അവൻ പറഞ്ഞതും ഏട്ടൻ പറഞ്ഞതും ഒരേകാര്യങ്ങൾ ആയതുകൊണ്ട് അവൻ പറഞ്ഞത് പറയാം…

കുഞ്ഞി….

Story written by Sanal Ambili

=============

“ഒരുനാൾ ഞാനും ചേട്ടനെ പോലെ വളരും വലുതാകും..”

കുഞ്ഞിലേ എന്നെ ജീവിപ്പിക്കാൻ പ്രേരിപ്പിച്ച ഒരേയൊരു പരസ്യവാചകം….ഞാൻ പള്ളിക്കൂടത്തിൽ എത്തുമ്പോ കൂട്ടുകാരാണോ എന്നുപോലും അറിയാത്തവർ പറഞ്ഞുതുടങ്ങും ദേ കുള്ളത്തി എത്തി ന്നു…എനിക്കത്രക്കും പൊക്കം കുറവൊന്നുമുണ്ടായിരുന്നില്ല…ന്നാലും ഒപ്പമുള്ളവരേക്കാൾ പൊക്കം കുറവാരുന്നു…

മമ്മിയോട്‌ പറ കോംപ്ലാൻ വാങ്ങി തരാൻ എന്നുള്ള കളിയാക്കലുകളിൽ മനം നൊന്ത് സങ്കടപ്പെട്ടിരിക്കാനെ എനിക്ക് കഴിയുമായിരുന്നുള്ളു…

അമ്മയോട് മനസ്സിൽ ദേഷ്യം ആയിരുന്നു…അതിനു എന്റെ ചേട്ടൻ തന്നെ ആയിരുന്നു കാരണം കേട്ടോ…ഞാൻ അമ്മിഞ്ഞപ്പാൽ കുടിക്കാത്തതുകൊണ്ടാണത്രേ വലുതാകാഞ്ഞത്…അമ്മ എനിക്ക് തരാതെ മുഴുവൻ ചേട്ടന് കൊടുത്തത്തിലുള്ള ദേഷ്യം എന്റെ കുഞ്ഞുമനസ്സിനെ ഒരുപാട് സങ്കടപ്പെടുത്തിയിരുന്നു..

ഒരിക്കൽ അച്ഛൻ എന്നെ മടിയിൽ ഇരുത്തി പറഞ്ഞു തന്നു അമ്മക്ക് ഞാനുണ്ടായപ്പോ മാമത്തിൽ എന്തോ അസുഖം വന്നെന്നും അമ്മയുടെ മാമം മുറിച്ചുകളയേണ്ടി വന്നെന്നും…ന്നാലും ചേട്ടൻ പറയുമ്പോഴൊക്കെ എനിക്ക് അമ്മയോടായിരുന്നു ദേഷ്യം…ഞാൻ കുടിച്ചുകഴിഞ്ഞിട്ട് അമ്മക്കത് മുറിച്ചാൽ പോരായിരുന്നോ..???

അന്നും പതിവുപോലെ കുള്ളത്തി വിളി കേട്ടു വന്നപ്പോഴാ അമ്മ തൊടിയിൽ നിന്നും കിളച്ചെടുത്ത നീല വയലറ്റ് നിറമുള്ള കാച്ചിൽ പുഴുങ്ങിയതും കാ‍ന്താരി മുളക് ഉടച്ച ചമ്മന്തിയും ചൂട് കട്ടൻ ചായയും തന്നുകൊണ്ട് എന്നോട് പറഞ്ഞത്…

കുരുമുളക് വിൽക്കട്ടെ അന്നേരം മോൾക്ക് അമ്മ കോംപ്ലാൻ വാങ്ങി തരാം…മോൾ എല്ലാരെക്കാളും ഉയരം വയ്ക്കുമെന്ന്…

എന്റെ കണ്ണ് നിറഞ്ഞു പോയി…പിന്നെ കാന്താരിമുളകിന്റെ എരിവിനൊപ്പം ചൂട് കട്ടൻ കുടിച്ചാൽ കണ്ണ് നിറയില്ലേ….???അമ്മയോട് എനിക്കപ്പൊ ഒരുപാട് സ്നേഹം തോന്നി…അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞത് എരിവുകൊണ്ടായിരുന്നില്ല ട്ടോ…ന്റെ ചേട്ടനും കൂട്ടുകാരും ല്ലാരും ചേർന്ന് കുള്ളത്തീ ന്ന് വിളിക്കുമ്പോ ഉള്ള സങ്കടം കൊണ്ടായിരുന്നു…

വലിയ പറമ്പൊന്നും ഇല്ലേലും ഉള്ള സ്ഥലത്ത് അച്ഛൻ ചേനയും ചേമ്പും കച്ചിലും കപ്പയും കുരുമുളകും 2 കാപ്പി തൈ ഉം ഒക്കെ വളർത്തിയിരുന്നു…അമ്മയുടെ കുരുമുളക് വിൽക്കട്ടെ ന്നു പറഞ്ഞ ഒറ്റ കാര്യം ഓർത്തു ഞാൻ ദിവസങ്ങൾ ചിലവിട്ടപ്പോഴാണ് മുള്ളുമുരുക്കിൽ കയറ്റി വിട്ട കുരുമുളക് ചെടികളിൽ ഒന്നിൽ പോലും കുരുമുളകില്ലാ ന്നു കണ്ടുപിടിച്ചത്…

പിന്നെയും സങ്കടപ്പെട്ടു മാറിയിരുന്നപ്പോ അമ്മ പിന്നെയും വന്നു നല്ല പൊക്കം ഉള്ള ഒരു ചെരുപ്പുകൂടി വാങ്ങി തരാമെന്നു…അതിട്ടാൽ ചേട്ടനേക്കാൾ പൊക്കം വയ്ക്കുമത്രേ…ആരോടും പറയണ്ടാന്നും പറഞ്ഞമ്മ…

പിന്നെയും സ്വപ്‌നങ്ങൾ തളിരിട്ടു…എന്നും ക ള്ളുകുടിച്ചു അമ്മയോട് ബഹളം ഉണ്ടാക്കുമെങ്കിലും എനിക്കും ചേട്ടനും അച്ഛൻ എല്ലാ ദിവസവും ഒരു രൂപ വീതം മുട്ടായി വാങ്ങാൻ തരുമായിരുന്നു…

പഴയൊരു ക്യൂട്ടിക്കൂറാ പൗഡർ ടിൻ ന്റെ മുകൾ ഭാഗം എനിക്കെന്റെ മാമൻ വെട്ടി തന്നു…ഞാൻ മുട്ടായി വാങ്ങാതെ എല്ലാ ദിവസവും അതിൽ അച്ഛൻ തരുന്ന പൈസ ഇട്ടുപോന്നു…

ഒരിക്കൽ അച്ഛൻ എന്നോട് അത് ഞാൻ എടുക്കുവാ എല്ലാ പൈസയും ചേർത്തു ഒരുമിച്ച് പിന്നൊരിക്കൽ തരാമെന്നു പറഞ്ഞു അതെടുത്തതാ…

എനിക്ക് പൊക്കം വയ്ക്കാൻ കോംപ്ലാൻ വാങ്ങിക്കാൻ വച്ചതാ അച്ഛാ ന്ന് കണ്ണ് നിറഞ്ഞു പറഞ്ഞുതുകൊണ്ടായിരിക്കും അച്ഛൻ അതെടുത്തില്ല…മാത്രവുമല്ല പിന്നെ എനിക്ക് ഒരു രൂപയിൽ കൂടുതൽ തരാനും തുടങ്ങി…ഞാൻ അച്ഛന്റെ രാജകുമാരിയാണത്രേ…

കാപ്പിക്കുരു ഉണങ്ങിയത് സഞ്ചിയിൽ ആക്കുമ്പോൾ ഞാൻ എന്റെ പൌഡർ ടിൻ അച്ഛന് കൊടുത്തിട്ട് പറഞ്ഞു അച്ഛാ എനിക്കൊരു കോംപ്ലാൻ കൂടി….കോംപ്ലാൻ നു എത്ര വിലയുണ്ടെന്നും എന്റെ കുടുക്കയിൽ എത്ര പണമുണ്ടെന്നും അറിയാത്ത പാവം എന്റെ മുഖം കണ്ടിട്ട് അമ്മയോട് പറഞ്ഞു നമുക്കെല്ലാവർക്കും പോകാം പിള്ളേർക്ക് എന്താന്നു വച്ചാൽ വാങ്ങിക്കാം എന്നും..

അങ്ങിനെ പോയി എനിക്കൊരു കോംപ്ലാൻ വാങ്ങിച്ചു…

പൊക്കമുള്ള ചെരുപ്പന്വേഷിച്ചു നടന്നു മടുത്തപ്പോൾ എനിക്കും ചേട്ടനും വെള്ള നിറമുള്ള ഓരോ ഷൂ വാങ്ങി തന്നു തല്ക്കാലം എന്റെ മനസ്സിനെ അച്ഛൻ സമാധാനിപ്പിച്ചു…

ഇനിയെന്തിനാ പൊക്കമുള്ള ചെരിപ്പ് എനിക്ക് കോംപ്ലാൻ കിട്ടിയല്ലോ ന്നു ഞാനും സന്തോഷിച്ചു…

പുത്തൻ ഷൂ ഇട്ടോണ്ട് ചെന്നിട്ടും കുള്ളത്തി എന്ന വിളി മാത്രം മാറിയില്ല…എത്ര സന്തോഷത്തോടെ പള്ളിക്കൂടത്തിൽ എത്തിയാലും കുള്ളത്തി എന്ന ഒറ്റ വിളിയിൽ വീണ്ടും സങ്കടക്കയത്തിലേക്ക്…

ഏഴിൽ പഠിക്കുമ്പോ വോളി ബോൾ കളിക്കാൻ തലപൊര്യമുള്ളവർ പേര് കൊടുക്കാൻ പറഞ്ഞപ്പോ ഞാനും ഓടിച്ചെന്നു…അന്ന് എല്ലാവരും പിന്നെയും കളിയാക്കി കുളത്തിക്ക് വോളി ബോളോ..?? പോയി കല്ല് കളിക്കാൻ…അന്ന് പക്ഷെ എന്റെ രക്ഷക്ക് എത്തിയത്  ഡ്രിൽ മാഷ് ആണ്…

മാഷ് എന്നോട് ചോദിച്ചു മോൾക്ക് കളിക്കണോ ബാ…എന്നെ നടുക്ക് നിർത്തി കൈകൾ പിണപ്പിച്ചു വച്ചു വരുന്ന പന്ത് മുകളിലേക്ക് ഉയർത്താൻ പഠിപ്പിച്ചു…അപ്പുറത്ത് നിന്ന് പന്ത് ഇങ്ങോട്ടേക്കു വരുമ്പോൾ ആദ്യം മോൾ വേണം എടുക്കാൻ അങ്ങിനെ പൊക്കി മുന്നിൽ നിൽക്കുന്നവൾക്ക് കൊടുത്താൽ മതിയെന്നും പറഞ്ഞു എന്നെ പരിശീലിപ്പിച്ചു…

മുന്നിൽ നിന്നവരും പിന്നിൽ നിന്നവരും മാറി മാറി പോയെങ്കിലും നടുവിൽ നിന്നു ഞാൻ ജീവിതത്തിൽ ആദ്യമായി മറ്റുള്ളവർക്ക് മുന്നിൽ നിറഞ്ഞാടി…

പഠിക്കാൻ അത്യാവശ്യം മിടുക്കി ആയിരുന്നു എങ്കിലും സ്കൂളിലെ ഒരു ക്വിസ് മത്സരത്തിൽ പേരുകൊടുക്കാൻ ചെന്ന എന്നെ എന്റെ സ്വന്തം ക്ലാസ് ടീച്ചറും കളിയാക്കി വിട്ടു ഈ കുള്ളത്തി എന്ത് ചെയ്യാനാ എന്ന്…അത് കേട്ടുകൊണ്ടുവന്ന ഡ്രിൽ മാഷ് പിന്നെയും എന്റെ കൈ പിടിച്ചു…

അന്ന് മാഷിനോടുള്ള സ്നേഹവും ടീച്ചറിനോടുള്ള ദേഷ്യവും തീർത്തത് ഞാൻ അതിൽ ഒന്നാം സമ്മാനം വാങ്ങി ആയിരുന്നു…

എന്തൊക്കെ ആയാലും പന്ത്രണ്ടാം ക്ലാസ് വരെ എല്ലാവർക്കു മുന്നിലും കുള്ളത്തി ആയി തലകുനിച്ചു നടന്നു…

ഡിഗ്രി ക്ലാസ്സിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ ഞാനെന്റെ മനസ്സിനെ പാകപ്പെടുത്തിരുന്നു കുള്ളത്തി എന്ന വിളി കേൾക്കാൻ..പറയാൻ മറന്നു…അപ്പോഴേക്കും എന്റെ കാലിൽ പൊക്കം ഉള്ള ചെരിപ്പ് എത്തപ്പെട്ടിരുന്നു…

എന്റെ എല്ലാ പ്രതീക്ഷകളെയും തകിടം മരിച്ചുകൊണ്ടായിരുന്നു ട്ടോ എന്റെ കലാലയം എന്നെ വരവേറ്റത്…

ഞാൻ വളരെ എളുപ്പത്തിൽ കുള്ളത്തിയിൽ നിന്നും എല്ലാവരുടെയും കുഞ്ഞി ആയി മാറി…എന്റെ ചങ്ക് കൂട്ടുകാരൻ ആണ് ആദ്യമായി എന്നെ കുഞ്ഞി എന്ന് വിളിച്ചത്…

അതോ അവൻ കുഞ്ഞി എന്ന് വിളിച്ചതുകൊണ്ടാണോ അവനന്റെ പ്രിയപ്പെട്ടവൻ ആയി മാറിയത്…അറിഞ്ഞൂടാ…

പൊക്കം കുറവാണെന്ന് എന്റെ കലാലയം എന്നെ അറിയിച്ചിട്ടില്ല…എന്നെ തോളോട് തോൾ ചേർത്ത് നിർത്തിയ ആൺ സൗഹൃദങ്ങൾ എന്നിൽ പുതിയൊരു ആകാശം സൃഷ്ടിച്ചു…കുഞ്ഞി എന്ന് പറഞ്ഞാൽ ക്യാമ്പസ്‌ മുഴുവൻ അറിയുന്ന തലത്തിലേക്ക് ഞാൻ പടർന്നുകയറി…

പൊക്കം കുറഞ്ഞതിന്റെ അപകർഷതാബോധം എന്നെ കൂട്ടുകാരിൽ നിന്നും ഉൾവലിച്ചെങ്കിലും എന്റെ ചങ്ക് കൂട്ടുകാരൻ എന്നെ കൈ പിടിച്ചു നടത്തി…അന്ന് അവൻ എന്നോട് കുഞ്ഞുണ്ണി മാഷിന്റെ കവിതകൾ പരിചയപ്പെടുത്തി തന്നു…ഇയാൾ എന്നെ അവൻ എന്നെ വിളിക്കാറുള്ളു..

നാളെ ഇയാൾ വലിയ ഒരാൾ ആകും എന്നും പറഞ്ഞു അവൻ എന്നും എന്റെ കൂടെ നിന്നു…

ഞാൻ എന്ത് എഴുതിയാലും മനോഹരം എന്നും പറഞ്ഞു അവൻ കട്ടക്ക് കൂടെ നിന്നു…ഹൈ ഹീൽ ചെരുപ്പിട്ടു എന്തിനാ ച ന്തി തള്ളി മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുന്നത് ഇയാടെ കഴിവുകൾ പൊക്കത്തിലല്ല ഇയാളുടെ മനസ്സിൽ ആണെന്നും പറഞ്ഞു എന്നെ ഉയരം കൂടിയ ചെരുപ്പിൽ നിന്നും ഇറക്കി…

ഒരു പ്രൊജക്റ്റ്‌ ചെയ്യുമ്പോൾ കൂടിയും കുഞ്ഞി വേണം എന്നവൻ വാശി പിടിച്ചു…ഞാൻ പതിയെ സ്വപ്‌നങ്ങൾ കാണാൻ തുടങ്ങി…

എന്റെ കൂടെയുള്ള പെൺപിള്ളേരെ ഒക്കെ ആണ്പിള്ളേര് ലൈൻ അടിക്കാൻ തുടങ്ങിയപ്പോ പിന്നെയും സങ്കടം വന്ന്…എന്നെ മാത്രം ആരും പ്രണയിക്കാൻ ഇല്ലല്ലോ…എന്റെ പോക്കമില്ലായ്മ ആകും…ചങ്ക് കൂട്ടുകാരൻ ആണെങ്കി അവനു പുസ്തകങ്ങളും കഥകളും കവിതകളും ആണ് കാമുകി…

ഡിഗ്രി പിജി ചെയ്ത് അവസാനം ഫെയർ വെൽ ഡേ എത്തിയപ്പോ ഞാനെന്റെ മനസ്സ് തുറന്നു…ഞാൻ കുള്ളത്തി ആയതും കുഞ്ഞി ആയതും എല്ലാം…അവസാനം ഞാൻ പറഞ്ഞു…എനിക്ക് മാത്രം ഒരാളും പ്രണയാഭ്യർത്ഥന ആയി വന്നില്ല…ഞാൻ കുള്ളത്തി ആയതുകൊണ്ടാകും…എനിക്ക് പൊക്കമുള്ള ഒരു ചെക്കനും ചേരില്ലായിരിക്കും…അങ്ങിനെ പോകട്ടെ എന്റെ ജീവിതം എന്നൊക്കെ പറഞ്ഞു എന്റെ സ്നേഹവും സങ്കടവും എല്ലാം പങ്കുവച്ചു ഞാൻ ഇറങ്ങാൻ തുടങ്ങും മുമ്പ് ചങ്ക് കൂട്ടുകാരൻ പിന്നെയും എന്നെ മാറ്റി നിർത്തി രണ്ട് കാര്യങ്ങൾ പറഞ്ഞു തന്നു…എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത രണ്ട് കാര്യങ്ങൾ…

അതിൽ ഒന്ന് പതിനാലാമത്തെ പെണ്ണുകാണലിൽ എനിക്ക് വിധിച്ച എന്റെ പ്രിയതമനോട് ആദ്യരാത്രിയിൽ ഞാൻ ചോദിച്ചതിന്റെ ഉത്തരമായിരുന്നു…

ഞാനെന്റെ പ്രിയതമനോട് ആദ്യരാത്രിയിൽ ചോദിച്ചു : ഇത്രയും പൊക്കം ഉള്ള ഏട്ടൻ എന്നെ ഇഷ്ടപ്പെടാനുള്ള കാരണമെന്താന്ന്…

അന്ന് ഏട്ടൻ എന്നോട് പറഞ്ഞതാണ് അവൻ എന്നോട് പറഞ്ഞ ആദ്യത്തെ കാര്യം…അവൻ പറഞ്ഞതും ഏട്ടൻ പറഞ്ഞതും ഒരേകാര്യങ്ങൾ ആയതുകൊണ്ട് അവൻ പറഞ്ഞത് പറയാം…

കുഞ്ഞീ…ഒരാൾ വരും നിനക്കായ്‌…നിന്നെ പുണരുമ്പോൾ നിന്റെ മുഖം അവന്റെ നെഞ്ചിലേക്ക് അമരും…അവൻ നിന്റെ നെറുകയിൽ ചേർത്തുപിടിച്ചു ചുംബിക്കുമ്പോൾ അവന്റെ ഹൃദയതാളം ഇയാൾക്കനുഭവിക്കാനാകും….

രണ്ടാമത്തെ കാര്യം ഞാനിപ്പോൾ അനുഭവിക്കുന്നു..ഇയാൾ എല്ലായ്പോഴും തല ഉയർത്തി മറ്റുള്ളവരോട് സംസാരിക്കും..ഇയാളോട് എന്ത് പറഞ്ഞാലും അവർ തല താഴ്ത്തി മാത്രമേ ഇയാളോട് പറയാൻ കഴിയൂ എന്ന്…ഞാൻ കുള്ളത്തി ആയതുകൊണ്ടാകും ഞാനിപ്പോ അനുഭവിക്കുന്നു…

ഒരു സ്ഥാപനത്തിലെ മാനേജർ ആയ എന്നോട് അവർ തല താഴ്ത്തി സംസാരിക്കുന്നു…ഞാൻ അവരോട് തല ഉയർത്തി തന്നെ നിർദ്ദേശങ്ങൾ കൊടുക്കുന്നു…എന്റെ ബോസ് പോലും എന്നോട് തല താഴ്ത്തിയേ സംസാരിക്കുന്നുള്ളു…ഞാൻ കുഞ്ഞി ആയതുകൊണ്ടല്ല…കുള്ളത്തി ആയതുകൊണ്ടാണ്…