എന്റെ സ്നേഹം സമ്മതിച്ചു തരില്ല. എത്രയെത്ര വഴക്കുകൾ അതിന്റെ മാത്രം പേരിൽ…

ഉമർ ദുർഗ്ഗ

Story written by Sabitha Aavani

============

കൽക്കട്ട നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് നാല്പതുകഴിഞ്ഞ ഉമർ ദുർഗ്ഗ പ്രണയിതാക്കൾ പരസ്പരം കഥകൾപറഞ്ഞ് വിശേഷം പങ്കിട്ട് നടന്നു പോകുന്നു.

“ഉമർ….ഞാൻ അന്ന് പറഞ്ഞ ആ ആളുടെ കാസറ്റു കിട്ടിയോ…?”

“മ്മ്  കുറെ തിരഞ്ഞു…കുറെ അലഞ്ഞു എന്നിട്ടാ ഒന്ന് കൈയ്യിൽ കിട്ടിയത്.”

“ഇപ്പോ ആൾക്ക് നല്ല മാർക്കറ്റ് ആണ് അല്ലെ…”

“മ്മ് തന്നെ പോലെ അയാളെ മാത്രം കേൾക്കാൻ കുറെപേർ ഉണ്ടല്ലോ അത് പോരെ…?”

“പണ്ട് നമ്മൾ ഒരുമിച്ച് കേട്ടിരുന്നു ഇപ്പോ ഞാൻ തനിച്ചും…”

അയഞ്ഞ കോട്ടൺ സാരിയുടെ തലപ്പ് തോളിലൂടെ പിടിച്ചിട്ട് അവൾ അയാൾക്ക്‌ നേരെ കൈ നീട്ടി.

തോളിൽ കിടന്ന സഞ്ചിയിൽ നിന്നും ഉമർ ഒരു കാസ്റ്റ് എടുത്ത് ദുർഗ്ഗയുടെ കൈയ്യിൽ വെച്ചുകൊടുത്തു.

അതിനു പുറമെ ഇങ്ങനെ എഴുതിയിരുന്നു ദാവീദിന്റെ ഏറ്റവും പുതിയ ഗസലുകൾ.

ദുർഗ്ഗയുടെ കണ്ണുകളിലെ തിളക്കം ഇടയ്ക്കിടെ ഉറ്റുനോക്കുന്നു ഉമർ.

“ഉമർ …”

“മ്മ് …”

“ഒരു ചായ കുടിയ്ക്കാം …?”

“മ്മ് …”

“ആ പഴയ ദാവീദ്ജിയുടെ കടയിൽ പോവാം …?”

“തന്റെ ഇഷ്ടങ്ങൾക്കൊന്നും ഒരു മാറ്റവും ഇല്ലാല്ലോടോ…”

ദുർഗ്ഗ ചിരിച്ചു…ദാവീദ്ജിയുടെ പീടികയിലിരുന്ന് ചായ നുണയുമ്പോ ദുർഗ്ഗ മറ്റേതോ ലോകത്തേക്ക് ചിന്തകളെ പറത്തി വിട്ടിരുന്നു.

“എടോ…”

“മ്മ് …”  അലസമായൊരു മൂളൽ മാത്രം.

“നാട്ടിലേക്ക് പോകണം എന്ന് തോന്നിയിട്ടില്ലേ …?”

ദുർഗ്ഗ ഇല്ലെന്ന് തലയാട്ടി.

“ഒരിക്കൽ പോലും …?”

“ഇല്ല. എനിക്ക് പ്രിയപ്പെട്ടതൊക്കെ എപ്പോ ഇവിടെ ഇല്ലേ ..?”

“ഉണ്ടോ …? “

ഉമർ ചിരിച്ചു.

“ഉണ്ട്…പണ്ടും ഉമർ ഇങ്ങനെ ആയിരുന്നല്ലോ…എന്റെ സ്നേഹം സമ്മതിച്ചു തരില്ല. എത്രയെത്ര വഴക്കുകൾ അതിന്റെ മാത്രം പേരിൽ…”

ദുർഗ്ഗ പുറത്തേക്ക് മിഴി നട്ടു.

“അന്നൊരിക്കൽ പാടി തന്നൊരു പാട്ടിന്റെ പേരിൽ വഴക്കിട്ടത് ഓർക്കുന്നോ..? മറ്റാരോ പാടി തരാൻ ഉണ്ടെന്ന് താൻ പറഞ്ഞത് …?”

“മ്മ്…ഉമർ ഒന്നും മറന്നിട്ടില്ല ….”

“താനും …”

സന്ധ്യ മയങ്ങി തുടങ്ങുന്നു.

“വർഷങ്ങൾ എത്ര പെട്ടന്നാണ് പോകുന്നത് അല്ലെ …?”

“മ്മ് …”

“ഇടയ്ക്ക് എപ്പോഴെങ്കിലും നഷ്ടം തോന്നിയിട്ടുണ്ടോ എന്റെ കാര്യത്തിൽ…?”

“തോന്നിയിരുന്നു ഇപ്പോ ഇല്ല …”

“അതെന്തേ …? “

“താൻ എനിക്ക് നഷ്ടമായിട്ടില്ലന്ന് ബോധ്യപ്പെടാൻ സമയമെടുത്തു.”

“ഒരു പതിനഞ്ചു കൊല്ലം അല്ലെ ..?”

ദുർഗ്ഗ ചിരിച്ചു.

“നമുക്കാ പഴയ വഴിയിലൊക്കെ വെറുതെ നടക്കാം…”

“മ്മ് …”

“ഉമർ…എന്റെ തോൾ ചേർത്ത് പിടിച്ച് നടക്കൂ…ഒരിക്കൽ നമ്മൾ സ്വപ്നം കണ്ടിരുന്നതല്ലേ …?”

പുഞ്ചിരിയ്ക്കാൻ ശ്രമിക്കവേ ദുർഗ്ഗയുടെ കണ്ണുകളിൽ കാണുന്നുണ്ടായിരുന്നു തന്റെ പ്രണയത്തെ…

അഭിമാനത്തോടെ തന്നിലേക്ക് ചേർന്ന് നില്ക്കാൻ കൊതിക്കുന്ന ആ ദുർഗ്ഗയെ തോൾ ചേർത്ത് പിടിച്ച് നടന്നു ഉമർ.

“ഉമർ …”

“മ്മ് …”

“എന്തെ മൗനം …?”

“ഒന്നുമില്ല …”

“പണ്ടും ഉമർ ഇങ്ങനെ ആയിരുന്നു സന്തോഷം വന്നാലും സങ്കടം വന്നാലും മൗനം …”

“മ്മ് …”

“ഞാൻ എന്ത് സന്തോഷിക്കുന്നുണ്ട് എന്നറിയുവോ …?”

“ഉവ്വോ…പറയ്യ് കേൾക്കട്ടെ…”

ദുർഗ്ഗയുടെ കണ്ണുകളിൽ ഉടക്കി ഉമർ നോട്ടം പിൻവലിച്ചു. ദുർഗ്ഗ മൗനമായി.

“ഒരിക്കൽ ഈ നെറ്റിയിലെ ചുവന്ന പൊട്ടും കഥ പറഞ്ഞു തുടങ്ങും…”

ദുർഗ്ഗ മിണ്ടിയില്ല.

“എടോ…തന്നോടാണ് ഞാൻ പറയുന്നത്…”

“കേൾക്കുന്നുണ്ട്…”

പരിഭവത്തോടെ ദുർഗ്ഗയത് പറയുമ്പോൾ ഉമർ തന്റെ  നെഞ്ചിലേക്ക് ചേർത്ത് പിടിക്കുന്നുണ്ടായിരുന്നു ദുർഗ്ഗയെ.

“കണ്ണ് നിറയ്ക്കാൻ ഞാൻ ഒന്നും പറഞ്ഞില്ലാലോ …”

“പണ്ടും നമ്മൾ ഇങ്ങനെ ആയിരുന്നു…കാര്യമില്ലാതെ പിണങ്ങും…തല്ലുകൂടും അവസാനം സ്നേഹിക്കാൻ മത്സരിക്കും.”

“എന്നിട്ട് …?”

ദുർഗ്ഗയുടെ മുഖം കൈയ്യിലെടുത്ത് ഉമർ ആ കണ്ണുകളിൽ തന്നെ നോക്കി..നാണം കൊണ്ടാണോ സങ്കടം കൊണ്ടാണോ ഉമറിന്റെ മുഖത്തേയ്ക്ക് നോക്കാൻ   മടിച്ച് ദുർഗ്ഗ നിന്നു ഉമറിന്റെ നെഞ്ചിൽ ചാരി.

“എടോ…കാലം കഴിഞ്ഞിട്ടും പ്രായം ചെന്നിട്ടും ആ പഴയ നമ്മളിനിയും മാറിയിട്ടില്ല…അതോണ്ടല്ലേ നമ്മുടെ പ്രണയത്തിന് ഇത്രയും ഭംഗി “

ദുർഗ്ഗയെ തന്നിലേക്ക് ചേർത്ത് പിടിച്ചു ചുംബിക്കുമ്പോ  കൽക്കട്ട നഗരത്തിന്റെ ഒരുകോണിൽ ആ പ്രണയം അവർ വരച്ചിടുന്നുണ്ടായിരുന്നു.

ഉമറും ദുർഗ്ഗയും പിന്നെയും കണ്ടുമുട്ടി.

പഴയ ഗസലുകൾ പിന്നെയും ദുർഗ്ഗയെ തേടി എത്തി.

ഉമർ, നീ ആഴത്തിൽ പ്രണയിക്കപ്പെടുന്നു.

ദുർഗ്ഗ, നീ അതിലും ആഴത്തിൽ പ്രണയിക്കപ്പെടുന്നു.

~Sabitha