മനസ്സ് വല്ലാത്ത ഒരവസ്ഥയിൽ എത്തിയിരിക്കുന്നു..ഇഷ്ടമില്ലാത്ത ഒരവസ്ഥയെ നേരിടാൻ പോകുന്നു. ഓടി രെക്ഷപെടാനാണ് തോന്നുന്നത്…

ഭ്രാന്ത്‌ പൂക്കുമ്പോൾ….

Story written by Neeraja S

==============

ഹാഫ്ഡേ ലീവ് എടുക്കണം ഹോസ്പിറ്റലിൽ പോകാൻ…എന്ന് പറഞ്ഞതു കൊണ്ട് ഉച്ചക്ക് തന്നെ ഓഫീസിൽ നിന്നും ഇറങ്ങി..

വീട്ടിൽ വന്നപ്പോൾ പതിവുള്ള നിശബ്ദതക്ക് പകരമായി എന്തൊക്കെയോ മാറ്റങ്ങൾ..പെങ്ങളും കുടുംബവും, അച്ഛൻ, അമ്മ, അളിയനും കുടുംബവും തുടങ്ങി കുറച്ചു പേർ വീട്ടിൽ കാത്തിരിക്കുന്നു….

“Happy birthday acha”

അമ്മു ഒരു പൂ തന്ന് സ്വീകരിച്ചു…ആഘോഷങ്ങൾ തനിക്ക് ഇഷ്ടമല്ല എന്ന് നൂറുവട്ടം പറഞ്ഞിട്ടുള്ളതാണ്..ഇതിപ്പോ അവസാന നിമിഷംവരെ അറിയാതെ പോയി..അല്ല താനറിയാതെ അവർ നോക്കി..

അല്ലെങ്കിലും നാല്പത്തഞ്ചാം പിറന്നാൾ ഒക്കെ എന്തിന് ആഘോഷിക്കണം..മക്കളും അമ്മയും കൂടി എല്ലാം ഒളിച്ചു..വന്നവരുടെ മുൻപിൽ താൻ ഡീസന്റ് ആകാതെ പറ്റില്ലല്ലോ..റെഡിയായി വരാൻ പറഞ്ഞ് പെങ്ങളൂട്ടി നിർബന്ധിച്ചപ്പോൾ റൂമിലേക്ക്‌ നടന്നു.

മനസ്സ് വല്ലാത്ത ഒരവസ്ഥയിൽ എത്തിയിരിക്കുന്നു..ഇഷ്ടമില്ലാത്ത ഒരവസ്ഥയെ നേരിടാൻ പോകുന്നു. ഓടി രെക്ഷപെടാനാണ് തോന്നുന്നത്. റൂമിൽ കയറി അല്പനേരം ഇരുന്നു. നേരിടുകയല്ലാതെ വേറെ മാർഗമില്ല മറ്റുള്ളവർക്ക് വേണ്ടി അഭിനയിക്കാൻ തീരുമാനിച്ചു…

തന്റെ മനസ്സിന്റെ അനിഷ്ടങ്ങൾ മറ്റുള്ളവരിലേക്ക് പകരേണ്ട..മനസ്സിനെ പറഞ്ഞു പാകപ്പെടുത്തി..ധരിക്കാനുള്ള ഡ്രസ്സ്‌ ബെഡിൽ വച്ചിരിക്കുന്നു മോളുടെ സെലെക്ഷൻ ആണെന്ന് തോന്നുന്നു..അവൾക്ക് ഇഷ്ടമുള്ള കളറും തനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത കളറും..പച്ച…

ആ ഷർട്ട്‌ ഇടാതെ ചെന്നാൽ മകളുടെ മുഖം വാടുന്നത് ഓർത്തപ്പോൾ കണ്ണാടിയിൽ നോക്കാതെ വേഗം ഡ്രസ്സ്‌ ധരിച്ചു..മുടി ചീകിയിട്ട് കൈ വച്ച് ഒന്ന് ഇളക്കിയിട്ടു…ഇങ്ങനെ ചീകിയ മുടി കോലം കെടുത്തുമ്പോൾ അവൾ എപ്പോഴും ചോദിക്കാറുണ്ട് പിന്നെന്തിനാണ് കഷ്ടപ്പെട്ടു ചീകാൻ പോകുന്നതെന്ന്…

അവൾക്ക് എല്ലാം പെർഫെക്ട് ആകണം..ചീകി ഒതുക്കിയ മുടി..തേച്ചു ചുളിവ് വീഴാത്ത ഷർട്ടും മുണ്ടും..തിളങ്ങുന്ന ലെതറിന്റെ ചെരുപ്പ്…എല്ലാം ഇട്ടു റെഡിയായി ഇറങ്ങും പക്ഷെ പോകുന്ന വഴിക്ക് മുടി ചിതറും ഷർട്ടും മുണ്ടും ചുളിയും..അങ്ങനെ പോയാലെ തനിക്ക് സമാധാനം ആകു..

ഹാളിൽ എത്തിയപ്പോൾ എല്ലാവരും തന്നിലേക്കു മിഴികൾ പായിച്ചു നിൽക്കുന്നു..ആകെയൊരു അസ്വസ്ഥത..ഇതൊന്നും തനിക്ക് ഇഷ്ടമല്ല എന്ന് മനസ്സ് മുരളുന്നു..കേക്ക് മുറിക്കാൻ കത്തിയുമായി അമ്മുവും അപ്പുവും ഓടി വന്നു…

കേക്ക് മുറിക്കുമ്പോൾ എല്ലാവരും കൈ അടിച്ചു പാടുന്നുണ്ടായിരുന്നു..അരിച്ചു കയറുന്ന ദേഷ്യത്തിന്റെ ഉച്ചസ്ഥായിയിൽ നിർത്താൻ പറഞ്ഞ് അലറുന്നതും, കേക്ക് ഹാളിൽ ചിതറി വീഴുന്നതും, കുട്ടികളുടെ പേടിച്ചരണ്ട മുഖങ്ങളും, അവളുടെ നിസ്സഹായവസ്ഥയും എല്ലാം മനസ്സിലൂടെ കടന്നു പോയി….

ഒരു കഷ്ണം കേക്ക് മുറിച്ചു മക്കൾക്ക്‌ കൊടുത്തിട്ട് മാറി നിന്നു..ബാക്കി അവർ ഏറ്റെടുത്തു കഴിഞ്ഞിരുന്നു..അളിയൻ കുശലം പറയാനായി അടുത്തുവന്നു…ഇനി ചെവിയിൽ പഞ്ഞി വയ്ക്കുന്നതാണ് ഉത്തമം. പൊങ്ങച്ചത്തിന്റ കെട്ടഴിച്ചു കഴിഞ്ഞു. വെറുതെ മൂളിയും ചിരിച്ചും തലയാട്ടിയും കേട്ടുനിന്നു. അപ്പോഴെല്ലാം മനസ്സ്  അസ്വസ്ഥമായി അലറുന്നുണ്ടായിരുന്നു…പുഞ്ചിരിയോടെ ഇരിക്കുമ്പോഴും ഉള്ളിൽ പലതവണ അയാളെ കാലേവാരി അടിച്ചു കഴിഞ്ഞിരുന്നു…

പറയുന്നത് താൻ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ ഇടയ്ക്കു ‘അല്ലെ അളിയാ’ എന്ന് ചോദിച്ചു തന്റെ ചിന്തകളെ മുറിച്ചു കളയുന്നുണ്ടായിരുന്നു അയാൾ..ഭക്ഷണം കഴിക്കാൻ അവൾ വിളിക്കുന്നതുവരെ അത് തുടർന്നു…

ഭക്ഷണം കഴിച്ച് എല്ലാവരും  സന്തോഷത്തോടെ പോയിക്കഴിഞ്ഞപ്പോൾ ഒരാളെ കാണാനുണ്ടെന്നു പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി..എത്തിനിന്നത് പതിവുപോലെ അമ്പലകുളത്തിന്റെ കരയിലാണ്. ഭാഗ്യത്തിനാരും ഉണ്ടായിരുന്നില്ല

കുളത്തിന്റെ പടവിൽ നിവർന്നു കിടന്നു. ഫോണിൽ ഇഷ്ടഗാനം ഓൺ ചെയ്തു കേട്ടുകൊണ്ട് ആകാശം നോക്കി കിടന്നപ്പോൾ അല്പം തണുപ്പ് മനസ്സിലേക്ക് അരിച്ചരിച്ചു വരുന്നത് പോലെ…ചിന്തകളെ ബലത്തിൽ പിടിച്ചു നിർത്തി പാട്ടിന്റെ വരികൾ ശ്രദ്ധിക്കാൻ ശ്രമിച്ചു.

അറിയാതെ മയങ്ങി പോയി. നോക്കുമ്പോൾ സമയം ഏഴുമണി ആയിരിക്കുന്നു…വിശക്കുന്നുണ്ട്. ഈ സമയത്ത് വീട്ടിൽ ചെന്നാൽ പച്ചവെള്ളം അവളുടെ കൈ കൊണ്ട് കിട്ടും എന്ന് കരുതണ്ട. സീരിയലിന്റെ ലോകത്തു ചുറ്റിക്കറങ്ങുകയാവും. ഒരേ സമയം മൂന്നു ചാനലിൽ ആണ് സീരിയൽ കാണുന്നത്. പരസ്യം വരുമ്പോൾ മാറ്റി മാറ്റി കാണും..മറ്റുള്ളവരുടെ ഇഷ്ടങ്ങളിൽ ഇടപെടാൻ പോകാറില്ല..തന്റെ ഇഷ്ടങ്ങൾ ആരിലും അടിച്ചേല്പിക്കാറുമില്ല…

വിവാഹം കഴിക്കണ്ടായിരുന്നു…എങ്കിൽ സ്വന്തം ഇഷ്ടത്തിന് നടക്കാമായിരുന്നു  എന്നോർക്കും ചിലപ്പോൾ…അമ്മുവിന്റെയും അപ്പുവിന്റെയും മുഖം ഓർക്കുമ്പോൾ…വിവാഹം കഴിച്ചില്ലെങ്കിലും താൻ ഇതുപോലെ എപ്പോഴും മാനസിക സംഘർഷങ്ങളിൽപെട്ട് വേദനിച്ചു കൊണ്ടേ ഇരിക്കും…

പലപ്പോഴും സ്വയം ചോദിക്കാറുണ്ട്. എന്താണ് തന്റെ കുഴപ്പം…ഭാര്യ, കുഞ്ഞുങ്ങൾ, നല്ല ജോലി, ചുറ്റിനും ഉള്ളവർക്ക് താൻ ഒത്തിരി പ്രിയങ്കരനും ആണ്…ആരും തന്നെ വേദനിപ്പിക്കാറില്ല…പക്ഷെ എന്തുകൊണ്ടെന്നറിയില്ല മനസ്സ് എപ്പോഴും നീറിക്കൊണ്ടിരിക്കും. വേദനിച്ചു കൊണ്ടിരിക്കും..

എല്ലാം ഉപേക്ഷിച്ചു ഏതെങ്കിലും ഒറ്റപ്പെട്ട സ്ഥലത്ത് പോയി ഒളിക്കണമെന്ന്  വിചാരിക്കാറുണ്ട്…പക്ഷെ അവിടെയും ഹൃദയം തപിച്ചു കൊണ്ടിരിക്കും….അതെ ഈ ലോകത്തിന്റെ ഏതു മൂലയിൽ പോയി ഒറ്റപ്പെട്ടിരുന്നാലും തനിക്ക് സന്തോഷം കിട്ടില്ല…

ഒരു സുപ്രഭാതത്തിലാകും തോന്നുക ഒന്ന് പതുങ്ങണമെന്ന്…പെട്ടെന്നൊരു  നിശബ്ദത പിടികൂടിയത് കണ്ട് ഭാര്യ പിറകെ നടന്നു കാരണം ആരാഞ്ഞുകൊണ്ടിരിക്കും. അപ്പോൾ കൂടുതൽ ഭ്രാന്തമായി പ്രതികരിക്കും അവൾ കരയുന്നത് കാണുമ്പോൾ ഉള്ളിലിരുന്നു ആരോ പൊട്ടിച്ചിരിക്കും…കൂട്ടുകാർ ഫോൺ എടുക്കാത്തതിന് വേവലാതിപ്പെടുന്നുണ്ടാവും…

ഫോൺ കാണുമ്പോൾ എറിഞ്ഞു ഉടയ്ക്കാനാവും തോന്നുക. മക്കൾ പേടിയോടെ ഒതുങ്ങും…എല്ലാവരും വെറുക്കട്ടെ ആരും എന്നെ സ്നേഹിക്കണ്ട…കുളത്തിന്റെ കരയിൽപോയി ഒറ്റയ്ക്ക് കിടക്കും..ഹൃദയം നുറുങ്ങുന്ന വേദന ആസ്വദിച്ചു കൊണ്ട്…

രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ വേദനിച്ചു /ഒറ്റപ്പെട്ടു മതിയായി എന്നു തോന്നുമ്പോൾ…വീണ്ടും പ്രിയപ്പെട്ടവരുടെ അടുത്തേക്ക്….ഓഫീസിലെ എന്തെങ്കിലും ഇല്ലാത്ത ടെൻഷന്റെ  കാര്യം പറഞ്ഞ് അവളെ വിശ്വസിപ്പിക്കും….കൂട്ടുകാരോട് ഫോണിന് പറ്റിയ ഇല്ലാത്ത കംപ്ലൈന്റ് ആയിരിക്കും വിവരിക്കുക…

വീണ്ടും സന്തോഷത്തിലേക്ക്..പക്ഷെ എപ്പോഴാണ് ഭ്രാന്ത്‌ വീണ്ടും മനസ്സിൽ മൊട്ടിടുന്നതെന്ന് ആർക്കറിയാം…

ചെറുപ്പം മുതൽ ഇങ്ങനെ ആയിരുന്നു…ഓണത്തിനും വിഷുവിനും തുടങ്ങി പല ആഘോഷങ്ങൾക്കും  എല്ലാവരും ഒത്തുചേർന്നു സന്തോഷം പങ്കിടുമ്പോൾ താൻ എന്തെങ്കിലും കാരണം ഉണ്ടാക്കി രാവിലെ മുതൽ പിണക്കത്തിൽ ആയിരിക്കും…

കല്യാണത്തിനോ ഉത്സവങ്ങൾക്കോ പോകുമ്പോൾ ഒരിക്കലും  സന്തോഷത്തോടെ പോയിട്ടില്ല..തിരക്കുകളെ ആൾക്കൂട്ടങ്ങളെ എന്നും വെറുത്തിരുന്നു. എങ്ങനെയെങ്കിലും ഒന്ന് വീടെത്തിയാൽ മതിയെന്ന ചിന്തയോടെ പോകാം പോകാം എന്ന് ഉള്ളിലിരുന്നാരോ അലറുന്നുണ്ടാവും….

ഓരോ തവണ ഭ്രാന്തിലേക്ക് എത്തിപ്പെടുമ്പോഴും ആ ഭ്രാന്തിനെ തനിക്ക്  നിയന്ത്രിക്കാനാകുന്നുണ്ടെന്ന ചിന്ത…അതാണെന്നെ മുന്നോട്ട് നയിക്കുന്നത്..ഭ്രാന്തിന്റെ കൊടുമുടികൾ കീഴടക്കാൻ ഇനിയും കാത്തിരിക്കുന്നു.