എനിക്കൊരു കളികൂട്ടുകാരി ഉണ്ടായിരുന്നു. കുഞ്ഞു നാളിലെ ഞങ്ങൾ ഒരുമിച്ചായിരുന്നു കുട്ടിക്കളിയും സ്കൂളിൽ പോക്കുമെല്ലാം…

തോലാപ്പിയാർ…

Story written by Rivin Lal

============

എനിക്കൊരു കളികൂട്ടുകാരി ഉണ്ടായിരുന്നു. കുഞ്ഞു നാളിലെ ഞങ്ങൾ ഒരുമിച്ചായിരുന്നു കുട്ടിക്കളിയും സ്കൂളിൽ പോക്കുമെല്ലാം. അവളെന്റെ വീട്ടിൽ നിന്നൊക്കെയായിരുന്നു മിക്ക ദിവസവും ഭക്ഷണം കഴിക്കാറ്. എന്റെ അമ്മയും അവളുടെ അമ്മയും അടുത്ത സുഹൃത്തുക്കൾ. അവളുടെ ചേച്ചിയും എന്റെ ചേച്ചിയും കട്ട ചങ്കുകൾ. അങ്ങിനെ ഒരു കുടുംബം പോലെ കഴിയുന്ന രണ്ടു കുടുംബമായിരുന്നു ഞങ്ങളുടേത്‌.

എന്നെ കുട്ടിക്കാലത്ത് കണ്ടാൽ സോഡാ കുപ്പിക്കു പാന്റും ഷർട്ടും ഇട്ട കോലമായിരുന്നു. നാലാം ക്ലാസ്സ്‌ വരെ പഠിച്ചതൊക്കെ പാവപെട്ട മലയാളം മീഡിയം ചെറിയ സ്കൂളിൽ. എന്റെയമ്മ എന്നെ നന്നായി തല്ലി ഇരുത്തി പഠിപ്പിക്കുമായിരുന്നു. അത് കൊണ്ടാണോ എന്നറിയില്ല ഞാൻ ക്ലാസ്സിലും സ്കൂളിലും ടോപ്പർ ആയിരുന്നു. നാലാം തരം വരെ മാത്രമുള്ള  അവിടെ സ്കൂൾ ലീഡറും ഞാനായിരുന്നു കേട്ടോ. ടീച്ചേഴ്സിന്റെ കണ്ണിലുണ്ണിയായി ഞാൻ വിലസുമ്പോളാണ് മൂന്നാം ക്ലാസ്സ്‌ കൊല്ലപരീക്ഷ വരുന്നത്.

നന്നായി പഠിച്ച ഞാനും കളികൂട്ടുകാരിയും ഒരുമിച്ചു പരീക്ഷ എഴുതാൻ പോയി. വിഷയം മലയാളമായിരുന്നു. പോകുമ്പോളേ അവൾക്കു നല്ല പേടി, സംഭവം ആളൊന്നും പഠിച്ചിട്ടില്ല. മറ്റു കുട്ടികളുമായി കളിച്ചു നടന്നു സമയം കളഞ്ഞു തീർത്തു.

പരീക്ഷ ഹാളിൽ ഇരുന്നു ടീച്ചർ ചോദ്യ പേപ്പറും ഉത്തരം എഴുതാനുള്ള പേപ്പറും തന്നു. പഠിപ്പിസ്റ്റായ ഞാൻ ഓരോ ചോദ്യവും നോക്കുന്നു. ഹോ..ഇതൊക്കെ ഈസി ചോദ്യങ്ങൾ ആണല്ലോ എന്ന് വിചാരിച്ചു ശരിയായ ഉത്തരങ്ങൾ വെച്ചു കാച്ചുകയാണ്.

ഇടയ്ക്ക് അടുത്തിരുന്ന കൂട്ടുകാരിയെ നോക്കി. അവളും എന്തൊക്കെയോ എഴുതുന്നുണ്ട്. ചോദ്യം ഓരോന്നായി കഴിഞ്ഞപ്പോൾ അങ്ങിനെ ആ മാരക ചോദ്യമെത്തി.

ചോദ്യം ഇതാണ് “കപ്പൽ ഓടിക്കുന്ന ആളെ………..എന്ന് വിളിക്കുന്നു”.

വിട്ട ഭാഗത്തെ ഉത്തരം താഴെ പൂരിപ്പിച്ചു ചേർക്കുക. ഞാനൊന്നും ആലോചിച്ചില്ല

“കപ്പിത്താൻ” എന്ന് ഈസിയായി ഉത്തരമെഴുതി.

അതിന് ശേഷം അടുത്ത ഉത്തരം എഴുതുന്ന മുൻപേ കൂട്ടുകാരിയെ ഒന്ന് നോക്കിയേ ഉള്ളൂ. നോക്കിയപ്പോൾ കണ്ടത് അവൾ കാര്യമായി ഉത്തരം ആലോചിക്കുന്നു.

മൂന്നാം ക്ലാസുകാരനായ എന്റെയാ കുഞ്ഞു മനസ്സ് അറിഞ്ഞില്ല ഒരു ചരിത്രമാണ് ഇനി പിറക്കാൻ പോകുന്നതെന്ന്.

അവൾ വീണ്ടും വീണ്ടും ആലോചിച്ചു അവളുടെ ഉത്തര പേപ്പറിൽ ആ ഉത്തരമെഴുതി. “തോലാപ്പിയാർ..!”

ഞാൻ വെറുതെയൊന്നു അവളുടെ പേപ്പറിലേക്ക് നോക്കി. തോലാപ്പിയാരോ..?? അതാര്..ഇങ്ങനെയൊരാളെ പറ്റി മുൻപ് കേട്ടിട്ടില്ലല്ലോ. അപ്പോൾ കപ്പിത്താൻ ശരിയുത്തരമല്ലേ.?? എനിക്കും സംശയം വന്നു. എന്റെ സകല മൂടും പോയി. ഏതാ ഇപ്പോൾ ശരി. കപ്പിത്താനോ തോലാപ്പിയാരോ..?? ഞാൻ ചിന്ദിക്കാൻ തുടങ്ങി. ബാക്കിയെല്ലാ ഉത്തരവും എഴുതി കഴിഞ്ഞിട്ടും ഈയൊരു ഉത്തരത്തിൽ എനിക്ക് സംശയം വീണ്ടും വീണ്ടും വന്നു.

അങ്ങിനെ ഞാനാ കടും കൈ ചെയ്തു സുഹൃത്തുക്കളെ…കളികൂട്ടുകാരിയെ വിശ്വസിച്ചു കപ്പിത്താൻ എന്ന എന്റെ ഉത്തരം വെട്ടി ഞാനും തോലാപ്പിയാർ എന്ന് എഴുതി പേപ്പർ ടീച്ചർക്ക്‌ കൊടുത്തു.

പരീക്ഷ ജയിച്ചു റിസൾട്ട്‌ വന്നതിനു ശേഷം അടുത്ത ക്ലാസ്സിൽ വെച്ച് ടീച്ചർ എല്ലാരുടെ മുന്നിൽ വെച്ച് എന്നെ അടുത്തേക്ക് വിളിപ്പിച്ചു. എന്നിട്ടു പറഞ്ഞു “ലാലുവിനു ഒരു മാർക്കിന്‌ ക്ലാസിലെ ഫസ്റ്റ് പോയി. പക്ഷേ ആ തെറ്റിയ ഉത്തരം എന്നെ ഞെട്ടിച്ചു കളഞ്ഞു എന്ന്”.

അത് കേട്ടപ്പോൾ സകല കുട്ടികളും എന്താ ടീച്ചറെ ആ ഉത്തരം എന്ന് ആവശ്യപെട്ടു. ടീച്ചറെന്നോട് ചോദിച്ചു “മോനേ..ലാലു കുട്ടാ..കപ്പൽ ഓടിക്കുന്ന ആൾക്ക് എന്താടാ പറയുക..??”

“അത് ടീച്ചറെ…കപ്പിത്താൻ..” ഞാൻ പേടിച്ചു കൊണ്ടു പറഞ്ഞു.

“ഈ ഉത്തരം നിനക്ക് ആരാ പഠിപ്പിച്ചു തന്നേ..?” ടീച്ചർ വീണ്ടും ചോദിച്ചു.

“ടീച്ചറെ..പരീക്ഷ കഴിഞ്ഞപ്പോൾ എന്റെ ചേച്ചി പറഞ്ഞു തന്നതാ..!” എന്റെ ശബ്ദം ഇടറി.

“എടാ മരങ്ങോടാ…ഈ ശരിയുത്തരം എഴുതിയിട്ട് പിന്നേ നീയെന്തിനാടാ മോനേ അത് പേന കൊണ്ടൊരു വെട്ടു വെട്ടി തോലാപ്പിയാർ എന്ന് തെറ്റിച്ചു എഴുതിയെ..?? അതോണ്ടല്ലേ ഒരു മാർക്ക്‌ പോയെ…ആരാണയാൾ..എനിക്കൊന്നു കാണണമല്ലോ…!” ടീച്ചർ അത് പറയുമ്പോൾ എന്റെ ചെവി പിടിച്ചു തിരിച്ചു.

“സത്യമായും എനിക്കറിയില്ല ടീച്ചറെ..എന്റെ അടുത്തിരുന്ന കൂട്ടുകാരി എഴുതിയത് കണ്ടു ഞാൻ സംശയം വന്നു മാറ്റി എഴുതിയതാ..!” ഞാൻ കരഞ്ഞു കൊണ്ടു പറഞ്ഞു.

അപ്പോൾ ഒന്നൂടി ചെവിക്കു ആഞ്ഞു പിടിച്ചു “നല്ലോണം പഠിക്കുന്ന നീയെന്തിനാടാ അവളുടെ പേപ്പറിൽ നോക്കി എഴുതിയെ. കോപ്പി അടി ഇപ്പോളെ ശീലമാക്കാനാണോ പരുപാടി. മേലാൽ ഇത് ആവർത്തിച്ചാൽ നിന്റെ രണ്ടു ചെവിയും ഞാൻ പൊരിക്കും. കേട്ടല്ലോ. രണ്ടിനോടും കൂടിയാ പറഞ്ഞെ. കൂട്ടുകാരിയെയും കൂടി നോക്കി കൊണ്ടു ടീച്ചർ പറഞ്ഞു. അന്ന് മുതൽ കൂട്ടുകാരിയെ എല്ലാവരും തോലാപ്പിയാർ എന്ന് ക്ലാസ്സിൽ വിളിക്കാൻ തുടങ്ങി.

വർഷങ്ങൾ കഴിഞ്ഞു. മുതിർന്നു പഠിപ്പും ജോലിയുമൊക്കെയായി എന്റെ ജീവിതം മുന്നോട്ടു പോയി. ഒരിക്കൽ ടീച്ചറെ ഒരു തുണി ഷോപ്പിൽ വെച്ച് ഷോപ്പിംഗിനു പോയപ്പോൾ കണ്ടു. മുടിയൊക്കെ നരച്ചു ടീച്ചർ സ്കൂളിൽ നിന്നും റിട്ടയർ ആയിരുന്നു. ഞാൻ അങ്ങോട്ട്‌ പോയി സംസാരിച്ചു “ടീച്ചർക്ക്‌ എന്നെ ഓർമ്മയുണ്ടോ.??”

അല്പ സമയം എന്നെ നോക്കി ടീച്ചർ കണ്ണട ശരിക്കൊന്നൂടി വെച്ചിട്ട് പറഞ്ഞു

“എനിക്ക് ആളെ മനസിലായില്ലല്ലോ മോനേ…!”

ഞാൻ പറഞ്ഞു “ഒരു പഴയ സ്റ്റുഡന്റ് ആണ്. തോലാപ്പിയാർ എന്ന് പറഞ്ഞാൽ ചിലപ്പോൾ ടീച്ചർക്ക്‌ ഓർമ കാണും..!”

ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി, എന്നിട്ടു എന്റെ കൈകൾ ചേർത്തു പിടിച്ചു,

“എന്റെ ലാലു..!! എടാ….നീയാളാകെ മാറി പോയല്ലോ. താടിയും മീശയുമൊക്കെ വന്നു ടീച്ചർക്ക്‌ ആളെ മനസിലായില്ല കേട്ടോ..! മോനിപ്പോൾ എന്ത് ചെയുന്നു. എവിടെയാ ജോലി എല്ലാം ടീച്ചർ സ്നേഹത്തോടെ ചോദിച്ചറിഞ്ഞു.

ഞാനെല്ലാത്തിനും മറുപടി കൊടുത്തു. കുറേ സംസാരിച്ചപ്പോൾ അവസാനം ടീച്ചർ ചോദിച്ചു. “ഭാര്യ..കുട്ടികൾ..കുടുംബം..??”

അപ്പോൾ എന്റെ പിന്നിൽ ഷോപ്പിംഗ് കവറുകൾ പിടിച്ചു നിന്നിരുന്ന പെൺകുട്ടി കയ്യിൽ ഒരു കുഞ്ഞുമായി എന്റെ അടുത്തേക്ക് ചേർന്നു നിന്നു. ഞാൻ പറഞ്ഞു “ഇതാണ് ആൾ….!”

ടീച്ചർ അവളുടെയും കൈ പിടിച്ചു എന്നിട്ടു പറഞ്ഞു “ഇവനു പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഒരു കളികൂട്ടുകാരി ഉണ്ടായിരുന്നു മോളേ. നല്ലൊരു മോളായിരുന്നു അത്. ആ കുട്ടിയൊക്കെ ഇപ്പോൾ എവിടെയാണാവോ. ആട്ടെ..മോളുടെ പേരെന്താ…?”

അവളെന്നെയൊന്നു നോക്കി, എന്നിട്ടു ഒരു നിറപുഞ്ചിരിയോടെ ടീച്ചറോട് പറഞ്ഞു “പേര് പറഞ്ഞാൽ ടീച്ചർ മറന്നു കാണില്ല..തോലാപ്പിയാർ എന്നാ പേര്…ഇവിടെ ടൗണിലെ ഒരു സ്കൂളിൽ ടീച്ചറാണ് ജോലി….!””

അവളാ പേര് പറഞ്ഞു കേട്ടതും ടീച്ചറുടെ ചുളിവ് വീണ കണ്ണുകളിൽ നിന്നും സന്തോഷാശ്രുക്കൾ പൊഴിഞ്ഞതും ഒരുമിച്ചായിരുന്നു.

അവസാനിച്ചു

~റിവിൻ