എന്റെ പരിഭവം കേട്ട് വേദനയ്ക്കിടയിലും മിലി ചിരിച്ചു. ഒന്ന് കൂടി നിവർന്നിരുന്ന് അവൾ എന്റെ കണ്ണുകളിലേയ്ക്ക് നോക്കി…

മിലി

Story written by Neelima

===============

“നിനക്ക് ഈ വേദന എങ്ങനെ സഹിക്കാനാകുന്നു മിലി? “

അവളെന്നെ നോക്കി എപ്പോഴത്തെയും പോലെ ഉളിപ്പല്ലുകൾ കാട്ടി മനോഹരമായി ചിരിച്ചു. കാൻസർ തളർത്തിയ ശരീരത്തിലെ ഇനിയും തളരാത്ത മനസ്സിന്റെ ചിരി!

“ഈ ലോകത്തിൽ ഏറ്റവും വലിയ വേദന എന്താണെന്ന് അറിയുമോ ഋഷി?”

അവളുടെ ചോദ്യത്തിന് ഞാൻ മറുപടി നൽകിയില്ല. എന്റെ മറുപടിയാകില്ല അവൾക്ക് പറയാനുണ്ടാവുക എന്നെനിക്ക് ഉറപ്പായിരുന്നു.

” വിശപ്പ്….! എന്റെ മസ്തിഷ്കത്തെ കാർന്ന് തിന്നുന്ന കാൻസർ നൽകുന്ന വേദന പോലും അതിലും എത്രയോ താഴെയാണെന്ന് ഞാൻ പറയും!

ഒരിക്കൽ, ഒരു സിനിമയിൽ, വിശപ്പ് അസഹ്യമായപ്പോൾ സ്വന്തം വിസർജ്യം വാരിത്തിന്നുന്ന ഒരു മനുഷ്യനെ ഞാൻ കണ്ടു. അന്ന്, എന്റെ ഒപ്പമുണ്ടായിരുന്നവരൊക്കെ അറപ്പോടെ മുഖം ചുളിച്ചപ്പോഴും എനിക്ക് ലവലേശം അറപ്പ് തോന്നിയില്ല. തെരിവിൽ കഴിഞ്ഞ കുറച്ചു നാളുകൾ, തെരിവ് പൂച്ചയോടും പ ട്ടിയോടും മല്ലടിച്ച്, അവയുടെ വായിൽ നിന്ന് പോലും പഴകിയ ഭക്ഷണാവശിഷ്ടം പിടിച്ചെടുത്ത് ആർത്തിയോടെ തിന്ന് വിശപ്പടക്കിയ ഒരു പെൺകുട്ടിക്ക് ആ ദൃശ്യം ഒരിക്കലും അസഹ്യമായി തോന്നില്ല. അവൾക്കെന്നല്ല, വിശപ്പിന്റെ വേദനയറിഞ്ഞ ആർക്കും…..! “

ഉള്ളിലെവിടെയോ ഒരു നൊമ്പരമുണ്ടായി. സ്വന്തം അനുഭവമാണ് പറയുന്നത്. എന്നിട്ടും ചുണ്ടിൽ ഇപ്പോഴുമൊരു പുഞ്ചിരി മങ്ങാതെ നിൽക്കുന്നു. ഇവൾക്കിങ്ങനെ പുഞ്ചിരിക്കാൻ എങ്ങനെ കഴിയുന്നുവെന്ന് പലപ്പോഴും ആശ്ചര്യപ്പെട്ടിട്ടുണ്ട്.

കുറച്ചു ദിവസം മുൻപ് ഒരു സുഹൃത്ത്, അവൾ അനാഥയാണെന്നുള്ള രീതിയിലൊരു പരാമർശം നടത്തിയതോർക്കുന്നു. അന്ന്, ഞങ്ങൾ മാത്രമായ അവസരത്തിൽ ഞാൻ അവളോട് ചോദിച്ചു.

“നിനക്ക് വിഷമമായോ?”

മിലി ചിരിക്കുകയാണ് ചെയ്തത്.

“അച്ഛനും അമ്മയും ഭർത്താവും മക്കളും….ഇതൊക്കെയാണോ സനാഥത്വത്തിനുള്ള മാനദണ്ഡം?അങ്ങനെയാണെങ്കിൽ ഞാൻ അനാഥയാണ്. അതിലെ വിരോധാഭാസം എന്തെന്നാൽ, എന്റെ അച്ഛനൊപ്പം ആയിരുന്നപ്പോഴാണ് ഞാൻ അനാഥത്വത്തിന്റെ അരക്ഷിതത്വം അറിഞ്ഞിട്ടുള്ളത്.”

അവൾ പറഞ്ഞ അവസാന വാചകത്തിലൂടെ മനസ്സിനെ ഒരിക്കൽക്കൂടി നടത്തുമ്പോഴാണ് മിലിയിൽ നിന്നും ആ ചോദ്യം വന്നത്.

“ഞാൻ നിനക്ക് ആരാണ് ഋഷി?”

“എന്റെ ആത്മമിത്രം.”

മറുപടി നൽകാൻ എനിക്ക് ചിന്തിക്കേണ്ടി വന്നില്ല.

“മിത്രം…പ്രതിഫലേച്ഛ കൂടാതെ സ്നേഹിക്കുന്നവന്‍. ഏത് പ്രതിസന്ധിയിലും ഒപ്പം ഉള്ളവൻ. അങ്ങനെ അല്ലെ?”

ഞാൻ തലയാട്ടി.

“ഇനി പറയൂ ഋഷി…ഞാൻ അനാഥയാണോ?” ആ ചോദ്യത്തിനൊപ്പം അവളുടെ ചുണ്ടിൽ ഒരു കുസൃതി ചിരി സ്ഥാനം പിടിച്ചിരുന്നു.

യാന്ത്രികമായി ഞാൻ അല്ല എന്നർത്ഥത്തിൽ തല വെട്ടിച്ചു.

“പിന്നെ ഞാൻ എന്തിന് വിഷമിക്കണം?” അവൾ പിന്നെയും ചിരിച്ചു.

എനിക്ക് അത്ഭുതം തോന്നി. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ, എന്റെ ചോദ്യത്തിന് അവൾ ആശിച്ച ഉത്തരം എന്നിൽ നിന്ന് തന്നെ കണ്ടെടുത്തിരിക്കുന്നു!

“എന്ത്‌ പറ്റി ഋഷി? കുറച്ചു പിറകിലേയ്ക്ക് നടന്നു എന്ന് തോന്നുന്നു?”

മിലിയുടെ ചോദ്യമാണ് ഏറെ നേരമായുള്ള ചിന്തകൾക്ക് വിരാമമിട്ടത്. അവൾ എന്നെ നോക്കി ചിരിക്കുകയായിരുന്നു. അവൾ പറഞ്ഞത് ശരി വച്ച് കൊണ്ട് ഞാനും ചിരിച്ചു.

“എനിക്കൊന്ന് നിവർന്നിരിക്കണം ഋഷി. “

ഇരു കൈകൾ കൊണ്ടും താങ്ങി എഴുന്നേൽപ്പിച്ച് അവളെ കട്ടിലിലേയ്ക്ക് ചാരി ഇരുത്തി. വേദന കൊണ്ടെന്ന പോലെ അവളിൽ നിന്നുമൊരു ശബ്ദമുണ്ടായി. പിന്നീട് അത് അടക്കാനായി ഒരു ദീർഘനിശ്വാസം എടുക്കുന്നതു കണ്ടു.

അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു. ഒരു സാധു വേദനിക്കുന്നതോർത്ത് ദൈവത്തിനോട് ദേഷ്യമോ പരിഭവമോ ഒക്കെ തോന്നിപ്പോയി.

“ദൈവമുണ്ടെന്ന് പറയുന്നത് വെറുതെയാണ്, അല്ലെ മിലി? “

എന്റെ പരിഭവം കേട്ട് വേദനയ്ക്കിടയിലും മിലി ചിരിച്ചു. ഒന്ന് കൂടി നിവർന്നിരുന്ന് അവൾ എന്റെ കണ്ണുകളിലേയ്ക്ക് നോക്കി.

“ഞാനൊരു കഥ പറയട്ടെ ഋഷി? ക ള്ള് മോന്താനുള്ള പൈസയ്ക്ക് വേണ്ടി അപ്പൻ വില പറഞ്ഞു വിറ്റ ഒരു ഏഴ് വയസുകാരിയുടെ കഥ! “

മിലി പലപ്പോഴും ഇങ്ങനെയാണ്. എന്റെ ഇത്തരം ചോദ്യങ്ങൾക്ക് അവൾ ഉത്തരം നൽകാറില്ല. പകരം, തുടർന്നുള്ള അവളുടെ സംസാരത്തിൽ ഉത്തരം ഒളിപ്പിച്ച് വയ്ക്കും. മിലിയിലെ കഥാകാരിയാണ് അപ്പോൾ സംസാരിക്കുക എന്ന് തോന്നാറുണ്ട്. ചിലപ്പോഴൊക്കെ അവളുടെ വാക്കുകൾക്കിടയിൽ നിന്നും ഞാൻ തന്നെ ഉത്തരം ചികഞ്ഞു കണ്ടെത്തേണ്ടി വരും. എനിക്കത് ഇഷ്ടവുമാണ്.

അദ്ധ്യാപികയുടെ മുന്നിലിരിക്കുന്ന വിദ്യാർത്ഥിയുടെ ആകാംക്ഷയോടെയാണ് അവളുടെ മുഖത്തേക്ക് നോക്കിയത്. പക്ഷെ, എപ്പോഴും കാണാറുള്ള ആത്മവിശ്വാസം അവളുടെ കണ്ണുകളിൽ എനിക്ക് കാണാനായില്ല. ആദ്യമായി ഞാൻ അവിടെ നിസ്സംഗതയുടെ നിഴലാട്ടം കണ്ടു. അവൾക്ക് പറയാനുള്ളത് അവളെക്കുറിച്ച് തന്നെയാണെന്ന് എനിക്ക് തോന്നി.

അപ്പോഴേയ്ക്കും മിലി പറഞ്ഞു തുടങ്ങിയിരുന്നു.

“അമ്മയുടെ പൊന്നോമനയായിരുന്നു അവൾ. അവളുടെ അഞ്ചാമത്തെ വയസ്സിൽ അമ്മ മരിയ്ക്കുന്നത് വരെ! പിന്നീടങ്ങോട്ട്, കുടിച്ച് കൂ ത്താടി അന്തി മയങ്ങുമ്പോൾ വീട്ടിലെത്തുന്ന അച്ഛനോട് അവൾക്ക് ഭയം മാത്രമേ തോന്നിയിരുന്നുള്ളൂ.

രാവിലെ അയല്പക്കത്തെ കുട്ടികളുമൊത്ത് പൂമ്പാറ്റയെപ്പോലെ കളിച്ചു നടക്കും. അയല്പക്കത്തു നിന്നും ആഹാരം കഴിക്കും. രാത്രിയിൽ അച്ഛന്റെ തല്ലും വഴക്കും ഏറ്റ് കരഞ്ഞു തളർന്ന് ഉറങ്ങും.

എല്ലാ കുഞ്ഞുങ്ങളും സൂര്യനെക്കാളും ഇരവിന് ശോഭ കൂട്ടുന്ന വെൺതിങ്കളിനോടാണ് പ്രിയമെന്ന് പറയുമ്പോൾ അവൾ മാത്രം തിങ്കളിനെ ഭയന്നു. അവളെ സംബന്ധിച്ച് മാനത്ത് അമ്പിളി തെളിഞ്ഞ ശേഷമാണ്, കുടിച്ച് മതികെട്ട് അച്ഛൻ വരാറ്. രാവിലെ കൂട്ടുകാരോടൊത്തു കളിച്ചതിന് ഉൾപ്പെടെ അറിയാത്ത കാര്യങ്ങൾക്ക് പോലും പൊതിരെ തല്ല് കിട്ടാറ്. അത് കൊണ്ട് മാത്രം അവൾ പകലിനെ പ്രണയിച്ചു.

ഏഴാമത്തെ വയസ്സിൽ അച്ഛന്റെ കൈ പിടിച്ച് ആ വലിയ വീടിന് മുന്നിൽ വന്ന് നിൽക്കുമ്പോൾ, അവളുടെ കണ്ണുകളിൽ നിറഞ്ഞത് കൗതുകം മാത്രമായിരുന്നു. ഒപ്പം അന്ന് അതേവരെ അച്ഛന്റെ പക്കൽ നിന്നും തല്ലും വഴക്കുമൊന്നും കിട്ടിയില്ലല്ലോ എന്നോർത്ത് ആ കുഞ്ഞ് മനസ്സ് വല്ലാതെ സന്തോഷിച്ചു. ഇനി മുതൽ ആ വീട്ടിലാണ് താമസിക്കേണ്ടത് എന്നറിഞ്ഞപ്പോഴും, അച്ഛനെ കാണാനാകില്ല എന്ന് പറഞ്ഞപ്പോഴും അവൾ കരഞ്ഞില്ല. മനോഹരമായ പൂന്തോട്ടവും നീന്തൽ കുളത്തിലെ ആമ്പൽ പൂവുമൊക്കെ ആശ്ചര്യത്തോടെ നോക്കിക്കാണുകയായിരുന്നു അവൾ.

പക്ഷെ, ആ വീട് കണ്ണുകൾക്ക് സമ്മാനിച്ച കുളിർമ മനസ്സിൽ സന്തോഷം നിറയ്ക്കില്ല എന്ന് തിരിച്ചറിയാൻ അധികം കാത്തിരിക്കേണ്ടി വന്നില്ല. സംരക്ഷകനാകേണ്ട അച്ഛൻ വിലപറഞ്ഞു വിറ്റ അടിമയാണ് താനെന്ന് തിരിച്ചറിയാനുള്ള പ്രായവും അന്നവൾക്ക് ഉണ്ടായിരുന്നില്ല. ആ വീട്ടിലെ ഉടമസ്ഥ അച്ഛന്റെ കയ്യിലേയ്ക്ക് വച്ച് കൊടുത്ത നോട്ടുകൾ തന്റെ വിലയാണെന്ന് അവൾക്ക് അന്ന് മനസ്സിലായതുമില്ല.

ഏഴാമത്തെ വയസ്സിൽ ഒരു വലിയ വീട്ടിലെ മുഴുവൻ പണികളും എടുക്കേണ്ടി വന്ന ഒരു കുഞ്ഞിന്റെ അവസ്ഥ നിനക്ക് ചിന്തിക്കാനാകുമോ ഋഷി? “

അവളുടെ ചോദ്യമാണ് അതുവരെ വേദനിപ്പിക്കുന്ന ചില യാഥാർത്ഥ്യങ്ങൾക്ക് ഉള്ളിലായിരുന്ന എന്റെ മനസ്സിനെ പുറത്തേയ്ക്ക് കൊണ്ട് വന്നത്. പക്ഷെ, എന്നിൽ നിന്നുമൊരു മറുപടി പ്രതീക്ഷിക്കാത്തത് പോലെ അവൾ വീണ്ടും പറഞ്ഞു തുടങ്ങി…

“മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾക്ക് വടി ഒടിയുന്നത് വരെ തല്ല് കിട്ടിയിട്ടുണ്ട്. കരഞ്ഞ് കരഞ്ഞ് ഉറങ്ങിയ നാളുകൾ ഉണ്ടായിട്ടുണ്ട്. ഉടുക്കാൻ നല്ല വസ്ത്രമോ, കഴിക്കാൻ ആഹാരമോ ഇല്ലാതെ പൈപ്പിലെ പച്ചവെള്ളം മാത്രം കുടിച്ച് വിശന്ന് പൊരിഞ്ഞ് ഉറങ്ങിയ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. വിശന്നു പൊരിയുമ്പോൾ വീട്ടുടമസ്ഥയും അവരുടെ മകനും കഴിച്ചതിന്റെ അവശിഷ്ടങ്ങൾ കൊതിയോടെ വാരി കഴിച്ചിട്ടുണ്ട്. അച്ഛൻ പോലും ഉപേക്ഷിച്ച അവളെ അവർക്ക് എന്തും ചെയ്യാമായിരുന്നു.

ഒരിക്കൽ, അവിടുത്തെ കുട്ടിയുടെ പിറന്നാളിന് നല്ല ഭംഗിയുള്ളൊരു കേക്ക് വാങ്ങി. അവനത് മുറിയ്ക്കാൻ തുടങ്ങുമ്പോൾ കൊതിയോടെ അവൾ നോക്കി നിന്നു. കേക്ക് പ്ളേറ്റിലാക്കി ബന്ധുക്കൾക്കൊക്കെ വിതരണം ചെയ്യുന്നേരം അതിൽ നിന്നും ഒരു തരിയെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിച്ചു. ദൈവത്തോട് പ്രാർത്ഥിച്ചു. പ്രാർത്ഥന തീരും മുൻപേ ആരുടെയോ കൈ തട്ടി ആ പ്ളേറ്റ് നിലത്തേയ്ക്ക് വീണിരുന്നു. അതിൽ ബാക്കിയായ കുറച്ചു കേക്ക് കഷ്ണങ്ങൾ നിലത്ത് നിന്നും പെറുക്കിയെടുത്തു ആരും കാണാതെ അടുക്കളയിൽ കൊണ്ട് പോയി രുചിയോടെ കഴിച്ച് തീർക്കുമ്പോൾ അവൾക്ക് അന്ന് ആദ്യമായി ദൈവം ഉണ്ടെന്ന് തോന്നി. അന്ന് അവളുടെ കുഞ്ഞ് മനസ്സിന് ആ പാത്രം നിലത്തേയ്ക്ക് തട്ടിയിട്ട വ്യക്തി ദൈവതുല്യനായിരുന്നു.”

അവളുടെ കണ്ണുകളിൽ കണ്ണുനീര് പൊടിയുന്നത് കണ്ടു.

“ഒരു ദിവസം ചെയ്യാത്ത തെറ്റിനുള്ള ശിക്ഷയായിട്ട് കൈസർ എന്ന് വിളിപ്പേരുള്ള വളർത്തു പട്ടിയുടെ കൂട്ടിലിട്ട് പൂട്ടിക്കളഞ്ഞു. അന്നവൾ ഏതാണ്ട് തന്റെ ഒപ്പം പോന്ന പട്ടിയുടെ അരികിൽ പേടിച്ച് വിറച്ചിരുന്നു. ജീവിതം അവിടെ അവസാനിച്ചു എന്ന് തന്നെയാണ് കരുതിയത്. പക്ഷെ, മൂന്ന് നേരം ഭക്ഷണം കൊടുക്കുന്നതിന്റ നന്ദി കാട്ടി നായ ശരീരത്തിൽ മുഖം ഉരസി സ്നേഹം പ്രകടിപ്പിച്ചു നിന്നപ്പോൾ ആ മൃഗത്തിലും അവൾ കണ്ടത് ദൈവത്തിനെയാണ്…

പിന്നീടൊരിക്കൽ, പുറത്തേയ്ക്ക് പോകുന്ന കാറിന്റെ ഡിക്കിയിൽ എങ്ങനെയെങ്കിലും ഒളിഞ്ഞു കയറി അവിടെ നിന്നും രക്ഷപ്പെടാൻ അവളെ ഉപദേശിച്ച പുറം പണിക്കാരനിലും അവൾ ദൈവത്തെ കണ്ടു.”

മനപ്പൂർവം വരച്ചു ചേർത്തൊരു പുഞ്ചിരിയോടെ മിലി എന്നെ നോക്കി. ഞാൻ ഇമ ചിമ്മാൻ പോലും മറന്ന് അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.

“തെരിവിൽ അലഞ്ഞു നടന്ന നാളുകളിൽ ഒന്നിൽ ബേക്കറിയിൽ നിരത്തി വച്ച മധുരപലഹാരങ്ങൾ കണ്ട് വിശപ്പ് വല്ലാതെ കൂടി. കൊതി തന്നെയായിരുന്നു മുന്നിട്ട് നിന്ന വികാരം. അറിഞ്ഞു കൊണ്ട് തന്നെയാണ് അവ കട്ടെടുത്തതും. കൊതി സഹിക്കാനാകാതെ ചെയ്തു പോയതാണ്. അത് പൊറുക്കാനാകാത്ത തെറ്റാണെന്ന് മനസിലായത് അവരവളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചപ്പോഴാണ്.

പേടിച്ച് വിറച്ച് നിൽക്കുമ്പോഴും, വിശപ്പ് അസഹ്യമായപ്പോൾ ചെയ്തു പോയതാണെന്ന് അവൾ പോലീസിനോട് തുറന്ന് പറഞ്ഞു. ആ പോലീസുകാരൻ അവളെ തല്ലിയില്ല. പകരം, പരിചയമുള്ള ഒരു അനാഥാലയത്തിൽ എത്തിച്ചു. അന്ന് മുതലാണ് അവൾ തല്ല് കൊള്ളാതെ, കരയാതെ, വിശപ്പറിയാതെ ഉറങ്ങാൻ തുടങ്ങിയത്. ഇന്നും ആ പോലീസുകാരൻ അവൾക്ക് ദൈവമാണ്. “

ഒരു ദീർഘ നിശ്വാസത്തോടെ മിലി പറഞ്ഞു നിർത്തുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരിപ്പുണ്ടായിരുന്നു.

“ഇന്നലെ നീയും ഒരാൾക്ക് മുൻപിൽ ദൈവമായില്ലേ ഋഷി? നമ്മൾ ഒരുമിച്ച് ഉണ്ടായിരുന്നപ്പോഴല്ലേ, റോഡിലേയ്ക്ക് ഇറങ്ങി ഓടിയ കുഞ്ഞിനെ കാറിന് മുന്നിൽ പെടാതെ തലനാരിഴയ്ക്ക് നീ രക്ഷിച്ചത്? “

ആ ദൃശ്യങ്ങൾ എന്റെ മുന്നിൽ തെളിഞ്ഞു വന്നു. അവരിപ്പോഴും എന്റെ മുന്നിൽ കൈ കൂപ്പി തൊഴുതു നിൽക്കുകയാണെന്ന് തോന്നി. ദൈവത്തെ മുന്നിൽ കണ്ടത് പോലെ…

“ശരിയാണ് മിലി. ദൈവമുണ്ട്…ഓരോ മനുഷ്യന്റെയും ഉള്ളിൽ. അദൃശ്യനായി! പ്രവർത്തിയിലൂടെ ദൈവത്തെ ദൃശ്യനാക്കുന്നത് ചുരുക്കം ചിലരാണെന്ന് മാത്രം.”

പതിവ് പുഞ്ചിരി മിലിയുടെ മുഖത്തു തെളിഞ്ഞു.

എന്റെ തെറ്റായ വിശ്വാസങ്ങൾ പലതും നീ തിരുത്താറുണ്ട്. ഞാൻ പോലും അറിയാതെ. എന്റെ മുന്നിൽ അവശയായിരിക്കുന്ന, എന്നെക്കാൾ ഇളയ ആ പെൺകുട്ടിയോട് ബഹുമാനം തോന്നിപ്പോയി.

കൂടുതൽ എന്തെങ്കിലും പറയാൻ തുടങ്ങുന്നതിന് മുൻപേ മൊബൈലിൽ ഡോക്ടർ മാത്യുവിന്റെ വിളി വന്നു. അദ്ദേഹത്തിന്റെ മുറിയിലേയ്ക്ക് നടക്കുമ്പോൾ, അദ്ദേഹം എന്നെ വിളിപ്പിച്ചത് മിലിയുടെ അസുഖത്തെക്കുറിച്ച് സംസാരിക്കാനാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

ഡോക്ടറിന്റെ റൂമിലേയ്ക്ക് നടക്കുമ്പോൾ ചിന്തിച്ചത് മുഴുവൻ മിലിയെക്കുറിച്ചാണ്

ഒരിക്കൽപ്പോലും, അവളെക്കുറിച്ച് എന്നോട് പറഞ്ഞിട്ടില്ല. ഞാനായിട്ട് ചോദിച്ചിട്ടുമില്ല.

ഒരിക്കലവൾ പറയുകയുണ്ടായി.

“നിനക്ക് എന്നെക്കുറിച്ച് പലതും അറിയാം. നീ അതേക്കുറിച്ചൊന്നും എന്നോട് ചോദിക്കാത്തതാണ് നിന്നിലേയ്ക്ക് എന്നെ അടുപ്പിക്കുന്ന പ്രധാന ഘടകം. “

അവളാ പറഞ്ഞത് സത്യമായിരുന്നു. എനിക്കവളെക്കുറിച്ച് കുറച്ചൊക്കെ അറിയാം. കുറച്ചൊക്കെ എന്ന് എടുത്ത് പറയേണ്ടി വരും. കാരണം, അവളെക്കുറിച്ച് പൂർണമായും അവൾക്കല്ലാതെ മാറ്റാർക്കെങ്കിലും അറിയുമോ എന്ന് സംശയമാണ്.

മിലി…അവൾ എന്നും എനിക്ക് അത്ഭുതമാണ്!

റേഡിയേഷൻ തെറാപ്പി ടെക്‌നോളജിസ്റ്റായി ആർ.സി.സിയിലേയ്ക്ക് വന്ന് ഒരാഴ്ച കഴിഞ്ഞാണ് ആദ്യമായി മിലിയെ കാണുന്നത്. ഡോക്ടർ മാത്യു കുരിയന്റെ മുറിയിൽ വച്ച്.

“അടുത്ത തവണ വരുമ്പോൾ മദറിനെക്കൂട്ടി അല്ലാതെ വരരുത് മിലി. കീമോ ചെയ്യാൻ ഒറ്റയ്ക്ക് വന്നിരിക്കുന്നു! ഇതും നിനക്കൊരു കളിതമാശയാണോ?”

ഡോക്ടർ ശാസനയോടെ പറയുമ്പോഴും അവൾ പുഞ്ചിരിക്കുകയായിരുന്നു.

ഡോക്ടറിന്റെ മുന്നിൽ വാടാത്ത പുഞ്ചിരിയോടെ സംസാരിച്ചിരുന്ന പെൺകുട്ടി കാൻസർ രോഗിയാണെന്ന് അറിഞ്ഞപ്പോൾ ആവിശ്വസനീയതയായിരുന്നു എന്നിൽ മുന്നിട്ട് നിന്നത്.

“ആ കുട്ടിയ്ക്ക് അസുഖത്തെക്കുറിച്ച് കാര്യമായി അറിയില്ലെന്ന് തോന്നുന്നു. അല്ലെ ഡോക്ടർ? “

അവളുടെ ലാഘവത്തോടെയുള്ള പെരുമാറ്റം കണ്ട് ചോദിച്ചു പോയതാണ്.

“അവൾ അങ്ങനെയാണെടോ. എല്ലാ വിഷമങ്ങളും ഉള്ളിൽ ഒളിപ്പിച്ച് പുറമെ പുഞ്ചിരിക്കുന്നതൊന്നുമല്ല….

ആദ്യമായി നഗ്നപാദരായി നടക്കുമ്പോൾ കല്ലും മുള്ളുമൊക്കെ നമ്മെ വേദനിപ്പിക്കും. അത് ശീലമായിക്കഴിഞ്ഞാൽ കൂർത്ത കല്ലിലൂടെപ്പോലും അനായാസമായി നടക്കാനാകും. നമ്മുടെ ചർമ്മം അതുമായി താദാത്മ്യം പ്രാപിക്കുന്നതാണ്. അവളും ഏതാണ്ട് അങ്ങനെയൊക്കെ തന്നെയാണ്.”

ഡോക്ടറിന്റെ വാക്കുകളിലൂടെ, പ്രതിസന്ധികളിലൂടെ സഞ്ചരിച്ച് നേടിയെടുത്ത കരുത്താണ് അവളുടെ പുഞ്ചിരിയ്ക്ക് പിന്നിലെന്ന് മനസ്സിലാക്കാനായി. ആരെയും മയക്കുന്ന പുഞ്ചിരിയുടെ ഉടമ എന്റെ സുഹൃത്തായിരുന്നെങ്കിൽ എന്ന ചിന്ത തന്നെയാണ് അവളിലേയ്ക്ക് അടുക്കാൻ എന്നെ പ്രേരിപ്പിച്ചതും.

ആർ.സി.സിയിലെ തന്നെ ഡോക്ടറായ ഫാദർ ബിജോയ്‌ ജോൺ നടത്തുന്ന അനാഥാലയത്തിലെ അന്തേവാസിയാണ് അവളെന്നറിഞ്ഞതും മാത്യു ഡോക്ടറിലൂടെയാണ്. സൈക്കോളജിയിൽ ഗവേഷണ വിദ്യാർത്ഥിനിയായി പഠനം ആരംഭിച്ച് ഒരു വർഷം തികയും മുൻപേ കാൻസറിന്റെ കോശങ്ങൾ തന്നിൽ പിടി മുറുക്കി എന്നവൾ തിരിച്ചറിഞ്ഞതാണ്. എന്നിട്ടും പഠനവും ചികിത്സയും ഒന്നിച്ചു കൊണ്ട് പോകാമെന്നായിരുന്നു അവളുടെ തീരുമാനം. കീമോ തുടങ്ങിയപ്പോൾ അത് ശ്രമകരമാണെന്ന് അവൾക്ക് തന്നെ ബോധ്യമായി.

ഒരുവട്ടം, അവളുടെ അസുഖത്തെക്കുറിച്ചുള്ള എന്റെ ആശങ്ക ഡോക്ടറിനോട് പങ്കു വച്ചു. അന്ന് അദ്ദേഹം പറഞ്ഞു…

“ചിലപ്പോൾ അവളുടെ ശരീരത്തെ നശിപ്പിക്കാൻ കാൻസറിന് കഴിഞ്ഞേക്കും. പക്ഷെ, അവളുടെ ആത്മാവ്, അവൾക്ക് പരിചയമുള്ള ഓരോരുത്തരിലൂടെയും പിന്നെയും ജീവിക്കും. ഈ ചെറിയ പ്രായത്തിനിടയിൽ ഒരുപാട് പേരുടെ മനസ്സിൽ അവൾ ഇടം നേടിയിട്ടുണ്ട്.

സമൂഹമാധ്യമത്തിൽ അവൾക്കൊരു സാഹിത്യ ഗ്രൂപ്പുണ്ട്, ‘കനവ്’. സമാനചിന്താഗതിയുള്ള കുറച്ചു പേരെ ചേർത്ത് തുടങ്ങിയതാണ്. ഇപ്പോൾ എഴുത്തുകാരും വായനക്കാരും ഉൾപ്പെടെ നാല്പതിനായിരത്തിൽ പരം അംഗങ്ങളുണ്ട്. നാല്പതിനായിരം പേരുടെ കൂട്ടായ്മയ്ക്ക് പലതും ചെയ്യാനാകുമെന്നാണ് അവളുടെ ഭാഷ്യം. ആ ഗ്രൂപ്പിലെ സജീവമായി നിൽക്കുന്ന കുറച്ച് അംഗങ്ങളുടെ സഹായത്തോടെ ചില സാമൂഹിക പ്രവർത്തനങ്ങളൊക്കെ അവൾ നടത്തുന്നുണ്ട്. നിർദ്ധനർ, രോഗികൾ, വയോജനങ്ങൾ, കുഞ്ഞുങ്ങൾ, ഭവനരഹിതർ അങ്ങനെ പല മേഖലകളിലാണ് അവരുടെ സഹായഹസ്തങ്ങൾ എത്തുന്നത്.

അവളുടെ ചിന്തകൾ വിശാലമാണെടോ…അവൾ വ്യത്യസ്തയും!

ഇപ്പോഴാകട്ടെ, കാൻസർ രോഗികൾക്കുള്ള ചികിത്സാ സഹായത്തിനും, മാനസിക വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനും കൂടി മുൻ‌തൂക്കം കൊടുക്കുന്നു. ഇപ്പോഴത്തെ അവസ്ഥയിലും അതിന്റെയൊക്കെ പിന്നാലെയാണവൾ. “

എന്ത്‌ കൊണ്ടോ ഡോക്ടർ അവസാനം പറഞ്ഞതിനോട് എനിക്ക് യോജിക്കാനായില്ല. സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെയുള്ള അവളുടെ പ്രവർത്തികളോട് എനിക്ക് നീരസം തോന്നി. ഞാനത് അവളോട് നേരിട്ട് ചോദിക്കുകയും ചെയ്തു. അതിനവൾ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു.

“അത് എനിക്ക് വേണ്ടിത്തന്നെയാണ് ഋഷി. ഇനിയും ഒരുപാട് ചെയ്തു തീർക്കാൻ ബാക്കിയാണെന്ന് എന്റെ മനസ്സ് പറയുന്നു. ഇവിടം വിട്ട് പോകാൻ മനസ്സ് വരുന്നില്ലെടോ…

തോൽക്കാൻ വയ്യ, ജയിക്കണം. അതിന്, എനിക്കെന്റെ മനസ്സിനെയും ചിന്തകളെയും നിയന്ത്രിക്കണം. എന്റെ ഉള്ളിലുമുണ്ടെടോ ഈ രോഗത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഭയവും പരിഭ്രാന്തിയും നിറയുന്നൊരു മനസ്സ്. കാൻസർ കോശങ്ങളെക്കാൾ എനിക്ക് ഭയം ആ മനസ്സിനെയാണ്, അതിന്റെ ചിന്തകളെയാണ്. കാൻസറിനെക്കാൾ വേഗത്തിൽ അതിനെക്കുറിച്ചുള്ള ചിന്തകൾ മസ്തിഷ്കത്തിൽ പടർന്നു കയറും. അത് കൊണ്ട് എന്റെ യുദ്ധം കാൻസറിനോടല്ല. അതിനെ ചുഴിഞ്ഞുള്ള ചിന്തകളോടാണ്. സാധ്യമെങ്കിൽ കാൻസറിനെ നശിപ്പിക്കാൻ വൈദ്യശാസ്ത്രത്തിനു കഴിയും. പക്ഷെ, എന്നിൽ ഉടലെടുക്കുന്ന ചിന്തകളെയും ആശങ്കകളെയും ഞാൻ തന്നെ നശിപ്പിച്ചേ മതിയാകൂ…എന്നെ സംബന്ധിച്ച് ഏറ്റവും ശ്രമകരം അത് തന്നെയാണ്. ആരോഗ്യത്തെ ബാധിക്കാത്ത വിധത്തിൽ മറ്റ് പലതിലേയ്ക്കും എന്റെ ചിന്തകളെ തിരിച്ചു വിടുന്നതും അതിന് വേണ്ടിയാണ്. “

അവളുടെ കണ്ണുകളിൽ തെല്ലും ആശങ്ക ഞാൻ കണ്ടില്ല. പകരം, ഒക്കെയും അതിജീവിക്കാനാകും എന്ന ആത്മവിശ്വാസമായിരുന്നു അവിടെ. ഒപ്പം തുടർന്ന് ജീവിക്കാനുള്ള മോഹവും! പല കാൻസർ രോഗികളിലും ഞാൻ കണ്ടിട്ടില്ലാത്ത ചിലത്….

ഡോക്ടർ മാത്യു പറഞ്ഞ വാചകം വീണ്ടും ഓർമയിലെത്തി.

“അവൾ വ്യത്യസ്തയാണെടോ…”

ശരിയാണ്….മിലി വ്യത്യസ്തയാണ്, അവളുടെ ചിന്തകളും.

***************

ഡോക്ടറിന്റെ പുഞ്ചിരിക്കുന്ന മുഖമാണ് എന്നെ സ്വീകരിച്ചത്.

“നമുക്ക് ദൈവത്തിനോട് നന്ദി പറയാം ഋഷി. ഡോക്ടർ കൃഷ്ണകുമാർ രണ്ട് ദിവസത്തിനുള്ളിൽ തിരുവനന്തപുരത്തെത്തും. മിലിയെക്കുറിച്ച് ഞാൻ അദ്ദേഹത്തിനോട് സംസാരിച്ചിരുന്നു. മിലിയ്ക്ക് വേണ്ടി, നേരത്തെ തീരുമാനിച്ചിരുന്ന വിദേശയാത്ര മാറ്റിവയ്ക്കാൻ അദ്ദേഹം തയ്യാറായി. ഉടനെ തന്നെ മിലിയുടെ ശസ്ത്രക്രിയ നമുക്ക് നടത്താനാകും. ഡോക്ടർ കൃഷ്ണകുമാറുണ്ടെകിൽ ശസ്ത്രക്രിയയുടെ വിജയ സാധ്യത അൻപത് ശതമാനത്തിൽ നിന്നും തൊണ്ണൂറായി ഉയരുമെന്നതിൽ സംശയമില്ല. വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള വിദഗ്ധനാണദ്ദേഹം.”

ഡോക്ടറിന്റെ വാക്കുകൾ എന്റെ മനസ്സിൽ നിറച്ച സന്തോഷം ചെറുതായിരുന്നില്ല.

നേരത്തെ തീരുമാനിച്ചുറപ്പിച്ച, ‘വ്യക്തിപരമായി വളരെ പ്രധാനപ്പെട്ടത്’ എന്ന് കുറച്ചു നാളുകൾക്ക് മുൻപ് അദ്ദേഹം പറഞ്ഞ ഒരു യാത്ര, ഒരു രോഗിയ്ക്ക് വേണ്ടി മാറ്റിവയ്ക്കാൻ കാണിച്ച മനസ്സ് പ്രശംസനീയമാണ്. മിലിയുടെ മുറിയിലേയ്ക്ക് തിരികെ നടക്കുമ്പോൾ, എന്റെ മനസ്സിൽ ഡോക്ടർ കൃഷ്ണകുമാറിന് ദൈവത്തിന്റെ പ്രതിരൂപമായിരുന്നു!

**************

നാല് വർഷങ്ങൾക്ക് ശേഷം…

ആശുപത്രി ഐ.സി.യുവിനുള്ളിൽ ശരീരത്തിലാകെ വിവിധ യന്ത്രങ്ങൾ ഘടിപ്പിച്ച അവസ്ഥയിൽ ഒരു മനുഷ്യൻ തളർന്നു കിടപ്പുണ്ട്. അതേ അവസ്ഥയിൽ ഒരിക്കൽ ആശുപത്രിയിൽ കിടന്ന അച്ഛന്റെ സ്മരണയുണ്ടായപ്പോൾ പതിയെ ഞാൻ പുറത്തേയ്ക്കിറങ്ങി. പുറത്ത് എന്നെക്കാത്ത് മിലി നിൽപ്പുണ്ടായിരുന്നു. അവളുടെ അരികിലായി മധ്യവയസ്കയായ ഒരു സ്ത്രീയും. ഭർത്താവിന്റെ കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഭീമമായ തുക വേണമെന്നറിഞ്ഞ് തകർന്ന് പോയൊരു സ്ത്രീ! കാശിന് വേണ്ടിയുള്ള ഓട്ടത്തിനിടയിലാണ് അവർ യാദൃശ്ചികമായി മിലിയെ കണ്ടു മുട്ടുന്നത്. ‘കനവി’ ലെ സുമനസ്സുകളുടെ സഹായത്തോടെ ഞങ്ങൾ സമാഹരിച്ച തുക അവർക്ക് കൈമാറാനായി വന്നതാണ് ഞാനും മിലിയും.

അവർ എന്നെക്കണ്ട ഉടനെ ഓടി അരികിലേയ്ക്ക് വന്നു. നിറമിഴികളോടെ എന്റെ ഇരുകൈകളും എടുത്ത് അവരുടെ കൈക്കുള്ളിലാക്കി കൂപ്പി പിടിച്ചു.

“ഒരുപാട് നന്ദിയുണ്ട്. ഇത്രയും വലിയൊരു തുക? അദ്ദേഹത്തിന്റെ ജീവന്റെ വിലയുണ്ട് ആ കാശിന്. നിങ്ങളിപ്പോ എനിക്ക് ദൈവങ്ങളാണ് മക്കളെ… “

എന്നെയും മിലിയെയും അവർ മാറി മാറി നോക്കി. ഞങ്ങൾ ഇരുവരും മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു.

“നന്ദിയുടെ ആവശ്യം ഇല്ലമ്മേ. ഒരാളുടെയെങ്കിലും സഹായം ഏറ്റു വാങ്ങാതെ ഈ ലോകത്തിൽ ഒരു മനുഷ്യനും ജനിച്ചു ജീവിച്ച് മരിയ്ക്കാനാകില്ല. അങ്ങനെ ഉള്ളപ്പോൾ സഹജീവികളെ സഹായിക്കുകയെന്നുള്ളത് ഓരോ മനുഷ്യന്റെയും കടമ തന്നെയല്ലേ? ഞങ്ങളുടെ കടമയാണ്. അങ്ങനെ കണ്ടാൽ മതി…. “

മിലിയുടെ മുഖത്തേയ്ക്ക് നോക്കി. എന്റെ വാക്കുകൾ ശരിവച്ച് അവളും ചിരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ഇരുവരും യാത്ര പറഞ്ഞ് ആശുപത്രിയിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങി.

തിരികെയുള്ള യാത്രയിൽ മിലി എന്നോട് ചോദിച്ചു.

“ഋഷിയ്ക്ക് അദ്ദേഹം ആരാണെന്ന് അറിയുമോ? “

“ഇല്ല… “

“എന്റെ ദൈവം!”

“ദൈവമോ?!”

ഞാൻ ആശ്ചര്യപ്പെട്ടു.

“ഇന്നും ആ പോലീസുകാരൻ എനിക്ക് ദൈവമാണെടോ….”

അവൾ പുഞ്ചിരിച്ചു.

ഞാൻ അവളെത്തന്നെ നോക്കിയിരുന്നു. അയാൾ മിലിയ്ക്ക് ദൈവമാണ്. ഇപ്പോൾ അവൾ അയാൾക്ക് ദൈവതുല്യയായി മാറിയിരിക്കുന്നു…യാദൃശ്ചികമാണോ? അതോ, ഒരിക്കൽ അയാൾ ചെയ്ത നന്മയ്ക്ക് കാലം കാത്ത് വച്ച പ്രതിഫലമോ?!

അവസാനിച്ചു

അഭിപ്രായങ്ങൾ അറിയിക്കൂ ട്ടോ… ❤️