ആയിടക്കാണ് ബ്യൂട്ടി പാർലർ നടത്തുന്ന ഒരു മാഡം ചെരിപ്പ് കടയിൽ വന്നത്…

വിശുദ്ധ കാല്…

Story written by Shabna Shamsu

==============

ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി എൻ്റെ കാലിൻ്റെ ഉപ്പൂറ്റി വിണ്ട് കീറുന്നത്..പിന്നീടോരോ ക്ലാസ്  കഴിയുന്തോറും കാലിലെ പള്ള ഭാഗത്തേക്കും വിരലിലേക്കും രോഗം പടർന്ന് മൂർച്ഛിച്ചു..

ആദ്യം അലോപ്പതിയിലും പിന്നെ ആയൂർവേദത്തിലും ഹോമിയോലും കാണിച്ചെങ്കിലും യാതൊരു വിധ മാറ്റവും ഉണ്ടായില്ല…

ആ കാലത്തൊക്കെ സുന്ദരമായ കാലുകളുള്ള എൻ്റെ കൂട്ടുകാരെ കാണുമ്പോ എനിക്ക് തീർത്താൽ തീരാത്ത അസൂയ വരും..മസാല തേക്കാൻ വരങ്ങി വച്ച ഒമാൻ മത്തി പോലെയുള്ള എൻ്റെ കാല് നോക്കി വല്ലാണ്ടങ്ങ് കുണ്ഠിതപ്പെടും..

ആയിടക്കാണ് ഒരു തൊലിയുടെ ഡോക്ടറെ എൻ്റെ കാല് കാണിക്കുന്നത്..സ്ഥിരമായി ഷൂവും സോക്സും ഇട്ടാൽ ഒരു പരിധി വരെ മാറ്റം ഉണ്ടാവും എന്ന് പറഞ്ഞു…

വിരലടയാളത്തിൽ നീല കളറുള്ള വെള്ള ഫിഷർ ഹവായ് മാത്രം ഇട്ടോണ്ട് നടന്ന എനിക്ക് ഉപ്പ അന്ന് രണ്ട് ജോഡി വെളുത്ത സോക്സും ഒരു കറുപ്പ് ഷൂവും വാങ്ങി തന്നു…

അന്നൊന്നും ഞങ്ങൾടെ വീട്ടിൽ ഇസ്തിരിപ്പെട്ടിയില്ല…യൂണിഫോമൊന്നും തേക്കാറില്ല..ആകാശനീല കൂപ്പായോം കരിംനീല കളർ പാവാടയുമാണ് യൂണിഫോം..തേക്കാത്തോണ്ട് പാവാടയുടെ ഇരിക്കുന്ന ഭാഗത്ത് തലച്ചോറിൻ്റെ ഷേപ്പിൽ ചുരുണ്ട് കൂടി കിടക്കും…

ഈ യൂണിഫോമിൻ്റെ കൂടെയാണ് ഞാൻ വെള്ള സോക്സും കറുപ്പ് ഷൂവുമിട്ട് കൊളാമ്പിയില് ബിരിയാണി വിളമ്പിയ പോലെ സ്ക്കൂളിൽ പോവുന്നത്…

അന്ന് മുതലാണ് എൻ്റെ കാലും  ഷൂവും തമ്മിൽ പിരിയാൻ പറ്റാത്ത വിധം അടുപ്പത്തിലായത്…

ഇന്നും ഷൂ ഇല്ലാതെ വല്ല കല്യാണത്തിനോ പരിപാടികൾക്കോ പോയാൽ കപ്പലിൽ കടല് കാണാൻ പോയ കൂറയെപ്പോലെ ഏതെങ്കിലും ഒരു മൂലക്ക് പറ്റിപ്പിടിച്ച് നിന്ന് ആരോടും മിണ്ടാതെ ഒന്നും കാണാതെ തിരിച്ച് പോരാറാണ് പതിവ്…

അഞ്ചാറ് മാസം മുമ്പ് എൻ്റെ ഒരു കഥ കലാകൗമുദിയിൽ വന്നിരുന്നു..അതിൻ്റെ കൂടെ എൻ്റെ ഫോൺ നമ്പറും ഉണ്ടായിരുന്നു…അങ്ങനെ നമ്പർ കിട്ടിയാണ് എറണാകുളത്തുള്ള അജിത് കുമാർ എന്നെ വിളിക്കുന്നത്…

“ഇത്താത്തയോട് എനിക്കെൻ്റെ ജീവിതകഥ പറയണം..ഫ്രീ ആവുമ്പോ എന്നെ ഒന്ന് വിളിക്കാവോ…ഇത്താത്ത അതൊരു കഥ എഴുതണം…കേട്ട് കഴിയുമ്പോ എനിക്കൊരു ഉപദേശവും തരണം,..” ഇത്രേം പറഞ്ഞ് അവൻ ഫോൺ കട്ടാക്കി…

മറ്റുള്ളവരുടെ ജീവിതകഥ ആണല്ലോ..എനിക്ക് അത് അറിയാഞ്ഞിട്ട് വല്ലാത്തൊരു എതക്കേട്…

ഈ കഴിഞ്ഞ റമദാനിൽ ഒരു ദിവസം ഉച്ചക്ക് ഞാനവനെ ഫോൺ ചെയ്തു…അങ്ങനെ അവൻ കഥ പറയാൻ തുടങ്ങി…

നന്നേ ചെറുപ്പത്തിൽ അച്ഛൻ മരിച്ച് പോയി…അതിന് ശേഷം അടുത്തുള്ള ഇഷ്ടിക കളത്തിൽ അമ്മ ജോലിക്ക് പോയി..രണ്ട് വർഷം കഴിഞ്ഞപ്പോ അവിടെ ലോഡെടുക്കാൻ വരുന്ന ടിപ്പർ ഡ്രൈവർടെ  കൂടെ അമ്മ ഒളിച്ചോടി…പിന്നീട് അച്ഛമ്മയുടെ കൂടെ താമസം…കൂടപ്പിറപ്പുകളോ കൂട്ടുകാരോ ഇല്ല..ആരോടും അധികം സംസാരിക്കാറില്ല…സ്ക്കൂളിൽ പോയാൽ ആരുടെയും മുഖത്ത് നോക്കില്ല..പഷേ അവരുടെ കാലുകള്  നോക്കി നിക്കും..ആ സമയത്ത് വല്ലാത്തൊരു സന്തോഷം തോന്നും…മൈലാഞ്ചിയും ക്യൂട്ടക്സും വെള്ളി പാദസരവും നോക്കി ഇത് മഞ്ചുവും ഷാഹിനയും അലീനയും ആണെന്ന് ഉറപ്പിച്ച് പറയും…

ഇത് കേട്ടപ്പോ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം വന്നു…അങ്ങനെ ആദ്യമായി ഞാൻ എന്നെപ്പോലെ ഒരു കാല് നോക്കിയുമായി ചങ്ങാത്തത്തിലായിരിക്കുന്നു…

ഞാൻ ഷൂവിൻ്റെ ഉള്ളീന്ന് എൻ്റെ രണ്ട് ഒമാൻ മത്തിയും എടുത്ത് പുറത്തിട്ടു…മുമ്പിലെ കസേരയിൽ കയറ്റി വെച്ചു…ക്ലോക്കിലെ സെക്കൻ്റ് സൂചി പോലെ ഇരുന്ന് ആട്ടാൻ തുടങ്ങി…

“നീ ബാക്കി പറയെടാ മോനെ… “

പ്ലസ്ടു കഴിഞ്ഞപ്പോ അടുത്തുള്ള ഒരു ചെരിപ്പ് കടയിൽ ജോലിക്ക് കയറി…പെൺകുട്ടികളുടെ കാലില് തൊടാം..ചെരിപ്പിട്ട് കൊടുക്കാം…

ഒരു ദിവസം ചെരിപ്പിട്ട് കൊടുക്കുമ്പോ ഒരു പെൺകുട്ടിയുടെ കാലിൽ ഞാൻ ഉമ്മ വെച്ചു…അവളെൻ്റെ മുഖത്തടിച്ചു..കടക്കാരനെന്നെ പുറത്താക്കി….

അന്ന് തന്നെ ബാംഗ്ലൂരിലേക്ക് നാട് വിട്ടു..അവിടെയും ഒരു ചെരിപ്പ് കടയിൽ  ജോലിക്ക് ചേർന്നു.

“ഇത്താത്ത…ഞാൻ എത്ര ആസ്വദിച്ചിട്ടാണെന്നോ ആ ജോലി ചെയ്യാ…ചെരിപ്പിട്ട് കൊടുക്കും വള്ളി കെട്ടി കൊടുക്കും… “

ആയിടക്കാണ് ബ്യൂട്ടി പാർലർ നടത്തുന്ന ഒരു മാഡം ചെരിപ്പ് കടയിൽ വന്നത്…

കാലിനോടുള്ള എൻ്റെ ഇഷ്ടം കണ്ട് അവരുടെ ബ്യൂട്ടി പാർലറിൽ  ജോലിക്ക് വരുവോന്ന് ചോദിച്ചു…രണ്ടാമതൊന്നാലോചിക്കാതെ ഞാനവിടെ പോവേം ചെയ്തു…

അതിന് ശേഷം അവൻ പറഞ്ഞ കാര്യങ്ങള് കേട്ട് റമദാനിലെ ആദ്യത്തെ പത്തില് ചൊല്ലാനുള്ള ദിക്റ് പോലും ഞാൻ മറന്നു പോയി…

“എനിക്ക് സാധാരണ മനുഷ്യനായി ജീവിക്കണം ഇത്താത്ത…എന്നെ ഒന്ന് ഉപദേശിക്കാൻ പോലും ആരും ല്ല….”

അവൻ കരയാൻ തുടങ്ങി…

എനിക്കൊന്നും പറയാൻ തോന്നിയില്ല. ഞാൻ ഫോൺ കട്ട് ചെയ്തു…ഇവനിപ്പോ എന്ത് ഉപദേശമാണ് കൊടുക്കുക എന്നോർത്ത് ഞാൻ പിന്നേം കുണ്ഠിതപ്പെട്ടു….അന്നേരം പേപ്പറും വായിച്ചോണ്ടിരിക്കുന്ന എൻ്റെ ഇക്കാനോട് ഞാൻ കാര്യം പറഞ്ഞു..പത്ത് തലയാ മൂപ്പർക്ക്…തനി രാവണൻ….എന്ത് പ്രശ്നത്തിനും പരിഹാരം പറഞ്ഞ് തരും….

എല്ലാം കേട്ട് കഴിഞ്ഞപ്പോ ഇക്ക എന്നോട് പറഞ്ഞു..

“ഇയ്യൊരു കാര്യം ചെയ്യ്…ഇപ്പോ തന്നെ  അൻ്റെകാലിൻ്റെ ഒരു ഫോട്ടോ  എട്ക്ക്…ന്നിട്ട് ഓനിക്ക് അയച്ച് കൊടുക്ക്…പിന്നെ ഈ ജന്മം  ഓനിക്ക് ഈ സൂക്കേട് ണ്ടാവുല…”

പ്രിയപ്പെട്ടവരേ….42 വയസ്സുള്ള സുന്ദരനും സുമുഖനുമായ ഭർത്താവിനെ വിൽക്കാനുണ്ട്..ആവശ്യമുള്ളവർ കോൺടാക്റ്റ് ചെയ്യുക…

~Shabnashamsu ❤️