ഒന്നുല്യ മാഷെ, ക്ഷേമം അന്വേഷിച്ചതിനു നന്ദി എന്നൊരു മറുപടി ഉടനെ തിരിച്ചും അയച്ചു..

ഞാവൽപഴങ്ങൾ…

Story written by Sai Bro

================

പ്രണയം അവസാനിച്ചു…ഇനി വിരഹം…!

മുഖപുസ്തകത്തിൽ പുതിയ സ്റ്റാറ്റസ് പോസ്റ്റ്‌ ചെയ്ത് ഉള്ളും നീറി ഇരിക്കുമ്പോഴാണ് “കിണിം ” എന്നൊരു ശബ്ദത്തോടെ മൊബൈൽ വിറക്കുന്നത് കണ്ടത്..

ഇൻബോക്സിൽ ഒരു മെസ്സേജ് റിക്വസ്റ്റ് വന്നു കിടക്കുന്നു..

ഇതാരപ്പാ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഇൻബോക്സ് തുറന്നു നോക്കിയപ്പോൾ ആ പേര് കണ്ടു “പല്ലവി പവൻ “

ഒരാവർത്തികൂടി ആ പേര് മനസ്സിൽ ഉരുവിട്ടുകൊണ്ട് ഒരു സ്മൈലി തിരിച്ചു അങ്ങോട്ട്‌ അയച്ചുകൊടുത്തു..

അല്പംസമയം കഴിഞ്ഞിട്ടും മറുപടി കിട്ടാതായപ്പോൾ കൊഴിഞ്ഞുപോയ പ്രണയത്തിന്റെ നീറുന്ന ഓർമകളിലൂടെ അല്പസമയം സഞ്ചരിച്ചു..

ആ ഓർമകൾക്കൊടുവിൽ  കൺകോണിൽ ഊറിവന്ന കണ്ണുനീരിനെ നിലംപതിക്കാൻ സമ്മതിക്കാതെ തലയിണയിൽ മുഖം ചേർത്തമർത്തി..

ആ കിടപ്പിൽ എപ്പോഴാണ് ഉറങ്ങിപോയത് എന്നറിഞ്ഞില്ല..

പക്ഷെ ഉറക്കത്തിനിടയിൽ അവ്യക്തമായി ഒരു സ്വപ്നം കണ്ടു..

ഒരു മരച്ചുവട്ടിൽ  വലതുകൈയ്യിൽ  ഞാവൽപഴങ്ങളേന്തി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ഒരു പെൺകുട്ടി… !

കിണിം…മൊബൈൽ നിലവിളിക്കുന്ന ശബ്ദം എന്നെ ഞാവൽപഴതോട്ടത്തിൽ നിന്നും വീണ്ടും ബെഡ്‌റൂമിൽ എത്തിച്ചു..

കണ്ണുംതിരുമ്മി നോക്കിയപ്പോൾ അതാ കിടക്കുന്നു ” പല്ലവി പവൻ” അയച്ച മെസ്സേജ് ഇൻബോക്സിൽ…

സഹോ, എഴുത്തൊന്നും കാണുനില്ലാലോ ഈയിടെയായി..എന്തുപറ്റി.. ?

ഒന്നുല്യ മാഷെ, ക്ഷേമം അന്വേഷിച്ചതിനു നന്ദി എന്നൊരു മറുപടി ഉടനെ തിരിച്ചും അയച്ചു..

അതെന്ത് പറച്ചിലാ…എന്താ കാര്യംന്ന്‌ പറയിഷ്ട്ടാ, തന്റെ കഥകളിൽ ചിലത് ഒന്നുരണ്ടിടത്തു ശ്രദ്ധിച്ചിരുന്നു..ഈയിടെയായി ഒന്നും കാണുന്നില്ല, അതാ ഇൻബോക്സിൽ വന്നു തിരക്കിയത്..താൻ കാര്യം പറയ് സഹോ…

അവൾ വിടുന്ന മട്ടില്ല..

എന്തുപറ്റാനാ മാഷെ, എന്റെ ഒടുക്കത്തെ ഒരു പ്രണയം ഞഞ്ഞാപിഞ്ഞാ ചീറ്റിപ്പോയി…അതിന് ശേഷം അക്ഷരങ്ങൾക്കും എന്നോടൊരു അകൽച്ച, സത്യത്തിൽ പറ്റുന്നില്ല..ഒന്നിനും..അതാണ്‌ കാര്യം…

സഹോ, ഇപ്പൊ വിരഹം ആയിരിക്കും അല്ലേ.. ?

ആ..അതേ…മുടിഞ്ഞ വിരഹം..!

സഹോ, എന്റെ അഭിപ്രായത്തിൽ പ്രണയത്തിന് ശേഷമുള്ള ഈ കഠിന വിരഹത്തിന് അല്പംആയുസ്സ് മാത്രേ ഒള്ളു..നമ്മൾ പുതിയൊരു പ്രണയത്തിൽ അകപ്പെടുംവരെ മാത്രം…

എന്താ ശരിയല്ലെ.. ?

പല്ലവിയുടെ ആ ഗംഭീര അഭിപ്രായം എന്നെയൊന്ന് ഇരുത്തി ചിന്തിപ്പിച്ചു…

ശരിയാണ്..എല്ലാ വിരഹങ്ങൾക്കും അല്പം ആയുസ്സ് മാത്രേ ഒള്ളു..അതിന് ഉദാത്ത മാതൃകയാണല്ലോ എന്റെ പ്രണയങ്ങളും, അതിനുശേഷമുള്ള വിരഹവും… !

അപ്പൊ എന്താ സഹോ ഫ്യൂച്ചർ പ്ലാൻ.. ?

പല്ലവി പിടിവിടുന്നില്ല..

ഞാനിങ്ങനെ പ്രണയവും, എഴുത്തും, വിരഹവുമായിട്ട് കഴിഞ്ഞുകൂടാനാണ് ഉദ്ദേശം..

ഞാൻ നയം വ്യക്തമാക്കി..

സഹോ, തനിക്കൊരു LIC എടുത്തൂടെ.. ?

എന്തൂട്ട്‌.. ? എനിക്ക് മനസിലായില്ല..

തനിക്കൊരു LIC പോളിസി ചേർന്നൂടെ ന്ന്‌.. ?

ബെസ്റ്റ്, LIC ഏജന്റ് ആണല്ലേ അപ്പൊ..കൊള്ളാം..

എന്താ സഹോ ഒരു പുച്ഛം.?

ഏയ്‌, എന്തോന്ന് പുച്ഛം.. !

ഞാൻ അലോയിക്കുവായിരുന്നു ഒരു പരിചയവും ഇല്ലാത്ത പല്ലവി പവൻ എന്ന പെൺകുട്ടി എന്നോട് ഇങ്ങോട്ട് വന്ന് ക്ഷേമം അന്വേഷിച്ചത് എന്തിനാണെന്ന്..

ഇപ്പൊ അതിനുത്തരം കിട്ടി.

ഉത്തരം കിട്ടിയല്ലോ, ഇനി ചേർന്നുകൂടെ ഒരു പോളിസി.. ?

പല്ലവി പിടിമുറുക്കി..

ഞാനൊന്ന് ശരിക്കും അലോയ്ക്കട്ടെ മാഷെ, എന്നിട്ട് പറയാം..

Lic യിൽ നിന്നും ഒഴിഞ്ഞുമാറാൻ വേണ്ടി പറഞ്ഞതാണെങ്കിലും അതിന് ശേഷമുള്ള എന്റെ എല്ലാ ആലോചനകളും ഞാൻ പല്ലവിയുമായി പങ്കിട്ടു..

എന്ടെ എല്ലാ വിഷമങ്ങൾക്കും അവൾ പരിഹാരങ്ങളും നിർദ്ദേശിച്ചു..

അങ്ങനിരിക്കെ ഒരൂസം പെട്ടെന്നാണ് പല്ലവി ആ ചോദ്യം എന്നോട് ആരാഞ്ഞത്..

സഹോ, ആ ഒടുക്കത്തെ പ്രണയം എട്ടുനിലയിൽ പൊട്ടാൻ എന്തായിരുന്നു കാരണം.. ?

എന്റെ കഷണ്ടി തല തന്നെ കാരണം.. !!

അതെങ്ങനെ സഹോ ?

പല്ലവിയുടെ ശബ്ദത്തിൽ ആശ്ചര്യം നിറഞ്ഞു..

എന്റെ ഒടുക്കത്തെ പ്രണയനായിക എന്നെ ആദ്യമായി നേരിട്ട് കണ്ടപ്പോഴാണ് എന്റെ തലേല് ഇച്ചിരി മുടികുറവുണ്ട് എന്ന് മനസിലാക്കിയത്..

തലനിറയെ മുടിയുള്ള മറ്റൊരുത്തനെ എന്റെ സ്ഥാനത്തേക്ക് കൊണ്ടുവരാൻ അവൾക്ക് എളുപ്പം സാധിച്ചു..

തമാശയിൽ പൊതിഞ്ഞാണ്‌ അത്  പറഞ്ഞെതെങ്കിലും ഇടക്ക് ശബ്ദം ഇടറിയോ എന്നൊരു സംശയം തോന്നി എനിക്ക്..

ആഹാ, കഷണ്ടികൊണ്ട് അങ്ങനേം ഉപകാരം ഉണ്ടായല്ലോ, പാവം എന്റെ സഹോ..

പല്ലവി പരിതപിച്ചു..

മാഷ് ശ.വത്തിൽ കുത്തുവാണല്ലേ.. ?

എടോ, പ്രണയം മൂത്ത് താനവളെ വിവാഹം കഴിച്ചതിനു ശേഷമാണ് തനിക്ക് കഷണ്ടി വന്നിരുന്നെങ്കിലോ.. ? ഈ പറയുന്ന കക്ഷി അപ്പോഴും ഇട്ടേച്ചുംപോവില്ലേ തന്നെ ?

അല്പസമയത്തേക്ക് ഞാനൊന്നും മിണ്ടിയില്ല..

പല്ലവി തുടർന്നു…

സഹോ, തലനിറയെ മുടിയുള്ള ആണുങ്ങളെ തന്നെയാണ് എല്ലാ പെണ്ണുങ്ങൾക്കും ഇഷ്ടം, എന്നുകരുതി തലയിൽ മുടി കുറവുള്ളവർക്കും കഷണ്ടി ഉള്ളവർക്കും ഈ നാട്ടിൽ പ്രേമിക്കാൻ പാടില്ല, പെണ്ണ് കിട്ടൂല എന്നൊന്നും ആരും പറഞ്ഞിട്ടില്ല, പറയുകയുമില്ല..ഇജ്ജ് ധൈര്യായി അടുത്ത ഒരുത്തിയെ വളക്കാൻ നോക്ക് മുത്തേ, നുമ്മ ഉണ്ട് കൂടെ..

ഹിഹി, അപ്പൊ എനിക്കും പെണ്ണ് കിട്ടൂലെ മാഷെ?

പിന്നല്ല, കിട്ടാതെവിടെ പോകാൻ…ഈജ്ജൊന്നു ആഞ്ഞ് പരിശ്രമിക്ക്..

അങ്ങനെ പല്ലവി നൽകിയ ധൈര്യത്തിന്റെ പിൻബലത്തിൽ ഞാൻ എന്റെ നിർമലമായ പ്രണയം പകർന്നു നൽകാനായി ഒരു ജീവിതപങ്കാളിയെ തിരക്കിക്കൊണ്ടിരുന്നു എനിക്ക് ചുറ്റിനും..

പ്രണയചിന്തകളെ തൂലികയിലേക്ക് ആവാഹിച്ചു ഒരിടവേളക്ക് ശേഷം വീണ്ടും എഴുത്ത് തുടങ്ങി ഞാൻ..

അതിനിടയിൽ മറ്റൊന്നുകൂടി നടന്നു..

പല്ലവിയിൽ നിന്നും ഒരു LIC പോളിസി എടുക്കുവാൻ ഞാൻ നിർബന്ധിതനായി.

അങ്ങനെ ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച തീരുമാനിക്കപ്പെട്ടു..

പക്ഷെ അതിന് മുൻപ് പല്ലവി ഒരുകാര്യം ആവശ്യപ്പെട്ടു..

അവളെ കാണാൻ വരുമ്പോൾ എന്റെ തലയിൽ ഒരു രോമം പോലും കാണരുത്..

അതേ, സമ്പൂർണ്ണ മൊട്ടതലയൻ ആയിവേണം അവൾക്ക് മുന്നിൽ ചെല്ലാൻ.. !!

കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും- നോക്കിയിട്ടും പാതി കഷണ്ടി ആയ എന്റെ തലയെ ഒരു സമ്പൂർണ്ണ  മൊട്ടത്തലയാക്കി മാറ്റുവാനുള്ള മനസ്ഥിതി എനിക്ക് കൈവന്നില്ല..

അപ്പൊ എങ്ങന്യാ സഹോ, അടുത്ത ഞായർ തേക്കിൻകാട് മൈതാനത് കാണുവല്ലേ നമ്മൾ.. ?

പല്ലവിയുടെ ചോദ്യം കേട്ടപ്പോൾ എതിർത്ത് പറയാനും തോന്നിയില്ല..

അങ്ങനെ ഞായറാഴ്ച്ച രാവിലെ തേക്കിൻകാട് ലക്ഷ്യമാക്കി ഞാൻ വണ്ടിതിരിച്ചു..

മൊട്ടത്തലയിൽ കാറ്റ്കൊള്ളുമ്പോൾ ഇക്കിളിയാകുന്നു..

ഇനീപ്പോ ആരും കഷണ്ടി തലയാ എന്ന് വിളിക്കില്ലലോ,..

മൊട്ടയടിച്ചതുകൊണ്ട് അങ്ങനെ ഒരു മെച്ചം ഉണ്ട്.

തേക്കിൻകാട് മൈതാനത്തിൽ ബുള്ളെറ്റ് ഒതുക്കിവെച്ചു ചുറ്റും കണ്ണോടിച്ചപ്പോൾ  മരച്ചുവട്ടിൽ ഇരുന്ന് ഒരു പെൺകുട്ടി കൈവീശി കാണിക്കുന്നത് കണ്ടു..

ഇതായിരിക്കും പല്ലവി പവൻ.. !

അതും ചിന്തിച്ചു അവളുടെ അടുത്തേക്ക് നടന്നടുക്കുമ്പോൾ ഹൃദയമിടിപ്പിന് വേഗത കൂടുന്നതുപോലൊരു തോന്നൽ..

ഇതെന്താത്… !

ശ്വാസം ഒന്നാഞ്ഞുവലിച്ചു വിട്ടു..

പല്ലവിയുടെ അടുത്തേക്ക് നടന്നടുക്കുമ്പോൾ ഞാനവളെ ശ്രദ്ധിക്കുകയായിരുന്നു..

മരച്ചുവട്ടിൽ ഇരുന്ന് കപ്പലണ്ടി കൊറിച്ചുകൊണ്ട് എന്നെത്തന്നെ നോക്കിയിരിക്കുന്ന  പല്ലവി.!

ചിരിയാണ് ആ മുഖം നിറയെ… !

ആ ചിരി കണ്ടപ്പോൾ എനിക്കും അവളെനോക്കി ചിരിക്കാതിരിക്കാനായില്ല..

സഹോ, വാ, ഇവിടെ വന്നിരി..

അവളിരിക്കുന്ന മരചുവട്ടിലെ സിമന്റ്‌ തറക്ക് സമീപത്തെ പൊടി  ഊതിക്കളഞ്ഞു ഞാനും പല്ലവിയുടെ തൊട്ടടുത്തായി ചാടിക്കേറിയിരുന്നു…

മൊട്ട സഹോ കാണാൻ ലുക്ക്‌ ആയല്ലോ…

എന്റെ തലയിലേക്ക് നോക്കി പല്ലവി ചിരിച്ചുകൊണ്ട് പറഞ്ഞു..

ഉം..ഞാൻ വെറുതെ മൂളി.

തലയിലെ മുടി കളഞ്ഞതിൽ വിഷമം ഉണ്ടോ.. ?

പല്ലവിയുടെ ആ ചോദ്യത്തിനു ഞാൻ മറുപടിയൊന്നും പറഞ്ഞില്ല..

എന്റെ സഹോ,  ഇപ്പോഴാ നിങ്ങളെ കാണാൻ ഒരു ലുക്ക്‌ ആയത്..ഇനി പെണ്പിള്ളേര് പിറകെ വരും നോക്കിക്കോ.

ഉവ്വാ, ദിപ്പോ വരും..

ഞാൻ മൊട്ടത്തലയിൽ തടവി പിറുപിറുത്തു..

ഹാ, വരൂന്നേ…ഇന്നല്ലെങ്കി നാളെ ഒരു സുന്ദരി ഇയാളുടെ കൂട്ട്‌ തേടി വരും,..ഉറപ്പ്..

എന്റെ കരിനാക്കാ..ദേ നോക്യേ..

അതുംപറഞ്ഞു പല്ലവി നാവ് പുറത്തോട്ടു നീട്ടി കാണിച്ചു..

എന്റെ മാഷെ സമ്മതിച്ചു,..ഇനിയെങ്കിലും കുറച്ചുനേരം ആ കരിനാക്കിന് അല്പം വിശ്രമം കൊടുക്ക്.

അത് കേട്ടപ്പോൾ പല്ലവി മുഖം വീർപ്പിച്ചു പിടിച്ചു മിണ്ടാതിരുന്നു..

മാഷെ, ഇവിടെ കുത്തിയിരുന്നു മടുത്തു. നമുക്ക് ചുമ്മാ ഒന്ന് നടന്നാലോ.. ?

അത് ബുദ്ധിമുട്ടാവില്ലേ സഹോ.. ?

പല്ലവി നെറ്റിചുളിച്ചു പറഞ്ഞത് കേട്ടപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു..

എനിക്കെന്ത് ബുദ്ധിമുട്ട്, എന്റെ കൂടെ നടക്കാൻ മാഷിന് എന്തേലും ബുദ്ധിമുട്ടുണ്ടോ.. ?

ഉണ്ടല്ലോ സഹോ,

അതും പറഞ്ഞു പല്ലവി ഇരുന്നിടത്തു നിന്നും പതിയെ എണീക്കാൻ ശ്രമിച്ചു..

അപ്പോഴാണ്‌ ഞാനത് ശ്രദ്ധിച്ചത്,..

പല്ലവിയുടെ ഇടത്തെ കയ്യിൽ ഒരു ഊന്നുവടി… !!

എന്റെ നോട്ടം പെട്ടെന്ന് അവളുടെ ഇടത്തെ കാലിലേക്ക് പതിഞ്ഞു…

എന്റെ നോട്ടം കണ്ടിട്ടാവണം പല്ലവി ചിരിച്ചുകൊണ്ട് പറഞ്ഞു തുടങ്ങി..

സഹോ,  ഇടത്തെ കാല്  അല്പം ദുർബലമാണ്, ജന്മനാ കിട്ടിയതാ..ഇപ്പൊ ഈ ഊന്നുവടി ഇല്ലെങ്കിൽ ഞാൻ കിടപ്പിലായി പോകും..

അതും പറഞ്ഞു അവൾ വേച്ചു വേച്ചു നടക്കാൻ ശ്രമിച്ചു…

അപ്പോഴും ആ മുഖത്തെ പുഞ്ചിരി ഒട്ടും മാഞ്ഞിരുന്നില്ല..

പക്ഷെ എന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞുപോയിരുന്നു അപ്പോൾ..

ഒരു നടുക്കവും ഒപ്പം നിർവികാരിതയും മനസിലേക്ക് കടന്നു വന്നു ഒരേ സമയം…

വയ്യാത്ത കാലും വെച്ചു നടക്കണ്ട, ഇവിടെതന്നെ ഇരിക്ക് മാഷെ..

മനസിലെ വികാരം പുറത്തുകാണിക്കാതെ ഞാൻ പറഞ്ഞൊപ്പിച്ചു..

എന്നാൽ അങ്ങിനെ ആവട്ടെ..

പിന്നെയും പുഞ്ചിരിച്ചുകൊണ്ട് പല്ലവി സിമന്റ്‌ തറയിലേക്ക് കയറിയിരുന്നു..

അല്പംസമയം ആരും പരസ്പരം മിണ്ടിയില്ല..

ഞാനിറങ്ങട്ടെ മാഷെ, അത്യാവിശ്യമായി ഒരിടംവരെ പോകേണ്ട കാര്യമുണ്ടായിരുന്നു…

മൊട്ടത്തല ചൊറിഞ്ഞുകൊണ്ട് ഞാനത് പറഞ്ഞപ്പോൾ പല്ലവി ചിരിച്ചുകൊണ്ട് എന്നെ യാത്രയാക്കി.

കൂയ്….

തിരിച്ചു ബുള്ളെറ്റിനടുത്തേക്ക് നടക്കുമ്പോൾ പല്ലവിയുടെ  കൂക്കിവിളി കേട്ടു..

തിരിഞ്ഞ് നോക്കിയ എന്നെ ഇടത് കയ്യാൽ മാടിവിളിച്ചു പല്ലവി..

അവളുടെ അടുത്തെത്തിയപ്പോൾ ചുരുട്ടിപിടിച്ച വലതുകൈ തുറന്ന് എന്റെ നേരെ നീട്ടി പല്ലവി..

ആ കൈവെള്ള നിറയെ ഞാവൽ പഴങ്ങൾ !!!

ഒന്ന് നടുങ്ങികൊണ്ട് പണ്ടൊരിക്കൽ കണ്ട പകൽ സ്വപ്നത്തെ ഞാൻ വീണ്ടും ഓർത്തെടുത്തു…

ഒരു മരച്ചുവട്ടിൽ വലതുകൈ നിറയെ ഞാവൽ പഴങ്ങളുമായി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന പെൺകുട്ടി.. !!

സ്വപ്നത്തിൽ കണ്ട ആ കുട്ടിക്ക് എന്റെ മുന്നിൽനിന്നു പുഞ്ചിരിക്കുന്ന പല്ലവിയുടെ ഛായയുണ്ടോ.. ??

നല്ല പഴുത്ത ഞാവൽ പഴങ്ങളാ…ദേ ഈ മരച്ചുവട്ടിൽ ഒരുപാട് വീണ് കിടപ്പുണ്ട്.., ഇഷ്ടംകൊണ്ട് തരുന്നതല്ലേ,..? കൈനീട്ടി മേടിക്ക് സഹോ…

അവളിൽ നിന്ന് ഞാവൽ പഴങ്ങളും വാങ്ങി ബുള്ളറ്റിൽ കയറി തിരിച്ചുപോരുമ്പോൾ ഞാനൊന്ന് തിരിഞ്ഞുനോക്കി..

അപ്പോഴും എന്നെനോക്കി ചിരിക്കുവായിരുന്നു പല്ലവി..

പെട്ടെന്ന്  ബുള്ളെറ്റ് വട്ടം വളച്ചു നേരെ പല്ലവിയുടെ മുന്നിലേക്ക്‌ ചെന്നു..

എന്റെ ആ വരവുകണ്ടു ആശ്ചര്യത്താൽ മിഴി കൂർപ്പിച്ചു നിൽക്കുന്ന പല്ലവിയോട് പതിയെ ചോദിച്ചു..

ഇടത്തെ കയ്യിലെ ഊന്നുവടിക്ക്  പകരം എന്റെ വലതു കൈ തരട്ടെ ഞാൻ..,? 

ഇനിയുള്ള കാലം മുഴുവനും ആ കൈ  ചേർത്തുപിടിച്ചോട്ടേ മാഷെ… ?

LIC പത്രികയിൽ നോമിനിയുടെ പേര് എഴുതേണ്ട കോളത്തിൽ “പല്ലവി പവൻ ” എന്നെഴുതിയാണ് എന്റെ ആ ചോദ്യത്തിന് അവൾ ഉത്തരം നല്കിയത്..

അത് കണ്ടിട്ടാവണം ആ വലിയ മരത്തിന്റെ ചില്ലകളിൽനിന്നും ഞാവൽപഴങ്ങൾ ഞങ്ങൾക്ക് ചുറ്റും ഉതിർന്നു വീണുകൊണ്ടിരുന്നത്…!