ഭർത്താവ് പോകുന്നതും നോക്കി നിൽക്കുമ്പോൾ അയാളൊന്ന് തിരിഞ്ഞു നോക്കുമെന്ന് വെറുതെ പ്രതീക്ഷിച്ചു..

ഇണങ്ങാനും ചില കാരണങ്ങൾ…

എഴുത്ത്: ശാലിനി മുരളി

================

മടിപിടിച്ച കണ്ണുകൾ വലിച്ചു തുറന്നപ്പോഴേയ്ക്കും  നേരം വല്ലാതെ വെളുത്തിരുന്നു..

ദൈവമേ! ഉറങ്ങിപ്പോയോ ?? ദേഹത്ത് അപ്പോഴും ആലസ്യത്തോടെ ചുരുണ്ടു കിടന്ന പുതപ്പ് വലിച്ചു മാറ്റി ചാടിയെഴുന്നേറ്റ് ബാത്‌റൂമിലേക്ക് ഓടി..

മോൻ കമിഴ്ന്നു കിടന്നു നല്ല ഉറക്കം. എന്നും പുലർച്ചെ നാല് മണിക്ക് എഴുന്നേറ്റ് ശരത്തേട്ടന് കൊണ്ട് പോകാനുള്ള ചോറും കറികളും പലഹാരങ്ങളുമെല്ലാം ഈ നേരം കൊണ്ട് റെഡിയാക്കുന്നതാണ്. അതെങ്ങനെയാ..രാത്രിയിൽ ഉറങ്ങാനാണോ വഴക്കിടാനാണോ നേരം!

ആഴ്ചയിൽ അഞ്ചു ദിവസം വഴക്കും പിണക്കവും ബാക്കി രണ്ട് ദിവസം ഇണക്കവും..ഇങ്ങനെ എത്ര നാള് ജീവിക്കും. ശരിക്കും മടുത്തു തുടങ്ങി. ഹാളിൽ ടിവിയും വെച്ച് സെറ്റിയിൽ നീണ്ടു നിവർന്നു കിടക്കുന്ന ആളിനെ ഒട്ടും മൈൻഡ് ചെയ്യാതെ വേഗം അടുക്കളയിലേക്ക് നടന്നു..

യാന്ത്രികമായി എല്ലാം ഒന്നെയെന്ന് തുടങ്ങുമ്പോൾ പുറത്ത് കിളികൾ കലപില കൂട്ടാൻ തുടങ്ങിയിരുന്നു.

ശരത്തേട്ടനുള്ള കാപ്പി ഗ്ലാസ്സിലേക്ക് പകരുമ്പോഴാണ് പിന്നിൽ നിന്ന് ബലിഷ്ഠമായ കരങ്ങൾ ശരീരത്തെ ചുറ്റിവരിഞ്ഞത്.

പിൻകഴുത്തിൽ ചൂടുള്ള നിശ്വാസം..കുതറാൻ ശ്രമിച്ചെങ്കിലും പിടി കൂടുതൽ മുറുകിയതേയുള്ളൂ..

വന്നിരിക്കുന്നു സ്നേഹിക്കാൻ..ഉള്ളിൽ തിളച്ചു മറിഞ്ഞ അമർഷം അറിയാതെ പുറത്ത് ചാടി..

“നമുക്ക് പിരിയാം..ഇങ്ങനെ ജീവിച്ചിട്ട് ഒരു നേട്ടവുമില്ല. ഉള്ള സ്വസ്ഥത കൂടി ഇല്ലാതായി..”

ശബ്ദം ഇടാറാതിരിക്കാൻ പരിശ്രമിച്ചെങ്കിലും പാളിപ്പോയി..

“എനിക്ക് ഈ ജീവിതത്തിൽ ഇനി വേറൊരു പെണ്ണ് വേണ്ട..ഈ വഴക്കൊക്കെ ഒരു സുഖമല്ലേ പെണ്ണെ..”

പെട്ടെന്ന് അടുപ്പിലിരുന്ന കുക്കർ പരിഹാസം പോലെ ഒന്ന് വിസിലടിച്ചു!ദേഹത്തെ ചുറ്റിയിരുന്ന കൈകൾ ഒന്നയഞ്ഞതോടെ കുതറി മാറി.

ചൂട് കാപ്പി കപ്പ് മുന്നോട്ട് നീട്ടിക്കൊണ്ടാണ് അവളത് പറഞ്ഞത്.

“എങ്കിലേ ഇനിയെനിക്കൊരു കാര്യം പറയാനുണ്ട്. നമുക്ക് കുറച്ചു ദിവസം ഒന്ന് പിരിഞ്ഞിരുന്നാലോ..പരസ്പരം കാണാതെയും മിണ്ടാതെയും കുറെ ദിവസങ്ങൾ കഴിയണം. എന്റെ വില എന്താന്ന് ഒന്ന് അറിയ്..എന്നും എന്നെ കാണുന്നത് കൊണ്ട് ശരത്തേട്ടന്  എന്നോട്  ഒരു സ്നേഹവുമില്ല. ഇനി കുറച്ചു ദിവസം തനിച്ചൊന്ന് കഴിഞ്ഞ് നോക്ക്..

സംശയം നിറഞ്ഞ നോട്ടം കണ്ടപ്പോൾ കൂടുതൽ വീറും വാശിയും തോന്നി..വിട്ട് കൊടുക്കരുത്.എന്നുമിങ്ങനെ തോറ്റു കൊടുക്കുന്നത് കൊണ്ടാണ് നീയിങ്ങനെ വിലകെട്ടവളായി പോകുന്നത്..

“അതിന് നീയെവിടെ പോകുന്നു ?”

“ഞാനും മോനും ഇനി കുറച്ചു ദിവസം എന്റെ വീട്ടിൽ പോയി നിൽക്കാമെന്ന് തീരുമാനിച്ചു. എനിക്ക് അമ്മയുടെ അടുത്ത് നിൽക്കാൻ ഒരു കൊതി.ഇനി ചിലപ്പോൾ സാധിച്ചില്ലെങ്കിലോ..”

മുനയുള്ള മറുപടി ഏറ്റുവോ ??

ഒന്നും മിണ്ടാതെ കാപ്പിയും കുടിച്ചുകൊണ്ടിരുന്ന ആളിന്റെ മുഖത്തെ ആലോചന കണ്ടപ്പോൾ ചെറിയൊരു പ്രതികാരം ചെയ്ത സന്തോഷം തോന്നി.

“സമ്മതമാണെങ്കിൽ ഞാനിന്നു വൈകുന്നേരം പോകും..ഞാനില്ലാതെ പറ്റില്ല എന്ന് തോന്നുമ്പോൾ മാത്രം വന്നാൽ മതി അങ്ങോട്ട്..അതുവരെ നമ്മൾ തമ്മിലൊരു ബന്ധവും  ഇനി വേണ്ട..”

ഒരുറച്ച തീരുമാനം പോലെ അവൾ പറഞ്ഞു.

“ഇന്ന് വൈകുന്നേരം എന്തായാലും പോകണ്ട. നാളെ രാവിലെ പോയാൽ മതി..”

അത് കേട്ടപ്പോൾ ചെറിയൊരു നിരാശ തോന്നിയത് മറച്ചു വെച്ച് കൊണ്ട് മുഖത്ത് ഒരു സന്തോഷം എടുത്തണിഞ്ഞു..

നീ പോകരുത്. എനിക്ക് നീയില്ലാതെ പറ്റില്ല. കാണാതെ ഒരു നിമിഷം പോലും വയ്യ എന്നൊക്കെ പറയുമെന്ന് വല്ലാതെ വ്യാമോഹിച്ചിരുന്നു ഉള്ളിന്റെയുള്ളിൽ!

എത്ര നിസ്സാരമായിട്ടാണ് ശരി പൊയ്ക്കോ എന്ന് അനുവാദം തന്നത്. ഒരു കടയിൽ പോലും ഒറ്റയ്ക്ക്  പോകാൻ അനുവദിക്കാത്ത ആളാണ്. അപ്പോൾ ശരിക്കും തന്നോടുള്ള താൽപ്പര്യവും സ്നേഹവുമൊക്കെ കുറഞ്ഞിട്ടു തന്നെ അല്ലേ എന്നും വഴക്കിടുന്നതും പിണങ്ങുന്നതുമൊക്കെ..

ഭർത്താവ് പോകുന്നതും നോക്കി നിൽക്കുമ്പോൾ അയാളൊന്ന് തിരിഞ്ഞു നോക്കുമെന്ന് വെറുതെ പ്രതീക്ഷിച്ചു..കനപ്പിച്ച മുഖത്തോടെ ഒരപരിചിതനെ പോലെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് അയാൾ അവളുടെ കൺകോണിൽ നിന്നകന്ന് ദൂരേക്ക് മറഞ്ഞു.

വീട്ടിനുള്ളിലെ പിടിപ്പത് പണികളിലേക്ക് വീണ്ടും അവൾ നടന്നു കയറി. ഇനിയും എന്നാണ് എന്നറിയില്ല ഇവിടേക്കൊരു തിരിച്ചു വരവ്. വൃത്തിയാക്കലും അടുക്കിപ്പെറുക്കലും നനക്കലും ഉണക്കലും ഇസ്തിരി ഇടലും അതിനിടയ്ക്ക് കുഞ്ഞിന്റെ കാര്യവും ഒക്കെ ഒരു മിന്നൽ പിണരിന്റെ വേഗതയോടും ശക്തിയോടും ചെയ്തു.

ഇനിയുള്ള കുറെ ദിവസങ്ങൾ എല്ലാം തനിയെ ചെയ്യേണ്ടതല്ലേ.

എപ്പോഴും എന്തിനും ശാസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന ആളിനോട് തർക്കിക്കാതിരിക്കാൻ എത്ര ശ്രമിച്ചാലും കഴിയാതെ പോകുന്നു..അല്ലെങ്കിൽ തന്നെ ഇല്ലാത്തതൊക്കെ തലയിൽ കെട്ടിവെക്കുമ്പോൾ എതിർക്കാതിരിക്കുന്നതെങ്ങനെ..

ഒരു പൊടിയോ അഴുക്കോ മാറാലയോ ഒന്നും കണ്ടെടുക്കാൻ കഴില്ലെങ്കിലും അതേക്കുറിച്ച് വെറുതെ കുറ്റപ്പെടുത്തുന്നത് കേൾക്കുമ്പോൾ നിയന്ത്രണം വിട്ട് പോകും. ഒന്നിച്ചു ചിലവഴിക്കുന്ന നേരങ്ങളിൽ ക്ഷീണകൂടുതൽ  കൊണ്ട് കണ്ണുകൾ അടഞ്ഞുപോയാൽ അത് അയാളോടുള്ള താൽപ്പര്യക്കുറവാണെന്ന് ഒരു ദയയുമില്ലാതെ  ആക്ഷേപിച്ചു.. തന്നിൽ ഇനിയും കുറ്റം കണ്ടുപിടിക്കാനൊന്നുമില്ലെങ്കിൽ പോലും അവളുടെ എവിടെയോ കഴിയുന്ന പ്രായമായ അമ്മയെ  പഴിപറഞ്ഞു കൊണ്ടിരുന്നു സദാസമയവും…ചുറ്റുവട്ടത്തുള്ള പുരുഷൻമാർ മുഴുവനും അവളുമായി കമ്പനിയാണെന്നും അയാൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ മുതൽ അവരോടെല്ലാം കൊഞ്ചി കുഴയുകയാണെന്നു ഭാവനയിൽ  കണ്ടു ലഹളവെച്ചു. ഫോണിലെ മെസ്സേജ് ടോണുകൾ കേട്ടാൽ അത് അവൾക്കുള്ള കാമുകന്മാരുടെ സന്ദേശങ്ങൾ ആണെന്ന് അപവാദം പറഞ്ഞതും കേട്ട് കേട്ട് നിയന്ത്രണം വിട്ട് ഭർത്താവിന് നേരെ പൊട്ടിത്തെറിക്കുന്നതാണോ അവളുടെ കുറ്റം!

ഉന്തും തള്ളും പിടിവലികളുമൊക്കെ ഇതിന്റെ ഭാഗമായി കഴിഞ്ഞിരുന്നു. എല്ലാ ബഹളങ്ങൾക്കുമൊടുവിൽ തലയിണയിൽ വീണു കുതിരുന്ന കണ്ണീരുണങ്ങിയ പാടുമായി തേങ്ങലിന്റെ ചെറു മർമ്മരത്തോടെ പാതിരാവിലെപ്പോഴോ അവളുറങ്ങിപ്പോകും..

ഒരു തുടർക്കഥ പോലെ ഇങ്ങനെ ആവർത്തിക്കുന്ന ദിവസങ്ങളിൽ നിന്നൊരു മോചനം അവളുടെ മാത്രം സ്വപ്നമായിരുന്നു..ഭർത്താവ് ജോലിക്ക് പോയി കഴിഞ്ഞുള്ള തിരക്കുകൾ ഒഴിഞ്ഞ പകൽ വെട്ടങ്ങളിൽ നിലകണ്ണാടിക്ക് മുന്നിൽ നിന്നവൾ തന്റെ വെളുത്ത ശരീരത്തിൽ പതിഞ്ഞ ചുവന്നു തീണിർത്ത പാടുകളിൽ തൊട്ട് തലോടി വിങ്ങിപ്പൊട്ടുമ്പോൾ പ്രതികാരത്തോടെ ഓർക്കും ഇനിയൊരിക്കലും അയാൾക്ക് വേണ്ടി ഒന്നും ചെയ്തു കൊടുക്കരുത് എന്ന്..

മുഷിഞ്ഞ തുണികൾ കുന്നുകൂടികിടക്കട്ടെ…ആഹാരത്തിനായിവിശന്നു കത്തട്ടെ..മുറികൾ മാറാലയും പൊടിയും കൊണ്ട് നിറയട്ടെ..ശരീരത്തിന്റെ ഒടുങ്ങാത്ത കാമനകൾ നശിച്ചു പോകട്ടെ ..ഈ നരകം പിടിച്ച ജീവിതം തന്നെ ഇല്ലാതാവട്ടെ..

പക്ഷേ തീർത്താൽ തീരാത്ത ആഗ്രഹങ്ങളുടെ ആവേശത്തിന്നൊടുവിൽ അയാൾ വരുന്നതിനു മുൻപ് അത്താഴത്തിനു വേണ്ട പുതിയ കറികൾ ഉണ്ടാക്കി വെച്ചും വീടും പരിസരവും തൂത്തു തുടച്ചും അയയിൽ നനച്ചിട്ടിരുന്ന അയാളുടെ തുണികൾ തേച്ചു മടക്കി വെച്ചും സ്നേഹമയിയും ക്ഷമാശീലയുമായ ഒരു കുലസ്ത്രീയുടെ രൂപക്കൂടിനുള്ളിലേക്ക് വീണ്ടുമവൾ പടം പൊഴിച്ചിറങ്ങുന്നു!!

പക്ഷെ ഇന്ന് അവൾക്ക് സ്വയം തന്നോട് തന്നെ വല്ലാത്ത മതിപ്പ് തോന്നി..

മിടുക്കി!

നിനക്കിതു നേരത്തെ എന്ത് കൊണ്ട് തോന്നിയില്ല. നിന്റെ ഭർത്താവിന്   നിന്നോടുള്ള സ്നേഹവും ആത്മാർത്ഥതയും മനസ്സിലാക്കി കൊടുക്കാൻ പറ്റിയ ഒരവസരമാണിത്. മനസ്സിലെയും ശരീരത്തിലെയും മുറിവുകൾ ഒന്നുണങ്ങട്ടെ..നിന്റെ വില മനസ്സിലാക്കി, നീയില്ലാതെ പറ്റില്ല എന്ന തോന്നലുണ്ടാവുമ്പോൾ തേടി വരട്ടെ..

അന്ന് അത്താഴം കഴിക്കുമ്പോൾ പതിവിലും നിശബ്ദനായിരുന്നു അയാൾ. മോനെയും എടുത്തു സിറ്റൗട്ടിൽ പോയി ഏറെ നേരം ഇരുന്നു..തണുത്ത കാറ്റിന്റെ സുഖം കൊണ്ടാവണം അവൻ അയാളുടെ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നു ഉറങ്ങിപ്പോയി..

ശാന്തമായ ഒരു രാത്രിയിൽ എങ്ങനെയൊക്കെ സ്നേഹിക്കപ്പെടാമെന്ന് അന്ന് അവൾ ഒരുപാട് നാളുകൾക്കു ശേഷം അനുഭവിച്ചറിഞ്ഞു.

പതിവ് പോലെ പുലർച്ചെ നാലുമണിക്ക് എഴുന്നേറ്റ് അയാൾക്കുള്ള ആഹാരമെല്ലാം തയ്യാറാക്കി കുളിച്ചൊരുങ്ങി നിന്നു. മുറ്റത്തെ തുളസിയിലും അരളിയിലും മുല്ലയിലും നിറയെ വെള്ളമൊഴിച്ചു..ഇനി ഇതൊക്കെ ചെയ്യാൻ കുറച്ചു നാൾ ഞാനിവിടെ ഉണ്ടാകില്ല കേട്ടോ..മൂകമായൊരു യാത്ര പറച്ചിൽ പോലെ മെല്ലെ അവയെ ഒന്ന് തൊട്ട് തലോടി..

എഴുന്നേറ്റ് വന്ന് പത്രം വായിക്കുന്ന ആളിന്റെ മുഖം കണ്ടിട്ട് ആലുവ മണൽ പുറത്ത് വെച്ച് കണ്ട പരിചയം പോലുമില്ല!

ജോലിക്ക് പോകുമ്പോൾ ഒന്നിച്ചിറങ്ങാൻ പാകത്തിന് കുഞ്ഞിനേയും ഒരുക്കിയെടുത്തു..കൂടെ ഇറങ്ങിയില്ലെങ്കിൽ  വീണ്ടും കാണുന്ന ജോലിയൊക്കെ ചെയ്തു കൊണ്ട് ഇരിക്കും.

വീടിനു മുന്നിൽ നിർത്തിയ ബൈക്കിൽ നിന്നിറങ്ങുമ്പോൾ ഓരോർമ്മപ്പെടുത്തൽ പോലെ അവൾ തിരിഞ്ഞു നിന്നു..

“ആഹാരമെല്ലാം നന്നായി കഴിച്ചോളണം കേട്ടോ..ഞാൻ വെയ്ക്കുന്നതിലും നല്ല രുചിയായിരിക്കും ഇനി കറികൾക്കെല്ലാം..”

മറുപടി പറയാതെയും അവളെയൊന്നു നോക്കുക പോലും ചെയ്യാതെയും ബൈക്ക് സ്റ്റാർട്ട് ചെയ്തു അയാൾ പോയി..

കുഞ്ഞിനെ കണ്ട സന്തോഷത്തിലായിരുന്നു അമ്മ. ഒന്നും പറഞ്ഞില്ല. വെറുതെ എന്തിന് എല്ലാവരെയും വിഷമിപ്പിക്കുന്നു..എല്ലാവരെയും വിശ്വസിപ്പിക്കാൻ വേണ്ടി അവൾ തലേന്ന് തന്നെ അമ്മയെ വിളിച്ചു പറഞ്ഞിരുന്നു  ശരത്തേട്ടന് ജോലിയുടെ പ്രൊമോഷന് വേണ്ടി പാലക്കാട്‌ കുറച്ചു ദിവസം തങ്ങണം അതുകൊണ്ട് കുഞ്ഞിനേയും കൊണ്ട് ഞാൻ അങ്ങോട്ട് വരുന്നുണ്ട്..കൊഞ്ചിക്കാൻ വാവയെ കിട്ടിയ സന്തോഷത്തിലായിരുന്നു ഏട്ടന്റെ മക്കൾ.

കടന്നു പോയ രണ്ടു ദിവസങ്ങൾ സ്വന്തം വീടിന്റെ ബഹളത്തിലും സ്നേഹ പരിചരണത്തിലും പെട്ടെന്ന് അലിഞ്ഞു തീർന്നത് പോലെ…

പക്ഷെ ക്ലോക്കിലെ ഓരോ നാഴികമണിയുടെ കിളിയൊച്ചയിലും ഇപ്പോൾ ശരത്തേട്ടൻ എന്തെടുക്കുകയാവും കഴിച്ചോ, കുളിച്ചോ വീട് ഇപ്പോൾ ഏത് കോലത്തിലാവും എന്നൊക്കെയുള്ള ചിന്തകൾ കൊളുത്തി വലിച്ചു കൊണ്ടിരുന്നു. ഫോണിൽ അയാളുടെ വാട്സാപ്പിൽ ഉറ്റു നോക്കിയിരുന്നു. ഒരു ഹായ് കൊടുത്താലോ..? അല്ലേൽ വേണ്ട..ഇതുവരെ ഇങ്ങോട്ട് വിളിക്കാനോ മെസ്സേജ് ഇടാനോ തോന്നിയില്ലല്ലോ..അത്രയ്ക്ക് ജാടയാണേൽ അവിടെ ഒറ്റക്ക് തന്നെ കഴിയട്ടെ..

കുഞ്ഞിനേയും ചേർത്ത് പിടിച്ച് കിടന്ന് ഉറങ്ങിപ്പോയത് അറിഞ്ഞില്ല..നെറ്റിയിൽ എന്തോ അമരുന്നത് പോലെ…

പരിഭ്രമിച്ച്  കണ്ണുകൾ തുറന്നപ്പോൾ ഇരുട്ടിൽ ഒരു രൂപം അനങ്ങുന്നത് കണ്ട് പേടിച്ചു നിലവിളിക്കാൻ ഒരുങ്ങിയതും..അലറണ്ട ഇത് ഞാനാ എന്ന പരിചിതമായ ശബ്ദം കേട്ട് പിടഞ്ഞെഴുന്നേറ്റു..

ഇതെപ്പോൾ വന്നു ??

“എനിക്ക് വയ്യ പെണ്ണെ നിന്നെ കാണാതെയും വഴക്കുണ്ടാക്കാതെയും ഒറ്റക്ക് കഴിയാൻ..”

ജനൽ കർട്ടനിടയിലൂടെ അരിച്ചിറങ്ങിയ നിലാവെളിച്ചത്തിൽ  മുഖം വ്യക്തമായിരുന്നില്ല. പക്ഷെ ആ സ്വരത്തിൽ അടക്കി വെച്ച ഒരായിരം സ്നേഹത്തിന്റെ കടലൊച്ചകൾ അവൾ വ്യക്തമായും തിരിച്ചറിഞ്ഞു..

“എന്തിനാ ഇനിയും എന്നെ തല്ലാനല്ലേ..”

“തല്ലിയിട്ടും നീ നന്നാകുന്നില്ലല്ലോ. അതുകൊണ്ട് വിട്ട് കളഞ്ഞിരിക്കുന്നു.. “

അയാളുടെ കരവലയത്തിൽ ചേർന്നിരുന്നുകൊണ്ട് അവളാ തമാശ കേട്ട് അടക്കിചിരിച്ചു…

~ശാലിനി മുരളി