അപ്പോഴും കലങ്ങി നിന്നിരുന്ന അവളുടെ കണ്ണുകൾ തൊട്ട് മുൻപ് വരെ അവൾ കരയുകയായിരുന്നു എന്ന് അയാളോട് പറഞ്ഞു….

പെണ്ണച്ഛൻ

Story written by Sayana Gangesh

=============

“നിത്യ വിശുദ്ധയാം കന്യാ മറിയമേ നിൻ നാമം വാഴ്ത്തപ്പെടട്ടെ…”

റബർ ബാന്റിനാൽ ഉറപ്പിച്ച മൊബൈൽ ഔസെപ്പിന്റെ തലയ്ക്ക് മുകളിൽ ജനാലയ്ക്കിരുന്ന് കൊണ്ട് പാടി. പുതച്ചിരുന്ന കമ്പിളി മെല്ലെ മാറ്റി ഞെരമ്പ് തടിച്ച കൈ ജനാലയുടെ അടുത്തേക്ക് എത്തിച്ച് അലാറം ഓഫ്‌ ചെയ്ത്  പതിയെ ഔസേപ്പ് പഴകിയ കട്ടിലിൽ എഴുന്നേറ്റിരുന്ന് കൊണ്ട് “കർത്താവേ ” എന്ന് വിളിച്ച് കുരിശ് വരച്ചു. ശേഷം പഴകിയ കട്ടിലിൽ കൈ ഊന്നിക്കൊണ്ടെഴുന്നേറ്റു.

“എന്നാത്തിനാ ഇത്രേം നേരത്തേ എണീറ്റേ?” തോമസിന്റെ ഭാര്യ മേരി റൂമിന്റെ വാതിൽക്കൽ വന്ന് നിന്ന് ചോദിച്ചു.

തോമസ് കൈലി മുണ്ട് മുറുക്കിയുടുത്ത് കൊണ്ട് മേരിയെ നോക്കി. ഒറ്റ ദിവസം കൊണ്ട് അവളെങ്ങ് വൃദ്ധആയി പോയത് പോലെ അയാൾക്ക്. അപ്പോഴും കലങ്ങി നിന്നിരുന്ന അവളുടെ കണ്ണുകൾ തൊട്ട് മുൻപ് വരെ അവൾ കരയുകയായിരുന്നു എന്ന് അയാളോട് പറഞ്ഞു.

“ഇന്ന് ആ ഔസേപ്പിന്റെ വീട്ടിലോട്ടൊന്ന് പോകണം. പണി വല്ലതുമുണ്ടോ എന്നറിയണം” റൂമിന് പുറത്തേക്ക് കടന്ന് കൊണ്ട് മേരിയോട് അയാൾ പറഞ്ഞു.

ഒരു നിമിഷം തോമസിന്റെ വാക്കുകൾ കേട്ട് മേരി തറഞ്ഞ് നിന്നു പോയി. മേരിയുടെ മുഖഭാവം കണ്ട് മുൻപോട്ടുള്ള സംസാരം ഒഴിവാക്കാനായി “നീ ഇത്തിരി ചൂടുവെള്ളം ബക്കറ്റിലോട്ടാക്കി വയ്ക്ക് ” എന്ന് പറഞ്ഞ് പതിയെ പുറത്തേക്ക് ഇറങ്ങി.

“വയസ്സ് എഴുപതാണ് ആകുന്നേ, ഇനിയും ശരീരത്തിന് ഒരു ആയാസം കൊടുത്തില്ലെങ്കിൽ..എന്ത് വിധിയാണിതെന്റെ മാതാവേ” പ്രായത്തിന്റെ അരിഷ്ടതകളോടെ നടന്ന് പോകുന്ന തോമസിനെ നോക്കി മേരി മിഴികൾ തുടച്ചു. കഴിഞ്ഞ ദിവസങ്ങളിലെ കയ്പ്പ്നീർ പതിയെ മേരിയുടെ മനസിലേക്ക് തികട്ടി വന്നു.

“എടീ..എടീ ഷിൻസി…” മൂത്തവളുടെ കെട്ടിയോൻ ഡിബിന്റ ഉറക്കെയുള്ള ശബ്‌ദം കേട്ടാണ് മേരി അടുക്കളയിൽ നിന്നും പുറത്തേക്ക് വന്നത്.

“എന്നാ ഇച്ചായ എന്നാ പറ്റി?”ഷിൻസി കുട്ടികളെ പഠിപ്പിക്കുന്നതിനിടയിൽ നിന്നും റൂമിൽ ഡിബിന്റെ അടുത്തേക്ക് ചെന്നു..

“എന്തെടുക്കുവാർന്നെടീ…എത്ര നേരമായി മനുഷ്യൻ വിളിച്ച് കൂവുന്നേ?” സിബിൻ ഷിൻസിയുടെ നേരെ കയർത്തു

“ഞാൻ പിള്ളേരെ പഠിപ്പിക്കുവാർന്നു. അല്ല എന്നാ കാര്യം? എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നേ? ” ഷിൻസി ഡിബിനോട് ചോദിച്ചു

“മോൾ കറന്റ് ബിൽ കണ്ടാർന്നോ ആവോ?” കൈയിലിരുന്ന പേപ്പർ ഷിൻസിയ്ക്ക് നേരെ എറിഞ്ഞ് കൊണ്ട് ഡിബിൻ ചോദിച്ചു.

“ഓ, അതാണോ ഞാൻ കണ്ടില്ല. ഓഫീസിൽ നിന്ന് വന്ന നേരം അമ്മച്ചി പറഞ്ഞായിരുന്നു ഞാൻ പിന്നെ അതങ്ങ് വിട്ട് പോയി.” താഴെനിന്ന് പേപ്പർ എടുത്ത് നീർത്തി കൊണ്ട് അവൾ മറുപടി പറഞ്ഞു.

“ആഹാ, ബില്ല് വന്നത് പറഞ്ഞു ബിൽ എത്രയാണെന്ന് അമ്മച്ചി പറഞ്ഞില്ല അല്ലേ….നാലായിരം രൂപയാ നാലായിരം ബില്ല് വന്നേക്കുന്നെ. എങ്ങനെ വരാതിരിക്കും രാത്രിയും പകലുമൊക്കെ ലൈറ്റും ഫാനും ടിവിയുമെല്ലാം ഓൺ അല്ലേ..ഞാൻ ഒന്നും പറയുന്നില്ല.” ഡിബിൻ ഷിൻസിയെ നോക്കി പറഞ്ഞു.

“ഇച്ചായൻ എങ്ങോട്ടാ പറഞ്ഞു പോകുന്നേ, രണ്ട് എസി, ഇൻവെർട്ടർ, ഹീറ്റർ, ഓവൻ….എല്ലാം കൂടി വരുമ്പോൾ ഇത്രയുമാകുമെന്ന് ഇച്ചായനറിഞ്ഞൂടെ?” ഷിൻസി ഡിബിന്റെ വാക്കുകൾക്കെതിരെ പ്രതികരിച്ചു.

“അപ്പോൾ ബാക്കിയോ? വെള്ളത്തിന്റെ ബില്ല് കണ്ടായിരുന്നോ? പിന്നെ ബഡ്ജറ്റ്…വല്ലതും നീ ശ്രദ്ധിക്കുന്നുണ്ടോ?” ഡിബിൻ തോറ്റു കൊടുക്കാൻ ഒരുക്കമല്ലാത്ത വക്കീലിനെ പോലെ വാദിച്ചു.

“എന്താ ഇച്ചായന്റെ പ്രശ്നം?”ഷിൻസി തിരിഞ്ഞ് നിൽക്കുന്ന ഡിബിനെ അവൾക്ക് നേരെ തിരിച്ച് നിർത്തികൊണ്ട് ചോദിച്ചു.

ഷിൻസിയുടെ ശബ്‌ദം കനത്തു എന്ന് തോന്നിയപ്പോൾ ഡിബിൻ തന്റെ ശബ്‌ദം കുറച്ചു.”ഞാൻ എന്താ പറയുന്നേ എല്ലാം ഒന്ന് ശ്രദ്ധിക്കണം എന്ന്.”

“ആണോ ഇച്ചായാ,എനിക്ക് മനസ്സിലാകുന്നുണ്ട് പലതും ” ഷിൻസി ഡിബിനെ പുച്ഛത്തോടെ നോക്കി.

ഒരു നിമിഷം ഒന്ന് പതറിയെങ്കിലും വിട്ട് കൊടുക്കാൻ അയാൾ ഒരുക്കമല്ലായിരുന്നു. “അതേ, നീ മനസിലാക്കിയത് തന്നെയാണ് ഞാൻ ഉദ്ദേശിച്ചത്.”

പെയ്യാൻ വെമ്പി നിൽക്കുന്ന കണ്ണുകളോടെ അവൾ ചോദിച്ചു “അവർ എന്റെ അപ്പച്ചനും അമ്മച്ചിയുമല്ലേ ഇച്ഛയാ, എനിക്ക് നല്ലൊരു ജോലി കിട്ടിയപ്പോൾ അവർക്ക് എന്റെ കൂടെ നിർത്തി ഇത്തിരി കൂടി മെച്ചപ്പെട്ട ജീവിതം നൽകണമെന്ന് ഞാൻ കരുതുന്നത് തെറ്റാണോ?”

“എടീ ഞാൻ നമ്മുടെ സേവിങ്സ്..മക്കളുടെ ഭാവി അതൊക്കെ ആലോചിച്ചാണ് ഞാൻ…” ഡിബിൻ ഷിൻസിയുടെ ചുമലിൽ പിടിച്ച്‌ കൊണ്ട് പറഞ്ഞു.

പക്ഷേ ഡിബിന്റെ വാക്കുകൾ ഷിൻസിയെ കൂടുതൽ ദേഷ്യം പിടിപ്പിക്കുകയാണ് ചെയ്തത് “ഇച്ചായന്റെ അപ്പച്ചനും അമ്മച്ചിയുമാണ് എങ്കിൽ ഇങ്ങനെ ഇച്ചായൻ ആണോ പെരുമാറുക?”

“മമ്മി,…ഈ കണക്കൊന്ന് പറഞ്ഞ് തന്നേ ” പെട്ടന്ന് റൂമിലേക്ക് അവരുടെ ഇളയകുട്ടി ‘സിയ ‘കടന്ന് വന്നു.

സിയ ഉള്ളിലേക്ക് വന്നതും സ്വിച്ച് ഇട്ടപോലെ രണ്ടാളും വഴക്ക് നിർത്തി. ജ്വലിക്കുന്ന കണ്ണുകളോടെ ഒന്ന് ഡിബിനെ നോക്കികൊണ്ട് സിയയുടെ കൈ പിടിച്ച് ഷിൻസി റൂമിൽ നിന്നും പുറത്തേക്ക് പോയി.

*****************

“നീ സിയ മോളേ അറിഞ്ഞ് കൊണ്ട് അവർക്കിടയിലേക്ക് പറഞ്ഞു വിട്ടതല്ലേ?” റൂമിലെ ഇരുട്ടിനെ ഭേതിച്ചു കൊണ്ട് തോമസിന്റെ ശബ്‌ദം മേരിയെ തേടിയെത്തി.

“അത് കൊണ്ട് ആ പ്രശ്നം അവിടെ തീർന്നു. അവർ ഒരിക്കലും കൊച്ചുങ്ങളുടെ മുൻപിൽ വഴക്കിടത്തില്ല എന്ന് എനിക്കുറപ്പുണ്ടായിരുന്നു.” മേരി ആശ്വാസത്തോടെ പറഞ്ഞു

“നമുക്ക് പോകാടീ മേരി പെണ്ണേ, എന്തിനാണ് നമ്മൾ കാരണം….” തോമസ് തന്റെ വാക്കുകൾ പകുതിയിൽ വച്ച് നിർത്തി.

“റോസ്മിയുടെ വീട്ടിലേക്കോ? മേരി ചോദിച്ചു.

“അല്ല, നമുക്ക് നമ്മടെ വീട്ടിൽ പോകാം.” തോമസ് പറഞ്ഞു. മേരി പതിയെ മൗനത്തി ലേക്ക് പോയത് അറിഞ്ഞ് തോമസ് വീണ്ടും തുടർന്നു.

“നീ പേടിക്കേണ്ട. നമുക്ക് ജീവിക്കാനുള്ളതൊക്കെ എന്റെ കൈയ്യിലുണ്ട്. നമുക്ക് വലുത് നമ്മുടെ മക്കളുടെ ജീവിതമല്ലേ, നമ്മൾ കാരണം അവർക്കിടയിൽ വഴക്കുണ്ടാകരുത്. നമ്മുടെ മോൾ നമുക്കും അവളുടെ കുടുംബത്തിനുമിടയിൽ കിടന്നുരുകരുത്.”

“എന്നാലും ഇളയോനേക്കാളും നമ്മളോട് സ്നേഹവും ആദരവും കാണിച്ചിരുന്നത് ഇവൻ അല്ലായിരുന്നോ?” മേരി ഒരു നെടുവീർപ്പോടെ പറഞ്ഞു. കൂടുതൽ സംസാരിച്ചാൽ അത് രണ്ടാൾക്കും വിഷമം ഉണ്ടാക്കും എന്ന് മനസിലാക്കി തോമസ് മേരിക്ക് ഉത്തരം നൽകാതെ കിടന്നു. റൂമിനുള്ളിൽ നിറഞ്ഞ് നിന്നിരുന്ന ഇരുട്ട് പതിയെ അവരുടെ ജീവിതത്തിലേക്കും അരിച്ചിറങ്ങുന്നതായി തോന്നി മേരിക്ക്…

********************

“മേരി, ചായ ആയില്ലേ…?” തോമസിന്റെ ശബ്‌ദം മേരിയെ ഓർമകളിൽ നിന്നുണർത്തി. മേരി വേഗം ചായയുമായി തോമസിനടുത്തേക്ക് നടന്നു.

ഒന്നും മിണ്ടാതെ തനിക്ക് ഭക്ഷണം വിളമ്പുന്ന മേരിയെ കാൺകെ തോമസിന്റെ ചങ്കൊന്ന് പിടഞ്ഞു. ഷിൻസിയുടെ വീട്ടിലേക് പോകുന്നതിന്റെ തലേന്ന് ഡ്രസ്സ്‌ ഒക്കെ ഒരുക്കി വയ്ക്കുന്നതിനിടെ മേരി പറഞ്ഞ വാക്കുകൾ അയാൾ ഓർത്തു.

“അതേയ് ഞാൻ മോൾടെ വീട്ടിൽ പോകുവാണെന്ന് പറഞ്ഞപ്പോൾ അയൽക്കൂട്ടത്തിലെ രമണി ചോദിക്കുവാ എത്ര ദിവസത്തേക്കാന്ന്, ആക്കി ചോദിക്കുന്നതാണ്. ഞാനും കൂടുതൽ ഒന്നും വിട്ട് പറഞ്ഞില്ല. രണ്ടാണ്മക്കൾ ഉള്ളതിന്റെ ഹുങ്കാണ് അവൾക്ക്. ഷിൻസി മോൾടെ വീട്ടിൽ എത്തിയിട്ട് അവളെ ഒന്ന് വിളിക്കണം. ആ പിന്നെ നാളെ രാവിലെ ആ വറീതിന്റെ ചായ കടേൽ നിങ്ങൾ ഒന്ന് പോണംട്ടാ, ആ സമയത്താണ് ചന്ദ്രൻ നായർ അവിടെ ഉണ്ടാകുക. അന്ന് നിങ്ങൾ ചായ മാത്രം കുടിച്ച് പോരാൻ തുടങ്ങിയപ്പോൾ അയാളുടെ മോൻ എന്ത് വേണേലും കഴിച്ചോ എന്ന് പറഞ്ഞിട്ടുണ്ട്, ആൺകുട്ടികൾ വേണം ജീവിതത്തിൽ സൗകര്യങ്ങളോടെ ജീവിക്കണമെങ്കിൽ എന്ന് പറഞ്ഞത് കേട്ട് ചങ്കിൽ കുറേ വിഷമാവുമായി വന്നതല്ലേ, അയാളും അറിയട്ടെ പെണ്മക്കളും ഒരു കുറവുമില്ലാതെ അച്ഛനമ്മമാരെ നോക്കുമെന്ന്..”

അന്ന് മേരിക്ക് മറുപടി ഒന്നും നൽകിയില്ല എങ്കിലും തന്റെ മനസിലുമുണ്ടായിരുന്നു കുന്നോളം സന്തോഷം. പക്ഷേ..അയാളുടെ മിഴികോണിൽ നിന്ന് അയാളെ പോലെ തന്നെ നിശബ്ദമായി ഒരു തുള്ളി കണ്ണുനീർ ഒഴുകിയിറങ്ങി.

“അപ്പച്ചാ…” പ്രതീക്ഷിക്കാതെ പുറത്ത് നിന്ന് വന്ന ശബ്‌ദത്തിൽ മേരിയും തോമസും ഞെട്ടി. അപ്പോഴേക്കും “അപ്പൂപ്പാ… അമ്മൂമ്മേ…..” എന്ന് വിളിച്ചു കൊണ്ട് ട്രീസ മോളും റോബിൻ മോനും അവരുടെ അരികിലേക്ക് ഓടിയെത്തി.

അവർക്ക് തൊട്ട് പുറകേ റോസ്മിയും അവളുടെ ഭർത്താവ് ലിവിനും അവിടേക്ക് കടന്ന് വന്നു. പെട്ടന്ന് അവരെ കണ്ടപ്പോൾ ഒന്ന് ഞെട്ടിയെങ്കിലും മേരിയും തോമസും വേഗം അവരെ സ്വീകരിക്കാൻ ഒരുങ്ങി….

ആദ്യത്തെ കുശാലാന്വേഷണത്തിന് ശേഷം മേരി പറഞ്ഞതനുസരിച്ച് കടയിലേക്ക് പോകാനൊരുങ്ങിയ തോമസിനെ ലിവിൻ പുറകേ നിന്ന് വിളിച്ചു.

“അപ്പച്ചൻ എവിടേക്ക് പോകുവാ?”

“ഞാൻ മോനേ കവലയിലെ കട വരെ ഒന്ന് പോയേച്ചും വരാം.” തോമസ് അവന് മറുപടി നൽകി.

“എന്നാൽ ഞാനും കൂടെ വരാം അപ്പച്ചാ ” ലിവിൻ കാറിന്റെ കീ എടുത്ത് കൊണ്ട് പറഞ്ഞു

“വേണ്ട മോനേ ഞാൻ വേഗം വരും.” തോമസ് സ്നേഹത്തോടെ ലിവിന്റെ ക്ഷണം നിക്ഷേധിച്ചു.

“എന്താ അപ്പച്ചാ ഞാൻ മരുമോൻ ആയത് കൊണ്ടാണോ, ഇത്രയും നാൾ ആയിട്ടും എനിക്ക് സ്ഥാന കയറ്റം കിട്ടിയില്ലേ?” ലിവിൻ തോമസിന്റെ അരികിലേക്ക് നടന്ന് കൊണ്ട് ചോദിച്ചു.

അപ്പോഴേക്കും അവിടേക്ക് മേരിയും റോസ്മിയും കൂടെ കടന്ന് വന്നു. ലിവിന്റെ ചോദ്യത്തിൽ പകച്ച് നിൽക്കുന്ന തോമസിനെ കണ്ട് അവൻ തുടർന്നു.

“എനിക്ക് അറിയാം, ഇപ്പോഴും ഞാൻ മരുമോൻ തന്നെ ആണെന്ന്. അത് കൊണ്ടല്ലേ ഷിൻസി ചേച്ചിയുടെ വീട്ടിൽ നിന്ന് ഒരു ഫോൺ പോലും ഞങ്ങൾക്ക് ചെയ്യാതെ നിങ്ങൾ രണ്ടാളും ഇങ്ങോട്ട് പോന്നത്.,”

“അപ്പച്ചാ ഞാനും ഇച്ചായനും മുൻപേ പറഞ്ഞിരുന്നതല്ലേ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഞങ്ങളുടെ കൂടെ വന്ന് നിൽകാം എന്ന്, ലിവിൻ നേരിട്ട് പറയാഞ്ഞത് കൊണ്ടാണോ നിങ്ങൾ വരാതിരുന്നത്.?”.റോസ്മി അമ്മച്ചിയുടെ കൈ പിടിച്ചുകൊണ്ട് ചോദിച്ചു.

“അപ്പച്ചാ, എനിക്ക് തേനിൽ ചാലിച്ച വാക്കുകൾ ഒന്നും പറയാൻ കിട്ടില്ല. പക്ഷേ റോസ്മി അന്ന് നിങ്ങളോട് പറഞ്ഞത് ഞാൻ പറഞ്ഞ വാക്കുകൾ ആയിരുന്നു. പിന്നെ ഞാൻ കരുതിയത് നിങ്ങൾ അധികാരത്തോടെ ഞങ്ങളുടെ അടുത്തേക്ക് വരുമെന്നായിരുന്നു.” ഒന്ന് നിർത്തിയിട്ട് അവൻ വീണ്ടും തുടർന്നു.

“കൂടുതൽ ഒന്നും പറയുന്നില്ല. എന്റെ മക്കൾ അനുഭവിക്കുന്നഎല്ലാ സുഖങ്ങളും നിങ്ങൾക്ക് അവിടെ ഉണ്ടാകും.ഞങ്ങളുടെ അച്ഛനുമാമ്മയുമായി അവിടെ കഴിയാം. വേഗം രണ്ടാളും പാക്ക് ചെയ്ത് ഇറങ്ങിക്കോ.. ” ലിവിൻ ചെറു പുഞ്ചിരിയോടെ പറഞ്ഞു നിർത്തി.

“ഡ്രസ്സ്‌ ഒന്നും ബാഗിൽ നിന്നെടുത്തിട്ടുണ്ടാകില്ല, ഞാൻ എടുത്ത് വരാം അതൊക്കെ.” കണ്ണുനീർ തുടച്ച് കൊണ്ട് റോസ്മി റൂമിലേക്ക് നടന്നു. പുറകേ “ഞാനും വരാം “എന്ന് പറഞ്ഞ് കൊണ്ട് ലിവിനും.

ഒന്നും മിണ്ടാതെ അവർ പോയ വഴിയേ നോക്കി നിൽക്കുന്ന തോമസിന്റെ അടുത്തേക്ക് വന്ന് ചുമലിലേക്ക് ചാഞ്ഞ മേരിയെ ചേർത്ത് പിടിച്ച് ചുവരിലുള്ള ഈശോയുടെ പടത്തിലേക്ക് നോക്കി തോമസ് നിറഞ്ഞ മിഴിയാലെ മനസ്സിൽ നന്ദി പറഞ്ഞു.

അത് കണ്ട് റൂമിൽ നിന്നിരുന്ന റോസ്മിയുടെയും ലിവിന്റെയും മുഖത്ത് മുഖത്ത് പുഞ്ചിരി വിടർന്നു.

~സയന