ഉള്ളിലേക്കു കടന്നു കൂടിയവരുടെ കൂട്ടത്തിൽ, സുകന്യയുമുണ്ടായിരുന്നു. തിക്കിത്തിരക്കുകളിൽ പരാജയം പൂണ്ടവർ…

പരീക്ഷകൾ…

എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്

=================

സഹകരണ വകുപ്പിൻ്റെ ക്ലർക്ക് തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ കഴിഞ്ഞ്, യുവതികളായ ഉദ്യോഗാർത്ഥികൾ, ബസ് സ്റ്റോപ്പിനു ഉൾക്കൊള്ളാനാകാത്ത വിധം തിങ്ങി ഞെരുങ്ങി നിന്നു.

സുകന്യ, ഇനിയും വന്നെത്താത്ത ബസ്സിനേയും കാത്ത് അക്ഷമയോടെ നിന്നു. ഒന്നര മണിക്കൂർ സഞ്ചരിക്കണം, ടൗണിലെത്താൻ. അവിടേ നിന്നും, പിന്നേയും മറ്റൊരു ബസ്സിൽ മിനിമം ചാർജ്ജു ദൂരം സഞ്ചരിച്ചു വേണം വീട്ടിലെത്തുവാൻ.

മോനിപ്പോൾ,  എന്തു ചെയ്യുന്നുണ്ടായിരിക്കും…? കുറുമ്പുകൾ കാട്ടി, അമ്മയേ അലോസരപ്പെടുത്തുന്നുണ്ടായിരിക്കുമോ….?

ഇത്, ഏതോ ഉൾഗ്രാമമാണ്. ബസ്സുകളുടെ പോക്കുവരവ് തീർത്തും വിരളമാണ്. കാത്തിരിപ്പിനൊടുവിലായി, ഒരു ബസ് വന്നു നിന്നു. അതിൽനിന്ന് നിന്നിറങ്ങുവാൻ ഒത്തിരിയാളുകളുണ്ടായിരുന്നില്ല. ബസ്സിൻ്റെ ഇരു വാതിലുകളിലൂടെയും തിക്കിത്തിരക്കി ഉദ്യോഗകാംക്ഷികൾ കയറാൻ തുടങ്ങി.

ഉള്ളിലേക്കു കടന്നു കൂടിയവരുടെ കൂട്ടത്തിൽ, സുകന്യയുമുണ്ടായിരുന്നു. തിക്കിത്തിരക്കുകളിൽ പരാജയം പൂണ്ടവർ, അടുത്ത ബസ്സിനായി കാത്തിരിപ്പാരംഭിച്ചു.

ബസ്, പതിയേ മുന്നോട്ടു ചലിച്ചു. ഒരിഞ്ചു ഇടം പോലും ബാക്കിയില്ലാതിരുന്ന വാഹനത്തിൽ, സുകന്യ വീർപ്പടക്കി നിന്നു. തറയിലെ പാദങ്ങളും, മുകളിലെ കമ്പിയിൽ മുറുക്കേപ്പിടിച്ച കൈത്തലവും മാത്രം ബസ്സിൽ സ്പർശിച്ചു. വളവുകളിലും, തിരിവുകളിലും അപരിചിതമായ ഏതോ പെണ്ണുടലുകളിൽ, അവൾ ചേർന്നമർന്നു കൊണ്ടിരുന്നു.

ഓരോ ദേഹങ്ങളിൽ നിന്നും,  ഓരോ തരം ഗന്ധങ്ങളാണ് പ്രസരിക്കുന്നതെന്ന് അവൾക്കു തോന്നി. വിയർപ്പിൻ്റെ, മുഷിഞ്ഞ പൂക്കളുടെ,  വിലയറ്റ ഹെയർ ഓയിലുകളുടെ,  പഴുത്ത ചെവിയുടെ, ഏതൊക്കെയോ പെർഫ്യൂമുകളുടെ, വിങ്ങി വീർത്ത മു ല.കളിൽ നിന്നും, ചു രന്നു പോയ മു.ല.പ്പാലിൻ്റെ….അങ്ങനെ, വൈവിധ്യ ഗന്ധങ്ങൾ കൊണ്ട് ബസ്സകം വിരക്തി പകരുന്നു.

ടാർ പൊളിഞ്ഞടർന്ന വഴികളിലൂടെ സഞ്ചരിച്ചപ്പോളാകാം, ബസ് ആകെയൊന്നു കുത്തിയുലഞ്ഞു. കീഴ് വയറിന്നടിയിലൂടെ ഒരു ചോർന്നിറക്കം അനുഭവപ്പെട്ടു.

‘മെ ൻസ് ട്രൽ ക.പ്പ്’ ആയത് എത്ര നന്നായി. ആ ർത്തവവേളകൾ പകരുന്ന ആ അസ്വാസ്ഥ്യം ഇപ്പോൾ തെല്ലുമില്ലാതായിരിക്കുന്നു.

ഏതോ, തടിച്ച പെൺദേഹം പിന്നിലമരുമ്പോൾ വെറുപ്പനുഭവപ്പെടുന്നു. നഗരമെത്തും വരേയും,  ഈ അടിച്ചമർത്തലുകൾ ഉൾക്കൊള്ളേണ്ടി വരുമെന്ന് നിശ്ചയമാണ്.

അവൾ, ഭർത്താവിനെ ഓർത്തു. ഗിരീഷേട്ടനോടു ഒത്തിരി പറഞ്ഞു നോക്കിയതാണ്,  ഒന്നു കൂടെ വരുവാനായി..തീർത്തും പരിചയമില്ലാതിരുന്ന ഒരിടത്തേക്കു തനിച്ചു പോകാൻ സാങ്കോചം ഏറെയുണ്ടായിരുന്നു. ഒപ്പം,വന്നില്ലെന്നു മാത്രമല്ല, വീട്ടിൽ, അഞ്ചു വയസ്സുകാരൻ മകൻ്റെയൊപ്പമിരിക്കാനും സന്മനസ്സു കാണിച്ചില്ല.

പുലർച്ചേ, താനിരുന്നു പഠിക്കുമ്പോൾ തന്നേ ഓട്ടോയുമെടുത്ത് പോയി. ഇന്നലേത്തന്നേ അമ്മയോടു വരാൻ പറഞ്ഞിരുന്നു. മോളെ, കഷ്ടപ്പെട്ടു പഠിപ്പിച്ച അവർക്കു വരാതിരിക്കാൻ കഴിയുമായിരുന്നില്ല. അമ്മയിപ്പോൾ, മോൻ്റെ കുസൃതികളിൽ വലഞ്ഞിട്ടുണ്ടാകും.

ഓട്ടം കഴിഞ്ഞ്, വീട്ടിലെത്തുമ്പോൾ ഗിരീഷേട്ടൻ എന്തായിരിക്കും തന്നോടു ചോദിക്കുകയെന്നത് തീർച്ചയുണ്ട്…

“എങ്ങനെയുണ്ടായിരുന്നൂടീ, പരീക്ഷ..?” യെന്നാവും….

“കണക്കും, സബ്ജക്റ്റും വളരെ എളുപ്പമായിരുന്നു ഏട്ടാ…പക്ഷേ,.ജനറൽ നോളേജിൽ, കടുകട്ടിയായ ചോദ്യങ്ങളായിരുന്നു..കട്ട് ഓഫ് മാർക്കിൻ്റെ അടുത്തെത്തിയിട്ടുണ്ട്….സാരല്യാ….പതിനഞ്ചു ദിവസം കൂടിയേയുള്ളൂ, അടുത്ത പരീക്ഷയ്ക്ക്…..ഒന്നുകൂടി ആഞ്ഞുപിടിച്ചാൽ, മിക്കവാറും ലിസ്റ്റിൽ കയറിയേക്കും….”

ഗിരിയേട്ടൻ്റെ അന്നേരത്തെ മുഖഭാവം, മനസ്സിലിപ്പോൾ സ്ഫുടമാണ്….

“കല്യാണം, കഴിഞ്ഞപ്പോൾ ഡിഗ്രി മാത്രല്ലേ, ഉണ്ടായുള്ളൂ….ഒരു ക്ടാവിനെ പെറ്റിട്ട്, ഒരു വർഷം തെകയണേനു മുൻപല്ലേ നീ, എച്ച് ഡി സി പഠിക്കാൻ പോയത്.അന്നേരം എന്തായിരുന്നു നിൻ്റെ പ്രഭാഷണം..കോഴ്സ് കഴിഞ്ഞാൽ, ധാരാളം പരീക്ഷകൾ വരും….ജോലി കിട്ടും…നമുക്ക് വാടക വീട്ടിൽ നിന്നും മോചനമാകും…എന്നിട്ടിപ്പോൾ എന്തായി…? കോഴ്സും കഴിഞ്ഞ്, പി എസ് സി കോച്ചിംഗിനും വിട്ട്, എൻ്റെ കാശു പോയതല്ലാണ്ട് വല്ല ഗുണമുണ്ടായോ…? എന്തെങ്കിലും കേട്ടാൽ, പാഞ്ഞെത്താൻ നിൻ്റെ വീട്ടുകാരും….അടുത്ത പരീക്ഷ കൂടി നോക്കാം….അതു കഴിഞ്ഞാൽ….ബാക്കി ഞാൻ പറയണില്ല….”

മുറിയുടെ അകത്തു നിന്നും വിസരിച്ച ശബ്ദതരംഗങ്ങൾ അമ്മയുടെ കാതിലുമെത്തിയിട്ടുണ്ടാകും…അത്താഴം കഴിഞ്ഞ്, അടുക്കളയിൽ പാത്രങ്ങൾ കഴുകുമ്പോൾ അമ്മയെ ആശ്വസിപ്പിക്കാം.

“അമ്മേ, എത്ര കഷ്ടപ്പെട്ടാണ് അമ്മയെന്നെ പഠിപ്പിച്ചത്. എനിക്കൊരു ജോലി വേണം. സർക്കാർ ജോലി മാത്രമേ ചെയ്യൂ, എന്നൊന്നും എനിക്കു വാശിയില്ല. പക്ഷേ, ഓരോ പരീക്ഷയിലും, ഞാനെൻ്റെ സ്വപ്നത്തിൻ്റെ അരികിലേക്കടുക്കുകയാണെന്നു തീർച്ചയുണ്ട്….രണ്ടാഴ്ച്ച കൂടിയേയുള്ളു അടുത്ത പരീക്ഷയ്ക്ക്….എനിക്ക്, ഈ വാടക വീടിൻ്റെ കുടുസ്സുമുറിയിൽ നിന്നും ഒരു മോചനം വേണം. ഇരുപത്തിയാറു വയസ്സേ എനിക്കായിട്ടുള്ളു. ഒരു ജോലിക്കു, പരിശ്രമിക്കാൻ ഇനിയും നേരമുണ്ട്…..”

അമ്മയുടെ മുഖത്തേ പുഞ്ചിരിക്ക് ഒത്തിരി വിളർച്ചയുണ്ടെന്നു കാണാം….മകൾക്ക് ഒരു ജോലിയെന്നത്, എത്രയോ വലിയ സ്വപ്നമാണ്….അവൾ ശ്രമിക്കാഞ്ഞിട്ടല്ല….സമയം വരുന്നതേയുണ്ടാകൂ….

രാത്രി, മോനേയുറക്കിയ ശേഷം ഇന്നും പഠിക്കാനിരിക്കണം…വല്ലാതെ പാതിരാവു വരേ ഇരിക്കാനിപ്പോൾ കഴിയുന്നില്ല…തലവേദന പതിവാകുന്നു. പുലർച്ചയ്ക്കെഴുന്നേറ്റു പഠിക്കാനിരിക്കും…അതിപ്പോളൊരു ദിനചര്യയാണ്….

ഇന്ന്, രാത്രിയിൽ പഠിക്കാനിരിക്കുന്ന ചിത്രം തെളിഞ്ഞു വരുന്നുണ്ട്….കിടപ്പുമുറിയിലെ കട്ടിലിനോടു ചേർന്നിട്ട മേശമേൽ പുസ്തകം വച്ച്, ഉരുവിട്ടു പഠിക്കുമ്പോൾ, കട്ടിലിൽ നിന്നും, മോൻ്റെ അനുക്രമമായ ശ്വാസഗതികൾ കേൾക്കാം….

ഒപ്പം, ഗിരീഷേട്ടൻ്റെ പിറുപിറുക്കലുകളും…

“എന്നോ കിട്ടാനിരിക്കുന്ന നിധിയും കാത്താണ്, .എൻ്റെ ജീവിതം മുന്നോട്ടു പോകുന്നത്….രാത്രി മുഴുവൻ പഠിത്തത്തോടു പഠിത്തം…അതല്ലെങ്കിൽ അവൾക്കു തലവേദന, മാസമുറ…ക്ടാവിന് അഞ്ചു വയസ്സാവാറായി, അടുത്തേനെ നോക്കണ്ടേ….ജോലി കിട്ടുന്നതും നോക്കി, നാളും തരവും നോക്കീട്ടു വേണം കാര്യങ്ങള് നടത്താൻ….ഒരു ദിവസം, ഞാനീ പുസ്തകങ്ങൾക്കു തീയിടും…അപ്പോൾ തീരും, നിൻ്റെയീ പഠിപ്പ്….ത ള്ള, അപ്പുറത്തേ മുറിയിലുള്ള കാരണം, ഞാനധികം മിണ്ടണില്ലാ….”

അക്ഷമ പുരണ്ട വാക്കുകൾ, നെഞ്ചകത്ത് തീ കോരിയിടും തീർച്ച….താൻ നിശബ്ദയാകും….പക്ഷേ, മനസ്സപ്പോൾ ആർത്തുവിളിച്ചു പറയുന്നുണ്ടാകും….

“എനിക്കൊരു ജോലി വേണം, ഗിരീഷേട്ടാ…ഞാൻ, കഷ്ടപ്പെട്ടു പഠിച്ചതാണ്….എന്നും, വല്ലവരുടേയും വീട്ടിൽ താമസിച്ച്, എന്തെങ്കിലും പ്രൈവറ്റ് സ്ഥാപനത്തിൽ നിസ്സാര പണത്തിനു ജോലി ചെയ്യാൻ ഞാൻ തയ്യാറല്ല….അങ്ങനേയും ഞാൻ പോകും….വരാനിരിക്കുന്ന ഏതാനും പരീക്ഷകളിൽ കൂടി പരാജയപ്പെട്ടാൽ……”

എന്നിട്ട്, പൊതുവിജ്ഞാനമെടുത്ത്, കാര്യങ്ങൾ ഒന്നുകൂടി ഹൃദ്യസ്ഥമാക്കാൻ ശ്രമിക്കും. ഇപ്പോൾ, ഗിരീഷേട്ടൻ്റെ കൂർക്കം വലിയുടെ വലിയ ശബ്ദങ്ങൾ കേൾക്കാം….ഒപ്പം, മുറിയകമാകെ നിറഞ്ഞു നിന്ന വില കുറഞ്ഞ മദ്യത്തിൻ്റെ വെറുപ്പിക്കുന്ന ഗന്ധവുമറിയാം….

ല ഹരിയുടെ ഉന്മാദത്തിൽ, കൂർക്കംവലികൾ ഉച്ചത്തിലാകുന്നു. വീണ്ടും, ശ്രദ്ധ പാഠഭാഗങ്ങളിലേക്കു തിരിയുന്നു. ജീവിത പരീക്ഷയുടെ പാഠങ്ങൾ….

സുകന്യയുടെ മുഖത്ത് പ്രകാശമറ്റൊരു ചിരി വിടർന്നു. വെറുതേ ചിരിക്കുന്ന പെണ്ണിനേ നോക്കി, സഹയാത്രക്കാരി  അമ്പരന്നു. ബസ്, ഓടിക്കൊണ്ടിരുന്നു….നഗരത്തേ ലക്ഷ്യമാക്കി…..തിരക്കുകളും പേറി…..