ചേച്ചി വേറെ ആരെ കല്യാണം കഴിച്ചാലും കുഴപ്പം ഇല്ലായിരുന്നു. ഇതിപ്പോ..ബാക്കിയുള്ളവർക്ക് ഇവിടെ ഒരു നിലയും വിലയുമുണ്ട്…

Story written by Jainy Tiju

::::::::::::::::::::

” ചേച്ചി ഒന്നവിടെ നിന്നേ…”

പതിവില്ലാതെ അനിയന്റെ സ്വരത്തിലെ ഗൗരവം കേട്ട് ഞാനൊന്നമ്പരന്നു.

“ഹമ്, എന്താടാ?”

” ചേച്ചി ഇതുവരെ എവിടെയായിരുന്നു? “

“ഞാൻ കമ്പനിയിൽ. നിനക്കറിയില്ലേ?” ഞാൻ മുഖം ചുളിച്ചു.

“അത് അഞ്ചുമണി വരെ. അത് കഴിഞ്ഞു ആ രാജീവിന്റെ കൂടെ എവിടെ പോയെന്നാ അവൻ ചോദിച്ചത്? ” അമ്മയാണ്. അമ്മയുടെ സ്വരത്തിലും മൂർച്ച. അനിയത്തിയുടെ മുഖവും വീർത്തു തന്നെയാണ്.

“എനിക്ക് ചില ആവശ്യങ്ങൾ ഉണ്ടായിരുന്നു. അതിന് പോയി. ഇപ്പോ എന്താ നിങ്ങളുടെ പ്രശ്നം? ” ഞാൻ ശാന്തമായി ചോദിച്ചു.

“ഇത്രയൊക്കെ ചെയ്തുകൂട്ടിയിട്ടും നിനക്ക് മതിയായില്ലേ? അച്ഛന്റെയും ആങ്ങളയുടെയും മുഖത്ത് ഇനിയും കരിവാരി തേക്കാനാണോ നിന്റെ ഉദ്ദേശം? ” അമ്മ ദേഷ്യത്തിലാണ് പറഞ്ഞതെങ്കിലും എനിക്ക് ചിരിയാണ് വന്നത്. രാജീവുമായുള്ള വിവാഹാലോചന അറിഞ്ഞു അമ്മ വിളിച്ചു വരുത്തിയിരിക്കുന്നതാണ് രണ്ടുപേരെയും എന്നുറപ്പ്.

“നിങ്ങൾക്കിതെന്ത് പറ്റി? ” ചിരിച്ചു കൊണ്ടാണ് ഞാൻ ചോദിച്ചത്.

“കൊള്ളാവുന്ന ഒരുത്തന്റെ കൂടെ അന്തസ്സായി കെട്ടിച്ചു വിട്ടതല്ലേ നിങ്ങളെ? കൊല്ലം രണ്ടാകുന്നതിനു മുൻപ് ഭർത്താവിനെയും ആറുമാസം പോലും തികയാത്ത കൊച്ചിനെയും ഉപേക്ഷിച്ചു തിരിച്ചു വന്നത് ഇവന്റെ കൂടെ പൊറുക്കാമെന്നു കരുതിയാണെങ്കിൽ അത് നടക്കില്ല ചേച്ചി. ഞങ്ങളൊക്കെ കുടുംബമായി അന്തസ്സായി ജീവിക്കുന്നവരാ. “

അനിയത്തിയാണ്. അവളും അപ്പോൾ യുദ്ധത്തിനുറപ്പിച്ചാണ് വന്നിരിക്കുന്നത്.

“ആരാടി ഇവളെ അന്തസ്സായി കെട്ടിച്ചു വിട്ടത്? നീയോ അതോ നിന്റെ ആങ്ങളയോ? “

പുറകിൽ അച്ഛൻ വന്നു നിന്നത് ആരും കണ്ടില്ല.

“അച്ഛാ ഞാൻ… ” അവളൊന്നു പതറി.

“നിങ്ങളെന്തിനാ അവളോട് ദേഷ്യപ്പെടുന്നത്? അവൾ പറഞ്ഞതിൽ എന്താ തെറ്റ്? അതുപോലെ കല്യാണം കഴിച്ചു വിട്ടതല്ലേ അവളെയും. അവൾ അവിടെ അടങ്ങിയൊതുങ്ങി മര്യാദക്ക് ജീവിക്കുന്നുമുണ്ട്. അല്ലെങ്കിലും നിങ്ങക്ക് മൂത്തമോൾ രേവതി കഴിഞ്ഞല്ലേ ഉള്ളൂ എല്ലാം. അവൾ പറയുന്നതല്ലേ ഇവിടുത്തെ വേദവാക്യം. അവൾ എന്ത് തോന്നിവാസം കാണിച്ചാലും നിങ്ങള് ചോദിക്കുകേം ഇല്ല. “

അമ്മ അച്ഛന് നേരെ തിരിഞ്ഞു.

“അവൾ രാജീവിനെ കല്യാണം കഴിക്കാൻ പോകുന്നു എന്നതാണോ നിങ്ങളുടെ പ്രശ്നം? “

“അച്ഛാ, അച്ഛൻ ഉദ്ദേശിക്കുന്നത് പോലെ അല്ല കാര്യങ്ങൾ. നാട്ടുകാരുടെ മുഖത്തു നോക്കാൻ വയ്യ. ഇയാളുമായിട്ട് പണ്ടേ ബന്ധം ഉണ്ടായിരുന്നു, ഇയാൾക്ക് വേണ്ടിയാ സൂരജേട്ടനെയും കുഞ്ഞിനേയും കളഞ്ഞിട്ട് ഇവൾ വന്നതെന്നാ ആൾക്കാർ പറയുന്നത്. അപ്പോ ഈ കല്യാണം നടന്നാൽ ആ പറയുന്നതാണ് ശരി എന്നാവില്ലേ? ചേച്ചി വേറെ ആരെ കല്യാണം കഴിച്ചാലും കുഴപ്പം ഇല്ലായിരുന്നു. ഇതിപ്പോ..ബാക്കിയുള്ളവർക്ക് ഇവിടെ ഒരു നിലയും വിലയുമുണ്ട്. “

അനിയൻ പറഞ്ഞു നിർത്തി.

“എന്നുമുതലാ നിനക്കീ നിലയും വിലയും ഉണ്ടായതെന്നോർമയുണ്ടോ എന്റെ മോന്? ഉണ്ടായിരുന്ന ഓട്ടു കമ്പനിയും പൂട്ടി, ജപ്തിനോട്ടീസ് ഒട്ടിച്ച വീട്ടിൽ മൂന്നുമക്കൾക്കും വിഷം കൊടുത്തു ആ ത്മഹ ത്യ ചെയ്യാൻ ഞാനും നിന്റെ അമ്മയും തീരുമാനിച്ച ഒരുകാലം ഉണ്ടായിരുന്നു. അന്നൊരു നാട്ടുകാരും ഉണ്ടായിരുന്നില്ല. അവിടെ നിന്ന് എങ്ങനെയാ ഈ കാണുന്ന നിലയിലേക്കെത്തിയത് എന്ന് അറിയാമോ മനു നിനക്ക്.? “

അച്ഛന്റെ ശബ്ദം ഇടറി.

“ഇതൊക്കെ എല്ലാർക്കും അറിയാവുന്ന കഥകൾ തന്നെയാ. സൂരജേട്ടൻ തന്നെയാ കടം വീട്ടിയതും എന്റെ കല്യാണത്തിന് പണം തന്നതും ഇപ്പോ ഇഷ്ടികകമ്പനി തുടങ്ങാൻ പൈസ തന്നതും ഒക്കെ..അത്രയും നല്ലൊരാളെ ഇട്ടിട്ട് വന്നത് ഇവളല്ലേ. ഇവളു ചെയ്തതിന്റെ പേരിൽ കുത്തുവാക്ക് കേൾക്കാത്ത ഒരു ദിവസമില്ല. അതെങ്ങനെയാ അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കില്ലല്ലോ. ഇവൾക്ക് വല്ല ചെമ്മാനും ചെരുപ്പ് കുത്തിയേമൊക്കെയേ പറ്റൂ. “

രജനിയും വിട്ടുകൊടുത്തില്ല.

“ദാസേട്ടാ, നിങ്ങൾ പറഞ്ഞ ആ ഗതികെട്ട കാലത്ത് ഈശ്വരനെപ്പോലെയാ സൂരജ്‌മോൻ വന്ന് ഇവളെ കണ്ടിഷ്ടപ്പെട്ടതും കല്യാണം കഴിച്ചതും. ആലയ്ക്കൽ കോവിലകത്തെ ഇളയ തലമുറ നമ്മളെപ്പോലെ ഒരു സാധാരണക്കാരന്റെ വീട്ടിൽ വന്ന് കല്യാണം കഴിച്ചതെ മഹാഭാഗ്യം ആയിരുന്നു. അതും ദുബായിൽ ഇത്രയും വല്യ ഒരു ബിസിനസ് നടത്തുന്ന ഒരാൾ..എന്നിട്ട് ഇവൾ ചെയ്തതോ, രണ്ടുകൊല്ലം തികയുന്നതിന് മുന്നേ എല്ലാം ഇട്ടെറിഞ്ഞു തിരിച്ചു വന്നു. അതും മു ലകു ടി മാറാത്ത കുഞ്ഞിന് ഒരവകാശവും പറയില്ലെന്ന് എഴുതികൊടുത്ത്, കുറെ പണവും വാങ്ങിയിട്ട്. അപ്പോഴൊന്നും ഞങ്ങൾ ആരും ഒന്നും പറഞ്ഞില്ല. പറയാൻ നിങ്ങൾ സമ്മതിച്ചില്ല. എന്നിട്ട് രണ്ടുവർഷം ആയി. ഇതിനിടക്ക് ഇവൾ ആ കുഞ്ഞിനെ ഓർത്ത് കരയുന്നത് ഞാൻ കണ്ടിട്ടില്ല. ഒന്ന് വിളിച്ചു അന്വേഷിച്ചിട്ടില്ല. എന്തിന്, ഒരു ഫോട്ടോ പോലുമില്ല ഇവളുടെ കയ്യിൽ. എല്ലാം ഈ അലവലാതിക്ക് വേണ്ടിയായിരുന്നു എന്ന് കേൾക്കുമ്പോ ദെണ്ണം ഉണ്ട്. “

അമ്മ കരഞ്ഞു തുടങ്ങി…

“ശരിയാണ്. അന്നും ഇഷ്ടമായിരുന്നു അമ്മ പറഞ്ഞ ആ അലവലാതിക്ക് എന്നേ. വിവാഹം കഴിച്ചു എന്നെ കൊണ്ടുപോയി പോറ്റാനുള്ള മനസും ഉണ്ടായിരുന്നു. പക്ഷെ, ആ പാവം ഓട്ടോക്കാരന് ആ ത്മഹ ത്യയുടെ മുനമ്പിൽ നിൽക്കുന്ന ഈ കുടുംബത്തെ മുഴുവൻ രക്ഷിക്കാനുള്ള കഴിവില്ലായിരുന്നു. “

ഞാൻ ശാന്തമായി തന്നെയാണ് സംസാരിച്ചത്.

“എന്നിട്ടോ, എന്നിട്ട് നീയെന്താ ചെയ്തത്? ഇവനെയും മനസ്സിൽ വെച്ച് ഈശ്വരതുല്യം കാണേണ്ട ആ മഹാപാവത്തിനെ വഞ്ചിച്ചു. സ്വന്തം കുഞ്ഞിനോട് പോലും ഒരമ്മ ചെയ്യാത്ത ദ്രോഹം ചെയ്തു നീ. നിന്നെക്കാൾ അന്തസ്സുണ്ടെടി ശരീ രം വി.റ്റ് ജീവിക്കുന്നവർക്ക്.. “

“മതിയമ്മേ നിർത്ത്. ഇനി കൂടുതൽ പറഞ്ഞ് അമ്മ എന്റെ മുന്നിൽ ചെറുതാവണ്ട. ഞാനും ശ രീരം വിറ്റ വ ളാ. പക്ഷെ, അത് അമ്മ ഉദ്ദേശിക്കുന്ന അർത്ഥത്തിൽ അല്ല

“മോളെ.. ” അച്ഛൻ ദയനീയമായി വിളിച്ചു

“ഇനി വയ്യ അച്ഛാ. ഇനിയെങ്കിലും എല്ലാവരും എല്ലാം അറിയട്ടെ. ഞാനെന്തിനാ ഇങ്ങനെ എന്നും ഇവരുടെ മുന്നിൽ തെറ്റുകാരിയായി നിൽക്കുന്നത്? “

“അമ്മ പറഞ്ഞത് ശരിയാ. നമുക്ക് കേറിചെല്ലാൻ പോലും അർഹത ഇല്ലാത്ത അവർ എന്നെ വിവാഹം കഴിച്ചു കൊണ്ടുപോയത്. അത് ലോകത്തിന്റെ മുമ്പിൽ മാത്രം ആയിരുന്നു. പക്ഷെ, ജീവിതത്തിൽ ഞാനയാളുടെ ഭാര്യയോ ആയാൽ എന്റെ ഭർത്താവോ ആയിരുന്നില്ല. ആ പാവം അമ്മ ആഗ്രഹിച്ചത് മകനൊരു നല്ല കൂട്ടുകാരിയെയായിരുന്നു. പക്ഷെ ആ മകൻ സ്വന്തം ജീവിതം പങ്കു വെക്കാൻ ആഗ്രഹിച്ചത് സ്വന്തം കൂട്ടുകാരനോട് ഒന്നിച്ചായിരുന്നു. ഇന്നും ഈ സമൂഹം മനസുകൊണ്ട് അംഗീകരിക്കാൻ മടിക്കുന്ന സ്വവർഗ്ഗ പ്രണയം.

വിവാഹം ഉറപ്പിക്കുന്നതിന് മുൻപ് അദേഹം എന്നെ കാണാൻ വന്നിരുന്നു. എല്ലാം തുറന്നു പറയാൻ. അയാൾക്ക് വേണ്ടത് സ്വന്തം തലമുറ  നിലനിർത്താൻ ഒരു കുഞ്ഞിനെ ആയിരുന്നു..ആ കുഞ്ഞിനെ പ്രസവിക്കാൻ ഒരു പെണ്ണിനേയും. ഒരു സരോഗേറ്റ് മദറിനെ.പക്ഷെ,നാട്ടുകാരുടെ മുന്നിലും കുടുംബക്കാരുടെ മുന്നിലും ഇത് പറയാൻ ആ അമ്മക്ക് കഴിയില്ലെന്ന്. ആ അമ്മക്ക് വേണ്ടി നാട്ടുകാർക്ക് മുന്നിൽ അഭിനയിക്കാൻ ഒരു പെണ്ണ്. ഒരു ഐ വി എഫ് ട്രീറ്റ്മെന്റിലൂടെ ഒരു കുഞ്ഞുണ്ടാവുന്നത് വരെ കോൺട്രാക്ട് ഒപ്പിടാൻ മനസ്സുള്ളൊരു പെണ്ണ്. നമ്മൾ പറയുന്നതാണ് കൂലി. കൊള്ളാവുന്ന ഒരു കുടുംബത്തിലും പോയി വാടകക്ക് ഒരു ഭാര്യയെ ചോദിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ടാണ് ഗതികെട്ട കുടുംബങ്ങളിൽ അന്വേഷിച്ചത്. ഒരു കുപ്പി വിഷവുമായി ജീവിതം അവസാനിപ്പിക്കാൻ കാത്തിരുന്നവർക്ക് എന്ത് നഷ്ടപ്പെടാൻ. ജീവനേക്കാൾ വലുതല്ലല്ലോ ജീവിതം. വിശപ്പോളം വരില്ല മാനവും. ഞാനാ ഓഫർ സ്വീകരിച്ചു. 50 ലക്ഷം രൂപക്ക് കച്ചവടം ഉറപ്പിച്ചു. നിങ്ങൾ ആരും അറിയണ്ട എന്ന് അച്ഛനെക്കൊണ്ട് സത്യം ചെയ്യിച്ചത് ഞാനാണ്. അമ്മയിതറിഞ്ഞാൽ സഹിക്കില്ല എന്നെനിക്ക് തോന്നി.

പിന്നീട് എല്ലാം പെട്ടെന്ന് ആയിരുന്നു. സൂരജിന് നാട്ടിൽ അധികം നിൽക്കാൻ കഴിയില്ല എന്ന കാരണത്തിൽ പത്തുദിവസത്തിനകം കല്യാണവും വിരുന്നും എല്ലാം കഴിഞ്ഞു. അവർ പറഞ്ഞ വാക്ക് പാലിച്ചു. വിവാഹത്തലേന്ന് 50 ലക്ഷത്തിന്റെ ചെക്ക്‌. അതേറ്റു വാങ്ങുമ്പോൾ അച്ഛന്റെ കൈ വിറക്കുന്നതും കണ്ണുകൾ നിറഞ്ഞതും ഞാൻ കണ്ടു.

വിവാഹരാത്രി അദ്ദേഹം ഒന്നേ എന്നോട് ആവശ്യപ്പെട്ടുള്ളു.. ഏറ്റെടുത്ത ജോലിയോടുള്ള വിശ്വസ്ഥത. ഒരു കാര്യത്തിലും അദ്ദേഹം എന്നെ ബുദ്ധിമുട്ടിക്കില്ല, അനാവശ്യ സെന്റിമെന്റ്സ് പറഞ്ഞു അദ്ദേഹത്തെയും ബുദ്ധിമുട്ടിക്കരുതെന്ന്.

അധികം വൈകാതെ വിസ വന്നു. ആ വീട്ടിൽ ഞാൻ ഒരു രാജകുമാരിയെപ്പോലെയായിരുന്നു. സ്വന്തമായി ഒരു മുറി, ആവശ്യങ്ങൾക്ക് ജോലിക്കാർ, നല്ല വസ്ത്രം, ആഹാരം. സൂരജിനോടൊപ്പം അദ്ദേഹത്തിന്റെ സുഹൃത്തും ആ വീട്ടിൽ തന്നെയായിരുന്നു താമസം. ചികിത്സ തുടങ്ങി അധികം കാത്തിരിക്കേണ്ടി വന്നില്ല, ഞാൻ ഗർഭിണിയായി..ഏതൊരു ഗർഭിണിയും ആഗ്രഹിക്കുന്നതിലധികം പരിചരണവും സൗകര്യങ്ങളും എനിക്കുണ്ടായിരുന്നു. ഒന്നൊഴിച്ച്, ഒരു ഭർത്താവിന്റെ സ്നേഹവും സാമീപ്യവും.

പാവം ആ അമ്മ. അവർ കരുതിയത് സിനിമയിലൊക്കെ കാണുന്നത് പോലെ, ഒരു വിവാഹം കഴിഞ്ഞാൽ സ്വന്തം മകന്റെ മനസ് മാറുമെന്നാണ്, അല്ലെങ്കിൽ ഒരു പെണ്ണിന്റെ സ്നേഹത്തിനും നിഷ്കളങ്ക പരിചരണത്തിനും അദ്ദേഹത്തെ മാറ്റിയെടുക്കാൻ കഴിയുമെന്ന്…

ഓരോ തവണ ഫോൺ ചെയ്യുമ്പോഴും അവർ എന്നെ അതോർപ്പിച്ചു കൊണ്ടിരുന്നു. പക്ഷെ, സൂരജ് മാറിയില്ല. മാറ്റിയെടുക്കാൻ ഞാൻ ശ്രമിച്ചതുമില്ല. കാരണം അവരുടെ ജീവിതത്തിൽ അവർ സന്തുഷ്ടരായിരുന്നു. പിന്നെ സിനിമയല്ലല്ലോ ജീവിതം. “

“മോളെ, മതി. ഇനിയൊന്നും കേൾക്കാൻ അമ്മക്ക് വയ്യ..” അപ്പോഴേക്കും അമ്മ കരഞ്ഞു പോയിരുന്നു.

“ഇല്ലമ്മേ, തീർന്നില്ല. എനിക്ക് മുഴുവൻ പറയണം. ഇത്രയും നാൾ മനസ്സിൽ ഒതുക്കിപ്പിടിച്ചതൊക്കെ എനിക്കിന്ന് പെയ്തൊഴിക്കണം…”

ഞാൻ തുടർന്നു….

“ഇതിനിടയിൽ നിങ്ങൾ വിളിക്കുമ്പോൾ തിരക്കുള്ള, ഗൗരവക്കാരനായ ഒരു മരുമകന്റെ വേഷം അദ്ദേഹം ഭംഗിയായി അവതരിപ്പിച്ചു. ഭർത്താവിന്റെ ഗുണഗണങ്ങളും കരുതലും വലിയ വീട്ടിലെ സൗകര്യങ്ങളും പൊങ്ങച്ചം കലർത്തുന്ന പുതുപ്പെണ്ണിന്റെ റോൾ ഞാനും. അവരുടെ മനസ്സിൽ അവരുടെ ശമ്പളം പറ്റുന്ന അനേകം സ്റ്റാഫിൽ ഒരാൾ മാത്രം ആയിരുന്നു ഞാൻ. പക്ഷെ, ഹൈലി പെയ്ഡ്, വെരിമച്ച് ഇമ്പോർടന്റ്. അവരുടെ പ്രണയത്തിന്റെയും സ്നേഹത്തിന്റെയും വെറുമൊരു ദൃക്സാക്ഷി.

ഗർഭിണിയാണെന്നറിഞ്ഞപ്പോഴേക്കും അമ്മയെ നാട്ടിൽ നിന്ന് കൊണ്ടുവന്നു. തറവാട്ടിൽ തനിച്ചായിരുന്നിട്ടും അമ്മ അതുവരെ മകനോടൊപ്പം നിൽക്കാതിരുന്നത് അവിടെ ഒന്നും ചെയ്യാനില്ലാതിരുന്നത് കൊണ്ടായിരുന്നു. പിന്നെ മകന്റെ രീതികൾ അംഗീകരിക്കാൻ കഴിയാഞ്ഞത് കൊണ്ടും. സ്വന്തം അമ്മയെ പോലെ അവരെന്നെ ശുശ്രൂഷിച്ചു, കൂടിയിരുന്നു ധൈര്യം നൽകി. പ്രസവം.കഴിഞ്ഞപ്പോൾ വീണ്ടും മകൻ അമ്മക്ക് മുന്നിൽ ഒന്നുകൂടി തോറ്റു. കുടുംബക്ഷേത്രത്തിൽ വെച്ച് മോന്റെ നൂലുകെട്ട്.

വീണ്ടും ഒരിക്കൽ കൂടി നാട്ടിൽ, സൂരജിന്റെ ഭാര്യയുടെ വേഷത്തിൽ. കുഞ്ഞിനെ എല്ലാവരെയും ഒന്ന് കാണിച്ചു തിരിച്ചു പോയി. ആഗ്രഹിച്ച പോലെ ഒരു പേരക്കുഞ്ഞിനെ നൽകിയതിന്റെ നന്ദിക്കാവണം ആ അമ്മ ഇരുപത്തഞ്ചു പവൻ അടങ്ങിയ ആഭരണപ്പെട്ടി എനിക്ക് സമ്മാനിച്ചത്..പാവം വന്നു കയറുന്ന മരുമകൾക്കായി സൂക്ഷിച്ചതാണത്രേ. അതാണ്‌ രജനി നിന്റെ വിവാഹത്തിന് ചേച്ചി നൽകിയ സമ്മാനം. “

കേട്ടതൊന്നും വിശ്വസി സിക്കാനാവാത്ത ഒരു അന്താളിപ്പ് രജനിയുടെ മുഖത്ത് കാണാമായിരുന്നു.

“പ്രസവം കഴിഞ്ഞു ആറുമാസം കൂടെ കോൺട്രാക്ടിൽ ഉണ്ടായിരുന്നു. കുഞ്ഞ് ആരോഗ്യവാനായിരിക്കാൻ ആറുമാസം എങ്കിലും മു ലപ്പാ ൽ വേണമെന്ന്. അതും സമ്മതിച്ചു. ഞാൻ മു ല യൂ ട്ടി യെന്നേ ഉള്ളൂ ബാക്കി സമയത്തെല്ലാം കുഞ്ഞ് അവരോടൊപ്പം ആയിരുന്നു. സത്യത്തിൽ അവരാണ് അന്നും അവനെ വളർത്തിയത്. അതിലധികം ഇടപെടാനോ എന്റേതെന്നു ചേർത്തുപിടിക്കാനോ  ഞാൻ ശ്രമിച്ചില്ല. എനിക്ക് അതിനു അവകാശം ഉണ്ടായിരുന്നില്ലല്ലോ.

ആറുമാസം കഴിഞ്ഞു തിരിച്ചു പോരുമ്പോൾ സൂരജ് വീണ്ടും കുറച്ചു പണം കൂടി തന്നു. ഏല്പിച്ച ജോലി പ്രതീക്ഷിച്ചതിലും ഭംഗിയായി ചെയ്തതിനുള്ള ഉപഹാരം. വേണ്ടെന്ന് ഞാൻ പറഞ്ഞില്ല, കാരണം എന്റെ പ്രശ്നങ്ങൾ അവസാനിച്ചിരുന്നില്ലല്ലോ. മുച്വൽ ഡിവോഴ്സ് ഫോമിൽ ഒപ്പ് വെക്കുമ്പോൾ ഒരു ഔദാര്യം കൂടെ എന്നോട് കാണിച്ചു..നാട്ടിൽ വരുമ്പോൾ എല്ലാവരോടും അദ്ദേഹത്തിന്റെ സ്വഭാവദൂഷ്യം കൊണ്ടാണ് ബന്ധം പിരിഞ്ഞത് എന്ന് പറഞ്ഞോളാൻ. എന്റെ ഭാവിജീവിതത്തിൽ എനിക്കൊരു ചീത്തപ്പേരു ഉണ്ടാവാതിരിക്കാൻ..ഞാനാരോടും പറഞ്ഞില്ല, സുമംഗലിയായ അനുജത്തിയും എംബിഎ കാരനായ അനിയനും അന്തസ്സോടെ തലയുയർത്തി നിൽക്കുന്ന തറവാടും കാണുമ്പോൾ ഞാനെന്തിന് അദ്ദേഹത്തെ കുറ്റപ്പെടുത്തി നാട്ടുകാരുടെ മുന്നിൽ നല്ലവളാകണം? “

“ചേച്ചി, പറയാരുന്നില്ലേ ഇതൊക്കെ നിനക്ക് എന്നോടെങ്കിലും? എത്ര കുറ്റപ്പെടുത്തി ഞാൻ ചേച്ചിയെ എന്റീശ്വരാ. ” മനുവും കരച്ചിലിന്റെ വക്കത്തായിരുന്നു.

“അമ്മ പറഞ്ഞില്ലേ സ്വന്തം കുഞ്ഞിനെ ഓർത്തൊരിക്കലും ഞാനൊന്നു കരഞ്ഞു കണ്ടിട്ടില്ലെന്ന്. അതിന് അവൻ ജനിച്ചത് ഞങ്ങളുടെ സ്നേഹത്തിലും പങ്കുവെക്കലിലും അല്ലായിരുന്നമ്മേ..ആ വീട്ടിൽ എന്നെ അടയാളപ്പെടുത്തുന്ന ഒന്നുമില്ല. എന്റെ കയ്യിലും അവരുടെ ഒരു ഫോട്ടോ പോലും പാടില്ലെന്ന് സൂരജ് ആവശ്യപ്പെട്ടിരുന്നു. അനാവശ്യ സെന്റിമെന്റ്സ് അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. അല്ലെങ്കിലും ആ മോനെ ഓർത്ത് വേദനിക്കേണ്ട കാര്യമില്ലായിരുന്നു, അവനു ഒരമ്മയെ ഒരിക്കലും മിസ്സ്‌ ചെയ്യില്ല..കാരണം അവനു ജീവൻ കൊടുത്ത് സ്നേഹിക്കുന്ന രണ്ടച്ഛൻമാരുണ്ട്. ആർക്കും മനസിലായില്ലെങ്കിലും എല്ലാം മനസിലാവുന്ന ഒരു പ്രായത്തിൽ അവനു മനസിലാവും അവരെ. അവൻ അംഗീകരിക്കും.

തിരിച്ചു വന്നത് മറ്റൊരു ജീവിതം ആഗ്രഹിച്ചു തന്നെയാണ്. എല്ലാം മനസിലാക്കാൻ കഴിവുള്ള ഹൃദയവിശാലതയുള്ള ഒരാളെ കണ്ടെത്തുന്ന ഒരു ദിവസത്തിന് വേണ്ടി. ചാരിത്ര്യ സർട്ടിഫിക്കറ്റ് ഒന്നും വേണ്ടാത്ത മനസിന്റെ ശുദ്ധി കണ്ടിഷ്ടപ്പെടുന്ന ഒരാളെ കൂടെ കൂട്ടാൻ..

ഒരിക്കലും കരുതിയതല്ല  രാജീവ് തന്നെ വീണ്ടും കൂട്ടായി വരുമെന്ന്. പ്രാരാബ്ദങ്ങളും ഭാരങ്ങളും ഇറക്കിവെച്ചെങ്കിൽ, ഇനിയുള്ള കാലം ഒരു സാധാരണക്കാരന്റെ ഭാര്യയായി ജീവിക്കാൻ ബുദ്ധിമുട്ടില്ലെങ്കിൽ ഞാൻ കൊണ്ടുപൊക്കോട്ടെ എന്നാണ് ചോദിച്ചത്. അവനെയല്ലാതെ മറ്റാരെയാണ് ഞാൻ സ്വീകരിക്കേണ്ടത്? “

“ക്ഷമിക്ക് ചേച്ചി. ഞങ്ങളൊന്നുമറിഞ്ഞില്ല. ഞങ്ങൾക്ക് വേണ്ടി ചേച്ചി സഹിച്ചതും വേദനിച്ചതും ഒന്നും..ഇനി ഞങ്ങൾ കൂടെയുണ്ടാവും, മുന്നിൽ തന്നെയുണ്ടാവും ചേച്ചി ആഗ്രഹിക്കുന്ന ഒരു ജീവിതം ചേച്ചിക്ക് ഉണ്ടാവുന്നത് കാണാൻ. “

സ്നേഹത്തോടെ എന്നെ ചേർത്തുപിടിക്കുന്ന മനുവിനെയും രജനിയെയും നോക്കി, തേങ്ങികരയുന്ന അമ്മയെ നെഞ്ചോട് ചേർത്ത്,ഏറെ നാളുകൾക്ക് ശേഷം മനസുതുറന്ന് പുഞ്ചിരിക്കുന്ന അച്ഛന്റെ മുഖം ഞാൻ കണ്ടു. കാറൊഴിയുന്ന ആകാശം പോലെ….

~ജെയ്നി റ്റിജു