ഉള്ളിലെ സങ്കടം കടിച്ചമർത്തി അമ്മ അകത്തേക്ക് നടക്കുമ്പോൾ ആ കൈകളിൽ ഒന്നമർത്തി പിടിച്ചു.

തിരിച്ചറിവുകൾ…

Story written by Raju Pk

===============

കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ കൈയ്യിൽ ഒരു വലിയ ബാഗുമായി അതിരാവിലെ സുമയുടെ അമ്മ പടി കയറി വരുന്നത് കണ്ടപ്പോൾ മനസ്സിൽ എന്തോ ഒരു വല്ലായ്മ തോന്നി.

ഇങ്ങനെ ഒരു പതിവില്ലല്ലോ മുറ്റത്തേക്ക് ഓടിയെത്തിയ സുമ കൈയ്യിൽ നിന്നും ബാഗു വാങ്ങി അമ്മയോട് ചോദിക്കുന്നുണ്ട്.

“എന്ത് പറ്റി അമ്മേ..”

മറുപടി ഒന്നും പറയാതെ സാരിയുടെ തുമ്പറ്റം കൊണ്ട് കണ്ണും മുഖവും തുടച്ച് അമ്മ എന്നെ ഒന്ന് നോക്കി ഓടി വന്ന കൊച്ചുമക്കളേയും ചേർത്ത് പിടിച്ച് അകത്തേക്ക് നടന്നു.

രാവിലെ അല്പം നേരത്തെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ പതിവുപോലെ സുമയുടെ കുത്തുവാക്കുകളൊന്നും ഉണ്ടായില്ല. ടൗണിൽ പുതിയ വീടു വച്ചപ്പോൾ കൂടെ വരുന്നില്ലെന്ന് അമ്മ ഒരുപാട് പറഞ്ഞെങ്കിലും അമ്മയെ തനിച്ചാക്കി പോരാൻ കഴിഞ്ഞില്ല. പക്ഷെ അധികനാൾ നിലനിന്നില്ല വീട്ടിലെ സമാധാന അന്തരീക്ഷം ഒരിക്കൽ പതിവിലും നേരത്തെ ഓഫീസിൽ നിന്നും വീട്ടിലെത്തുമ്പോൾ സുമയുടെ ഉച്ചത്തിലുള്ള സംസാരം കേൾക്കാമായിരുന്നു.

“അവിടത്തെ ഭരണ മൊന്നും ഇവിടെ നടക്കില്ല എൻ്റെ വീട്ടിൽ നിന്നും തന്ന പണം കൂടി ചേർത്താണ് ഈ വീട് വച്ചിരിക്കുന്നത് ഇവിടെ ഞാൻ പറയുന്നതനുസരിച്ച് ജീവിക്കാമെങ്കിൽ ജീവിക്കാം. അതല്ല മോൻ വരുമ്പോൾ എല്ലാം പറഞ്ഞ് കൊടുത്ത് എന്നെ ഇവിടന്ന് തുരത്താം എന്ന മോഹം വല്ലതുമുണ്ടെങ്കിൽ അത് മനസ്സിലിരിക്കത്തേയുള്ളൂ. ഞാൻ പറഞ്ഞില്ലെന്ന് വേണ്ട.”

എന്ന് പറഞ്ഞ് തിരിഞ്ഞതും മുന്നിൽ എന്നെക്കണ്ടതും അവൾ ഒന്ന് പതറിയെങ്കിലും പെട്ടന്ന് അകത്തേക്ക് നടന്നു. അമ്മയുടെ ഭാവമാറ്റം കണ്ട് ഭയന്ന് നിൽക്കുന്ന കുട്ടികളെ നെഞ്ചോട് ചേർത്ത് അമ്മയോട് ചേർന്നിരുന്നു.

കരഞ്ഞ് തളർന്നിരിക്കുന്ന അമ്മയുടെ മുഖഭാവത്തിൽ നിന്നു തന്നെ മനസ്സിലായി മനസ്സ് വല്ലാതെ വേദനിച്ചിരിക്കുന്നു എന്ന്. അരികിൽ ഇരുന്ന എൻ്റെ കൈകളിൽ പിടിച്ചു കൊണ്ട് അമ്മ പറഞ്ഞു.

“മോനേ അമ്മ നാളെ നമ്മുടെ പഴയ വീട്ടിലേക്ക് പോകാം മോന് സങ്കടമാവണ്ടെന്ന് കരുതിയാണ് അച്ഛൻ്റെ ആത്മാവുറങ്ങുന്ന വീട്ടിൽ നിന്നും മനസ്സില്ലാ മനസ്സോടെയാണ് അമ്മ ഇങ്ങോട്ട് വരുന്നത്. ആൾത്താമസമില്ലാതെ മൂവന്തിക്കൊരു വിളക്കു കൊളുത്താതെ..അമ്മയ്ക്ക് അതോർക്കുമ്പോൾ വലിയ സങ്കടമാണ് ഇവിടെ നിന്നും അധികം ദൂരത്തൊന്നുമല്ലല്ലോ. അവിടെ തനിച്ചൊന്നുമല്ലല്ലോ ഞാൻ എന്ത് കാര്യത്തിനും സതിയും കുട്ടേട്ടനും ഉണ്ടല്ലോ സമയം കിട്ടുമ്പോൾ എൻ്റെ മോൻ എല്ലാവരേയും കുട്ടി വന്നാൽ മതി. അമ്മയ്ക്കിവിടെ സങ്കടമാവും ഇനിയും മുന്നോട്ടുള്ള ദിവസങ്ങൾ എൻ്റെ മോനും. പിന്നെ ഈ കുഞ്ഞുമക്കൾക്കും.”

ഉള്ളിലെ സങ്കടം കടിച്ചമർത്തി അമ്മ അകത്തേക്ക് നടക്കുമ്പോൾ ആ കൈകളിൽ ഒന്നമർത്തി പിടിച്ചു.

പിറ്റേന്ന് അമ്മയുടെ പിടിവാശിക്കു മുന്നിൽ മനസ്സില്ലാ മനസ്സോടെ അമ്മയേയും കൂട്ടി ജനിച്ച് വളർന്ന വീട്ടിലേക്ക് ഇറങ്ങുമ്പോൾ. ഉമ്മറത്തേക്കു പോലും സുമ വന്നില്ല. അമ്മയെ വീട്ടിലാക്കി മാമൻ്റെ മകൾ സതിച്ചേച്ചിയോട് കാര്യങ്ങൾ എല്ലാം പറഞ്ഞേൽപ്പിച്ച് അമ്മയുടെ കൈയ്യിൽ കുറച്ച് പണവും നൽകി തിരികെ ഇറങ്ങുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ആഗ്രഹമുണ്ടായിട്ടും ആദ്യമായി അമ്മയെ തിരിഞ്ഞൊന്നു നോക്കാൻ കഴിയാതെ ആ പടിയിറങ്ങി.

എത്ര പെട്ടന്നാണ് കാലം ഓടി മറയുന്നത് വൈകിട്ട് അമ്മയുടെ അരികിൽ ഇരുന്ന് പതിവുപോലെ വാങ്ങിയ കപ്പലണ്ടിപ്പൊതിയിൽ നിന്നും ഓരോന്നായ് എടുത്ത് കൊറിച്ചു കൊണ്ട് ഓരോ കാര്യങ്ങളും പറഞ്ഞിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല. പതിവിലും വൈകി വീട്ടിലെത്തുമ്പോൾ സുമയുടെ കണ്ണുകളിൽ ഒരു വലിയ സങ്കടത്തിൻ്റെ തിരയിളക്കം കാണുന്നുണ്ടായിരുന്നു.

“എന്ത് പറ്റി കരഞ്ഞോ നിൻ്റെ മുഖമൊക്കെ വല്ലാതിരിക്കുന്നല്ലോ…അമ്മയെവിടെ പുറത്തേക്കൊന്നും കാണുന്നില്ലല്ലോ..”

“അത് ഹരിയേട്ടാ അമ്മ വല്ലാത്ത വിഷമത്തിലാ. അഭിയുടെ വിവാഹം കഴിഞ്ഞ് വർഷം ഒന്നായില്ല അവിടെ മൊത്തം പ്രശ്നങ്ങളാണ് അവന് അമ്മയോട് പഴയ സ്നേഹമൊന്നുമില്ല സ്മിത അമ്മയോട് ഒന്ന് മിണ്ടാറുകൂടിയില്ല ഇപ്പോൾ അവനെങ്ങനെ ഇത്ര പെട്ടന്ന് മാറാൻ കഴിഞ്ഞു എന്നോർക്കുമ്പോൾ വിവാഹത്തിന് മുന്നെ എത്ര സ്നേഹത്തിൽ കഴിഞ്ഞതായിരുന്നു അവർ തമ്മിൽ അമ്മ കുറച്ച് ദിവസം നമ്മുടെ കൂടെ നിൽക്കട്ടെ എനിക്കൊരു സഹായവും ആകും.”

“നീ അവനെ വിളിച്ച് സംസാരിച്ചില്ലേ”

“വിളിച്ചു കാര്യങ്ങൾ ചോദിച്ചപ്പോൾ അവൻ പറയുവാ അമ്മ എൻ്റെ മാത്രം അല്ലല്ലോ നിൻ്റെ കൂടിയല്ലേ എന്ന്.”

“അവൻ പറഞ്ഞതിൽ വലിയ തെറ്റൊന്നുമില്ല പക്ഷെ അമ്മയെ ഇനിയുള്ള കാലം മുഴുവൻ ഇവിടെ നിർത്താനൊന്നും പറ്റില്ല. കാരണം എൻ്റെ അമ്മക്ക് നിൽക്കാൻ അവകാശമില്ലാത്ത ഈ വീട്ടിൽ നിൻ്റെ അമ്മയും വേണ്ട ഇവിടെ ഞാനും നീയും നമ്മുടെ മക്കളും മതി.”

“അത് ഏട്ടാ നമുക്ക് ഏട്ടൻ്റെ അമ്മയേയും ഇങ്ങോട്ട് കൂട്ടാം.”

“നീ വിളിക്കുമ്പോൾ തന്നെ ഇങ്ങോട്ട് വരാൻ അമ്മ കാത്തിരിക്കുകയാണെന്നാണോ ഞാൻ വിളിച്ചാൽ പോലും അമ്മ ഇനി ഇങ്ങോട്ട് വരില്ല.”

“അഭിയേപ്പോലെ നമ്മളും അമ്മയെ ഉപേക്ഷിച്ചാൽ നാട്ടുകാരും ബന്ധുക്കളും അവരോട് എന്ത് മറുപടി പറയും നമ്മൾ..എന്നോർക്കുമ്പോഴാ..”

“നമ്മൾ അല്ല നീയും അനിയനും എന്നെ നിങ്ങളുടെ കൂടെ പെടുത്തണ്ട എൻ്റെ അമ്മയെ തനിച്ചാക്കി ഞാൻ ഇവിടെ വന്നതിന് ശേഷം കൂട്ടുകാരുടേയും ബന്ധുക്കളുടേയും നാട്ടുകാരുടേയും ഒരു പാട് ചോദ്യങ്ങൾ ഞാൻ അഭിമുഖീകരിക്കുന്നുണ്ട് ഇപ്പോഴും.”

ആദ്യമായി.മറുപടി പറയാൻ വാക്കുകളില്ലാതെ സുമ തിരികെ നടക്കുമ്പോൾ..നിറഞ്ഞ് തൂവാൻ വിതുമ്പി നിൽക്കുന്ന കണ്ണുനീർത്തുള്ളികളെ പതിയെ തുടച്ച് മാറ്റി ഞാനും എങ്ങോട്ടെന്നില്ലാതെ പുറത്തേക്ക് നടന്നു.

പതിവുപോലെ ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ പുഞ്ചിരിയോടെ പൂമുഖത്ത് കാണാറുള്ള സുമയുടെ അമ്മയെ കണ്ടില്ല എവിടെ എന്ന് തിരക്കിയപ്പോൾ അഭി രാവിലെ കൂട്ടിക്കൊണ്ടു പോയെന്ന മറുപടിയും വന്നു.

“ഇത്രയും ദിവസം ഇവിടെ നിന്നിട്ട് ഓണം കഴിഞ്ഞ് വിട്ടാൽ മതിയായിരുന്നു അമ്മയെ…”

മറുപടി ഒന്നും പറയാതെ സുമ അകത്തേക്ക് നടക്കുമ്പോൾ മനസ്സിൽ ഓർത്തു എത്ര മനോഹരമായിട്ടാണ് അവൾ കള്ളം പറയുന്നത്.

ഓണത്തിൻ്റെ തലേ ദിവസം വീട്ടിലേക്കുള്ള സാധനങ്ങളും അമ്മയ്ക്കുള്ള ഓണക്കോടിയും വാങ്ങി യാത്രയാവുമ്പോൾ മക്കളോടൊപ്പം സുമയും വരുന്നെന്ന് പറഞ്ഞു.

പതിവില്ലാതെ എന്നോടൊപ്പം സുമയും വരുന്നത് ദൂരെ നിന്നു കണ്ട അമ്മ വയ്യായ്കയിലും വഴിയിലേക്ക് നടന്നെത്തി മക്കളേയും ചേർത്ത് പിടിച്ച് നടക്കുന്ന അമ്മയുടെ പിന്നിലൂടെ പടി കടന്ന് മുറ്റത്തേക്ക് കയറിയ സുമ പൂമുഖപ്പടിയിൽ കൊളുത്തിയ നിലവിളക്കിനു പിന്നിൽ മറ്റൊരു വിളക്കായി നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുന്ന സ്വന്തം അമ്മയെക്കണ്ടതും ഒരാശ്രയത്തിനെന്നതു പോലെ എൻ്റെ കൈകളിൽ മുറുകെ പിടിച്ചു.

“അന്ന് നീ അമ്മയെ തിരികെ കൊണ്ട് വിട്ട അന്ന് തന്നെ അഭിയും അമ്മയെ കൈ ഒഴിഞ്ഞു അമ്മ വീണ്ടും എന്നെത്തേടി ഓഫീസിലെത്തി  അന്ന് ഞാനാണ് എൻ്റെ അമ്മയുടെ നിർബന്ധപ്രകാരം ഇങ്ങോട്ട് കൂട്ടുന്നത്. നിൻ്റെ അമ്മയെ ഇനിയുള്ള കാലം മുഴുവൻ നോക്കാൻ എനിക്ക് പറ്റില്ലെന്ന് പറഞ്ഞപ്പോൾ എൻ്റെ അമ്മയുടെ കാര്യങ്ങൾ ഞാൻ തന്നെ നോക്കിക്കോളാം അതിനാരുടേയും ഔദാര്യം വേണ്ടെന്ന് നീ പറയുമെന്ന് ഞാൻ കരുതി. പക്ഷെ മറുത്തൊരുവാക്കു പോലും എന്നോട് പറയാതെ നീ  അമ്മയെ അഭിയുടെ വീട്ടിലെത്തിച്ചു.”

സത്യത്തിൽ നമ്മുടെ ഒക്കെ അച്ഛനമ്മമാരേപ്പോലെ മക്കളുടെ സന്തോഷങ്ങൾക്കു വേണ്ടി മാത്രം സ്വന്തം സന്തോഷങ്ങൾ വേണ്ടന്ന് വച്ച് ജീവിതം ജീവിച്ച് തീർത്ത എത്രയോ അച്ഛനമ്മമാരുണ്ടാവും മക്കളുടെ സന്തോഷങ്ങളിൽ സ്വയം സന്തോഷം കണ്ടെത്തി ജീവിതം ജീവിച്ചു തീർത്തവർ. അവസാനം സ്വന്തം മക്കൾക്കവർ…

പൊട്ടിക്കരഞ്ഞുകൊണ്ട് സുമ അമ്മമാരുടെ കാൽക്കൽ വീണപ്പോൾ അവർ അവരെ ആശ്വസിപ്പിച്ച് നെഞ്ചോട് ചേർത്തു അല്ലെങ്കിലും പത്ത് മാസം ചുമന്ന് നൊന്ത് പ്രസവിച്ച അമ്മയെ മക്കൾ ഉപേക്ഷിച്ചാലും അവർക്ക് സ്വന്തം മക്കളെ ഉപേക്ഷിക്കാനോ തള്ളിപ്പറയാനോ കഴിയില്ലല്ലോ..!

~രാജു പി കെ കോടനാട്