എന്റെ പ്രായത്തിലുള്ള പല ആൺകുട്ടികളും അസൂയയോടെ എന്നെ നോക്കുന്നത് ഞാൻ കാണുന്നുണ്ട്..

പ്രണയ പുഷ്പം….

Story written by Sai Bro

==============

എനിക്ക് ആനപ്പുറത് കേറണം…. !!!

അപ്രതീക്ഷിതമായ എന്റെ ആ ഡയലോഗ് കേട്ട് ചങ്ക് ബ്രോസ് എല്ലാരും ഒന്ന് ഞെട്ടി.

ഞാൻ കാര്യങ്ങൾ ഒന്ന് വിശദമായി പറഞ്ഞു..

ഡാ, ഉച്ചതിരിഞ്ഞ് വെയിലൊന്നു മങ്ങുമ്പോ ആനപ്പൂരം തൊടങ്ങും..ആ സമയത്ത് ആനയെ കാണാനും സ്വസ്ഥമായി പൂരം കാണാനും മ്മടെ നാട്ടിലൊള്ള എല്ലാം തരുണീമണികളും എത്തും..

ആനേടെ മോളിൽ, അത്രേം ഉയരത്തിൽ ഇരുന്ന് നമുക്കെല്ലാവരേം ശരിക്കും കാണാനും പറ്റും…

മാത്രല്ല, ഈ ആനപ്പുറത് ഇരിക്കണ ആങ്കുട്യോളെ പെൺപിള്ളേർ മനസുകൊണ്ട് ഒന്ന് ആരാധിക്കും…

അങ്ങനെ എന്റെ വിശദീകരണം കേട്ട് തൃപ്തരായ സുഹൃത്തുകൾ ആരുടെയൊക്കെയോ കയ്യുംകാലും പിടിച്ചു ആനപ്പൂരത്തിന്ടെ സമയത്ത് എന്നെ ആനപ്പുറമേറ്റി…

വെറും ആനയല്ല, ഭഗവാന്റെ തിടമ്പെടുക്കുന്ന ആന, ഗജരാജരത്നം തെച്ചിക്കോട്ട് രാമചന്ദ്രൻ….

അവന്ടെ മുകളിൽ ഞാനങ്ങിനെ ഞെളിഞ്ഞു ഇരിക്കയാണ്…

എന്റെ പ്രായത്തിലുള്ള പല ആൺകുട്ടികളും അസൂയയോടെ എന്നെ നോക്കുന്നത് ഞാൻ കാണുന്നുണ്ട്..ചുരിദാർ അണിഞ്ഞും, പാട്ടുപാവാട ഉടുത്തും, സെറ്റുമുണ്ട് ചുറ്റിയും, ആ നാട്ടിലെ എല്ലാ തരുണിമണികളും അമ്പലത്തിലേക്ക് ഒഴുകിയെത്തുന്നുണ്ട്…അതിൽ ചിലരുടെ കള്ളനോട്ടങ്ങൾ എന്നിലേക്ക്‌ ഒഴുകിയെത്തുന്നതറിഞ്ഞു ഞാൻ രോമാഞ്ചംകൊണ്ടു…

എല്ലാം മുഖങ്ങൾക്കും നോട്ടങ്ങൾക്കും ഒരേ ഭാവം, ഒരേ അർത്ഥം…

പെട്ടെന്നാണ് അതിൽനിന്നും വ്യത്യസ്തമായ ഭാവമുള്ള ഒരു മുഖം എന്റെ ശ്രദ്ധയിൽ പതിഞ്ഞത്…

ആ മുഖം എന്നെനോക്കി ഒന്ന് പുച്ഛിച്ചത് പോലെ…

ധ്വനി… !!

ഞാനാ പേര് മനസ്സിൽ ഉരുവിട്ടു..

പ്ലസ്ടു ക്ലാസ്സിൽ എന്നെ മലയാളം പഠിപ്പിച്ച വീണ ടീച്ചർടെ മകൾ..ഇപ്പോൾ ഞങ്ങൾ ഒരേ കോളേജിൽ പഠിക്കുന്നു, ഒരേ ക്ലാസ്സിൽ..

ടീച്ചറുടെ മകൾ ആയതിനാലും, സമ്പന്നകുടുംബത്തിലെ അംഗമായതിനാലും, അതിലുപരി ഒരു സുന്ദരി ആയതിനാലും ധ്വനി ഒരു തികഞ്ഞ അഹങ്കാരി ആണ് എന്നായിരുന്നു എന്റെ പക്ഷം..

ഒരേ നാട്ടുകാർ ആണെങ്കിലും കോളേജിൽ ഞങ്ങൾ അപരിചിതർ ആയിരുന്നു,..ഒരിക്കൽ പോലും തമ്മിൽ സംസാരിച്ചിട്ടില്ല…ഒരു കയ്യകലം ഞങ്ങൾക്കിടയിൽ എന്നുമുണ്ടായിരുന്നു..

എന്നാലും ഇവളെന്തിനാ എന്നെനോക്കി ഗോഷ്ടി കാണിച്ചേ…. ?

ആനപ്പുറത്തിരുന്ന്  ഞാനതാണ് ചിന്തിച്ചത്…

രാത്രിയിൽ അമ്പലത്തിലേക്കുള്ള താലിവരവിന്റെ സമയത്ത് ധ്വനിയെ വീണ്ടും കണ്ടു..

ഈ രാത്രി സമയത്ത് ചിരാതിന്ടെ അരണ്ടവെട്ടത്തിൽ പെൺപിള്ളേരെ കാണാൻ ഒടുക്കത്തെ ലുക്ക്‌ ആരിക്കും..ധ്വനിയും അങ്ങിനെ തന്നെ..

സെറ്റുമുണ്ട് അണിഞ്ഞു കയ്യിൽ താലവുമേന്തി നില്കുന്ന ധ്വനിയെ കാണുമ്പോൾ അടിവ.യറ്റിൽ നിന്നും എന്തോ ഒന്ന് നെഞ്ചിലേക്ക് ഉരുണ്ടു വരുന്നതുപോലെ…

കണ്മഷി എഴുതിയതിനാലാവും അവളുടെ കണ്ണുകൾക്ക്‌ ഇതുവരെ കാണാത്ത ഒരാകർഷണം…

ചിരിക്കുമ്പോൾ കവിളിൽ തെളിഞ്ഞ് കാണുന്ന നുണക്കുഴികൾ…

സൂക്ഷിച്ചു നോക്കിയപ്പോൾ ചുണ്ടിന് താഴെ ഒരു കുഞ്ഞു കാക്കപുള്ളിയും ഞാൻ കണ്ടുപിടിച്ചു…

ഇതൊന്നും ഇത്രനാളും ഇവളിൽ ഞാൻ കണ്ടില്യാലോ എന്ന് അലോയ്‌ച്ചു നിക്കുമ്പോൾ ധ്വനി കൺമുന്പിലൂടെ അമ്പലത്തിലേക്ക് നടന്നു നീങ്ങി.

ഒരാഴ്ച ഒന്നും സംഭവിക്കാതെ കടന്നുപോയി…

ഒരൂസം കോളേജിൽ ഉച്ചസമയത്  കാന്റീനിൽ പോയി പൊറോട്ടയും മുട്ടക്കറിയും വാരി മിണുങ്ങി ക്ലാസ്സിലേക്ക് കേറിയപ്പോൾ അതാ കാണുന്നു എന്റെ റെക്കോർഡ്‌ ബുക്കിന്റെ പുറംചട്ടക്ക് മുകളിൽ ഒരു “വൈലറ്റ് പൂവിൻ തണ്ട് “

ഇതെങ്ങനെ ഇവിടെ വന്നു.. ?

ക്ലാസ്സിൽ ആകെ നിശബ്ദത,..ചുറ്റുംനോക്കി…

ആരും ഒന്നും മിണ്ടുനില്ല..

ന്തായാലും കിട്ടിയ സമ്മാനം ചെവിയിൽ തിരുകി ഞാൻ റെക്കോർഡ്‌ വരപ്പ് തുടങ്ങി…

രണ്ട് ദിവസം കഴിഞ്ഞപ്പോൾ കോളേജ് ടൂർ ഊട്ടിയിലേക്ക് പുറപെട്ടു..

അര്മാദിക്കാൻ കിട്ടിയ ചാൻസ് നഷ്ടപ്പെടുത്താതെ ഞങ്ങൾ എല്ലാരും ഉണ്ടായിരുന്നു ആ യാത്രയിൽ. യാത്രക്കിടയിലുള്ള അന്താക്ഷരി മത്സരത്തിലും,

രാത്രി ഊട്ടിയിൽ നടത്തിയ ഫയർ ഡാൻസിലുമൊക്കെ ഞാൻ ധ്വനിക്കൊപ്പം ചേരാൻ ശ്രമിച്ചു നോക്കി..പക്ഷെ അവൾ എല്ലാത്തിലും നിന്നും ഒഴിഞ്ഞു മാറി..

ഊട്ടിയിൽ രണ്ട് ദിവസം കടന്നുപോയത് അറിഞ്ഞതെ ഇല്യ…ഞങ്ങൾ തിരിച്ചിറങ്ങുന്ന ആ ദിവസം..

ഊട്ടിയിൽ ചെറുതായി മഴ ചാറിതുടങ്ങി..

കൂട്ടുകാർ ബാഗ്‌ പാക്ക് ചെയുന്ന തിരക്കിലായിരുന്നു..

ഞാൻ പതുക്കെ റൂമിന് പുറത്തേക്കിറങ്ങി..

ഊട്ടിയിലെ തണുപ്പും പോരാത്തതിന് ചാറ്റൽമഴയും…

തണുപ്പ് അസ്ഥിയിലേക്ക് തുളച്ചുകയറുന്നത് പോലെ…

ചുറ്റുമുള്ള കാഴ്ചകൾ അവ്യക്തം, മഴയ്ക്ക് കൂട്ടായി കോടമഞ്ഞും എത്തിയിരിക്കുന്നു…

കുറച്ചൂടെ മുന്നോട്ട് നടന്നപ്പോൾ ഒരുവലിയ മരം അവ്യക്തമായി കണ്ടു,..

മരച്ചുവട്ടിൽ നിഴലുപോലെ ഒരു രൂപവും…

ഇതാരാ, ഈ മഞ്ഞും മഴയും കൊണ്ട് മരച്ചുവട്ടിൽ.. ?

മുന്നോട്ട് നടക്കുംതോറും മറ്റൊന്നുകൂടി കണ്മുൻപിൽ തെളിഞ്ഞ് വന്നു…

ആ മരം നിറയെ, “വൈലറ്റ് പൂക്കൾ ” പൂത്തു തളിർത്തു നിൽക്കുന്നു…

നെഞ്ചോന്നു കിടുങ്ങി, തണുത്തു വിറച്ചു കൈകൾ കൂട്ടിത്തിരുമ്മി ഞാൻ മരച്ചുവട്ടിലേക്ക് നടന്നു..കരിയിലകളിൽ എന്റെ കാലടി പതിയുന്ന ശബ്ദം കേട്ടിട്ടാവണം ആ രൂപം ഞെട്ടി തിരിഞ്ഞത്…

ധ്വനി…. !!!

അല്ല, ധ്വനി ന്താ ഒറ്റയ്ക്ക് ഇവിടെ നിക്കണേ… ?

മഴയും മഞ്ഞും കൊണ്ടാൽ വയ്യായ വരൂട്ടോ..

ഞാൻ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു..

പക്ഷെ എന്റെ വാക്കുകൾ കേൾക്കാത്തതുപോലെ അവൾ എന്റെ അരികിലേക്ക് നടന്നടുത്തു..

എന്റെ തൊട്ടുമുൻപിൽ..അവളുടെ തലയിൽപതിക്കുന്ന  മഴത്തുള്ളികൾ നെറ്റിയിലൂടെ,.കണ്ണുകളിലെ കണ്മഷിയെ പരത്തി, മൂക്കിൻതുമ്പിലൂടെ, ചുണ്ടുകളെ നനച്ചു താഴേക്ക്‌ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു..

ധ്വനിയുടെ കരിമഷി പടർന്ന മിഴികളിലെ കൂർത്ത നോട്ടം നേരിടാനാവാതെ ഞാൻ തലവെട്ടിച്ചു…

ഉയരക്കുറവുകൊണ്ടാവാം അവളുടെ ചുടുനിശ്വാസം നെഞ്ചിൽ പതിക്കുന്നത് അറിയുന്നുണ്ടായിരുന്നു..

ഇത് നിനക്ക് വേണ്ടിയാണ്..എന്റെ പ്രണയത്തിന് ഈ പൂക്കളുടെ നിറവും ഗന്ധവുമാണ്.. അത്രയും പറഞ്ഞു ഒരു “വൈലറ്റ് പൂവിൻ തണ്ട് ” ധ്വനി എനിക്ക് നേരെ നീട്ടി…

യാന്ത്രികമായി അത് വാങ്ങുമ്പോൾ തുടുത്ത കവിളുകളിൽ നുണക്കുഴി വിരിയിച്ചുകൊണ്ട് അവളൊരു പുഞ്ചിരി എനിക്ക് സമ്മാനായി തന്നു..

അപ്രതീക്ഷിതമായി ധ്വനി എന്നോട് ചേർന്നുനിന്നു..

ആ കൈകളെന്നെ വട്ടംചുറ്റി പിണഞ്ഞു…

പ്രണയത്തിന്റെ മാസ്മരികിതയിൽ മുങ്ങിനിൽക്കുമ്പോൾ ഞാൻ പതിയെ മന്ത്രിച്ചു ആ ചെവിയിൽ…

ഞാനൊന്നു കടിച്ചോട്ടെ ചെവിയിൽ…. ?

മറുപടിക്ക് കാത്തുനിൽക്കാതെ നനഞ്ഞ മുടിയിഴകൾ ഒതുക്കിമാറ്റി ഞാനാ ചെവിയിൽ പല്ലുകളമർത്തി…

ഒരു നടുക്കം…

എന്നെ ചുറ്റിയിരിക്കുന്ന ധ്വനിയുടെ  കൈകൾ മുറുകുന്നത് ഞാനറിഞ്ഞു….

അതേസമയം ഞങ്ങൾക്ക് ചുറ്റും പൂക്കൾ പെയ്തിറങ്ങുകയായിരുന്നു..

പ്രണയത്തിന്റെ നിറവും ഗന്ധവുമുള്ള “വൈലറ്റ് ” പൂക്കൾ… !