ദേവിക വാട്സ്ആപ്പ് എടുത്തു തന്റെ പ്രിയപ്പെട്ട ചിത്രേചിക്കു കാണാൻ ആയി മാത്രം ദേവിക ഇങ്ങനെ എഴുതി…

മുഖംമൂടി

Story written by Reshja Akhilesh

===============

“ഇതെന്താ ദേവു നീയീ കാണിക്കുന്നേ…നല്ലതാണല്ലോ. ഇതെന്തിനാ കത്തിക്കുന്നെ?”

സൂരജ് വലിയ കാര്യത്തിൽ ചോദിച്ചിട്ടും ദേവിക “ഈ..” എന്ന് ഇളിച്ചു കാണിച്ചു അകത്തേയ്ക്ക് പോയി.

ഇതെന്തു പറ്റി ഭാര്യയ്‌ക്ക് എന്ന ചിന്തയിൽ സൂരജ് കത്തിക്കൊണ്ടിരിക്കുന്ന തുണികളിലേക്ക് നോക്കി നിന്നു. അടുത്തുള്ള പച്ചക്കറി കടയിൽ പോയി വീട്ടിലേയ്ക്ക് വന്നു കയറിയതെ ഉള്ളൂ അയാൾ.

===================

സൂരജിനോട് ചിരിച്ചു കാണിച്ചെങ്കിലും ദേവികയുടെ മനസ്സു കിടന്നു തിളയ്ക്കുകയായിരുന്നു.

“കലിപ്പ് തീരുന്നില്ലല്ലോ ദൈവമേ” എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടു അവൾ ഫോൺ എടുത്തു.

കടയിലേക്ക് പോകും മുൻപ് സൂരജ് തന്റെ മൂത്തസഹോദരിയെ ഫോണിൽ വിളിച്ചു സംസാരിക്കുകയായിരുന്നു. ഭർത്താവ് ആരോടാണ് ഫോണിൽ സംസാരിക്കുന്നത് എന്ന്  അവൾ ശ്രദ്ധിക്കാറുണ്ട്. പ്രത്യേകിച്ച് അറിയാത്ത നമ്പറിൽ നിന്നുള്ള കോളുകൾ, പിന്നെ സ്ഥിരം ആയിട്ട്  ‘പണികൊടുക്കാൻ’ മാത്രം വിളിക്കുന്ന കൂട്ടുകാരുടെയും.

‘സുചിത്ര’ എന്ന പേര് ഡിസ്പ്ലേയിൽ തെളിഞ്ഞു വന്നപ്പോൾ അവളുടെ മുഖത്തും ഒരു പുഞ്ചിരി നിഴലിച്ചു. നാത്തൂൻ ആയിട്ടു കൂടി ഇന്നേവരെ ചിത്രേച്ചിയോട് പിണക്കം ഒന്നും തോന്നിയിട്ടില്ലായിരുന്നു. സാധാരണ നാത്തൂൻമാരെപ്പോലെ കുശുമ്പു കാണിക്കാറില്ല എന്ന് മാത്രമല്ല നല്ല കാര്യങ്ങൾക്കു വേണ്ടി സൂരജിനെ ഉപദേശിക്കുക കൂടി ചെയ്യുമായിരുന്നു.

“കൂലിപ്പണിക്കു പോണ ചെക്കനാ…അവനെക്കൊണ്ട് വീട്ടുജോലി ചെയ്യിക്കണത് കഷ്ടാ…”

സൂരജ് കുട്ടിയെ നോക്കാനിരുന്നാൽ കുട്ടി നല്ല കരച്ചിൽ ആയിരിക്കും. അല്ലെങ്കിലും കുട്ടിയെ നോക്കുന്നതിലും എളുപ്പം ഭാര്യയെ അടുക്കളയിൽ സഹായിക്കുന്നതാണെന്ന് അയാൾക്ക് അറിയാമായിരുന്നു.

സൂരജിനു ഭാര്യയോടുള്ള കരുതൽ കാണുമ്പോൾ സൂചിത്രയിൽ ചെറിയ തോതിൽ അസൂയ മുളപ്പൊട്ടുന്നത് അറിയാമായിരുന്നു അവൾക്. എന്നാൽ സുചിത്രയ്ക്ക് അങ്ങനെ ഒരു ഭർത്താവിനെ കിട്ടാത്തത് കൊണ്ടു അല്ലേ എന്നായിരുന്നു ദേവികയുടെ സങ്കടം.

“മോനു ചോറ് നല്ലോണം കഴിപ്പിക്കണമ് കേട്ടോ. മെലിഞ്ഞു മെലിഞ്ഞ ഇരിക്കണേ…പാല് മാത്രം കൊടുത്താൽ പോരാ…” എന്ന് ചിത്രേച്ചി ശകാരിക്കുമ്പോൾ ആങ്ങളയുടെ കുട്ടിയോടുള്ള വാത്സല്യം ആയിട്ടേ അവൾ അത് കണക്കിലെടുത്തുള്ളൂ.

സ്വന്തം കുട്ടിയ്ക് ഭക്ഷണം കൊടുക്കാൻ മറ്റൊരാൾ പറഞ്ഞിട്ട് വേണോ എന്നൊന്നും അവൾ തിരിച്ചു പറയില്ല. അവളും ഭർത്താവ് സൂരജും മെലിഞ്ഞ ശരീരപ്രകൃതി ഉള്ളവരാണ്. കുട്ടിയ്ക്കും ആ പ്രകൃതം ആയതിൽ  ഭക്ഷണത്തിന്റെ അപര്യാപ്തത ആണെന്ന് പറയാമോ. എന്തിനും നല്ല വശം മാത്രമേ ദേവിക സ്വീകരിച്ചുള്ളൂ.

ചിത്രേച്ചി എന്ന വിളിയിൽ ഒട്ടും കാപട്യം ഉണ്ടായിരുന്നില്ല. ചേച്ചിയെപ്പോലെ തന്നെ ആയിരുന്നു.

“നല്ലതായാലും ചീത്തതായാലും മുഖത്ത് നോക്കി പറയുന്ന സ്വഭാവ അവള്ടെ…മനസ്സിൽ വെയ്ക്കില്ല…”

ചേച്ചിയെക്കുറിച്ച് സൂരജിന്റെ അഭിപ്രായം ഇങ്ങനെയാണ്. അതെല്ലാം കൊണ്ടു തന്നെ ദേവികയ്ക്കും പ്രത്യേക ബഹുമാനം ആയിരുന്നു സൂചിത്രയോട്. അതുകൊണ്ട് ആണ് വിളിക്കുന്നത് സുചിത്ര ആണെന്നറിഞ്ഞപ്പോൾ സൂരജിന് ഫോൺ എടുത്തു കൊടുത്തു അടുക്കളയിലേക്ക് പോയതും.

അച്ഛനെക്കുറിച്ചായിരുന്നു കൂടുതലും അവർ സംസാരിച്ചിരുന്നതെന്ന് മനസ്സിലായി. അച്ഛൻ മുൻപത്തെ പോലെ ഭക്ഷണം കഴിക്കുന്നില്ല, കൃത്യമായി പ്രമേഹത്തിന്റെ മരുന്ന് കഴിക്കുന്നില്ല, വ്യായാമം ചെയ്യുന്നില്ല എന്നെല്ലാമാണ് സൂരജേട്ടന്റെ പരാതി. ചേച്ചി പറഞ്ഞാൽ കേൾക്കും എന്ന് പറഞ്ഞു അച്ഛന് ചേച്ചിയുടെ ഫോൺ കൊണ്ടു പോയി കൊടുക്കാൻ പറഞ്ഞു. ഫോൺ കൊണ്ടു പോയി കൊടുത്ത് അവൾ സൂരജിന് പച്ചക്കറികടയിലേക്കുള്ള ബില്ല് തയ്യാറാക്കി കൊടുത്തുവിട്ടു.

അപ്പോഴാണ് ഉമ്മറത്തിരുന്നു ഫോണിലൂടെ ചിത്രചേച്ചിയോട് സംസാരിക്കുന്ന അച്ഛൻ ഹലോ ഹലോ എന്ന് ആവർത്തിക്കുന്നത് കേട്ടത്. വയസ്സായില്ലേ കേൾവിക്കുറവ് ഉണ്ടാവുമല്ലോ. മക്കൾ വല്ലപ്പോഴുമല്ലേ വിളിക്കാറുള്ളു. ഫോൺ വാങ്ങി സ്പീക്കറിൽ ഇട്ടു തിരികെ നടന്നു അവൾ. ഹാളിൽ എത്തിയപ്പോഴാണ് അവൾ അത് ശ്രദ്ധിച്ചത്.

രണ്ടടി പുറകിലോട്ട് നടന്നവൾ സംസാരം കേട്ടു.

“നിങ്ങളെന്താ അച്ഛാ നേരത്തിനു ഭക്ഷണം കഴിക്കാത്തത്? സൂരജിന്റെ പെണ്ണ് എന്തെങ്കിലും പറയുന്നുണ്ടോ?അവള്ടെ മുഖം കറുപ്പിക്കലൊന്നും നിങ്ങൾ നോക്കണ്ട. അവളുടെ അപ്പനും അമ്മയും ഒന്നുമല്ല, നിങ്ങടെ മോൻ പണിയെടുത്തു കൊണ്ടു വരുന്നതാണ് നിങ്ങൾ കഴിക്കുന്നത്. നിങ്ങൾ പേടിക്കാതെ പറയ്…അവള്ടെ കൂടെയൊന്നും ആർക്കും നിൽക്കാൻ കഴിയില്ലെന്നെ…”

അച്ഛൻ അങ്ങനെയൊന്നും ഇല്ലാ എന്ന് ഉറപ്പു പറയുമ്പോൾ അങ്ങനെ ആക്കി തീർക്കാൻ ചിത്രചേച്ചി  കിണഞ്ഞു പരിശ്രമിക്കുന്നു. അവിടെ എന്തോ ഉടയുന്ന ശബ്ദം! മറ്റൊന്നുമല്ലായിരുന്നു. ഒരു മാലാഖയുടെ ശില്പം ദേവികയുടെ മനസ്സിൽ നിന്നും താഴെ വീണുടഞ്ഞു പോയി. സ്വന്തം ചേച്ചിയെപ്പോലെ കണ്ടു പെരുമാറിയിരുന്ന ആൾക്ക് എങ്ങനെ ഇങ്ങനെ പറയാൻ തോന്നി എന്നവൾ അത്ഭുതപ്പെട്ടു. ആളുകളൊന്നും പുറമെ കാണുന്ന പോലെ നിസ്സാരമല്ല എന്ന് അവൾക് മനസിലായി.

കോവിഡ് കാലം ആയതുകൊണ്ട് പുറത്തുപോയി കൂട്ടം കൂടിയിരുന്നു നേരംപോക്ക് പറയാനും വൈകുന്നേരം   ആവുമ്പോൾ ബാറിൽ പോയി പതിവ് പാനീയവും കുടിക്കാൻ കഴിയാത്തതിന്റെ നീരസത്തിലാണ് അറുപതു കഴിഞ്ഞ അച്ഛൻ സമരം ചെയ്യുന്നതെന്ന് മരുമകളായ ദേവികയ്‌ക്ക് അറിയാം. മകൾക്ക് അറിയാഞ്ഞിട്ടോ അതോ അവസരം മുതലെടുത്തോ എന്ന് മാത്രം സംശയം. അല്ലെങ്കിൽ തന്നെ പഴിചാരിയത് എന്തിനാണ്? സ്വന്തം അച്ഛൻ അല്ലെങ്കിലും ആ സ്ഥാനത്തുള്ള ആൾക്ക്, സ്ഥാനമോ ബന്ധമോ ഇല്ലെങ്കിൽ കൂടിയും ഒരു ജീവന് ഭക്ഷണം കൊടുക്കുന്നതിനു ദുർമുഖം കാണിക്കാൻ ടീവി സീരിയലുകളിലെ  പ്രതിനായികാകഥാപാത്രം അല്ലല്ലോ താൻ!

നേരത്തിനു ഭക്ഷണം വിളമ്പികൊടുത്തും മരുന്നും വെള്ളവും എടുത്തു കയ്യിൽ വെച്ചു കൊടുത്തു കഴിപ്പിക്കുന്നതും മകൾ ആണോ?മരുമകൾ ചെയ്യുന്ന നല്ല കാര്യം പറയാതെ അനാവശ്യമായി പഴി ചാരുക. അതും ഏറ്റവും ബഹുമാനിച്ചിരുന്ന ഒരാൾ…

ആലോചിക്കും തോറും ദേവികയ്ക്ക് കലി അടക്കാനായില്ല. വേഗം ചെന്ന് അകത്തു സുചിത്രയുടെ രണ്ടു മാക്സി എടുത്തു പറമ്പിൽ കൊണ്ടു പോയിട്ടു. കത്തിയ്ക്കാൻ.

“സ്വന്തം വീടൊന്നും അല്ലല്ലോ ഇടയ്ക്കിടെ വരാൻ. ആങ്ങള വാടകയ്ക്ക് താമസിക്കുന്ന വീടല്ലേ. അതും പിന്നിൽ നിന്ന് ദ്രോഹിക്കാൻ. ഒരു നുണ പത്തു തവണ പറഞ്ഞാൽ സത്യമാവുന്ന കാലമാണ്. ഇനിയിപ്പോ ഇങ്ങോട്ട് വരണ്ട ” അവൾ മനസ്സിൽ പറഞ്ഞു.

********************

“സൂരജേട്ടാ…ഉറങ്ങിയോ…”

“ഇല്ലാ “

“പിന്നെ…ന്റെ  കാർത്തു ചേച്ചി ഇല്ല്യേ…ചേച്ചീടെ നാത്തൂൻ കാരണം ചേച്ചിയും ചേട്ടനും എന്നും വഴക്കാ…ആ നാത്തൂൻ വീട്ടിൽ വന്നു രണ്ടു ദിവസം നിന്നാൽ അപ്പൊ പോയി കാര്യം. പിന്നെ വഴക്കായി…”

“ആ രാജീവിന്റെ ഒരു കഷ്ടപ്പാട്. ഒരു സ്വൈര്യം ഉണ്ടാവില്ല. നാത്തൂൻ പോര് ഹോ…ഈ കോവിഡ് ഉം അത് ഇതും ഒക്കെ വന്ന് എത്ര ആൾക്കാരാ നരകിക്കുന്നെ…അപ്പോഴാ ഓരോരുത്തർ മൂക്കുമുട്ടെ തിന്നിട്ട് പ്രശനം ഉണ്ടാക്കാൻ നടക്കണേ.”

” പിന്നെ ‘

“പിന്നെ…??”

“ഞാൻ ഒരു പാട്ടു വെച്ചേരട്ടെ…ഉറക്കം വന്നോളും വേഗം “

“ഏതു പാട്ട് “

ദേവിക ഫോണെടുത്തു ഓഡിയോ പ്ലേ ചെയ്തു. തന്റെ ചേച്ചി അച്ഛനോട് സംസാരിക്കുന്ന ശബ്ദരേഖ…

“ഇതെന്താ “

“കേട്ട് നോക്ക് മനുഷ്യ…”

മുഴുവൻ കേട്ടതും സൂരജിന് വല്ലായ്മ.

“അതെ കാര്യം നിങ്ങടെ പെങ്ങൾ തന്നെ…സ്വന്തം ആയിട്ടാ ഞാൻ കണ്ടത്. എന്നിട്ട് പറയുന്നന്ത് കേട്ടില്ലേ…അച്ഛന്റെ കാര്യത്തിലു വ്യാകുലത ഉള്ളൊരു മകൾ. വല്ലപ്പോഴും വന്നാൽ തന്നെ അച്ഛനോട് സംസാരിക്കാൻ പോലും സമയം ഇല്ലാത്ത ആളാ എന്നെ കുറ്റം പറയുന്നത്. ഇത്രേം നാളും ആരാ നോക്കിയത്…ആരും നല്ലതു പറയാൻ വരണ്ട എന്നാലും ദ്രോഹിക്കാൻ ഓരോന്ന് ഉണ്ടാക്കി പറയരുത്. ഞാൻ മാക്സി കത്തിച്ചത് എന്തിനാണ് എന്ന് മനസ്സിലായോ…ഈ പറഞ്ഞതെല്ലാം ഫോണിൽ ആൾറെഡി റെക്കോർഡ് ആവുന്നതാണ്…അടുത്ത തവണ നിങ്ങടെ ചേച്ചി വരുമ്പോൾ ഇത്‌ കേൾപ്പിച്ചു സമാധാനം പറയിപ്പിച്ചിട്ടേ വിടു”

“നീയത് വിട് ദേവു “

“ഏയ്യ് അതില്ല. തോളിൽ ഇരുന്ന് ചെവി തിന്നുക എന്ന് കേട്ടിട്ടില്ലേ ആ…അതു പോലെയാ ഇത്‌. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ വിട്ടു കളയുമായിരുന്നു. ഇത്‌ അത്രേം സ്നേഹിച്ചിട്ട്…”

ദേഷ്യത്തിലിരിക്കുന്ന ഭാര്യയോട് ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായ സൂരജ് തിരിഞ്ഞു കിടന്നു.

ദേവിക വാട്സ്ആപ്പ് എടുത്തു തന്റെ പ്രിയപ്പെട്ട ചിത്രേചിക്കു കാണാൻ ആയി മാത്രം ദേവിക ഇങ്ങനെ എഴുതി.

“ഈ ലോകത്ത് പലരും മുഖം മൂടി അണിഞ്ഞവരാണ്. സത്യമേത് മിഥ്യ ഏതു എന്ന് തിരിച്ചറിയാൻ ആവില്ല. ചുറ്റും മുഖം മൂടികൾ മാത്രം!”

സുചിത്രയ്‌ക്ക് ആ വോയ്സ് ക്ലിപ്പ് അയച്ചും കൊടുത്തു. അത് രണ്ടു നീല ടിക്കുകൾ വന്നതല്ലാതെ റിപ്ലൈ കിട്ടിയില്ല. എന്തായാലും സുചിത്രയെ എന്നെങ്കിലും കയ്യിൽ കിട്ടുമെന്ന പ്രതീക്ഷയിൽ ദേവിക കിടന്നു.

അതെ സമയം സൂരജ് ഉറക്കത്തിലും അസ്വസ്ഥനായിരുന്നു. ചെറിയ ഒരു കുശുമ്പ് നാളെ ഉണ്ടാക്കിയെക്കാവുന്ന കലഹം ആയിരുന്നു മനസ്സ് മുഴുവൻ.

എല്ലാവരും തന്നെ വിചാരണ ചെയ്യുന്ന രംഗം.

“ഭാര്യയെപ്പറ്റി കുറ്റം പറഞ്ഞത് ചോദിക്കാൻ കഴിയാത്ത നിങ്ങളൊരു നല്ല ഭർത്താവാണോ” എന്ന്  ഭാര്യ. അവളെ കുറ്റം പറയാനാകുമോ ഇല്ല.

“ഭാര്യയെ കിട്ടിയപ്പോൾ പെങ്ങളെ വേണ്ടെന്ന് ” ഒന്നും അറിയാത്ത പാവം പെങ്ങൾ.

“പെങ്ങളെയും ഭാര്യയെയും പിണക്കാതെ കൊണ്ടുപോകാൻ കഴിയാത്തവനെന്ന്” മറ്റുള്ളവർ.

കോവിഡും തൊഴിലില്ലായ്‌മമയും ദാരിദ്ര്യവും മാത്രമല്ല ആ കുടുംബനാഥന്റെയും മനസ്സിന്റെ പിരിമുറുക്കങ്ങൾക്ക് ഹേതു ആയത്. പല പ്രശനങ്ങൾക്ക് നടുവിലും സമാധാനം ആയി ഉറങ്ങാൻ പോലും കഴിയാത്ത കുടുംബാന്തരീക്ഷം സൃഷ്ടിച്ചതിൽ അയാളുടെ പങ്ക് എന്താണ് എന്ന് അയാൾ സ്വയം ആലോചിച്ചു. നീണ്ട ആലോചനകൾക്കൊടുവിൽ മാത്രം അയാളിൽ നിദ്ര കനിഞ്ഞു.

രാവിലെ അയാൾക്കും അണിയേണ്ടതായുണ്ട് ഒരു മുഖംമൂടി. സന്തുഷ്ടനായ ഒരു കുടുംബനാഥന്റെ മുഖം മൂടി.

~രേഷ്ജ അഖിലേഷ്. (06.06.2021)