കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ കരുതി ഈ ലോകത്തിലെ സേന്ഹം മുഴുവൻ എന്റെ ഭർത്താവിന്റെ ഹൃദയത്തിൽ നിറച്ചു വെച്ചിരിക്കുകയാണെന്ന്….

രണ്ടാം മധുവിധു

Story written by Anitha Anu

=================

ആർക്കാണ് സ്നേഹം കൂടുതൽ ?അമ്മയ്ക്കോ, ഭർത്താവിനോ അതോ മക്കൾക്കോ?

കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ കരുതി ഈ ലോകത്തിലെ സേന്ഹം മുഴുവൻ എന്റെ ഭർത്താവിന്റെ ഹൃദയത്തിൽ നിറച്ചു വെച്ചിരിക്കുകയാണെന്ന്

ദിവസങ്ങൾ പോയിക്കഴിഞ്ഞപ്പോൾ മനസ്സിലായിത്തുടങ്ങി ആ സ്നേഹം വറ്റി അവിടെ ഒരു തരിശു ഭൂമിയായെന്ന്. കെട്ടിപിടിച്ച് കിടന്നാൽ മാത്രമെ ഉറക്കം വരൂ എന്ന് പറഞ്ഞു എന്നെ ചുറ്റിവരിഞ്ഞ ആ കൈകൾ സ്വന്തം തുടയിടുക്കിൽ വെച്ച് തിരിഞ്ഞു കിടന്നു ഉറങ്ങുന്ന ഭർത്താവിനെ സങ്കടത്തോടെ നോക്കിയ രാത്രികൾ നിരവധിയാണ്. എപ്പോഴും തിരക്ക് തന്നെ എന്നെ ഒന്ന് ശ്രദ്ധിക്കാനോ , അടുത്തു ഇരുന്നു രണ്ട് വാക്ക് സംസാരിക്കാൻ നേരമില്ലാതായി, തിരക്ക് അഭിനയിക്കുന്ന ഭർത്താവിനെ അതോടെ ഞാൻ വെറുത്തു

പിന്നെ ഞാൻ എന്റെ മക്കളിലേക്ക് മാത്രമായി ചുരുങ്ങി. എന്നെ അകറ്റി നിറുത്തുന്ന ഭർത്താവിനെ ഞാനും അകറ്റി നിർത്തി ഒരു വീട്ടിൽ അന്യരെപ്പോലെ ഞങ്ങൾ പിന്നിടങ്ങോട്ട് ജീവിച്ചു. മക്കളെ സ്നേഹിച്ചും പുന്നാരിച്ചും ഞാൻ എന്നെത്തന്നെ മറന്നു പോയി. അവർ അതിന്റെ നൂറിരട്ടി എന്നെയും സ്നേഹിച്ചു. മക്കളുടെ സുഖങ്ങൾ  സന്തോഷങ്ങൾ മാത്രം കണ്ട് ജീവിക്കാൻ തുടങ്ങി. ഭർത്താവിനെ മാറ്റി നിറുത്തുകയും ചെയ്തു അവർ അത് ആർഹിക്കുന്നതായി തോന്നി.

അവർ അവരുടെ കടമ നിറവേറ്റുന്നു എന്ന മട്ടിലായി ജീവിതം, മക്കളെ അച്ഛനിൽ നിന്നു അകറ്റി നിറുത്താൻ ഞാൻ എന്നും ശ്രമിച്ചു കൊണ്ടിരുന്നു. രണ്ടു ആൺ മക്കളും വളർന്നു വലുതായി, അവർക്ക് ചിറകു മുളച്ചപ്പോൾ അവർ അവരുടെ പാട്ടിന് പറന്നകന്നു; അവർ അവരുടേതായ ജീവിതം കെട്ടിപ്പൊക്കി അവരുടെ ഇണയുടെ സുഖസൗകര്യങ്ങൾ മാത്രം നോക്കി ജീവിച്ചു, ലാളിച്ചു വളർത്തിയ അമ്മയെ മക്കൾ മറന്നു

ഇതിലൊന്നും എന്റെ ഭർത്താവ് തകരുന്നതോ വിഷമിക്കുന്നതോ ഞാൻ കണ്ടില്ല അവർ ഇതെല്ലാം മുൻപേ കണ്ടത് പോലെ തോന്നി. അവർ അവരുടെ ലോകത്തു തന്നെ രാവിലെ പോകുക രാത്രി കയറി വരുക, ചിലപ്പോൾ വൈകിയായിരിക്കും വരുക, ചില ദിവസങ്ങളിൽ വരാറില്ല ബിസിനസ്സ് ടൂർ ഞാൻ അതൊന്നും ശ്രദ്ധിക്കാനെ പോകാറില്ല. അവരിലേക്ക് തിരിച്ച് പോകാൻ ഞാൻ ഒരുക്കമായിരുന്നില്ല സ്നേഹമില്ലാത്ത മനുഷ്യൻ, ഭർത്താവിന് ഭാര്യയോട് എന്ത് മാത്രം സ്നേഹം ഉണ്ടാകും സിനിമയിൽ ഒക്കെ ഞാൻ കണ്ടിട്ടുള്ളതല്ലേ..പിണങ്ങി മാറി നിന്നാൽ അടുത്തു വന്നു കെട്ടിപ്പിടിക്കുകയും, ഉമ്മ വെക്കുകയും ചെയ്യുന്നത് കണ്ടിട്ട് എത്രമാത്രം സങ്കടപെട്ടിരിക്കുന്നു ഞാൻ.

ഭർത്താവിനോട് കൂടുതൽ വെറുപ്പ് തോന്നുകയും ചെയ്തിരുന്നു, അപ്പോൾ എന്റെ അടുത്തു ഒന്ന് ഇരുന്നെങ്കിൽ, എന്നെ ഒന്ന് വട്ടം പിടിച്ചെങ്കിൽ, അടുക്കളയിൽ ജോലി ചെയ്യുന്നതിനിടയിൽവന്നു എന്റെ കഴുത്തിൽ ഒരു ഉമ്മ തന്നിരുന്നെങ്കിൽ, ചെവിയുടെ പിറകിൽ മൂക്ക് ഒന്ന് ഉരസിയെങ്കിൽ..എന്നോട് ചേർന്നു നിന്ന് “ഇന്ന് എന്നാ സെപ്ഷൽ” എന്ന് കൊഞ്ചലോടെ ചോദിച്ചിരുന്നെങ്കിൽ …?

എവിടെ..സമയത്തിന് ഡൈനിങ്ങ് ഹാളിൽ വന്ന് ഇരിക്കും മുന്നിൽ വിളമ്പിവെച്ചത് എടുത്തു കഴിക്കും ഒരു ആഭിപ്രായവും പറയില്ല. ഞാൻ വൈകും എന്ന് ഇറങ്ങാൻ നേരം ആരോടെന്നില്ലാതെ പറയുന്നത് കേൾക്കാം, രാത്രി എത്ര വൈകിയാലും വീട്ടിൽ വന്നേ ഭക്ഷണം കഴിക്കുകയുള്ളു മിണ്ടാതെ ഇരുന്നു കഴിച്ചിട്ട് പോയി പോത്തുപോലെ കിടന്നുറങ്ങും.

ഞാൻ അവരെ കാത്തിരിക്കുകയൊന്നുമില്ല നേരത്തെ കഴിച്ച് ഞാൻ കിടക്കും എന്തിന് കാത്തിരിക്കണം. സ്നേഹിക്കാനറിയാത്ത  മനുഷ്യനെ. വീട്ടിലെ ഏകാന്തതയ്ക്കിടയിലാണ്  ഞാൻ എന്റെ അമ്മയെ ഓർത്തത്, അമ്മയെ മാറ്റി നിറുത്തിയതാണോ അതോ എന്റെ തിരക്ക് കാരണം മാറ്റി നിറുത്തേണ്ടി വന്നതാണോ, ഒന്നും ഞാൻ ആലോചിച്ചിട്ടില്ല. അമ്മയുടെ അരികിലേക്ക് ഞാൻ പോയി.

“മോളു നീ വന്നോ..”

അമ്മയുടെ ആ വിളിയിൽ തന്നെ ഞാൻ ഒരു കൊച്ച് കുഞ്ഞായി മാറിയത് പോലെ തോന്നി. അമ്മയുടെ മുഖത്തെ ആ സ്നേഹം വാത്സല്യം വീണ്ടും അനുഭവിച്ചപ്പോൾ എന്താണെന്ന് അറിയില്ല വല്ലാത്ത കുറ്റബോധം തോന്നിപ്പോയി അമ്മയെ ഇടക്ക് മറന്നു പോയതിൽ. അമ്മയെ കെട്ടിപ്പിടിച്ചു ഉറങ്ങുമ്പോൾ ഇത്രയേറേ സമാധാനത്തിലും സന്തോഷത്തിലും ഇതിന് മുൻപ് ഞാൻ ഉറങ്ങിയിട്ടില്ലെന്ന് തോന്നി. ഇതാണ് സുഖ ജീവിതം അമ്മയുടെ കൂടെ…

ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മയെ നോക്കാൻ ഏൽപ്പിച്ച ഹോം നേഴ്സിനെ മൂത്ത ജേഷ്ഠൻ പറഞ്ഞയച്ചു.. “പ്രഭ ഉണ്ടല്ലോ അവിടെ അമ്മയെ നോക്കാനായി പിന്നെ വെറുതെ എന്തിന് കാശ് കളയണം..”

വീട്ട് ജോലി, അമ്മയെ നോക്കുന്ന പണി, എല്ലാം ഞാൻ ഒറ്റക്ക് തന്നെ ചെയ്യണമായിരുന്നു..പിന്നെ ആദ്യമുണ്ടായിരുന്ന സന്തോഷമെല്ലാം മെല്ലെ മെല്ലെ അവസാനിച്ചു, അമ്മയ്ക്ക് കൃത്യസമയത്ത് കിട്ടിയിരുന്ന മരുന്നു, ഭക്ഷണം ഒക്കെ സമയം തെറ്റിയപ്പോൾ അമ്മ വഴക്കിടാൻ തുടങ്ങി. മറ്റ് മക്കളോട് പരാതി പറഞ്ഞു..

“ഹോ ഇവളെക്കൊണ്ട് ഒരു കാര്യവുമില്ല എന്നെ ഇവൾ ശെരിക്ക് നോക്കണില്ല ഹോം നേഴ്സായിരുന്നു ഇതിലും ഭേദം..”

അമ്മുടെ വായിൽ നിന്ന് അത് കേട്ടപ്പോൾ കടുത്ത ദേഷ്യമാണ് തോന്നിയത്. കൂടെപിറപ്പുകളിൽ ഇളയവൾ കുട്ടികളെയും കൂട്ടി അമ്മയുടെ അടുത്തു നിൽക്കാൻ വന്നപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു. പക്ഷേ ആ സന്തോഷം കുച്ച് നാളുകളെ ഉണ്ടായിരുന്നുള്ളു.

അവൾ ഒരു ജോലിയും ചെയ്യാതെ ചുമ്മായിരിക്കും ഇരുപതും, ഇരുപത്തിരണ്ടും വയസ്സ് ഉള്ള അവളുടെ പെൺമക്കൾ കഴിച്ച പാത്രം പോലും കഴുകി വെക്കാറില്ല. അമ്മക്ക് എന്നും അവളോടായിരുന്നു പുന്നാരം, അമ്മയെ ചുറ്റിപ്പറ്റി നിൽക്കുകയാണ് പണ്ടത്തെ പോലെ തന്നെ ഇന്നും അവൾ.

ജോലി ചെയ്തു എനിക്ക് മടുത്തു ഞാൻ ആരോടെന്നില്ലാതെ പിറുപിറുത്തു.

“ചേച്ചി ഞാൻ ഇവിടെ റെസ്റ്റ് എടുക്കാൻ തന്നെ വന്നതാണ് വർഷത്തിൽ സ്കൂൾ അടച്ചാൽ ഞാൻ ഇവിടെ വന്നിട്ടാ ഇത്തിരി സമാധാനത്തോടെ കഴിയുന്നത്, എന്റെ വീട്ടിലെ പങ്കപ്പാടിൽ നിന്ന് ഒരാശ്വാസത്തിനാ ഇവിടേക്ക് ഓടി വരുന്നത്..”

“അവൾ ഇങ്ങനെ തന്നെയാ പ്രഭേ..ഇവിടെ വന്നാലാ അവൾ ഇത്തിരി കൈയും കാലും വെച്ച് അടങ്ങി ഇരിക്കണത്, നിന്നെപ്പോലെ വേലക്കാരിയൊന്നും ഇല്ലല്ലോ അവൾക്ക്..” അമ്മയുടെ ഈ വാദം കൂടി കേട്ടപ്പോൾ എനിക്ക് അരിശം കേറി.

“അതിന് നിനക്ക് എന്തറിയാം നീ ഇങ്ങോട്ട് തിരിഞ്ഞു നോക്കാറുണ്ടോ?ഉദയൻ മാത്രം ഇങ്ങട്ട് ഒന്ന് വരും, അതും വെറും കൈയ്യോടെ അവൻ വരാറില്ല പലഹാരവും എനിക്ക് ഉടുക്കാൻ മുണ്ടും നേര്യതുമായി അവൻ ഓണത്തിനും വിഷവിനും കയറി വരും, നീ കൊടുത്തയച്ചതാണെന്ന് പറഞ്ഞിട്ട്..എനിക്കറിയാല്ലോ നിനക്കതിൽ ഒരു മനസ്സറിവും ഇല്യാന്ന്..അത്ര പോലും നീയോ നിന്റെ പിള്ളേരോ ഒരു വട്ടമെങ്കിലും ഇങ്ങോട്ട് ഒന്ന് തിരിഞ്ഞു നോക്കിയോ?..”

ഞാൻ ആകെ സ്തംഭിച്ചങ്ങിനെ നിന്നു പോയി. എന്ത് ഉദയേട്ടൻ ഇവിടെ അമ്മയെ കാണാൻ വരാറുണ്ടായിരുന്നോ ഞാൻ അറിഞ്ഞില്ല. അതിന് ഞാൻ അവരോട് സംസാരിക്കുന്നത് തന്നെ വല്ലപ്പോഴുമാണല്ലോ അവരുടെ മുന്നിൽ പോലും പോയി നിൽക്കാറില്ല. എന്റെ മനസ്സ് ആകെ ഉലഞ്ഞു അന്ന് വൈകിട്ട് രണ്ട് ചേട്ടന്മാരും വന്നു കാവിലെ പൂരമായതിനാൽ. വീട് ആകെ ഉണർന്നു പക്ഷേ എന്റെ മനസ്സിന് മാത്രം ഒരു ഉണർവും ഉണ്ടായിരുന്നില്ല ഞാൻ അവിടെ ഒറ്റപ്പെട്ടത് പോലെ തോന്നി , അടുക്കളയിലെ പാത്രങ്ങൾക്കിടയിൽ കുരുങ്ങിയത് പോലെയായി…

“പ്രഭേ  ചായ..പ്രഭേ അവൽ വിളയിച്ചോളുട്ടോ..” ഏട്ടത്തിയമ്മയുടെ നിർദ്ദേശം.

“പ്രഭേ അത്താഴത്തിന് കഞ്ഞിയും ചമ്മന്തിയും മതീട്ടോ..പ്രഭേ ഇത്തിരി ചൂട് വെള്ളം വെക്കുക ഒന്ന് മേൽ കഴുകട്ടെ,..അമ്മയുടെ നിർദ്ദേശം. എല്ലാം കഴിഞ്ഞു ഒന്ന് കുളിക്കാം എന്ന് കരുതി മുറ്റത്തെ അയലിൽ തുണി എടുക്കാൻ ഇറങ്ങിയ നേരം മുറ്റത്തെ ഒതുക്ക് കല്ലുകൾ കയറി ഒരാൾ വരുന്നു. മങ്ങിയ വെട്ടത്തിലും ആളെ മനസ്സിലായി..

ഉദയേട്ടൻ!!

കാലുകൾ മുറ്റത്തു തറഞ്ഞു നിന്നു പോയി ഉദയേട്ടൻ നടന്നു അടുത്തു വന്നു എന്നെ നോക്കി ചിരിച്ചു.

“ഇത് എന്ത് കോലമാടി കുളിക്കുകയും നനക്കുകയും ഒന്നു ചെയ്യാറില്ലേ നീ..” അതും പറഞ്ഞു എന്റെ നേർക്ക് ഒരു വലിയ കവർ നീട്ടി

“ഇന്നാ ഇതു കൊണ്ടുപോയിവെക്കു എന്നിട്ട് കുളിച്ച് വാ..നാറിയിട്ട് വയ്യ…” അതും പറഞ്ഞു ചിരിച്ചു എന്നെക്കാൾ മുന്നേ അവർ വീട്ടിലേക്ക് കയറിപ്പോയി.

ഞാൻ ആകെ തളർന്ന പോലെയായി ആരുടെ മുന്നിൽ പെടരുതു എന്ന് കരുതിയോ ആ ആളുടെ മുന്നിൽ തന്നെ വന്നുപെട്ടു അതും ഈ കോലത്തിൽ തന്നെ. ഉദയേട്ടനെ വീട്ടിൽ വെച്ചു തന്നെ ഞാൻ അകറ്റി നിറുത്തിയതാണ് എന്തോ അത്രയേറെ അകന്ന് പോയിരിക്കുന്നു എന്റെ മനസ്സ് ഞാൻ ആഗ്രഹിച്ച ജീവിതം ആയിരുന്നില്ല എനിക്ക് കിട്ടിയത്.

“പ്രഭേ..” ഓ അമ്മ വിളിക്കുന്നത് കേട്ടു.

വേഗം കുളിക്കാൻ പോയി, കുളിച്ചു മാറി വരുമ്പോൾ ഉദയേട്ടൻ ചായ കുടിക്കുന്നു. നിന്നെ കാത്തിരുന്നാൽ ചായ തണുക്കും അതാ ഞാൻ ചായ കുടിക്കാൻ തുടങ്ങിയത്

ഉദയേട്ടന് എന്നോട് ഒരു പരിഭവവുമില്ലേ?

ഞാൻ ഇത്രയേറെ അവഗണിച്ചിട്ടും അവർക്ക് എന്നോടു ഒരു പിണക്കവും ഇല്ലേ?..

“പ്രഭേ അത്താഴത്തിന് ഒരുക്കുന്നില്ലേ..” ഏട്ടത്തിയുടെ ചോദ്യം കേട്ട് ഞാൻ അടുക്കളയിലേക്ക് നടന്നു. ഉദയേട്ടൻ ഇന്ന് പോകുമോ..അതായിരുന്നു എന്റെ മനസ്സിൽ. അത്താഴം ഒരുക്കി ഉമ്മറത്തേക്കു വരുമ്പോൾ ഉദയേട്ടൻ സോഫയിൽ ഇരിക്കുന്നു.

“പ്രഭേ പൂരത്തിന് പോകണ്ടെ നിനക്ക് എല്ലാരും പോയിരിക്കുന്നു..”

അപ്പോഴാണ് ഞാനാകാര്യം ഓർത്തത് തന്നെ എന്നെയാരും വിളിച്ചില്ലല്ലോന്ന്.

“നീ എന്താ ഓർത്തിരിക്കുന്നത് ഞാൻ നിന്നെ കാത്തിരിക്കാൻ തുടങ്ങിയിട്ട് നേരം എത്രയായി വേഗം ഒരുങ്ങി വാ..”

എത്ര നാളുകളായി ഞാനിങ്ങനെ ഉദയേട്ടന്റെ കൂടെ പുറത്തേക്ക് ഒക്കെ പോയിട്ട്, കൈകൾ തമ്മിൽ കൂട്ടിമുട്ടുന്നു, തോളുകൾ തമ്മിൽ ഉരസുന്നു എന്റെ ശരീരത്തിൽ വൈദ്യുതി പ്രവാഹം കടന്നപോലെ തോന്നി. കല്യാണം കഴിഞ്ഞ മക്കളുടെ അമ്മയാണ് ഞാൻ എന്നിട്ടും ഇപ്പോൾ നവവധുവിനെ പോലെയായിരിക്കുന്നു എന്റെ മനസ്സ്.

നിനക്ക് എന്തെങ്കിലും വേണോ എന്ന് കൂടെ കൂടെ ചോദിക്കുന്നുണ്ട് ഉദയേട്ടൻ പക്ഷേ എനിക്ക് ഒന്നും വേണ്ടായിരുന്നു ഈ സ്നേഹം ഈ പരിഗണന ഇത് മാത്രം മതിയായിരുന്നു.

രാത്രി വെള്ളവുമായി മുറിയിൽ കടന്നപ്പോൾ ഉദയേട്ടൻ ജനലിൽ പിടിച്ച് പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു..കിടക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ അവർ തിരിഞ്ഞു നോക്കി.

“പ്രഭേ.. എന്താ നിന്റെ തീരുമാനം..” ഞാൻ ആകെ പകച്ചു പോയി.

“എന്താ ഉദയേട്ടാ.. “

“നീ ഇനി ഇവിടെതന്നെ നിൽക്കാൻ തീരുമാനിച്ചോ?.. അങ്ങിനെയെങ്കിൽ എന്നെ എന്റെ പാട്ടിന് വിട്ടേക്കു, നമ്മുടെ മക്കൾ ഒക്കെ ഒരോ കുടംബമായി കഴിയുന്നു ഇനി അവർക്ക് നമ്മുടെ ആവശ്യം ഇല്ലന്ന് പറയാം..നീ എന്തിനായിരുന്നു എന്നെ വെറുത്തത് പറ?..ഞാൻ ചെയ്ത തെറ്റ് എന്താ ?.. നീ പറ നിനക്ക് എന്നായിരുന്നു എന്നെ മടുത്തു തുടങ്ങിയത് ?.. “

ഉദയേട്ടന്റെ ചോദ്യ ശരങ്ങളിൽ ഞാൻ പകച്ചു നിന്നു പോയി.

“ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ ഞാൻ ചിലപ്പോൾ സ്നേഹിക്കാൻ പിശുക്ക് കാണിച്ചിട്ടുണ്ടാകും..നീയും മക്കളും നല്ല നിലയിൽ ജീവിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു എനിക്ക് വേണ്ടിയല്ല ഞാൻ ജീവിച്ചത് രാപ്പകൽ ഓടിനടന്നു തളർന്നു വീട്ടിൽ വന്നു കട്ടിലിൽ വീണതെ ഓർമ്മയുണ്ടാകു..തെറ്റായിരിക്കാം അത്, ആ സമയത്ത് എന്റെ ഒപ്പം നിൽക്കേണ്ടവളാ നീ..പക്ഷേ നീ എന്നിൽ നിന്നും അകന്ന് നിന്നു..സ്നേഹത്തോടെ ഭക്ഷണം വിളമ്പി തന്നിട്ടുണ്ടോ?.. ഒന്ന് അടുത്തു ഇരുന്നു മുഖം എന്തെ വാടിയത് ബിസിനസ്സിൽ എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടോ എന്ന് ഒരു വാക്ക് ചോദിച്ചിരുന്നെങ്കിൽ?.. ഒരു വീട്ടിൽ അന്യരെ പോലെ നമ്മൾ കഴിഞ്ഞത് വർഷങ്ങൾ ആണ്, നമ്മുടെ നല്ല സമയമെല്ലാം നിന്റെ വാശിയിൽ നീ നശിപ്പിച്ചു എന്റെ വിഷമത്തിനിടയിൽ എന്റെ കൂടെ ചേർന്നു നിന്നിരുന്നെങ്കിൽ..രാത്രിയിൽ നീ എന്നെ ഒന്ന് ചേർത്തുപിടിച്ചിരുന്നെങ്കിൽ..ജീവിതം സന്തോഷകരമാക്കാൻ ഭാര്യ കൂടി വിചാരിക്കണം… “

“ഭർത്താവിനെ മാത്രം കുറ്റം പറയരുത്, സിനിമയല്ല ജീവിതം അത് നീ മനസ്സിലാക്കണം നായകൻ നായികയെ തോളിലേന്തി നടന്നിട്ടുണ്ടാവാം അവർക്ക് എന്നും മധുവിധു തന്നെയായിരിക്കും അത് സിനിമയാണ് പെണ്ണെ..സിനിമയും ജീവിതവും രണ്ടും രണ്ടാണ്.. “

“ഞാൻ നിന്നെ കെട്ടിപ്പിടിച്ച് കിടക്കാറില്ല എന്ന് പരാതി പറയുകയല്ല വേണ്ടത്, ഞാൻ തളർന്നു കിടന്നത് കാണ്ടാൽ എന്നെ നീ ഒരു അമ്മയെ പോലെ ചേർത്തു പിടിച്ചു സ്നേഹത്തോടെ ഒന്ന് തലോടി നെറ്റിയിൽ ഒരുമ്മ തന്നിരുന്നെങ്കിൽ..ഞങ്ങൾ ആണുങ്ങളും ഇത് ഒക്കെ ആഗ്രഹിക്കുന്നവരാണ് പെണ്ണെ..ഭാര്യ ഒരു അമ്മയാണ്, കാമുകിയാണ്, മകളാണ് അറിയോ നിനക്ക്..”

“എന്നെ ഒന്നു മനസ്സിലാക്കാൻ എന്റെ വിഷമതകളിൽ കൂടെ ചേർന്നു നിൽക്കാൻ ശ്രമിച്ചിട്ടില്ല നീ ഒരിക്കലും..നമ്മുടെ മക്കളെ പോലും നീ എന്നിൽ നിന്ന് അകറ്റി നിറുത്തിക്കളഞ്ഞു.. ഇപ്പോൾ അവർ എവിടെ?. എന്നെ ആ വീട്ടിൽ തനിച്ചാക്കി എന്നോട് ഒരു വാക്ക് ചോദിക്കാതെ നീ ഇങ്ങോട്ട് പോന്നു എന്തിനായിരുന്നത്?.. “

“ഇനിയും ഇങ്ങനെ കഴിയാൻ എനിക്ക് വയ്യ നിന്റെ തീരുമാനം അറിയണം അതിനാണ് ഞാൻ വന്നത്..നമുക്ക് പിരിയാം …? “

ഞാൻ ഞെട്ടി വിറച്ചു..

“ഉദയേട്ടാ.. ” ഞാൻ അലറി വിളിച്ചു.

ശബ്ദം പുറത്തുവന്നില്ല കൈകാൽ തളർന്നു ശരീരത്തിന് ബലമില്ലാതെ ഞാൻ താഴേക്ക് ഊർന്നു നിലത്ത് ഇരുന്നു പോയി. ആ കൈകൾ നീണ്ടു വന്നു എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു.

“ഉദയേട്ടാ.. ” ഞാൻ പൊട്ടിക്കരഞ്ഞു കൊണ്ട് അവരെ ചുറ്റിവരിഞ്ഞു.

“പോട്ടെ സാരമില്ല, നീയെന്നെ മനസ്സിലാക്കിയില്ല. എന്നും ഒരു ഭാര്യക്ക് ഭർത്താവും, ഭർത്താവിന് ഭാര്യയുമാണ് തുണ..മറ്റ് എല്ലാവരും അതിഥികളാണ് അവർ നമ്മുടെ ജീവതത്തിൽ വന്നു പോകുന്നവരാണ്,..

“ക്ഷമിക്കു ഉദയേട്ടാ.. ” ഞാൻ വിക്കി വിക്കി പറഞ്ഞു.

“വാ സമയം കുറേയായി നമുക്ക് കിടക്കാം.. “

ഞങ്ങൾ കുറേ നാളുകൾക്ക് ശേഷം ഒരു മുറിയിൽ ഒരു കുട്ടിലിൽ പരസ്പരം പുണർന്നു കിടന്നു.

“പ്രഭേ..എഴുന്നേൽക്കു സമയം ഒത്തിരിയായി. “

ഞാൻ കണ്ണു തുറന്നു നോക്കുമ്പോൾ ഉദയേട്ടന്റെ മാറിൽ തല പൂഴ്ത്തി ഞാൻ കിടക്കുകയാണ്. മുഖം ഉയർത്തി ഉദയേട്ടനെ നോക്കിയപ്പോൾ എന്നെ കള്ളച്ചിരിയോടെ നോക്കി കിടക്കുകയാണ് ആള്.

“നമ്മുടെ രണ്ടാം മധുവിധു..” ഉദയേട്ടൻ മെല്ലെ പറഞ്ഞു ചിരിച്ചു..എല്ലാരോടും യാത്ര പറഞ്ഞു കാറിൽ കയറി.

“നമുക്ക് നേരേ ഊട്ടിക്ക് വിട്ടാലോ നമ്മുടെ രണ്ടാം മധുവിധു അവിടെയാക്കാം അല്ലേ.. ” ഉദയേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

ശുഭം

~അനിത