നീ ഇന്നെങ്കിലും അമ്മായിയോട് കാര്യം പറഞ്ഞില്ലെങ്കിൽ ഞാൻ സത്യമായും അമ്മയോട് പറയും…

നിതാര…

Story written by Lekshmi Lechu

=============

നിതാരാ, വീട്ടിൽ നിന്നും പേരെന്റ്സിനെ കൊണ്ടുവന്നിട്ട് ക്ലാസ്സിൽ കയറിയാൽ മതി.

കഴിഞ്ഞ പരീക്ഷയുടെ മാർക്ക്‌ ഷീറ്റ് എല്ലാപേർക്കും കൊടുത്തിട്ട് ക്ലാസ്സ്‌ ടീച്ചർ പുറത്തേക്കിറങ്ങി.

ആദ്യമായി ചുവന്നമഷിയാൽ അവളുടെ തോൽവി അടയാളപ്പെടുത്തിയ സ്കോർ കാർഡിലേക്ക് രണ്ടുത്തുള്ളി കണ്ണുനീർ വീണു, അപ്പോഴേക്കും മഷി പടർന്ന ആ പേപ്പർ വിഷ്ണുപ്രിയ വാങ്ങിയിരുന്നു…

ഇനി ഇരുന്ന് മോങ്ങിയിട്ട് കാര്യമില്ല, നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞതാ വീട്ടിൽ പറയാമെന്ന്, അവളുടെ ഒരു കുടുംബ സ്നേഹം, പോരാത്തത്തിന് എന്റെ വീട്ടിൽ പറഞ്ഞാൽ, അതിനുള്ള മോളുടെ വെല്ലുവിളി വേറെ…ദേഷ്യം വന്നതുപോലെ തന്നെ നീതുവിനോട് തീർക്കുകയാണ് പ്രിയ.

നീ ഇന്നെങ്കിലും അമ്മായിയോട് കാര്യം പറഞ്ഞില്ലെങ്കിൽ ഞാൻ സത്യമായും അമ്മയോട് പറയും.സ്കോർ കാർഡ് നീതുവിനെ ഏല്പിച്ചു ദേഷ്യം വന്നവൾ പുറത്തേക്ക് പോയി.

ഇവൾ നിതാര , വീട്ടിൽ നീതുവെന്ന് വിളിക്കും, കൂടെ കണ്ടത് വിഷ്ണുപ്രിയ, നീതുവിന്റെ പ്രിയ , രണ്ടുപേരും ഒരേ പ്രായമാണ്, കൂടാതെ കുടുംബക്കാരും. ഇപ്പോൾ പ്ലസ് ടുവിന് പഠിക്കുന്നു…

അവൾ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛനെ നഷ്ടപെടുന്നത്. പ്രതീക്ഷിക്കാതിരുന്ന സമയത്ത് ഹൃദയസ്തഭനം വന്ന് അച്ഛൻ മരണപെട്ടപ്പോൾ തകർന്ന അമ്മയെയും മകളെയും ചേർത്തുപിടിച്ചത് നീതുവിന്റെ അമ്മാവന്മാർ  തന്നെയായിരുന്നു. വലിയമ്മാവന്റെ മകൻ അച്ഛന് വേണ്ടി എല്ലാ കർമങ്ങളും ചെയ്തു, വലിയമ്മാവനും ചെറിയമ്മാവനും അവൾക്ക് ഒരു കുറവും വരാതെ തന്നെയാണ് നോക്കിയത്. ചെറിയമ്മാവന്റെ മകളാണ് വിഷ്ണുപ്രിയ, രണ്ടുപെൺമക്കളിൽ ഇളയവൾ കുറച്ചു കുറുമ്പും ബഹളവുമായി നടക്കുന്ന ഒരു കിലുക്കാംപെട്ടി, അവളുടെ ചേച്ചിയുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമായി, അവർ കുടുംബവുമായി ഇപ്പോൾ എറണാകുളത്താണ്.

വലിയമ്മാവനും രണ്ടു മക്കൾ, രാകേഷ് ഏട്ടനും, രാകേന്ദുവും. രാകേഷേട്ടന് ഡിഗ്രി കഴിഞ്ഞപ്പോഴേ പി എസ് സി  വഴി  പഞ്ചായത്ത്‌ ഓഫീസിലേക്ക്  ഗവണ്മെന്റ് ജോലി കിട്ടി, രാകേന്ദു പത്താം ക്ലാസ്സിലാണ്.

നീതുവിന്റെ അമ്മയ്ക്ക് എപ്പോഴും സഹോദരന്മാർ പറയുന്നത് തന്നെയാണ് വേദവാക്യം. അത്രയും കടപ്പാടും സ്നേഹവുമാണ് ആ അമ്മയ്ക്ക്. ഭർത്താവ് മരണപെട്ടതിന് ശേഷം ആ അമ്മയെയും മകളെയും നന്നായി നോക്കുന്നതിന്റെ നന്ദിയാണെന്ന് വേണമെങ്കിൽ പറയാം

അത് തന്നെയാണ് നീതുവിന്റെയും പ്രശ്നം ,ചില കാര്യങ്ങൾ പറഞ്ഞാൽ അമ്മ പോലും വിശ്വസിക്കണം എന്നില്ല. പ്രിയയ്ക്ക് മാത്രമാണ് ഇപ്പോൾ ഇതൊക്കെ അറിയാവുന്നത്, അത് കൊണ്ട് തന്നെയാണ് ദേഷ്യപ്പെടുന്നതും ചിലപ്പോഴൊക്കെ പൊതിഞ്ഞുസൂക്ഷിക്കുന്നതും

പഠിക്കാൻ മോശമല്ലാതെ, എല്ലാ പരീക്ഷകളിലും ഉയർന്ന മാർക്ക് വാങ്ങി കൊണ്ട് വന്നോണ്ടിരുന്ന മകൾ ഇപ്പോൾ തോറ്റുപോയി എന്ന് എങ്ങനെ പറയും, എപ്പോഴും പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്ന അമ്മയോട് തോൽവിയുടെ ചുവന്ന മാർക്കുമായി എങ്ങനെ പോകും, ഓർക്കുംതോറും അവളിൽ വിഷമം ഒരു കൂമ്പാരമായി

വൈകുന്നേരം വീട്ടിൽ എത്തുമ്പോഴേക്കും വീടിന്റെ മുൻഭാഗം പൂട്ടിയിട്ടിരിക്കുന്നു. അമ്മ വലിയമ്മാവന്റെ വീട്ടിൽ പോകണമെന്ന് രാവിലെ പറഞ്ഞത് ഓർത്തു. ഇലക്ട്രിസിറ്റി മീറ്ററിന്റെ അടുത്ത് വച്ചിരിക്കുന്ന ചാവി എടുത്ത് വീട് തുറന്നു, സാധാരണ പ്രിയയും കൂടെ വീട്ടിൽ വരാറുള്ളതാണ്, ഇന്ന് അവൾക്ക് ഡാൻസ് പ്രാക്ടീസ് ഉള്ളത് കൊണ്ട് കഴിഞ്ഞിട്ട് വരാമെന്ന് പറഞ്ഞു, അതെന്തായാലും നന്നായി. തീരുമാനിച്ചു ഉറപ്പിച്ച കാര്യം നടത്തണമെങ്കിൽ ആരും അടുത്ത് ഉണ്ടാവരുത്

എലി ശല്യം കൂടിയതുകൊണ്ട് , രാത്രി ഗ്യാസ് സിലിണ്ടർ ഓഫ്‌ ആക്കണമെന്ന് കഴിഞ്ഞ ദിവസം അമ്മ പറഞ്ഞത് കൊണ്ട് എലിവിഷം വാങ്ങിയാണ് അവൾ വന്നത് എന്തൊക്കെയോ ചിന്തിച്ച് നിറഞ്ഞുവന്ന കണ്ണുനീരിനെ തുടച്ചുകൊണ്ട് ഒരുപാത്രത്തിൽ ചോറും കറികളും അതിലേക്ക് എലിവി ഷത്തിന്റെ പൊടിയും തട്ടി നന്നായി കുഴച്ചു, നാലു വർഷങ്ങൾക്ക് മുമ്പുള്ള ഓർമകളിൽ അച്ഛനോടും അമ്മയോടും കുറുമ്പുകാണിക്കുന്ന  പെൺകുട്ടിയും അത് ആസ്വദിക്കുന്നവരെയും അവൾ കണ്ടു.

അച്ഛന്റെ മാലയിട്ട ഫോട്ടോയ്ക്കരികിലായി നീതു നിന്നു. ഞാനും അച്ഛനരിക്കലേക്ക് വരുകയാണെന്ന് മനസ്സ് കൊണ്ട് അവൾ മൊഴിഞ്ഞു. നിറഞ്ഞുവന്ന കണ്ണുനീരിനെ തുടച്ച ശേഷം ഒരുരുള ചോറ് വായിലേക്ക് വയ്ക്കാൻ തുടങ്ങിയതും വീട്ടിലെ കാളിങ് ബെൽ മുഴങ്ങി, എന്ത് ചെയ്യണമെന്ന് അറിയാതെ ഭക്ഷണം അടച്ചുവച്ചു കൈയും കഴുകി വാതിൽ തുറന്നപ്പോഴേക്കും കണ്ടത് ഡാൻസ് ക്ലാസ്സ്‌ കഴിഞ്ഞ് തളർന്നിരിക്കുന്ന പ്രിയയെ ആണ്. തീരെ പ്രതീക്ഷിക്കാതെ വന്നത് കൊണ്ട് ഉള്ളിലെ പരവേശം പുറത്തേക്ക് വരാതെ ശ്രദ്ധിക്കാൻ ശ്രമിക്കുകയായിരുന്നു നീതു..

എടി, കഴിക്കാൻ എന്തേലും എടുത്തേ..വിശന്നുവയർ കരിഞ്ഞു.

അത് പ്രിയേ അമ്മ ചോറും കറികളും മാത്രേ വച്ചിട്ടുള്ളു, നീ ചോറ് വൈകുന്നേരം കഴിക്കാറില്ലല്ലോ..

വേറെ ഒന്നും ഈ വീട്ടിൽ ഇല്ലേ..തലയ്ക്ക് കൈയും വച്ച് പ്രിയ അകത്തേക്ക് കയറി…

നീതു, കുറച്ചു വെള്ളമെങ്കിലും കൊണ്ടുവാ..അതും പറഞ്ഞവൾ ഹാളിലെ ഡൈനിങ് ടേബിളിൽ ബാഗൊക്കെ വച്ച് കസേരയും വലിച്ചിരുന്നു..

ശരി നീ ഇരിക്ക്, ഞാൻ വെള്ളം കൊണ്ടുവരാം, നീതു അടുക്കളയിലേക്ക് നടന്നു

അപ്പോഴാണ് മൂടി വച്ചിരിക്കുന്ന പാത്രം പ്രിയ കാണുന്നത്, തുറന്നു നോക്കിയപ്പോൾ ചോറും കറികളും ഒക്കെ കുഴച്ചു വച്ചിരിക്കുന്നു, ഉരുട്ടിയ ഒരു  ഉരുളയും പാത്രത്തിൽ ഉണ്ട്, വല്ലപ്പോഴും ചോറ് കഴിക്കുന്നതിൽ തെറ്റില്ല എന്ന് വയറ് വിളിച്ചുപറയുന്നത് കൊണ്ട് ആ ഉരുള വായിലേക്ക് വയ്ക്കാൻ പോയതും നീതു തട്ടിയെറിഞ്ഞതും ഒരുമിച്ചായിരുന്നു.

എന്തിനാണെന്ന് ചോദിക്കുമ്പോൾ അവൾ പറഞ്ഞ കള്ളങ്ങൾക്കൊക്കെയും മറുപടിയായി കവിളിൽ അടി കിട്ടുമ്പോഴാണ് നീതു ഒന്ന് പതറിയത്..

എന്നുമുതലാടി നീ ഇങ്ങനെ കള്ളം പറയാൻ തുടങ്ങിയത്, എത്രയൊക്കെ ഒളിപ്പിക്കാൻ നോക്കിയാലും ആ ഉരുളയുടെ മണത്തിൽ നിന്ന് മനസിലായി നിന്റെ ഉദ്ദേശം, തട്ടി തെറുപ്പിച്ചപ്പോൾ അത് പൂർണമായി..നന്നായിട്ടുണ്ട്, പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ ആ ത്മഹത്യക്ക് ഇറങ്ങിയിരിക്കുന്നു. നീ നിന്റെ അമ്മയെ പറ്റി ഓർത്തോ?ഞങ്ങളെ ഒക്കെ പറ്റി ഓർത്തോ? നിന്റെ മരണശേഷം നാട്ടുകാർ എന്തൊക്കെ പറയുമെന്ന് നീ ചിന്തിച്ചോ? ഒടുക്കം ഇനി ആർക്ക് വേണ്ടി എന്ന് കരുതി നിന്റെ അമ്മയും നിന്റെ വഴി തിരഞ്ഞെടുക്കുന്നതിനെ പറ്റി ഒന്ന് സങ്കൽപ്പിച്ചു നോക്കിയോ?

എന്തൊക്കെ പറഞ്ഞിട്ടും പ്രിയയുടെ ദേഷ്യം തീരുന്നുണ്ടായിരുന്നില്ല.

മറുപടി ഒന്നും തരാതെ കാൽമുട്ടുകൾക്കുള്ളിൽ മുഖമൊളിപ്പിച്ചു പൊട്ടികരയുന്ന  നീതുവിനെ കാണുമ്പോൾ പ്രിയയും കരയുന്നുണ്ടായിരുന്നു. അമ്മായി വന്നിട്ട് ഇതെല്ലാം പറഞ്ഞിട്ടേ ഇനി ഞാൻ പോകുന്നുള്ളൂ, നിറഞ്ഞ കണ്ണുനീർ തുടച്ചുകൊണ്ട് വാശിയിൽ തന്നെ അവൾ പറഞ്ഞു. കേട്ടതിന്റെ  ആഘാതത്തിൽ നീതു ഓടിവന്ന് പ്രിയയുടെ കാലിൽ പിടിച്ചുകൊണ്ടുതന്നെ കരയാൻ തുടങ്ങി…

തകരുന്ന അമ്മയെ കാണാൻ അവൾക്ക് കഴിയുമായിരുന്നില്ല, എന്തൊക്കെ പറഞ്ഞിട്ടും പ്രിയ കൂടെ നിൽക്കില്ല എന്ന് ഉറപ്പായപ്പോൾ നീതു റൂമിലേക്ക് ഓടി, വീണ്ടും എന്തേലും അബദ്ധം അവൾ കാണിക്കുമെന്ന് ഉറപ്പുള്ളതിനാൽ പ്രിയയും കൂടെ ആ റൂമിലേക്ക് ഓടി കയറി. ഇപ്പോൾ സമാധാനിപ്പിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് ഉറപ്പിച്ചുകൊണ്ട് തന്നെ നീതുവിന്റെ അമ്മയോട് ഒന്നും പറയില്ല എന്നവൾ വാക്ക് നൽകി.

ഇനി എന്ത് എന്നാലോചിക്കെയാണ് വീട്ടിലെ ലാൻഡ്ഫോൺ ബെല്ലടിച്ചത്..

സാഹചര്യം മോശമായത് കൊണ്ടുതന്നെ പ്രിയയാണ് ഫോൺ എടുത്തു. മറുവശം നീതുവിന്റെ അമ്മയായിരുന്നു. മകൾ എവിടെ എന്ന് ചോദിക്കുന്ന അമ്മയോട് കുളിക്കാൻ കയറി എന്നൊരു നുണ പറയാൻ പ്രിയക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യം വന്നില്ല.

നീതുവിനെയും വിളിച്ച് പുറകുവശത്തെ തെങ്ങിൻ ചുവട്ടിൽ മണ്ണുമാന്തി ആ ചോറും കറികളും ഇട്ട് മൂടിയ ശേഷം കുറച്ചുമാറി ബാക്കിയിരുന്ന വി ഷം കവറോടെ തന്നെ ഇട്ടുമൂടി. ശേഷം നീതുവിനെ കുളിക്കാൻ പറഞ്ഞുവിട്ടിട്ട് ചോറ് എടുത്ത പാത്രങ്ങൾ പ്രിയ തന്നെ   സോപ്പിട്ട്  കഴുകി വയ്ക്കാൻ തുടങ്ങിയിരുന്നു.

ആ സമയം കുളിമുറിയിൽ കുറച്ചുമുമ്പ് വരെ നടന്ന കാര്യങ്ങൾ അവളെ വിഷമിപ്പിച്ചുകൊണ്ടിരുന്നു  കൊണ്ടിരുന്നു. അമ്മയെ പറ്റി ഓർക്കാതെ ചെയ്‌ത കാര്യങ്ങൾ ഒക്കെയും നീതുവിനെ ചുട്ടുപൊള്ളിച്ചു. കുളി കഴിഞ്ഞിറങ്ങിയപ്പോഴേക്കും കണ്ണൊക്കെ ചുവന്നു കലങ്ങിയിരുന്നു.

വാതിലിൽ മുട്ടുന്ന ശബ്ദം കെട്ട് തുറക്കുമ്പോൾ രണ്ടുകൈയും കെട്ടി പ്രിയ നിൽപ്പുണ്ട്.

എന്താ ഉദ്ദേശം? ഇനിയും വല്ല ആ ത്മഹത്യാ ശ്രമം ഉണ്ടോ നിനക്ക്?

പ്രിയ, ഞാൻ അറിയാതെ…അന്നേരം ഒന്നും ആലോചിക്കാൻ ഉള്ള ക്ഷമ ഉണ്ടായിരുന്നില്ല..

ഞാൻ ആയിട്ട് അമ്മായിയോട് ഇനി ഒന്നും പറയുന്നില്ല. പക്ഷെ ഇനിയും ഇത് വച്ച് താമസിപ്പിക്കരുത്. അമ്മമാർക്ക് മക്കളെ മനസിലാവും. എന്തായാലും അമ്മായി വരുന്നത് വരെ ഞാൻ ഇവിടെ ഇരിക്കാം, നിനക്ക് പനിയാണെന്ന് പറഞ്ഞാൽ മതി, ഇല്ലേൽ അമ്മായിക്ക് സംശയം വരും. നാളെ എന്തായാലും ലീവ് എടുക്ക്, ഞാനും ലീവ് ആക്കാം..

സംസാരിച്ചുകൊണ്ടിരുന്നപ്പോഴേക്കും വീണ്ടും കാളിങ് ബെൽ ശബ്ദം, നോക്കുമ്പോൾ അമ്മായി വന്നിട്ടുണ്ട്. പ്രിയയാണ് വാതിൽ തുറന്നത്..

ആഹാ നീ പോയില്ലേ പ്രിയേ?

ഇല്ല അമ്മായി, നീതുവിന് നല്ല പനിയുണ്ട്, അതിനിടയിൽ കൂടി പോയി തല കുളിച്ചു, ഇപ്പോൾ കണ്ണൊക്കെ ചുവന്നിരിക്കുവാ..തലകുളിച്ചതിന് അമ്മായി വഴക്കുപറയുമെന്ന് കരുതി പേടിച്ചിരിക്കുവാ അവൾ, അതാ പിന്നെ ഞാനും കൂടി നിന്നത്.

അയ്യോ, രാവിലെ കുഴപ്പമൊന്നുമില്ലായിരുന്നല്ലോ, പെട്ടെന്നെന്ത് പറ്റി?ഹോസ്പിറ്റലിൽ പോണോ? നീതുവിന്റെ അരികിലേക്ക് വന്ന്  തലയിലും കഴുത്തിലും തൊട്ടുനോക്കുകയായിരുന്നു ആ അമ്മ

രാവിലെ കുളിച്ചിട്ട് വെയില് കൊണ്ടതിന്റെ ആവും അമ്മായി, മരുന്ന് കഴിച്ചു. നാളെയും കൂടി റസ്റ്റ്‌ എടുത്താൽ മതി,

നീതു, നാളെ ഞാനും ലീവ് ആക്കാം, രാവിലെ വരാമേ..ഇപ്പോൾ ഇറങ്ങുവാണേ അമ്മായി..

ശരി മോളെ നീ പോയിട്ട് വാ..പ്രിയ നടന്നകന്നപ്പോഴേക്കും അമ്മ വാതിൽ അടച്ചു അകത്തേക്ക് കയറി. നീതു റൂം അടച്ച്  ബെഡിലേക്കും.

ഒന്ന് മയങ്ങാൻ തുടങ്ങിയപ്പോഴാണ് കുറച്ചു നാളുകൾക്ക് മുന്നിലെ അവളുടെ സന്തോഷം മാഞ്ഞു തുടങ്ങിയ ദിവസങ്ങളുടെ ഓർമയിലേക്ക് മനസ്സ് നങ്കൂരമിട്ടത്.

**************

സ്വന്തം മകളായി കാണേണ്ട വലിയമ്മാവൻ തന്നെ കാ മകണ്ണുകൾ കൊണ്ട് ഉഴിയാൻ തുടങ്ങിയ ആ ദിവസങ്ങൾ അവളുടെ കണ്ണുകളിൽ മിന്നി മാഞ്ഞു. പ്രിയയുടെ ചേച്ചിയുടെ വിവാഹത്തിന് ആശിച്ചു മോഹിച്ചാണ് ദാവണി സെറ്റ് ഉടുത്തത്. കൂട്ടുകാരെ ഒക്കെ കല്യാണം ക്ഷണിച്ചിരുന്നത് കൊണ്ട് അവരോടൊപ്പം കല്യാണബസിൽ പോകാൻ സ്റ്റെപ് കയറുന്ന സമയത്താണ് പുറകെ കയറാൻ നിന്നിരുന്ന വലിയമ്മാവന്റെ കൈകൾ തന്റെ മാറിടത്തിൽ അമർന്നത്. ഞെട്ടി പുറകോട്ട് നോക്കിയപ്പോൾ അമ്മാവന്റെ കൈകൾ വീണ്ടും ശരീരത്തിൽ അമർന്നു. അപ്പോഴാണ് അവൾക്ക് മനസിലായത് മനഃപൂർവം ചെയ്തതാണെന്നുള്ളത്..പെട്ടെന്ന് മേലേക്ക് വലിഞ്ഞുകയറി കൂട്ടുകാരിയുടെ അടുത്ത സീറ്റിൽ ഇരിക്കുമ്പോഴും നിർവികാരതയായിരുന്നു.

സ്വന്തം അച്ഛന്റെ സ്‌ഥാനത്ത് കണ്ട വ്യക്തി, സ്വന്തം മകളെ പോലെ കാണേണ്ട വ്യക്തി അവളെ ഒരു ശരീരമായി മാത്രം കണ്ടു..അവളുടെ ശരീരത്തിനോട്‌ പോലും വെറുപ്പ് തോന്നി..പെണ്ണായത് കൊണ്ട് മാത്രം അനുഭവിക്കേണ്ടി വന്ന വൃത്തികേട്…

എല്ലാപേരുടെയും മുന്നിൽ വച്ച് വിളിച്ചുകൂവിയാൽ, അമ്മയുടെയും കുടുംബത്തിന്റെയും അഭിമാനം, പ്രിയയുടെ ചേച്ചിയുടെ വിവാഹം, എല്ലാം ഈ വാർത്തയിൽ ഒതുങ്ങും. അത് കൊണ്ടാണവൾ മൗനം പാലിച്ചത് പോലും.

പക്ഷെ അയാളുടെ ക്രീ.ഡകൾ അവിടം കൊണ്ട് നിന്നില്ല, കണ്ണുകൾ എപ്പോഴും അവളുടെ ശരീരത്തിന്റെ ഉടലളവുകൾ എടുക്കുന്ന തിരക്കിലായിരുന്നു. ഒടുവിൽ തലവേദന എന്ന് പറഞ്ഞ് പെണ്ണെരോങ്ങുന്ന റൂമിൽ പോയിരുന്നു. അതാവുമ്പോൾ കുറച്ചു കൂടി സേഫ് ആണ്, അമ്മ ഉൾപ്പെടെ അവിടെ ഉണ്ടാകും.

അന്നേ ദിവസം കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തുംവരെ അമ്മയോട് ഒപ്പം തന്നെയായിരുന്നു, അമ്മയുടെ അരികിൽ നിൽക്കുമ്പോൾ അനുഭവിക്കുന്ന സുരക്ഷിതത്വം വേറെ തന്നെയാണ്.

ദിനങ്ങൾ പലതും കടന്നുപോയി….

കഴിഞ്ഞ ആഴ്ച വൈകുന്നേരം സ്കൂൾ കഴിഞ്ഞുവരുമ്പോൾ അമ്മ വീട്ടിൽ ഇല്ലായിരുന്നു, ചെറിയമ്മാവന്റെ വീട്ടിൽ പോകുമെന്ന് പറഞ്ഞിരുന്നതിനാൽ പ്രിയ വരുമ്പോൾ കൂടെ ഇരുന്നാൽ മതി, അമ്മയെ കൊണ്ടാക്കാൻ ചെറിയമ്മാവൻ വരുമ്പോൾ പ്രിയ ഒപ്പം പൊയ്ക്കോളും എന്ന് പറഞ്ഞിരുന്നു. പ്രിയക്ക് ഡാൻസ് ക്ലാസ്സ്‌ വരെ പോകണമെന്നുള്ളതിനാൽ ഒറ്റയ്ക്കാണ് വീട്ടിലേക്ക് വന്നത്. പ്രിയ വരുമെന്ന് ഉറപ്പുള്ളതിനാൽ മെയിൻ ഡോർ പൂട്ടാതെയാണ് അവൾ കയറിയത്, മേല് കഴുകാതെ ഭക്ഷണം കഴിക്കാൻ അമ്മ സമ്മതിക്കാത്തതിനാൽ നീതു കുളിക്കാൻ കയറി. തിരികെ ഇറങ്ങുമ്പോൾ റൂമിൽ വലിയമ്മാവൻ ഇരിക്കുന്നു, എന്ത്‌ ചെയ്യണമെന്നറിയാതെ പകച്ചപ്പോഴേക്കും അമ്മാവൻ അവൾക്കരികിലേക്ക് എത്തിയിരുന്നു.

ആഹാ മോള് കുളിച്ചതിന്റെ വാസന ഇവിടെ കിട്ടുന്നുണ്ടല്ലോ…വഷളൻ ചിരിയോട് കൂടെ അയാൾ അവൾക്കരികിലേക്ക് വന്നു..

ഓരോ കാലും പുറകിലേക്ക് വച്ച് അവൾ നടന്നു..അമ്മാവനും അവൽക്കരികിലേക്ക് നടക്കാൻ തുടങ്ങി..ഇനി രക്ഷയില്ല എന്ന് കണ്ടതും അവൾ സർവ ശക്തിയുമെടുത്ത് അയാളെ തള്ളിമറിച്ചിട്ട് പുറത്തേക്ക് ഓടി..

അകത്തേക്ക് കയറി വന്ന പ്രിയയെ ഇടിച്ചാണ് അവൾ നിന്നത്. അവളുടെ രൂപം കണ്ട് ഒന്ന് ഭയന്നുകൊണ്ട് പ്രിയ റൂമിലേക്ക് നോക്കിയപ്പോൾ മുണ്ട് ശരിയാക്കി ഉടുത്ത് കൊണ്ട് വരുന്ന അമ്മാവനെയാണ് കണ്ടത്..

അമ്മാവൻ എന്താ ഇവിടെ?

അതെന്താ എനിക്കിവിടെ വരാൻ പാടില്ലേ?

വരാം, വരുന്നതിന് ഒരു കുഴപ്പവുമില്ല. പക്ഷെ ബെഡ് റൂമിൽ എന്താണ് കാര്യം?

എന്റെ സഹോദരിയുടെ വീടാണ് ഇത്, ഇവിടെ എനിക്ക് എവിടെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും കയറാം..അതിനെ ചോദ്യം ചെയ്യാൻ മാത്രം നീ വളർന്നിട്ടില്ല..അതും പറഞ്ഞയാൾ മുണ്ടും മടക്കി കുത്തി  അവിടുന്ന് ഇറങ്ങിപ്പോയി

നീതു, എന്തായിത്?

എനിക്കറിയില്ല പ്രിയ, അമ്മാവൻ എന്നെ മോളെ പോലെ അല്ല കാണുന്നത്..ചേച്ചിയുടെ കല്യാണദിവസം മുതൽ ഉള്ള കാര്യങ്ങൾ അവൾ പ്രിയയോട് പറഞ്ഞു..

ഇത്രയും നടന്നിട്ട് നീ എന്താ അമ്മായിയോട് പറയാത്തെ?

അമ്മയ്ക്ക് അമ്മാവനെന്നാൽ ജീവനാണ്, ഞാൻ ഇതൊന്നും പറഞ്ഞാൽ ആരും വിശ്വസിക്കില്ല..എന്നെ വഴക്ക് പറയുമെന്നല്ലാതെ മറ്റൊന്നും നടക്കില്ല.

അമ്മായിക്ക് വലിയമ്മാവനെ വിശ്വാസമാണെന്ന് പ്രിയക്കും അറിയാം..അതിനാൽ കൂടുതൽ പറഞ്ഞു വിഷമിപ്പിക്കണ്ട എന്ന് കരുതി അവൾ നീതുവിന് ഒരു താങ്ങായി അവിടെ തന്നെ ഇരുന്നു.

നീതു, ഞാനൊരു കാര്യം പറയാം, നീ ഇന്ന് ഇപ്പോൾ നടന്ന കാര്യം പറഞ്ഞില്ലെങ്കിലും അധികം വൈകിപ്പിക്കരുത്, അമ്മായിയോട് എല്ലാം പറയണം.അല്ലാതെ പിന്നെ കിടന്നു കരഞ്ഞിട്ട് കാര്യമില്ല

അമ്മ വിശ്വസിക്കില്ലടാ…

വിശ്വസിക്കേണ്ട, പക്ഷെ നീ പറയണം..ചിലപ്പോൾ അന്നേരം മുതൽ അമ്മായി ശ്രദ്ധിച്ചുതുടങ്ങും..

മ്മ്, ഒന്ന് മൂളിയിട്ട് അവൾ കിടന്നു..

*************

ദിനങ്ങൾ കടന്നുപോയി, നീതു അമ്മയോട് ഒന്നും പറഞ്ഞില്ല..

പക്ഷെ അവളുടെ പഠിപ്പ് കുറഞ്ഞു, എപ്പോഴും എന്തെങ്കിലും ചിന്തകളും ടെൻഷനും ഒക്കെയായി, വാങ്ങി കൊണ്ടിരുന്ന മാർക്ക് ഓക്കെ താഴേക്ക് വന്ന് തുടങ്ങി, ആദ്യമായി അവൾ പരീക്ഷയിൽ തോറ്റു.

ഓർമകളിൽ നിന്നും മാർക്ക് കുറഞ്ഞതിനുള്ള ടീച്ചറിന്റെ വിളിയാണ് അവളെ ഉണർത്തിയത്.

നാളെ ലീവ് ആയതുകൊണ്ട് പ്രശ്നം ഉണ്ടാവില്ല എന്നോർത്ത് അവൾ കിടന്നു. പക്ഷേ കഴിഞ്ഞ നിമിഷങ്ങൾ വീണ്ടും അവളുടെ കണ്ണുനീർ വീഴ്ത്തുവാൻ കാരണമായി..

അതേ സമയം, ഇതുവരെ നടന്നതൊക്കെയും അമ്മയോട് പറയുകയായിരുന്നു പ്രിയ..എല്ലാം കേട്ട് തറഞ്ഞിരുന്നു പ്രിയയുടെ അമ്മ. മോളെ ഇത് ചേച്ചിയോട് പറയണം. എന്നാലും അയാൾക്കെങ്ങനെ തോന്നി സ്വന്തം മകളെ പോലെ കാണേണ്ട കുഞ്ഞിനെ ഇങ്ങനെ കാണാൻ. ഇത്രയും നാൾ സ്വന്തം സഹോദരനായിട്ടേ കണ്ടിട്ടുള്ളു..ഇനി വയ്യ, ഇതൊക്കെ അറിഞ്ഞിട്ട് അഭിനയിക്കാൻ പോലും എനിക്ക് കഴിയില്ല, അപ്പോൾ നീതുവിന്റെ അവസ്‌ഥയോ..ആ അമ്മയ്ക്ക് പോലും മറുപടി ഉണ്ടായിരുന്നില്ല..

പ്രിയേ…നാളെ ഞാനും വരാം നിന്നോടൊപ്പം. എനിക്ക് നീതുവിനെ ഒന്ന് കാണണം.

അമ്മേ അത്, അമ്മയറിഞ്ഞു എന്ന് അവൾ അറിഞ്ഞാൽ  അത് ശരിയാവില്ല

ഒരു പ്രശ്നവുമില്ല, അവൾക്കൊപ്പം ഒരാളുകൂടി ഉണ്ടെന്ന് കരുതി അവൾ സ്ട്രോങ്ങ്‌ ആവും..

അമ്മ പറയുന്നത് ശരിയാണെന്ന് മനസിലാക്കി അമ്മയോടൊപ്പം പ്രിയയും ഉറക്കത്തിലേക്ക് വഴുതി വീണു.

പിറ്റേന്ന് രാവിലെ അമ്മായി വലിയമ്മാവന്റെ വീട്ടിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് പ്രിയയും അവളുടെ അമ്മയും എത്തിയത്..

ചേച്ചി ഇതെങ്ങോട്ടാ? പ്രിയയുടെ അമ്മ ചോദിച്ചു.

നിയറിഞ്ഞില്ലേ വലിയേട്ടന്റെ അമ്മായിക്ക് സുഖമില്ലാത്തത് കൊണ്ട് ചേട്ടത്തി അങ്ങോട്ട് പോയിരിക്കുവാ..പിള്ളേർക്ക് എന്തെങ്കിലും വച്ചുണ്ടാക്കി കൊടുത്തിട്ട് വരാം.

അപ്പോൾ ഇവിടെ ഉള്ളവളോ,?

അവളെ അങ്ങോട്ട് വിളിച്ചാൽ അവൾക്ക് വരാൻ വയ്യ, രാകേഷ് ഇന്നലെയും കൂടി ചോദിച്ചതാ ഇവളുടെ കാര്യം, ഒന്നുല്ലെങ്കിലും അവന്റെ മുറപ്പെണ്ണ് അല്ലേ, പറയുമ്പോൾ ആ അമ്മയുടെ മുഖത്ത് ഒരു പ്രതീക്ഷ നിറഞ്ഞു നിന്നിരുന്നു.

ശരി ചേട്ടത്തി പോയിട്ട് വരൂ, ഞാനും പ്രിയയും ഇവിടെ ഉണ്ടാകും..ആ അമ്മ നടന്നകന്നു പോകുന്നതും നോക്കി അവർ നിന്നു.

അകത്തേക്ക് കയറിയപ്പോൾ കണ്ടു, ബെഡിൽ കമഴ്ന്നു കിടക്കുന്ന നീതുവിനെ..

നീതുട്ടാ…

വിളി കേട്ടാണ് അവൾ ഉണർന്നത്,

ചെറിയമ്മായി,.എപ്പോൾ വന്നു..

ഞാനിപ്പോൾ വന്നതേ ഉള്ളു, നീതുവിനരികിൽ വന്ന് അവളുടെ തലയിൽ തലോടികൊണ്ടിരുന്നു.മോളെ നീ ഒന്നു കൊണ്ടും ടെൻഷൻ അടിക്കണ്ട. എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം, പക്ഷെ നീ മണ്ടത്തരമൊന്നും കാണിക്കരുത്.

ചെറിയമ്മായിയുടെ സംസാരത്തിൽ നിന്നും പ്രിയ എല്ലാം അവിടെ പറഞ്ഞുവെന്ന് മനസിലായി. പ്രിയയെ നോക്കിയപ്പോൾ അർഥം മനസിലായത് പോലെ മറുപടി വന്നു.

അതേ നീ നിന്റെ അമ്മയോട് പറയരുത് എന്ന വാക്കാണ് വാങ്ങിയത്, എന്റെ അമ്മയോട് പറയില്ല എന്ന് ഞാനും പറഞ്ഞിട്ടില്ല

മോളെ നീതു, നീ ഇപ്പോൾ അനുഭവിക്കുന്ന മാനസിക സംഘർഷം എനിക്ക് മനസിലാകും. ഇതിന് ഇന്ന് തന്നെ തീരുമാനം ഉണ്ടാക്കണം, അല്ലെങ്കിൽ അത് നിന്റെ ഭാവിയെ കൂടെ ബാധിക്കും. ചേട്ടത്തിയോട് ഞാൻ സംസാരിക്കാം. മോള് ഒന്നുകൊണ്ടും ടെൻഷൻ ആകണ്ട. എല്ലാത്തിനും പരിഹാരം ഉണ്ട്. പ്രിയേ, നീ ഇവിടെ ഇരിക്ക്, ഞാൻ ചായ ഇട്ടിട്ടുവരാം.

ചായയൊക്കെ കുടിച്ച് പോയി കുളിച്ചു ഫ്രഷ് ആയി വന്നിരുന്നു പഠിക്കാൻ നോക്ക് രണ്ടുപേരും. ഇനി മോഡൽ എക്സാം തുടങ്ങാൻ അധികം ദിവസമില്ല. അതിന് നല്ല മാർക്ക് വാങ്ങണം. അതും പറഞ്ഞവർ അടുക്കളയിലേക്ക് പോയി.

ചായ പകർത്തി മക്കളോടൊപ്പം ഇരുന്ന് കുടിക്കുമ്പോഴാണ് വീട്ടിൽ നിന്നും പ്രിയയുടെ അച്ഛൻ വിളിക്കുന്നത്, പ്രിയയുടെ ഡാൻസ് ക്ലാസ്സിൽ നിന്നും ടീച്ചറും രണ്ടുപേരും വന്നിരിക്കുന്നു, വേഗം വരാൻ പറഞ്ഞിട്ട് ആ ഫോൺ കട്ടായി.

പ്രിയക്ക് വേണ്ടി വന്നതായത് കൊണ്ട് പെട്ടെന്ന് വരാം എന്ന് പറഞ്ഞിട്ട് ആ അമ്മ പ്രിയയെയും കൊണ്ട് വീട്ടിലേക്ക് പോയി. നീതുവിനോട് ഡോർ അടച്ചുകുറ്റിയിട്ടേക്കാൻ പറഞ്ഞിട്ടാണ് പോയത്..ബാത്‌റൂമിൽ കയറിയത് കൊണ്ട് പുറത്തുനിന്നും ലോക്ക് ചെയ്ത് ചാവി മീറ്ററിനരികിൽ വച്ചേക്കാൻ അവളും തിരിച്ചു പറഞ്ഞു. കുളി കഴിഞ്ഞു പുറകുവശം തുറന്ന് ചാവി എടുക്കാമെന്ന് നീതു കരുതി.

കഴിഞ്ഞദിവസത്തെ തുണി അലക്കിയിട്ടാണ് അവൾ കുളിച്ചിറങ്ങിയത്. തുണി വിരിക്കാൻ പുറത്തേക്ക് ഇറങ്ങാൻ നോക്കിയപ്പോൾ പുറത്തെ വാതിൽ പൂട്ടിയിട്ടില്ല, അമ്മായി ചിലപ്പോൾ കേട്ടുകാണില്ല എന്ന് കരുതി അവൾ അതുവഴി പുറത്തേക്ക് ഇറങ്ങി തുണിയൊക്കെ വിരിച്ച് അകത്തേക്ക് കയറി. വാതിൽ അടയ്ക്കാൻ തുടങ്ങുമ്പോഴാണ് അടുക്കളയിൽ എന്തോ വീണ ശബ്ദം കേട്ടത്..വാതിൽ പൂട്ടാതെ അവൾ അടുക്കളയിലേക്ക് പോയി, നോക്കിയപ്പോൾ ചായ ഇടുന്ന തിരക്കിലായിരുന്നു വലിയമ്മാവൻ..

ആഹാ മോള് കുളിച്ചിറങ്ങിയോ..ഞാൻ വന്നപ്പോൾ മുൻവാതിൽ പൂട്ടിയിരുന്നു..ബാത്‌റൂമിൽ വെളിച്ചവും, വെള്ളം വീഴുന്ന ശബ്ദവും  കേട്ടപ്പോൾ നീ അകത്തുണ്ടെന്ന് മനസിലായി. ചാവി ഇരിക്കുന്നിടം അറിയാവുന്നത് കൊണ്ട് ഞാൻ അങ്ങ് തുറന്ന് കയറി. പിന്നെ നിന്നെ ബുദ്ധിമുട്ടിക്കണ്ടന്ന് കരുതി ചായയും ഇട്ടു..

വലിയമ്മാവൻ പൊയ്ക്കോളൂ, ഇവിടെ അമ്മയില്ല..

ആഹാ അതെന്ത് പറച്ചിലാണ് മോളെ, നിന്റെ അമ്മ അവിടെ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെയല്ലേ ഞാൻ ഇങ്ങ് വന്നത്. പിന്നെ മറ്റവൾ ഉണ്ടാകുമോ എന്ന് സംശയം ഉണ്ടായിരുന്നു, അവിടെ വെറുതെ എന്റെ അനിയനെ വിളിച്ചപ്പോൾ അവർക്ക് ഇന്ന് അതിഥി ഉണ്ടന്ന് അറിഞ്ഞു..അപ്പോൾ പിന്നെ ഇത്രനാളും ഞാൻ മോഹിച്ചത് ഇന്ന് അങ്ങ് എടുത്തേക്കാം എന്ന് കരുതി.

വാ മോളെ അടുത്തേക്ക് വാ, കുഞ്ഞുനാളിൽ എത്ര എടുത്ത് നടന്നതാ ഞാൻ, നീ എന്തിനാ പേടിക്കണേ. ഇത് നമ്മൾ മാത്രേ അറിയൂ. നിന്റെ പഠിപ്പ് ഒക്കെ കഴിഞ്ഞിട്ട്  രാകേഷിനെ കൊണ്ട് കല്യാണം കഴിപ്പിക്കാം..എല്ലാത്തിനും ഞാൻ കൂടെ കാണും, നീ പേടിക്കണ്ട.

അവൾ ചെവി രണ്ടും പൊത്തി. സ്വന്തം അച്ഛന്റെ സ്‌ഥാനത്ത് കണ്ട ആൾ, മകളെ പോലെ കാണേണ്ട ആൾ പറയുന്ന വാക്കുകളിൽ അവൾ തറഞ്ഞിരുന്നു. എങ്കിലും മനസ് കൈവിടാതെ അവൾ മറുചോദ്യം ചോദിച്ചു

അമ്മാവന് എന്നാൽ പിന്നെ ഇത് രാകേന്ദുവിനോട് ആയിക്കൂടെ,? സ്വന്തം മകളെ പറഞ്ഞാൽ എങ്കിലും ചിലപ്പോൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന ബോധം വന്നാലോ എന്ന ഉദ്ദേശത്തിലാണ് നീതു കരഞ്ഞുകൊണ്ട് ആ ചോദ്യം ചോദിച്ചത്..

എന്ത്‌ പറഞ്ഞെടി അസത്തെ, നീ നിന്റെ സ്‌ഥാനം മനസിലാക്കിക്കോ, നിന്റെ അച്ഛൻ മരിച്ചപ്പോൾ മുതൽ ഞാനും ചേർന്നാണ് നിന്നെ വളർത്തിയത്, വെറുതെ ഒന്നും കാണാതെ നിന്നെ നോക്കാൻ എനിക്കെന്താ ഭ്രാ ന്താണോ. ഇനി എന്തായാലും ഇന്ന് നിനക്ക് രക്ഷയില്ല, വഷളൻ നോട്ടത്തോടെ അയാൾ അവൾക്കരികിലേക്ക് വന്നു. ഓടാൻ നോക്കിയ അവളെ കാലിൽ പിടിച്ചു വലിച്ചു, മുഖമടിച്ചു തന്നെ നീതു വീണു, ഹാളിലെ ഡൈനിങ് ടേബിളിൽ അവളുടെ കൈ നന്നായി ഇടിച്ചു, ശരീരം വേദനിക്കുമ്പോഴും അവിടുന്ന് രക്ഷപ്പെടണം എന്ന ഉദ്ദേശം മാത്രേ അവൾക്കുണ്ടായിരുന്നുള്ളു. പക്ഷെ അയാൾ ഒരു വേട്ടമൃ ഗമായി മാറികഴിഞ്ഞിരുന്നു. പ്രതിരോധിക്കാൻ നിന്ന അവളെ തലങ്ങും വിലങ്ങും തല്ലി, അവൾ ഇട്ടിരുന്ന ചുരിദാറിന്റെ ടോപ് വലിച്ചു കീറി, അപ്പോഴും നീതു അലമുറയിടുകയായിരുന്നു. അവളുടെ കൈയിലും കഴുത്തിലും അയാളുടെ ദന്തക്ഷതങ്ങൾ പതിഞ്ഞു. വേദന കൊണ്ട് അവൾ പുളഞ്ഞു. മനസും ശരീരവും തളർന്നുപോയത് പോലെ, അയാൾ അവളിലേക്ക് അടുത്തതും പെട്ടെന്ന് എന്തോ ശബ്ദം കേട്ടു. നീതു നോക്കുമ്പോൾ ചെറിയമ്മാവനും  അമ്മായിയും, പ്രിയയും, രാകേഷ് ഏട്ടനും, രാകേന്ദുവും നിൽക്കുന്നു..വലിയമ്മാവന്റെ തലയിൽ ഇരുമ്പിന്റെ കസേര കൊണ്ട് അടിച്ചുകൊണ്ട് അമ്മയും..

നാ യെ, സ്വന്തം മകളെ പോലെ കാണേണ്ടവളെ പി ച്ചിചീന്താൻ നോക്കിയതല്ലേ, ഇനി നീ വേണ്ട, വീണ്ടും തലയ്ക്ക് അടിക്കാൻ വന്നപ്പോഴേക്കും ചെറിയമ്മാവൻ പിടിച്ചു.

ചേച്ചി, നീ എന്ത്‌ ഭ്രാ ന്താണ് ഈ കാണിക്കണേ..ഇയാളെ കൊ.ന്ന് ജയിലിൽ പോയാൽ പിന്നെ ഇവൾക്കാരുണ്ട്.

രാകേഷേ, എടുത്ത് ഹോസ്പിറ്റലിൽ ഏങ്ങാനും കൊണ്ട് ഇട്. പോലീസിൽ എന്തായാലും ഒരു കംപ്ലയിന്റ് കൊടുക്കുന്നുണ്ട്..

അയാളെ പിടിച്ചെഴുന്നേൽപ്പിക്കുമ്പോൾ സ്വന്തം മകളുടെയും മകന്റെയും മുഖത്ത് വെറുപ്പ് മാത്രമായിരുന്നു. രാകേന്ദുവിനെ അവിടെ നിർത്തി അയാളേം കൊണ്ട് പോകുമ്പോൾ തളർന്നുകിടക്കുന്ന അവളുടെ മുഖത്തേക്കവൻ ഒന്ന് നോക്കി, ആരോരും അറിയാതെ മനസ്സിൽ സൂക്ഷിച്ച ഒരിഷ്ടം ഉണ്ടായിരുന്നു, അവിടെ ര.ക്തം കിനിയുന്നു, സ്വന്തം അച്ഛനാൽ തകർക്കപെട്ട പെണ്ണ്..

ഹോസ്പിറ്റലിൽ ഡിസ്ചാർജിന്റെ അന്ന് അയാൾ ആരോടും പറയാതെ നാടുവിട്ടു. സ്വന്തം മകന്റെയും മകളുടെയും മുഖത്ത് നോക്കാൻ ത്രാണി ഇല്ലാതെ അയാൾ ഓടി മറഞ്ഞു..

അനുഭവിച്ച നിമിഷങ്ങളുടെ ട്രോമയിൽ ഒരു വർഷം അവൾക്ക് വെറുതെ പോയി. മനസ് കൈപിടിയിൽ ഒതുക്കാൻ ഒരുപാട് നാള് എടുത്തു. ആരോടും ഒന്നും സംസാരിക്കാതെ റൂമിനുള്ളിൽ അവൾ ജീവിച്ചു തീർത്തു. പ്രിയയുടെ ഒപ്പം  ഡാൻസ് ക്ലാസിൽ വരുന്ന ഒരു ഡോക്ടറുടെ  കൗൺസിലിംഗ് കൊണ്ട് ഭേദപെട്ട മാറ്റം അവളിൽ ഉണ്ടായി.

ഒരു വൈകുന്നേരം അമ്മയുടെ മടിയിൽ തലചേർത്ത് കിടക്കുമ്പോഴാണ് അവൾ ആ ചോദ്യം ചോദിച്ചത്.

അമ്മ അന്നെങ്ങനെയാ വീട്ടിലേക്ക് വന്നത്?

മോളെ, നീ ഇനി അതൊന്നും ഓർക്കേണ്ട,

അല്ല അമ്മ എനിക്കറിയാൻ വേണ്ടിയാണ്, ഞാൻ ഓക്കേ ആണ്, പറയമ്മാ എങ്ങനെയാണ് അന്ന് അവിടെ വന്നത്?

അത് പ്രിയ വിളിച്ച് ചോദിച്ചിരുന്നു അവിടെ വലിയമ്മാവൻ ഉണ്ടോന്ന്, ഇല്ലാന്ന് പറഞ്ഞപ്പോൾ എല്ലാപേരോടും പെട്ടെന്ന് നിന്റെ അടുത്തേക്ക് വരാൻ പറഞ്ഞു. ഞങ്ങൾ വന്നപ്പോൾ കണ്ടത്…ഞങ്ങൾ ലേറ്റ് ആയിരുന്നെങ്കിൽ ഒരുപക്ഷെ ഇപ്പോൾ നീ…ആ അമ്മ കരയാൻ തുടങ്ങി.

നീ എന്തിനാ മോളെ ഇതൊക്കെ മറച്ചുപിടിച്ചത്? നിന്നെ ഞാൻ വിശ്വസിക്കില്ലെന്ന് കരുതിയോ? ആ അമ്മ പൊട്ടികരയുകയായിരുന്നു. ആ അമ്മയെ കെട്ടിപിടിച്ചു അവൾ ആശ്വസിപ്പിച്ചു.

*************

വർഷങ്ങൾക്ക് ശേഷം ഒരു കൗൺസിലിംഗ് സെഷൻ നടത്തുകയായിരുന്നു ഡോക്ടർ നിതാരാ. സ്‌കൂളുകളിൽ അച്ഛനമ്മമാരോടൊപ്പം കുട്ടികൾക്ക് തങ്ങളെ സ്പർശിക്കുന്നതിലെ തെറ്റും ശരിയും പറഞ്ഞു കൊടുക്കുന്നതിനോടൊപ്പം എന്ത് ബുദ്ധിമുട്ട് വന്നാലും അമ്മയോടും അച്ഛനോടും പറയണമെന്ന് കൂടി ചേർത്തു..

ഇനി ഒരിക്കലും താൻ അനുഭവിച്ച നിമിഷങ്ങൾ മറ്റു കുട്ടികൾക്ക് അനുഭവിക്കാൻ ഇട വരുത്തത് എന്ന ആഗ്രഹത്തോടെ…

❤ നിതാര ❤

~ലക്ഷ്മി