അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ നൂറായിരം സംശയങ്ങൾ എനിക്കുണ്ടായിരുന്നു…

കിണ്ണംകാച്ചിപെണ്ണ്

Story written by Sai Bro

================

ഡാ കൊശവാ എണീക്കെടാ, നേരം വെളുത്തു..

വെളുപ്പാൻകാലത്ത് തന്നെ അമ്മ വന്ന് ഉറക്കത്തിൽനിന്നു തട്ടി എഴുന്നേൽപിച്ചതിന്ടെ ദേഷ്യം അമ്മയോട് തന്നേ ചോദിച്ചു തീർത്തു ഞാൻ…

എന്തൂട്ടാ അമ്മേ ഈ വെളുപ്പിനെ വിളിക്കണേ, എനിക്ക് psc ടെസ്റ്റ്‌ ഒന്നുല്യാ എഴുതാനിന്ന്..മനസമാധാനത്തോടെ ഇച്ചിരി നേരം ഉറങ്ങട്ടെ..

ഡാ, ഞാനിന്നലെ പറഞ്ഞതൊക്കെ നീ മറന്നോ ? അമ്മുനെ എയർപോർട്ടിൽ നിന്നും കൊണ്ടുവരാൻ നീ പൊയ്കോളാം എന്നല്ലേ ഇന്നലെ പറഞ്ഞത്..എന്നിട്ടിപ്പോ ??

ആ, ഞാനിന്നലെ ഫിറ്റാരുന്നു..

അറിയാതെ വായിൽനിന്നും സത്യം പുറത്തുചാടി..

എന്തൂട്ടാ, ഒന്നുടെ പറഞ്ഞെ ?

ഭാഗ്യം, അമ്മ അത് കേട്ടിട്ടില്ല..

ഞാൻ പെട്ടെന്ന് പോവാം എന്ന് പറഞ്ഞതാ എന്റെ മ ണ്ടി അമ്മേ എന്ന് പറഞ്ഞു അമ്മേടെ കവിളിൽ ഒരു നുള്ളും വെച്ചുകൊടുത്തു ഞാനോടി കുളിമുറിയിലേക്ക്..

യുദ്ധകാലടിസ്ഥാനത്തിൽ പ്രഭാതചര്യകളൊക്കെ നിർവഹിച്ചു കൂട്ടുകാരന്റെ കാറിൽ  നെടുമ്പാശേരി എയർപോർട്ടിലേക്ക്‌ ഡ്രൈവ് ചെയ്യുമ്പോൾ മനസ്സിൽ അമ്മുവിനെക്കുറിച്ചു ഓർത്തു..

കുഞ്ഞുമാമന്റെ ഒരേ ഒരു മോളാണ് അമ്മു..സത്യം പറഞ്ഞാൽ എന്റെ ഒരേഒരു മുറപ്പെണ്ണ്..കുട്ടിക്കാലം മുതൽക്കേ വല്യ കൂട്ടായിരുന്നു ഞങ്ങൾ..അവൾക്കൊരു ഏട്ടനായി ഞാനും, എനിക്കൊരു അനിയത്തി ആയി അവളും..

ഇപ്പൊ മുംബൈയിൽ എന്തോ ഒരു കോഴ്സ് ചെയ്യുകയാണ് അമ്മു, വെക്കേഷൻ ആയപ്പോൾ എല്ലാരേം കാണാൻ വേണ്ടി ഓടിക്കിതച്ചു വരുന്നതാവും പാവം..

എയർപോർട്ടിൽ കാർ എത്തിയപ്പോഴേക്കും പുറത്തിറങ്ങിയിരുന്ന അമ്മു കൈ വീശി കാണിച്ചു..

അവൾക്കരുകിൽ കാർ ഒതുക്കി നിർത്തിയപ്പോഴാണ് ഞാനാ കാഴ്ച്ച കണ്ടത്..

ഒരു പെണ്ണ് !

പെണ്ണെന്ന് പറഞ്ഞാൽ വെറും പെണ്ണല്ല,

വിളഞ്ഞ ഗോതമ്പിന്റെ നിറമുള്ള, ചാട്ടുളി കണ്ണുകളുള്ള, ചാമ്പക്ക കവിളുകളുള്ള, ഒരു കിണ്ണംകാച്ചി പെണ്ണ് !!

അമ്മു എനിക്കൊപ്പം മുൻസീറ്റിൽ കയറിയപ്പോൾ മറ്റേ പെണ്ണ് പിൻസീറ്റിൽ കയറികുത്തിയിരുന്നു..

അമ്മു, ഇതേതാ ഈ സാധനം.. ?

പിറകിലിരിക്കുന്നവൾ കേൾക്കാതെ പതിയെ അമ്മുവിനോടായി ഞാൻ പിറുപിറുത്തു.

അയ്യോ, പരിചയപ്പെടുത്താൻ മറന്നുപോയി..ഇത് ധ്യുതി,…

“ധ്യുതി പാർവതി “

കോളേജിലെ എന്റെ ചങ്ക് ആണ് ധ്യുതി..

പാതി മലയാളിയാണ് ഇവൾ.. അമ്മ ആലപ്പുഴകാരിയും അച്ഛൻ മുംബൈയിലും.

എന്നോടായി അത്രയും പറഞ്ഞുകൊണ്ട് അമ്മു എന്നെ ധ്യുതിക്ക് പരിചയപെടുത്തി കൊടുത്തു..

ഹിന്ദിയിൽ ആയിരുന്നു പരിചയപ്പെടുത്തൽ..അതോണ്ട് ഞാൻ ആ ഭാഗം ശ്രദ്ധിക്കാനേ പോയില്ല..

പക്ഷെ ഇടയ്ക്കിടെ മുന്പിലെ കണ്ണാടിയിലൂടെ ഞാൻ ധ്യുതിയെ ശ്രദ്ധിച്ചു..അവളാകട്ടെ തവിട്ടു കൃഷ്ണമണികളുള്ള കണ്ണുകൾ വിടർത്തി റോഡിലേക്ക് നോട്ടം പായിച്ചു തൃശ്ശൂരിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു അപ്പോൾ..

അമ്മു, നിന്റെ കൂട്ടുകാരി ഒരു കിണ്ണംകാച്ചി ആണുട്ടാ..

പുറകിലിരിക്കുന്നവൾക് മലയാളം അറിയില്ല എന്ന ധൈര്യത്തിൽ ഞാൻ അമ്മുവിനോട് പറഞ്ഞു..

ഹമ്പടാ, മുന്നോട്ട് നോക്കി ഡ്രൈവ് ചെയ്യുമ്പോഴും കണ്ണ് രണ്ടും പിറകിലാണല്ലേ.. ?

എടീ, കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ എന്ന് കേട്ടിട്ടില്ലേ നീ..അതാണ് സംഭവം..

ഉവ്വാ, ഉവ്വേ..അമ്മു ഊറിചിരിച്ചുകൊണ്ട് പറഞ്ഞു.

നാട്ടിൽ എത്തിയതോടെ അമ്മുവിന്റെ കൂട്ടുകാരി എനിക്കൊരു “നീലക്കൊടുവേലി” ആയി മാറി..

എന്താന്നു വെച്ചാൽ അവൾ എന്റെ മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിക്കുന്നു…

എനിക്കവളോട് മിണ്ടണം എന്നുണ്ട്, പക്ഷെ എന്തൂട്ട് മിണ്ടും.. ? അവളാണേൽ വാ തുറന്നാൽ മാതൃഭാഷ മാത്രേ മൊഴിയുന്നുള്ളു..

എനിക്കാണേൽ മാതൃഭാഷാമേം അനുവാദ് കരോ എന്ന് മാത്രേ ഹിന്ദിയിൽ അറിയുള്ളു..

പഠിക്കേണ്ട സമയത്ത് ഹിന്ദി പഠിക്കണമായിരുന്നു ഡാ ഊളെ..ഞാൻ എന്നെ തന്നെ ശപിച്ചു..

ഒരൂസം രണ്ടുംകല്പിച്ചു അമ്മുവിന്റെ വീട്ടിൽപോയി ധ്യുതിയോട് അറിയാവുന്ന ഹിന്ദിയിൽ  മിണ്ടാൻ തന്നെ ഞാൻ തിരുമാനിച്ചു..

അവിടെയെത്തി മാമനോടും അമ്മായിയോടും ലോഹ്യം പറഞ്ഞ എന്റെ കുറുക്കൻകണ്ണുകൾ ധ്യുതി എന്ന ഹിന്ദികോഴിയെ തിരഞ്ഞു..

അടുക്കള ഭാഗത്ത്‌ എത്തിയപ്പോഴാണ് പെട്ടെന്ന് അവൾ എന്റെ മുന്നിൽ വന്നുപെട്ടത്..

ഹായ് ധൃതി..

ഉള്ളിലെ തിക്കുമുട്ട് കൊണ്ടാവാം അവളുടെ പേര് പറഞ്ഞു വിഷ് ചെയ്തപ്പോൾ അറിയാതെ നാവിൽ നിന്നും വെള്ളി വീണു..

ക്യാ.. ?

ഓള് കണ്ണുരുട്ടി ചോദിച്ചപ്പോൾ,

ഒന്നുലാ, അല്പം ധൃതിയുണ്ട് പിന്നെ കാണാം..

അത്രേം പറഞ്ഞു ഞാൻ സ്ഥലം കാലിയാക്കിയപ്പോൾ പിറകിൽനിന്നും ഒരു അടക്കിചിരി കേട്ടോ എന്തോ..

പിറ്റേന്ന് രാവിലെ കിടക്കപ്പായയിൽ നിന്നും എന്നെ എണീപ്പിച്ചത് അമ്മുവും ധ്യുതിയും ആയിരുന്നു..

ഡാ, ഇവൾക്ക് മീൻ പിടിക്കണം എന്നൊരു വല്യ  ആഗ്രഹം..ഒന്ന് ഹെൽപ് ചെയ്യെടാ..

അമ്മു കൊഞ്ചിപറഞ്ഞു..

അതിനെന്താ, വൈകിട്ട് അരയത്തി വരുമ്പോ നല്ല ഉണക്കമാന്തൽ മേടിച്ചു തരാം..അത് പിടിച്ചിരുന്നു കൊതിതീർത്തോട്ടെ പാവം..

ഞാനൊന്ന് പരിഹസിച്ചു..

ഞ്ഞ ഞ്ഞ ഞ്ഞാ…

കൊഞ്ഞനം കുത്തികാണിച്ചു അമ്മു സ്റ്റാന്റ് വിട്ടപ്പോൾ പിറകിൽ നിന്നിരുന്ന ധ്യുതി എന്നെയൊരു നോട്ടം നോക്കി..

ആ ചാട്ടുളി പോലുള്ള നോട്ടത്തെ നേരിടാനാവാതെ ഞാൻ മുഖം കുനിച്ചിരുന്നു.

അന്ന് ഉച്ചതിരിഞ്ഞ് ഞങ്ങൾ മൂന്നുപേരും തൊട്ടപ്പുറത്തുള്ള പറമ്പിലെ കുളത്തിലേക്ക്‌  മത്സ്യബന്ധനത്തിനായി പുറപെട്ടു..

ചൂണ്ടക്കൊളുത്തിൽ ഞാഞ്ഞൂലിനെ തിരുകികയറ്റുന്നത് കണ്ടപ്പോൾ അമ്മു ഓക്കാനിച്ചു മുഖം തിരിച്ചു.

നിങ്ങൾ ഇവിടിരുന്നു മീൻപിടിക്ക്, ഞാൻ വീട്ടിലുണ്ടാവും എന്നുപറഞ്ഞു അമ്മു എസ്‌കേപ്പ് ആയി..

ധ്യുതിയുടെ കണ്ണുകൾ അപ്പോഴും വിടർന്നു തന്നെ ഇരുന്നു..ആശ്ചര്യവും, സന്തോഷവും ആ വലിയ കണ്ണുകളിൽ അലയടിക്കുന്നത് എനിക്ക് കാണാമായിരുന്നു..

ചൂണ്ട കുളത്തിൽ എറിഞ്ഞപ്പോൾ തന്നെ എന്തോ ഒന്ന് കൊളുത്തി..

ഈശ്വരാ, എന്റെ ചൂണ്ടയിലും മീനോ എന്ന് മനസ്സിൽ പറഞ്ഞു ആഞ്ഞ് വലിച്ചപ്പോൾ വാലിട്ടടിച്ചുകൊണ്ട് ഒരു ഗമണ്ടൻ വരാൽ ചൂണ്ടക്കൊപ്പം കരയിലേക്ക് ഉയർന്നു വന്നു..

ഹാവൂ, അടുത്തൊന്നും ഇതുപോലെ ഞാൻ അഹങ്കരിച്ചിട്ടില്ല..

അമരത്തിൽ കൊമ്പനെ പിടിച്ച മമ്മുക്കയെ പോലെ ഞാൻ നെഞ്ചും വിരിച്ചു നിന്നു..

അതേ സമയം വരാലിനെ ചൂണ്ടക്കൊളുത്തിൽ നിന്നും വിടുവിച്ചു കയ്യിൽ എടുത്തു പിടിച്ചു താലോലിക്കുകയായിരുന്നു ധ്യുതി..

പിന്നേം ചൂണ്ട കുളത്തിൽ എറിഞ്ഞു അടുത്ത വരാലിനെ പ്രതീക്ഷിച്ചു ഇരിക്കുമ്പോഴാണ് ധ്യുതി പിറകിൽനിന്നും ഞോണ്ടിയത്..

ഒരു കുഞ്ഞി ഞണ്ട്.. !

അവനിങ്ങനെ പതിയെ നടന്നു പോകുന്ന കാഴ്ച ധ്യുതി എനിക്ക് ചൂണ്ടികാണിച്ചു തന്നു..

ആ പീക്കിരി ഞണ്ടാണ് ഇപ്പൊ  ഈലോകത്തെ ഏറ്റവും വിലയേറിയ ജീവി എന്നത് പോലെയായിരുന്നു ആ സമയത്ത് ധ്യുതിയുടെ മുഖഭാവം….

ന്നാ പിന്നെ ഞണ്ടിനേം പിടിച്ചു കൊടുത്തു ഹിന്ദിക്കാരിയുടെ മുന്നിൽ ഷൈൻ ചെയ്യാം..

ഞാൻ ചൂണ്ട താഴെ വെച്ചു ഞണ്ടിന്റെ പിറകെ കൂടി..

ഞണ്ടിന്റെ  ഇറുക്കു കാലിൽ പിടിക്കാൻ കൈ ആഞ്ഞതും അവൻ തൊട്ടടുത്തുള്ള കുഴിയിലേക്ക് നൂണ്ടിറങ്ങി..

താടിക്ക് കയ്യും വെച്ചു ഞാനും ധ്യുതിയും ആ കുഴിയുടെ ഇരുഭാഗത്തുമായി കുത്തിയിരുപ്പ് തുടർന്നു..

അവസാനം സഹികെട്ട് ആ ഭീകരനെ കൈക്കലാക്കാനായി ഞാനാ കുഴിയിലേക്ക് കയ്യിട്ടു..

അയ്യോ….

നടുവിരലിൽ ഞണ്ടിന്റെ മൂർച്ചയുള്ള ഇറുക്കുകാൽ പതിഞ്ഞപ്പോൾ ഞാൻ അലറി കൂവി..

കുഴിയിൽ നിന്നും കൈ വലിച്ചെടുത്തു നോക്കിയപ്പോൾ ചോര പൊടിയുന്നുണ്ട് നാടുവിരലിൽ..

ഞണ്ട് പതുങ്ങുന്നത് ഒളിക്കാനല്ല ഇറുക്കനാണെന്ന് അപ്പോഴാണ്‌ ഞാൻ മനസിലാക്കിയത്..

ചോര കണ്ടതും എന്റെ തല കറങ്ങി…ബോധം പോകുന്നതിനുമുമ്പ് ഞാൻ നിലത്തു കുത്തിയിരുന്നു..

ഇതൊക്കെ കണ്ടുകൊണ്ടിരുന്ന ധ്യുതി പെട്ടെന്ന് എന്റെ അടുത്തുവന്നു..

ചോര പൊടിയുന്ന എന്റെ വലതുകൈയിലെ നടുവിരലിൽ അവൾ പതിയെ പിടിച്ചു..

എന്താണു സംഭവിക്കുതെന്നു എനിക്ക്  മനസിലാകുംമുൻപേ അവളാ കൈവിരൽ വായ്ക്കുള്ളിലേക്ക് വെച്ചു കഴിഞ്ഞിരുന്നു…

തീക്കൊള്ളി ദേഹത്തുകൊണ്ടപോലെ ഒരു തോന്നൽ.. !

കൈതണ്ടയിലെ രോമങ്ങൾ എണീറ്റുനിന്നു അവളെ സല്യൂട്ട് ചെയ്തു..

ആ നിമിഷം ലോകം എന്നിലേക്കും ധ്യുതിയിലേക്കും മാത്രമായി ചുരുങ്ങിയതുപോലെ.

ധൃതി…

കഷ്ടപ്പെട്ട് ഞാനവളെ വിളിച്ചപ്പോൾ വായിൽ നിന്നും വീണ്ടും വെള്ളിവീണു…

അത് കേട്ട് ധ്യുതി പൊട്ടിച്ചിരിച്ചു..

ഒരു കിണ്ണംകാച്ചി ചിരി.. !

ചേട്ടായിക്ക് എന്റെ പേര് പറയാൻ ബുദ്ധിമുട്ടാണെങ്കിൽ എന്നെ പാറൂന്ന്‌ വിളിച്ചോട്ടോ..

ധ്യുതി ചിരിച്ചുകൊണ്ട് അത്രേം പറഞ്ഞപ്പോൾ ഞാൻ അറിയാതെ തലയാട്ടി..

നിലത്തുനിന്നും വരാലിനേം കയ്യിലെടുത്തു എന്നെനോക്കി കണ്ണിറുക്കി നടന്നകലുന്ന ധ്യുതിയെ അല്ല പാറുവിനെ ഒരു സ്വപ്നത്തിലെന്നപോലെ ഞാൻ നോക്കിനിന്നു..

ങേ… ! ഇവൾക്ക് മലയാളം അറിയോ…

അവൾ പോയതിനു ശേഷമാണ് ആ കാര്യം ഒരു ഞെട്ടലോടെ ഞാൻ ഓർത്തത്‌..

അന്ന് വൈകീട്ട് അമ്മുവിനെ കണ്ടപ്പോൾ ഞാനാ സംശയം അവളോട്‌ ചോദിച്ചു..

എടി പാറുന് മലയാളം സംസാരിക്കാൻ അറിയോ.?

പാറുവോ.. ? ഇപ്പൊ അവിടംവരെ ഒക്കെ ആയോ കാര്യങ്ങൾ..കൊള്ളാലോ..

അമ്മു അർത്ഥം വെച്ചുകൊണ്ടൊരു ചിരിച്ചിരിച്ചു പറഞ്ഞു..

ചോദിച്ചതിനു ഉത്തരം പറയെടി..

ഞാൻ അല്പം ഗൌരവത്തിൽ പറഞ്ഞു..

എടാ മണ്ടാ, അവളുടെ അമ്മവീട്  ആലപ്പുഴ ആണെന്ന് ഞാൻ മുന്നേ പറഞ്ഞതല്ലേ..അതുകൊണ്ടാണ് അവളുടെ പേരിന്റെ വാലായി പാർവ്വതി എന്ന് വന്നത്..

പാറു അസ്സലായിട്ട് മലയാളം സംസാരിക്കും..

അടിപൊളി…

അത്രേം പറഞ്ഞുകൊണ്ട് ഞാൻ വീട്ടിലേക്ക് നടന്നു..

എന്തായിരിക്കും അവൾടെ മനസ്സിൽ.. ?

എന്നോടൊരു കുഞ്ഞി ഇഷ്ടം തോന്നിട്ടുണ്ടാവോ ഇപ്പൊ ?

ചോദിച്ചു നോക്കിയാലോ ?

വേണ്ട, ചോദിച്ചിട്ട് അങ്ങനൊന്നുമില്ല എന്നവൾ പറഞ്ഞാൽ പിന്നെ എനിക്ക് ധ്യുതിയുടെ മുഖത്തു നോക്കാൻ കഴീല്യ..

ഇതെവിടം വരെ പോവൂന്നു നോക്കാം..

അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ നൂറായിരം സംശയങ്ങൾ എനിക്കുണ്ടായിരുന്നു..

വളരെ പെട്ടെന്നായിരുന്നു അമ്മുവിന് ഒരു വിവാഹ ആലോചന വന്നതും, അവധികഴിഞ്ഞു അവൾ തിരിച്ചുപോകുന്നതിനു മുൻപേ അത് ഉറപ്പിച്ചിടാൻ വീട്ടുകാർ തീരുമാനിച്ചതും..ചെറുക്കന്റെ വീട്ടിലെ നിശ്ചയത്തിന്ടെ അന്ന് രാവിലെ ഞാൻ കുളിച്ചു കുട്ടപ്പനായി വെള്ളമുണ്ടും വെള്ള ഷർട്ടും ധരിച്ചു ഉമ്മറത്തേക്ക് വന്നപ്പോൾ ദാ നിക്കുന്നു  “ധ്യുതി “..

സെറ്റുസാരി അണിഞ്ഞൊരുങ്ങി നിൽക്കുന്ന അവളെ കണ്ടപ്പോൾ ഒരിടിമിന്നൽ അ ടിവ യറ്റിലൂടെ പ്രവഹിച്ചു..

കാറ്റത്തുലഞ്ഞ മുടിയിഴകൾ മാടി വെച്ചപ്പോൾ ചെവിയിൽ വലിയ ജിമിക്കി കമ്മലുകൾ ഊയലാടുന്നത് കണ്ടു..

എന്തൊരു ചേലാ ഇവളെ ഇപ്പൊ കാണാൻ.. !

എന്നെ അടിമുടി നോക്കി കൊണ്ട്  ഒന്ന് നിക്കണേ എന്നും പറഞ്ഞു ധ്യുതി അമ്മുവിന്റെ വീട്ടിലേക്കോടി..

ഇവളിത് എങ്ങോട്ടാ പാഞ്ഞേ  എന്നാലോചിച്ചു നിക്കുമ്പോഴേക്കും ധ്യുതി ഓടിക്കിച്ചത് അടുത്തെത്തി..

ഒന്ന് കണ്ണടച്ചേ..

എന്തൂട്ടാ.. ?

കണ്ണടക്കാൻ..

അവൾ ഗൌരവത്തിൽ പറഞ്ഞപ്പോൾ ഞാൻ രണ്ടുകണ്ണും വേഗം ഇറുക്കിയടച്ചു..

ഇനി തുറന്നോ..

അത് കേട്ട് കണ്ണുതുറന്നു ഞാൻ നോക്കിയത് എന്റെ മുഖത്തിനു നേരെ ധ്യുതി നീട്ടിപ്പിടിച്ച കണ്ണാടിയിലേക്കായിരുന്നു.

റെയ്ബാൻ ഗ്ലാസ്‌ ധരിച്ച എന്റെ മുഖം… !

അതായിരുന്നു കണ്ണാടിയിൽ കണ്ടത്.. !

അമ്മുവിനോട് പറയാറുണ്ടായിരുന്നു മുംബൈയിൽ നിന്നും വരുമ്പോൾ ഒരു റെയ്ബാൻ കൊണ്ടുവന്നോളു എന്ന്..

പക്ഷെ, ഇതിപ്പോ…

നേരം വൈകി, വാ പൂവാം എന്ന് പറഞ്ഞു ധ്യുതി തിടുക്കം കൂട്ടിയപ്പോൾ ഞാൻ ഒന്നും മിണ്ടാതെ അവളുടെ പിറകെ നടന്നു..

ചെറുക്കന്റെ വീട്ടിലെ ചടങ്ങുകൾ കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേരും നാടുകാണാൻ പുറത്തോട്ടിറങ്ങി നടന്നു..

അല്പദൂരം കഴിഞ്ഞപ്പോൾ ശൂ..ശൂ..എന്ന് പറഞ്ഞു ധ്യുതി ഒരു കൂട്ടം കാട്ടി തന്നു..

റോഡിനരുകിൽ ഒരു ചെറിയ ക ള്ളുഷാപ്പ് !

ഭഗവാനെ ഇവള് ഇതെന്ത്  ഭാവിച്ചാ എന്ന് മനസ്സിൽ ചിന്തിച്ചപ്പോഴേക്കും എന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് ധ്യുതി ഷാപ്പിലേക്ക് കയറിയിരുന്നു..

ഉച്ച സമയം ആയതുകൊണ്ട് ഷാപ്പ് വിജനമായിരുന്നു..

ഷാപ്പിലെ മേശയിൽ കൈവിരലാൽ താളമിട്ടുകൊണ്ട് ധ്യുതി ഇരുന്നപ്പോൾ,  എന്റെ നെഞ്ചിൽ തീമഴ പെയ്യുകയായിരുന്നു..

ചേട്ടായി…,ഒരു പ്ലേറ്റ് കപ്പയും, ഞണ്ട് കറിയും എടുത്തേ..

ധ്യുതി കൂവി വിളിച്ചുകൂവുന്നത് കേട്ട് ഞാൻ അവളുടെ വാ പൊത്തി കൊണ്ട് പറഞ്ഞു..

പോന്നു പാറു നീയൊന്നു പതുക്കെ പറയ്, ആരേലും കേട്ടാൽ..

കപ്പയും ഞണ്ടും മേശയിൽ എത്തിയപ്പോൾ ധ്യുതി എന്നെ തോണ്ടിക്കൊണ്ടു പറഞ്ഞു..

ചേട്ടായിക്ക് ഒരു കുപ്പി ക ള്ളു പറയട്ടെ..

എനിക്കൊന്നും വേണ്ട..ഞാൻ തല വെട്ടിച്ചുകൊണ്ട് പറഞ്ഞു..

അല്പം ക.ള്ളൊക്കെ കുടിക്കുന്ന ആണ്കുട്യോളെയാ എനിക്കിഷ്ടം എന്ന് പറഞ്ഞുകൊണ്ട് ധ്യുതി ഞണ്ടിന്റെ കാലി പിടിച്ചപ്പോൾ ഞാനെന്റെ തിരുമാനം പെട്ടെന്ന് മാറ്റി..

ചേട്ടാ, ഒരു വല്യകുപ്പി ക.ള്ള് ഇങ്ങെടുത്തെ..ദിപ്പോ ശരിയാക്കി തരാം..

കുപ്പിയിലെ കള്ള് തലച്ചോറിലെത്തി പലതരത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്നപ്പോൾ ഞാനൊന്ന് ഇളകിയിരുന്നു ബെഞ്ചിൽ..

അതേ സമയം ഞണ്ടിന്റെ കാലിൽ നിന്നും വിദഗ്ദ്ധമായി മാംസം അടർത്തിയെടുത്തു എന്റെ വായിൽ വെച്ചു തന്നു ധ്യുതി..

ഡി ധൃതി,  നിന്നെപോലൊരു കാന്താരിപെണ്ണിനെയാ എനിക്ക് കൂട്ടായി വേണ്ടത്.

കുളക്കരയിൽ ചൂണ്ടയിടുമ്പോൾ കൂടെ നില്ക്കാനും, കള്ളുകുടിക്കുമ്പോൾ ഇതുപോലെ ടച്ചിങ്ങ്സ് വായിൽ വെച്ചു തരാനും, കന്നത്തരം കാണിച്ചാൽ കവിളിൽ നുള്ളി വേദനിപ്പിക്കാനും കഴിവുള്ള ഒരു  കിണ്ണംകാച്ചി പെണ്ണിനെയാ എനിക്ക് വേണ്ടത്..

ഞാൻ ചിറിതുടച്ചുകൊണ്ട് പറഞ്ഞു..

ഇതുപോലെ കന്നത്തരം ഇടയ്ക്കിടെ കാണിച്ചാൽ കവിളിൽ നുള്ളുകയല്ല ഞാൻ ചെയ്യുക എന്ന് പറഞ്ഞ ധ്യുതിയുടെ അടുത്ത നീക്കം പെട്ടെന്നായിരുന്നു..

മുന്നോട്ടാഞ്ഞു എന്റെ കവിളിൽ ചുണ്ട് ചേർത്തു പല്ലുകളമർത്തി ഒന്നാഞ്ഞു കടിച്ചു ധ്യുതി..

കവിളിലേറ്റ കടിയുടെ നീറ്റലുകൊണ്ടാണോ, അതോ വയറ്റിൽ നുരയുന്ന ക ള്ളിന്റെ പുകച്ചിൽകൊണ്ടാണോ എന്നറിയില്ല ആദ്യമായി അക്ഷരം തെറ്റാതെ ഞാനാ പേര് ഉറക്കെ വിളിച്ചു..

ധ്യുതി… !

***********************

അടുത്ത അവധിക്കാലത്തു  കുഞ്ഞുമാമന്റെ  വീട്ടിൽ ഉയർന്ന കല്യാണപന്തലിലെ കതിർമണ്ഡപത്തിൽ അമ്മുവിനും അവളുടെ ചെക്കനുമൊപ്പം വിവാഹ വേഷത്തിൽ  ഞാനും ധ്യുതിയും ഉണ്ടായിരുന്നു..

അതേ, ഒരു മണ്ഡപത്തിൽ വെച്ചുതന്നെ ആ  രണ്ട്‌ വിവാഹങ്ങളും അന്ന് നടന്നു…!!