വൈകിട്ടത്തെ തണുത്ത കാറ്റടിച്ചാൽ അമ്മയ്ക്ക് വയ്യാതെ ആവും പിന്നെ നിനക്ക് തന്നെയാ പണി അതോണ്ട് പറഞ്ഞതാ….

ഭാഗ്യദേവത…

Story written by Indu Rejith

===============

“അമലേ ഇന്ന് ഞാൻ അല്പം നേരുത്തേ ഇറങ്ങാം കുറെ ആയില്ലേ താനും കുട്ടികളുമായിട്ട് പുറത്തേക്കൊക്കെ ഒന്ന് പോയിട്ട്…എത്തുമ്പോളേക്ക് കുട്ട്യോളെ ഒരുക്കി നിർത്തണം  മറക്കല്ലേ…….”

“ആഹ് മറക്കില്ല നിങ്ങൾ വേഗം ഇറങ്ങിക്കോ ഇപ്പോ തന്നെ വൈകി….ചോറുപൊതി ബാഗിൽ വെച്ചിട്ടുണ്ട് വെള്ളോം…കുപ്പിയുടെ അടപ്പ് മുറുകിട്ടുണ്ടെന്ന് ഒന്നുടെ നോക്കണേ…..”

“ഫോൺ എടുക്കാൻ മറക്കല്ലേ…… “

അശരീരി പോലെയൊരു ശബ്ദം മാത്രം അവശേഷിപ്പിചിട്ടവൾ വേഗത്തിൽ അടുക്കളയിലേക്കോടി….ഒന്ന് കണ്ണുതെറ്റിയാൽ അപ്പോൾ തിളച്ചോണം….ഗ്യാസ് അടുപ്പിലാകെ വീണ ചൂട് പാല് തുടച്ചിട്ടവൾ പിറുപിറുത്തുകൊണ്ടിരുന്നു…..

അയ്യയ്യോ പോയി വരുന്നത് വരെ അമ്മയെ ആര് നോക്കും…..കാര്യം ഏട്ടന്റെ അമ്മയാണെങ്കിലും കൂടെ കൊണ്ടുപോകാന്ന് പറഞ്ഞാൽ എന്നെ അങ്ങേര് തട്ടി കളയും തീർച്ച….കാര്യം മറ്റൊന്നുമല്ല നാട്ടിലുള്ള അസുഖങ്ങളെല്ലാം വാടകപോലും കൊടുക്കാതെ ആ പാവത്തിന്റെ ശരീരത്തിൽ സ്ഥിരതാമസം ആണ്….ഇപ്പോ തന്നെ അമ്മേടെ കാര്യവും കുട്ടികളുടെ കാര്യവും ഏട്ടന്റെ കാര്യവും നോക്കി കഴിഞ്ഞിട്ട് ഒരു മാസികയുടെ പുറംചട്ട വായിച്ചു തീർക്കാനുള്ള നേരം പോലും എനിക്ക് കിട്ടാറില്ല….എങ്കിലും പണ്ടെന്നോ വായിച്ചു തുടക്കമിട്ട തുടർക്കഥകളുടെ പേര് ഞാൻ പറഞ്ഞത് ഓർത്തുവെച്ചിട്ടാവണം ഓരോ പതിപ്പും ഏട്ടൻ വാങ്ങിച്ചു കൊണ്ട് വരും ഒന്ന് മറിച്ചു നോക്കിയിട്ട് ഫ്രിഡ്ജിന്റെ മുകളിൽ വയ്ക്കും കുറെ ആകുമ്പോൾ പഴയത് നോക്കി അടുപ്പിൽ വിറകിനൊപ്പം കൂട്ടിവെച്ച് കത്തിച്ച് അതിന്റെ പുക ശ്വസിച്ചിട്ട് നിർവൃതി അടയും….അത്രന്നെ….

മോളെ…. അമലേ…..

ദാ വരുന്നമ്മേ…..

ഞാൻ അങ്ങോട്ട് വരുവാ മോളെ….ഒരു ഗ്ലാസ്‌ കഞ്ഞിവെള്ളം വേണമായിരുന്നു ഉപ്പിട്ട്….രാവിലത്തെ മരുന്ന് കഴിച്ചപ്പോൾ തൊട്ട് എന്തോ ഒരു വയ്യാഴ്ക…..

കഴുകി കമത്തി വെച്ചിരുന്ന ഗ്ലാസിന്റെ നിരയിൽ നിന്നൊരു ഗ്ലാസ്‌ എടുത്തിട്ട് പാട നീക്കിയ കഞ്ഞിവെള്ളത്തിൽ ഉപ്പിട്ട് കലക്കി അമ്മയ്ക്ക് കൊടുത്തു…..

കറിക്ക് വല്ലോം അരിയാനുണ്ടെങ്കിൽ ഇങ്ങ് തന്നേക്ക് മോളെ ഇവിടിരുന്ന് അരിഞ്ഞു തരാം…..

വേണ്ടമ്മേ അമ്മ പോയി കിടന്നോ….അതുമല്ലെങ്കിൽ ഇവിടെ ഇരിക്ക് എന്തേലും മിണ്ടിയും പറഞ്ഞു മാകുമ്പോൾ വേഗത്തിൽ എന്റെ ജോലി നടക്കും…..

വയ്യെങ്കിലും ആളിങ്ങനെ ആണ്….ഒരു പാവം അമ്മ…. എന്തെങ്കിലും ചെയ്തു തന്നില്ലെങ്കിൽ മരുമകൾ മുഖം കറുപ്പിക്കുമോ എന്ന് ചിന്തിക്കുന്ന സാധു…..

“അമ്മേ.,. വൈകിട്ട് ഞങ്ങൾ പുറത്തുപോകുന്നുണ്ട് അമ്മകൂടി വായോ… നമക്കൊന്ന് കറങ്ങിട്ട് വരാം…..”

ഞാനില്ല കുഞ്ഞെ നിങ്ങൾ പോയിട്ട് വാ ഞാനിവിടെ ഇരുന്നോളാം…..

ഇവിടെ ഒറ്റയ്ക്കോ…. അത് നടപ്പില്ല കൂടെ വന്നേ പറ്റു….അമ്മയെ ഇവിടെ ഒറ്റയ്ക്കാകിട്ട് പോയാൽ പോകും വേഗത്തിൽ ഞാനിങ്ങു വരും….

വല്ലപ്പോഴുമല്ലേ നിങ്ങൾ പോണേ കുറച്ചു നേരം ചിലവഴിച്ചിട്ട് വന്നാമതി പിള്ളേരെ….ഞാൻ കൂട്ടിന് അപ്പറത്തെ പിള്ളേരെ വിളിച്ചോളാം….

പറ്റില്ല അമ്മകൂടി വാ…..അങ്ങനെ വല്ലോരേം ഏല്പിച്ചിട്ട് പോകാൻ ഇത് അത്ര വലിയ യാത്ര ഒന്നുമല്ലല്ലോ എല്ലാരും ഒരുമിച്ചിട്ടുണ്ടെലെ ഞാൻ പോകു…

നിർബന്ധം കലശാലയപ്പോൾ അമ്മ സമ്മതിച്ചു….

വൈകിട്ട് ഏട്ടൻ വന്നപ്പോൾ ഇത്തിരി പേടിച്ചിട്ടാണെങ്കിലും കാര്യം അവതരിപ്പിച്ചു….വരുന്നതിൽ സന്തോഷമേ ഉള്ളു….വൈകിട്ടത്തെ തണുത്ത കാറ്റടിച്ചാൽ അമ്മയ്ക്ക് വയ്യാതെ ആവും പിന്നെ നിനക്ക് തന്നെയാ പണി അതോണ്ട് പറഞ്ഞതാ….

നമ്മൾ കാറിൽ അല്ലെ പോകുന്നത് ഗ്ലാസ്‌ താത്തിടണ്ട പ്രശ്നം തീർന്നില്ലേ….

ഇതിപ്പോ എന്റെ അമ്മയാണോ നിന്റെ അമ്മയാണോ എന്നൊരു ഡൌട്ട്…..

സംശയിക്കേണ്ട എന്റെയാ ആ അമ്മയുടെ മകനാവാൻ നിങ്ങക്ക് യോഗ്യത പോരാ….

അയാൾ ഗൗരവം കൈവിട്ടില്ല…എങ്കിലും മുഖത്ത് പൊന്തിയ ചിരിയെ മുഖത്തെ താടി ഒതുക്കുന്ന കൂട്ടത്തിൽ ഒളിപ്പിച്ചു വെച്ചു എന്ന് മാത്രം…ഒടുവിൽ പറഞ്ഞത് പോലെ പിള്ളേരും അമ്മയും ഏട്ടനും ഞാനും കുറെ കാലത്തിനു ശേഷം….

കടലും…. പാർക്കും… മാളും…നീളെ രണ്ടുമണിക്കൂറോളം ചിലവിട്ടു…..കപ്പലണ്ടി, കടല, ഐസ്ക്രീം,കെഎഫ്സി എന്നിങ്ങനെ നീണ്ടു കുട്ടികൾക്കുള്ളവാ….എനിക്കും ഏട്ടനും മസാല ദോശ….ഇതെല്ലാം കണ്ടുകൊണ്ട് ചിരിച്ച് അരികത്തമ്മ ഇടയ്ക്ക് ഒരു വാ അമ്മയ്ക്ക് നീട്ടിയപ്പോൾ വായിൽ കിടന്ന വിക്സ് മിട്ടായി നാവിന്റെ തുമ്പിൽ വെച്ചിട്ട് ഇത് മതി എന്ന് ആംഗ്യം കാണിച്ചു….

ഇതൊന്നും അമ്മയ്ക്ക് ശരിയാവില്ല എന്ന് കൂടി….ഇടയ്ക്ക് എപ്പോഴോ ഒരു ചായ മാത്രമാണ് ആള് കുടിച്ചത്….

വീട്ടിൽ വന്നപ്പോൾ അമ്മയ്ക്ക് പതിവ് കഞ്ഞിയും പയറും… ബാക്കി ഉള്ളൊരു മൂക്കുമുട്ടെ തിന്നത് കൊണ്ട് അത്താഴം വേണ്ടെന്നു വെച്ചു….കിടക്കാൻ നേരത്ത് പതിവ് പോലെ അമ്മയുടെ മുറിയിലൊന്ന് പോയി….

നിനക്ക് കിടക്കാറായില്ലേ കുഞ്ഞെ എന്നായിരുന്നു ചോദ്യം…..

ആഹ് മോള് വന്നത് എന്തായാലും കാര്യമായി ഇത് കണ്ടോ കടല് കണ്ടോണ്ടിരുന്നപ്പോൾ നമ്മടെ അപ്പുന്റെ അത്രേം ഉള്ളൊരു പൊടികൊച്ചൻ കൈയിൽ കൊണ്ട് വെച്ചതാ  അവന്റെ മുഖം കണ്ടപ്പോൾ മടിയിൽ ആകെ ഉള്ളത് പറക്കിക്കൊടുത്ത്‌ വാങ്ങിച്ചതാ…ഭാഗ്യക്കുറിയാ ഇത് എന്റെ കൈയിൽ ഇരുന്നാൽ അടിക്കില്ല….എന്റെ ഭാഗ്യം നീയാ മോളെ ഇത് നിന്റെ കൈയിൽ ഇരിക്കട്ടെ…..

അമ്മ ഭാഗ്യപരീക്ഷണവും തുടങ്ങിയോ….എന്നൊരു ചിരിയോടെ അവളതു വാങ്ങി ആ അമ്മയുടെ തലയിണയുടെ അടിയിൽ വെച്ചു…..

ഇതിവിടിരിക്കട്ടെ അമ്മേ ഞാൻ ലൈറ്റ് അണയ്ക്കുവാണെ എന്ന് പറഞ്ഞിട്ട് മുറിയിൽ നിന്നിറങ്ങി….

ഈ കുഞ്ഞുവീട്ടിൽ തന്നെ പിടിച്ചുകെട്ടുന്ന സ്നേഹത്തിനോട് അവൾക്ക് അതിരില്ലാത്ത വാത്സല്യം തോന്നിയിരുന്നു അപ്പോൾ….

താൻ പഠിക്കുന്ന സ്കൂളിലെ കഞ്ഞിവെപ്പുകാരിയായിരുന്നു ഈ അമ്മ ക ള്ളും ക ഞ്ചാവുമായി നടന്ന അച്ഛനെ ഉപേക്ഷിച്ചിട്ട് ജന്മം തന്നവൾ പണ്ടേക്കു പണ്ടേ എന്നെ മനപ്പൂർവം മറന്നു വെച്ചിട്ടുപോയി…..ആ എനിക്ക് ഇവർ ആദ്യം അന്നം തരുന്ന ദൈവമായി ഇരുളിൽ കൂട്ടിരുന്നവർ പ്രസവിക്കാത്ത അമ്മയായി..നല്ല വിദ്യാഭ്യാസം തന്നു….വളർന്നു വിവാഹപ്രായമായപ്പോൾ അവർക്ക് ഏറ്റവും വിശ്വാസമുള്ള ഒരാണിനെ കൊണ്ടെന്റെ കഴുത്തിൽ താലി കെട്ടിച്ചു…അവരുടെ മകനെ കൊണ്ട്….എന്റെ കുലമോ നിറമോ നോക്കാതെ…..അവരെ ഞാൻ ഇത്രെയെങ്കിലും സ്നേഹിക്കണ്ടേ…..

**************

കാലത്ത് ഏറെ വൈകിയും അമ്മ എഴുനേൽക്കാതെ വന്നപ്പോൾ മുറിയിൽ പോയി അമ്മുമ്മയെ വിളിക്കാൻ പറഞ്ഞയച്ചപ്പോഴെ നെഞ്ചിൽ ഒരു ഭാരം പോലെ….ഞാനും പിന്നാലെ പോയി…..

അമ്മേ അമ്മുമ്മ അനങ്ങുന്നില്ലമ്മാ എന്ന് ഉച്ചത്തിൽ അപ്പു അലറി……

സമനില തെറ്റിയ നിലയിലായിരുന്നു ഞാനപ്പോൾ….പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അമ്മ ഒരു വാക്ക് പോലും പറയാതെ പോയിരുന്നു അപ്പോഴേക്കും….

ഏട്ടൻ അടുത്തേക്ക് വന്നപ്പോൾ മനസ്സ് വല്ലാതെ ഭയപ്പെട്ടു ഇനി ഇന്നലെ പുറത്തൊക്കെ പോയി വയ്യാഴ്ക വല്ലതും മൂർച്ഛിചിട്ടാണെന്നു പറയുമോ….

അതിന് ഏട്ടനെന്താ അവകാശം  എന്റെ അമ്മ അല്ലെ ഞാൻ അങ്ങനെ ചെയ്തതാണോ ആശുപത്രി ഭിത്തിയിൽ ചാരി നിന്നവൾ പിറുപിറുത്തു….

അമല ഇന്നലെ നീ അമ്മയെ കൂടെ കൂട്ടിയില്ലായിരുന്നെങ്കിൽ അമ്മയുടെ ജീവിതത്തിലെ അവസാനനിമിഷത്തെ സന്തോഷം അമ്മയ്ക്ക് നഷ്ടമായേനേ….അമ്മ എനിക്ക് തന്ന പുണ്യമല്ലേ നീ അതങ്ങനെ വരൂ……

ദിവസങ്ങൾ കടന്നു പോയി…..

ശരീരത്തിന്റെ ഏതോ വലിയ ഭാഗം പിളർന്നു പോയൊരു വേദന ആ വീട്ടിൽ ഒറ്റയ്ക്കിരിക്കുമ്പോളെല്ലാം കൂട്ടിന് വന്നു….

ഇടയ്ക്ക് അമ്മയുടെ മുറിയിൽ വിരിപ്പുമാറ്റുന്നതിനടയിൽ അമ്മയുടെ പതിഞ്ഞശബ്ദം ചെവികളിൽ പതിയുന്നതു പോലെ…..

കൊച്ചേ കഞ്ഞിവെപ്പുകാരിയായ ഞാൻ കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് കൊണ്ട് ഒരു പെൺകുട്ടിയെ കൂടി സ്വന്തം കാലിൽ നിർത്താൻ പ്രാപ്തയാക്കി നീയി മാസികയൊക്കെ വാങ്ങിക്കൂട്ടണ നേരത്തിന് എന്തെങ്കിലും പഠിക്ക് ഒരു ജോലി ആയിക്കഴിഞ്ഞാൽ ആർകെങ്കിലും ഒരു നന്മ ചെയ്യാം ചിലപ്പോൾ ഒരാളുടെ ജീവിതം തന്നെ മാറ്റികൊടുക്കാം….ശരിയാണെന്നൊരു തോന്നൽ……

ജോലിയൊക്കെ ഒരു ഭാഗ്യമാണമ്മേ എന്ന് മനസ്സുകൊണ്ട് മറുപടി പറഞ്ഞു….അപ്പോളേക്കും കാലിൽ ഏതോ കടലാസ് വീണത് പോലെ..

അത് ആ പഴയ ഭാഗ്യക്കുറി ആയിരുന്നു…

ഉടനെ മനസ്സിലേക്ക് ഓടി വന്നത് അമ്മ അന്ന് പറഞ്ഞവാക്കാണ് “നീയാണെന്റെ ഭാഗ്യം എന്നത്”…

❤️❤️❤️❤️

ഒടുവിൽ ജോലിയിൽ കേറി ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ തന്നെ കടയിൽ കയറി നല്ല ചെറുപയറ് പച്ചക്കരയുള്ള ഒരു സെറ്റ്മുണ്ട് വാങ്ങി…അപ്പോളേക്കും ഏട്ടൻ കാറുമായി വന്നിരുന്നു….

ആഹാ ഷോപ്പിങ്ങും നടത്തിയോ ഇത് എന്താ സാരിയാ….

അല്ല….

എങ്കിൽ എനിക്കുള്ള ഷർട്ട്….

അതുമല്ല ഇതൊരു സെറ്റുമുണ്ട്….അമ്മയ്ക്ക…

ഏത് അമ്മയ്ക്ക്…. നമ്മുടെ അമ്മ പോയി ഇനി നമുക്കമ്മയില്ലല്ലോ….

ശരിയാ പക്ഷേ ഇത് കണ്ടാൽ മനസ്സ് നിറയുന്ന ഒരമ്മ ഈ യാത്രയിൽ എവിടെയെങ്കിലും നമ്മളെ കാത്തിരിപ്പുണ്ടാവും…..

പറഞ്ഞു തീർന്നില്ല….ഒന്ന് നിർത്തിക്കെ…വഴിയരികിൽ ചെരുപ്പും കുടയും തുന്നുന്ന ഒരമ്മ ഒരു കൈയിൽ തുണിയും മറുകൈയിൽ ബാഗിൽ നിന്നെടുത്ത തന്റെ ആദ്യശമ്പളവും അവർക്ക് വെച്ചു നീട്ടിയവൾ വേഗത്തിൽ വന്നു കാറിൽ കയറി….

ഇത് നമ്മുടെ അമ്മയ്ക്ക് കൊടുക്കുന്നതിനു തുല്യമാണേട്ടാ എന്ന് പറഞ്ഞിട്ടവൾ തൂവാല കൊണ്ട് മിഴി തുടച്ചു…..ഹൃദയം നിറഞ്ഞു തുളുമ്പിയിട്ടും അയാൾക്ക് മറുപടി ഉണ്ടായിരുന്നില്ല…..

“ചില മനുഷ്യർ ചില മനുഷ്യരെ ഭ്രാന്തമായി സ്നേഹിക്കുന്നു അതിന് രക്തബന്ധം എന്തിന്……”

ശുഭം