ഒന്നു പതുക്കെ പറയ് എൻ്റെ വീണേ, അച്ഛൻ കേട്ടാൽ ഇപ്പോ കലി തുള്ളാൻ തുടങ്ങും എൻ്റെ നേരെ…

Story written by Sajitha Thottanchery

=============

“അമ്മയെന്താ പുറത്തേക്ക് നോക്കി ഇരിക്കണെ.നേരം എത്രയായി ഒന്നും കഴിക്കണില്ലേ?….. “

വീണ ഒരല്പം ദേഷ്യത്തോടെ വാസന്തിയോട് ചോദിച്ചു.

“വിനു മോൻ ഇനീം എത്തീല്ല ല്ലോ, അവൻ വന്നിട്ടാകാം.” വഴിയിൽ നിന്നും കണ്ണെടുക്കാതെ അമ്മ പറഞ്ഞു.

ഓ…വിനു മോൻ…ലാളിച്ച് തലേൽ കേറ്റി വച്ചോ, മോൻ്റെ പോക്ക് നല്ലതിനാ, കാലത്തേ ഇറങ്ങും കുറെ കൂട്ടുകാരുമായിട്ട്…പിന്നെ കേറി വരുന്നത് ഒരു നേരത്താ. വരണ കോലമോ…എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട ” വീണയുടെ ശബ്ദം തെല്ലുയർന്നു.

“ഒന്നു പതുക്കെ പറയ് എൻ്റെ വീണേ, അച്ഛൻ കേട്ടാൽ ഇപ്പോ കലി തുള്ളാൻ തുടങ്ങും എൻ്റെ നേരെ…പിന്നെ ഇന്നും അച്ഛനും മോനും ഇവിടെ യു ദ്ധമാകും.” പല്ലു കടിച്ച് വാസന്തി മോളോട് പറഞ്ഞു.

“അമ്മ തന്നെയാ ഏട്ടനെ വഷളാക്കുന്നെ. അച്ഛൻ ഏട്ടനെ ചീത്ത പറയാൻ നിന്നാൽ അപ്പോൾ ഇടേലു കയറും. അമ്മേടെ മോനെ ഒന്നും പറയാൻ പാടില്ല. അച്ഛനേം ഏട്ടനേം ശത്രുക്കൾ ആക്കുന്നത് അമ്മ തന്നെയാ. അത് നല്ലതിനല്ലെന്നു അമ്മ ഓർത്തോളു .” വീണ വിട്ടില്ല…

“പിന്നെ ഞാനെന്നു വേണം? നീ എന്നെ ഭരിക്കണ്ട. അടങ്ങി നിന്നോ…” വാസന്തി മോളോട് കയർത്തു

“എന്നെ അടക്കി നിർത്തിയാൽ മതി. മോനോട് ഉത്തരവാദിത്വങ്ങൾ ഒന്നും പറഞ്ഞു കൊടുക്കണ്ട. പെൺമക്കളെ മാത്രം അടങ്ങാനും ഒതുങ്ങാനും പറഞ്ഞ് ശാസിച്ചാൽ പോരാ. ആൺ മക്കൾക്കും ചിലതൊക്കെ പറഞ്ഞു കൊടുക്കാനുണ്ട്.” വീണയുടെ വാക്കുകൾ പതുക്കെ ആണെങ്കിലും അതിൽ ശാസന കലർന്നിരുന്നു.

“അവൻ ഒരു ആൺകുട്ടിയാ, ഇപ്പോ ഉത്തരവാദിത്വം ആവാത്തോണ്ടാ. ഒരു കല്യാണം ഒക്കെ കഴിഞ്ഞ് പെണ്ണൊക്കെ ആയാൽ അവളു നേരെയാക്കിക്കോളും. ഇതൊക്കെ ലോകത്തു പതിവാ” മോളുടെ വാക്കുകളോടുള്ള പുച്ഛമായിരുന്നു വാസന്തിയുടെ വാക്കുകളിൽ.

“ആഹാ, അത് നന്നായി. കല്യാണം കഴിഞ്ഞാൽ നേരെ ആയിക്കോളും, നല്ല തീരുമാനം. അപ്പോ എവിടെയോ ജീവിക്കുന്ന ഒരു പെൺകൊച്ചിനെ പരീക്ഷണാടിസ്ഥാനത്തിൽ മോനെ നന്നാക്കാൻ കൊണ്ട് വരണമെന്നാണോ  അമ്മ പറയുന്നത്?” അതേ പുച്ഛത്തോടെ തന്നെ വീണയും ചോദിച്ചു.

വാസന്തി അത് കേട്ടതായി ഭാവിച്ചില്ല.

“ഈ പ്രായം വരെ ഇവിടെ ആർക്കും പറ്റാത്തത് ഏതോ ഒരു പാവം പെണ്ണിൻ്റെ തലേൽ കെട്ടിവയ്ക്കാലോ. അമ്മയ്ക്ക് നാണമില്ലേ ഇത് പറയാൻ. അല്ല….എന്നെ അങ്ങിനെ ആർക്കേലും കൊടുക്കാൻ അമ്മ സമ്മതിക്കോ.” വീണ അമ്മയ്ക്കു നേരെ ചോദ്യ ശരങ്ങൾ തൊടുത്തു.

“അല്ല…..അതിപ്പോ, ഞാനെന്താ പറയാ” വാസന്തിയുടെ വായ അടഞ്ഞു പോയി.

“എന്തേ…പറ്റില്ല ല്ലേ. അറിഞ്ഞോണ്ട് ആരും ചെയ്യില്ല. എല്ലാ പെൺകുട്ട്യോൾക്കും കാണും ഇങ്ങനെ പറ്റില്ല ന്നു പറയാൻ വീട്ടിൽ ആൾക്കാർ…ഇനീപ്പോ ആരേലും അറിയാതെ അബദ്ധത്തിൽ ചാടിയാൽ ആ കല്യാണം മുടക്കുന്നത് ഞാനായിരിക്കും. നോക്കിക്കോ….അല്ലേൽ ആദ്യം മോനു നേർവഴി പറഞ്ഞ് കൊടുക്ക്. നന്നാവണില്ലേൽ കെട്ടിക്കാൻ നിൽക്കരുത്. പറഞ്ഞേക്കാം ” ഇത്രയും പറഞ്ഞ് വീണ ദേഷ്യത്തോടെ അകത്തേക്ക് കയറിപ്പോയി.

വീണ പറഞ്ഞതിലും കാര്യമുണ്ടായതിനാൽ മറുപടി ഒന്നും പറയാനില്ലാതെ വാസന്തി കണ്ണും മിഴിച്ച് ഇരുന്നു…

~സജിത