നിന്റെയൊക്കെ പ്രായത്തിൽ ഒരു അവധി കിട്ടാൻ അന്നത്തെ കുട്ടികൾ എത്ര ആഗ്രഹിച്ചിട്ട് ഉണ്ടെന്നോ…

മഴ, കളക്ടർ, ഇലയട….

Story written by Jolly Varghese

================

“ശക്തമായ മഴ തുടരുന്നതിനാൽ നാളെ ഇടുക്കി ജില്ലയിലെ സ്കൂൾ, കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. “

ഇത് കേട്ടപ്പോ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മോന്റെ മുഖത്ത് വല്യ സന്തോഷം ഒന്നും കണ്ടില്ലന്ന് മാത്രമല്ല ചുണ്ട് വക്രിക്കുകയും ചെയ്തു.

എന്താ നിനക്ക് സന്തോഷം തോന്നുന്നില്ലേ..?

ഒന്ന് പോ.. അമ്മാ.. ചുമ്മാ ബോറാ.!

എടാ.. നിന്റെയൊക്കെ പ്രായത്തിൽ ഒരു അവധി കിട്ടാൻ അന്നത്തെ കുട്ടികൾ എത്ര ആഗ്രഹിച്ചിട്ട് ഉണ്ടെന്നോ.?

അതെതെന്താ..മ്മാ.. അന്നത്തെ കുട്ടികൾക്ക് പഠിക്കാൻ ഇഷ്‌ടമല്ലായിരുന്നോ.?

ഇഷ്ടം ഒക്കെ ഉണ്ടായിരുന്നു. പക്ഷെ ഇന്നത്തെ പോലെയല്ലല്ലോ..അന്ന്. ഇന്നിപ്പോ വീട്ടിന്റെ പടിക്കൽ സ്കൂൾ ബസ്സ്‌ വന്ന് കുട്ടികളെ കൂട്ടിട്ടു പോകും തിരിച്ചു പടിക്കൽ കൊണ്ടുവന്നു  ഇറക്കും. അന്നൊക്കെ ഒന്നിൽ പഠിക്കുന്ന കുട്ടികൾ വരെ കുറഞ്ഞത് രണ്ട് കിലോമീറ്റർ എങ്കിലും നടന്നു വേണം സ്കൂളിൽ പോവാൻ…അമ്മയൊക്കെ ഹൈസ്കൂളിൽ പഠിച്ചത് എട്ട് കിലോമീറ്റർ നടന്നാണ്. അങ്ങോട്ടും ഇങ്ങോട്ടും കൂടെ ആകെമൊത്തം പതിനാറു കിലോമീറ്റർ ഒരു ദിവസം നടക്കണം. വെയിലായാലും കഷ്ടം. മഴയായാൽ അതിലേറെ കഷ്ടം…

ഇപ്പോ മഴക്കാലം ആയതിനാൽ അതിനെപ്പറ്റി പറയാം. ഇന്നത്തെ പോലെ ടാർറോഡ് ഒന്നുമില്ല മണ്ണ് റോഡാണ്. മുട്ടൊപ്പം ചെളിയിൽ കൂടി തെന്നി തെറിച്ചും വീണും വീഴാതെയുമൊക്കെ സർക്കസ്സ് കാരെപോലെ പോണം. അതും ചുമട്ടുതൊഴിലാളികളെ പോലെ ഭാരം ചുമന്നോണ്ട് വേണം നടക്കാൻ…

മോൻ എന്നെ അന്തം വിട്ടിട്ടു ചോദ്യചിഹ്നത്തിൽ നോക്കി.?

ഞാനപ്പോ ഓർമ്മകളെ മെറൂൺ & ക്രീം കളറിലെ യൂണിഫോമിലേയ്ക്ക് കേറ്റി പഴയ പത്താംക്ലാസ് കാരി ജോളി വർഗീസ് ആയി….

ഇപ്പോഴാ പറയാനൊരു ഒഴുക്ക് കിട്ടിയത്….

അപ്പോ..മോൻ കേട്ടൊട്ടോ.. ! അമ്മ പത്തിലൊക്കെ പഠിക്കുമ്പോ ആർക്കും പുസ്തകങ്ങൾ കൊണ്ടുപോവാനൊന്നും ബാഗൊന്നും ഇല്ല. നാലഞ്ച് പാളപുസ്തകവും,  ഏഴെട്ട് നോട്ടു ബുക്കും, ബോസ്‌കും, അട്ടിയിട്ട പോലെ വെച്ചതിനു മീതെ ചോറ്റുപത്രവും കേറ്റി വെച്ചു കഴിയുമ്പോ ഏകദേശം ഒരു അഞ്ചു കിലോ വെയ്റ്റ് ഉണ്ടാവും എന്നിട്ട് അതങ്ങോട്ട് കൈത്തണ്ടയിലേയ്ക്ക് എടുത്തു വച്ചിട്ട് വയറിന്റെ സപ്പോർട്ടിൽ ബാലൻസ് പിടിച്ചങ്ങു പോകും.

അതിൻറ്റൊപ്പം കുടയുംപിടിക്കണം. കാറ്റുംമഴയും ഒന്നിച്ചു വരുമ്പോ കാറ്റിനെതിരെ കുടപിടിക്കുന്നതൊക്കെ എത്ര വലിയ അഭ്യാസപ്രകടനം ആണെന്നോ..? കുടചൂടിയിട്ടും വല്യ കാര്യമൊന്നും ഇല്ല. അടിമുതൽ മുടിവരെ മാത്രമല്ല അടിവ സ്ത്രം വരെ നനയും. ആ പ്രായത്തിൽ നനഞ്ഞു ശരീരത്തോട് ഒട്ടിയ ക്രീം കളർ ഷർട്ട് വല്ലാത്തൊരു അപമാനം ആയിരുന്നു.

കൂടെകൂടെ കുട ബാലൻസ് ചെയ്ത് പിടിച്ചു ഷർട്ട് വലിച്ചുവലിച്ചു ഇടണം. വഴിനീളെ കാണികൾ ഉള്ളതല്ലേ…എല്ലാവരുടെയും നോട്ടം ഏതാണ്ട് ഒരു ഭാഗത്തായിരിക്കും. കൈത്തണ്ടയിലെ പുസ്തകകെട്ട് ഈ സമയത്ത് ഉപകാരമാണ്. മാറോട് ചേർത്തങ്ങു പിടിച്ചാൽപ്പിന്നെ നോട്ടമൊക്കെ നിരാശയുടെ മടങ്ങിപ്പോകും.

മോന് ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ എന്നൊന്നും അറിയില്ല. ഓർമകൾക്ക് യൂണിഫോം ഇട്ടതിനാൽ എനിക്ക് പറയാതിരിക്കാനും ആവുന്നില്ല.

അങ്ങനെ മഴനനഞ്ഞു സ്ക്കൂളിൽ ചെന്ന് പാവാടയുടെ അറ്റമൊക്കെ കൂട്ടി പിഴിഞ്ഞ് വെള്ളം കളയും. എന്നിട്ട് ബെഞ്ചിൽ അട്ടിയിട്ടപോലെ അഞ്ചു പേർ ഒട്ടിച്ചേർന്നിരിക്കും. എല്ലാവരും പരസ്പരം ചൂട് പകർന്നു ഉച്ചയാകുമ്പോഴേയ്ക്കും ഏകദേശം തുണിയൊക്കെ ഉണങ്ങും…

അന്നേരം ചോറുണ്ണാൻ വിടും വീണ്ടും പൈപ്പിൻ ചുവട്ടിലെ ഉന്തിലും തള്ളിലും വീണ്ടും നനയും. ആ തള്ളിൽ കുട കൊണ്ടുപോകാനും പറ്റില്ല. അതിലും രസം അദ്ധ്യാപകരുടെ പ്രവർത്തി ആയിരുന്നു. ചില അധ്യാപകർ വരുന്നത് തന്നെ കുട്ടികളെ തല്ലാൻ വേണ്ടി മാത്രമാണെന്ന് തോന്നും. വീട്ടിലെ അവരുടെ പ്രശ്നങ്ങളുടെ കലിപ്പ് കുട്ടികളിൽ തീർക്കുന്നപോലെയാണ് തല്ലുന്നത്.

അതും എട്ടിലും ഒമ്പതിലും പത്തിലുമൊക്കെ പഠിക്കുന്ന കുട്ടികളുടെ ച ന്തിക്ക് ചൂരല് കൊണ്ട് തല്ലുന്ന സാറുമ്മാർ വരെ അന്നുണ്ടായിരുന്നു.

ആ പ്രായത്തിലുള്ള പെൺകുട്ടികൾക്ക് ചിലപ്പോൾ പീ രീഡും  വയറുവേദനയുമൊക്കെയായിരിക്കും.  ഇതൊന്നും സാറ്മ്മാര് ചിന്തിക്കാതെ ച ന്തിക്കിട്ട് തല്ലും. എനിക്കും കിട്ടിയിട്ടുണ്ട് ഇതേ അവസ്ഥയിൽ തല്ല്.  ! കടുത്ത വയറുവേദന എടുത്തിരിക്കുമ്പോ ഇതുപോലെ തല്ല് കിട്ടണം. ന്റമ്മോ..ആ അവസ്ഥയൊന്നും എഴുതാനോ പറയാനോ കഴിയില്ല. അതൊരു ഭീകരഅനുഭവം ആണ്.

ഒരു ദിവസം കുറഞ്ഞത് കൈയിലും ച ന്തിയിലുമായി മൂന്നു അടിയെങ്കിലും കിട്ടാത്ത കുട്ടികൾ ഉണ്ടാവില്ല. ഇന്നൊക്കെയാണ് കുട്ടികളെ ഇങ്ങനൊക്കെ തല്ലുന്നതെങ്കിൽ ആ സ്കൂളുപോലും പിന്നുണ്ടാവില്ല. സാറ് അഴിയും എണ്ണിയേനെ. !

ഈ അമ്മയുടെയൊരു ത.ള്ള് എന്ന ഭാവത്തിലാണ് മോന്റെയിരുപ്പ്. അവൻ കണ്ട സ്കൂളും പഠിപ്പും ഇതൊന്നും അല്ലല്ലോ. അതിനാൽ അവനെ കുറ്റം പറയാനും പറ്റില്ല. എങ്കിലുമവൻ കേട്ടിരിക്കുന്നുണ്ട് ഭാഗ്യം.

ഒരുദിവസത്തെ ചുമടെടുത്തുള്ള നടത്തവും, പഠിപ്പും, തല്ല് കൊള്ളലും എല്ലാം കഴിഞ്ഞു വീട്ടിൽ വന്നാലോ അവിടുന്നും കിട്ടും തല്ല്. ക്ലാസ് പരീക്ഷയ്‌ക്ക്‌ മാർക്ക് കൊറയരുതല്ലോ. എന്നാലും തിരിച്ചുള്ള വരവിനുസന്തോഷം കൂടുതലാണ്.

സ്കൂൾ വിട്ട് വരുമ്പോൾ കഴിക്കാനായി അമ്മ നല്ല മധുരം നിറച്ച കൊഴുക്കട്ട, ഇലയട, ഓട്ടട…ഇല്ലങ്കിൽ ആവിപറക്കുന്ന ചക്ക പുഴുക്കും നാടൻ കൂൺ വറുത്തരച്ച കറിയും. അങ്ങനെ എന്തെങ്കിലും ചൂടോടെ ഉണ്ടാക്കിയിരിക്കും…കൂടാതെ ചൂട് പാൽകാപ്പിയും…ആഹാ..അന്തസ്സ്…

ഈയൊരു സന്തോഷത്തിന് വേണ്ടിയാണ് ഓരോ ദിവസവും കാത്തിരിക്കുന്നത്…

അന്നൊക്കെ തകർത്തു തിമിർത്തു പെയ്യുന്ന കർക്കിടകമഴയ്ക്ക് രൗദ്രഭാവം  ആയിരുന്നു. തുള്ളിക്ക് ഒരു കുടം അതാ കണക്ക്. അതും അലറിവിളിക്കുന്ന  തോരാ മഴ…പുഴയും,തോടും, റോഡുമൊക്കെ കവിഞ്ഞു ഒഴുകിയാലും അന്നുള്ള കളക്ടർമ്മാര് അവധി തരില്ല.

വള്ളവും വഞ്ചിയും കടന്ന് കേറി,  കൈത്തോടും മുറിച്ചു കടന്ന് വേണം വീട്ടിലേക്കും സ്കൂളിലേക്കും പോകാൻ. എന്നാലും അവധി തരില്ലായിരുന്നു.

“അയ്യോ അതെന്താ..മ്മേ.. കളക്ടർ അവധി തരാതിരുന്നത്.?”

“അതു മോനേ…അന്നത്തെ കളക്ടർമ്മാർക്ക് കാലാവസ്ഥയെ പറ്റി വല്യ അറിവൊന്നും ഉണ്ടാവില്ലായിരിക്കാം.”

അത് ശരിയായിരിക്കുമെന്ന് മോൻ തല കുലുക്കി.

എങ്കിലും മോനേ…ആ കാലം പോലെ മനോഹരമായ ഒരു കാലം അമ്മയ്ക്ക് പിന്നെ ഉണ്ടായിട്ടില്ല. ഒരിക്കലെങ്കിലും തിരിച്ചു പോകാൻ കൊതിക്കുന്നൊരിടം . കൗതുകം ഉണർത്തുന്ന, മനസ്സ് തളിർക്കുന്ന ആ പ്രായം. ഏതാനും നിമിഷം ഞാൻ പറയാൻ പറ്റാത്ത ചില ഓർമകളിൽ മുഴുകിപോയി.

അമ്മാ…എനിക്കൊരു ഇലയട ഉണ്ടാക്കി തരുമോ..?

അയിന് മോന് ഇലയട  ഇഷ്ടം ഇല്ലല്ലോ.?

പക്ഷേ അമ്മ പറയുന്ന കേട്ടപ്പോ തിന്നാൻ തോന്നി.

എന്നാലെ അമ്മ ഇപ്പോ ഉണ്ടാക്കി തരാലോ.

പുറത്തു നല്ല മഴ പെയ്യുന്നുണ്ടിപ്പോൾ മനസ്സിൽ ഓർമകളുടെ വേലിയേറ്റവും..ആഹാ.. !!!

~ജോളി വർഗീസ്