ഗോപൻ ഭക്ഷണം കഴിക്കുന്നത് നോക്കിക്കൊണ്ടു നിൽക്കെ പതിയെ പറഞ്ഞു…

സ്നേഹനിലാവ്

Story written by Neeraja S

===============

“നിമ്മീ..ബ്രേക്ഫാസ്റ്റിനു എന്താണ്…പോകാൻ സമയമായി… “

അല്പം താമസിച്ചാൽ പിന്നെ അതുമതി. കഴുകിക്കൊണ്ടിരുന്ന പാത്രം അവിടെത്തന്നെ ഇട്ടിട്ട് കൈരണ്ടും സാരിത്തലപ്പിൽ തുടച്ചുകൊണ്ട് ഓടി ചെന്നു.

“അപ്പവും മുട്ടക്കറിയും ഉണ്ട്…ഞാൻ പെട്ടെന്ന് പണികൾ തീർക്കുവായിരുന്നു… “

ഗോപൻ ഭക്ഷണം കഴിക്കുന്നത് നോക്കിക്കൊണ്ടു നിൽക്കെ പതിയെ പറഞ്ഞു.

“ഗോപേട്ടാ….ഞാൻ ഇന്നലെ പറഞ്ഞില്ലാരുന്നോ…? അമ്മയെ കാണാൻ പോകുന്നകാര്യം. ഒരുദിവസം നിന്നിട്ട് നാളെ വരാം.. “

“എവിടെയാണെന്ന് വച്ചാൽ പോയിട്ട് വാ..ഞാൻ ഇവിടെ എങ്ങനെയെങ്കിലും കഴിഞ്ഞോളാം.. ” അയാൾ ദേഷ്യത്തോടെ പിറുപിറുത്തു.

ചെറുതായി സങ്കടം വന്നു. ഇന്ന് പോകണ്ട. അവധി ദിവസം നമുക്കൊരുമിച്ചു പോകാം എന്ന് കേൾക്കാനായിരുന്നു ഇഷ്ടം…

അയാൾ ധൃതിയിൽ കൈ കഴുകി ബാഗും എടുത്ത് പുറത്തേക്കു പോയി. ഓടി ചെന്നപ്പോഴേക്കും സ്കൂട്ടർ ഗേറ്റ് കടന്നിരുന്നു. വല്ലാത്ത ഒരു സങ്കടം. ഹൃദയം നുറുങ്ങുന്ന വേദന. എന്തായിരിക്കും ഇങ്ങനെ ഒക്കെ പെരുമാറുന്നത്..ആലോചിച്ചിട്ട് ഒന്നും മനസ്സിലാകുന്നില്ല…താൻ എന്ത് മാത്രം ശ്രദ്ധയും സ്നേഹവും കരുതലും ആണ് കൊടുക്കുന്നത്..എന്നിട്ടും…

ഏറെ നേരം ഇരുന്നപ്പോഴാണ് പെട്ടെന്ന് ഒരു ചിന്ത മനസ്സിലേക്ക് ഓടിവന്നത്. അമ്മയോട് ഇന്ന് ചെല്ലുന്ന കാര്യം പറഞ്ഞിട്ടില്ല. അപ്പോൾ പോയില്ലെങ്കിലും കുഴപ്പമില്ല. താനില്ലാതെ ഗോപേട്ടൻ എങ്ങനെയാണു ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യുന്നത് എന്ന്കാണണം.

കഴിക്കാനുള്ള ഭക്ഷണം വെള്ളം എടുത്ത് അതിഥികൾ വരുമ്പോൾ കിടക്കുന്ന മുറിയിൽ കൊണ്ട് വച്ചു..എപ്പോഴും പൂട്ടി ഇടാറുണ്ട് ആ മുറി..ആരെങ്കിലും വന്നാൽ മാത്രം തുറന്നു ഉപയോഗിക്കും. അത്കൊണ്ട് ഗോപേട്ടൻ എന്തായാലും അങ്ങോട്ട്‌ ശ്രദ്ധിക്കില്ല.

ഗോപേട്ടനെ വിളിച്ച് പോകുന്നു എന്ന് പറഞ്ഞു. വീട് പുറത്ത്നിന്നും പൂട്ടി പതിവ് സ്ഥലത്ത് താക്കോൽ വച്ച് തുറന്ന്കിടന്ന അടുക്കളയിലൂടെ അകത്തു കേറി. ഒരു ത്രിൽ ഒക്കെ തോന്നി തുടങ്ങിയിരിക്കുന്നു. മൊബൈൽ ഫോണും ഹെഡ്സെറ്റും നേരത്തെ റൂമിൽ കൊണ്ട് വച്ചിരുന്നു…വരുന്നത് വരെ പാട്ട് കേട്ടിരിക്കാം.

അഞ്ചു മണി ആയിരിക്കുന്നു…ഓഫീസ് വിട്ടു അഞ്ചരആകുമ്പോൾ ആൾ എത്തും..ചെറിയ ഒരു ചിരിയോടെ നിമ്മി അയാൾ വരുന്നതും കാത്തിരുന്നു…

ചിന്തകളെ മുറിച്ചു കൊണ്ട് വണ്ടികളുടെ ശബ്ദം കേട്ടു…വാതിൽ തുറക്കുന്ന ശബ്ദം…നിമ്മി മുട്ട്കുത്തി തറയിൽ ഇരുന്ന് കീ ഹോളിലൂടെ പുറത്തേക്കു നോക്കി….ഒറ്റക്കല്ല…കൂട്ടുകാർ മിക്കവരും ഉണ്ട്..എല്ലാവരുടെയും മുഖത്ത് ആഹ്ലാദം. ചിതറി വീഴുന്ന പൊട്ടിച്ചിരികൾ.

ആഹാ..ഫുൾ സെറ്റപ്പോടു കൂടിയാണ്…ചിലർ കുപ്പിയും സോഡയും ടീപ്പോയിൽ അടുക്കുന്നു. ഒരാൾ അടുക്കളയിൽ നിന്നും പ്ലേറ്റ് എടുത്ത് കൊണ്ട് വന്നു ടച്ചിങ്‌സിനുള്ള സാധനങ്ങൾ നിരത്തുന്നു. എല്ലാവരും ഓരോ തമാശകൾ പറയുന്നു….പൊട്ടിച്ചിരിക്കുന്നു.

ഗോപേട്ടനെ ഇത്രയും സന്തോഷത്തോടെ ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല..ഗോപേട്ടൻ പറയുന്ന തമാശകൾ കേട്ടു മറ്റുള്ളവർ പൊട്ടിച്ചിരിക്കുന്നു…നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് നിമ്മി വീണ്ടും നോക്കി.

“മാനസ മൈനേ വരൂ…മധുരം നുള്ളി തരൂ……”  ബാക്കി എല്ലാവരുംകൂടി ഒന്നിച്ചു പാടാൻ തുടങ്ങി. ഇടയ്ക്കു ചില കമന്റുകൾ. പൊട്ടിച്ചിരി..മുട്ടുകുത്തി നിന്നു വേദനിക്കാൻ തുടങ്ങിയിരിക്കുന്നു.

അവർ ആഘോഷിക്കട്ടെ അല്പ നേരം വിശ്രമിക്കാം…ഇടക്കെപ്പോഴോ പാട്ടും ബഹളവും നിലച്ചു…കീ ഹോളിലൂടെ നോക്കിയപ്പോൾ എല്ലാവരും പോയി കഴിഞ്ഞിരിക്കുന്നു…ഗോപേട്ടൻ എല്ലാം ക്ലീൻ ചെയ്യുന്നു…എത്ര പെട്ടെന്നാണ് ജോലികൾ ചെയ്യുന്നത്..അതും വൃത്തിയായി…അവസാനം റൂം ഫ്രഷ്നെറും അടിച്ചു രണ്ട് മൂന്ന് പ്രാവശ്യം ചുറ്റി നടന്നു മണം പിടിച്ച് നോക്കി എല്ലാം പഴയത് പോലെ തന്നെ എന്ന് ഉറപ്പ് വരുത്തുന്നു….

നാമറിയാതെയാണ്  മറ്റൊരാളുടെ സന്തോഷങ്ങൾ കട്ടെടുത്തിരിക്കുന്നത്. അറിയാത്തിടത്തോളം കാലം അത് അങ്ങനെതന്നെ മറഞ്ഞിരിക്കും..ഞാൻ കട്ടെടുത്ത സന്തോഷങ്ങൾ കുറച്ചെങ്കിലും ഗോപേട്ടന് തിരിച്ചു നൽകണം.

*************************

എല്ലാവരും പോയി കഴിഞ്ഞപ്പോൾ പെട്ടെന്നൊരു ശൂന്യത. കുറച്ച്നേരം ടീവി കാണാം. ഒരു ചായ കുടിച്ചാൽ കൊള്ളാമെന്നുണ്ട്. പക്ഷെ തന്നെ ഉണ്ടാക്കി കുടിക്കേണ്ടി വരും. മടിയോടെ സെറ്റിയിൽ ചുരുണ്ടു കൂടുമ്പോൾ ഓർത്തു. നിമ്മിയെ ഒന്ന് വിളിച്ചില്ലല്ലോ. ശരിക്കും ഇങ്ങോട്ടല്ലേ വിളിക്കേണ്ടത്. അവിടെ ചെന്നിട്ട് അവൾക്ക് വിളിക്കാരുന്നു. ഒറ്റക്കാക്കിയിട്ടു പോയിരിക്കുന്നു.

അറിയാതെ ഉറങ്ങിപ്പോയി. എണീറ്റപ്പോൾ രാത്രി ഏറെ വൈകിയിരിക്കുന്നു. വിശക്കുന്നുണ്ട്. അടുക്കളയിൽ പോയി തനിയെ വിളമ്പി കഴിക്കാനും ഒരുമടി. ടീവിയിൽ ഏതോ പ്രേതസിനിമ. ക്ലൈമാക്സ്‌ ആണെന്ന് തോന്നുന്നു. പ്രേ തം അതിന്റെ എല്ലാഭീകരതയും പുറത്തെടുത്തു അലറുന്നു. നോക്കിയിരിക്കെ ഒരുഭയം അരിച്ചു കേറുന്നത് പോലെ. എവിടെ നോക്കിയാലും ആരോ നിൽക്കുന്നത് പോലെ. സ്പീഡിൽപോയി വീട്ടിലെ എല്ലാ ലൈറ്റും ഓൺ ചെയ്തു. എന്നിട്ടും ഒരു വല്ലായ്ക.

പെട്ടെന്നാണ് ആരോ ചുമക്കുന്ന ശബ്‌ദംകേട്ടത്. ദൈവമേ..ആരായിരിക്കും വീടിനുള്ളിൽ. വീട്  വാങ്ങിയിട്ട് അധികനാൾ ആയിട്ടില്ല. ഇതിന് മുൻപ് ഇവിടെകിടന്നു ആരെങ്കിലും മരിച്ചിട്ടുണ്ടാകുമോ..? ചാനൽ മാറ്റി….ഇപ്പോളൊരു പ്രണയഗാനമാണ്. എങ്കിലും ഒരു പേടി. വീണ്ടും ആരോ ചുമയ്ക്കുന്ന ശബ്‌ദം. പെട്ടെന്ന്പോയി വാതിൽ തുറന്നിട്ടു. കള്ളനായാലും പ്രേതമായാലും പുറത്തേക്കോടി രക്ഷപെടാം.

വീടിനകം മൊത്തത്തിൽ ഓടിച്ചൊന്നു നോക്കി. കള്ളനുമില്ല കൊള്ളക്കാരനുമില്ല. ഹാളിൽ മധ്യത്തിൽ നിന്നു കൊണ്ട് ചുറ്റിനും ഒന്നുകൂടി നോക്കി. പൂട്ടിയിട്ടിരിക്കുന്ന മുറിയിൽ കണ്ണുടക്കിയതപ്പോഴാണ്.

പ്രേ തം ആണെങ്കിൽ ഉറപ്പായും ആ മുറിയിൽ ആകും..പേടികൊണ്ട് വിറയ്ക്കുന്ന ഹൃദയത്തോടെ വാതിലിനടുത്തേക്ക് ചെന്നു. കീഹോളിലൂടെ അകത്തേക്ക് നോക്കി. ഞെട്ടിപ്പോയി. ആരോ ഒരാൾബെഡിൽ ചെരിഞ്ഞു കിടക്കുന്നു. മുറ്റത്ത്‌ നിന്നും വരുന്ന അരണ്ട വെളിച്ചത്തിൽ അതൊരു സ്ത്രീയാണെന്ന് മനസ്സിലായി.

മുറിയിലെ വെളിച്ചം പരിചിതമായി വന്നപ്പോൾ കിടക്കുന്ന ആളെ വ്യക്തമായി. നിമ്മി..ഇവൾ…ഇവളെന്താണ് ഇവിടെ കിടക്കുന്നത്..? സ്പെയർ കീ തപ്പിയെടുത്തു മുറി തുറന്നു. അടുത്ത് ബെഡിൽ പോയി ഇരുന്നിട്ടും ഒന്നുമറിയാതെ ഉറക്കം തന്നെ.

വിവാഹം ഉറപ്പിച്ചു എന്നറിഞ്ഞപ്പോൾ ഉറ്റ സുഹൃത്ത് സുധീഷ് ആണ് പറഞ്ഞത്…

“എടാ…വരുന്ന ഉടനെ നീ എടുത്ത് തലയിൽ വച്ചേക്കരുത്….പിന്നെ ഒരിക്കലും അവിടെ നിന്നും ഇറങ്ങില്ല…നമ്മൾ എന്നും അവരുടെ അടിമ..”

“ഒരു ഗ്യാപ് ഒക്കെ ഇട്ട് അല്പം ജാഡയിൽ നിന്നാൽ മതി…”

ഇതിപ്പോ ജാഡ അല്പം കൂടിപ്പോയി എന്നൊരു തോന്നൽ. പാവം തന്നെ ഒറ്റക്ക് ഇട്ടിട്ടു പോകാനുള്ള മടി കൊണ്ടാവും ഇവിടെ കേറി ഒളിച്ചിരുന്നത്. എന്തായാലും രാവിലെ അല്പം മയത്തിൽ ചോദിക്കാം. ശ്ശെടാ…കതക് തുറന്ന് ഇട്ടിരിക്കുവാണല്ലോ..? ലൈറ്റും എല്ലാം തെളിഞ്ഞു കിടക്കുന്നു.

“നിമ്മീ….നിമ്മീ…. എഴുന്നേറ്റെ… നീ കതക് അടച്ചാരുന്നോ…. “

കോട്ടുവാ ഇട്ടുകൊണ്ട് നിമ്മി എഴുന്നേറ്റിരുന്നു.

“ഞാൻ അടച്ചാരുന്നു. ഒന്നൂടെ പോയി നോക്കാം ഗോപേട്ടാ..”

കതക് അടച്ച് ലൈറ്റും ഓഫ്‌ചെയ്ത് സ്പീഡിൽ വന്ന് കിടന്നു കഴിഞ്ഞു.

ഒളിച്ചിരുന്നകാര്യം മറന്നുപോയി എന്ന് തോന്നുന്നു. ഈ പൊട്ടിക്കാളിയെ ആണല്ലോ ദൈവമേ ഇത്രയും പേടിച്ചത്. ഇതാണ് പറയുന്നത് മറ്റുള്ളവരുടെ വാക്ക് കേട്ടു ജീവിക്കരുതെന്ന്. ആശ്വാസത്തോടെ കിടക്കയുടെ ഓരം ചേർന്നു കിടന്നു. ഏതു നേരത്ത് വേണമെങ്കിലും കടന്നു വരാവുന്ന ഉറക്കത്തെയും പ്രതീഷിച്ചുകൊണ്ട്.

നിമ്മിയപ്പോൾ പറ്റിയ അബദ്ധം മനസിലാക്കി കള്ള ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.