എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി ഗൾഫുകാരന്റെ കല്യാണത്തിന് സമ്മതം മൂളുമ്പോഴും ഒരു നിബന്ധന…

അച്ചുവേട്ടന്റെ ലക്ഷ്മി…

Story written by Arun Karthik

============

“ഞാൻ പ്രണയിച്ചത് ഒരാണിനെയാ. നട്ടെല്ലുള്ള ഒരാണിനെ. കൂടെ ജീവിക്കാൻ എനിക്കു അതുമതി. ദയവു ചെയ്ത് അമ്മ ഈ പണത്തിന്റെ ഉപദേശമൊന്നു നിർത്തുവോ.”

“മോളെ ഞാൻ പറയുന്നതെന്താണെന്നു വച്ചാൽ…”

“സരസ്വതി ഇങ്ങോട്ടു പോരേ അവളോട്‌ വഴക്കിടാതെ..” അച്ഛന്റെ വിളികേട്ട് അമ്മ തല്ക്കാലം അവിടെ നിന്നും പോയി.

ചെറുപ്പം മുതൽ വീട്ടുകാർ പറഞ്ഞുറപ്പിച്ചതാ ലക്ഷ്മി അച്ചുവേട്ടന്റെയാണെന്ന്. എന്നിട്ട് ഇപ്പോൾ…

എന്റെ ഓർമ വച്ച നാൾ മുതൽ എന്റെ ഇടതു കയ്യിൽ അച്ചുവേട്ടന്റെ കൈയും ചേർത്തു പിടിച്ചിട്ടുണ്ട്. ചെറുതോട്ടിൽ നിന്നും വെള്ളാരംകല്ലുകൾ പെറുക്കിയെടുക്കാനും ആ കല്ലുകൾ കൂട്ടിയുരുമ്മി ചൂടാക്കി കവിളിൽ ചേർത്ത് പിടിക്കാനും കഴുത്തിൽ തോർത്തു കെട്ടി പരൽമീനുകളെ പിടിച്ചിട്ടു ഇതു ലക്ഷ്മിയുടെ കുപ്പിവെള്ളത്തിലിട്ടോന്നു പറയാനും മുനയൻകല്ലിനെറിഞ്ഞു വീഴ്‌ത്തുന്ന മാമ്പഴത്തിന്റെ ചുന നീക്കം ചെയ്തു കഷ്ണങ്ങളാക്കി മുറിച്ചു തരാനും എന്റെയൊപ്പം അച്ചുവേട്ടൻ ഉണ്ടായിരുന്നു.

പാഠശാലയിൽ ഒന്നിച്ചു പരീക്ഷ എഴുതുമ്പോഴും എന്നേക്കാൾ ഒരുമാർക് കുറവ് വാങ്ങുകയുള്ളു അച്ചുവേട്ടൻ. മാർക്ക്‌ കുറഞ്ഞെന്നു  പറഞ്ഞു അമ്മ എന്നെ ചീത്ത വിളിക്കാതിരിക്കാനാണ് പഠനസമർത്ഥനായ അച്ചുവേട്ടൻ അങ്ങനെ ചെയ്തിരുന്നത്. ആ അച്ചുവേട്ടനെയാണ് അമ്മ ഇപ്പോൾ മറക്കാൻ പറയുന്നത്.

കണ്ടം പൂട്ടിയ പാടവരമ്പത്തൂടെ നടന്നു പോവുമ്പോൾ കാലുതെറ്റി എന്റെ പാദസരം ചെളിയിൽ പൂണ്ടുപോയപ്പോൾ ആവശ്യത്തിന് ശകാരവും തന്നു ചൂരലിനു തല്ലാൻ അമ്മ കൈ ഓങ്ങിയപ്പോൾ “അമ്മായി എന്റെ ലക്ഷ്മിയെ തല്ലരുതേന്നു” പറഞ്ഞു ദേഹത്ത് നിറച്ചു ചെളിയുമായി ഓടി വരുമ്പോഴും അച്ചുവേട്ടന്റെ കയ്യിൽ എന്റെ പാദസരം മുറുക്കി പിടിച്ചിട്ടുണ്ടായിരുന്നു.

തലമുടി തഴച്ചു വളരാനും ഭംഗിയ്ക്കും നെല്ല് പുഴുങ്ങുന്നതിന്റെ ആവി പിടിച്ചാൽ മതിയെന്ന് മുത്തശ്ശി പറഞ്ഞപ്പോൾ  “എന്റെ ലക്ഷ്‌മിക്ക് വേണോ അത്  ”  എന്നു ചോദിച്ചു എടുത്താൽ പൊങ്ങാത്ത ഒരു ചാക്ക് നെല്ല് തോളത്തു വച്ചു കൊണ്ടുവന്നു ചെമ്പിൽ ഇടുമ്പോൾ ആ അച്ചുവേട്ടനെ ഞാനെന്റെ ഹൃദയത്തിൽ ചേർത്ത് വച്ചു.

മുറച്ചെറുക്കൻ എന്നു നാഴികയ്ക്ക് നാൽപതു വട്ടം പറഞ്ഞിരുന്ന അമ്മയ്ക്ക് ഇപ്പോൾ ഒരു ഗൾഫ്കാരന്റെ ആലോചന വന്നപ്പോൾ പഴയതൊന്നും ഓർമയില്ല. പുതിയത് കാണുമ്പോൾ പഴയത് ഇട്ടേച്ചു പോവുന്ന സ്വഭാവം
ലക്ഷ്മിയ്ക്കില്ല.

ആവശ്യത്തിനും അനാവശ്യത്തിനും ഓരോരോ പണികൾ അമ്മ അച്ചുവേട്ടനെക്കൊണ്ട് ചെയ്യിക്കുമ്പോൾ അമ്മായി പറഞ്ഞതാ, അച്ചുവേ ലക്ഷ്മി നിന്റെ പെണ്ണാണ്. പക്ഷേങ്കിൽ അമ്മയുടെ മനസ്സു മാറുന്നതിനു മുൻപ് കൂടെ കൂട്ടിക്കോന്ന്‌. അന്ന് അച്ചുവേട്ടൻ ജോലിയാവട്ടെന്നു പറഞ്ഞു അതു ചെവിക്കൊണ്ടില്ല.

ആരും കാണാതെ ഞാൻ അച്ചുവേട്ടന്റെ കവിളിൽ കടിച്ചിട്ട് ഓടിമാറുമ്പോൾ എന്റെ ലക്ഷ്മി എനിക്ക് വേദനിച്ചുട്ടോ എന്ന് കള്ളം പറയുമ്പോഴും ഉള്ളിൽ അത് ഒരുപാട്  ആഗ്രഹിക്കുന്നുണ്ടെന്നു എനിക്ക് അറിയാമായിരുന്നു.

അച്ചുവേട്ടൻ കോളേജിൽ പഠിക്കുന്ന സമയത്താണ് അച്ഛൻ മരിക്കുന്നത്. അനിയത്തിയേയും അമ്മയെയും മുന്നോട്ടു കൊണ്ടു  പോവാൻ പാതിപഠനം ഉപേക്ഷിച്ചു വണ്ടിയോടിക്കാൻ ഇറങ്ങുമ്പോഴും ജോലിയില്ലാതെങ്ങനെ ലക്ഷ്മിയെ നോക്കുമെന്ന ചോദ്യത്തിനും അറിയാവുന്ന മേഖലകളിലെല്ലാം അപേക്ഷകൾ അയച്ചും psc എഴുതിയും ജോലിക്ക് ശ്രമിച്ചിട്ടുണ്ട് അച്ചുവേട്ടൻ.

ലക്ഷ്മിയ്ക്ക് വരുന്ന ചിങ്ങത്തിൽ 25 തികയുവാ ഇനിയും നിനക്ക്  ജോലി കിട്ടുന്നതുവരെ കാത്തിരിക്കണോ, എന്റെ മോളെ കെട്ടിച്ചു വിടുന്നതല്ലേ നല്ലത്, എന്ന് അമ്മ ചോദിച്ചത്കേട്ട് ഒന്നും മിണ്ടാനാനാവാതെ അച്ചുവേട്ടൻ പിടയുന്ന മനസ്സുമായി ഇറങ്ങിപോകുന്നതുകണ്ട്  ഞാൻ ഓടിച്ചെന്നു അച്ചുവേട്ടന്റെ കയ്യിൽകയറി പിടിച്ചു.

കുഞ്ഞുന്നാളിൽ പിടിച്ച ഈ കയ്യിലെ പിടിവിട്ടേച്ചു പോവാൻ പറ്റുമെങ്കിൽ അച്ചുവേട്ടൻ പൊയ്ക്കോ എന്ന് ഞാൻ പറഞ്ഞപ്പോൾ എന്റെ കവിളിൽ തലോടി “കരയരുത് എന്റെ ലക്ഷ്മി, നീ എന്നും അച്ചുവിന്റെ കണ്ണീർപ്പൂവാണ്. ജോലി കിട്ടുന്നത് എല്ലാവർക്കും ഒരു ഭാഗ്യമാണ്. പക്ഷെ, അതില്ലാത്തതുകൊണ്ട് എനിക്കു നഷ്ടമാവുന്നത് രണ്ടു ഭാഗ്യമാണ്. എന്ന് പറഞ്ഞു അച്ചുവേട്ടൻ നടന്നകന്നപ്പോൾ സർവ്വവും നഷ്ടമായവളെപോലെ ഞാൻ ആ മുറ്റത്തു മുട്ടുകുത്തി കിടന്നു കരഞ്ഞു.

എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി ഗൾഫുകാരന്റെ കല്യാണത്തിന് സമ്മതം മൂളുമ്പോഴും ഒരു നിബന്ധന ഞാൻ മുന്നോട്ടു വച്ചു. താലികെട്ടുന്നതിന്റ ഒരു സെക്കന്റ്‌ മുൻപെങ്കിലും അച്ചുവേട്ടന് ജോലി കിട്ടിയാൽ ഞാൻ അച്ചുവേട്ടന്റെ കൂടെ പോകുമെന്ന്. അന്ന് ചെറുപ്പത്തിലെങ്ങോ കണ്ടു മോഹിച്ചെന്നു പറയുന്ന ഗൾഫ്കാരൻ പോലും തേപ്പ് എന്നു വിളിക്കാൻ ഇടവരുത്തരുത് എന്നു പറഞ്ഞു ഞാൻ അകത്തേക്ക് പോയി.

പിന്നീട് കല്യാണത്തിനുള്ള മൂന്നു മാസവും അച്ചുവേട്ടന് എങ്ങനെയെങ്കിലും ജോലി ലഭിക്കണേ എന്നായിരുന്നു എന്റെ പ്രാർത്ഥന. എന്റെ നിർഭാഗ്യമെന്നു പറയട്ടെ കല്യാണത്തലേദിവസം വരെ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

അമ്പലത്തിൽ ശയനപ്രദക്ഷിണം  നടത്തിയിട്ടും അൽഫോൻസാമ്മയുടെ കബറിടത്തിനു ചുറ്റും മുട്ടിലിഴഞ്ഞപ്പോഴും ഒരു ഫലവുമില്ലാതെ വന്നപ്പോൾ എന്തിനാണ് ഞങ്ങളുടെ കുഞ്ഞുമനസ്സിൽ പ്രണയം കുത്തിവച്ചതെന്ന് ചോദിച്ചു ദൈവങ്ങളുടെ വാതിൽ ഞാൻ കൊട്ടിയടച്ചു.

പ്രണയം പലപ്പോഴും വിട്ടുകൊടുക്കൽക്കൂടിയാണല്ലോ എന്നോർത്ത് ഞാൻ കതിർമണ്ഡപത്തിലേക്ക് എന്റെ പാദങ്ങൾ അമർത്തി. കരങ്ങളിൽ പുഷ്പങ്ങളുമായി എനിക്ക് ആശംസകൾ അർപ്പിക്കാൻ നിൽക്കുന്ന അച്ചുവേട്ടന്റെ മുഖത്തേക്ക് ഞാൻനോക്കി. ഞാൻ ഒരിക്കലും തേച്ചിട്ടില്ല അച്ചുവേട്ടാ, പെണ്ണിന്റെ മനസ്സു മനസിലാക്കാത്ത കുടുംബത്തോടും അവളുടെ സ്വയംതീരുമാനത്തിന് വിലക്ക് കല്പിക്കുന്ന സമൂഹത്തോട് ഒരുപിടി പുച്ഛം മാത്രമേയുള്ളുവെന്ന് നോട്ടത്തിലൂടെ ഞാൻ അറിയിച്ചു.

പ്രണയം സത്യമാണെങ്കിൽ അതു നടന്നിരിക്കുമെന്നു പറഞ്ഞ വിശുദ്ധന്മാരെവിടെ എന്നു മനസ്സിൽ ചോദിച്ചു കൊണ്ടു ഞാനാ ഗൾഫുകാരന്റെ മുന്നിലേക്ക് താലികെട്ടാനായി കഴുത്തുവച്ചു കൊടുത്തു…

പെട്ടെന്ന് ഒരാൾ ഓടികിതച്ചു വന്നു മണ്ഡപത്തിൽ നിന്നും എന്നെ പിടിച്ചു മാറ്റി. ഒരു നിമിഷം, ഇതാ അച്ചുവിന് സർക്കാർജോലി ലഭിച്ചു കൊണ്ടുള്ള അഡ്വൈസ് മെമ്മോ.

അതിനു ശേഷം അവിടെ നിൽക്കുന്ന ജനത്തോടു  അയാൾ പറഞ്ഞു. ഞാൻ ഈ ഭാഗത്തെ പോസ്റ്റ്‌മാൻ ആണ്. കഴിഞ്ഞ എൺപത്തൊൻപതു ദിവസമായി അച്ചുവേട്ടന് ലെറ്റെറുണ്ടോന്ന് ചോദിച്ചു ലക്ഷ്മി പോസ്‌റ്റോഫീസിൽ വരുമായിരുന്നു. ഒരു മിനിറ്റ് കഴിഞ്ഞു ഞാൻ ലെറ്റർ കൊടുത്തിട്ടു കാര്യമില്ലെന്നറിയാവുന്നതുകൊണ്ടാണ്  ഞാൻ..എല്ലാവരും ക്ഷമിക്കുക, പാവങ്ങൾ സ്നേഹിച്ചു പോയി. ഇനി നിങ്ങളുടെ ഇഷ്ടം.

ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേതന്നെ ഗൾഫുകാരൻ അച്ചുവേട്ടനെ വിളിച്ചു താലി കയ്യിൽ കൊടുത്തിട്ടു പറഞ്ഞു. കല്യാണം മുടങ്ങി എന്ന പരിഹാസത്തെക്കാൾ ഞാൻ വില കല്പിക്കുന്നത് നിങ്ങൾ കാത്തുസൂക്ഷിച്ച പ്രണയത്തെയാണ്. നൂറിൽ തൊണ്ണൂറ്റിയൊൻപതു  ശതമാനം പ്രണയവും പരാജയപ്പെടുന്നിടത്തു  നിങ്ങളെപ്പോലെ ഒരു ശതമാനമെങ്കിലും വിജയിക്കാൻ ഉണ്ടാവണം. വരുംതലമുറയ്ക്കുവേണ്ടി…പ്രണയത്തിന്  വേണ്ടി…

(കാർത്തിക് )