ആദ്യ രാത്രിയിൽ ഭർത്താവ് ഭാര്യയുടെ കാൽക്കൽ വീണ്‌ പൊട്ടിക്കരയുന്നു. താൻ പേടിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു എന്നവൾക്ക്….

പെണ്മനസിന്റെ കാവൽക്കാരി…

Story written by Adv Ranjitha Liju

==============

നെടുമ്പാശ്ശേരി എയർപോർട്ടിൽ ഫ്‌ളൈറ്റ് ലാൻഡ് ചെയ്തതും, ആൻ തന്റെ ഫോണിൽ നാട്ടിലെ നമ്പർ മാറ്റിയിട്ടു. ഉടനെ തന്നെ, കാറുമായി താൻ പുറത്തുണ്ട് എന്ന്‌ ഡ്രൈവർ ഹരിയുടെ ഫോണും വന്നു.

രണ്ടു ദിവസത്തേക്കുള്ള യാത്ര ആയതുകൊണ്ട് ഇമിഗ്രേഷൻ കഴിഞ്ഞു ബാഗ്ഗേജിനായി നോക്കി നിൽക്കേണ്ടി വന്നില്ല. ഹാൻഡ് ബാഗുമായി ആൻ വേഗം പുറത്തിറങ്ങി. ഹരിയെ വിളിച്ച്‌ കാർ പാർക്ക് ചെയ്ത സ്ഥലം ചോദിച്ച് അവിടേക്ക് നടന്നു.

ആനിനെ കണ്ടതും ഹരി ഓടി വന്ന്‌ കൈയിലുള്ള ബാഗ് വാങ്ങി. നടക്കുന്നതിനിടയിൽ യാത്ര സുഖമായിരുന്നോ എന്ന അവന്റെ ചോദ്യത്തിന് സുഖം എന്ന്‌ പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞ് ആൻ കാറിന്റെ പിൻ സീറ്റിലേക്ക് കയറി ഇരുന്നു.

“മാം പതിവായി ബുക്ക് ചെയ്യാറുള്ള കയാൽവാരം റിസോർട്ട് തന്നെയാണ് ഇത്തവണയും എടുത്തിരിക്കുന്നത്. അതും മാമിനു ഏറ്റവും പ്രിയപ്പെട്ട അഞ്ചാം നമ്പർ മുറി..മാം ഒന്ന് ഫ്രഷ് ആകുമ്പോഴേക്കും ടീനാമ്മ അവിടെ എത്തിക്കോളം എന്ന് പറഞ്ഞിട്ടുണ്ട്.”

വണ്ടിയോടിക്കുന്നതിനിടയിൽ ഹരി പറഞ്ഞു.

“അവൾ എന്നെ വിളിച്ചിരുന്നു..നാളത്തെ ഉദ്ഘാടനത്തിന് ഒന്നു രണ്ടു പേരേയും കൂടി ക്ഷണിക്കാൻ ഉണ്ടെന്ന് ” ആൻ പറഞ്ഞതിന് അതേ എന്നു ഹരി തലയാട്ടി.

എയർപോർട്ടിൽ നിന്ന് കഷ്ടിച്ചു ഒരു മണിക്കൂർ യാത്രയെ ഉള്ളു റിസോർട്ടിലേക്ക്. കായലിന്റെ മനോഹാരിത ആസ്വദിക്കത്തക്കവണ്ണം അതിനോട് ചേർന്നുള്ള റിസോർട്ട്. എപ്പൊൾ വന്നാലും തനിക്ക് വേണ്ടി ടീന അവിടെ തന്നെയാണ് ബുക്ക് ചെയ്യാറ്. അതും പ്രകൃതിയുടെ എല്ലാ സൗന്ദര്യവും ഒറ്റ ഫ്രെയിമിൽ ഒപ്പിയെടുക്കാൻ കഴിയുന്ന കാഴ്ചകൾ  സമ്മാനിക്കുന്ന അഞ്ചാം നമ്പർ മുറി. തന്റെ ഇഷ്ടങ്ങൾ അറിഞ്ഞു ചെയ്യുന്നതിൽ പ്രത്യേക കഴിവ് തന്നെ ഉണ്ട്‌ ടീനയ്ക്ക് എന്ന് ആൻ ഓർത്തു.

അവൾ ഗ്ലാസ്സിലൂടെ പുറത്തെ കാഴ്ചകൾ കണ്ടിരുന്നു. കാർ റിസോർട്ടിലേക്കുള്ള ഇടവഴി കയറി നീങ്ങുമ്പോൾ, കായൽ തീരത്ത് തന്നെയുള്ള പള്ളിയിലേക്ക് കാറിൽ നിന്നിറങ്ങി നടന്നു കയറുന്ന ഒരു നവവധുവിനെ ആൻ കണ്ടു. ഒരു വേള അത് താൻ തന്നെയാണോ എന്നവൾക്കു തോന്നി. മനസ്സ് കുറച്ചു കാലം പിറകിലേക്ക് പോയി…

തൂവെള്ള ഗൗണിൽ അതിസുന്ദരിയായ ഡോക്ടർ ആൻ പപ്പയോടും മമ്മിയോടും ചേർന്ന് പള്ളിയിലേക്ക് കയറി പോകുന്ന കാഴ്ച. ആൻ ഗ്രേസ് ജോർജ് അതാണവളുടെ പേര്. ഇലഞ്ഞി മറ്റത്ത് ജോർജ് സേവ്യറിന്റെയും അന്നാമ്മ ജോർജിന്റെയും രണ്ടു പെണ്മക്കളിൽ മൂത്തവൾ…

ആൻ ഒരു സ്വകാര്യ ആശുപത്രിയിൽ പീഡിയാട്രീഷ്യൻ ആണ്‌. അനിയത്തി ആൻസിയും ചേച്ചിയുടെ പാതയിൽ മൂന്നാം വർഷ എം ബി ബി എസ് വിദ്യാര്ഥിനി. യാഥാസ്ഥിതികരായ കത്തോലിക്ക കുടുംബം. തറവാട്ട് മഹിമയും സമ്പത്തും ഒക്കെ പരമ്പരാഗതമായി തന്നെ കൈവന്നവർ. ആൻ പഠിത്തത്തിൽ മിടുക്കിയായിരുന്നത് കൊണ്ട് തന്നെ എം ഡി എടുത്തിട്ട് മതി കല്യാണം എന്ന അവളുടെ ആവശ്യത്തിന് വീട്ടുകാർ എതിർപ്പൊന്നും പറഞ്ഞില്ല.

ഇതിനിടയിൽ പല നല്ല ആലോചനകളും കുടുംബക്കാർ കൊണ്ടു വന്നെങ്കിലും അതൊക്കെ പഠിത്തം പറഞ്ഞ് ഒഴിഞ്ഞു. അതിൽ അവർക്ക് ഒക്കെ നീരസവും ഉണ്ട്. എം ഡികഴിഞ്ഞ് ആൻ ജോലിയിൽ പ്രവേശിച്ചത് മുതൽ വീട്ടുകാർ അവൾക്കു കല്യാണം ആലോചിച്ചു തുടങ്ങി. ഒരുപാട് ആലോചനകൾക്കു ഒടുവിൽ ജോർജിന്റെ ഉറ്റ സുഹൃത്ത്  അവറാച്ചൻ വഴി അയാളുടെ ബന്ധുവിന്റെ ആലോചന വന്നു.

പയ്യൻ ടോണി ആന്റണി. പുത്തൻ പുരയ്ക്കൽ തോമസ് ആന്റണിയുടെയും ഭാര്യ മരിയ തോമസിന്റെയും ഏക മകൻ. സി എ കഴിഞ്ഞ് ദുബായിലെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ   ഫിനാൻസ് മാനേജർ ആണ്‌. എന്തു കൊണ്ടും ജോർജ്ജിന്റെ കുടുംബത്തിന്‌ ചേരുന്ന ബന്ധം. മാത്രമല്ല ജോർജ്ജിനും ഭാര്യയ്ക്കും അവരെ നേരത്തെ തന്നെ പരിചയവും ഉണ്ട്‌..കല്യാണത്തെ കുറിച്ച് പ്രത്യേകിച്ച് സങ്കൽപ്പങ്ങൾ ഒന്നും ഇല്ലാതിരുന്ന ആൻ എല്ലാം പപ്പയുടെയും മമ്മിയുടെയും ഇഷ്ടത്തിന് വിട്ടു കൊടുത്തു. അങ്ങനെ ആ വിവാഹം ഉറപ്പിക്കാൻ തീരുമാനിച്ചു. രണ്ടു വീട്ടുകാരും പരസ്പരം വാക്കുറപ്പിച്ചു. അധികം വൈകാതെ കല്യാണം നടത്താനും തീരുമാനിച്ചു.

ടോണിയ്‌ക്ക്‌ ലീവ് കുറവായത് കൊണ്ട്, പെണ്ണുകാണൽ ചടങ്ങ് ഒരു വീഡിയോ ചാറ്റിലൂടെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ നടന്നു. പക്ഷെ ടോണി ഒരു മിതഭാഷിയാണെന്നു ആനിന് തോന്നി. പലപ്പോഴും ഫോൺ വിളിക്കാൻ ആൻ തന്നെ മുൻകൈ എടുക്കേണ്ടി വന്നു. വിളിച്ചാലോ വളരെ കുറഞ്ഞ വാക്കുകളിൽ ടോണി പറഞ്ഞവസാനിപ്പിക്കും. താനുമായുള്ള വിവാഹത്തിന് താല്പര്യം ഇല്ലാഞ്ഞിട്ടാണോ അതോ മറ്റു വല്ല ബന്ധവും അയാൾക്കുണ്ടോ എന്നൊക്കെ ഉള്ള ചിന്തകൾ അവളെ വല്ലാതെ അസ്വസ്ഥയാക്കി. അതവൾ ടോണിയുടെ അമ്മയോട് പങ്ക് വയ്ക്കുകയും ചെയ്തു. എന്നാൽ മരിയയുടെ വാക്കുകൾ അവൾക്ക് തെല്ലാശ്വാസം നല്കി. കുട്ടിക്കാലം മുതൽ ടോണി അധികം സംസാരിക്കാറില്ല. മിക്കപ്പോഴും ഒറ്റയ്ക്കിരുന്നു എന്തെങ്കിലും ചെയ്ത് കൊണ്ടിരിക്കും. വലിയ കൂട്ടുകെട്ടുകൾ ഒന്നുമില്ല. എങ്കിലും എല്ലാവരോടും നല്ല സ്നേഹമാണ്. അത് പ്രകടിപ്പിക്കാൻ അറിയില്ല എന്ന് മാത്രം..ഇനി ആൻ വേണം അത് മാറ്റി എടുക്കാൻ എന്നു കൂടി മരിയ പറഞ്ഞു നിർത്തി.

കല്യാണത്തിന് മൂന്നു ദിവസം മുൻപ്, ഇരുപത് ദിവസത്തെ ലീവിൽ ടോണി നാട്ടിലെത്തി. അന്ന് തന്നെ തോമസും മരിയയും ടോണിയും ആനിനെ കാണാൻ ഇലഞ്ഞിമറ്റത്ത്എത്തി. അപ്പോഴേക്കും ബന്ധുക്കളും കുടുംബക്കാരും ഒക്കെ ആയി ശരിക്കും അതൊരു കല്യാണ വീടായി കഴിഞ്ഞിരുന്നു.

ആനുമായി ഒന്ന് ഒറ്റക്ക് പുറത്ത് പോകണം എന്ന ടോണിയുടെ ആഗ്രഹത്തിന് വീട്ടുകാർക്ക് എതിർപ്പൊന്നുമില്ലായിരുന്നെങ്കിലും ചില യാഥാസ്ഥിതികരായ കാരണവന്മാർ അതിന് വിലക്കേർപ്പെടുത്തി.

അങ്ങനെ കല്യാണ ദിവസം വന്നെത്തി .മറ്റെല്ലാ പെണ്കുട്ടികളേയും പോലെ ആനും പുതുജീവിതത്തെക്കുറിച്ച്‌ ഒരുപാട് സ്വപ്നങ്ങൾ നെയ്ത് കൂട്ടി. പക്ഷെ കല്യാണ നാളിലും തന്നോട് അധികം അടുപ്പം കാണിക്കാതെ നിൽക്കുന്ന ടോണി അവളുടെ മനസ്സിൽ ഒരു വിങ്ങലായി.

“മാം റിസോർട്ട് എത്തി”.

ഹരിയുടെ വാക്കുകൾ ആനിനെ ഇന്നിലേക്ക് തിരികെ കൊണ്ട് വന്നു. അവൾ ബാഗുമായി ഡോർ തുറന്ന് പുറത്തേക്കിറങ്ങി. ഹരി പൊയ്ക്കൊള്ളാൻ പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോഴേക്കും കയ്യിൽ ഒരു പുസ്തകവുമായി അവൻ ഓടി വന്നു.

“ഇത് ടീനാമ്മ മാമിനെ ഏൽപ്പിക്കാൻ പറഞ്ഞതാ. ഇന്നലത്തെ സ്ത്രീ മാസികയിൽ വന്ന ടീനാമ്മയുടെ ഇന്റർവ്യൂ.”

സന്തോഷത്തോടെ അവൾ അതുവാങ്ങി റിസെപ്ഷനിലേക്കു ചെന്നു. സ്ഥിരമായി താമസിക്കുന്ന റിസോർട്ട് ആയത് കൊണ്ട് തന്നെ എല്ലാം പരിചിതർ.

ബ്രേക്ക് ഫാസ്റ്റ്  മുറിയിലേക്ക് എടുക്കാൻ പറഞ്ഞവൾ താക്കോലും വാങ്ങി അകത്തേക്ക് പോയി. കുളിച്ച് ഫ്രഷ് ആയി ബ്രേക്ക് ഫാസ്റ്റും കഴിച്ച്‌, ഒരു കയ്യിൽ ചായയും മറുകയ്യിൽ മാസികയുമായി അവൾ ബൽക്കാണിയിലെ ചൂരൽ കസേരകളിൽ ഒന്നിൽ ഇരുന്നു.

പ്രകൃതി പതിവിലും സുന്ദരിയായിരിക്കുന്നു. സൂര്യ കിരണങ്ങൾ ഏറ്റ കായൽപരപ്പ് സർവ്വാഭരണ വിഭൂഷിതയായ ഒരു നവവധുവിനെ അനുസ്മരിപ്പിച്ചു. അങ്ങിങ്ങായി ചെറുതോണികൾ, ചീനവലകൾ കായൽ പരപ്പിലേക്ക്‌ മുഖങ്ങൾ പൂഴ്ത്തി നിൽക്കുന്നു. കാക്കയും കൊക്കും മരംകൊത്തികളും എല്ലാം ചെറു മരച്ചില്ലകളിലും  തടികളിലും തങ്ങളുടെ ഊഴം കാത്തിരിക്കുന്നു. റിസോർട്ടിന്റെ കെട്ടുവള്ളം സഞ്ചാരികളുമായി യാത്ര തിരിച്ചു. ഒരു ചിത്രകാരിയായിരുന്നെങ്കിൽ വളരെ മനോഹരമായി ആ കാഴ്ചകൾ കാൻവാസിലേക്കു ഒപ്പിയെടുക്കാമായിരുന്നു എന്നവൾക്ക് തോന്നി…

ചായ ചുണ്ടോട് ചേർത്ത് അവൾ ആ മാസികയിലേക്കു നോക്കി.

‘സ്ത്രീകൾക്ക് വേണ്ടി സ്ത്രീകളാൽ എഴുതപ്പെടുന്ന മാസിക.’.അതാണ് സ്ത്രീ.

ഇത്തവണത്തെ മുഖചിത്രം ടീനയുടേതാണ്. ക്രീമിൽ പിങ്ക് ബോർഡറുള്ള പട്ടു സാരി അതിന് ചേർന്ന ആഭരണങ്ങളും..വളരെ മനോഹരമായ ചിത്രം. അവളുടെ ആ മാസ്മരികമായ ചിരി, അത് അവളെ കൂടുതൽ സുന്ദരി ആക്കിയിരിക്കുന്നു.

ആൻ താളുകൾ ഓരോന്നായി മറിച്ചു…

“പ്രതിസന്ധികളിൽ തളരാതെ” എന്ന തലക്കെട്ടോട് കൂടി ടീനയുടെ ഇന്റർവ്യൂ. ആനിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി.

വളരെ ചുരുങ്ങിയ കാലം കൊണ്ട് വസ്ത്ര വ്യാപാര രംഗത്ത് സ്വന്തമായി വ്യക്തി മുദ്ര പതിപ്പിച്ച സ്ത്രീ രത്നം. ജീവിത പ്രതിസന്ധിയിൽ കാലിടറാതെ തന്റെ സ്വപ്നം സാക്ഷാത്കരിച്ച ഒരു സ്ത്രീ എന്നതിലുപരി സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്നവരും നിരാലംബരുമായ ഒരു പാട് പേരുടെ ജീവിതം കരുപ്പിടിപ്പിക്കാൻ കൂടി മിസ്സ്. ടീന തോമസിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് ‘ആൻസ് ‘ എന്ന അവരുടെ വസ്ത്ര വ്യാപാര ശൃംഖല രാജ്യമെമ്പാടും ശ്രദ്ധ നേടിക്കഴിഞ്ഞു. മിസ്സ്‌. ടീന തോമസിന്റെ ജീവിത വഴികളിലൂടെയാണ് ഇന്ന് സ്ത്രീ വായനക്കാരെ കൂട്ടി കൊണ്ടു പോകുന്നത്. ഈ മുഖവുരയോട് കൂടി ചോദ്യ കർത്താവ് ആദ്യ ചോദ്യം ചോദിച്ചു.

“മാം നിങ്ങളുടെ ജീവിതത്തിലെ വഴിത്തിരിവും അതിനു കാരണമായ ആളിനെക്കുറിച്ചും ഒക്കെ പല ഇന്റർവ്യൂ കളിലും നിങ്ങൾ തന്നെ പറഞ്ഞതാണ്. എങ്കിലും സ്ത്രീയുടെ വായനക്കാർക്ക് വേണ്ടി അതൊന്ന്കൂടി പറയാമോ?”

ടീന പറഞ്ഞു തുടങ്ങി….

അവളുടെ വാക്കുകൾക്കൊപ്പം ആനിന്റെ മനസ്സ് വീണ്ടും തന്റെ വിവാഹ ദിനത്തിലേക്കു പോയി. ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ആൻ മണിയറയിലേക്കു പ്രവേശിച്ചു.

ടോണിയുടെ സ്വഭാവത്തിൽ തെല്ലൊരു ആശങ്ക ഉണ്ടായിരുന്നെങ്കിലും മറിയ പറഞ്ഞത് പോലെ തനിക്ക്‌ അയാളെ മാറ്റിയെടുക്കാൻ കഴിയും എന്നവൾ ആശ്വസിച്ചു. കയ്യിലിരുന്ന പാൽ ഗ്ലാസ് ടേബിളിൽ വയ്ക്കുമ്പോൾ ടോണി കുളിക്കുകയായിരുന്നു. ഓരോന്ന് ആലോചിച്ച് ആൻ കട്ടിലിന്റെ ഓരം ചേർന്നിരുന്നു. കുളിമുറിയുടെ വാതിൽ തുറക്കുന്ന ഒച്ച കേട്ടവൾ തെല്ല്  നാണത്തോടെ എഴുന്നേറ്റ് കട്ടിലിന്റെ തലയ്ക്കൽ കൈ വച്ച് കുനിഞ്ഞ് നിന്നു, ഒരു നവവധുവിന്റെ ഹൃദയമിടിപ്പോടെ….

തന്നിലേക്ക് വരുന്ന ടോണിയുടെ കാലൊച്ച അവൾക്ക് കേൾക്കാമായിരുന്നു.

അടുത്ത നിമിഷം അവൾ ഒരു ഞെട്ടലോടെ പിന്നിലേക്ക് മാറി. പൊട്ടിക്കരഞ്ഞ് കൊണ്ട് തന്റെ കാൽക്കൽ വീണ് കിടക്കുകയാണ് ടോണി. ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് അവൾക്ക് മനസ്സിലായില്ല. കഥകളിൽ പോലും കേട്ടുകേൾവി ഇല്ലാത്ത കാര്യം. ആദ്യ രാത്രിയിൽ ഭർത്താവ് ഭാര്യയുടെ കാൽക്കൽ വീണ്‌ പൊട്ടിക്കരയുന്നു. താൻ പേടിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു എന്നവൾക്ക് തോന്നി. അയാൾക്ക്‌ മറ്റാരെങ്കിലും ആയും ബന്ധം ഉണ്ടാകുമോ? അവളുടെ ചിന്ത പലവഴിക്കായി. അപ്പോഴും താഴെ നിന്ന് എഴുന്നേൽക്കാതെ പൊട്ടിക്കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ടോണി.

ദേഷ്യത്തോടും തെല്ലവജ്ഞയോടും കൂടി അവൾ അയാളെ എഴുന്നേല്പിച്ച്‌ കട്ടിലിൽ ഇരുത്തി. മുഖത്തു വന്ന വികാരങ്ങൾ മറച്ചുകൊണ്ടവൾ അയാളോട് കാര്യങ്ങൾ തിരക്കി. ടോണിക്കു തന്റെ ഹൃദയ ഭാരത്താൽ മുഖമൊന്നുയർത്താൻ പോലും സാധിച്ചില്ല. പക്ഷെ നിരന്തരമായ അവളുടെ ചോദ്യ ശരങ്ങളിൽ അയാൾക്ക്‌ പിടിച്ച്  നിൽക്കാൻ കഴിഞ്ഞില്ല.

അയാൾ പറഞ്ഞു തുടങ്ങി.”ഇത് കേൾക്കുമ്പോൾ നിങ്ങൾ എന്നെ വെറുക്കരുത് എന്നു മാത്രമേ പറയാനുള്ളു. നിങ്ങളുടെ പ്രതികരണം എന്തു തന്നെ ആയാലും അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കാൻ ഞാൻ തയ്യാറാണ്.”

ആ വാക്കുകൾ ഒന്നും ആനിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ല.

“ഈ മുഖവുര ഒന്നും കേൾക്കാൻ എനിക്ക് താൽപ്പര്യം ഇല്ല. നിങ്ങൾക്ക് പറയാനുള്ളത് പറയൂ”

ആൻ തന്റെ വാക്കുകൾ കടുപ്പിച്ചു.

അയാൾ കണ്ണീരോടെ തുടർന്നു…

“ഞാൻ നിങ്ങൾ കരുതുന്നതുപോലെ ഉള്ള ഒരാളല്ല. ഒര് ഭർത്താവെന്ന നിലയിൽ  നിങ്ങളെ ഒരിക്കലും എനിക്ക് സന്തോഷിപ്പിക്കാനും കഴിയില്ല”.

ഒന്നും മനസ്സിലാകാതെഅങ്കലാപ്പോടെ ഇരിക്കുന്ന ആനിന്റെ കൈകൾ നെഞ്ചോട് ചേർത്തു വച്ച് അയാൾ  പറഞ്ഞു.

“ഞാനും നിങ്ങളെപ്പോലെ ഒരു സ്ത്രീയാണ്. പുരുഷന്റെ ശരീരം എന്ന വെറും പുറംചട്ട മാത്രമുള്ള ഒരു സ്ത്രീ. എനിക്ക് ഒരിക്കലും നിങ്ങൾ കരുതുന്ന പോലെ ഒരു നല്ല ഭർത്താവാകാൻ കഴിയില്ല.”

അതു കേട്ടതും, ആനിന് ഈ ലോകം കീഴ്മേൽ മറിയുന്നത് പോലെ തോന്നി. ആ നിമിഷം, അലറിക്കരഞ്ഞു കൊണ്ട് നിങ്ങൾ എന്റെ ജീവിതം നശിപ്പിച്ചു, നിങ്ങൾ ഒരു വഞ്ചകൻ ആണെന്ന് അയാളുടെ മുഖത്ത് നോക്കി ഉറക്കെ വിളിച്ചു പറയാൻ തോന്നി..പക്ഷെ ഒന്നും പുറത്തേക്ക് വരുന്നില്ല. ഒരു തരം മരവിപ്പ്.

ടോണി പറഞ്ഞു കൊണ്ടേയിരുന്നു…..

“എന്റെ പത്താം വയസ്സിൽ ഞാൻ തിരിച്ചറിഞ്ഞതാണീ സത്യം. പലപ്പോഴും പപ്പയോടും മമ്മയോടും പറയണമെന്ന് കരുതി, പക്ഷെ അവരുടെ ജീവിതത്തിലെ ഏക പ്രതീക്ഷ…അത് ഇങ്ങനെ ഒരു തുറന്നു പറച്ചിലിലൂടെ തട്ടി തെറിപ്പിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. അതറിയുമ്പോൾ അവർക്കുണ്ടാകുന്ന ആഘാതം, സമൂഹത്തിന്റെ പരിഹാസം അതൊക്കെ കരുതി ഞാൻ എന്നെ തന്നെ സ്വയം ശിക്ഷിച്ചു ജീവിച്ചു. ഇണങ്ങാത്ത വസ്ത്രം ഇടേണ്ടി വന്ന ഒരു കൊച്ചുകുട്ടിയുടെ മനസികവസ്ഥയാണ് എനിക്ക്. പലപ്പോഴും അതൂരി എറിഞ്ഞു ഇഷ്ടമുള്ളത് സ്വീകരിക്കാൻ മനസ്സ്‌ കൊതിക്കും. പക്ഷെ എന്നെ സ്നേഹിക്കുന്നവരുടെ മുഖം അതിൽ നിന്നെന്നെ തടുക്കും..ഒടുവിൽ ഞാൻ തന്നെ എനിക്ക് ഒരു ചട്ടക്കൂടുണ്ടാക്കി അതിൽ കഴിയാൻ തീരുമാനിച്ചു.

ആരോടും അധികം മിണ്ടാതെ കൂട്ടുകൂടാതെ അങ്ങനെ അങ്ങനെ…..

ഓരോ വിവാഹവും ഞാൻ പല കാരണങ്ങൾ പറഞ്ഞ് മുടക്കിക്കൊണ്ടേയിരുന്നു. ഒരു സാധു പെണ്കുട്ടിയുടെ ജീവിതം അറിഞ്ഞു കൊണ്ട് നശിപ്പിക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ല. ഒടുവിൽ ആനിന്റെ ആലോചനയും, കൂടെ മമ്മയുടെ ആ ത്മഹത്യ ഭീഷണിയും കൂടി ആയപ്പോൾ മനസ്സില്ല മനസ്സോടെ ഞാൻ സമ്മതം മൂളി.

താൻ ഒരു ഡോക്ടർ ആയതു കൊണ്ട് എന്റെ കാര്യങ്ങൾ പറഞ്ഞാൽ മനസിലാകും എന്ന്‌ ഞാൻ കരുതി. വിവാഹത്തിന് മുൻപ് തന്നെ നേരിൽ കണ്ട് ഇതു പറയാൻ തന്നെയാണ് ഞാൻ വീട്ടിൽ വന്നത്. പക്ഷെ തന്നെ കൂട്ടി പുറത്തുപോകാൻ നിങ്ങളുടെ കാരണവന്മാർ അനുവദിച്ചില്ല. ഞാൻ ഒരിക്കലും ഇങ്ങനെയൊന്നും വരണമെന്ന് കരുതിയതല്ല. എല്ലാം സംഭവിച്ചു പോയതാണ്.”

കൈകൂപ്പി തന്റെ മുൻപിൽ യാചിക്കുന്ന ടോണിയോട് ആനിന് അനുകമ്പ തോന്നി. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ, സാഹചര്യങ്ങൾ മൂലം ചെയ്യേണ്ടി വന്ന തെറ്റാണ് തന്റെ നെഞ്ചിൽ ചേർന്നു കിടക്കുന്ന ടോണിയുടെ താലി എന്നവൾക്ക്‌ മനസിലായി.

സ്വന്തം കുറ്റം കൊണ്ടോ മാതാപിതാക്കളുടെ തെറ്റുകൊണ്ടോ അല്ലാതെ സ്ത്രീക്കും പുരുഷനുമിടയിൽ ജനിച്ചു ജീവിക്കേണ്ടി വരുന്ന എത്ര ജന്മങ്ങൾ. അവർ പോലും അറിയാതെ സംഭവിക്കുന്ന ഒരു പിഴവിന് സമൂഹത്തിൽ അവർ അനുഭവിക്കേണ്ടി വരുന്ന നരകയാതനകൾ, അവജ്ഞ, പരിഹാസം ഇതൊക്കെ ഒരു നിമിഷം ആൻ ഓർത്തു. ഇതൊക്കെ മനസ്സിലാക്കാൻ തന്നെപ്പോലെ ഒരു ഡോക്ടർക്കു പറ്റിയില്ലെങ്കിൽ പിന്നെ ആർക്കു കഴിയും എന്നവൾ ചിന്തിച്ചു.

അപ്പോഴും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തന്റെ മറുപടിക്കായി കാത്തിരിക്കുന്ന ടോണിയെ ആൻ തന്നിലേക്ക് ചേർത്തിരുത്തി.

“എന്ത് ചെയ്യണമെന്ന് ഇനി ആനിന് തീരുമാനിക്കാം” തെല്ലൊരാശ്വാസത്തോടെ ടോണി പറഞ്ഞു നിർത്തി.

ഇപ്പോൾ തന്നെ എല്ലാവരെയും വിളിച്ചുണർത്തി കാര്യം പറഞ്ഞ് വേണമെങ്കിൽ തനിക്ക് തന്റെ വീട്ടിലേക്ക് പോകാം. ആൻ ചിന്തിച്ചു. പക്ഷെ പിന്നീട് സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ ആനിന് ഓർക്കാൻ കൂടി കഴിയുമായിരുന്നില്ല. ടോണിയുടെയും തന്റെയും വീട്ടുകാരുടെ മാനസികാവസ്ഥ, നാട്ടുകാരുടെ പരിഹാസം, ടോണിയുടെ തുടർന്നുള്ള ജീവിതം….ഒരു പക്ഷെ തന്റെ ചുറ്റുമുള്ളവരുടെ ജീവൻ പോലും നഷ്ടപ്പെട്ടേക്കാം. എന്നാൽ തന്റെ പക്വമായ പെരുമാറ്റത്തിലൂടെ, ഒരാൾക്ക് പുതു ജീവൻ നൽകാൻ കഴിഞ്ഞാൽ അതിലും വലിയ പുണ്യം മറ്റൊന്നും ഉണ്ടാകില്ല. അവൾ തന്റെ മനസ്സിന് കടിഞ്ഞാണിട്ടു…

തുടർന്ന് അവരിരുവരും കൂട്ടായി ഒരു തീരുമാനമെടുത്തു. ഈ പ്രതിസന്ധിയിൽ അവർ പരസ്പരം താങ്ങായി നിൽക്കുക. ചുറ്റുമുള്ളവരുടെ സന്തോഷം തൽക്കാലം തല്ലിക്കെടുത്താതിരിക്കുക. ഇതിനിടയിൽ പരിപൂർണ്ണയായ ഒരു സ്ത്രീയാവുക എന്ന ടോണിയുടെ ജീവിതാഭിലാഷത്തിന് ആൻ തന്റെ പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു.

പിന്നീടുള്ള ദിവസങ്ങൾ എല്ലാവരുടെയും മുൻപിൽ സ്നേഹനിധികളായ ഭാര്യാഭർത്താക്കന്മാരായി തന്നെ അവർ അഭിനയിച്ചു. ടോണി ലീവ് കഴിഞ്ഞു പോയി അധികം താമസിയാതെ തന്നെ ആനും ദുബായിൽ എത്തി. വളരെ വേഗം നല്ലൊരു ആശുപത്രിയിൽ അവൾക്ക് ജോലിയും ശരിയായി. പിന്നീടുള്ള ദിവസങ്ങൾ, ടോണിയിലെ സ്ത്രീയെ പൂർണമായി പുറത്തെത്തിക്കാൻ ഉള്ള കൂട്ടായ ശ്രമം ആയിരുന്നു. അതിനായി അവർ ഡൽഹിയിലുള്ള പ്രശസ്തമായ ഒരു ആശുപത്രിയിൽ ചികിത്സയും തേടി. അതൊന്നും നാട്ടിൽ ആരും അറിയാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു.

രണ്ടുപേരുടെയും തീരുമാന പ്രകാരം, ചികത്സയുടെ അവസാന ഘട്ടമായ സർജറിക്ക് മുൻപ് മറ്റാരും അറിയാതെ പരസ്പര സമ്മതപ്രകാരം ഡിവോഴ്‌സും വാങ്ങി. അങ്ങനെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കോണ്ട് ടോണി തോമസ് എല്ലാ അർത്ഥത്തിലും ടീന തോമസ് ആയി മാറുകയായിരുന്നു.

അവൾ തന്റെ ശരീരം കണ്ണാടിയിലൂടെ ആവോളം ആസ്വദിച്ചു. അതേ സമയം തന്റെ ഭർത്താവിൽ നിന്ന് സ്നേഹിതയുടെയും സഹോദരിയുടെയും ഒക്കെ പരിവേഷം കൈ വന്ന ടീനയെ കണ്ടപ്പോൾ ആനിന് കണ്ണുനീർ അടക്കാൻ കഴിഞ്ഞില്ല.

എങ്കിലും ടീനയുടെ ആഗ്രഹ സഫലീകരണത്തിന്‌ തനിക്കും ഒരു ഭാഗം അകാൻ കഴിഞ്ഞതിൽ ആൻ അതിയായി സന്തോഷിച്ചു…

ഇങ്ങനെ ഉള്ളവരെ അവഗണിക്കാതെ, കുടുംബവും സമൂഹവും നമ്മളിൽ ഒരാളായി തന്നെ ചേർത്തു നിർത്തിയിരുന്നെങ്കിൽ അവരുടെ ജീവിതവും എത്ര സുന്ദരമാകുമായിരുന്നു എന്നവൾ ചിന്തിച്ചു.

ടോണി ഒരു സ്ത്രീ ആയി മാറിയ ശേഷം മാത്രം വീട്ടുകാരെ അറിയിക്കുക എന്ന കൂട്ടായ തീരുമാനം അവർ നേരത്തെ തന്നെ എടുത്തിരുന്നു. അതിന്‌ മുൻപ്  അറിയിച്ചാൽ ഒരു പക്ഷേ ടോണിയുടെ ആഗ്രഹം ഒരിക്കലും സാധിക്കില്ല എന്നവർ ഭയപ്പെട്ടു..അങ്ങനെ ആ പ്രതിസന്ധിയും തരണം ചെയ്യാൻ അവർ ഒരുമിച്ച്‌ നാട്ടിലേക്ക്പുറപ്പെട്ടു.

പ്രതീക്ഷിക്കാതെയുള്ള ഈ ഒരു വലിയ മാറ്റം ഇരുവീട്ടുകാരും എങ്ങനെ ഉൾക്കൊള്ളും എന്നു അവർക്ക് വല്ലാത്ത ഭയമുണ്ടായിരുന്നു. അവർ വിചാരിച്ചതിലും ഭീകരമായിരുന്നു ഇരുവീട്ടുകാരുടെയും പ്രതികരണം. അവർ പരസ്പരം പഴിചാരി, കലഹിചു, ഭീഷണിപ്പെടുത്തി ഒടുവിൽ അവർക്ക് ഇങ്ങനെ രണ്ട്‌ മക്കൾ ഇല്ല എന്നു പറഞ്ഞ് എന്നെന്നേക്കുമായി അവരെ ആട്ടിയിറക്കി.

ആനിനും ടീനക്കും അവരെകുറ്റപ്പെടുത്താൻ കഴിഞ്ഞില്ല. സമൂഹം, അതാണ് എല്ലാവരെയും പേടിപ്പെടുത്തുന്നത്..അതു തന്നെയാണ് അവിടെയും സംഭവിച്ചത്..പക്ഷെ അവർക്ക് ഒരിക്കലും പിരിയാൻ കഴിയുമായിരുന്നില്ല. മരിക്കുവോളം പരസപരം സ്നേഹിച്ചും സഹകരിച്ചും സഹോദരങ്ങളായി തന്നെ ജീവിക്കും എന്നവർ പ്രതിജ്ഞ എടുത്തു.

തന്നെപ്പോലെ തന്നെയുള്ള ആളുകളെ മുഖ്യ ധാരയിലേക്ക്‌ കൊണ്ടുവരാനും അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും ടീന ആഗ്രഹിച്ചു. അതിന് ആനിന്റെ പൂർണ പിന്തുണയും കൂടിയായപ്പോൾ തുടക്കം എന്ന നിലയിൽ, നാട്ടിൽ തന്നെ ഒരു വസ്ത്ര വ്യാപാര സ്ഥാപനം തുടങ്ങി..ഇന്ന് അത് വളർന്ന് പന്തലിച്ച് ഒരുപാട് പേർക്ക് ജീവിത ഉപാധിയായി മാറിക്കഴിഞ്ഞു.

ഇന്റർവ്യൂ മുഴുവനും വായിച്ച് മാസിക മടക്കുമ്പോഴേക്കും ആനിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. ടീന ഇന്ന് രാജ്യം അറിയപ്പെടുന്ന ഒരു ബിസിനസ്സ്കാരിയാണ്. അവളുടെ നിശ്ചയദാർഢ്യവും ആത്മവിശ്വാസവും ആണ് അവളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്. നാളെ അവളുടെ മറ്റൊരു സംരംഭത്തിന് കൂടി നാന്ദി കുറിക്കുകയാണ്..അതിനായാണ് താൻ ദുബായിൽ നിന്നും പറന്നിറങ്ങിയിരിക്കുന്നത്. ഇതുവരെയുള്ള ടീനയുടെ എല്ലാ സംരംഭത്തിന്റെയും ഉത്ഘാടനം ആൻ തന്നെ ആയിരുന്നു. ടീനക്ക് അതു നിർബന്ധവുമായിരുന്നു.

രാജ്യത്തിന്റെ ഏതു കോണിൽ നിന്നും ഉള്ള ട്രാൻസ്‌ജിൻഡർ വിഭാഗത്തിൽ പെട്ടവർക്ക് സൗജന്യമായി പഠിക്കാൻ ഒരു ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ട്. അതാണ് നാളെ ആരംഭിക്കാൻ പോകുന്നത്. കൂടാതെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്കും വിദ്യാഭ്യാസം സൗജന്യമായിരിക്കും..അതു കഴിഞ്ഞാൽ തന്റെ സ്ഥാപനത്തിൽ തന്നെ ജോലി വാഗ്ദാനവും..എത്ര മഹത്തായ ആശയം…

തന്റെ ടീനക്ക് മാത്രമേ മറ്റുള്ളവരോട് ഇത്ര കരുതലോടും സ്നേഹത്തോടും പെരുമാറാൻ കഴിയൂ എന്ന് ആൻ ഓർത്തു.

രാവിലെ “ആൻസ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി” എന്ന സ്ഥാപനത്തിന്റെ ഔപചാരികമായ ഉത്ഘാടനം നടത്തി ആനും മറ്റെല്ലാവരും അകത്തേക്ക് കയറി.

അപ്പോൾ ആനിന്റെ മനസ്സിൽ ടീന ഫോണിലൂടെ പറഞ്ഞ കാര്യങ്ങൾ ഓടിയെത്തി. “നീ വരുമ്പോൾ ഒരു സർപ്രൈസ് കൂടി കാണും. അതിനായി കരുതിയിരിക്കണം കേട്ടോ”

അത് പറയുമ്പോൾ ടീനയുടെ വാക്കുകളിൽ വല്ലാത്ത ഒരു ആഹ്ലാദം ഉണ്ടായിരുന്നതായി ആനിന് തോന്നി. ആൻ ആ സർപ്രൈസിനായി അവിടമാകെ കണ്ണോടിച്ചു.അതു മനസ്സിലാക്കിയിട്ടെന്ന പോലെ ടീന അവളെ ചേർത്തുപിടിച്ചു വെളിയിലേക്ക് കൈ ചൂണ്ടി പറഞ്ഞു.

“എനിക്ക് പുതുജീവൻ നൽകാൻ നീ നിന്റെ ജീവിതം ഹോമിച്ചപ്പോൾ ,നിനക്ക് വേണ്ടി ഞാൻ ഇതെങ്കിലും തിരിച്ചു നൽകണ്ടേ”

ചിരിച്ചു കൊണ്ട് അവൾ അത് പറയുമ്പോൾ ആനിന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. വളരെ സന്തോഷത്തോടെ പടികൾ കയറി വരുന്ന ഇരുവരുടെയും അച്ഛനമ്മമാർ. ആ മനോഹരമായ കാഴ്ച അവളുടെ ഹൃദയം നിറച്ചു.

************

ഒത്തിരി സ്നേഹത്തോടെ നിങ്ങളുടെ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു. ❤️❤️❤️

~രഞ്ജിത ലിജു