രമേശന്റെ മുഖത്തെ ഭക്ഷണ സമയത്ത് ഫയലുമായി കയറിയതിന്റെ നീരസം വായിച്ചെടുത്തവണ്ണം കാരണം പറഞ്ഞു…

പത്മവ്യൂഹത്തിലെ നാറാണത്തു രമേശൻ…

എഴുത്ത്: ഷാജി മല്ലൻ

===============

ഉച്ചക്കുള്ള ഇടവേള സമയം തീരാറായപ്പോഴാണ് രമേശൻ ലഞ്ചു ബോക്സ് മുന്നിലേയ്ക്കെടുത്തു വെച്ചത്.

സാധാരണ ഓഫീസിൽ വരുന്ന ദിവസങ്ങളിൽ ഇതു തന്നെയാണ് അവസ്ഥ. മീറ്റിംഗുകളുടെ ബാഹുല്യം കാരണം പലപ്പോഴും ഉച്ചഭക്ഷണം മൂന്നു മണി വരെ നീളുകയാണ് പതിവ്. ലഞ്ച് ബോക്സു തുറന്നു ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോഴാണ് ഹാഫ് ഡോറു തുറന്ന് ഓഫീസ് ക്ലർക്ക് ഹരീഷ് കടന്നുവരുന്നത് കണ്ടത്. മിക്കവാറും ഓഫീസിൽ കയറാതെ സംഘടനാ പ്രവർത്തനം തലക്ക് പിടിച്ചു നടക്കുന്നവനാ….ഇപ്പോഴെന്താണാവോ ഒരു ഫയൽ  സ്നേഹമെന്ന് അയാൾ മനസ്സിൽ ഒർക്കാതിരുന്നില്ല.

“സോറി സാർ, ട്രാഫിക്‌ സി.ഐ വിളിച്ചിരുന്നു. ക്യാമറയ്ക്കുള്ള യു.പി.എസിന്റെ ക്വട്ടേഷൻ അടിയന്തിരമായി വിളിക്കണമെന്നു പറഞ്ഞു. നഗരത്തിലെ മിക്കവാറും ക്യാമറകൾ അതു കാരണം പ്രവർത്തിക്കുന്നില്ലെത്രെ “

രമേശന്റെ മുഖത്തെ ഭക്ഷണ സമയത്ത് ഫയലുമായി കയറിയതിന്റെ നീരസം വായിച്ചെടുത്തവണ്ണം കാരണം പറഞ്ഞു.

“അപ്പം അന്റെ സർക്കാരിന് ഇതിനൊക്കെ കാശുണ്ടല്ലേ ? ഇന്റെ ലീവ് സറണ്ടർ ഇക്കൊല്ലെങ്കിലും കിട്ടൂടോ?”

രമേശൻ സർക്കാരിനെതിരെയുള്ള കുറ്റപത്രം വെളിയിൽ വിട്ടു.

“അതൊക്കെ കിട്ടും…ങ്ങള് ബേജാറാവാതെ സാറേ, വികസനം വരുന്നത് ഇപ്പഴല്ലേ? റോഡിന്റെയൊക്കെ ചേലുമാറീത് കണ്ടില്ല്യേ? ക്യാമറേടെ ചിലവാക്കിയ കാശ് അതുമ്മേന്ന് തന്നെ കിട്ടൂല്ലോ”. ന്യായീകരണം കഴിഞ്ഞ് അവൻ റൂമിൽ നിന്ന് ഫയൽ ഒപ്പിടുവിച്ച് പോയപ്പോഴേക്ക് റൂമിനു പുറത്ത് വീണ്ടും ആരുടെയോ കാൽ പെരുമാറ്റം കേട്ടു.

“സാറിനെ കാണാൻ ഒരാൾ, കയറ്റി വിടട്ടേ സാർ” ഓഫീസ് അസിസ്റ്റന്റിന്റെ അക്ഷമയുള്ള മുഖം ഹാഫ് ഡോറിൽ പ്രത്യക്ഷപ്പെട്ടു.

“ആരാ?”

“ഏതോ കരാറുകാരനാണെന്നു തോന്നുന്നു.”

ആരായാലും ഭക്ഷണം കഴിച്ചു കഴിഞ്ഞു കയറ്റിവിട്ടാൽ മതിയെന്നു പറഞ്ഞു മെല്ലെ ലഞ്ചു ബോക്സ് തുറക്കുമ്പോൾ രമേശന് വിശപ്പ് തുടങ്ങിയിട്ടുണ്ടായിരുന്നു.

ഉച്ച ഭക്ഷണത്തിന്റെ ആലസ്യം വീണ്ടും ജോലിത്തിരക്കിൽ മുഴുകി സിസ്റ്റത്തിന്റെ മുന്നിലേയ്ക്ക് തല കുമ്പിട്ടിരിക്കുമ്പോഴാണ് ഒരു മുരടനക്കം കേട്ടത്.

ഡോർ മുട്ടാതെ അകത്തു കയറിയ ആരോ തന്നെ അറിയിക്കാനാണ് ഒന്നു കുത്തി ചുമച്ചതെന്ന് രമേശനു തോന്നി. അല്പം ഈർഷ്യയോടെ  മുഖം ഉയർത്തി നോക്കിയപ്പോൾ മുഖത്ത് ഒരു ചിരി കോറിയിട്ട് കോൺട്രാക്ടർ ശരത്ത് നിൽക്കുന്നു.

കഴിഞ്ഞ ഒരാഴ്ച്ചയായി അയാളെ വിളിക്കാത്ത ദിവസങ്ങളില്ല. ഒരിക്കലും മൊബൈൽ എടുക്കാൻ കൂട്ടാക്കാത്ത ആൾ ഇപ്പോൾ പ്രത്യക്ഷപ്പെട്ട കാര്യം രമേശന് മനസ്സിലായി. മാർച്ച് മാസം പകുതി ആയല്ലോ, 31 ന് മുമ്പ് കരാർ ഏറ്റെടുത്ത എന്തേലും പ്രവർത്തികൾ ചെയ്തു തീർത്തു ബില്ല് വാങ്ങാനാകും. മനസ്സിലേക്ക് അരിച്ചിറങ്ങിയ കോപം നിയന്ത്രിച്ച് കസേരയിലേക്ക് കൈ ചൂണ്ടി.

“എന്താ ശരത്തേ നിക്ക് ഈ വഴിയൊക്കെ അറിയ്വോ?”

“ഓ സാറെ ങ്ങളെ കാണാൻ ഞാൻ ഇന്നു വീട്ടിൽക്ക് പോയിരുന്നു. കാലത്ത് തന്നെ ങള് വീട്ടിൽ നിന്നിറങ്ങീന്നു കുടുംബക്കാരി പറഞ്ഞു. ഇന്റെ റോഡിന്റെ പണി നാളെ തന്നെ തുടങ്ങനാണി…വേണ്ട സഹായങ്ങൾ ചെയ്യണം”…

“സൈറ്റിൽ ആളില്ലാതെ പണിയെണ്ട ട്ടോ…അനക്കി മാർച്ചിലേ പണി ചെയ്യൂന്ന് നിർബന്ധ ല്ലേ ?”

“ങ്ങള് സാറേ ആരേ ച്ചാ സൈറ്റിൽക്ക് നിർത്തീന്ന്… ഇ യ്ക്കൊരു എതിർപ്പുല്ലാന്ന്. പക്ഷേ ആണുങ്ങളാണേൽ ഇക്ക് എളുപ്പാരുന്ന്. ഇല്ലേൽ സൈറ്റ്മ്മേ വരാനും പോകാനുമൊക്കെ ബുദ്ധിമുട്ടാകും”.

കഴിഞ്ഞ മാർച്ചിൽ അയാളുടെ സൈറ്റിലെ പണികൾ നടത്താൻ പാടുപെട്ട കാര്യം പെട്ടന്ന് രമേശന് ഓർമ്മ വന്നു. സെക്ഷനിൽ ആകെ ഉണ്ടായിരുന്ന ഓവർസിയർ രശ്മിയെ സൈറ്റിൽ കൊണ്ടു പൊകേണ്ടതും മറ്റും അയാളുടെ മാത്രം ജോലിയായി മാറി. ഇപ്പോഴാണേൽ രണ്ടു പേരും പെണ്ണുങ്ങൾ!!.

“അതിപ്പോ ആണോ പെണ്ണോന്ന് ഇയ്യ് നോക്കണ്ടാന്ന്, അനക്ക് പണി നടന്നാ പോരെ ?”

“ഓ ഇയ്ക്ക് അതു മതി.പിന്നെ ങ്ങക്ക് ബുദ്ധിമുട്ടാവില്ലേൽ ഒരു കാര്യം പറയാം സാറെ”

ശരത് രമേശന്റെ ചെവിക്ക് നേരെ മുഖമടുപ്പിച്ചു.

“ങ്ങള് ആ രശ്മി ഓവർസിയറെ രാത്രി എട്ടുമണി കഴിഞ്ഞ് വിളിക്കണ്ടാട്ടോ….ഓൾടെ ഗൾഫുകാരൻ മൂപ്പര് എന്തൊക്കെനോ പുക്കാറൊക്കെ  വീട്ടിൽ ഉണ്ടാക്കീത്രേ!!. സൈറ്റിലെ പണിയെ പറ്റി വിളിച്ചതല്ലാതെ വേറെ വിളിയൊന്നുമല്ലെന്ന് ശരതിനോട് ആണയിട്ട് പറഞ്ഞതിന്റെ ക്ഷീണം അയാൾ പോയിട്ടും രമേശനിൽ നിന്ന് മാറിയില്ല.

വൈകിട്ട് ഓഫീസിൽ നിന്നിറങ്ങുമ്പോൾ ക്യാന്റീനിലെ പരിപ്പുവട അഞ്ചാറെണ്ണം വാങ്ങി രമേശൻ കാറിൽ വെച്ചു. വീട്ടുകാരത്തിയുടെ  ഇഷ്ട പലഹാരമാണ്

“സാർ ഇപ്പൊ ഇറങ്ങ്വാ…എന്നെ കോളേജ് പടിക്കൽ ഇറക്കിയാൽ തലശ്ശേരിക്കുള്ള ബസ് പിടിക്കാരുന്നു.”

അഞ്ചു കിലോമീറ്റർ അധികമോടണം എന്നാലും രശ്മിയുടെ വശ്യസുന്ദര ചിരി കണ്ട് അയാൾ ഫ്രണ്ട് ഡോർ തുറന്നു കൊടുത്തു. കാർ സിവിൽ സ്റ്റേഷന്റെ കവാടം കടന്നപ്പോൾ പാതയോരത്ത് തട്ടു ചായ കുടിച്ചു കൊണ്ട് നിന്ന ശരതിന്റെ കണ്ണുകൾ കാറിലേക്ക് പാളി വീഴുന്നത് കണ്ടപ്പോൾ രമേശന് ഒരു സുഖം തോന്നി. ഓന്റെ ഒരു ചൊറി!!!.

രശ്മിയുടെ വാടിയ മുല്ലപ്പുവിന്റെ മണം അയാളുടെ നാസാദ്വാരങ്ങളെ ഭ്രമിപ്പിച്ചു കൊണ്ടിരുന്നു. മുപ്പതുകളിലെങ്കിലും മതിപ്പു പക്ഷേ അത്രയും പറയാത്ത രീതിയിൽ ഒരുങ്ങി മാത്രമേ രശ്മിയെ കണ്ടിട്ടുള്ളതെന്ന് രമേശൻ ഓർത്തു. കഴിഞ്ഞ വർഷം മാത്രമാണ് സർക്കാർ സർവീസിൽ കയറിയത്.

ഓഫീസിൽ ഓവർസിയറൻമാർ ആരും ഇല്ലാത്ത സമയത്താണ് ഫസ്റ്റ് അപ്പോയിൻമെന്റായി അവളെത്തിയത്. അന്ന് തന്റെ ബൈക്കിന്റെ പുറകിൽ കയറി സൈറ്റിലൊക്കെ വരാൻ  അല്പം മടിച്ചു നിന്നിരുന്നു. പത്ത് പതിനഞ്ച് ഓണമധികം ഉണ്ട ആളാണെന്ന് പറഞ്ഞാ അവളെ അന്നു ആദ്യം ബൈക്കിന്റെ പുറകിൽ കയറ്റിയത്. പിന്നെ അതൊരു ശീലമായി. രശ്മിയുടെ തന്റെ തോളിലെ പിടുത്തം ദൃഡമാക്കാൻ ബൈക്ക് ഗട്ടറിൽ ചാടിക്കുന്ന കാര്യം ഓർത്തപ്പോൾ രമേശന്റെ ചുണ്ടിൽ ഒരു ഗൂഡസ്മിതം വിരിഞ്ഞു.

“അനക്ക് പരിപ്പു വട വേണാ…ഇയ്യ് ഇതിലീന്ന് ഒന്നെടുക്കെടോ….”

എണ്ണ പലഹാരം പരിമിതപ്പെടുത്തിയ ആളാണെങ്കിലും രമേശന്റെ താല്പര്യത്തിനു രശ്മി ഒരെണ്ണമെടുത്തു ചുണ്ടിൽ വെച്ചു.

“ഇയ്യ് സത്യം പറയണം…അന്റെ വീട്ടിൽ ഞാൻ ഫോൺ ചെയ്യുന്നതു കൊണ്ട് ബുദ്ധിമുട്ടായോ ?”

രശ്മിയുടെ തൂവെണ്ണ കൈകളിൽ തന്റെ കൈയ്യമർത്തിയുള്ള രമേശന്റെ പതിഞ്ഞ ചോദ്യം കേട്ട് രശ്മി ഒന്നു പതറി.

“ഒരിക്കലുമില്ല സാർ സാറിന് എന്നെക്കാൾ പത്തുപതിനഞ്ചു വയസ് കൂടുതലുണ്ടെന്നും എന്റെ അമ്മേന്റെ ആങ്ങളെപ്പോലെയാണ് എന്നെ നോക്കുന്നതെന്നും ഞാൻ മറുപടി കൊടുത്തീട്ടുമുണ്ട്…നോ പ്രോബ്ളം!!.”

രമേശൻ രശ്മിയുടെ കൈയ്യിലെ പിടുത്തം മെല്ലെ മാർദ്ദവപ്പെടുത്തി. അയാളിൽ നിന്നൊരു ദീർഘ നിശ്വാസമുയർന്നു. തന്റെ മനസ്സിന്റെ യൗവ്വനത്തിനുമേൽ അവൾ അണുനാശിനി തളിച്ച പോലെ അയാൾക്ക് തോന്നി. അവളുടെ നേരെ ഒരു വരണ്ട ചിരി വിരിഞ്ഞു.

“അയ്യോ സാറെ ഞാൻ സീറ്റ് ബെൽറ്റിടാൻ മറന്നു.”

കോളേജ് പടിയിൽ ഇറങ്ങി യാത്ര പറഞ്ഞു പോയപ്പോൾ അവളുടെ ചുണ്ടിലെ പുഞ്ചിരിയുടെ പൊരുൾ വായിച്ചെടുക്കാൻ രമേശൻ പാടുപെട്ടു. അന്ന് ആദ്യമായി അവളുടെ അല്പം വലിയ നി തം ബത്തിലേക്ക് ആരാധകർ ആർത്തിയോടെ നോക്കുന്നത് കണ്ടപ്പോൾ കലി വന്നില്ല. അതിന്റെ സൂക്ഷിപ്പുകാരനോട് ചെറുതല്ലാത്തൊരു കുശുമ്പു തോന്നുകയും ചെയ്തു.

“ങ്ങളെന്താ ഇത്ര വൈകീത് രമേശേട്ടാ….വേഗം മേലുകഴുകി വന്നോളു ഉപ്പുമാവ് റെഡിയായിരിക്കണ്” സിന്ധു മുറ്റത്ത് തന്നെയുണ്ട്.”

തന്റെ വീട്ടുകാരിയുട കെയറിംഗ് കണ്ടപ്പോൾ അയാൾക്ക് പരിപ്പുവട ഓർമ്മ വന്നു. യാത്രയിലെ പിരിമുറക്കത്തിലെപ്പോഴോ അത് കടലാസ് പൊതിയിൽ നിന്ന് താഴെ വീണിരിക്കുന്നു. ഡോർ അടച്ചു വണ്ടി ലോക്ക് ചെയ്തു അകത്തേക്ക് ചെന്നു.

അവധി ദിനങ്ങൾ കഴിഞ്ഞ് ഓഫീസിൽ പോകാനിറങ്ങിയപ്പോൾ സിന്ധു പുറകിൽ നിന്നു വിളിച്ചു കൂവി

“രമേശേട്ടാ വൈകിട്ട് കാന്റീനിലെ പരിപ്പുവട കൊണ്ടു വരണേ!!”

സിന്ധു കാണാതെ ക്ലീൻ ചെയ്യാനിരുന്നത് വിട്ടു പോയതിനാൽ സീറ്റിനടിയിലെ പരിപ്പുവടകൾ അപ്പോഴും അവിടെ കിടപ്പുണ്ടായിരുന്നു.

എല്ലാ ആഴ്ച്ച തുടക്കത്തിലുമെന്നപോലെ അന്നും അമ്മാവനെപ്പോലെ കരുതുന്നതിനാൽ കോളേജ് പടിക്കൽ അയാളെയും കാത്ത് രശ്മി നിന്നിരുന്നു.

പതിവു പോലെ മൂന്നു മണിക്ക് ടിഫിൻ ബോക്സിനു മുന്നിലിരിക്കുമ്പോഴാണ് ഫോൺ ശബ്ദം അയാളുടെ ചിന്ത മുറിച്ചത്. വീട്ടിൽ നിന്ന് ഭാര്യയുടെ കോൾ ആണ്. ഇന്നത്തെ ടിഫിന്റെ അഭിപ്രായം അറിയാനാകും.

“രമേശേട്ടോ ങ്ങള് എവിടെയാ”….

“ഞാൻ ഓഫീസിൽ…അല്ലാതെ എവിടെ പോകാൻ. അനക്കു വേറെ പണിയൊന്നുമില്ലേ?” രമേശന് അല്പം അരിശം തോന്നി.

“ങ്ങക്ക് ഇപ്പൊ എന്നെ പിടിക്കണില്ല അല്ലേ…വയസ്സായ കാര്യം ഇടക്കിടക്ക് ഓർക്കണത് നന്നായിരിക്കും. നോക്കു രമേശേട്ടാ ങ്ങള് ഇങ്ങനെ കണ്ട പെണ്ണുങ്ങളുമായി കാറിൽ ഊരു ചുറ്റി നടന്നാ ഇയ്ക്കാ അയിന്റെ കേട്….ഇന്റെ കൈയ്യും കാലും പൊന്താണ്ടാവും”.

സിന്ധു പെട്ടന്നങ്ങനെ പറഞ്ഞപ്പോൾ രമേശൻ ഒരു നിമിഷം കിളി പോയ അവസ്ഥയിലായി. പെട്ടന്നിങ്ങനെ സിന്ധുവിനെ എന്തു കാര്യമാണ് പ്രകോപിപ്പിച്ചതെന്ന് അയാൾക്ക് മനസ്സിലായില്ല.

“ഇയ്യ് എന്താണ്ടിപ്പിങ്ങനെ പറേണത്, അനക്ക് പ്രാന്തുപിടിച്ചോ?” ഇയ്യ് പോയാ പിന്നെ ഇന്റെ കാര്യം കട്ടപൊക!!”

രമേശൻ പകുതി തമാശയായും അല്പം ഗൗരവത്തിലും രംഗം തണുപ്പിക്കാൻ പറഞ്ഞുവെങ്കിലും സിന്ധുവിന്റെ മുഖത്തെ കാർമേഘം ഒഴിഞ്ഞു പോയില്ല.

“ങ്ങക്ക് എന്താ രമേശേട്ടാ…ഞാൻ കട്ടിലൊഴിഞ്ഞാൽ പിറ്റേ ദിവസം ങ്ങടെ അമ്മ വേറെ പെണ്ണിനെത്തേടി ഇറങ്ങൂല്ലേ? പാവം ഇന്റെ കുട്ട്യോളുടെ കാര്യം ഓർത്താ…ന്റെ വിഷമം…ഓറ്റകൾക്ക് ആരുമില്ലാണ്ടാവും അല്ലാതെന്താ!!”

സിന്ധു പിന്നെയും എന്തൊക്കെയോ  പറഞ്ഞു കൊണ്ടിരുന്നു. അവളുടെ മുഷിച്ചിൽ അധികമാക്കി വീട്ടിലെ സമാധാനം കെടുത്തേണ്ടന്ന് കരുതി മിണ്ടാവൃതം നോറ്റ് രമേശൻ വെള്ളം കുപ്പിയിൽ നിന്ന് വായിലേക്ക് മെല്ലെ കമഴ്ത്തി കൊണ്ടിരുന്നെങ്കിലും ആശങ്കകൾ വിട്ടൊഴിഞ്ഞിരുന്നില്ല!!!.

ദൈവമായിട്ടാ അവൾക്കിതൊക്കെ കാട്ടി കൊടുത്തു പോലും!!. രമേശന് ആകെ പന്തികേട് തോന്നി. ഇനി ആ ശരത് കോൺട്രാക്ടർ വീട്ടിൽ ചെന്നപ്പോ വല്ല വേണ്ടാതീനം പറഞ്ഞോ ആവോ….അതിനു വഴിയില്ല. കാരണം ഇന്നലെ പ്രശ്നമൊന്നുമില്ലായിരുന്നെല്ലോ!!. അയാൾക്ക് ഒരു നിമിഷം നിരാശ തോന്നി.

വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങിയപ്പോൾ കോളേജ് പടിക്കൽ ഇറങ്ങാൻ രശ്മി കൂടി വണ്ടിയിൽ കയറാൻ വന്നെങ്കിലും അയാൾ മറ്റൊരു അത്യാവശ്യം ഉണ്ടെന്നു പറഞ്ഞു ഒഴിവാക്കി. ദൂരെ നിന്നേ ഉമ്മറഞ്ഞെ ലൈറ്റിന്റെ വെളിച്ചം കാണാഞ്ഞപ്പോൾ രമേശന്റെ മനസൊന്നു കാളി. ലൈറ്റിട്ട് അകത്തേക്ക് ചെന്നപ്പോൾ സിന്ധു ഡൈനിംഗ് ടേബിളിനു മുന്നിൽ ഇരിക്കുന്നു. മുഖമൊക്കെ കരഞ്ഞു അല്പം കനം വെച്ചിരിക്കുന്നു.

“ഇന്നെ ങ്ങനെ പറ്റിക്കെണ്ടാരുന്നു രമേശേട്ടാ” സിന്ധു ഒരു കവർ അയാൾക്ക് കൊടുത്തു വിങ്ങിപ്പൊട്ടി.

അയാൾ ആവലാതിയോടെ കവർ വാങ്ങി നോക്കി. രജിസ്ട്രേഡ് കവറാണ്, കൂടെ ഒരു ഫോട്ടോഗ്രാഫും…താനും ഒരു പെണ്ണും കാറിന്റെ ഫ്രണ്ട് സീറ്റിൽ യാത്ര ചെയ്യുന്നതിന്റെ!!! മോട്ടോർ വാഹന വകുപ്പിന്റെ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്റെ ഇണ്ടാസ്!!!ആയിരത്തി അഞ്ഞൂറു രൂപ ഫൈൻ….മൂന്നു ക്യാമറകളിൽ നിന്നുള്ള ദൃശ്യം.

അനക്ക് പ്രാന്തുണ്ടോ…ഇതെന്റെ ഓഫീസിലെ കുട്ടിയല്ലെ…ഓളെ ബസ്‌ സ്റ്റോപ്പിലേക്കിറക്കിയതിനാണോ ഈ പുകിലൊക്കെ?. ഇന്റെ ചേച്ചീടെ മോടെ പ്രായല്ലെ ഓൾക്കുള്ളു”

സിന്ധു വിശ്വസിച്ചെന്ന് രമേശന് ഉറപ്പൊന്നും തോന്നീല്ല…എങ്കിലും അവളെ കരവലയത്തിൽ ഒതുക്കുമ്പോഴും അയാളുടെ മനസ് ഹരീഷിന്റെ ക്വട്ടേഷനിൽ പറയുന്ന കേടായ ക്യാമറകൾ എവിടെയാണെന്ന്  തിരഞ്ഞു കൊണ്ടേയിരുന്നു.”