അയാളുടെ തോളിൽ കിടന്ന് അവൾ രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സുബിധാറിന്റെ കരുത്തിന് മുന്നിൽ അവൾക്ക്…

വെളുത്ത കുഞ്ഞ്

Story written by Thanseer Hashim

===============

മാ റിടം മറക്കാൻ തുണിയില്ല..മടിയിൽ ഒരു കുഞ്ഞുണ്ട്…അവളുടെ മു.ലപ്പാലും നുണഞ്ഞുറങ്ങുന്ന…ഒരു വെളുത്ത കുഞ്ഞ്….അസ്തമയ സൂര്യന്റെ ചുവന്ന വെളിച്ചത്തിൽ തിരക്കേറിയ കാൽനട വീഥിയിൽ‌….കീറി മുഷിഞ്ഞ വസ്ത്രധാരിയായ അവൾ ഇരിപ്പുണ്ട്…

ചിലർ, നാണയങ്ങൾ വലിച്ചെറിഞ്ഞു കൊടുക്കുന്നുണ്ട്…എങ്കിലും അത് പണമാണെന്ന്‌ തിരിച്ചറിയാനുള്ള മാനസികശേഷി ഒന്നും അവൾക്കില്ല..വിശപ്പിനപ്പുറം മറ്റൊന്നും തിരിച്ചറിയാൻ അവളുടെ മനസ്സ് പ്രാപ്തമല്ല എന്നു പറയുന്നതാവും ഉചിതം.

അസ്തമിച്ചു കൊണ്ടിരുന്ന സൂര്യനെ, മഴ മേഘങ്ങൾ വന്നു മൂടുന്നത്…ഒരു മൂളിപ്പാട്ട് പാടിക്കൊണ്ട്..കൗതുകത്തോടെ അവൾ നോക്കുന്നുണ്ടായിരുന്നു..

അതേസമയം…നേരം ഒന്ന് ഇരുട്ടുവാൻ വേണ്ടി, ക.ഴുകന്റെ കണ്ണുകളുമായി ഇമ്രാൻ പരിസരപ്രദേശത്ത് തന്നെ…അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടായിരുന്നു…

ആൾതിരക്ക് കുറഞ്ഞ ഘട്ടത്തിൽ..ഒരു ഗോതമ്പ് റോട്ടിയുമായി…‌അയാൾ അവൾക്ക് അരികിൽ ചെന്നു….

അവൾക്കുനേരെ ഭക്ഷണം നീട്ടിയതും അവളത് ആർത്തിയോടെ ഇമ്രാന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി…മടിയിൽ മു ലയൂട്ടി കൊണ്ടിരുന്ന കുഞ്ഞിനെ ഇമ്രാൻ വലിച്ചൂരി എടുത്തെങ്കിലും അവൾ എതിർത്തില്ല..കാരണം കയ്യിൽ കിട്ടിയ ഭക്ഷണത്തേക്കാൾ വിലയൊന്നും അവളെ സംബന്ധിച്ചിടത്തോളം കുഞ്ഞിനില്ല..

കുഞ്ഞിനെ കയ്യിൽ കിട്ടിയതും..ഇമ്രാൻ ഓടാൻ ആരംഭിച്ചു..

പക്ഷേ ആ രാത്രിയിൽ..റായ്പൂരിൽ കനത്ത മഴ പെയ്യാൻ ആരംഭിച്ചു…കോരിച്ചൊരിയുന്ന മഴയിൽ കുഞ്ഞുമായി കൂടുതൽ ദൂരം ഓടുന്നത് ആൾക്കാരുടെ ശ്രദ്ധ വിളിച്ചുവരുത്തും എന്ന് മനസ്സിലാക്കിയ അയാൾ, അടുത്തുള്ള ഒരു കടത്തിണ്ണയിൽ കയറിക്കൂടി…

മഴയുടെ ശക്തി അല്പം കുറഞ്ഞു എങ്കിലും..വലിയതോതിൽ ഇടിമിന്നൽ ഉണ്ടായിരുന്നു..

മിന്നലിന്റെ വെളിച്ചത്തിലാണ് കുഞ്ഞിനെ അയാൾ വ്യക്തമായി കാണുന്നത്…അതൊരു പെൺകുഞ്ഞാണ്…ഒരു മാസം പോലും പ്രായമാകാത്ത വെളുത്ത പെൺകുഞ്ഞ്…കുഞ്ഞിൻറെ കണ്ണുകൾക്ക് ചാരനിറമാണ്…നോക്കി നിന്നാൽ കണ്ണെടുക്കാൻ സാധിക്കാത്ത തരത്തിലുള്ള സൗന്ദര്യം…

ഇമ്രാൻ ഒരു നിമിഷം ആലോചിച്ചു…

“ഇവളെ ഇപ്പോൾ രത്തൻ സാബിന് വിൽക്കുന്നത് ബുദ്ധിയല്ല..വളർത്തി വലുതാക്കി വിൽപ്പന നടത്തിയാൽ ലക്ഷങ്ങൾ കയ്യിൽ വരും..രണ്ടുമൂന്നു ദിവസം പ്രയത്നിച്ചാൽ ഏതെങ്കിലും ഒരു കുട്ടിയെ കടത്തിക്കൊണ്ടുവരാൻ വലിയ പ്രയാസമില്ല..ഒന്നു രണ്ടാഴ്ച തള്ളിനീക്കാനുള്ള ചിലവിനുള്ള കാശ് അങ്ങനെ ഉണ്ടാക്കാം…

ഇമ്രാൻ അങ്ങനെ പലതും ആലോചിച്ചുകൊണ്ടിരിക്കെ മഴയിൽ നനഞ്ഞു കുളിച്ച്, കടത്തിണ്ണയിലേക്ക് ഒരു സൈക്കിൾ റിക്ഷക്കാരൻ കടന്നുവന്നു…

പെട്ടെന്ന് കുഞ്ഞ് നിർത്താതെ കരയാൻ ആരംഭിച്ചു…അലിവു തോന്നിയ റിക്ഷക്കാരൻ പറഞ്ഞു..

കുഞ്ഞിന് വിശക്കുന്നുണ്ട് എന്ന് തോന്നുന്നു. അതിന്റെ അമ്മ കൂടെയില്ല…അല്ലേ…നിങ്ങളുടെ വീട് എവിടെയാണ് പറഞ്ഞാൽ..ഞാൻ കൊണ്ടുവിടാം…

ഇമ്രാന് വലിയ സന്തോഷമായി..സമയം അതിക്രമിക്കുംതോറും..കുഞ്ഞിൻറെ ജീവനും തൻറെ സുരക്ഷയും അപകടത്തിലാണെന്ന് മനസ്സിലാക്കി..പെട്ടെന്നുതന്നെ അയാൾ സൈക്കിൾ റിക്ഷയിലേക്ക് കയറി…

മഴയെ വകവയ്ക്കാതെ റിക്ഷക്കാരൻ അവരെയും കൊണ്ട്‌ യാത്ര പുറപ്പെട്ടു..

ഇമ്രാന് ഒരു സഹോദരിയുണ്ട്..പേര് ഖദീജ…അവൾ പലഹാരങ്ങൾ ഉണ്ടാക്കി വിറ്റ് ജീവിക്കുന്ന സാധുവായ സ്ത്രീയായിരുന്നു..ഒരപകടത്തിൽ ഭർത്താവ് മരണപ്പെടുകയും. പ്രസവശേഷം മൂന്നാംനാൾ കുഞ്ഞിനെ ആരോ കടത്തിക്കൊണ്ടു പോവുകയും ചെയ്തിരുന്നു..തീർത്തും തനിച്ചായിപ്പോയ ഖദീജ വളരെ ദുഃഖിതയായി ജീവിക്കുകയായിരുന്നു..

ഇമ്രാൻ ചില കണക്കുകൂട്ടലുകൾ മനസ്സിൽ കണ്ടു….കുഞ്ഞിനെ ഖദീജയെ ഏൽപ്പിക്കാം…

പത്തു വയസ്സുവരെ അവൾ വളർത്തട്ടെ..പിന്നെ എങ്ങനെയെങ്കിലും കടത്തിക്കൊണ്ടുപോയി കാശ് കൂടുതൽ തരുന്നവർക്ക് വിൽക്കാം…

ഇമ്രാൻ പറഞ്ഞത് പ്രകാരം റിക്ഷക്കാരൻ, ഖദീജയുടെ വീടിനു മുന്നിൽ അവരെ കൊണ്ടുവിട്ടു..

അയാൾ കുഞ്ഞിനെ സഹോദരിയുടെ കയ്യിൽ ഏൽപ്പിച്ചു…

കുഞ്ഞിനെ ലഭിച്ച ഖദീജയ്ക്ക്, അന്നു തൊട്ടു പുതുജീവൻ ലഭിച്ചത് പോലെയായിരുന്നു..

ഖദീജ മകളെ മു.ലയൂട്ടി വളർത്താൻ ആരംഭിച്ചു…നിലാവുപോലെ വെട്ടിത്തിളങ്ങുന്ന കുഞ്ഞിന് നൂറാ എന്ന് പേരുനൽകി..

ദിവസങ്ങൾ കടന്നു നീങ്ങി…

ഖദീജയുടെ ഉള്ളി ചില സംശയങ്ങൾ ഉടലെടുത്തു..കുഞ്ഞിനെ എത്രനേരം മു ലയൂട്ടിയാലും മു ലപ്പാൽ കുറയുന്നില്ല..കുഞ്ഞ് പാല് കുടിക്കുന്നുണ്ടോ എന്നുപോലും അവൾ സംശയിച്ചു തുടങ്ങി…

ഒരുനാൾ നല്ല മഴയുള്ള രാത്രി…കുഞ്ഞിനെ മു ലയൂട്ടി കൊണ്ടിരിക്കെ..

മമ്മാ…എന്നൊരു വിളികേട്ടു..

ഖദീജ ചുറ്റും നോക്കി..പക്ഷേ അവളുടെ കണ്ണിൽ ഒന്നും കാണാൻ കഴിഞ്ഞില്ല…

തോന്നിയതായിരിക്കും എന്ന്  കരുതി അവൾ വീണ്ടും താരാട്ടുപാടി മു ലയൂട്ടിക്കൊണ്ടിരുന്നു…

ഖദീജയെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ആ വിളി കേട്ടു…

മമ്മാ…..

ഒരു ഞെട്ടലോടെ ആയിരുന്നു രണ്ടാംതവണ ഖദീജ ആ വിളി കേട്ടത്…കാരണം ആ ശബ്ദം കേൾക്കുന്നത് പരിസരത്തുനിന്നല്ല..മറിച്ച്…‌തൻറെ മടിയിൽ നിന്ന് തന്നെയായിരുന്നു.

കുഞ്ഞിൻറെ ചാരനിറത്തിലുള്ള കണ്ണുകൾ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു…ചിരിച്ചുകൊണ്ട് ഖദീജയെ നോക്കി അത് മമ്മാ…എന്ന് വിളിച്ചു കൊണ്ടേ ഇരിക്കുന്നു…

വെറും ഒരുമാസം പോലും പ്രായമില്ലാത്ത കുഞ്ഞ്..സംസാരിക്കുന്നത് കണ്ട് പേടിച്ചുപോയ ഖദീജ, കുഞ്ഞിനെ തറയിൽ കിടത്തി..വെപ്രാളപ്പെട്ട് പുറത്തേക്കോടി…

കോരിച്ചൊരിയുന്ന മഴയിൽ അവൾ ഓടിയോടി ഒടുവിൽ ഇമ്രാന്റെ വീട്ടിലെത്തി…കാര്യങ്ങൾ പറഞ്ഞെങ്കിലും ഇമ്രാൻ അതൊന്നും വിശ്വസിക്കാൻ തയ്യാറായില്ല..

അല്ലയോ ഖദീജാ…ഒന്നുകിൽ നിനക്ക് ഭ്രാന്താണ്…അല്ലെങ്കിൽ നിൻറെ തോന്നലാണ്…ഒരിക്കലും  പ്രായമാകാതെ കുഞ്ഞ് സംസാരിക്കില്ല…

ഇമ്രാൻ പലതും പറഞ്ഞ് ഖദീജയെ സമാധാനപ്പെടുത്തി പറഞ്ഞയക്കാൻ ശ്രമിച്ചെങ്കിലും അവൾ മടങ്ങിപ്പോകാൻ തയ്യാറായില്ല..ഗത്യന്തരമില്ലാതെ വന്നപ്പോൾ ഇമ്രാൻ ഖദീജയുടെ കൂടെ വീട്ടിലേക്ക് ചെന്നു..

വാതിൽ തുറന്ന് നോക്കിയതും..അകത്ത് വെളുത്ത വസ്ത്രധാരികളായ മനുഷ്യരെപ്പോലെ തോന്നിപ്പിക്കുന്ന രണ്ടു രൂപങ്ങൾ ഉണ്ടായിരുന്നു..ആ രൂപങ്ങൾ തറയിൽ കിടക്കുന്ന കുഞ്ഞിനെ താലോലിക്കുകയാണ്..

അത് കണ്ട് ഖദീജയും ഇമ്രാനും ഭയന്ന് നിലവിളിച്ചു പോയി..നിലവിളി കേട്ടതും…ഇരുവരെയും രൂക്ഷമായി നോക്കിക്കൊണ്ട് പിറകുവശത്തെ വാതിൽ തുറക്കാതെ തന്നെ ആ രൂപങ്ങൾ..പുറത്തേക്ക് പോയി..

പേടിച്ചു വിറച്ചു പോയ ഖദീജ, ഇമ്രാനെ നോക്കിക്കൊണ്ട് പറഞ്ഞു..

ഭയ്യാ എനിക്ക് ഭയമാകുന്നു..ഇതൊരിക്കലും മനുഷ്യക്കുഞ്ഞല്ല…നിങ്ങൾക്ക് എവിടെ നിന്നാണോ ഇതിനെ ലഭിച്ചത് അവിടെത്തന്നെ ഈ നിമിഷം കൊണ്ടു പോകണം…

സത്യത്തിൽ ഇമ്രാനും അപ്പോൾ ഭയന്ന് വിറക്കുകയായിരുന്നു .. ഖദീജയുടെ നിർബന്ധപ്രകാരം കുഞ്ഞിനെ എടുത്ത് ഓടുകയല്ലാതെ..ഇമ്രാന് മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ല..

അയാൾ കുഞ്ഞിനെയും എടുത്തുകൊണ്ട് ഓടാൻ ആരംഭിച്ചു..

പക്ഷേ തൻറെ പിറകെ, ആ വെളുത്ത രൂപങ്ങൾ പിന്തുടരുന്നുണ്ടെന്ന തിരിച്ചറിവ് അയാളെ ആകെ അസ്വസ്ഥനാക്കി. വെപ്രാളപ്പെട്ട് ഓടുന്നതിനിടെ കാൽവഴുതി..ഇമ്രാൻ തറയിൽ വീണൂ…

ഭയന്നുപോയ അയാൾ വലിയ ശബ്ദത്തിൽ നിലവിളിച്ചു..

ഇമ്രാന്റെ നിലവിളി കേട്ട് അരികിൽ കിടന്നുറങ്ങുകയായിരുന്നു ഭാര്യ മെഹർ…അയാളെ തട്ടിയുണർത്തി..

“ജീ…ക്യാ ഹുവാ..

അപ്പോഴാണ്  താൻ കണ്ടത് സ്വപ്നമാണെന്ന തിരിച്ചറിവ് ഇമ്രാന് ഉണ്ടായത്..

കുച്ച് നഹി മെഹർ…മേ എക്ക് ഭുരെസപ്ന ദേക്കാ ത്താ..

മണിക്കൂറുകൾ കഴിഞ്ഞിട്ടും അയാൾക്ക് ആ സ്വപ്നത്തിന്റെ ഭയത്തിൽ നിന്ന് മുക്തനാകാൻ കഴിഞ്ഞില്ല….അതുകൊണ്ടുതന്നെ പിന്നെ അയാൾക്ക് ഉറങ്ങാനും സാധിച്ചില്ല…

മനസ്സാകെ അസ്വസ്ഥമായ സമയത്ത്…ചാടി എഴുന്നേറ്റ്, മഴയെ വകവയ്ക്കാതെ സഹോദരിയുടെ വീട്ടിലേക്ക് ഓടിചെന്നു..

വീടിനു വെളിയിൽ മഴ നനഞ്ഞു നിൽക്കുന്ന ഒരു പരുന്തിൻ കുഞ്ഞുണ്ടായിരുന്നു..അതിനെ വളരെ പ്രയാസപ്പെട്ടാണ് ഇമ്രാൻ ആട്ടിയോടിച്ചത്..ശേഷം വാതിലിൽ മുട്ടാൻ ആരംഭിച്ചു..അപ്പോൾ ഖദീജയും കുഞ്ഞും നല്ല ഉറക്കത്തിലായിരുന്നു..

ഇമ്രാൻ നിർത്താതെ മുട്ടിക്കൊണ്ടിരുന്നപ്പോൾ ഖദീജ വാതിൽ തുറന്നു…മഴ നനഞ്ഞ് നിൽക്കുകയായിരുന്ന ഇമ്രാനെ കണ്ട് അവൾ കാര്യം തിരക്കി…

എന്തുപറ്റി ഭയ്യാ..ഈ രാത്രിയിൽ എന്തിനാ മഴ നനഞ്ഞ് വന്നത്..

ഖദീജ ചോദിക്കുന്നുണ്ടെങ്കിലും ഇമ്രാന്റെ ശ്രദ്ധ കട്ടിലിൽ കിടന്നുറങ്ങുന്ന കുഞ്ഞിലേക്കായിരുന്നു..

ഒന്നുമില്ല ഖദീജ…ഞാനൊരു ദുസ്വപ്നം കണ്ടു..മനസ്സ് വല്ലാതെ അസ്വസ്ഥതയിലായിരുന്നു..കുഞ്ഞിനെ കണ്ടപ്പോൾ അത് മാറി…നീ കഥകടച്ച് ഉറങ്ങിക്കോളൂ…

******************

മാസങ്ങൾ കടന്നു നീങ്ങി….

നൂറ പിച്ച വെച്ച് നടന്നു തുടങ്ങിയിരുന്നു..അവളുടെ അസാധാരണ സൗന്ദര്യം കാരണം..മകളെ പുറത്തുവിടാൻ ഖദീജയ്ക്ക് ഭയന്നിരുന്നു…

എന്നും അടുക്കള ഭാഗത്ത് ഒരു പരുന്ത് വന്ന് കാവലിരിക്കും..ഖദീജ അതിനു ആഹാരവും പലഹാരങ്ങളും കൊടുക്കാറുണ്ട്..കൊടുത്ത ഭക്ഷണത്തിൽ നിന്നും അല്പം മാത്രം കഴിച്ച് ബാക്കി കൊക്കിലൊതുക്കി അത് എങ്ങോട്ടോ പറന്നകന്നുപോകും…

വർഷങ്ങൾ കടന്നു പോകുന്നതിനനുസരിച്ച് നൂറയുടെ സൗന്ദര്യവും അസാധാരണമായി വർദ്ധിച്ചുകൊണ്ടേയിരുന്നു…അതോടെ നഗരവാസികൾക്കിടയിൽ നൂറയുടെ സൗന്ദര്യത്തെപ്പറ്റി സംസാരിക്കാത്ത ദിനങ്ങളില്ലാതായി…

നിലാവ് പോലെ വെട്ടി തിളങ്ങുന്ന അവളുടെ പുഞ്ചിരി കാണാൻ ഖദീജയുടെ വീട്ടിൽ എന്നും വിരുന്നുകാരെത്തി തുടങ്ങി..വെറുതെ വന്ന് നൂറയെ കാണാൻ പറ്റില്ലല്ലോ എന്നു കരുതി..പലരും ഖദീജയുടെ കയ്യിൽ നിന്ന് പലഹാരങ്ങൾ വാങ്ങി തുടങ്ങി…അങ്ങനെ ഖദീജ സാമ്പത്തികമായി അല്പം മെച്ചപ്പെട്ടു തുടങ്ങി…

അതിനിടയിൽ നൂറയുടെ അസാധാരണ സൗന്ദര്യത്തെപ്പറ്റിയുള്ള സംസാരം..രത്തന്റെ ചെവിയിലും എത്തി..അത് അന്വേഷിക്കാനായി തൻറെ വിശ്വസ്തനായ കൂട്ടാളി സുബിധാറിനെ ഖദീജയുടെ വീട്ടിലേക്ക് പറഞ്ഞയച്ചു…ഇടംകണ്ണിൽ അന്ധത ബാധിച്ച സുബിധാർ….പലഹാരങ്ങൾ വാങ്ങാൻ എന്ന വ്യാജേനെ ഖദീജയുടെ വീട്ടിൽ ചെന്ന് നൂറയെ കണ്ടു…

പക്ഷേ അവളെ കടത്തിക്കൊണ്ടു വരിക അത്ര എളുപ്പമല്ല…നാട്ടുകാരുടെ മുഴുവൻ പൊന്നോമനയായ നൂറയെ ആ നഗര മധ്യത്തിൽ നിന്നും കടത്തിക്കൊണ്ടു വരണം എങ്കിൽ അതൊരു വിശ്വസ്തനായ ആൾക്കെ സാധിക്കുകയുള്ളൂ എന്ന സത്യം സുബിധാർ രത്തനെ അറിയിച്ചു…

അതിനു പറ്റിയ ഒരാളെ അന്വേഷിക്കുന്നതിനിടയിലാണ് ഇമ്രാന്റെ സഹോദരി പുത്രിയാണ് നൂറ, എന്ന കാര്യം..രത്തൻ അറിയുന്നത്…

ഉടനെ രത്തൻ ഇമ്രാനെ നേരിൽകണ്ട് കാര്യം അവതരിപ്പിച്ചു…

തേടിയ വള്ളി കാലിൽ ചുറ്റിയപ്പോൾ ഇമ്രാനും വിട്ടുകൊടുത്തില്ല..വലിയൊരു തുക തന്നെ രത്തനോട് ആവശ്യപ്പെട്ടു…

പക്ഷേ അത്രയേറെ തുക ഒരുമിച്ച് കൊടുക്കാൻ രത്തന് സാധിക്കില്ലായിരുന്നു..

ഒടുവിൽ മാസതവണകളായി പണം കൈമാറാൻ തീരുമാനമായി..പത്ത് വയസ്സാകുമ്പോൾ  നൂറയെ രത്തന്റെ കയ്യിൽ ഏൽപ്പിക്കാം എന്ന ഉടമ്പടിയോടെ ഇമ്രാൻ മാസങ്ങളോളം വലിയ വലിയ തുകകൾ അയാളുടെ കയ്യിൽ നിന്നും കൈപറ്റി..

വർഷങ്ങൾ പിന്നെയും കടന്നു നീങ്ങി..

നാടോട്ടാകെ വസൂരി പടർന്ന ഒരു സമയത്ത് ഇമ്രാന്റെ രണ്ട് ആൺമക്കളും മരിച്ചു പോയിരുന്നു..താൻ ചെയ്തു കൂട്ടിയ പാപങ്ങൾക്ക് സർവ്വശക്തൻ നൽകിയ ശിക്ഷയാണെന്ന മനോവിഷമത്തോടെ അയാൾ ജീവിക്കുന്ന കാലമായിരുന്നു അത്..

നൂറയ്ക്ക് അന്ന് പത്തു വയസ്സാണ്..ഖദീജയുടെ ജീവനായി അവൾ വളരുകയാണ്..

വീട്ടിലേക്ക് വന്നുകൊണ്ടിരുന്ന പരുന്തിന് പ്രായമേറെയായിരിക്കുന്നു..പലഹാരങ്ങളും ഭക്ഷണവും അതിനു കൊത്തിയെടുത്തു കൊണ്ടുപോകാൻ പാകത്തിന് പൊതിഞ്ഞു കെട്ടിക്കൊടുക്കുന്ന ശീലം നുറയ്ക്ക് ഉണ്ടായിരുന്നു..

ഖദീജ അത് എതിർക്കാറില്ല..വിശക്കുന്നവർക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുന്ന പരുന്ത് ആണ് അത്..എന്നാണ് നൂറ വിശ്വസിക്കുന്നത്..മകളുടെ ആ വിശ്വാസം അങ്ങനെ തന്നെ നടക്കട്ടെ എന്ന് ഖദീജയും കരുതിക്കാണും…

ഖദീജയുടെയും നൂറയുടെയും ജീവിതം സന്തോഷം നിറഞ്ഞതാണെങ്കിലും..ഇമ്രാൻ അസ്വസ്ഥതയിലായിരുന്നു..കാരണം രത്തന് കൊടുത്ത വാക്ക് പാലിക്കേണ്ട സമയമായിരിക്കുന്നു…

രണ്ടു മക്കളുടെയും മരണശേഷം ഒരു പെൺകുട്ടി ജനിച്ചതോടെയാണ് ഇമ്രാന്റെ ഭാര്യ മെഹർ മാനസിക നില വീണ്ടെടുത്തത്…രണ്ടുദിവസത്തിനുള്ളിൽ നൂറയെ രത്തന്റെ കൈകളിൽ ഏൽപ്പിച്ചില്ലെങ്കിൽ..മകളെ വീട്ടിൽ വന്ന് എടുത്തു കൊണ്ടു പോകും എന്ന അന്ത്യശാസനം നൽകിയിരിക്കുകയാണ് രത്തൻ…

വാങ്ങിച്ച കാശ് ഒരിക്കലും തിരിച്ചുകൊടുക്കാനുള്ള സാമ്പത്തികശേഷിയില്ല…സ്വന്തം മകളെയും ഭാര്യയെയും നഷ്ടപ്പെടും എന്ന ഭയം ഉള്ളിൽ ഉണ്ടായപ്പോൾ..അവസാനമായി ഒരു തെറ്റു കൂടി ചെയ്യാൻ അയാൾ നിർബന്ധിതമായി..

ഒരുനാൾ..രാത്രിയി കഴിക്കാൻ വച്ചിരുന്ന ഭക്ഷണത്തിൽ ഉറക്കമരുന്നു കലർത്തി ഖദീജയെയും നൂറേയും അയാൾ ഗാഢമായ നിദ്രയിലേക്ക് തള്ളിവിട്ടു…

രണ്ടുപേരും സുഖനിദ്രയിൽ ആണ്ടുപോയ നിമിഷം..നൂറയെ തോളിലേറ്റി രത്തന്റെ കോട്ട ലക്ഷ്യമാക്കി ഇമ്രാൻ നടത്തം ആരംഭിച്ചു…

അർദ്ധരാത്രി ആയതുകൊണ്ടുതന്നെ  തെരുവോരം വിജനമായിരുന്നു…ഇരുൾ നിറഞ്ഞ വഴികളിലൂടെ  വളരെ വേഗത്തിലായിരുന്നു അയാളുടെ സഞ്ചാരം..തന്നെ ആരോ പിന്തുടരുന്നു എന്ന തോന്നൽ അയാളെ അലട്ടി കൊണ്ടേയിരുന്നു..ഭയത്തോടെ പലതവണ തിരിഞ്ഞുനോക്കിയെങ്കിലും ഒന്നും കാണാൻ സാധിച്ചില്ല…

നടന്നു നടന്ന് ഒടുവിൽ….കാടുകയറി തുടങ്ങി….പെട്ടെന്ന് എവിടെനിന്നോ പറന്നുവന്ന ഒരു പരുന്ത് ഇമ്രാനെ ആക്രമിക്കാൻ ആരംഭിച്ചു. കയ്യിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് അയാൾ അതിനെ പലതവണ ഓടിച്ചു വിട്ടെങ്കിലും അത് വീണ്ടും വീണ്ടും ഇമ്രാനെ ശല്യം ചെയ്തുകൊണ്ടിരുന്നു…

നൂറയെ തറയിൽ കിടത്തി അയാൾ ആ പരുന്തിനെ തിരിച്ച് ആക്രമിക്കാൻ ആരംഭിച്ചു..ഒടുവിൽ ചിറകിനു പരിക്കുപറ്റിയപ്പോൾ അതെങ്ങോട്ടോ മറഞ്ഞു നിന്നു…

********************

മണിക്കൂറുകൾ ഏറെ കടന്നുപോയി…..

വലിയൊരു ഉറക്കം കഴിഞ്ഞ് നൂറ ഉണർന്നു..

മമ്മാ…മമ്മാ…അവൾ വിളിച്ചുകൊണ്ടിരുന്നു..പക്ഷേ അവളുടെ വിളി ഖദീജ കേൾക്കുന്നില്ല..

മമ്മയ്ക്ക് ഇതെന്തുപറ്റി..ഉറങ്ങി എഴുന്നേറ്റാൽ..എന്റെ ശബ്ദം കേട്ട ഉടനെ തലോടുന്ന ആളാണല്ലോ..

ഒരുപാട് സമയം കഴിഞ്ഞിട്ടും ഖദീജയുടെ സാമീപ്യം ലഭിക്കാതെ വന്നപ്പോൾ..അവൾ ഭയത്തോടെ കണ്ണു തുറന്നു…ഉറക്കത്തിൻറെ ആലസ്യം വിട്ടു മാറിയപ്പോഴാണ് താനൊരു തടവറയിലാണെന്ന തിരിച്ചറിവ് നൂറയ്ക്ക് ഉണ്ടാകുന്നത്…

ഭയത്തോടെ ചാടി എഴുന്നേറ്റ് തടവറയുടെ ഇരുമ്പഴികൾ പിടിച്ചു കുലുക്കിക്കൊണ്ട് അവൾ നിലവിളിക്കാൻ തുടങ്ങി..

ഹേയ്..ഇതർ കോയി ഹേ.. ഹേയ്…ഹേയ്…മമ്മാ..മുജേ ബഹുത് ഡർലക് രഹാ ഹെ…മാ..ആപ്പ് ക്യൂ ചുപ്പാരഹീ ഹൂ… മമ്മാ…മാ…മാ… മാ….

പെട്ടെന്നാണ് തൊട്ടടുത്ത ചുമരിന് അപ്പുറത്തുനിന്നും ഒരു ശബ്ദം കേട്ടത്…

പെൺകുട്ടിയാണോ..

അത് കേട്ടതും അവൾ കരച്ചിൽ അവസാനിപ്പിച്ച് ആ ശബ്ദത്തിന് മറുപടി കൊടുത്തു..

അതെ..ഞാനൊരു പെൺകുട്ടിയാണ്…എൻറെ പേര് നൂറ…നിങ്ങളാരാ..

ഞാൻ ബുല്ല…

ബുല്ലാ ഭയ്യാ..എന്നെ ആരാണ് ഇതിനകത്ത് പൂട്ടിയിട്ടത്..ഒന്നു തുറന്നു വിടാമോ? അമ്മ അന്വേഷിക്കുന്നുണ്ടാവും..

ഹ ഹ ഹ…ഞാൻ എങ്ങനെ നിന്നെ തുറന്നു വിടാനാണ്..എന്നെയും ഇവിടെ പൂട്ടിയിട്ടിരിക്കുകയല്ലേ..

അയ്യോ ആരാണിത് ചെയ്തത്..ഞാൻ അമ്മയുടെ കൂടെ ഉറങ്ങുകയായിരുന്നല്ലോ..പിന്നെ ഇതെങ്ങനെ സംഭവിച്ചു..

ഹേയ്..നൂറ..അപ്പോൾ നിനക്ക് കാര്യങ്ങൾ ഒന്നും മനസ്സിലായില്ലേ..

ഇല്ല ബുല്ലാ ഭയ്യാ..ഇവിടെ എന്താണ് സംഭവിക്കുന്നത്…എനിക്കൊന്നും അറിയില്ല..

നൂറാ..തന്നെ ആരോ കടത്തിക്കൊണ്ടു വന്നിരിക്കുകയാണ്..

ഏയ് ഇല്ല…ഞാൻ അമ്മയുടെ കൂടെ ഉറങ്ങുകയായിരുന്നു..എന്നെ ആർക്കും കടത്തിക്കൊണ്ടു വരാൻ സാധിക്കില്ല..

അതും പറഞ്ഞ് അവൾ കരയാൻ ആരംഭിച്ചു..‌

ഹേയ് നൂറാ..നീ കരഞ്ഞത് കൊണ്ട് കാര്യമില്ല…ഇതിനകത്ത് നിന്ന് രക്ഷപ്പെടാൻ പ്രയാസമാണ്…

ബുല്ലാ ഭയ്യാ..എൻറെ അമ്മ എന്നെ കാണാതെ വല്ലാതെ വിഷമിക്കുന്നുണ്ടാകും..ഈ മുറിക്കകത്ത് നിൽക്കാൻ ഭയമാകുന്നു…

നീ പെൺകുട്ടി ആയതുകൊണ്ട് ഭയപ്പെടാനൊന്നുമില്ല നൂറാ…ഞാനൊരു ആൺകുട്ടി ആയതുകൊണ്ട് അവരെന്റെ ഇടതു കണ്ണ് പൊട്ടിച്ചു കളഞ്ഞു..വലതു കൈയുടെ സ്വാധീനം ഇല്ലാതാക്കി..

അതു കേട്ടതും നൂറ പേടിച്ച് നിലവിളിക്കാൻ ആരംഭിച്ചു…

ശബ്ദമുണ്ടാക്കാതെ നൂറാ..അയാൾ വരും…

പേടിച്ചു കരഞ്ഞു കൊണ്ടിരുന്ന നൂറാ ബുല്ലയുടെ വാക്കുകേട്ടതും..സ്വന്തം വായ പൊത്തിപ്പിടിച്ചു…

പിന്നെ വിറക്കുന്ന സ്വരത്തോടെ..ശബ്ദം താഴ്ത്തി ചോദിച്ചു…

അയ്യോ…എന്തിനാണ് ബുല്ലാ ഭയ്യ…അവർ ഇങ്ങനെയൊക്കെ ചെയ്യുന്നത്..

ഭിക്ഷയെടുപ്പിക്കാൻ…ഇവിടെ നടക്കുന്ന ക്രൂ.രതകൾ ഒരു വർഷമായി ഞാൻ ഈ തടവറയിൽ കിടന്നു നേരിൽ കാണുകയാണ്..ഒരുപാട് കുട്ടികളെ വികലാംഗരാക്കി ഈ ജയിലറക്കുള്ളിൽ കൊണ്ടുവന്നിട്ടുണ്ട്…മുറിവുകൾ ഉണങ്ങുമ്പോൾ ഭിക്ഷയെടുപ്പിക്കാനായി പലയിടങ്ങളിലേക്ക് കൊണ്ടുപോകും…

ഭയ്യാ എന്നിട്ട് നിങ്ങളെ ഭിക്ഷയെടുപ്പിക്കാൻ കൊണ്ട് പോയൊ..

എന്നെ കൊണ്ടുപോയിരുന്നെങ്കിൽ ഞാൻ ഇവിടെ ഉണ്ടാകില്ലല്ലോ…എന്നെ കടത്തിക്കൊണ്ടു വന്നവർക്ക് ഒരു തെറ്റുപറ്റിയതാണ്.. ജന്മനാ വളർച്ച കുറവുള്ള എന്നെ..കുട്ടിയാണെന്ന് കരുതി ഒരു സംഘം തട്ടിക്കൊണ്ടുവന്ന്…രത്തന് വില്പന നടത്തുകയായിരുന്നു….

വൈകല്യം ഉണ്ടാക്കിയതിനുശേഷം ആണ് എനിക്ക് പതിനഞ്ച് വയസ്സ് ഉണ്ടെന്ന് തിരിച്ചറിയുന്നത്..എന്നെ പുറത്തുവിട്ടാൽ അപകടം ആണെന്ന് മനസ്സിലാക്കി ഈ തടവറയിൽ തന്നെ പാർപ്പിച്ചിരിക്കുകയാണ്..

ബുല്ല പറഞ്ഞതെല്ലാം കേട്ടുനിന്ന നൂറ പേടിച്ച് വിറച്ച് ദീർഘശ്വാസം വലിക്കാൻ ആരംഭിച്ചു..

ഭയപ്പെടേണ്ട നൂറ..ഞാൻ പറഞ്ഞില്ലേ പെൺകുട്ടികളെ ഒന്നും ചെയ്യില്ലെന്ന്..ഒരുപാട് പെൺകുട്ടികളെ ഇവിടെ കൊണ്ടുവന്നത് കണ്ടിട്ടുണ്ട്..അവരെ ആരൊക്കെയോ വന്ന് വാങ്ങിക്കൊണ്ടു പോകാറാണ് പതിവ്…അത് എന്തിനാണ് എന്നെനിക്കറിയില്ല..

പെട്ടെന്നാണ്  ഇരുമ്പ് വാതിൽ തള്ളി തുറക്കുന്ന ശബ്ദം കേട്ടത്..

ഉടനെ ബുല്ല പറഞ്ഞു…

നൂറാ…സുബിധാർ  വരുന്നുണ്ട്…

ഭയ്യാ…ആരാണയാൾ..

ശ്….നൂറാ…പതുക്കെ സംസാരിക്ക്…ഭക്ഷണം തരാൻ വരുന്നതാണ്..പക്ഷേ അയാൾ പെൺകുട്ടികളെ ശല്യംചെയ്യും..അവിടെ ഒളിച്ചിരിക്കാൻ സ്ഥലം വല്ലതും ഉണ്ടോ…

അത് കേട്ട് പേടിച്ചുപോയ നൂറ ചുറ്റിലും നോക്കി..അവൾക്ക് മറഞ്ഞിരിക്കാനോളമുള്ള…ഒന്നും തന്നെ ആ മുറിയിൽ ഉണ്ടായിരുന്നില്ല..

സുബിധാറിന്റെ കാൽപെരുമാറ്റം കേട്ടു തുടങ്ങി..

നൂറയുടെ ഹൃദയം ആഞ്ഞ് പിടക്കാൻ ആരംഭിച്ചു…

തൻറെ മുറിയുടെ ഇരുമ്പഴിയുടെ വാതിൽ..താക്കോൽ ഉപയോഗിച്ച് തുറക്കുന്നത് കണ്ടതും..പേടിച്ചു ഭയന്നുപോയ നൂറ ചുമരോട് ഒട്ടിച്ചേർന്ന് നിന്നു…

വാതിൽ തുറന്ന് അകത്തുകയറിയപ്പോഴാണ്..അയാൾക്ക് ഇടങ്കണ്ണിൽ കാഴ്ചയില്ല എന്ന കാര്യം നൂറ മനസ്സിലാക്കുന്നത്..താൻ ചുമരോട് ഒട്ടിച്ചേർന്നു നിൽക്കുന്നത് അയാൾക്ക് കാണാൻ സാധിക്കുന്നില്ല…

സുബിധാർ വെപ്രാളപ്പെട്ട് അങ്ങിങ്ങായി നോക്കാൻ ആരംഭിച്ചു..ഇനി അവൾ തൻറെ ഇടതുഭാഗത്താണോ നിൽക്കുന്നത് എന്ന സംശയത്തോടെ മെല്ലെ ഇടത്തോട്ട് തിരിയാൻ ആരംഭിച്ചു..

പേടിച്ചു വിറക്കുകയായിരുന്നു നൂറാ അയാൾ നോക്കുന്നതിനനുസരിച്ച്  ഇടത്തോട്ട് നീങ്ങി കൊണ്ടേയിരുന്നു…

ചുറ്റും കണ്ണോടിച്ചിട്ടും നൂറയെ കാണാതായപ്പോൾ അയാൾ നിലവിളിക്കാൻ ആരംഭിച്ചു..

രത്തൻ സാബ്..വോ ലഡ്ക്കി ബഗ് ഗയ…സാബ്…വോ ലഡ്ക്കി ബാഗ് ഗയ…അയാൾ നിലവിളിച്ചുകൊണ്ട് ആ മുറിയിൽ നിന്ന് പുറത്തേക്കോടി..

അപ്പോഴാണ് തുറന്നു കിടക്കുന്ന ഇരുമ്പഴിയുടെ വാതിലിൽ…സുബിധാർ എടുക്കാൻ മറന്ന താക്കോൽ കൂട്ടം നൂറയുടെ ശ്രദ്ധയിൽപ്പെട്ടത്…

അവൾ താക്കോൽക്കൂട്ടം വലിച്ചൂരി എടുത്ത് വളരെ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി…പിന്നെ തൊട്ടടുത്ത മുറിയുടെ മുന്നിൽ ചെന്നു നിന്നു…

ഇരുമ്പഴിക്കകത്ത്..ഒരു കണ്ണ് വികൃതമാക്കിയ കുറുന്ന പയ്യനെ  കണ്ടതും..മുഖത്തു നോക്കാൻ ഭയന്ന്…അവൾ തലതാഴ്ത്തി താഴേക്ക് നോക്കിക്കൊണ്ട് ചോദിച്ചു..

നിങ്ങളാണോ ബുല്ല…

അതെ നൂറാ..ഞാനാണ് ബുല്ല..

ഉടനെ അവൾ വിറക്കുന്ന കൈകളോടെ താക്കോൽ ഉപയോഗിച്ച് തടവറയുടെ വാതിൽ തുറക്കാൻ ശ്രമിച്ചു…

പക്ഷേ ബുല്ല അവളെ തടഞ്ഞു…

ബാഗൊ നൂറാ…ബാഗൊ…ഇനി നീ ഇവിടെ നിൽക്കുന്നത് അപകടമാണ്..അയാളുടെ ആൾക്കാർ ഇപ്പോൾ വരും..‌എന്നെ രക്ഷിക്കാൻ ശ്രമിക്കാതെ എവിടെയെങ്കിലും ഓടിയൊളിക്ക്…

ബുല്ലയുടെ വാക്കുകൾ മുഖവിലക്കെടുക്കാതെ അവന്റെ കൈതട്ടി മാറ്റികൊണ്ട്..നൂറ ഓരോരോ താക്കോൽ മാറിമാറി ഉപയോഗിച്ച് പൂട്ട് തുറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു…

രത്തന്റെ ആൾക്കാർ വരുന്ന ശബ്ദം കേൾക്കുന്നുണ്ട്. പക്ഷേ അതൊന്നും വകവയ്ക്കാതെ നൂറ പൂട്ട് തുറക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്….

നൂറ അവർ വന്നു കഴിഞ്ഞു നൂറാ..നീ എവിടെയെങ്കിലും ഓടിയൊളിക്ക്…അവർ നിന്നെ കൊ ല്ലും….

ഞാൻ ഒന്നു കൂടി നോക്കട്ടെ ബുല്ലാഭയ്യാ…അല്ലെങ്കിൽ നിങ്ങൾ ഇനിയും ഈ തടവറക്കുള്ളിൽ  കഴിയേണ്ടി വരില്ലേ…

നൂറാ നീ എന്തു ഭ്രാ.ന്താണ് പറയുന്നത്…അവർ വാതിക്കൽ എത്തിക്കഴിഞ്ഞു..ഈ കോട്ട മുഴുവനും കാവൽക്കാരാണ്..അവരുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങാൻ സാധിക്കില്ല…

ബുല്ല പറഞ്ഞുകൊണ്ടിരിക്കെ..പെട്ടെന്ന് പൂട്ട് തുറന്നു..

രത്തനും ആൾക്കാരും അപ്പോഴേക്കും ജയിലറിയുടെ പ്രവേശന കവാടത്തിൽ എത്തിയിരുന്നു..

നൂറ..പെട്ടെന്ന് തന്നെ അകത്ത് കയറി ജയിലറയുടെ വാതിൽ താഴിട്ട് പൂട്ടി..

പിന്നെ വാതിലിനടുത്തുള്ള ചുമരോട് ഒട്ടിച്ചേർന്ന് നിന്നതിനു ശേഷം..ചൂണ്ടുവിരൽ ചുണ്ടിൽ വച്ച്കൊണ്ട്  ബുല്ലയെ നോക്കി…ശ്…..എന്ന് കാണിച്ചു..

രത്തൻ ആകെ അസ്വസ്ഥയിലാണ് അയാൾ കണ്ണിൽ കാണുന്നതൊക്കെ അടിച്ചു തകർത്തുകൊണ്ടാണ് നടന്നു വന്നു കൊണ്ടിരുന്നത്..നൂറയെ പാർപ്പിച്ച മുറിയിൽ അവളില്ല എന്ന് മനസ്സിലാക്കിയതോടെ..വലിയ ശബ്ദത്തിൽ അലറാൻ ആരംഭിച്ചു…

അവളെ എനിക്ക് വേണം..അവളെ എനിക്ക് വേണം…എന്ന് പറഞ്ഞ് കൊണ്ട് സുബിധാറിന്റെ കഴുത്തിന് പിടിച്ച് തള്ളിയിട്ട് അടിക്കാൻ ആരംഭിച്ചു..

നീ അല്ലെടാ ഇന്നലെ അവളെ ഇവിടെ പൂട്ടിയിട്ടത്..എന്നിട്ട് എവിടെ….

സാബ്..ഞാൻ ഭദ്രമായി പൂട്ടിയതാണ് സാബ്…അപ്പോൾ അവൾ നല്ല ഉറക്കത്തിലും ആയിരുന്നു..പിന്നെ എങ്ങനെ രക്ഷപ്പെട്ടു എന്ന് എനിക്കറിയില്ല..

അപ്പോഴേക്കും രത്തന്റെ കാവൽക്കാർ മുഴുവനും അവിടെ എത്തി തുടങ്ങി…..അതിൽ ഒരാൾ രത്തനോട് പറഞ്ഞു…

എല്ലായിടത്തും നോക്കി സാബ്…അവളെ എവിടെയും കാണാനില്ല…വീട്ടിൽ നിന്ന് പുറത്തു കടന്നിട്ടുണ്ട്…പക്ഷേ വേലി കടന്നു പുറത്തു പോകാൻ സാധ്യതയില്ല…

ഉടനേ രത്തൻ അലറിക്കൊണ്ട് പറഞ്ഞു..

ഇനിവേലി കടന്നാലും അവൾ ദൂരെ പോകാൻ സാധ്യതയില്ല…എത്രയും പെട്ടെന്ന് പിടിച്ചുകൊണ്ടു വരണം….പോ…എല്ലാവരും…പോ…

എല്ലാവരെയും പറഞ്ഞയക്കുന്നത് കണ്ട്..സുബിധാർ പ്രതികരിച്ചു…

സാബ്…അപ്പോൾ കോട്ടയിൽ കാവൽ നിൽക്കാൻ ആളുവേണ്ടെ…

സുബിധാറിന്റെ വാക്കുകേട്ടതും ക്ഷുഭിതനായി മുഖത്ത് അടിച്ചു കൊണ്ട് രത്തൻ പറഞ്ഞു…

ഇവിടെ നിന്നും ഒരു കുട്ടി പുറത്തുചാടിയാൽ പിന്നെ കാവൽ നിന്നിട്ട് എന്താടോ കാര്യം…

രത്തൻ കാവൽക്കാരെ മുഴുവനും സംഘങ്ങളായി വേർതിരിച്ച് പല ഭാഗങ്ങളിലേക്ക് പറഞ്ഞയച്ചു…

പക്ഷേ സുബിധാർ..രത്തനെ കോട്ടയിൽ തനിച്ചാക്കി പോകാൻ വിസമ്മതിച്ചു..

നഹീ സാബ്..മേ ആപ്പ്കൊ അക്കേല ചോട്ക്കർ..കഹീ നഹീ ജായെക…

സുബിധാറിന്റെ വാക്കുകേട്ട് ക്ഷുഭിതനായ രത്തൻ…അയാളെ തല്ലി തല്ലി പറഞ്ഞയച്ചു..

ബദ്മാഷ്…ജാ…ജാ….

സുബിധാർ പുറത്തിറങ്ങിയെങ്കിലും രത്തന്റെ കണ്ണിൽപ്പെടാതെ കുറ്റിക്കാട്ടിൽ ഒരു മൂലയിൽ ഒളിച്ചിരുന്നു..

അവിടെയെങ്ങും കുട്ടികളുടെ കരച്ചിൽ കേൾക്കാൻ ആരംഭിച്ചു..

നൂറ ബുല്ലയോട് ചോദിച്ചു..

ബുല്ലാ ഭയ്യാ…ഇതെവിടേ നിന്നാ ഇത്രയേറെ കുട്ടികൾ കരയുന്നത്..

ഇവിടെ ഒരുപാട് മുറികൾ ഉണ്ട് നൂറ..പലതും ഭൂമിക്കടിയിലാണ്..അതിലൊക്കെ നിറയെ കുട്ടികളുണ്ട്…നിന്നെയും തിരഞ്ഞ് എല്ലാവരും പുറത്തു പോയില്ലേ..അതുകൊണ്ട് ആർക്കും ഭക്ഷണം കിട്ടിക്കാണില്ല..അതുകൊണ്ട് കരയുന്നതാവും…നൂറ നിനക്ക് ധൈര്യമുണ്ടൊ..

എന്തിനാ ബുല്ല ഭയ്യാ..

ഇപ്പോൾ കാവൽക്കാരെല്ലാം വെളിയിൽ പോയ സമയമാണ്..രക്ഷപ്പെടാൻ ഇനിയൊരു അവസരം കിട്ടി എന്ന് വരില്ല..ഒന്നുകിൽ നമ്മൾ ജീവനോടെ പുറത്തെത്തും..അല്ലെങ്കിൽ അവരുടെ കയ്യാലെ മരിക്കും..ഇതുരണ്ടും മുന്നിൽ കണ്ട്..എൻറെ കൂടെ പുറത്തു വരാൻ നിനക്ക് ധൈര്യമുണ്ടോ..

അയ്യോ അവർ നമ്മളെ കൊല്ലുമൊ…പേടിയാണ് ബുല്ലാ ഭയ്യാ..

നൂറാ ഇതിനകത്ത് കിടന്ന് നരക്കുന്നതിലും നല്ലത് മരിക്കുന്നതാണ്…നിനക്ക് അമ്മയെ കാണണ്ടേ..

അവൾ പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു..

അതെ എനിക്കെന്റെ മമ്മയെ കാണണം…

നൂറയുടെ കയ്യിൽ നിന്ന് ചാവി വാങ്ങി…ഭുല്ല പതിയെ ഇരുമ്പഴിയുടെ വാതിൽ തുറന്നു..

ആകെ അസ്വസ്ഥനായി പ്രധാന കവാടത്തിനരികിൽ ഇരിക്കുകയായിരുന്നു രത്തൻ…ആ ശബ്ദം കേട്ടു..

അയാൾ തോക്കും എടുത്ത് തടവറയുടെ അരികിലേക്ക് ഓടി…

വാ നൂറാ…ഇറങ്ങി വാ..

ബുല്ലയുടെ വാക്കുകേട്ട്  നൂറ മെല്ലെ ഇറങ്ങാൻ ഒരുങ്ങുവെയാണ്..തോക്കുമായി രത്തൻ അവിടെയെത്തിയത്..

രത്തനെ കണ്ടതും ബുല്ലയ്ക്ക് മുന്നിൽ ഒരേയൊരു മാർഗമേ ഉണ്ടായിരുന്നുള്ളൂ..തൻറെ ജീവൻ കൊടുത്തിട്ട് ആയാലും നൂറയ് രക്ഷിക്കുക..

അവൻ അതിവേഗത്തിൽ രത്തന്റെ ശരീരത്തിലേക്ക് പാഞ്ഞു കയറി…അപ്രതീക്ഷിതമായ അ ക്രമണം ആയതുകൊണ്ട് തന്നെ രത്തന് പ്രതിരോധിക്കാനായില്ല..

രത്തൻ തറയിൽ മലർന്ന് വീണതും അയാളുടെ മേലെ കയറിയിരുന്ന് താക്കോൽ ഉപയോഗിച്ച് ബുല്ല കു ത്താൻ ശ്രമിച്ച് കൊണ്ടിരുന്നു.‌ പിടിവലി നടക്കുന്നതിനിടയിൽ അവൻ വലിയ ശബ്ദത്തിൽ അലറി..

ബാഗോ നൂറാ ബാഗോ..ജെൽതി ബാഗോ…

അവൻ നൂറയോട്  ഓടിപ്പോകാൻ അഭ്യർത്ഥിച്ച് കൊണ്ടേയിരുന്നു..

ജയിലറിയിൽ നിന്നും നൂറ പുറത്തിറങ്ങിയത് കണ്ടതും രത്തൻ ഞെട്ടിപ്പോയി..

ബാഗോ..നൂറാ…ബാഗോ..

ഇരുവരുടെയും പിടിവലി കണ്ട് നൂറയും തരിച്ചു നിൽക്കുകയായിരുന്നു..ബുല്ല വീണ്ടും ഓടിപ്പോകാൻ പറഞ്ഞതോടെ അവൾ ഓടാൻ ആരംഭിച്ചു..

ബുല്ലയെ തട്ടിമാറ്റി രത്തൻ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ബുല്ലയുടെ കയ്യിൽ ഉണ്ടായിരുന്ന ചാവി രത്തന്റെ കണ്ണിലേക്ക് തുളഞ്ഞു കയറി..

വേദന കൊണ്ട് പിടഞ്ഞ രത്തൻ തറയിൽ വീണ തോക്ക് എടുക്കുമ്പോഴേക്കും നൂറ കവാടത്തിന് വെളിയിൽ എത്തിയിരുന്നു.

ഉടനെ ബുല്ല വിളിച്ചു പറയുന്നുണ്ടായിരുന്ന..വാതിൽ അടച്ചിട്ടു പോ നൂറ…അടച്ചിട്ട് പോ..

രത്തൻ തോക്കെടുത്ത് നൂറയുടെ നേരെ വെടി ഉതിർക്കുമ്പോഴേക്കും…പ്രധാന കവാടത്തിന്റെ ഇരുമ്പുവാതിൽ അവൾ അടച്ചുകഴിഞ്ഞിരുന്നു…

വെടിയൊച്ച കേട്ടതോടെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു സുബിധാർ എഴുന്നേറ്റ് നിന്നു..

അയാൾ കോട്ടക്കകത്ത് കയറാൻ ഒരുങ്ങുമ്പോൾ…നൂറ ഇറങ്ങാൻ ഒരുങ്ങുകയായിരുന്നു…സുബിധാറിനെ കണ്ടതോടെ അവൾ ഭയന്നുപോയി..പിന്നെ ഒരടി മുന്നോട്ട് നടക്കാനാവാതെ വിറച്ചു നിന്നു….

അയാൾ നിഷ്പ്രയാസം നൂറയെ എടുത്ത് തോളിലിട്ടു..

അയാളുടെ തോളിൽ കിടന്ന് അവൾ രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സുബിധാറിന്റെ കരുത്തിന് മുന്നിൽ അവൾക്ക് ഒന്നിനും കഴിഞ്ഞില്ല..

അവളെയും തോളിലേറ്റി അയാൾ ജയിലറയുടെ അടുത്തേക്ക് നടന്നു നീങ്ങി..

പ്രധാന കവാടം തുറന്ന സുബിധാർ കാണുന്നത്…വെടിയേറ്റ് തറയിൽ കിടക്കുന്ന ബുല്ലയേയും..ഒരു കണ്ണ് നഷ്ടപ്പെട്ട ശരീരമാസകലം താക്കോൽ കൊണ്ട് കു ത്തേറ്റ് അവശതയോടെ നിൽക്കുന്ന രത്തനേയും ആയിരുന്നു..

സുബിധാറിനെ കണ്ടതും രത്തൻ പറഞ്ഞു..

എന്നെ രക്ഷിക്ക്…പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടുപോ…

ഒരു നിമിഷം സുബിധാർ ചിന്തിച്ചു..പിന്നെ അയാൾ പൊട്ടി ചിരിച്ചു…

ഹ ഹ ഹ…ഞാൻ എന്തിനാ രത്തൻ സാബ് നിങ്ങളെ രക്ഷിക്കണം…ഒരുപാടുകാലം നിൻറെ അച്ഛനെ സേവിച്ചു…ഇപ്പോൾ നിന്നെ സേവിക്കുന്നു…

പണ്ട് നിൻറെ അച്ഛൻ എവിടെനിന്നോ എന്നെ കടത്തിക്കൊണ്ടുവന്നു…പിന്നെ ഇടം കണ്ണ് തല്ലിത്തകർത്ത് നാട്ടുനീളെ ഭിക്ഷയെടുപ്പിച്ചു….അയാളോടുള്ള അടങ്ങാത്ത പകയായിരുന്നു മനസ്സിൽ…പകരം ചോദിക്കാൻ ഒരു ദിവസത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു..അതിന് ഒരുപാട് വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു…വളർന്നു വലുതായപ്പോൾ നിൻറെ അച്ഛൻറെ വിശ്വാസം നേടിയെടുത്ത് കൂടെക്കൂടി…ഒരവസരം കിട്ടിയപ്പോൾ ഞാനാണ് നിൻറെ അച്ഛനെ പരലോകത്തേക്ക് പറഞ്ഞയച്ചത്..

ഡാ..നീ എൻറെ അച്ഛനെ…

അതെ രത്തൻ..ഞാനാണ് നിൻറെ അച്ഛനെ കൊ.ന്നത്..ഇപ്പോൾ നിന്നെ മരണത്തിലേക്ക് തള്ളി വിടുന്നതും ഞാനാണ്..ഹ ഹ ഹ..നിനക്കെന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല…

അതും പറഞ്ഞ് സുബിധാർ ശക്തിയായി വാതിൽ അടച്ച് പുറത്തേക്ക് നടന്നു..രത്തന്റെ വണ്ടി എടുത്ത് നൂറേയും കൊണ്ട് അതിവേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്നു..

രത്തന്റെ വാഹനം ആയതുകൊണ്ട് തന്നെ നൂറയെ തിരഞ്ഞ് നടക്കുകയായിരുന്ന കാവൽക്കാർ വാഹനം വഴിയിൽ തടഞ്ഞില്ല…

രത്തന്റെ കോട്ട വാതിൽ കടന്നതും സുബിധാറിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു…

വാഹനം ഓടിയോടി..ഒരു കുന്നിൻ മുകളിൽ എത്തി..നൂറയെ വലിച്ചിഴച്ച് പുറത്തിട്ട് കൊണ്ടുപോകാൻ ആരംഭിച്ചു…

ഇമ്രാൻ രാത്രിയിൽ ഖദീജയുടെ വീട്ടിൽ നിന്ന് എന്തോ ഒന്ന് ചുമന്നു കൊണ്ടുപോകുന്നത് കണ്ടിരുന്നതായി അയൽവാസി പറഞ്ഞതോടെ..നൂറയെ കടത്തിക്കൊണ്ടുപോയത് ഇമ്രാൻ ആണെന്ന് സംശയം നാട്ടുകാരിൽ മുഴുക്കെ പരന്നു തുടങ്ങി…

പോലീസ് ഇമ്രാനെ കൈകാര്യം ചെയ്തതോടെ..അയാൾ എല്ലാ സത്യങ്ങളും വിളിച്ചുപറഞ്ഞു…ഖദീജയുടെ ആദ്യത്തെ കുഞ്ഞിനെയും കടത്തിക്കൊണ്ടു പോയത് ഇമ്രാൻ ആയിരുന്നു എന്ന് പോലീസിന്റെ ആ ചോദ്യം ചെയ്യലിൽ വെളിപ്പെടുകയുണ്ടായി..

ഖദീജയ്ക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു…അവൾ ഓരോ നിമിഷം വേദനയാൽ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു..

ഇമ്രാനിൽ നിന്നും വഴി മനസ്സിലാക്കി പോലീസും നാട്ടുകാരും രത്തന്റെ താവളം വളഞ്ഞു..അതിൽ അവശേഷിച്ചിരുന്നു മുഴുവൻ കുട്ടികളെയും രക്ഷിക്കുകയും..രത്തനേയും കൂട്ടാളികളെയും കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു..

പക്ഷേ അവർക്ക് നൂറയെ മാത്രം ലഭിച്ചില്ല…അവരുടെ കൂട്ടത്തിലെ സുബിധാറിനെ തിരഞ്ഞെങ്കിലും അയാളെയും കണ്ടെത്താനായില്ല..നാടുമുഴുക്കെ നൂറയ്ക്ക് വേണ്ടി തിരച്ചിൽ നടന്നുകൊണ്ടേയിരുന്നു. രാത്രി ഏറെ വൈകിയതോടെ എല്ലാവരും അന്വേഷണം മതിയാക്കി വീടുകളിൽ അഭയം പ്രാപിച്ചു..

പക്ഷേ ഖദീജ മകളെയും അന്വേഷിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് തെരുവോരങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞ് നടന്നുകൊണ്ടിരുന്നു..

പെട്ടെന്നാണ് കാൽനട വീഥിയിൽ കീറി മുറിഞ്ഞ വസ്ത്രധാരിയായ ഒരു സ്ത്രീയെ കണ്ടത്..ആ സ്ത്രീയുടെ തോളിൽ ഒരു പരുന്തും ഉണ്ടായിരുന്നു..

തൻറെ വീട്ടിൽ സ്ഥിരമായി വരുന്ന പരുന്താണ് അത് എന്ന്..ഒറ്റനോട്ടത്തിൽ തന്നെ ഖദീജയ്ക്ക് മനസ്സിലാക്കാൻ സാധിച്ചു..

ഖദീജയെ കണ്ടതും ആ പരുന്ത് ശബ്ദമുണ്ടാക്കി..പെട്ടെന്നാണ് മമ്മ എന്നൊരു വിളി കേട്ടത്..അത് നൂറയുടെ ശബ്ദമായിരുന്നു..ഖദീജ ആകാംക്ഷയോടെ ചുറ്റും നോക്കി..ആ സ്ത്രീയുടെ പുറകിൽ ഉണ്ടായിരുന്ന മുഷിഞ്ഞ തുണി കൊണ്ട് കെട്ടിയ കുടിലിനകത്ത് നിന്നും നൂറ പുറത്തേക്ക് ഓടി വന്നു..

സന്തോഷംകൊണ്ട് ഖദീജയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി..അവൾ മകളെ വാരിയെടുത്തു ചുംബിക്കാൻ ആരംഭിച്ചു..

മമ്മാ ഈ പരുന്താണ് എന്നെ രക്ഷിച്ചത്..സുബിധാർ എന്നു പേരുള്ള ഒറ്റക്കണ്ണനായ ഒരു ഭയങ്കരൻ എന്നെ പിടിച്ചു കൊണ്ടു പോവുകയായിരുന്നു..എവിടെനിന്നൊ ഈ പരുന്ത് പറന്നു വന്ന്..അയാളെ ആക്രമിക്കുകയും അയാൾക്ക് ഉണ്ടായിരുന്ന ഒരു കണ്ണ് കൊത്തി പൊട്ടിക്കുകയും ചെയ്തു..തീർത്തും അന്ധനായ അയാൾ മലമുകളിൽ നിന്ന് താഴേക്ക് വീണു..

പേടിച്ചു നിൽക്കുകയായിരുന്നു എനിക്ക് ഈ അമ്മയുടെ അരികിലേക്ക് വഴി കാണിച്ചു തന്നതും പരുന്ത് തന്നെ ആണ്…

ഞാൻ പറഞ്ഞില്ലേ മമ്മ..വിശക്കുന്ന ആർക്കോ ഭക്ഷണം കൊടുക്കാനാണ് ഈ പരുന്ത് വീട്ടിൽ വരുന്നതെന്ന്..നോക്കിക്കേ ആ കുടിലിനകത്ത് മുഴുവനും ഞാൻ ഭക്ഷണം നൽകിയ പൊതികളാണ്…ഈ അമ്മയ്ക്ക് ഭക്ഷണം കൊടുക്കാനാണ് ആ പരുന്ത് നമ്മുടെ വീട്ടിൽ വന്നത്…

നൂറയും ഖദീജയും സംസാരിക്കുകയും പരസ്പരം സ്നേഹപ്രകടനങ്ങൾ നടത്തുകയും ചെയ്യുമ്പോൾ..അതൊന്നും വകവയ്ക്കാതെ മുഷിഞ്ഞ വസ്ത്രധാരിയായ ആ സ്ത്രീ…ആകാശത്ത് തെളിഞ്ഞു നിൽക്കുന്ന പൂർണ്ണചന്ദ്രനെ മഴമേഘങ്ങൾ വന്നു മൂടുന്നത്…ഒരു മൂളിപ്പാട്ടും പാടി കൊണ്ട് കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു…

~തൻസീർ ഹാഷിം…

*****************

നാഷണൽ ക്രൈം ബ്യൂറോയുടെ കണക്കുപ്രകാരം ഓരോ ദിവസവും ശരാശരി 174 കുട്ടികൾ ഇന്ത്യയിൽ നിന്ന് കാണാതാകുന്നുണ്ട്…അവയിൽ നിന്ന് തിരികെ കണ്ടെത്തിയത് വളരെ ചുരുക്കം പേരെ മാത്രമാണ്…

അപ്രത്യക്ഷമാകുന്ന ഈ കുട്ടികളൊക്കെ എവിടെപ്പോയി..അതിനു ഉത്തരം തേടിച്ചെന്നാൽ ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്..

ഒരുകാലത്ത് ഭിക്ഷാടന മാ ഫിയകളാണ് കുട്ടികളെ കടത്തിക്കൊണ്ടു പോയതെങ്കിൽ..ഇന്ന് അവയവ മാ ഫിയകളാണ് ഈ കുറ്റകൃത്യത്തിന് മുൻപന്തിയിൽ നിൽക്കുന്നത്…പിന്നെ നമുക്കുപോലും അറിയാത്ത മറ്റെന്തൊക്കെയോ ആവശ്യങ്ങൾക്കായി കുരുന്നുകളെ…ഓരോ മുക്കിലും മൂലയിൽ നിന്നും കടത്തിക്കൊണ്ടു പോകപ്പെവുകയാണ്…അനേകായിരം കുരുന്നുകൾ ഏതൊക്കെയോ കോണിൽ നരകയാതനാനുഭവിക്കുകയാണ്…

ഇതിനെതിരെ നമുക്കെന്തു ചെയ്യാൻ സാധിക്കും..ചിന്തിക്കുക…അതിനെതിരെ പ്രവർത്തിക്കുക…സൂക്ഷിക്കുക..സംശയാസ്പദമായ രീതിയിൽ കുട്ടികളെ എവിടെ കണ്ടാലും അധികൃതരെ വിവരമറിയിക്കുക…

ഈ കഥ എഴുതിയത് തന്നെ ഒരു ഓർമ്മപ്പെടുത്തലിന് മാത്രമാണ്….