ഒന്നും മിണ്ടാതെ മീനാക്ഷി കുഞ്ഞിനേയും കൊണ്ട് മഹേഷിന്റെ കാറിനെ ലക്ഷ്യമാക്കി നടന്നു. തന്റെ മകനെ കൊണ്ടു പോകുന്നത്…

Story written by Shaan Kabeer

===============

“ദാ ഇവിടെ അവസാനിക്കാണ് രാജീവേട്ടാ, ഇനി എന്റേയും കുട്ടിയുടേയും മേൽ രാജീവേട്ടന് ഒരു അധികാരവുമില്ല”

ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ട് മീനാക്ഷി രാജീവിന്റെ കണ്ണിലേക്ക് നോക്കി. രാജീവ്‌ ഒന്നും മിണ്ടാതെ തന്റെ ഒന്നര വയസ്സുള്ള മകന്റെ നുണക്കുഴി കാട്ടിയുള്ള ചിരിയിൽ മുഴുകി നിന്നു. പുറത്ത് നിന്നും കാറിന്റെ നീട്ടിയുള്ള ഹോൺ കേട്ട് മീനാക്ഷി കുട്ടിയേയും കൊണ്ട് നടന്നു നീങ്ങിയപ്പോൾ രാജീവ്‌ പിറകിൽ നിന്നും വിളിച്ചു

“മീനൂട്ടി, മഹേഷാണോ കൂടെ…?”

ഒന്ന് നിന്നിട്ട് അവൾ രാജീവിനെ നോക്കി മൂളി

“ഉം…”

രാജീവ്‌ ഒന്ന് പുഞ്ചിരിച്ചു

“അഡ്വാൻസ് ഹാപ്പി മാരീഡ് ലൈഫ്”

ഒന്നും മിണ്ടാതെ മീനാക്ഷി കുഞ്ഞിനേയും കൊണ്ട് മഹേഷിന്റെ കാറിനെ ലക്ഷ്യമാക്കി നടന്നു. തന്റെ മകനെ കൊണ്ടു പോകുന്നത് നിറകണ്ണുകളോടെ രാജീവ്‌ നോക്കി നിന്നു. കൂട്ടുകാരൻ സകരിയ രാജീവിനെ ആശ്വസിപ്പിച്ചു. അന്ന് രാത്രി ബോധം നശിക്കുന്നത് വരെ അവൻ മ ദ്യപിച്ചു. തന്റെ മകനെ കുറിച്ചു മാത്രം അയാൾ പറഞ്ഞുകൊണ്ടിരുന്നു. അത്രക്ക് സ്നേഹിച്ചിരുന്നു രാജീവ്‌ തന്റെ മകനെ.

ദിവസങ്ങൾ കടന്നുപോയി….

മീനാക്ഷിയുടേയും മഹേഷിന്റെയും വിവാഹം കഴിഞ്ഞു. ഒരേ ഓഫീസിലായിരുന്നു അവർ ജോലി ചെയ്തിരുന്നത്…

ഒരുപാട് കൂട്ടുകാരും വെള്ളെമടിയും ഒക്കെയായി ഒരു താന്തോന്നി ലൈഫ് സ്റ്റൈലായിരുന്നു രാജീവിന്റേത്. ഒരു സാധാരണ നാട്ടിൻപുറത്തുകാരിയായ മീനാക്ഷിക്ക് രാജീവിന്റെ ആ ലൈഫ് സ്റ്റൈൽ ഒരിക്കലും അക്സെപ്റ്റ് ചെയ്യാൻ സാധിച്ചില്ല. അതുകൊണ്ട് തന്നെയാണ് മീനാക്ഷി രാജീവിൽ നിന്ന് അകന്നതും.

ഓരോ ദിവസം കഴിയുംതോറും രാജീവിന് തന്റെ മകനെ കാണണം എന്ന ആഗ്രഹം വർധിച്ചു. ഒരു ദിവസം സകരിയയേയും കൂട്ടി രാജീവ് മഹേഷിന്റെ നാട്ടിലേക്ക് തിരിച്ചു. ആ യാത്ര ആദ്യം എതിർത്തെങ്കിലും മോനെയൊന്ന് കണ്ടാല്‍ മാത്രം മതി എന്ന് രാജീവ് നിറകണ്ണുകളോടെ പറഞ്ഞപ്പോള്‍ സകരിയക്ക് സമ്മതിക്കേണ്ടി വന്നു.

അങ്ങനെ അന്വേഷിച്ച് അവർ മഹേഷിന്റെ വീട് കണ്ടെത്തി. വീടിന് കുറച്ച് അകലെ കാർ നിറുത്തിയിട്ടു. തന്നെ മീനാക്ഷി കാണരുത് എന്ന് രാജീവിന് നിർബന്ധമുണ്ടായിരുന്നു. മീനാക്ഷി കുഞ്ഞിനേയും കൊണ്ട് പുറത്തേക്ക് വരുന്നതും നോക്കി അവന്‍ കാത്തിരുന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞു, പത്ത് മിനിറ്റ് കഴിഞ്ഞു, ഒരു മണിക്കൂര്‍ കഴിഞ്ഞു പക്ഷെ അവള്‍ വന്നില്ല..രാജീവ്‌ ക്ഷമയോടെ കാത്തിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ മീനാക്ഷി തന്റെ കുഞ്ഞിനേയും കൊണ്ട് അതാ വരുന്നു. അവൾ കുഞ്ഞിനെ താലോലിക്കുകയായിരുന്നു. അവള്‍ എന്തൊക്കെയോ മോനോട് പറയുന്നുണ്ട്. മോൻ അവളെ നോക്കി കുടു കുടാ ചിരിക്കുന്നു. അവരുടെ കളികൾ കണ്ടപ്പോള്‍ രാജീവന്റെ കണ്ണുകള്‍ അവന്‍ പോലും അറിയാതെ നിറഞ്ഞൊഴുകി. നിറകണ്ണുകളോടെ അവന്‍ അവിടെ നിന്നും പോകാന്‍ ഒരുങ്ങി. ആ സമയം മീനാക്ഷി അവനെ കണ്ടു.

അവൾ ഒന്നും മിണ്ടിയില്ല. രാജീവ്‌ അടുത്ത്‌ ചെന്നിട്ട്  ദയനീയമായി മീനാക്ഷിയെ നോക്കി

“മീനുട്ടി, ഞാന്‍…ഞാൻ മോനെയൊന്ന് എടുത്തോട്ടെ”

മീനാക്ഷി ഒന്നും മിണ്ടാതെ മോനെ രാജീവിന്റെ  കയ്യില്‍ കൊടുത്തു. ആ നിമിഷം ഈ ലോകം മുഴുവന്‍ വെട്ടിപ്പിടിച്ചതുപോലെ തോന്നി രാജീവിന്. മോനെ അവന്‍ തുരു തുരാ ഉമ്മവച്ചു. അവന്റെ കണ്ണുകള്‍ തിളങ്ങി. ഇതെല്ലാം കണ്ടുകൊണ്ട് മഹേഷ്‌ നിൽപുണ്ടായിരുന്നു. അയാൾ രാജീവിന്റ പക്കലിൽ നിന്നും കുട്ടിയെ ബലമായി പിടിച്ചു വാങ്ങി. എന്നിട്ട് രാജീവിനെ തറപ്പിച്ച് നോക്കി

“രാജീവ് നിങ്ങളിനി ഇവിടെ വരരുത്. നിങ്ങളുടെ മകനെ ഞങ്ങള്‍ പൊന്നുപോലെ നോക്കും. നിങ്ങൾ ഇനിയും ഇവിടെ വന്നാല്‍ എനിക്കെന്റെ ഭാര്യയെ ആത്മാർത്ഥമായി സ്നേഹിക്കാൻ സാധിക്കില്ല. അത്കൊണ്ട് പ്ലീസ്…”

ഇത് കേട്ടപ്പോള്‍ രാജീവ് ദയനീയമായി മഹേഷിനെ നോക്കി

“ഇല്ല മഹേഷ്‌, ഞാന്‍ കാരണം നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ സ്നേഹിക്കാതെയിരിക്കേണ്ട. ഭാര്യയെ സ്നേഹിച്ച് കഴിഞ്ഞ് അതിൽ കുറച്ച് സ്നേഹം ബാക്കിയുണ്ടങ്കിൽ ആ സ്നേഹം എന്റെ മകനു കൊടുക്കണം. അവൻ എന്നേപ്പോലെ സ്നേഹം കിട്ടാതെ വളരാൻ പാടില്ല. ഇനി ഞാന്‍ വരില്ല. ഞാൻ മരിച്ചാൽ എന്റെ ചിതക്ക് മോനെക്കൊണ്ട് കൊള്ളിവെപ്പിക്കണം. ആ ഒരു ഉറപ്പ് മഹേഷ്‌ എനിക്ക് തരണം. ഇത് എന്റെയൊരു അപേക്ഷയാണ്”

അയാൾ രാജീവിന് ഉറപ്പു നൽകി. രാജീവ്‌ അവരോട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. കാറിൽ കയറാൻ നേരം അവന്‍ തന്റെ മകനെ ഒന്നുകൂടിയൊന്ന് നോക്കി. മോൻ രാജീവിനെ നോക്കി കണ്ണിറുക്കി പുഞ്ചിരിച്ചു. നിറകണ്ണുകളോടെ രാജീവ്‌ അവിടെനിന്നും യാത്രയായി.

തിരിച്ച് വീട്ടിലെത്തിയ രാജീവിന് കുറച്ച് ദിവസം ഉറങ്ങാൻ സാധിച്ചില്ല. മകന്റെ മുഖം മാത്രമായിരുന്നു മനസ്സില്‍. അവന് ആകെ ആശ്വാസം മ ദ്യത്തിന്റ ല ഹരി മാത്രമായിരുന്നു. ദിവസവും ഓർമ്മ നശിക്കും വരെ രാജീവ്‌ മ ദ്യപിച്ചു. സകരിയ മെല്ലെ രാജീവിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടു വരാന്‍ ശ്രമിച്ചു. അങ്ങനെ ദിവങ്ങൾ ഓരോന്നായി കടന്നുപോയി.

ഇരുപത്തഞ്ച് വർഷങ്ങൾക്ക് ശേഷം…

ഈ ഇരുപത്തിയഞ്ച് വർഷത്തിനുള്ളിൽ രാജീവിന് വന്ന മാറ്റം, ശരീരം കുറച്ച് തടിച്ചിട്ടുണ്ട്. പിന്നെ അയാളുടെ സാൾട്ട് ആൻഡ് പെപ്പർ ഹെയർ സ്റ്റൈല്‍ കാണാന്‍ നല്ല ചന്തമുണ്ടായിരുന്നു. ആ കള്ള ചിരിയും കുസൃതിയും ഇന്നും അതു പോലെ തന്നെ നില്‍ക്കുന്നു. ഇരുപത് വർഷത്തിനുള്ളിൽ ഒരിക്കല്‍ പോലും തന്റെ മകനെ കാണാൻ രാജീവ്‌ ശ്രമിച്ചിരുന്നില്ല. എല്ലാ സങ്കടങ്ങളും അവൻ ഉള്ളിലൊതുക്കി ജീവിച്ചു. പുറമെ എല്ലാവരുമായും ചിരിച്ച് കളിച്ചു നടന്നു. അങ്ങനെയിക്കെ ഒരുദിവസം രാജീവ്‌ സകരിയയോട് പറഞ്ഞു

“എനിക്ക് എന്റെ മകനെ കാണണം. ഏതായാലും ഈ ജീവിതം ആടിത്തീരാറായില്ലേ, അതിനു മുമ്പ് എനിക്ക് അവന്റെ കൂടെ കുറച്ച് ദിവസം ചിലവഴിക്കണം. ഇത് എന്റെ അവസാനത്തെ ആഗ്രഹമാണ് സകരിയ എതിര് പറയരുത്”

ഒന്ന് പുഞ്ചിരിച്ച് സകരിയ സമ്മതം മൂളി. അങ്ങനെ അവര്‍ ഒരുമിച്ച് യാത്ര തിരിച്ചു.

യാത്രയിലുടനീളം രാജീവ്‌ തന്റെ മകനെ കുറിച്ച് മാത്രമായിരുന്നു സംസാരിച്ചുകൊണ്ടിരുന്നത്. അവന്‍ ഇപ്പോള്‍ വലിയ ആളായി കാണുമെന്നും, താനാണ് അവന്റെ അച്ഛന എന്നറിയുമ്പോൾ എന്തായിരിക്കും അവന്റെ മാനസികാവസ്ഥ, അവന്‍ എങ്ങനെയായിരിക്കും തന്നോട് പ്രതികരിക്കുക, ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ രാജീവ്‌ സകരിയയുടെ അടുത്ത് ആവർത്തിച്ചുകൊണ്ടിരുന്നു. യാത്രക്കൊടുവിൽ അവര്‍ മീനാക്ഷിയുടെ വീട്ടിലെത്തി.

വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച്ച. മീനാക്ഷി തനിച്ചേ ഉണ്ടായിരുന്നുള്ളൂ അവിടെ. മഹേഷ്‌ നാല്‌ വർഷം മുന്നേ മരണപ്പെട്ടു. രാജീവിനെ കണ്ടതും മീനാക്ഷിയുടെ മുഖത്ത് ഒരു പരിഭ്രമം. ഇത് മനസിലാക്കിയ രാജീവ് അവളെ നോക്കി പുഞ്ചിരിച്ചു

“മീനുട്ടി പേടിക്കേണ്ട, ഞങ്ങള്‍ മോനെ കൊണ്ട് പോകാന്‍ വന്നതൊന്നുമല്ല. അവന്റെ കൂടെ കുറച്ചു ദിവസം ചിലവഴിക്കാൻ ഒരു മോഹം. ഞാൻ കുറച്ച് ദിവസത്തിന് ഇവിടെ അടുത്ത് ഒരു റിസോർട്ട് വാടകയ്ക്ക് എടുത്തിട്ടുണ്ട്, ഞങ്ങൾ കുറച്ച് ദിവസം അവിടെ കാണും. മീനുട്ടി എതിർത്തൊന്നും പറയരുത്. ഒരിക്കലും ഞാന്‍ അവന്റെ അച്ഛനായിട്ടായിരിക്കില്ല മോനെ സമീപിക്കുക, അത് ഒരു പക്ഷേ പെട്ടെന്ന് അവന് ഉൾക്കൊള്ളാൻ പറ്റി എന്നു വരില്ല”

മീനാക്ഷി രാജീവിനെ നോക്കി

“എന്നേക്കാൾ അവന് ഇഷ്ടം മഹേഷേട്ടനെ ആയിരുന്നു. മഹേഷേട്ടനല്ല നിങ്ങളാണ്  അച്ഛന്‍ എന്ന് അറിയുമ്പോഴുള്ള അവന്റെ മാനസികാവസ്ഥ എനിക്ക് ചിന്തിക്കാന്‍ പോലും വയ്യ”

മീനാക്ഷിയുടെ പരിഭ്രമം കണ്ടപ്പോൾ സകരിയ ആശ്വസിപ്പിച്ചു

“മീനാക്ഷി പേടിക്കേണ്ട. ഞങ്ങള്‍ മോനെ കുറിച്ച് അതായത് റോഷനെ കുറിച്ച് അന്വേഷിച്ചിരുന്നു. അവനും കൂട്ടുകാരും കൂടി ദി ഡാൻസേർസ് എന്ന ട്രൂപ്പ് നടത്തുകയാണന്നും, വലിയ ഒരു ഡാന്‍സർ ആവണമെന്നുള്ളതാണ് അവന്റെ ആഗ്രഹം എന്നുമൊക്കെ അറിയാൻ കഴിഞ്ഞു. ഞങ്ങൾ റോഷന്റെ അടുത്തേക്ക് പോകുന്നത് അവരുടെ ടീമിന്റെ ഒരു പ്രോഗ്രാം ബുക്ക് ചെയ്യാനാണ്. ഒരു വലിയ പ്രോഗ്രാം”

റോഷൻ സമ്മതിച്ചാൽ അമേരിക്കയിലുള്ള തന്റെ കൂട്ടുകാരന്‍ വഴി ഒരു പ്രോഗ്രാം സെറ്റാക്കാനായിരുന്നു രാജീവിന്റെ പ്ലാൻ. എന്നിട്ട് ആ പ്രോഗ്രാമിന്റെ പേരും പറഞ്ഞ് പതിനഞ്ചു ദിവസത്തെ റിഹേയ്സൽ താൻ വാടകക്ക് എടുത്തിരിക്കുന്ന റിസോട്ടിൽ വച്ച് നടത്തി, ആ പതിനഞ്ച് ദിവസം തന്റെ മകന്റെ കൂടെ ചിലവഴിക്കുക ഇതായിരുന്നു രാജീവിന്റെ പ്ലാൻ.

മീനാക്ഷിയുടെ മൗന സമ്മതവും വാങ്ങി അവർ പ്രോഗ്രാം ബുക്കു ചെയ്യാന്‍ റോഷന്റെ  അടുത്തേക്ക് പോയി.

ഇരുപത്തഞ്ച് വർഷങ്ങൾക്ക് ശേഷം തന്റെ മകനെ കാണാന്‍ പോകുന്ന ആവേശവും സന്തോഷവും വെപ്രാളവും രാജീവിൽ ഉണ്ടായിരുന്നു.

അവര്‍ റോഷന്റെ ട്രൂപ്പിൽ എത്തി. റോഷനെ  അന്വേഷിച്ചു. കൂട്ടുകാരന്‍ അവരെ നോക്കി

“റോഷൻ ഡാന്‍സ് പ്രാക്ടീസിലാണ്. നമുക്ക് അവനെ അവിടെപ്പോയി കാണാം”

അവര്‍ മൂന്നു പേരും കൂടി റോഷന്റെ അടുത്തേക്ക് പോയി. നല്ല സൗന്ദര്യമുള്ള, ആകാര ഭംഗിയുള്ള, സുമുഖനായ ഒരു ചെറുപ്പക്കാരന്‍ അവിടെ തകർത്താടുകയായിരുന്നു അപ്പോള്‍. രാജീവിന്റ ഹൃദയമിടിപ്പുകൾ കൂടി, കണ്ണുകള്‍ നിറഞ്ഞു

“എന്റെ മോൻ…എന്റെ…മോനാ…അത്”

പതിഞ്ഞ സ്വരത്തില്‍ രാജീവ് സകരിയയുടെ തോളില്‍ കൈവെച്ച്  തേങ്ങി.

അപരിചിതരെ കണ്ടപ്പോള്‍ റോഷൻ  മ്യൂസിക്ക് ഓഫാക്കി അവരുടെ അടുത്തേക്ക് ചെന്നു. രാജീവിനോടും സകരിയയോടും അവൻ കാര്യം തിരക്കി. പ്രോഗ്രാം ബുക്ക് ചെയ്യാന്‍ വന്നവരാണ് എന്ന് പറഞ്ഞപ്പോള്‍ അവരെ ഓഫീസിലേക്ക് കൊണ്ടുപോയി.

രാജീവ് അമേരിക്കന്‍ പ്രോഗ്രാമിനെ കുറിച്ച് റോഷനുമായി  സംസാരിച്ചു. അമേരിക്കൻ പ്രോഗ്രാം എന്ന് കേട്ടപ്പോള്‍ റോഷന് തല കറങ്ങുന്നതു പോലെ തോന്നി. ഇത് സ്വപ്നമല്ലാ എന്ന് ഉറപ്പ് വരുത്താന്‍ അവന്‍ സ്വയം നുള്ളി നോക്കി. കാരണം അവന്‍ ഇതു വരെ തട്ടിക്കൂട്ട് പരിപാടികള്‍ മാത്രമേ ചെയ്തിട്ടുണ്ടായിരുന്നൊള്ളൂ. അത് രാജീവിനും അറിയാമായിരുന്നു.

പിന്നെ അങ്ങോട്ട് റോഷന്റെ  പെർഫോമൻസ് ആയിരുന്നു. ലാപ്ടോപ്പ് എടുക്കുന്നു, അവരു പറഞ്ഞ തീയതി വേറെ പ്രോഗ്രാം ഉണ്ടോ എന്ന് നോക്കുന്നു, തന്റെ മാനേജറെ വിളിക്കുന്നു, ഇത് കണ്ട് കൊണ്ടിരുന്ന രാജീവും സകരിയയും ചിരിയടക്കാൻ ഒരുപാട് ബുദ്ധിമുട്ടി

“ഇവൻ ആള് കൊള്ളാമല്ലോ”

ശബ്ദം താഴ്ത്തി രാജീവ് സകരിയായോട് പറഞ്ഞു

“തന്റെയല്ലേ വിത്ത് അങ്ങനെയെ വരൂ”

സകരിയ ചിരിച്ചു കൊണ്ട് പറഞ്ഞു.

അങ്ങനെ പ്രോഗ്രാം ബുക്ക് ചെയ്ത് അഡ്വാൻസും കൊടുത്തു. രണ്ട് ദിവസത്തിനകം റിഹേസൽ ആരംഭിക്കണം. റിഹേസൽ ആരംഭിച്ച് അമേരിക്കയിലേക്കുള്ള വിസ ഉടൻ റെഡിയാക്കി പെട്ടന്ന് പറക്കണം. സമയം വളരെ കുറവായിരുന്നു.

ഇത്രയും കാലം അവതരിപ്പിച്ച നമ്പര്‍ ഒന്നും മതിയാകില്ല അമേരിക്കയില്‍ എന്ന് റോഷന്  അറിയാമായിരുന്നു. അമേരിക്കൻ പ്രോഗം കഴിഞ്ഞ് കിട്ടുന്ന കാശുകൊണ്ട് തങ്ങളുടെ ട്രൂപ്പ് ഒന്ന് മോടിപിടിപ്പിക്കണം എന്ന് റോഷനും  കൂട്ടുകാരും ആഗ്രഹിച്ചിരുന്നു. അങ്ങനെ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം റിസോട്ടിൽ റിഹേസൽ ആരംഭിച്ചു.

കളിയും ചിരിയും തമാശയുമൊക്കെയായി റിഹേസൽ പുരോഗമിച്ചു. റോഷന് രാജീവിനെ വളരെയധികം ഇഷ്ടമായി. റോഷൻ തന്റെ അച്ഛനെ കുറിച്ചായിരുന്നു കൂടുതല്‍ സമയവും രാജീവിനോട് പറഞ്ഞിരുന്നത്. തന്റെ അച്ഛനെപോലത്തെ അച്ഛനെകിട്ടാൻ പുണ്യം ചെയ്യണമെന്നും, തന്നെ അത്ര മാത്രം സ്നേഹിച്ചിരുന്നുവെന്നും പറഞ്ഞ് അവൻ ഇടക്കിടെ രാജീവിന്റെ അടുത്ത് വാചാലനാവാറുണ്ടായിരുന്നു.

രാജീവിന്റെ കുടുംബത്തെ കുറിച്ച് റോഷൻ ചോദിക്കുമ്പോഴൊക്കെ രാജീവ് ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി.

ദിവസങ്ങൾ വളരെ പെട്ടെന്ന് കടന്ന് പോയി…

റിഹേയ്സൽ അവസാനിച്ചു. ഈ കുറഞ്ഞ ദിവസംകൊണ്ട് രാജീവും റോഷനും മാനസികമായി വളരെ അടുത്തു. താന്‍ ഇത്രയും കാലം ജീവിച്ചതിനേക്കാൾ കൂടുതൽ തന്റെ മകനോടൊത്തുള്ള ആ കുറച്ച് ദിനങ്ങളെ രാജീവ് സ്നേഹിച്ചു.

നാളെയാണ് റോഷനും കൂട്ടുകാരും അമേരിക്കയിലേക്ക് പോകുന്നത്. നാട്ടിൽ ചില ആവശ്യങ്ങള്‍ ഉള്ളതിനാല്‍ രാജീവ് റോഷന്റെ കൂടെ പോകുന്നില്ല. അതിൽ റോഷന്  നല്ല പരിഭവവും ഉണ്ടായിരുന്നു. താനാണ് അവന്റെ അച്ഛനെന്ന് പറയാന്‍ ഇനി വൈകിക്കേണ്ട എന്ന് സകരിയ രാജീവിനോട് പറഞ്ഞു. നാളെ അവനെ യാത്രയാക്കാൻ നേരം പറയാം എന്ന് രാജീവ് സകരിയയോട് പറഞ്ഞു.

അടുത്ത ദിവസം രാജീവും സകരിയായും കൂടി എയര്‍ പോർട്ടിൽ എത്തി. അവരേയും കാത്ത് റോഷനും കൂട്ടുകാരും പിന്നെ മീനാക്ഷിയും നിൽപ്പുണ്ടായിരുന്നു.

മീനാക്ഷി ആകെ ടെന്‍ഷനിൽ ആയിരുന്നു. സത്യം റോഷൻ അറിഞ്ഞുകഴിഞ്ഞാലുള്ള  അവസ്ഥ അവള്‍ക്ക് ഊഹിക്കാൻ കൂടി സാധിക്കില്ലായിരുന്നു. രാജീവ് അവരുടെ അടുത്തേക്ക് പോയി. റോഷൻ നല്ല സന്തോഷത്തിലായിരുന്നു. അവൻ രാജീവിന്റെ കാൽ തൊട്ട് വന്ദിച്ചു. രാജീവ് മീനാക്ഷിയോട് കുറച്ച് സംസാരിക്കാന്‍ ഉണ്ട് എന്ന് പറഞ്ഞ് കുറച്ച് മാറിനിന്നു. രാജീവ്‌ അവളുടെ കണ്ണിലേക്ക് നോക്കി

“റോഷൻ മീനൂട്ടിയേയും മഹേഷിനേയും വളരെയധികം സ്നേഹിക്കുന്നുണ്ട്. ആ സ്നേഹം ഞാന്‍ തട്ടിപ്പറിക്കുന്നില്ല. ഒരു അമ്മയുടെ വാത്സല്യം അറിയാത്തത് കൊണ്ടാണ് ഞാന്‍ ക ള്ളു കുടിയനായും, തെ മ്മാടിയായും എന്റെ ജീവിതം ആടിത്തീർത്തത്. മീനാക്ഷിയെപ്പോലെ ഒരു അമ്മ എനിക്ക് ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇങ്ങനെയൊന്നും ആകില്ലായിരുന്നു. എന്റെ മകന്‍ ഭാഗ്യവാനാണ് നിന്നെപ്പോലെ ഒരമ്മയെ കിട്ടിയതിൽ”

അത്രയും പറഞ്ഞുകൊണ്ട് തന്റെ കണ്ണില്‍ തളം കെട്ടി നിൽക്കുന്ന കണ്ണുനീര്‍ രാജീവ്‌ തുടച്ചു മാറ്റി. എന്നിട്ട് റോഷനും കൂട്ടുകാരും നിൽക്കുന്നിടത്തേക്ക് പോയി.

റോഷൻ അവിടെ കൂട്ടുകാരുമായി ഭയങ്കര ചർച്ചയിലായിരുന്നു. രാജീവിനെ കണ്ട ഉടനെ റോഷൻ ചോദിച്ചു

“എന്താണ് അമ്മയുമായി ഒരു സ്വകാര്യം. എനിക്കുള്ള എന്തെങ്കിലും പണി ആയിരിക്കും അല്ലേ”

രാജീവ് റോഷന്റെ തോളിലൂടെ കയ്യിട്ടു. എന്നിട്ട് ചിരിച്ചുകൊണ്ട് അവനെ നോക്കി

“ഞാൻ നിന്റെ അമ്മയോട് പറയുകയായിരുന്നു, നിനക്ക് പറ്റിയ ഒരു പെണ്ണുണ്ട് എന്റെ നാട്ടില്‍ എന്ന്. അപ്പൊ നിന്റെ അമ്മ പറയാ അവന്‍ കുഞ്ഞല്ലേ ഒരു അഞ്ചാറു വർഷം കഴിഞ്ഞിട്ടു നോക്കാം എന്ന്. അപ്പോ ഞാന്‍ പറഞ്ഞു”

ചിരിച്ചുകൊണ്ട് സംസാരിച്ചിരുന്ന രാജീവിന്റെ ശബ്ദം ഇടറി. കണ്ണുകള്‍ നിറഞ്ഞു. അവൻ സംസാരം തുടർന്നു

“എനിക്ക്…അതിന്…ഇനി അധികം ആയുസ്സ് ഇല്ലല്ലോ എന്ന്…ഇപ്പൊതന്നെ ദൈവത്തിന്റെ ബോണസിലാ പോയിക്കൊണ്ടിരിക്കുന്നേ…ഡോക്ടര്‍ പറഞ്ഞു എനിക്ക് ക്യാന്‍സറാണന്ന്.കൂടിയാല്‍ ഒരു മാസം…അത്രയേ ഞാന്‍ ഇനി ജീവനോടെ ഉണ്ടാകൂ എന്ന്…ആ ഒരു മാസത്തില്‍ റോഷാ….നിന്റെയും നിന്റെ കൂട്ടുകാരുടെയും കൂടെ ജീവിച്ച ഈ കുറച്ച് ദിനങ്ങള്‍ എനിക്ക് സമ്മാനിച്ചത് ഒരു യുഗത്തിന്റെ  സന്തോഷമായിരുന്നു”

രാജീവിന്റെ വാക്കുകൾ കേട്ട് റോഷനും കൂട്ടുകാരും ഒന്നു ഞെട്ടി. എന്നിട്ട് പരസ്പരം നോക്കി. നിറകണ്ണുകളോടെ റോഷൻ രാജീവിനെ കെട്ടിപിടിച്ചു. രാജീവ് റോഷനെ ചേർത്ത് പിടിച്ചു

“നീ ചോദിക്കാറില്ലേ എന്റെ കുടുംബത്തെ പറ്റി. എനിക്ക് സ്വന്തം എന്ന് പറയാന്‍ ആരുമില്ല. അത്കൊണ്ട് തന്നെ ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ അന്ത്യകർമ്മങ്ങൾ ചെയ്യാന്‍ എനിക്ക് ആരുമില്ല. എന്റെ ആത്മാവ് ഗതികിട്ടാതെ അലയാൻ പാടില്ല. അതുകൊണ്ട്…അതുകൊണ്ട്…എന്റെ മരണ ശേഷം ഒരു മകന്റെ സ്ഥാനത്തുനിന്ന് നീ എന്റെ അന്ത്യകർമ്മങ്ങൾ ചെയ്യോ”

രാജീവ്‌ പറഞ്ഞ് അവസാനിപ്പിച്ചതും റോഷൻ രാജീവിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞതും ഒരുമിച്ചായിരുന്നു…

~ഷാൻ കബീർ.