എന്തിനും ഏതിനും അയാളെ വേണ്ടിയിരുന്നവർ തിരിഞ്ഞു നോക്കാത്തതിൽ അയാൾക്ക്‌ സങ്കടമുണ്ടെന്നു ഗീതുവിനും അമ്മക്കും അറിയാമായിരുന്നു….

വീട്….

Story written by Ranjitha Liju

===============

“മോളെ ഗീതു…പാലുകാച്ചലിന് സമയമായി. നീ അവിടെ എന്തെടുക്കുവാ?”

ഇളയമ്മയുടെ ചോദ്യം കേട്ടാണ് ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന ഗീതു തിരിഞ്ഞു നോക്കിയത്.ഉടനെ തന്നെ അവൾ ഫോൺ കട്ട് ചെയ്തു അവരുടെ അടുത്തേക്കു ചെന്നു.

“സമയമായി മോളെ നീ വേഗം താഴേക്കു വാ. അവിടെയെല്ലാവരും നിന്നെ തിരക്കുന്നുണ്ട്” എന്നു പറഞ്ഞു തിരിഞ്ഞു നടന്ന അവർ ഒന്നുകൂടി പുറകോട്ടു നോക്കി ചോദിച്ചു “അതേ നമ്മുടെ എല്ലാ ബന്ധുക്കളെയും അയൽക്കാരെയും വിളിച്ചിട്ടുണ്ടല്ലോ അല്ലെ?.ആരെയെങ്കിലും വിട്ടുപോയോ? പിന്നെ അതൊരു പരാതി ആവരുത്”.

ഇളയമ്മയുടെ ആത്മാർത്ഥത കണ്ടു മനസ്സിൽ ചിരി വന്നെങ്കിലും അതു പുറത്തു കാണിക്കാതെ അവൾ പറഞ്ഞു “ഇല്ല ആരെയും വിട്ടുപോയിട്ടില്ല എല്ലാവരെയും ഞാൻ തന്നെയാ നേരിട്ടു പോയി ക്ഷണിച്ചത്.”

“ഓ! അതുമതി മോളെ, നമ്മുടെ ജീവിതത്തിലെ ഓരോ നല്ല കാര്യവും തുടങ്ങുന്നത് അവരുടെ സാന്നിധ്യത്തിൽ വേണം. കാരണവന്മാരുടെയും ബന്ധുക്കളുടെയും അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവും എന്റെ കുട്ടിക്ക്”

“അപ്പൊ ഈ സങ്കട സമയത്തു ഇവരൊന്നും കൂടെ ഉണ്ടാവണമെന്നില്ലേ അതോ അപ്പൊ ഇതൊന്നും ബാധകമല്ലേ ഇളയമ്മേ?”.ചോദിക്കാൻ വന്ന ചോദ്യം പാടെ വിഴുങ്ങിയവൾ അവരുടെ പുറകെ താഴേക്കു ചെന്നു.

ഓരോ അതിഥികളെയും അച്ഛനും അമ്മയും അനുജനും കൂടി ക്ഷണിച്ചിരുത്തുന്നുണ്ട്. വരുന്ന ഓരോരുത്തർക്കും പ്രതേകം പരിഗണന കൊടുക്കണമെന്നു അവൾ അവരെ നേരത്തെ ചട്ടം കെട്ടിയിരുന്നു.

വലിയമ്മായിയും ചെറിയമ്മായിയും വല്യച്ഛനും ചെറിയച്ഛനുമൊക്കെ കുടുംബ സമേതം തന്നെ എത്തിയിട്ടുണ്ട്. പിന്നെ ജാനുവേടത്തിയും, സുമേടത്തിയും അടങ്ങുന്ന അയൽക്കാരുടെ ഒരു സംഘവും…

ഇളയമ്മ ഓടി നടന്നു എല്ലാവരെയും വീടും പരിസരവുമൊക്കെ കാണിച്ചു കൊടുത്തു വിശദീകരിക്കുന്നുണ്ട്. പലരും മാറി നിന്നു തെല്ലു ആസൂയയോടെ വീക്ഷിക്കുന്നത്  ഒളികണ്ണാൽ ഗീതു അറിയുന്നുണ്ടായിരുന്നു.

വീടിന്റെ മുൻ വാതിലിനോട് ചേർന്ന ഭിത്തിയിൽ Dr.Geethu Premachandran, Gynecologist (MBBS, MD, MRCOG) എന്നെഴുതിയ ബോർഡ് വല്യച്ഛൻ ഗമയിൽ തന്റെ കൊച്ചുമക്കൾക്കു കാണിച്ചു കൊടുക്കുന്നതും അവൾ കണ്ടു.

ഇതിനൊക്കെ ഇടയിൽ തന്റെ മകളെ കുറിച്ചു പലരും പറയുന്ന നല്ല വാക്കുകൾ കേട്ട് സന്തോഷത്തോടും അതിലുപരി അഭിമാനത്തോടും നിൽക്കുന്ന അച്ഛനെയും അമ്മയേയും കണ്ടപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു അവൾക്ക്.

കുറെ വർഷങ്ങൾക്കു ശേഷമാണ് അച്ഛൻ ഇങ്ങനെ മനസ്സ് തുറന്നു ചിരിച്ചു കാണുന്നത്. കുടുംബത്തിന് വേണ്ടി  സർവവും ത്യജിച്ച തന്റെ അച്ഛൻ ഇതുവരെ ഒന്നിനെ കുറിച്ചും ഒരു പരാതിയും പറയുന്നത് ഗീതു കണ്ടിട്ടില്ല.

പത്താം ക്ലാസ് നല്ല മാർക്കോടെ പാസ്സായ തന്റെ ലക്ഷ്യം ഒരു ഡോക്ടർ ആവുകയാണെന്നു അച്ഛനോട് ആദ്യം പറഞ്ഞ ദിവസം ഓർത്തെടുക്കുകയായിരുന്നു ഗീതു. ഒരു പ്രൈവറ്റ് സ്ഥാപനത്തിലെ ക്ലാർക്ക് ആയ അച്ഛന്റെ തുച്ഛമായ വരുമാനത്തിൽ അതു സാധിക്കില്ല എന്നു അച്ഛനും അതുപോലെ അവൾക്കും നന്നായി അറിയാമായിരുന്നു. എങ്കിലും അവളുടെ സ്വപ്നം അച്ഛൻ തല്ലി കെടുത്തിയില്ല. സഹപാഠികൾ ഓരോരുത്തരും ഡോക്ടറും എഞ്ചിനീയറും ഒക്കെ ആകണമെന്ന് പറയുമ്പോൾ തോന്നിയ കേവലം ഒരു ആവേശത്തിനപ്പുറമുള്ള ഒരു നിശ്ചയമാണ് തന്റെ സ്വപ്നം എന്നറിഞ്ഞ മാത്രയിൽ അച്ഛൻ മറ്റൊന്നുമാലോചിക്കാതെ ഒരു കടുത്ത തീരുമാനമെടുത്തു..ഉള്ള വീടും പറമ്പും വിറ്റു മകളെ പഠിപ്പിക്കുക…

നാലഞ്ചു വർഷം കഴിഞ്ഞു കെട്ടിച്ചു വിടേണ്ട പെണ്ണാണ്,.അന്ന് അവൾക്കു കൊടുക്കാൻ ആകെയുള്ള  സ്വത്താണ്,.പോരാഞ്ഞു താഴെ ഒരാളുകൂടി ഉണ്ട്, അതുകൊണ്ടു ഉള്ള വീട് വിൽക്കരുത് എന്നു സ്നേഹത്തിലും ദേഷ്യത്തിലും പിന്നെ ഭീഷണിയിലും ഗീതുവിന്റെ അമ്മ പറഞ്ഞു നോക്കി. പക്ഷെ അച്ഛൻ തന്റെ സ്വപ്നത്തിനൊപ്പം നിന്നു. മക്കൾ ആണായാലും പെണ്ണായാലും അവരെ സ്വന്തം കാലിൽ നിർത്താൻ പ്രാപ്തരാക്കുക എന്നതാണ് അച്ഛനമ്മമാരുടെ കടമയെന്നു അച്ഛൻ അമ്മയെ സാവധാനത്തിൽ പറഞ്ഞു മനസിലാക്കി. ഒടുവിൽ മനസ്സില്ലാ മനസോടെ അമ്മയും സമ്മതം മൂളി.

വീട് വിറ്റു മകളെ പഠിപ്പിക്കാൻ പട്ടണത്തിലേക്ക് മാറാൻ പോകുന്ന കാര്യം ബന്ധുക്കളും നാട്ടുകാരും അറിഞ്ഞതോടെ ഗീതുവിന്റെ വീട്ടിലുപദേശികളുടെ തിക്കും തിരക്കുമായി. അച്ഛൻ ചെയ്യുന്നതു മണ്ടത്തരമാണെന്നും എന്നായാലും കെട്ടിച്ചു വിടേണ്ട പെണ്ണിന്  വേണ്ടി ഉള്ളത് വിറ്റു തുലച്ചാൽ എന്തു ചെയ്യും എന്ന് വേണ്ട പല അഭിപ്രായങ്ങളുമായി പലരും കയറിയിറങ്ങി. പക്ഷെ അവളുടെ അച്ഛൻ തന്റെ നിലപാടിൽ ഉറച്ചു നിന്നു.

അങ്ങനെ ബന്ധുക്കളൊന്നും കണ്ടാൽ മിണ്ടാതെയായി. ഗീതുവിന്റെ അച്ഛൻ അവരുടെ ഒക്കെ മുൻപിൽ തന്നിഷ്ടക്കാരനും അഹങ്കാരിയുമായി. എന്തിനും ഏതിനും അയാളെ വേണ്ടിയിരുന്നവർ തിരിഞ്ഞു നോക്കാത്തതിൽ അയാൾക്ക്‌ സങ്കടമുണ്ടെന്നു ഗീതുവിനും അമ്മക്കും അറിയാമായിരുന്നു. പക്ഷെ അയാൾ അതൊരിക്കൽ പോലും അവരോടു കാണിച്ചിരുന്നില്ല.

ഒടുവിൽ വീട് വിൽക്കാൻ കരാറായി. അന്നൊരു ദിവസം ഗീതു അമ്പലത്തിൽ പോയി വരും വഴി ഇളയമ്മ അവളെ തടഞ്ഞു നിർത്തി, അവളുടെ അച്ഛൻ ചെയ്യുന്നതൊന്നും ശരിയല്ല എന്നും മറ്റും പറഞ്ഞു. “നിന്റെ അച്ഛന്റെ ഉദ്ദേശം എന്താ? നിന്നെ പഠിപ്പിച്ചു വലിയ ഡോക്ടർ ഒക്കെ ആക്കുമായിരിക്കും. അതു കഴിയുമ്പോ എന്തു ചെയ്യും. നിന്നെ എങ്ങനെ കെട്ടിച്ചു വിടും. സ്ത്രീധനം കൊടുക്കാതെ ഇക്കാലത്തു ആര് കെട്ടാനാ..ഇനി നീ ഒരു കാര്യംചെയ്യു, പട്ടണത്തിലേക്കല്ലേ പോകുന്നത് ? ഏതെങ്കിലും നല്ല ഒരു ചെറുക്കനെ നോക്കി അങ്ങു പ്രേമിക്ക്, എന്നിടങ്ങു ഒളിച്ചോട്. അല്ലപിന്നെ..”

ഇളയമ്മയുടെ ആ ചിരി ഇപ്പോഴും ഗീതുവിന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. അന്ന് തിരിച്ചൊന്നും പറയാനുള്ള പക്വതയില്ലാത്തതുകൊണ്ടു അവൾ കരഞ്ഞു കൊണ്ട് വീട്ടിലേക്കോടി.

അങ്ങനെ വീട്ടിൽ നിന്നിറങ്ങേണ്ട ദിവസമായി. ഗീതുവും അനുജനും ജനിച്ചു വളർന്ന വീടാണ്. അവിടെയുള്ള  കല്ലിനും മണ്ണിനും വരെ ഓരോ കഥകൾ പറയാനുണ്ടാവും. സങ്കടങ്ങളൊക്കെ ഉള്ളിൽ ഒതുക്കി പോകാൻ തയാറായി നിന്നു. സാധനങ്ങൾ കൊണ്ടുപോകാനുള്ള ലോറി മുറ്റത്തു വന്നു. ചെറിയ ഒരു വീട്ടിലേക്കു താമസം മാറുന്നത് കൊണ്ടു അധിക സാധനങ്ങൾ ഒന്നും കൊണ്ടു പോകാൻ കഴിയില്ല. വിലപിടിപ്പുള്ള സാധനങ്ങൾ ഉൽപ്പടെയാണ് വിറ്റത്. കൊണ്ടുപോകാനുള്ളവ എല്ലാം തലേന്ന് തന്നെ റെഡിയാക്കി വച്ചിരുന്നു. ആരുടെ എന്താവശ്യത്തിനും ഒരു മടിയും കൂടാതെ ഓടിച്ചെല്ലുന്ന ഗീതുവിന്റെ അച്ഛന് സ്വന്തം വീട് വിട്ടിറങ്ങുമ്പോൾ ഭാര്യയും മക്കളും മാത്രമായി സഹായികൾ.

ഓരോ കെട്ടുകളും ലോറിയിലേക്കു കയറ്റുമ്പോൾ, സുമേടത്തിയും ജനുവേടത്തിയും മക്കളും അടുത്ത വീടുകളിൽ നിന്ന് ഓടി വന്നു. അവരെല്ലാം ഗീതുവിന്റെ അമ്മയുടെ സന്തത സഹജാരികളായിരുന്നു. നേരം വെളുത്തു ഇരുട്ടുവോളം കുട്ടിപട്ടാളങ്ങളെല്ലാം അവിടെ സ്വന്തം വീടു പോലെ ഉണ്ടും ഉറങ്ങിയും കഴിഞ്ഞു. എന്റേതെന്നോ നിന്റേതെന്നോ വ്യത്യാസമില്ലാതെ സ്വാതന്ത്ര്യത്തോടെ പെരുമാറി.

അവരെയൊക്കെ കണ്ടപ്പോൾ അമ്മയ്ക്ക് സങ്കടം അടക്കാൻ കഴിഞ്ഞില്ല. സാരി തുമ്പ് കൊണ്ടു കണ്ണുനീർ തുടച്ചു കൊണ്ട്  അമ്മ അവരുടെ അടുത്തേക്ക് ചെന്നു. സാന്ത്വന വാക്കിനു പകരം ജാനുവേടത്തി പുറത്തു കിടന്ന ആട്ടു കല്ലു ചൂണ്ടികാട്ടി അവരോടു ചോദിച്ചു “ഞങ്ങൾ ഇതൊക്കെ എടുത്തോട്ടെ?നിങ്ങൾ എന്തായാലും ഇതൊന്നും കൊണ്ടുപോകുന്നില്ലല്ലോ”

അമ്മയുടെ സമ്മതം കാത്തു നിൽക്കാതെ അവർ മകനെ വിളിച്ചു അതെല്ലാം ചുമന്നെടുപ്പിച്ചു. സുമേടത്തീടെ മൂത്ത മോൾക്ക്‌ മുറ്റത്തു നിൽക്കുന്ന മുല്ലയിലും റോസയിലുമൊക്കെയായിരുന്നു കണ്ണു….നിമിഷ നേരം കൊണ്ട് അതെല്ലാം അവരുടെ മുറ്റത്തായി. മറ്റുള്ള അയൽക്കാർ തിരിഞ്ഞു പോലും നോക്കിയില്ല. ആത്മാര്ഥതക്കും സ്നേഹബന്ധത്തിനും പണത്തിനോളം മൂല്യമില്ല എന്നു ഗീതുവിന് അന്ന് മനസിലായി.

സന്ധ്യയോടടുത്ത് എല്ലാം കഴിഞ്ഞു വണ്ടിയിലേക്ക് കയറുമ്പോൾ,എല്ലാം നഷ്ടപ്പെട്ടിട്ടും ദുഃഖം കാണിക്കാത്ത ഗീതുവിന്റെ അച്ഛൻ കോലായിലെ ചാരുകസേരയിൽ പിടിച്ചു നിന്നു കണ്ണീർ വാർത്തു. അച്ഛച്ഛന്റെ ഓർമകൾ കടന്നു വന്നിട്ടുണ്ടാകണം. എന്തു വിഷമം വന്നാലും അതിൽ കിടക്കുമ്പോൾ മാറുമെന്ന് അച്ഛൻ കുട്ടികാലത്തു തന്നോട് പറഞ്ഞിട്ടുള്ളത് ഗീതുവോർത്തു.

പിന്നീടൊരിക്കലും ആ വഴി അവർ വന്നിട്ടില്ല. വരാൻ തോന്നിയിട്ടില്ല എന്നു വേണം പറയാൻ. അത്ര കരുതലാണല്ലോ ബന്ധുക്കളും നാട്ടുകാരും കാണിച്ചത്. പക്ഷെ ഗീതു ഒരു കല്യാണ ചടങ്ങിൽ വച്ചു ഒരിക്കൽ കൂടി എല്ലാവരെയും കണ്ടു. തന്നെയും കുടുംബത്തെയും എന്തൊ ചതുർഥി കാണും പോലെ നോക്കുന്ന അവരോടൊക്കെ ഗീതുവിന് സഹതാപമാണ് തോന്നിയത്. അന്ന് ഇളയമ്മയും ചെറിയമ്മായിയും കൂടി മാറി നിന്നു തങ്ങളെ കളിയാക്കി ചിരിക്കുന്നത് പലവട്ടം അവൾ കണ്ടു. പിന്നീടൊരിക്കലും അവരുടെ ഒന്നും കൺ വെട്ടത്ത് പോലും അവൾ പോയിട്ടില്ല.

വാശിയായിരുന്നു അവൾക്കു, അച്ഛനെയും തങ്ങളെയും കളിയാക്കുന്നവരുടെ മുൻപിൽ ഒരു ഡോക്ടർ ആയി അന്തസോടെ തല ഉയർത്തി നിൽക്കണം എന്നു. ഇന്ന് താൻ ആഗ്രഹിച്ചതിൽ കൂടുതൽ ദൈവം സാധിച്ചു തന്നതിൽ അവൾ വളരെ അധികം സന്തോഷവതിയാണ്.

“ഈ കുട്ടി ഇതെന്താലോചിച്ചു നിക്കുവാ.പാല് തിളച്ചു തൂവിയത് കണ്ടില്ലേ?” ചെറിയമ്മായിയുടെ ചീവീടു പോലെയുള്ള ശബ്ദം ഗീതുവിനെ ചിന്തകളിൽ നിന്നുണർത്തി.

എല്ലാവർക്കും മധുരം വിളമ്പുമ്പോൾ അവൾ അഭിമാനത്തോടെ ഓർത്തു അന്ന് തള്ളിപ്പറഞ്ഞ ബന്ധുക്കൾ തന്നെയാ ഇപ്പൊ തന്റെ, അല്ല അച്ഛന്റെ വീടിന്റെ പാലുകാച്ചലിന് കൂടിയെക്കുന്നെ. ഒന്നും നടന്നിട്ടില്ലാത്ത മട്ടിലുള്ള അവരുടെ പെരുമാറ്റം കാണുമ്പോ ഉള്ളിലവൾക്കു ചിരിയടക്കാൻ കഴിഞ്ഞില്ല ‘പ്രതികാരത്തിന്റെ ചിരി’.

അപ്പോഴേക്കും പുറത്തു നിന്നു ആരോ വിളിച്ചു ചോദിച്ചു “മാഡം, ഇതെവിടെയാ ഇടണ്ടേ”

“ഉമ്മറത്തേക്കു തന്നെ ഇട്ടോളൂ” എല്ലാവരും നോക്കി നിൽക്കെ ഗീതു തന്റെ അച്ഛനെ അച്ഛന്റെ ആ പഴയ ചാരുകസേരയിൽ ഇരുത്തി.

~രഞ്ജിത ലിജു