അല്ലെങ്കിലും ഒരാൾ വിഷമിച്ചു നിൽക്കുന്നത് കാണുമ്പോൾ ദുഃഖം നടിക്കുന്നത് പോലെ അഭിനയിച്ചു അവരുടെ ഹൃദയത്തിൽ…

കുലമഹിമ….

Story written by Suja Anup

================

“ഇതെങ്ങനത്തെ കുട്ടിയെ ആണ് നിങ്ങളുടെ മോൻ കെട്ടിക്കൊണ്ടു വരുന്നത്. മതം നോക്കേണ്ട. അമ്മയുടെ സ്വഭാവം എങ്കിലും നോക്കി കൂടെ. കുലമഹിമ എന്ന വാക്കിൻ്റെ അർത്ഥം അറിയാമോ നിങ്ങൾക്ക്. ഛേ ..?”

“എൻ്റെ മരുമകളെ നോക്കു, എന്താ പ്രതാപം. കുലമഹിമയും ഉണ്ട്. അങ്ങനെ ഒന്നിനെ കിട്ടുവാൻ പുണ്യം ചെയ്യണം. മക്കളെ വളർത്തുമ്പോൾ നന്നായി വളർത്തിയില്ലെങ്കിൽ ഇങ്ങനെ ഇരിക്കും…?”

അമ്മ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നൂ.

അമ്മയോട് അയൽപക്കത്തെ ആന്റി പിന്നെയും എന്തൊക്കെയോ പറഞ്ഞു. അല്ലെങ്കിലും ഒരാൾ വിഷമിച്ചു നിൽക്കുന്നത് കാണുമ്പോൾ ദുഃഖം നടിക്കുന്നത് പോലെ അഭിനയിച്ചു അവരുടെ ഹൃദയത്തിൽ  ആണി തറച്ചു കയറ്റുന്നതാണല്ലോ എല്ലാവർക്കും സന്തോഷം..

കേൾക്കുന്ന ഓരോ വാക്കുകളും എൻ്റെ മനസ്സിലാണ് തറച്ചു കയറിയത്.

പാവം അമ്മ…

“എന്നോട് എത്ര പറഞ്ഞാലും മനസ്സിലാകില്ല. അത് അമ്മയ്ക്കറിയാം”…

*******************

വാണി…

എപ്പോഴാണ് എൻ്റെ മനസ്സിൽ അവൾ ഇടം നേടിയത് എന്ന് എനിക്കറിയില്ല…

കമ്പനിയിലെ ഒഴിവുള്ള തസ്‌തികകളിലേയ്ക്ക് അപേക്ഷിച്ചവരിൽ  അവൾ മാത്രം വേറിട്ട് നിന്നൂ. ജോലിക്കു വന്ന ദിവസ്സം മുതലേ അവൾ അറിയാതെ തന്നെ എൻ്റെ മനസ്സിൽ കയറിപറ്റിയിരുന്നൂ.

എന്തിനെന്നറിയാതെ അവൾ ഇരിക്കുന്ന ഭാഗത്തേയ്ക്ക് മാത്രം ഞാനറിയാതെ നോക്കി പോകുമായിരുന്നൂ. അത് പ്രണയം ആണെന്ന് തിരിച്ചറിയുവാൻ പിന്നെയും ഞാൻ വൈകി.

മറ്റുള്ളവരുമായി അവൾ ഇടപഴകുന്ന രീതി, അവളുടെ സംസാരങ്ങൾ, അവളുടെ ഓരോ ചലനങ്ങൾ പോലും ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി…

ആദ്യമൊന്നു മടിച്ചെങ്കിലും അവസാനം അവളെ ഞാൻ ആ ഇഷ്ടം അറിയിച്ചൂ….

അതിനുള്ള മറുപടി അവൾ ഒരു പൊട്ടിചിരിയിൽ ഒതുക്കി. പിറ്റേന്നും ഒന്നും സംഭവിക്കാത്തത് പോലെ അവൾ ഓഫീസിലേയ്ക്ക് വന്നൂ…

എനിക്ക് പിടി തരാതെ അവൾ ഒരാഴ്ച ഒഴിഞ്ഞു മാറി…

അവളെ ഒറ്റയ്ക്ക് എൻ്റെ മുന്നിൽ കിട്ടുവാനായി, അവളോട് അത്യവശ്യമില്ലാത്ത കുറേ ഫയലുകൾ കൂടെ തീർത്തിട്ട് പോയാൽ മതി എന്ന് ഞാൻ പറഞ്ഞു…

എട്ടു മണി ആയതോടെ ഓഫീസിൽ നിന്ന് എല്ലാവരും പോയി. അതുവരെ കാത്തിരുന്ന ഞാൻ അവളോട് ക്യാബിനിലേയ്ക്ക് വരുവാൻ പറഞ്ഞു.

എൻ്റെ ഉദ്ദേശ്യം മനസ്സിലാക്കിയത് പോലെ അവൾ പറഞ്ഞു..

“നിങ്ങൾക്ക് മുന്നും പിന്നും നോക്കേണ്ട കാര്യമില്ല. പ്രേമിക്കുവാനും മരം ചുറ്റി കറങ്ങുവാനും ഒന്നും എനിക്ക് താല്പര്യമില്ല. നിങ്ങളെ പോലെ ഒരാൾക്ക് ഞാൻ ചേരില്ല. അതുകൊണ്ടു വിവാഹവും നടക്കില്ല. ദയവുചെയ്തു എന്നെ ഉപദ്രവിക്കരുത്..”

അവളെ പറ്റി കൂടുതൽ അറിയാതെ ഞാൻ പിന്മാറില്ല എന്നവൾക്കു  മനസ്സിലായി.

******************

അവൾ പറഞ്ഞു തുടങ്ങി…

“അമ്മയ്ക്ക് ഞാൻ മാത്രമേയുള്ളൂ.

പഠിക്കുന്ന പ്രായത്തിൽ അമ്മയ്ക്ക് പറ്റിയ തെറ്റ് അതാണ് ഞാൻ. സ്വന്തം അമ്മയുടെ ജീവിതം തകർത്തവൾ. പതിനെട്ടു വയസ്സുകാരി അമ്മയായി. അച്ഛനെന്നു പറയുന്ന ആളെ ഞാൻ കണ്ടിട്ടില്ല.

പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ അമ്മയ്ക്ക് തോന്നിയ പ്രണയം, അത് ഉദരത്തിൽ ജീവനായി ഉടലെടുത്തപ്പോൾ പ്രണയിച്ചവൻ കൂട്ടു നിന്നില്ല. ചെയ്തു പോയ തെറ്റ് തുടച്ചു മാറ്റുവാൻ കഴിയില്ല എന്ന് ഡോക്ടർ വിധി എഴുതിയപ്പോൾ ഒരു ചരടിൽ അച്ഛചൻ ജീവനൊടുക്കി, അതിനും അമ്മ സാക്ഷിയായി.

ആരുമറിയാതെ അമ്മയേയും കൂട്ടി അമ്മാവനും അമ്മമ്മയും നാട് വിട്ടു. മറ്റൊരു നാട്ടിൽ ആരുമറിയാതെ അമ്മ എനിക്ക് ജന്മം നൽകി. അച്ഛൻ മരിച്ചു പോയി എന്ന് എല്ലാവരോടും കള്ളം പറഞ്ഞു. കൈക്കുഞ്ഞിനെ അമ്മമ്മയെ ഏല്പിച്ചു അമ്മ ഗൾഫിലേയ്ക്ക് പറന്നൂ. രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ അവർ അവിടെ ഒരു വീട്ടിൽ വേലക്കാരിയായി.

പിന്നീട് അങ്ങോട്ടേയ്ക്ക് ഹോസ്റ്റലിൽ എത്തുന്ന ഫോറിൻ മിഠായികളും മണി ഓർഡറുകളും അമ്മയുടെ സ്നേഹം എന്നോട് വിളിച്ചു പറഞ്ഞു.

“ഇനി പറയൂ, അമ്മയുടെ വഴിയേ ഞാൻ സഞ്ചരിക്കണോ.. ഇനി ഈ ദുഃഖം കൂടി അവർ പേറണോ, ഈ ഒരു ജന്മം ആണൊരുത്തനെ ഞാൻ പ്രണയിക്കില്ല. പിന്നെ വിവാഹം, എല്ലാം അറിഞ്ഞു എൻ്റെ അമ്മയെ കൂടെ നിർത്തുവാൻ തയ്യാറായി ഒരുത്തൻ വരട്ടെ, അപ്പോൾ ആലോചിക്കാം…”

അത്രയും പറഞ്ഞു അവൾ ഇറങ്ങിപ്പോയി…

******************

പിന്നീട് അമ്മയുടെ നിർബന്ധ പ്രകാരം എത്രയോ പെണ്ണു കാണൽ ചടങ്ങുകൾ നടന്നൂ. പക്ഷേ.. അവളെ പോലെ ആരും എൻ്റെ മനസ്സിൽ ഇടം നേടിയില്ല..

അവസാനം ഞാൻ അമ്മയോട് എല്ലാം തുറന്നു പറഞ്ഞു..

ആദ്യം ഒത്തിരി വിഷമിച്ചെങ്കിലും അമ്മ പിന്നീട് സമ്മതിച്ചൂ.

അങ്ങനെ ഒത്തിരി വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ആ വിവാഹം  നടന്നൂ..

*******************

എൻ്റെ മനസ്സിൽ പങ്കാളി എന്ന വാക്കിന് ഒത്തിരി മാനങ്ങൾ ഞാൻ നല്കിയിരുന്നൂ.

“അവൾ സന്തോഷവും ദുഖവും പങ്കിടുന്നവൾ ആയിരിക്കണം. എനിക്ക് ഇണയും തുണയും ആവണം..”

എൻ്റെ തീരുമാനം തെറ്റിയില്ല എന്ന് കാലം തെളിയിച്ചൂ.

ആദ്യമൊക്കെ അവളോട് അകൽച്ച കാണിച്ചിരുന്ന എൻ്റെ അമ്മയെ അവൾ സ്നേഹം കൊണ്ട് തിരിച്ചെടുത്തൂ.

പിന്നെ കുടുംബമഹിമയും പ്രതാപവുമായി വന്ന മരുമകൾ അയല്പക്കത്തെ ആന്റിയെ വലിയ താമസം ഇല്ലാതെ വൃദ്ധസദനത്തിൽ ആക്കി. വൃദ്ധസദനത്തിലേയ്ക്ക് പോകും മുൻപ് അവർ വന്നു അമ്മയെ കണ്ടിരുന്നൂ..

അപ്പോൾ അമ്മ പറഞ്ഞു..

“ഇന്നെനിക്കു മനസിലായി, പണമോ പ്രതാപമോ, ജാതിയോ മതമോ അല്ല, അതിനപ്പുറം സ്നേഹിക്കുവാനും ക്ഷമിക്കുവാനുമുള്ള ഒരു മനസ്സാണ് വേണ്ടത്. അത് എൻ്റെ മകൻ എന്നേലും മുൻപേ തിരിച്ചറിഞ്ഞു. അതാണെൻ്റെ മകൻ്റെ വിജയം, അവനാവശ്യം ഒരു ഭാര്യയെ ആയിരുന്നൂ, എല്ലാ അർത്ഥത്തിലും അവനെയും എന്നെയും മനസ്സിലാക്കുന്നവൾ….”

“ഞാൻ വിവാഹ കമ്പോളത്തിൽ തേടിയത് പക്ഷേ…എന്തായിരുന്നൂ, മറ്റുള്ളവരുടെ മുൻപിൽ പ്രതാപം കാണിക്കുവാനുള്ള ഒരു കാഴ്ച വസ്തു. അങ്ങനെയുള്ള ഒന്നിനെ തേടുമ്പോൾ അതിൽ നിന്നും സ്നേഹം പ്രതീക്ഷിക്കുന്നതും തെറ്റല്ലേ…..?”

“അപ്പോൾ കുലമഹിമ കാണേണ്ടത് പാരമ്പര്യത്തിലാണോ അതോ പെരുമാറ്റത്തിലാണോ….?”

…………..സുജ അനൂപ്