും നീ ക്ഷമയോടെ കാര്യങ്ങൾ ഉൾകൊള്ളാൽ ശ്രമിക്കു.”

ശ്രീയുടെ പ്രവർത്തി കണ്ടു സഹികെട്ടാണ് ഹരിയുടെ ഏട്ടത്തി പ്രിയേച്ചി അത്രയും പറഞ്ഞത്. എന്തായാലും അത് ഫലം കണ്ടു.ശ്രീ പെട്ടെന്ന് ശാന്തയായി. അച്ഛനെ നോക്കി. നാരായണനാണെങ്കിൽ കട്ടിലിൽ ഇരിക്കുന്ന മകളുടെ സമീപത്തേക്ക് വന്ന് ആ മുഖം തന്റെ ശരീരത്തോട് ചേർത്തു പിടിച്ചു. കുറച്ചു നിമിഷങ്ങൾ…

ആ വൃദ്ധന്റെ കണ്ണീർ ശ്രീയുടെ നെറ്റിയിൽ വീണു ചിതറി. അവളും അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞു. പ്രിയയ്ക്കും ദിവകാരനും ആ രംഗം കണ്ടു നില്കാൻ കഴിഞ്ഞില്ല.

*****************

വീട്ടിൽ എത്തുന്നത് വരെ നാരായണൻ മകളെ ചേർത്തു പിടിച്ചിരുന്നു. ഒരിക്കലും വിധിക്കു വിട്ടു കൊടുക്കില്ല എന്നൊരു തരം വാശിയോടെ. സമീപവാസികളോ സുഹൃത്തുക്കളോ അങ്ങനെ ആരും തന്നെ സഹതാപത്തോടെ അവളെ കാണാൻ വരാതിരിക്കാൻ പ്രിയ വളരെയധികം ശ്രദ്ധിച്ചിരുന്നു.

ശ്രീയാണെങ്കിൽ തന്റെ മുറിയിലെ കിടക്കയിൽ തന്നെ സമയം ചിലവഴിച്ചു. ആരോടും സംസാരിക്കാൻ കൂട്ടാക്കിയതേ ഇല്ല. എന്നാൽ വളരെ ശാന്തയായി കാണപ്പെട്ടു.

ദിവസങ്ങൾ കഴിഞ്ഞിട്ടും ഹരിയെ കുറിച്ചോ അവനോട് സംസാരിക്കണമെന്നോ അവൾ ആവശ്യപ്പെട്ടില്ല. അത് പ്രിയയിൽ അതിശയമുളവാക്കി. എന്നാൽ ദിവകരന്റെ മനസ്സിൽ മാത്രം ചില ഭയാശങ്കകൾ ഉടലെടുത്തു. രണ്ടാഴ്ചയിൽ അധികമായി ഹരി ഒന്ന് വിളിച്ചിട്ട്. അങ്ങോട്ട്‌ വിളിച്ചിട്ട് കിട്ടുന്നുമില്ല. സ്വതവേ പണത്തിനോടും സുഖസൗകര്യങ്ങളോടും ആഗ്രഹമുള്ളവനാണ്. ഈ അവസ്ഥയിൽ ശ്രീ അവനൊരു ബാധ്യത ആകുമെന്ന് അവൻ ചിന്തക്കുന്നുണ്ടാവുമോ??

ദിവകാരൻ ചിന്താദീനനായി. നാരായണന്റെ മനസിലും ചെറിയ ടെൻഷൻ ഉണ്ടായിരുന്നു ഹരിയുടെ കാര്യത്തിൽ.

🌺🌺🌺🌺🌺🌺

അന്നൊരു ഞായറാഴ്ച ആയിരുന്നു. പ്രിയ പതിവുപോലെ രാവിലെ തന്നെ എത്തി. അവളെ ബുദ്ധിമുട്ടിക്കുന്നതിനു ഒരു പരിധിയുണ്ട് എന്നറിയാവുന്നതിനാലാവാം നാരായണൻ അത്യാവശ്യം വീട്ടുജോലികൾ എല്ലാം ചെയ്തു തീർത്തിരുന്നു.ശ്രീയുടെ കുറച്ചു വസ്ത്രങ്ങൾ കഴുകാനുള്ളതുമായി തോട്ടിലേക്ക് പോകാൻ തുടങ്ങുകയായിരുന്നു പ്രിയ. അപ്പോഴാണ് ഉമ്മറത്തു ഒരു സംസാരം കേട്ടത്. അവൾ ചെന്ന് നോക്കുമ്പോൾ ഹരിയെ കെട്ടിപിടിച്ചു കരയുന്ന നാരായണേട്ടനെ ആണ് കണ്ടത്. സമീപത്തു അമ്മയും ഏട്ടനും അനുജനും എല്ലാവരുമുണ്ട്.

പ്രിയ പെട്ടെന്ന് ചെരിഞ്ഞു കിടന്ന് മയങ്ങുന്ന ശ്രീയെ നോക്കി. മെല്ലെ അവളുടെ സമീപം ചെന്ന് കുലുക്കി വിളിച്ചു. “

മോളെ..ദേ നിന്റെ ഹരിയേട്ടൻ വന്നിരിക്കുന്നു. “

പെട്ടെന്ന് ഉറക്കത്തിൽ നിന്ന് ഉണർന്നതിനാലാവാം അവൾ പകച്ചു പ്രിയയെ നോക്കി. എന്നിട്ട് തലകുനിച്ചു ഇരുന്നു.

“മോൾ ബഹളം ഒന്നും വയ്ക്കാതെ ശാന്തയായി ഇരിക്കണേ…

ആ പെൺകുട്ടിയുടെ മുഖത്തു സ്നേഹത്തോടെ തലോടി കൊണ്ട് അവൾ പറഞ്ഞു.

പ്രിയ കൈയ്യിൽ ഇരിക്കുന്ന തുണി അവിടെ തന്നെ വച്ച് ഇറയത്തേക്ക് നടന്നു. എന്നാൽ വാതിൽ കടന്നു പുറത്തേക്ക് ഇറങ്ങിയ പ്രിയ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണ് പിന്നീട് നടന്നത്. മെല്ലെ എഴുന്നേറ്റ് ശ്രീ വാതിൽ അകത്തു നിന്ന് കൊളുത്തിട്ടു.

*****************

“ശ്രീ നിന്നോടാ പറഞ്ഞെ വാതിൽ തുറക്കാൻ….!!!

ഹരി സഹികെട്ടു തെല്ലു ദേഷ്യത്തിൽ ആണ് അതു പറഞ്ഞത്.

എല്ലാവരും പലയാവർത്തി മാറി മാറി വിളിച്ചു കഴിഞ്ഞു.അകത്തു നിന്ന് ശ്രീയുടെ തേങ്ങി കരച്ചിലും പരിവേദനവും തെല്ലൊന്ന് കുറഞ്ഞു. ഹരിയാണെങ്കിൽ ദയനീയമായ ശബ്‍ദത്തിൽ വരെ അവളോട് പറഞ്ഞു കഴിഞ്ഞു.എന്നാൽ അതൊന്നും അവൾ ചെവികൊണ്ടില്ല.

“ശ്രീ നിനക്ക് ഹരിയേട്ടനെ കാണണ്ടല്ലോ..ഒരിക്കലും കാണണ്ടല്ലോ…?

നിന്റെ കഴുത്തിൽ ഞാൻ താലി കെട്ടിയിട്ടുണ്ടെങ്കിൽ..എന്റെ നെഞ്ചോരം നിന്നെ ഞാൻ ചേർത്തിട്ടുണ്ടെങ്കിൽ…ഈ ഹരി നിന്നെ കാണുകേം ചെയ്യും. ഈ ലോകത്തിന്റെ ഏതറ്റം വരെ വേണേലും നിന്നെ കൊണ്ടു പോയി ചികിത്സിക്കേം ചെയ്യും. “!!!

അത്രയും പറഞ്ഞു വന്നപ്പോഴേക്കും അയാളുടെ ശബ്ദം ഇടറുകയും കണ്ണുകൾ നിറഞ്ഞു കണ്ണുനീർ താഴേക്ക് പതിക്കുകയും ചെയ്തു.

തന്റെ പ്രീയപെട്ടവന്റെ സങ്കടം എങ്ങനെ കാണാതിരിക്കാനാവും ആ പെണ്ണിന്….അവൾ വേഗം വാതിൽ തുറന്നു.

മിടിക്കുന്ന ഹൃദയത്തോടെ അകത്തേക്ക് പ്രവേശിച്ച ഹരി കണ്ടത് തലവഴി ഒരു ഷാൾ ഇട്ട് മൂടി ഇരിക്കുന്ന തന്റെ പ്രീയപെട്ടവളെയാണ്. മനസ്സ് തകർന്നു പോയ അവൻ കുറച്ചു നിമിഷങ്ങൾ അങ്ങനെ തന്നെ നിന്നു. പെട്ടെന്ന് മനസിന്റെ നിയത്രണം വീണ്ടെടുത്തു അവളുടെ സമീപത്തേക്ക് ചെന്നു

“എന്തു കോലാടി ഇത്.? നിനക്കി ഡ്രസ്സ്‌ മാത്രേ ഇടാൻ കിട്ടിയുള്ളൂ.”

തലയിലൂടെ ഇട്ടിരിക്കുന്ന ഷാൾ എടുത്തു മാറ്റിയാണ് അവൻ ചോദിച്ചത്

വിങ്ങി പൊട്ടാൻ നിന്ന ഒരു അഗ്നിപർവതം പോലെ നിന്ന അവൾ പെട്ടന്നുതന്നെ സബ്ധതയായി

“എവിടെടി ഞാൻ കെട്ടിയ താലി???”

തെല്ലു ദേഷ്യം കലർന്ന കുറുമ്പോടെ അവൻ തന്റെ പെണ്ണിന്റെ ഒഴിഞ്ഞ കഴുത്തിലേക്ക് നോക്കി.ശ്രീ പെട്ടെന്ന് കൈകൾ കൊണ്ട് കഴുത്തിൽ പരത്തി.

മരിച്ചു മരവിച്ചു പോയ അവളുടെ മനസിലേക്ക് ഓർമ്മകൾ കടന്നു വരികയായിരുന്നു. മൂന്നു വർഷം മുൻപ് ഹരിയേട്ടൻ ഗൾഫിലയ്ക്കു പോകുന്നതിന്റെ തലേന്ന്….

സങ്കടം സഹിക്ക വയ്യാതെ വിങ്ങി കരഞ്ഞ തന്നെ ചേർത്തു പിടിച്ചത്. നിറുകയിൽ ചുംബിച്ചത്. എല്ലാം അവളുടെ ഓർമകളിലേക്ക് ഓടി എത്തി.

“ഹരിയേട്ടൻ പോവണ്ട. പോയി വല്യ ആളാവുമ്പോ എന്നെ മറക്കും. ഉറപ്പാ..പോവണ്ട…..”

ഒരു കൊച്ചു കുഞ്ഞിന്റെ പിടിവാശിയോടെയാണ് അന്ന് അതു പറഞ്ഞത്.

“കണ്ണടക്കെടി കാളി…ഞാൻ പറയാതെ കണ്ണ് തുറക്കരുത്.”

പറഞ്ഞിട്ട് ഹരി തന്നോട് ചേർന്ന് നിന്ന പെണ്ണിനെ തന്നിൽ നിന്നും അകറ്റി തനിക്ക് അഭിമുഖം നിർത്തി.

വളരെ നേർത്ത ഒരു സ്വർണചരടിൽ കോർത്തൊരു താലി!!!! അവൾ ഹരി കഴുത്തിൽ അണിയിച്ച ആ താലിയിൽ ചുണ്ടുകൾ അമർത്തി.

“ഈ താലി നിന്റെ ഉറപ്പിന്നല്ല. അല്ലെങ്കിൽ തന്നെ നമ്മുടെ സ്നേഹത്തിനു ഒരു താലിയുടെ ഉറപ്പ് വേണോ പെണ്ണെ. ഇത് ഞാനെന്റെ ഹൃദയം നിന്നെ ഏല്പിച്ചു പോകുന്നതിന്റെ അടയാളമാണ്. അങ്ങ് ദൂരെ ആണെങ്കിലും എന്നും നിന്റെ പ്രാർത്ഥന എന്നോടൊപ്പം ഉണ്ടാവാൻ…കേട്ടോടി ഉണ്ടക്കണ്ണി…

ആ ഓർമകളിൽ അവൾ ഒരേങ്ങലോടെ അവന്റെ നെഞ്ചിലേക്ക് വീണു. അവനാണെങ്കിൽ അവളെ ഇരുകൈകളും കൊണ്ട് ചേർത്തു പിടിച്ചു.

~ആഷാ