സ്കൂളിൽ നിന്നും ക്ലാസ്സു വിട്ടു ഓടി വന്ന എൻ്റെ മനസ്സിൽ ആ വാക്കുകൾ തുളഞ്ഞു കയറി…

എൻ്റെ മകൾ എൻ്റെ പുണ്യം

Story written by Suja Anup

===============

“മോളെ, ഇനി നീ ഇങ്ങനെ പണ്ടത്തെ പോലെ ശാഠ്യം ഒന്നും പിടിക്കരുത് കേട്ടോ. പറയുന്നതെല്ലാം വാങ്ങി തരുവാൻ എനിക്ക് ആവില്ല. എൻ്റെ മോൾക്ക് മനസ്സിലാവണുണ്ടോ..”

ഞാൻ ഒന്നും മിണ്ടിയില്ല. കടയിൽ കണ്ട കളിപ്പാട്ടം എനിക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നൂ..

അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എനിക്ക് അത് അപ്പോൾ തന്നെ വാങ്ങി തന്നേനെ………….

അച്ഛൻ മരിച്ചു പോയി എന്ന സത്യവുമായി പൊരുത്തപ്പെടുവാൻ ഞാൻ ശ്രമിച്ചു നോക്കി…എനിക്കതിനാവുന്നില്ല…

“ഒന്നിനും ഒരു കുറവും അച്ഛൻ വരുത്തിയിട്ടില്ല. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന എന്നെ വിട്ടു അച്ഛൻ എന്തേ പോയത്..? മരിച്ചവർ തിരിച്ചു വരുമോ…?ആരും എനിക്ക് ഒരുത്തരവും നൽകുന്നില്ല.”

ദിവസങ്ങൾ കടന്നു പോയികൊണ്ടിരുന്നൂ…

****************

“മോളെ നീ ഞാൻ പറയുന്നത് കേൾക്കൂ, നീ ചെറുപ്പമാണ്. അവൾ ഇപ്പോൾ മൂന്നിൽ ആയില്ലേ. അവൾ ഞങ്ങളുടെ കൂടെ അവിടെ നിന്നോളും. ഈ ആലോചന നല്ലതാണു. നിന്നെ അവൻ പൊന്നു പോലെ നോക്കും. അവനു ഒരു മകനുണ്ട്. നിനക്ക് ആ കുട്ടിയെ  ഒരമ്മയെ പോലെ സ്നേഹിക്കുവാൻ കഴിയും. മോൾ ഈ വിവാഹത്തിന് സമ്മതിക്കണം.”

സ്കൂളിൽ നിന്നും ക്ലാസ്സു വിട്ടു ഓടി വന്ന എൻ്റെ മനസ്സിൽ ആ വാക്കുകൾ തുളഞ്ഞു കയറി.

“അയ്യോ…എൻ്റെ അമ്മയുടെ കല്യാണം, അമ്മ എന്നെ ഇട്ടേച്ചു പോകുമോ..?”

“ഉമേ, കുറേ കഴിയുമ്പോൾ അവളെ വിവാഹം കഴിപ്പിച്ചു വിടണം. അവൾ ഒരു പെൺകുട്ടിയല്ലേ, ആൺകുട്ടിയായിരുന്നെങ്കിൽ കൊള്ളാം. പിന്നെ നീ ഒറ്റയ്ക്കാകും. അവൾ അവിടെ നിൽക്കട്ടെ. അവളെ കുറച്ചു പഠിപ്പിച്ചാൽ മതി. ഒരു ബിരുദം അത് മതി. അതുവരെ ഞാൻ പഠിപ്പിച്ചോളാം…”

അമ്മാവനാണ് അത് പറഞ്ഞത്….

“പിന്നെ, അത്യാവശ്യം വേണ്ട വീട്ടുജോലികൾ ഞാൻ പഠിപ്പിക്കാം. നിൻ്റെ ആങ്ങളയുടെ വീടല്ലേ അത്. അവൾക്കു അവിടെ ഒരു കുറവും ഉണ്ടാവില്ല. ഞങ്ങൾക്ക് നീ ആണ് വലുത്”

അമ്മമ്മയുടെ വാക്കുകൾ എന്നെ തളർത്തി…എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി…

“അച്ഛൻ ഉണ്ടായിരുന്നപ്പോൾ എന്നെ നിലത്തു വയ്ക്കാതെ കൊണ്ട് നടന്നവർ. ഞാൻ ഡോക്ടർ ആകണം എന്ന് പറഞ്ഞ എൻ്റെ അമ്മമ്മയാണോ ഇങ്ങനെ പറയുന്നത്”

ഞാൻ ഓടി അകത്തേയ്ക്കു ചെന്നൂ.

“അമ്മേ, എന്നെ വിട്ടു പോവല്ലേ, എനിക്ക് പഠിക്കണം. ഞാൻ പഠിച്ചു ഡോക്ടർ ആകും. മോള് അമ്മയെ നന്നായി നോക്കുമല്ലോ വലുതാകുമ്പോൾ…”

“അശ്രീകരം, അങ്ങോട്ട് മാറി നിൽക്കൂ. എൻ്റെ അനിയത്തിക്കു നീ ഇനി വേണ്ട. എന്തിനും ഇടയിൽ കയറിക്കൊള്ളും. മുതിർന്നവർ സംസാരിക്കുന്നിടത്താണോ അധിക പ്രസംഗം പറയുന്നത്.”

അമ്മമ്മയുടെ വാക്കുകൾക്കൊപ്പം അമ്മാവൻ്റെ പരിഹാസം…

ഞാൻ തളർന്നു പോയി…

അമ്മ ഒന്നും മിണ്ടുന്നേയില്ല…..

*****************

രാത്രിയിൽ എപ്പോഴോ അവരെല്ലാവരും പോയി. ഞാൻ മുറി വിട്ടു പുറത്തേയ്ക്കു ഇറങ്ങിയതേയില്ല….

തലയിണയിൽ  മുഖം അമർത്തി കരയുമ്പോൾ എനിക്ക് ആരുമില്ല എന്ന സത്യം ഞാൻ തിരിച്ചറിയുകയായിരുന്നു. ഒൻപതു വയസ്സുള്ള ഒരു കുട്ടി എന്ന പരിഗണന പോലും എനിക്ക് കിട്ടിയില്ല.

ഞാൻ ആരാണ് എന്ന് ഞാൻ മനസ്സിലാക്കുവാൻ ശ്രമിച്ചു നോക്കി. എനിക്ക് ഒന്നും അറിയില്ല. പക്ഷേ, അമ്മയില്ലാതെ ഞാൻ ഒറ്റയ്ക്ക് എനിക്ക് ആവില്ല.

പെട്ടെന്നു ആരോ എന്നെ തൊട്ടു..

“എൻ്റെ മോളെ, നിനക്ക് ഈ അമ്മയുണ്ട്. നിൻ്റെ അച്ഛൻ അപകടത്തിൽ മരിച്ചു. ഉടനെ നിന്നെ ഉപേക്ഷിച്ചു ഞാൻ പോകുമെന്ന് എൻ്റെ മോൾ വിചാരിച്ചോ..”

“അമ്മമ്മയ്ക്ക് അവരുടെ മോളെ ഇഷ്ട്ടം, അതുകൊണ്ടു പറഞ്ഞു പോയതല്ലേ. അതുപോലെ അമ്മയ്ക്കു എൻ്റെ കുട്ടി മതി. മോളുടെ അച്ഛനൊപ്പം ജീവിച്ച ഓരോ നിമിഷങ്ങളും അമ്മയുടെ മനസ്സിലുണ്ട്. ഈ ജന്മം അമ്മയ്ക്ക് അത് മതി. എൻ്റെ കുട്ടി പഠിച്ചു ഡോക്ടർ ആവണം കേട്ടോ.”

“അച്ഛൻ്റെ ജോലി അമ്മയ്ക്ക് കിട്ടും ഒരു മാസത്തിനുള്ളിൽ, കേസ് വിധിയായിട്ടുണ്ട്. മറ്റുള്ളവർ എന്തും പറയട്ടെ, എൻ്റെ മോളെ ഈ അമ്മ പഠിപ്പിക്കും. എൻ്റെ കുട്ടി കരയല്ലേ, അച്ഛൻ്റെ ആത്മാവ് വിഷമിക്കില്ലേ…”

*****************

കോൺവൊക്കേഷൻ നടക്കുമ്പോൾ ഏറ്റവും നല്ല വിദ്യാർത്ഥിക്കുള്ള അവാർഡ് ഏറ്റു വാങ്ങുവാൻ ഞാൻ അമ്മയെ സ്റ്റേജിലേയ്‌ക്ക്‌ വിളിച്ചൂ..

കണ്ണുകൾ നിറഞ്ഞു അമ്മ അതേറ്റു വാങ്ങി. അത് കണ്ടു കൊണ്ട് താഴെ അമ്മമ്മയും അമ്മാവനും ഉണ്ടായിരുന്നൂ.

ആ നിമിഷം എൻ്റെ പ്രതികാരം പൂർണ്ണമായി………

പഠിച്ച ക്ലാസ്സുകളിലെല്ലാം ഉന്നത വിജയം നേടിയാണ് ഞാൻ എൻ്റെ വിധിയോട് പകരം വീട്ടിയത്. അപ്പോഴൊക്കെ മനസ്സിൽ ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു.

“എനിക്ക് വേണ്ടി തൻ്റെ യവ്വനം ദാനം ചെയ്‌തൊരമ്മ. ആ അമ്മയ്ക്ക് വേണ്ടി എന്നാലാവുന്നതെല്ലാം ഞാൻ ചെയ്യണം. വിവാഹം കഴിഞ്ഞു അമ്മയെ ഒറ്റയ്ക്കാക്കി പോകുവാൻ ഞാൻ ഒരുക്കമല്ല. എന്നിൽ അവസാന തുടിപ്പ് നിൽക്കും വരെ എൻ്റെ അമ്മയെ ഞാൻ പൊന്നു പോലെ നോക്കും….”

താഴെ നിൽക്കുന്ന അമ്മമ്മയുടെയും അമ്മാവൻ്റെയും കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നൂ..

പരിപാടി എല്ലാം കഴിഞ്ഞപ്പോൾ അമ്മമ്മ എന്നെ കെട്ടി പിടിച്ചൂ ഉമ്മ വച്ചൂ, അമ്മമ്മ എന്നോട് പറഞ്ഞു..

“നിന്നെ പോലെ ഒരു മകളെ കിട്ടിയതാണ് എൻ്റെ മകൾ ചെയ്ത പുണ്യം….”

…………………സുജ അനൂപ്