നീയാ ചുരിദാറിന്റെ ഷാൾ പിടിച്ചു മര്യാദക്കിട്…വെറുതെ വല്ലവനേയും പ്രകോപിപ്പിക്കാതെ…ടോമിച്ചന്റെ പതിവു മുരൾച്ച….

അന്നു പെയ്ത മഴയിൽ….

എഴുത്ത്: ഷാജി മല്ലൻ

================

“ടേയ്, ല വന് നിന്നെ നോക്കീട്ടും നോക്കീട്ടും മതിയാവണില്ലല്ലോ?”.

അടുത്തിരുന്ന് ടോമിച്ചന്റെ അടക്കം പറച്ചിൽ കേട്ടാണ് ഞാനും അതു  ശ്രദ്ധിച്ചത്.

ഒ.പി കൗണ്ടറിന്റെ അരികിലിട്ടിരിക്കുന്ന കസേരകളിലൊന്നിരിക്കുന്ന ചെറുപ്പക്കാരന്റെ നോട്ടം എന്റെ നേർക്കാണ്.

“നീയാ ചുരിദാറിന്റെ ഷാൾ പിടിച്ചു മര്യാദക്കിട്…വെറുതെ വല്ലവനേയും പ്രകോപിപ്പിക്കാതെ” ടോമിച്ചന്റെ പതിവു മുരൾച്ച പ്രതീക്ഷ തെറ്റിക്കാതെ പുറത്തു വന്നപ്പോൾ സത്യത്തിൽ അരിശമാണ് തോന്നിയത്. എന്റെ രൂക്ഷമായ നോട്ടം വായിനോക്കിയിരുന്നവനേയും ഒരു വേള ടോമിച്ചനെയും അടക്കിയിരുത്തിയെന്നാണ് തോന്നുന്നത്.

ഭാര്യയെ മറ്റുള്ളവർ വായിനോക്കുന്നത് ഇഷ്ടമില്ലാത്ത ടോമിച്ചന്റെ കണ്ണുകൾ ഒപി സെക്ഷനിൽ വരുന്ന പെണ്ണുങ്ങളെ ആനയിക്കുന്നതും കൊണ്ടാക്കുന്നതും കണ്ട് ഞാൻ വെറുതെ കൗണ്ടറിലെ ടീവിയിൽ നോക്കിയിരുന്നു.

മണി പതിനൊന്നാകുന്നു. ഒമ്പതു മണിക്ക് തുടങ്ങിയ ഒപിയാണ്. ഒപിയിലെ തിരക്ക് ഒട്ടും കുറഞ്ഞിട്ടില്ല. ഡോക്ടർ മാത്യു എറണാകുളത്തു മാത്രമല്ല സമീപ ജില്ലകളിലും അറിയപ്പെടുന്ന നഫ്രോളജിസ്റ്റ് ആണ്..അതു മാത്രമല്ല രോഗികളോടുള്ള അദ്ദേഹത്തിന്റെ സമീപനം കൂടി ആകാം ഇത്തരത്തിൽ ഒപിയിൽ തിരക്കുണ്ടാക്കുന്നതെന്ന് എനിക്ക് തോന്നി. അതിരാവിലെ വീട്ടിൽ നിന്നെറങ്ങിയതിന്റെ ക്ഷീണം ഹോസ്പിറ്റലിലെ വരണ്ട കാലാവസ്ഥയിൽ അധികരിപ്പിച്ചെന്നു തോന്നുന്നു. കണ്ണുകൾ മെല്ലെ അടഞ്ഞു പോകുന്നു.

“ടോക്കൺ നമ്പർ ഇരുപത്” വാതിൽ തുറന്ന് നേഴ്സ് ഉറക്കേ വിളിക്കുന്നത് കേട്ടാണ് ഞെട്ടിയുണർന്നത്. ആവേശത്തോടെ എഴുനേറ്റ് ഡോറിനടുത്തേക്ക് നീങ്ങുമ്പോൾ എതിർവശത്തു മിഴിച്ചു നോക്കി കൊണ്ടിരുന്നാളും ഓടി വരുന്നത് കണ്ടു. “അടുത്തത് ചേച്ചിയാണ്…പക്ഷേ ഒന്നു വെയിറ്റ് ചെയ്യണേ, ഡോക്ടർക്ക് അടിയന്തിരമായി ഐ.പി യിൽ ഒന്നു രണ്ടു പേഷ്യൻസിനെ നോക്കേണ്ടതുണ്ട്. അതു കഴിഞ്ഞേ ഒപിയിലേക്ക് വീണ്ടും വരു”

“ശരി സിസ്റ്റർ” അല്പം നിരാശയോടെ പിൻ തിരിഞ്ഞപ്പോൾ അയാൾ അടുത്ത് തന്നെത്തന്നെ സാകൂതം നോക്കി നിൽക്കുന്നത് കണ്ടപ്പോൾ ഒരു വല്ലായ്ക തോന്നാതിരുന്നില്ല

“എന്താ എന്തു പറ്റി?” ടോമിച്ചൻ കോട്ടുവായ് ഇട്ടുകൊണ്ട് എഴുനേറ്റ് നിന്നു.

“ഡോക്ടർക്ക് എന്തോ അടിയന്തിര പരിശോധന…അരമണിക്കൂർ വൈകുമെത്രെ!!”

ഞാൻ അല്പം നിസാരവൽക്കരിച്ചു പറഞ്ഞു. ഇല്ലെങ്കിൽ ടോമിച്ചൻ നഴ്സിനോട് തട്ടിക്കയറാനും പരിഭവം പറയാനുമൊക്കെ തുടങ്ങും!!.

“എന്നാ എടപാടാന്നേ…വെളുപ്പാൻ കാലത്ത് എറങ്ങി പുറപ്പെട്ടതല്ലേ!!… ഒന്നുല്ലേൽ അതേലും ഓർക്കേണ്ടെ!!!” ടോമിച്ചന്റെ ആത്മഗതം അപ്പോൾ  ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് കടന്നുപോയ ഡോക്ടർ കേട്ടുവോ എന്ന് എനിക്ക് സംശയം തോന്നാതിരുന്നില്ല.

ഡോക്ടറുടെ പുറകെ ആ ചെറുപ്പക്കാരൻ ഓടി പോകുന്നത് കണ്ടു. അയാളുടെ വല്ല ബന്ധുക്കളും ഐ.പിയിൽ കാണുമായിരിക്കും!!, ഡോക്ടറെ വിളിച്ചു കൊണ്ടുപോകാൻ വെളിയിൽ കാത്തിരുന്ന പോലെ അവൾക്ക് തോന്നി.

ഒപി വരാന്തയുടെ അങ്ങേ തലക്കൽ നിന്ന് ഡോക്ടർ ഞങ്ങളിരിക്കുന്ന ഭാഗം ചൂണ്ടികാണിച്ച് അയാളോടെന്തോ പറയുന്നത് കണ്ടു.

“നീ അങ്ങോട്ട് നോക്കിയിരിക്കാതെ ഒരു ചായ കുടിക്കാൻ കാന്റീനിലേക്ക് വരുന്നെങ്കിൽ പോരെ”, ടോമിച്ചൻ എഴുനേറ്റ് മുക്രയിട്ടു.

ഒരു മണിക്കൂറു കഴിയുമ്പോൾ ഉച്ചഭക്ഷണ സമയമാകുന്നതു കൊണ്ട് എനിക്ക് ആ ഓഫർ സ്വീകരിക്കാൻ തോന്നിയില്ല. പോരാത്തതിന് നല്ല ഒന്നാം തരം വെയിലും. ജൂൺ മാസത്തിൽ ഇങ്ങനെയൊരു വെയില് ഞാനെന്റെ ജീവിതത്തിൽ ഇതുവരെയും കണ്ടതായി ഓർക്കുന്നില്ല!!!. ജൂൺ മാസത്തെ വിളിക്കാതെയെത്തുന്ന പെരുമഴയെന്ന വിരുന്നുകാരൻ എന്നെ വല്ലാതെ മോഹിപ്പിക്കുന്നു…എന്തോ എല്ലാം കീഴ്മേൽ മറിഞ്ഞിരിക്കുന്നു. പ്രതാപൻ മാഷ് പറയുന്ന പോലെ ആഗോളതാപനം നമ്മളെയും ബാധിച്ചതായിരിക്കും…

കാലിലെ നീരു രണ്ടുമൂന്നു മണിക്കൂറായുള്ള തുടർച്ചയായ ഇരിപ്പുകാരണം അല്പം കൂടിയെന്നാണു തോന്നുന്നത്. ട്രാൻസ് പ്ളാന്റേഷൻ വേണ്ടി വരുമെന്ന് നാട്ടിലെ ഡോക്ടർ പറഞ്ഞതു കൊണ്ടാണ് അത്തരം സൗകര്യങ്ങളുള്ള ഈ ഹോസ്പിറ്റലിലേക്ക് ആറൻമുളയിൽ നിന്ന് എത്തിയത്.

കൗണ്ടറിനരികെ വീണ്ടും അയാൾ നിൽക്കുന്നത് കണ്ടു. അയാളുടെ നോട്ടം തന്നിലേക്ക് തന്നെയാണ്. അയാളെ അവഗണിക്കാനെന്നവണ്ണം ഫോണിന്റെ ഡാറ്റ ഓണാക്കി മെസഞ്ചറിൽ വന്ന മെസേജ് നോക്കാമെന്നു വെച്ചു..അങ്ങനെ ഒരു വിപുല സൗഹൃദമൊന്നുമില്ല…കൂടെയുള്ള ടീച്ചേഴ്സും പഴയ സതീർത്ഥ്യരും മാത്രം!!!. എന്തിനും ടോമിച്ചൻ ലക്ഷ്മണ രേഖ വരയ്ക്കാൻ നിൽക്കുന്നതിനാൽ വാട്ട്സ് ആപ് ഒഴിവാക്കി എന്നു തന്നെ പറയാം. കുറച്ചു മെസേജുകൾ വന്നു കിടക്കുന്നു. സ്കൂളിലെ ടീച്ചേഴ്സിന്റെ ജന്മദിനാംശസകൾ പിന്നെ അമീറയുടെ ഹോസ്പിറ്റൽ യാത്രക്കുള്ള ശുഭദിന ആശംസയും. സ്ക്കൂളിലുള്ളവരുടെ അടുത്ത് ഹോസ്പിറ്റലിൽ പോകുന്നതിന്റെ വിശദാംശങ്ങൾ ഒന്നും പറഞ്ഞിട്ടില്ല. അമീറയുടെ അടുത്ത് എല്ലാം പക്ഷേ വിശദമായി തന്നെ മെസേജ് ചെയ്തിരുന്നു. മൊബൈലും ഫേസ് ബുക്കുമൊന്നും ഉപയോഗിക്കാത്ത അവളെ കണ്ടുപിടിച്ചതും മെസഞ്ചർ വഴിയാണ്. പത്താം ക്ലാസ് കഴിഞ്ഞു അവളെ കണ്ടിട്ടില്ല. അമ്മച്ചിക്ക് PSC രസലക്ഷൻ ലഭിച്ചു പത്തനംതിട്ടയ്ക്കു പോന്നതിൽ പിന്നെ മലപ്പുറവും ആ നാടുമൊക്കെ വിസ്മൃതിയിലായിട്ട് പത്തിരുപത് വർഷമായില്ലേ!! മൂക്കുതല സ്ക്കൂളിലെ പത്താം തരം ക്ലാസിന്റെ ഓർമ്മ ഒരു നിമിഷം മനസ്സിൽ പൂത്തുലഞ്ഞു. എന്തായാലും എന്റെ കണ്ണുകൾ ഇതൊന്നും കാണേണ്ടാന്നു കരുതിയാകും വീണ്ടും അടഞ്ഞടഞ്ഞു വന്നു.

എന്റെ അഞ്ചാം ക്ലാസു മുതൽ പത്തു വരെയാണ് ഞങ്ങൾ മലപ്പുറത്ത് താമസിച്ചിരുന്നത്.ഞങ്ങൾ താമസിച്ചിരുന്ന ക്വാർട്ടേഴ്സിനടുത്തായിരുന്നു അമീറായുടെ വീട്. അമീറയുടെ ബാപ്പയുടെ ബേക്കറിയിൽ നിന്നാണ് മലബാറിന്റെ മാധുര്യം ആദ്യമറിഞ്ഞത്. ഇപ്പോഴനുഭവിക്കുന്ന വൃക്കരോഗത്തിന്റെ യും തുടക്കം ചെറുപ്പത്തിലെ അതിമധുരം തീറ്റയാണെന്ന് ഡോക്ടർ കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ പറഞ്ഞ കാര്യം അവളോട് കളിയാക്കി പറഞ്ഞിരുന്നു. അവൾ ഇപ്പോൾ എങ്ങനെരിക്കുന്നോ ആവോ? ഒരു ഫോട്ടോ പോലും അയച്ചു തരാൻ വയ്യാത്ത ബുദ്ദൂസ്!!!. എന്നേലും കാണുമ്പോൾ ആരാണ് ആദ്യം കണ്ടുപിടിക്കുമെന്ന ഒരു ചലഞ്ച് വന്നതോടെ എന്റെ ഫോട്ടോ ഞാനും അയച്ചു കൊടുത്തില്ല.

“മാഡം ഡോക്ടർ വരാൻ വൈകുമെന്ന് തോന്നുന്നു. ഇതു കുടിക്കൂ” ആരുടെയോ ചിലമ്പിച്ച സംസാരം കേട്ടു കണ്ണുതുറന്നപ്പോൾ അയാൾ മുന്നിൽ ഫ്രൂട്ട് ജ്യൂസ് നീട്ടിനിൽക്കുന്നു.

കണ്ട പ്രൗഡി സ്വരത്തിലില്ല!! ഒരു നിമിഷം പകച്ചു, അറിയാതെ കൈകൾ കഴുത്തിലെ മാല തേടി പോയി. ഇല്ല അതവിടെ തന്നെയുണ്ട്.

“വേണ്ട ഞാൻ വെള്ളം കൊണ്ടു വന്നിട്ടുണ്ട്” അങ്ങനെ അല്പം ഇടർച്ചയോടെ പറഞ്ഞെങ്കിലും നിങ്ങളാരാ ജ്യൂസ് കൊണ്ടുത്തരാൻ എന്ന ഭാവത്തോടെ ഞാനിരുന്നു.

“ട്രാൻസ്പ്ലാന്റേഷൻ വേണമെന്ന് ഡോക്ടർ പറഞ്ഞോ” അയാൾ വിടാനുള്ള ഭാവമില്ലെന്നു തോന്നുന്നു.

“ചിലപ്പോൾ വേണ്ടി വരും, എന്നാ നിങ്ങടെ കൈവശം ആളുണ്ടെന്ന് തോന്നുന്നെല്ലോ?” ചായ കുടിച്ചു വന്ന ടോമിച്ചന്റെ പരു പരുത്ത ശബ്ദത്തിന് അയാളിൽ നിന്ന് ഒരു വരണ്ട ചിരിയാണ് മറുപടിയായി വന്നത്.

അയാൾ വല്ലാതെ ഒരുങ്ങി വന്നതു പോലെ എനിക്ക് തോന്നി. ഒരു തരം ഓവർ മേക്കപ്പ്. അയാൾ സീറ്റിൽ പോയിരുന്നെങ്കിലും അയാളുടെയും എന്റെയും കണ്ണുകൾ ഇടക്കിടെ കൂട്ടിമുട്ടുന്നുണ്ടായിരുന്നു. അയാൾക്ക് പരിചയമുള്ള ആരുടെയെങ്കിലും മുഖഛായ എനിക്കുണ്ടായിരിക്കും എന്നു സമാധാനിച്ചു.

“ടോമിച്ചാ ഡോക്ടർ ചോദിച്ചാൽ എന്തു പറയും?’

ട്രാൻസ് പ്ലാന്റ് ചെയ്യാൻ ഡോണറെ കണ്ടെത്താൻ ഡോക്ടർ കഴിഞ്ഞ പ്രാവശ്യം പറഞ്ഞിരുന്നു. ടോമിച്ചൻ അതിൽ അല്പം നിസംഗത പുലർത്തുന്ന പോലെ എനിക്ക് തോന്നിയിരുന്നു.

“നമുക്ക് നോക്കാന്നേ..” ആ മറുപടി എന്നെ തൃപ്തയാക്കിയില്ലെന്നു അയാൾക്കറിയാമെന്നുള്ളതു കൊണ്ട് അവിടെ വീണ്ടും നിശബ്ദത പരന്നു.

“ചേച്ചി വരൂ” സിസ്റ്റർ വന്നു തട്ടി വിളിച്ചപ്പോഴാണ് ഡോക്ടർവന്നത് അറിഞ്ഞില്ലല്ലോ എന്ന് ഓർമ്മിച്ചത്.

“ആലീസ് എന്തു പറയുന്നു. ഹൗ ആർ യു?” ഡോക്ടറിന്റെ മുഖത്തെ പുഞ്ചിരി ഇപ്പോഴത്തെചൂടിന്റെ അസ്കിത കൊണ്ടാണ് എനിക്കിപ്പോ അല്പം ക്ഷീണം കൂടുതലാണെന്ന് ടോമിച്ചൻ പറയുന്നത് കേട്ടപ്പോൾ മാഞ്ഞു.

“നിങ്ങളെ ഡോണറെ കണ്ടു പിടിച്ചോ ?” ഇല്ലെന്നുള്ള തലയാട്ടൽ കണ്ടു സോക്ടർ സിസ്റ്ററിനോട് എന്തോ ആംഗ്യം കാണിച്ചു,

“ലുക്ക്…ഞാൻ ആലീസിനു ചേരുണ ഒരു ഡോണററ കണ്ടെത്തി, നിങ്ങളെ പരിചയപ്പെടുത്താം” ഡോറു തുറന്ന് അകത്തു വന്ന ആളെ കണ്ടപ്പോൾ എനിക്ക് അമ്പരപ്പുണ്ടാക്കി!!.അയാൾ!!!.

ടോമിച്ചൻ അന്തം കണ്ട പെരുച്ചാഴിയെപ്പോലെ ഇരിക്കുന്നത് കണ്ടു. ട്രാൻസ്പ്ലാന്റേഷന്റെ ചിലവുകളെ കുറിച്ച് കണക്കുകൂട്ടുകയാകും!!. ഇത് ആമീർ ഖാൻ..ആലീസിനു അറിയാവുന്ന ആളാണ്, മലപ്പുറത്തുകാരൻ…..” ഡോക്ടർ മെല്ലെ പുഞ്ചിരിച്ചു

“ഓ….അപ്പോ എന്നെ രണ്ടു പേരും കൂടി പൊട്ടൻ കളിപ്പിച്ചതാണല്ലേ ?” ടോമിച്ചന്റെ ആത്മഗതവും വലിഞ്ഞു മുറുകിയ മുഖവുമൊന്നും ശ്രദ്ധിക്കാൻ എന്റെ ജിജ്ഞാസ മെനക്കെട്ടില്ല.

ആരാണിയാൾ….മുത്തേക്ക് വീണ്ടും വീണ്ടും സൂക്ഷിച്ചു നോക്കി ….

“ആമീറയുടെ ?” സംശയനിവാരണം തൊണ്ടയിലുടക്കി പുറത്തു വന്നു.

“ഹി ഈസ് എ ട്രാൻസ് ജെൻഡർ പണ്ട് തന്റെ ആമിറ ഇപ്പോൾ ആമിർ ഖാൻ. ആലീസ് ആമിറക്കയച്ച മെസേജുകൾ പിന്തുടർന്ന് ഇവിടെയെത്തി എന്നെ കണ്ടതാണ്. ഹിസ് ഓർഗൻ പെർഫക്റ്റിലി മാച്ച് ഫോർ യു കിഡ്നികളിലൊന്നു തന്റെ പഴയ ആത്മാർത്ഥ സുഹൃത്തിനു പ്രതിഫലം കൂടാതെ നൽകാൻ ഒരുക്കമാണെന്നറിയിച്ചു. ആലീസിനെ കാണുന്നവരെ അതു പരസ്യമാക്കേണ്ടെന്നും പറഞ്ഞു.” ഡോക്ടർ പറഞ്ഞു നിർത്തി.

രൂപമാറ്റം വന്നതിൽ ശേഷം കഴിഞ്ഞ പത്തു വർഷമായി വീട് വിട്ട ആമിറ കൊച്ചിയിലായിരുന്നതു കൊണ്ടാണ് അവളിൽ നിന്നുള്ള മലബാർ ഭാഷ ഒളിച്ചിരുന്നതെന്ന് എനിക്കു തോന്നി.

ഓപ്പറേഷൻ തീയതി ഫിക്സ് ചെയ്തു മടങ്ങുമ്പോൾ ടോമിച്ചന്റെ മൗനം ഞാൻ ശ്രദ്ധിച്ചു. അല്പം കാർമേഘം പടർന്നിറങ്ങിയ പോലെ.

“പണ്ടു നിന്റെ കൂട്ടുകാരിയാണെന്നത് ഒ.കെ. പക്ഷേ നീയിങ്ങനെ ഡോക്ടറുടെയും എന്റെയും മുമ്പിൽ കെട്ടിപ്പിടിച്ചു നിന്നത് ശരിയായില്ല…അതും മിനിട്ടുകളോളം….വേദപുസ്തകത്തിൽ പറഞ്ഞത് ശരിയായി. അവസാന കാലത്ത് മൂന്നാം ലിംഗക്കാർ പെരുകുമെന്നുള്ളത്. വെറുതെയാണോ കർക്കിടകത്തിൽ ഒരു മഴ പോലും ലഭിക്കാതെ നിൽക്കുന്നത്!!!.”

ടോമിച്ചന്റെ പതം പറച്ചിൽ അവസാനമില്ലാതെ തുടർന്നുകൊണ്ടിരുന്നപ്പോൾ ഞാൻ പ്രാർത്ഥനയിലായിരുന്നു. കളഞ്ഞു പോയ കുഞ്ഞാടുകളെ തിരഞ്ഞുപോയ മിശിഹാ തമ്പുരാനെ പോലെ എന്റെ കണ്ണുകൾ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് നീണ്ടു. ഒളിച്ചു നിൽക്കുന്ന മഴമേഘങ്ങളെ തേടി!!വീടെത്തിയപ്പോഴേക്കും ടോമിച്ചൻ പറഞ്ഞത് ഇഷ്ടപ്പെടാത്തതു പോലെ ആകാശമാകെ കരുവാളിച്ചിരുന്നു. ആമിറയുടെ സന്തോഷാശ്രുക്കൾ വീണ് എന്റെ മനസ് അതിനു മുമ്പേ തണുത്തുറഞ്ഞിരുന്നു.

രാത്രി ഗേറ്റടച്ചു തിരിയുമ്പോൾ കിഴക്കൻ കാറ്റ് മെല്ലെ വീശാൻ തുടങ്ങിയിരുന്നു. അന്തരീക്ഷത്തിൽ നിന്ന് അടർന്നു എന്റെ മേൽപതിച്ച ഒന്നു രണ്ട് ജലകണങ്ങൾ പിറകെ വരുന്ന മേഘ വിസ്ഫോടനങ്ങളുടെ പെരുമഴപ്പൂരത്തിന്റെ വരവറിയിച്ചു. ആലസ്യത്തിലിരുന്ന മണ്ണിലേക്ക് മഴ ആർത്തലച്ചു ചെയ്യുന്നത് കണ്ടപ്പോൾ ലോകവസാനത്തെക്കുറിച്ചുള്ള ടോമിച്ചന്റെ പ്രവചനം പൊളിഞ്ഞല്ലോഎന്നോർത്ത്. ഞാൻ ആശ്വസിച്ചു.

~ഷാജി മല്ലൻ