പക്ഷെ കാത്തിരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇപ്പോൾ ഞാൻ ഹാപ്പി ആണ് ചേച്ചി. ചേച്ചി അന്നെന്നോട്….

കള്ളം…

Story written by Reshja Akhilesh

============

അഞ്ചുനിലയുള്ള ആ ഫ്ലാറ്റ് ന്റെ ടെറസ്സിൽ അലക്കിയ തുണികൾ  വിരിയ്ക്കാൻ ഇടുമ്പോഴാണ് വേദിക ആ കാഴ്ച കണ്ടത്….

പത്തിരുപതു വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി കരഞ്ഞുകൊണ്ട് ഫോണിൽ സംസാരിക്കുന്നു. എന്താണ് പറയുന്നതെന്ന് വ്യക്തമല്ലെങ്കിലും ദേഷ്യവും സങ്കടവും ഒരുപാട് ഉണ്ടെന്ന് മനസ്സിലായി. ഫോണിലെ സംസാരം അവസാനിപ്പിച്ചു ആ കുട്ടി അരമതിലിൽ കയറാൻ ശ്രമിക്കുകയായിരുന്നു. എന്തോ പന്തികേട് തോന്നിയ വേദിക ഓടിചെന്ന് ആ കുട്ടിയെ പിടിച്ചു.

“എന്താ കുട്ടീ. ഭ്രാ ന്ത് ഉണ്ടോ നിനക്ക്. വീണാലോ “

“വിടെന്നെ. എനിക്ക് മരിക്കണം.” കരഞ്ഞു കലങ്ങിയി കണ്ണുകളിൽ തീ പാറുന്ന നോട്ടത്തോടെ അവൾ ഭ്രാ ന്തിയെപ്പോലെ അലറിയപ്പോൾ  വേദിക ഒരു നിമിഷം പതറിയെങ്കിലും അവളെ പിടിച്ചു വലിച്ചു മാറ്റി നിർത്താൻ അവൾക്കു കഴിഞ്ഞു.

“എന്താ മോൾടെ പ്രശ്നം. എന്തിനാ ഈ ചെറിയ പ്രായത്തിൽ ചാവാൻ നടക്കണേ “

“അറിഞ്ഞിട്ടെന്തിനാ. നിങ്ങൾ പരിഹരിക്കോ…പറ്റില്ലാലെ…ആർക്കും പറ്റില്ല.” കൊച്ചു കുട്ടികളെക്കാൾ വാശിയോടെ അവൾ വീണ്ടും കരച്ചിലിന്റെ ശക്തി കൂട്ടി.

“പരിഹാരം ഇല്ലാത്ത പ്രശ്നങ്ങൾ ഒന്നുമില്ല. മോള് പറയ്. മോൾടെ ചേച്ചിടെ പ്രായം അല്ലേ എനിക്കുള്ളൂ. അല്ലെങ്കിൽ വേണ്ട എന്തായാലും നീ മരിക്കാൻ തീരുമാനിച്ചു ഞാൻ തടഞ്ഞാലും നീയതു ചെയ്യും. അതിന് മുൻപ് മനസ്സിൽ ഉള്ളത് തുറന്നു പറഞ്ഞാൽ കുറച്ചു ആശ്വാസം ആവും. അല്ല ചോദിക്കാൻ മറന്നു എന്താ പേര്. എന്റെ പേര് വേദിക.”

അല്പം നേരത്തേയ്ക് അവളുടെ കരച്ചിലിന്റെ ശക്തി കുറഞ്ഞു. നേർത്ത ശബ്ദത്തിൽ അവൾ പറയാൻ തുടങ്ങി.

“എന്റെ പേര് വൃന്ദ. ഞാൻ ഡിഗ്രിയ്ക്ക് പഠിക്കുവാ. എനിക്ക് ഒരാളെ ഇഷ്ട്ടാ…പ്രണവ്…വീട്ടുകാർക്കു അയാളെ ഇഷ്ട്ടല്ല. പാവപ്പെട്ട വീട്ടിലെയാ…അതോണ്ടാ…പ്രണവ് അടുത്ത മാസം ജോലിക്ക് വിസ കിട്ടി ഗൾഫിലോട്ട് പോവാ…അതിന് മുൻപ് എൻഗേജ്മെന്റ് കഴിക്കാൻ അവന്റെ വീട്ടുകാർ നിർബന്ധം പിടിക്കാ…അല്ലെങ്കി അവര് വേറെ പെണ്ണിനെ അന്വേഷിക്കും. പ്രൊപോസൽ ആയിട്ട് വന്ന അവന്റെ വീട്ടുകാരെ അമ്മേം അച്ഛനും കൂടെ അപമാനിച്ചു തിരിച്ചയച്ചു. എന്നോട് ഇറങ്ങി ചെല്ലണം എന്ന പറയുന്നേ…പക്ഷേ ഇവരെന്നെ ഇവിടെ പുറത്തോട്ട് വിടാതെ പിടിച്ചു വെച്ചിരിക്ക…ഞാൻ അവന്റ കൂടെ പോയില്ലെങ്കിൽ എനിക്കവനെ നഷ്ടപ്പെടും. അവൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ ആവില്ല. എനിക്ക് മരിച്ചാൽ മതി.” പറഞ്ഞ് തീരും മുൻപേ പഴയപോലെ കരച്ചിൽ ആരംഭിച്ചു.

വേദിക അവളെ എങ്ങനെ ആശ്വസിപ്പിക്കും എന്ന് ഓർത്തു നിന്നു. അപ്പോഴാണ് വേദികയുടെ നൈറ്റിയിലെ പോക്കറ്റിൽ ഫോൺ റിങ് ചെയ്യുന്നത്. അവളത് കൈയിലെടുത്തു. ഡിസ്പ്ലേയിൽ വേദികയും വേദികയെ പുണർന്നു ഒരു സുന്ദരനായ ചെറുപ്പക്കാരനും. വേദിക ദേഷ്യത്തോടെ കാൾ കട്ട്‌ ചെയ്തു. പിന്നേയും ഫോൺ തുടരെ റിങ് ചെയ്തു കൊണ്ടിരുന്നു.

“ചേച്ചിഎന്താ അറ്റൻഡ് ചെയ്യാതെ…ഞാൻ ഉള്ളത്കൊണ്ടാണോ…ചേച്ചി എടുത്തോളൂ ഞാൻ അങ്ങോട്ട്‌ മാറി നിന്നേക്കാം ” ഡിസ്പ്ലേയിലെ ചിത്രം കണ്ടപ്പോൾ വൃന്ദയ്ക്ക് വേദികയുമായി അടുത്ത ബന്ധമുള്ള ആളാണെന്നു മനസ്സിലായി.

“ഓഹ് അത് എടുക്കാതിരിക്കുന്നതാ മോളെ നല്ലത് “

“അതാരാ. ചേച്ചിടെ ബോയ്ഫ്രണ്ട് ആണോ “

“ആയിരുന്നു “

“ഇപ്പൊ അല്ലേ “

“അല്ല. ഭർത്താവാ. പണ്ട് പ്രേമിച്ചു നടന്നപ്പോൾ എടുത്ത ഫോട്ടോയാ ഇത്‌ “

“ഓ..ചേച്ചി ലക്കി ആണല്ലോ. പ്രേമിച്ച ആളെത്തന്നെ കിട്ടീലോ. ചേട്ടനോട് പിണങ്ങിയിരിക്കാണോ അതാണോ ഫോൺ കട്ട്‌ ചെയ്തേ “

“ഓഹ് എന്ത് ഭാഗ്യം മോളെ.”

വൃന്ദ സ്വന്തം കാര്യം മറന്ന പോലെ അവിചാരിതമായ വേദികയുടെ സംസാരത്തിൽ മുഴുകി.

“നിനക്കറിയോ വൃന്ദേ…നിന്നെപ്പോലെ ഒരു കാലം എനിക്കും ഉണ്ടായിരുന്നു. അരുൺ. അതായിരുന്നു എന്റെ പ്രണയം. പ്ലസ്ടുവിന് പഠിക്കുന്ന സമയത്താണ് ഞാൻ  പ്രൈവറ്റ് സ്ഥാപനത്തിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയ അരുണേട്ടനെ കാണുന്നതും ഇഷ്ടത്തിലാവുന്നതും. വീട്ടുകാരും ബന്ധുക്കളും ഒരുപോലെ എതിർത്തു. എന്നിട്ടെന്താ നിന്നെപ്പോലെ ഞാൻ ആ ത്മഹത്യയ്ക്കു ശ്രമിച്ചു. നടന്നില്ല. വീട്ടുകാർ അതുകൊണ്ടൊന്നും വിവാഹത്തിന് സമ്മതിച്ചില്ല. എല്ലാവരെയും നാണംകെടുത്തിക്കൊണ്ട് ഞാൻ ആരുമറിയാതെ അരുണേട്ടനോടൊപ്പം വീട് വിട്ടിറങ്ങി. കല്യാണവും കഴിച്ചു. ഇപ്പോൾ മൂന്നു വർഷമായി.”

“എന്നിട്ട് “

“എന്നിട്ടെന്താ…പൊന്നുപോലെ നോക്കിയ വീട്ടുകാരുടെ ശാപമായിരിക്കാം ഞാൻ അനുഭവിക്കുന്നത്. ഒരു വർഷം തികയും മുൻപേ വീട്ടുകാർ പിണക്കമെല്ലാം മറന്നു ഞങ്ങളെ സ്വീകരിച്ചു. പക്ഷേ…അരുണേട്ടൻ ഞാൻ പ്രണയിച്ച ആളെ ആയിരുന്നില്ല. മ ദ്യപാനവും പു കവ ലിയും പിന്നെ…അയാൾക്കില്ലാത്ത ദുഃശീലങ്ങൾ ഇല്ലെന്നു തന്നെ പറയാം. അയാളുടെ ശീലങ്ങളെല്ലാം എന്നോട് മറച്ചു വെച്ച് എന്റെ മുൻപിൽ അഭിനയിക്കായിരുന്നു. ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ ദേഹോപദ്രവം തുടങ്ങി. കണ്ടില്ലേ ഇത്‌ രണ്ടു ദിവസം മുൻപ് കുടിച്ചു വന്നു വഴക്കുണ്ടാക്കിയിട്ട്  തള്ളിയിട്ട് നെറ്റി പൊട്ടിയ പാടാ…” നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകൾ മാറ്റി മുറിവ് കാണിച്ചുകൊണ്ടവൾ പറഞ്ഞു.

“ചേച്ചിയ്ക് സ്വന്തം വീട്ടിലേയ്ക് പൊയ്ക്കൂടെ”

“നാട്ടുനടപ്പനുസരിച്  വീട്ടുകാർ തീരുമാനിച്ചുറപ്പിച്ചു വിവാഹം കഴിച്ചയച്ച പെൺകുട്ടികൾ ഭർത്താവുമായി പിരിഞ്ഞു താമസിക്കുന്നത് തന്നെ കുറ്റമായി കാണുന്നവരല്ലേ എല്ലാവരും അപ്പോൾ സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്ത എന്നെപോലെ ഒരുവൾ വീട്ടിൽ ചെന്നു നിൽക്കുന്നത് ആലോചിക്കാൻ കൂടി വയ്യാ…ആളുകൾക്ക് പരിഹസിക്കാൻ അതു മാത്രം മതിയല്ലോ. പിന്നെ ഞാൻ വീട്ടുകാരെ ഒന്നും അറിയിച്ചിട്ടില്ല. സമ്പത്ത് ഇല്ലെങ്കിലും സന്തോഷത്തോടെയാണ് മകൾ കഴിയുന്നതെന്ന് ആ പാവങ്ങൾ സമാധാനിക്കട്ടെ…” വേദികയുടെ കണ്ണുകൾ ഈറനണിഞ്ഞു.

“ചേച്ചി കരയുവാണോ “

“ഇല്ലാ കുട്ടീ…എന്റെ വിധി നിനക്കുണ്ടാകരുത്. തമ്മിൽ കുറച്ചു നേരത്തെ പരിചയം ഉള്ളൂവെങ്കിലും നിന്നിൽ ഞാൻ എന്നെ തന്നെയാ കാണുന്നെ…വീട്ടുകാർ നമുക്ക്  നല്ലതേ   ചെയ്യൂ മോളെ…നിന്റെ പ്രണവ് നല്ലവനോ ചീത്തയോ…അറിയില്ല…പക്ഷേ കാത്തിരിക്കണം. അവൻ നിന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടെങ്കിൽ നിനക്കായി കാത്തിരിക്കും. ഒരിക്കൽ എടുത്തു ചാടിയാൽ പിന്നെ മറു ചിന്തയിൽ നമുക്ക് തിരികെ എത്താൻ കഴിയില്ല. അത് വിവാഹം ആയാലും നീയിപ്പോ ചാടാൻ പോയ ടെറസ് ആയാലും ശരി. ശരിക്കും ആലോചിച്ചു തീരുമാനിക്ക്…”

വേദികയുടെ വാക്കുകൾ വൃന്ദയുടെ മനസ്സിനെ പിടിച്ചുലച്ചു. ആ ത്മഹത്യ എന്ന ചിന്ത അവൾ ഉപേക്ഷിച്ചു. പിന്നേയും ഇരുവരും ഒരുപാട് നേരം സംസാരിച്ചതിന് ശേഷമാണ് അവിടെ നിന്നും പിരിഞ്ഞത്.

*************************

കുറച്ചു ദിവസങ്ങൾക്കു ശേഷം അതേ ടെറസ്സിൽ.

വേദികയും അരുണും കൂടി തർക്കിന്നുന്നത് കണ്ടുകൊണ്ടാണ് വൃന്ദ  കടന്നു വന്നത്.

“ചേച്ചി…” വൃന്ദയുടെ സ്നേഹത്തോടെയുള്ള വിളി…

“ആഹാ വൃന്ദയോ…നിന്റെ വിഷമം എല്ലാം മാറിയോ “

“ഉവ്വ് ചേച്ചി… എല്ലാം എനിക്ക് മനസ്സിലായി. പ്രണവിനോടുള്ള സ്നേഹം ഞാൻ മറന്നിട്ടില്ല. പക്ഷെ കാത്തിരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇപ്പോൾ ഞാൻ ഹാപ്പി ആണ് ചേച്ചി. ചേച്ചി അന്നെന്നോട് സംസാരിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ…താങ്ക്യു സോ മച് ചേച്ചി.”

“മോള് ഹാപ്പി ആയില്ലേ അതു മതി.”

“അല്ല ചേച്ചി…ഇയാൾ ചേച്ചിയോട് വീണ്ടും വഴക്കിടുവാണോ. അടിയും തൊഴിയും സഹിച്ചത് മതി ചേച്ചി. ഈ ക ള്ളുകുടിയനെ കളഞ്ഞു വേറെ നല്ല ആളെ കിട്ടും ഭർത്താവായിട്ട് ചേച്ചിയ്ക്.” പറഞ്ഞു തീരുമ്പോഴേക്കും വൃന്ദയുടെ ഫോൺ ശബ്ദിയ്ക്കാൻ തുടങ്ങി.  പിന്നെ കാണാമെന്നു പറഞ്ഞു അവൾ അവിടെ നിന്നും പോയി.

അരുൺ ഇരുവരുടെയും സംസാരം കേട്ട് പകച്ചു നിൽക്കുകയായിരുന്നു. താൻ ഇതുവരെ കാണുക പോലും ചെയ്യാത്ത ഒരു പെൺകുട്ടി തന്നെക്കുറിച്ചു മോശമായി സംസാരിക്കാൻ കാരണം എന്താണെന്ന് അരുൺ അതിശയിച്ചു.

“എന്താ വേദിക…ആരാ അവൾ…ക ള്ളുകു ടിയൻ,അടിയും തൊഴിയും എന്താ അവൾ പറഞ്ഞിട്ട് പോയത്…”

“അരുണേട്ടാ…അത്…എന്നോട് ഒന്നും തോന്നരുത് കേട്ടോ…ഒരാളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി എനിക്ക് കുറച്ചു കള്ളം പറയേണ്ടി വന്നു.” ആമുഖത്തോട് കൂടി വേദിക തുടങ്ങി.

“കണ്ടാലേ അറിയില്ലേ അവളൊരു പൊട്ടിപെണ്ണാണെന്ന്. പ്രേമിച്ചയാളെ കിട്ടില്ലാന്ന് വെച്ച് ചാവാൻ തുടങ്ങീതാ…പണ്ട് ഞാനും ഇങ്ങനെ ആയിരുന്നല്ലോ. അരുണേട്ടനെ കിട്ടണം എന്ന ചിന്ത മാത്രായിരുന്നു. ഭാഗ്യം കൊണ്ട് എനിക്ക് കിട്ടിയത് എന്നെ പൊന്നു പോലെ നോക്കുന്നയാളെയാ…പക്ഷേ എല്ലാവർക്കും അങ്ങനെ ആവണം എന്നില്ലല്ലോ. വെറുതെ ഉപദേശിച്ചത് കൊണ്ടു മാത്രം ആ കുട്ടീടെ മനസ്സു മാറില്ലെന്ന് അറിയാമായിരുന്നു. എങ്ങനെ അവളെ പിന്തിരിപ്പിക്കും എന്നറിയാതെ നിൽക്കുമ്പോഴാ അരുണേട്ടൻ വിളിക്കുന്നത്…രാവിലെ പിണങ്ങിയതിന്റെ വാശി തീർന്നിട്ടില്ലായിരുന്നു. കാൾ കട്ട്‌ ചെയ്തത് എന്തു കൊണ്ടാണെന്ന് അവൾക് സംശയം ആയി…അതിൽ പിടിച്ചങ്ങു കേറി ഞാൻ. ബാത്‌റൂമിൽ വഴുക്കി വീണു നെറ്റി പൊട്ടിയ പാടും പിന്നെ പണ്ട് കോളേജിൽ നാടകത്തിൽ അഭിനയിച്ചതിന്റെ എക്സ്പീരിയൻസും എല്ലാം കൂടിയങ്ങു ഞാൻ…” 

ഇതെല്ലാം കേട്ട് അരുൺ മൂക്കത്തു വിരൽ വെച്ചു പോയി.

“അമ്പടി കള്ളി…നന്നായിണ്ട്…നിന്നെ തട്ടിക്കൊണ്ടു വന്നു കെട്ടിയതാണേലും നിന്നെ ഞാൻ ഒന്നു നുള്ളി നോവിച്ചിട്ടു പോലുമില്ല. ആ എന്നെയ നീ ഇത്രേം അപവാദം പറഞ്ഞുണ്ടാക്കിയത്. നിന്നോട് ദൈവം ചോദിക്കൂടി വഞ്ചകി “

“സോറിട്ടോ അരുണേട്ടാ…ആ കുട്ടിയെ രക്ഷിക്കണം എന്ന ഒറ്റ വിചാരെ അന്നേരം ഇണ്ടാർന്നുള്ളു.” ചിണുങ്ങിക്കൊണ്ട് വേദിക അപേക്ഷാ സ്വരത്തിൽ പറഞ്ഞു.

“സാരല്ല. പോട്ടേ…എന്നാലും നീ അസ്സല് ക ള്ളി തന്നെയാ.”

“ഒന്ന് പോ അരുണേട്ട അങ്ങനെയൊന്നും എന്നെ വിളിക്കല്ലേ…ഫീൽ ആവുട്ട എനിക്ക്.”

“ഞാൻ ഇനിയും വിളിക്കും കള്ളി…കള്ളി…കള്ളി…” അരുൺ അവളെ ചൊടിപ്പിച്ചുകൊണ്ടിരുന്നു. അവൾ അവനെ വാശിയോടെ നു ള്ളാനും മാ ന്താനുമെല്ലാം തുടങ്ങി.

പിന്നീട് അവിടെ എന്നത്തേയും പോലെ അരുണിന്റെയും വേദികയുടെയും കൊച്ചു കൊച്ചു കളി തമാശകളുടെ നേരമായിരുന്നു..

പക്ഷേ വൃന്ദ അതെല്ലാം കാണുന്നുണ്ടായിരുന്നുവെന്ന് തങ്ങളുടെതായ ലോകത്തു പാറിപറക്കുന്ന അരുണും വേദികയും അറിഞ്ഞതില്ല. എന്നാൽ ഒരു ഭാഗ്യപരീക്ഷണത്തിൽ നിന്നും തന്നെ തടഞ്ഞു പക്വതയോടെ തീരുമാനമെടുക്കാൻ സഹായിച്ച  വേദികയോട് ഒരു തരി പോലും ദേഷ്യം അവളിൽ ഉണ്ടായില്ല. കുറുമ്പ് കാണിച്ചു അരുണുമായി വഴക്കിടുന്ന  ആ ചേച്ചിക്കുട്ടിയോട്  അവൾക് പരിഭവം ഒട്ടുമേയില്ല എന്നതിന്റെ തെളിവായിരുന്നു അവളുടെ ചുണ്ടിൽ വിരിഞ്ഞ ആ പാൽപുഞ്ചിരി.

ശുഭം

~രേഷ്ജ അഖിലേഷ്