തന്റെ മുഖത്തുനിന്നും പേടിയും സങ്കടവുമെല്ലാം മായുന്നതുവരെ അമ്മ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും…

ജീവനില്ലാത്ത പ്രൊഫൈലുകൾ…

Story written by Neeraja S

==============

പേടിപ്പെടുത്തുന്ന സ്വപ്നത്തിനൊടുവിൽ ഞെട്ടിയുണർന്നു നോക്കുമ്പോൾ നേരം നന്നായി വെളുത്തിരുന്നു. ഭിത്തിയിൽ തൂക്കിയിരിക്കുന്ന ക്ലോക്കിൽ സമയം ഏഴര കഴിഞ്ഞിരിക്കുന്നു. വല്ലാത്തൊരു സ്വപ്നം…

വെളുപ്പാൻകാലത്തു കാണുന്ന സ്വപ്‌നങ്ങൾ ഫലിക്കുമെന്നാണ് പറയുന്നത്. വെള്ളപുതച്ചു നീണ്ടുനിവർന്നു കിടക്കുന്ന തനിക്കു ചുറ്റിനും അലറിക്കരയുന്ന ഉറ്റവർ..ചാടിയെഴുന്നേൽക്കാൻ ശ്രമിച്ചുനോക്കി..തറയിൽ പശ വച്ചൊട്ടിച്ചത് പോലെ..

അമ്മയുടെ മുഖമാണ് പെട്ടെന്ന് മനസ്സിലേക്കോടി  വന്നത്…കുഞ്ഞായിരുന്നപ്പോൾ ഇതുപോലെ സ്വപ്നംകണ്ട് കരയും.

“ഉണ്ണി..കരയണ്ട കെട്ടോ…നമ്മൾ മരിക്കുന്നതായി സ്വപ്നം കണ്ടാൽ നമ്മളല്ല മരിക്കുക..നമുക്ക് വേണ്ടപ്പെട്ടവർ ആരെങ്കിലുമായിരിക്കും..എന്തായാലും ഇന്ന് ഉണ്ണിക്ക് ഒരു മരണവാർത്ത കേൾക്കേണ്ടി വരും.”

“അപ്പോൾ ഞാൻ മരിക്കില്ലേ… “

“ഇല്ല ഉണ്ണി..മോൻ അമ്മയും അച്ഛനുമൊക്കെ മരിച്ചു കഴിഞ്ഞ് മക്കളും കൊച്ചുമക്കളുമൊ ക്കെയായി ഒരു നൂറുകൊല്ലമെങ്കിലും എന്റെ ഉണ്ണി ജീവിക്കും..”

തന്റെ മുഖത്തുനിന്നും പേടിയും സങ്കടവുമെല്ലാം മായുന്നതുവരെ അമ്മ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും. അമ്മയെക്കുറിച്ചോർത്തപ്പോൾ ഒരു കൊച്ചു കുഞ്ഞായതുപോലെ. എഴുന്നേൽക്കാൻ മടിയോടെ അൽപനേരം കൂടി ഓർമകളിൽ മുങ്ങിയങ്ങനെ കിടന്നു..

“എഴുന്നേൽക്കാറായില്ലേ…?? ഇന്ന് സൺ‌ഡേ ആയതുകൊണ്ടാണ് വിളിക്കാതിരുന്നത്..”

ആനി പതിവ് ചായയുമായെത്തി. രാത്രിയിൽ ഏറെനേരം തോണ്ടിക്കളിച്ച മൊബൈൽ അടുത്തുള്ള മേശയിൽ വിശ്രമിക്കുന്നു. എന്നും രാവിലെ ചായയ്ക്കൊപ്പം മൊബൈലിൽ സെർച്ച്‌ പതിവാണ്.

ആദ്യം ഫേസ്ബുക്കിൽ നോട്ടിഫിക്കേഷൻ വല്ലതും വന്നിട്ടുണ്ടോന്നാണ് നോക്കിയത്..തലേദിവസം പോസ്റ്റ്‌ചെയ്ത തമാശനിറഞ്ഞ രാഷ്ട്രീയ പോസ്റ്റിനു കുറെ കമന്റും ലൈക്കും വന്നിട്ടുണ്ട്..അത് പിന്നീട് നോക്കാം..പെട്ടെന്നാണ് പിറന്നാൾ ആശംസകൾ നേരാനുള്ള നോട്ടിഫിക്കേഷൻ കണ്ടത്..

വിറച്ചുപോയി..ഹൃദയം കീറിമുറിയുന്ന വേദനയോടെ വീണ്ടും നോക്കി..ടോണിയുടെ ബർത്ത്ഡേയാണിന്ന്..രണ്ടുമാസം മുൻപ് ഈ ലോകത്തോട് വിട പറഞ്ഞുപോയ തന്റെ ഉറ്റ സ്നേഹിതൻ..

മനസ്സിനെ ചിതറിച്ചുകൊണ്ടാകും ചില സുപ്രഭാതങ്ങളിൽ മുഖപുസ്‌തകത്തിലെ നോട്ടിഫിക്കേഷൻ രംഗത്തുവരുന്നത്. മരണമടഞ്ഞ പ്രിയപ്പെട്ടവരുടെ പിറന്നാൾ ആശംസിക്കാനായി ഒരു നോട്ടിഫിക്കേഷൻ. അവരെക്കുറിച്ചുള്ള ഓർമകളിൽ വിങ്ങി വിങ്ങി നീറുന്ന ഒരു ദിനമായി മാറുമന്ന്.

യാന്ത്രികമായി അവരുടെ പ്രൊഫൈലിലേക്ക് എത്തിനോക്കിപ്പോകും..സ്വപ്നങ്ങളും സങ്കടവും സന്തോഷവും തുടങ്ങി അവരുടെ ജീവിതം തന്നെ പല വർണ്ണങ്ങളിൽ കോരി നിറച്ചിരിക്കും. മരണത്തിനു തൊട്ടുമുൻപിട്ടിരിക്കുന്ന പോസ്റ്റാവും നമ്മളെ ഏറ്റവും കൂടുതൽ കരയിക്കുക.

അവൻ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ടോണിയും അവസാനമായിട്ട പോസ്റ്റും മരണത്തെക്കുറിച്ചായിരുന്നു.. “ഇനി ഞാനുറങ്ങട്ടെ ” എന്ന ഹെഡിങ്ങിനു താഴെയായി പതിവ് ശൈലിയിൽ കുറിച്ചിരുന്നു..

“വെള്ളിമേഘങ്ങൾക്കിടയിലൂടെ പറക്കാൻ ആരാണ് കൊതിക്കാത്തത്..?? തിരികെ വരാനാകാത്തവിധം ദൂരങ്ങളിലേക്ക്…ഒരിക്കലും തിരിഞ്ഞൊന്നു നോക്കാതെ…വരുന്നുണ്ടോ ആരെങ്കിലും ഒരു കൂട്ടിന്…??”

നേരിയ തലവേദനയും ഉള്ളിൽ കിടക്കുന്ന ബി യറും ഉറക്കത്തെ മാടിവിളിക്കുന്നുണ്ടായിരുന്നു. വായിച്ചിട്ട് തമാശയായി ഒരു കമന്റ്… “ജ്ജ് ഒന്ന് പോയെ..ഇന്ന് പറ്റില്ല..നാളെ ഞാനും കൂടി വരാം..പറന്നു മടുക്കുമ്പോൾ എവിടെയെങ്കിലും ഇരിക്കാനുള്ള സ്ഥലവും ചെറുതായി കൂടാനുള്ള സാമഗ്രികളും നീ എടുക്കണേടാ..ഇപ്പോൾ ഗുഡ്നൈറ്റ്‌.. “

അതിനുള്ള മറുപടി നോക്കാൻ പോലും നിൽക്കാതെ ഉറക്കത്തിലേക്ക് വഴുതിവീണു പോയിരുന്നു.

രാവിലെ ഭാര്യയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളായിരുന്നു കണി…തങ്ങൾ തമ്മിലുള്ള കൂട്ടിന്റെ ആഴം നന്നായി അറിയാവുന്ന അവൾ എങ്ങനെപറയുമെന്നറിയാതെ വിതുമ്പി.

“റോയിച്ചാ..നമ്മുടെ ടോണി..അവൻ പോയി.”

“എവിടെ പോയെന്നു..നീ തെളിച്ചു പറയ്‌..”

“ആ ത്മഹത്യ ആയിരുന്നു..ആരോടും ഒന്നും പറയാതെ.. “

ചെവിക്കുള്ളിൽ ഒരു ഇരമ്പൽ..കാതുകളിൽ ഒരു മുഴക്കം മാത്രം.

“നീ..ഫോൺ എടുത്തേ..ഞാൻ അവനെ ഒന്ന് വിളിച്ചു നോക്കട്ടെ… “

“റോയിച്ചൻ എഴുന്നേറ്റു വാ..നമുക്ക് അല്പം കഴിഞ്ഞു വിളിക്കാം.. “

ആനിയുടെ കൂടെ ഹാളിലെ സെറ്റിയിൽ പോയിരിക്കുമ്പോഴും സത്യത്തോട് പൊരുത്തപ്പെടാനാവുന്നുണ്ടായിരുന്നില്ല..എങ്കിലും അവൻ..ഇന്നലെ രാത്രി ഒൻപതുമണിവരെ ഒന്നിച്ചിരുന്നവരാണ്..

ബാറിലെ ഇരുണ്ട മൂലയിലുള്ള ടേബിളിൽ പതിവ് കലാപരിപാടി നടത്താനെത്തിയതായിരുന്നു..

“എന്താടാ..ടോണി ഇന്നൊരു മൂഡ്ഔട്ട്‌… “

മറുപടി പകരമൊരു ചോദ്യമായിരുന്നു..

“ജീവിതത്തിൽ നീ എപ്പോഴെങ്കിലും തോറ്റു പോയിട്ടുണ്ടോ..നിന്നെ ആരെങ്കിലും തോല്പിച്ചിട്ടുണ്ടോ.. “

“ഉണ്ടെടാ..നിനക്ക് അറിയാവുന്നതല്ലേ…”

“അത് നിന്നെ ഒരുത്തി മനഃപൂർവം തോല്പിച്ചതല്ലേ..നീ അതിൽനിന്നും രക്ഷപെട്ടു പോരുകയും ചെയ്തു.. “

“നിനക്ക് ആനിയെ അറിയാല്ലോ…അവളും കുട്ടികളും..അങ്ങനെ പോകുന്നു..ഇനി അവർ എന്നെങ്കിലും എന്നെയൊന്നു തോൽപിക്കണം എന്ന് വിചാരിച്ചാൽ..പെട്ടതുതന്നെ”

“ഇപ്പോൾ എന്താടാ ചോദിക്കാൻ…എന്തുപറ്റി..”

“ഞാൻ ജീവിതത്തിൽ തോറ്റുപോയോ എന്നൊരു തോന്നൽ…ആരൊക്കെയോ ചേർന്ന്. നിനക്ക് മമ്മിയുടെ കാര്യം അറിയാലോ..കല്യാണം കഴിഞ്ഞ് ഏറെ താമസിയാതെ ഗൾഫിൽ പോയവനാണ് ഞാൻ…നീണ്ട പത്തുവർഷങ്ങൾ.. “

“ചാച്ചൻ മരിച്ചതിനു ശേഷം അമ്മച്ചിക്ക് ഞാൻ മാത്രം ഉണ്ടായിരുന്നുള്ളൂ കൂട്ടിന്..പാവം..കല്യാണം കഴിച്ചുകൊണ്ടുവന്ന പെൺകുട്ടി എനിക്ക് പകരം അമ്മച്ചിക്ക് തുണയാകും എന്നോർത്താണ് ഒന്നും നോക്കാതെ ഗൾഫിൽ പോയത്.. “

“അവധിക്കു വരുമ്പോഴെല്ലാം അമ്മച്ചി സന്തോഷം അഭിനയിക്കുകയാണെന്നു തോന്നിയിട്ടുണ്ട്..തിരിച്ചും മറിച്ചും ചോദിച്ചാലും സുഖമാണെന്ന ഒറ്റ മറുപടി മാത്രം..”

“അവൾ ജോലിക്ക് പോകുമ്പോൾ കുഞ്ഞുങ്ങളെ നോക്കുന്നതും വീട്ടിലെ സകലജോലികൾ ചെയ്യുന്നതും അമ്മച്ചി ആയിരുന്നു..”

“ഒരു ജോലിക്കാരിയെ വയ്ക്കാൻ ആൻസി ഒരിക്കലും സമ്മതിച്ചില്ല.. ഇടയ്ക്ക് വിളിച്ചപ്പോൾ അമ്മച്ചിക്ക് ചെറിയ മറവി തുടങ്ങിയെന്നും..അമ്മച്ചിയെ നോക്കാൻ ആളെ വയ്‌ക്കേണ്ടി വരുമെന്നൊക്കെ പറഞ്ഞു ആൻസി ചിതറുന്നുണ്ടായിരുന്നു…”

“ഗൾഫിലെ ജോലി മതിയാക്കി പോരുന്നതിനു ആറുമാസം മുൻപാണ് ആൻസി പുതിയൊരു ആവശ്യം പറഞ്ഞത്…അമ്മച്ചിയെ ഒരു പാലിയേറ്റീവ് കെയർ സെന്ററിൽ ആക്കാൻ സമ്മതം വേണം..തന്റെ സമ്മതം ഇല്ലാതെ പറ്റില്ലല്ലോ  “

“നാട്ടിലെ വിവരങ്ങൾ ബന്ധുക്കൾ മുഖേനയും അറിയുന്നുണ്ടായിരുന്നു..ആൻസിയുടെ സ്വഭാവം കാരണം ആരും അങ്ങോട്ട് അടുത്തില്ല..”

“എങ്കിലും ബന്ധുക്കൾ അമ്മച്ചിയെ വീട്ടിൽ നിന്നും മാറ്റുന്നതിനെ അനുകൂലിച്ചു..ആൻസിയുടെ അടുത്തു നിന്ന് രെക്ഷിക്കാനായിരുന്നു എല്ലാവരും സമ്മതം അറിയിച്ചതെന്ന് ഞാനറിഞ്ഞില്ല.”

“നാട്ടിൽ വന്നു കഴിഞ്ഞ് പലതവണ ശ്രമിച്ചെങ്കിലും അമ്മച്ചി തിരികെ വീട്ടിലേക്കുവരാൻ തയ്യാറായില്ല..ഇണങ്ങിയും പിണങ്ങിയുമൊക്കെ പറഞ്ഞു നോക്കി..”

“എനിക്ക് ചിലതൊക്കെ മനസ്സിലായി റോയിച്ചാ…എന്റെ അമ്മച്ചിക്ക് ഒരു ഓർമ്മക്കുറവുമില്ല..ആൻസിയും വീട്ടുകാരും കൂടി ഉണ്ടാക്കിയെടുത്ത ഓർമക്കുറവ് മാത്രമേ അമ്മച്ചിക്കുള്ളൂ..നാളെ ഞാൻ അമ്മച്ചിയെ വിളിക്കാൻ പോകുകയാണ്..ആൻസിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അവൾ അവളുടെ വീട്ടിൽ പോകട്ടെ.. “

“ആരുമില്ലെങ്കിലും ഇനിയുള്ള ജീവിതം അമ്മച്ചിയുടെ കൂടെമതി. ഞങ്ങൾഅടിച്ചു പൊളിക്കും നീ കണ്ടോ.. “

“നാളെ ഞാനും വരാടാ..എത്ര നാളായി അമ്മച്ചിയെ കണ്ടിട്ട്…?? “

രാവിലെ റെഡിയാകുന്നതിനു മുൻപ് വിളിക്കാമെന്നും പറഞ്ഞു പോയവനാണ്. ടോണിയെ കൂടാതെ വേറെയും സുഹൃത്തുക്കളുണ്ടായിരുന്നുവെങ്കിലും അവനെപ്പോലാരും മനസ്സിലേക്ക് അത്രമാത്രം ആഴത്തിൽ കൂടുവച്ചില്ല.

അവൻ ഇത്രപെട്ടെന്ന് ജീവിതത്തിൽ നിന്നും ഒളിച്ചോടാൻ കാരണം എന്താണെന്നു മാത്രം മനസ്സിലായില്ല..സാധാരണ ആ ത്മഹത്യ ചെയ്തവരുടെ പ്രൊഫൈലിൽ അവർ എന്തെങ്കിലും ഒരു സൂചന ഒളിച്ചു വയ്ക്കാറുണ്ട്. ചതിയുടെയോ നഷ്ടപ്പെടലിന്റെയോ ഒക്കെ കഥകൾ..പിന്നീട് ഒരിക്കൽ അവന്റെ പ്രൊഫൈൽ അരിച്ചുപെറുക്കി  നോക്കി എന്തെങ്കിലും സൂചനയുണ്ടോന്നറിയാൻ. തമാശകൾ മാത്രം വാരി വിതറിയിരുന്ന അവന്റെ എഴുത്തുകളിൽ ഒന്നും കണ്ടെത്താനായില്ല.

“എന്താണ് ഇത്ര കടുത്ത ആലോചന..ഒരു മണിക്കൂർ ആയല്ലോ ഫോണും പിടിച്ചു സ്വപ്നം കാണുന്നു.. “

“ആനി..ടോണിയുടെ പിറന്നാളാണിന്ന്..കഴിഞ്ഞ തവണ എല്ലാവരും കൂടി എന്തുരസമായിരുന്നു..

“റോയിച്ചാ..എന്നാൽ നമുക്ക് ടോണിയുടെ വീടുവരെ പോയാലോ..ചടങ്ങുകൾ കഴിഞ്ഞതിൽ പിന്നെ പോയില്ലല്ലോ..? “

തുറന്നുകിടന്ന ഗേറ്റിലൂടെ വിശാലമായ മുറ്റത്ത്‌ വണ്ടി നിന്നപ്പോൾത്തന്നെ ആൻസിയും കുട്ടികളും കതകുതുറന്നു ഇറങ്ങിവന്നു..ആനി നേരത്തെ വിളിച്ചു പറഞ്ഞിട്ടുണ്ടാകും.

ഒന്നുരണ്ടു സ്നേഹസംഭാഷണങ്ങൾ കഴിഞ്ഞ് ആനിയെയും കൂട്ടി ആൻസി അടുക്കളയിലേക്കു നീങ്ങി..കുട്ടികൾ എല്ലാവരും കൂടി മുകളിലത്തെ നിലയിലേക്ക് പോയിക്കഴിഞ്ഞിരുന്നു.

ടോണിയുടെ ആഗ്രഹം പോലെ പണികഴിപ്പിച്ച വലിയ വീടിന്റെ വിസിറ്റിംഗ് റൂമിൽ അവന്റെ മാലയിട്ട ഫോട്ടോയിലേക്കു നോക്കിയിരിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു..റോയിച്ചാന്ന് വിളിച്ചുകൊണ്ടു തോളത്തു ഒരടിവീണതുപോലെ…സെറ്റിയിൽ തന്നോട് ചേർന്ന് ചിരിയോടെ..തമാശകൾ പറഞ്ഞ്..ഒന്നും ഓർക്കാതിരിക്കുന്നതാണ് നല്ലത്.

എഴുന്നേറ്റ് കുട്ടികളുടെ അടുത്തേക്ക് പോകാനായി നീങ്ങിയപ്പോഴാണ് ഇവിടെ വരുമ്പോഴെല്ലാം കൂടാറുള്ള അവന്റെ അല്ല ഞങ്ങളുടെ സ്പെഷ്യൽ റൂം മുന്നിൽ..അടഞ്ഞുകിടന്ന ഡോറിന്റെ ഹാന്റിലിൽ പിടിച്ചു തിരിച്ചപ്പോൾ ഡോർ തുറന്നു.

ടോണിയുടെ പ്രിയപ്പെട്ട മുറി ആയതുകൊണ്ടാകാം പഴയതുപോലെ തന്നെ സൂക്ഷിച്ചിരിക്കുന്നു..അവന്റെ പെർഫ്യൂമിന്റെ മണം അവിടെയെല്ലാം തങ്ങിനിന്നിരുന്നു..മുറിയുടെ നടുക്കായി മേശയും രണ്ടുകസേരയും ഒന്ന് തനിക്ക് അവകാശപ്പെട്ടതായിരുന്നു.

ഓർമ്മകൾ തിങ്ങിനിറഞ്ഞു മനസ്സാകെ വീർത്തു പൊട്ടാറായതുപോലെ…ആരെയും അമിതമായി സ്നേഹിക്കരുതെന്നു പറയുന്നത് എത്ര ശരിയാണ്.

സ്ഥിരം കസേരയിൽ ചാഞ്ഞിരുന്നു കുറച്ചുനേരം..പോരാനായി എഴുന്നേറ്റപ്പോഴാണ് മേശവലിപ്പ്  ശരിക്കും അടഞ്ഞിട്ടില്ലെന്നു കണ്ടത്..തള്ളി അടക്കാൻ നോക്കിയിട്ട് നടന്നില്ല. തുറന്നിട്ട്‌ ഒന്നുകൂടി വലിച്ചടക്കാനായി തുറന്നപ്പോഴാണ്  നീണ്ട ഒരു കവർ..എടുത്തു തുറന്നു നോക്കി..ഫ്രംഅഡ്രസ് ഏതോ ഓർഫനേജിന്റെ ആയിരുന്നു.

രണ്ടു മാസത്തിലേറെയായി മനസ്സിൽ ചുറ്റിത്തിരിഞ്ഞ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ആ കവറിനുള്ളിൽ.

അമ്മച്ചിയുടെ മരണം അറിയിച്ചുകൊണ്ടുള്ള കത്തായിരുന്നു അത്. മരണം അറിയിക്കാൻ അവിടെ കൊടുത്തിരുന്ന നമ്പറിൽ പലതവണ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ലത്രേ. അനാഥ പ്രേതം കണക്കെ അമ്മച്ചിയെ അവർ അടക്കം ചെയ്തു. അവരുടെ ഭാഗം ക്ലിയർ ചെയ്യാൻവേണ്ടി ഒരു എഴുത്ത് കൊടുത്തിരുന്ന മേൽവിലാസത്തിൽ അയച്ചതാണ്..

കത്തും കൈയിൽ പിടിച്ച് സങ്കടത്തോടെ തലകുനിച്ചിരിക്കെ ചെവിയുടെ അടുത്തായി ഒരു ചെറുനിശ്വാസമേറ്റപോലെ..

“നീ സങ്കടപ്പെടേണ്ടടാ ഉവ്വേ..ഞാനും അമ്മച്ചിയും ഇവിടെ അടിച്ചു പൊളിക്കുവാണ്.. “

ഞെട്ടലോടെ തിരിഞ്ഞു നോക്കി..തുറന്നു കിടക്കുന്ന വാതിലിലൂടെ ഹാളിലിരിക്കുന്ന ഫോട്ടോയിൽ പുഞ്ചിരിയോടെ..ഇപ്പോൾ മുറിയിൽ പെർഫ്യൂമിന്റെ സുഗന്ധമില്ല പകരം അടച്ചിട്ടിരുന്ന മുറിയിൽ തിങ്ങിനിൽക്കുന്ന കനച്ചമണം. വാതിൽചാരി പുറത്തിറങ്ങുമ്പോൾ സങ്കടത്തോടൊപ്പം ചെറിയൊരാശ്വാസവും മനസ്സിൽ നിറഞ്ഞിരുന്നു.

ആ ത്മഹത്യ…അവസാനനിമിഷം വരെ ജീവിതത്തോട് പോരാടിയിട്ടും തോറ്റുപോകുന്നവന്റെ തോല്പിക്കപ്പെട്ടതിന്റെ നൊമ്പരം..ചിലപ്പോൾ അവസാനനിമിഷവും ഒരാശ്രയം തേടുന്നുണ്ടാകാം..അറ്റത്തെത്തി നിൽക്കുമ്പോൾ ഒരു കുഞ്ഞുകിളിയുടെ ചിറകടിയൊച്ചപോലും തിരിഞ്ഞു നടക്കാനുള്ള പ്രേരണയാകാറുണ്ട്.

ആശ്രയത്തിനായി അവസാനനിമിഷം ഒരു കൈ നമുക്ക് നേരെയും നീട്ടുന്നുണ്ടാകാം…പ്രതീക്ഷയോടെ…തള്ളിക്കളയാതെ സ്നേഹത്തോടെ ചേർത്തുപിടിക്കാം….