മേരി ആദ്യമായി കണ്ണനോട് പ്രേമം പറഞ്ഞതും അന്നാട്ടിലെ വെസ്റ്റേൺ ടീ ഷോപ്പിൽ വെച്ചാണ്…

Story written by Jishnu Ramesan

============

അമ്പലത്തിലെ പൂജാരി ചെക്കനെയും കൂട്ടി മേരി രണ്ടൂസം കൂടുമ്പോ നാട്ടിൻപുറത്തുള്ള വെസ്റ്റേൺ ടീ ഷോപ്പിൽ പോകുമായിരുന്നു…

മേരിയും പൂജാരി ചെക്കൻ കണ്ണനും തമ്മില് പ്രേമമാണത്രെ…

“കുഗ്രാമത്തില് എന്തിനാ ഇംഗ്ലീഷ്കാരുടെ പോലത്തെ ചായക്കട കൊണ്ട് വെച്ചേക്കണേ” എന്ന് അന്നാട്ടിലുള്ളവരു ചോദിക്കുമ്പോ ഷോപ്പുടമ ഡേവിഡ് ഒന്ന് കുലുങ്ങി ചിരിക്കുക മാത്രം ചെയ്തു…

സന്ധ്യയായാൽ മഞ്ഞ ഉണ്ട ബൾബുകളും, ചൊമരിൽ തെളങ്ങണ പടങ്ങളും, കരി പിടിക്കാത്ത ലൈറ്റ് കത്തണ റാന്തൽ വിളക്കും കൂടിയാവുമ്പോ നല്ല ചേലാണ് വെസ്റ്റേൺ ടീ ഷോപ്പിന്…

അവിടെ കേറി ചായ കുടിക്കാൻ കാശില്ലാത്തോര് പറയും, “അയാൾടെ കടേലെ ചായ്ക്ക് ലോകത്തില്ലാത്ത വിലയാ…പിന്നെ പൂജാരി ചെക്കൻ കണ്ണൻ പറയണ കേട്ടു, കാപ്പിക്ക് ചെന്നിനായകത്തിൻ്റെ കയ്പ്പാണെന്ന്…”

“വർഗീസ് മൊതലാളീടെ മോള് മേരിക്ക് അത്തരം കൂടിയ കടേന്ന് ചായ കുടിക്കാനുള്ള പാങ്ങുണ്ടത്രെ…അവളെ പ്രേമിക്കണോണ്ട് കണ്ണനും അവിടെ കേറാനുള്ള ഭാഗ്യണ്ട്…” ഇങ്ങനെ നീണ്ടു നാട്ടാരുടെ അസൂയച്ചൂട്…

ദീപാരാധന കഴിയണ വരെ അമ്പലത്തിൻ്റെ പുറത്ത് കണ്ണനെ കാത്തു നിന്നിരുന്ന മേരി മെല്ലെ മെല്ലെ അമ്പലനട വരെയെത്തി…

അവിടുത്തുകാർക്ക് ആർക്കും ഒരു ക്രി സ്ത്യാ നി പെണ്ണ് അമ്പലത്തിൽ കേറണത് കൊണ്ട് ഒരു കൊഴപ്പോണ്ടാർന്നില്ല്യ…

കണ്ണനെയും കൂട്ടി ആദ്യമായി അവിടെ കേറിയ മേരി കണ്ണന് കുടിക്കാൻ വാങ്ങി കൊടുത്തത് കാപ്പുച്ചിനോ ആയിരുന്നു…ഒരു തരം ചവർപ്പ് നുണഞ്ഞ കണ്ണൻ്റെ മുഖം ചുളിഞ്ഞു…

ചെല കവല നാട്ടാര് കണ്ണൻ്റെം മേരീടെം പ്രേമ രഹസ്യം വർഗീസിനെ അറിയിച്ചപ്പോ അയാള് ഒന്നേ പറഞ്ഞുള്ളൂ,

“അവര് പ്രേമിക്കട്ടെടാ, അതിനു നിനക്കെന്താണ്ട്രാ…!.ഇന്നാട്ടിലെ അവൾക്കിഷ്ടായ ഒരു ചെക്കനാവുമ്പോ എനിക്കും ബോധിച്ചു…”

“മേരീനെ കെട്ടിയാ അമ്പലത്തില് ഭഗവാനെ പൂജിക്കാൻ വരണ്ടാ ” എന്ന് മേൽശാന്തി പറഞ്ഞപ്പോ പൂജാരി ചെക്കൻ ഭഗവാനെ ഒന്ന് നോക്കി, ഒന്ന് ചിരിച്ചു…

വേറൊന്നും കൊണ്ടല്ല, ഭഗവാനെ പുതച്ച പട്ട് മേരീടെ അപ്പൻ വർഗീസിൻ്റെ വ്യവസായ പുരേന്ന് തുന്നിയതാത്രെ…

ചെല ഞായറാഴ്ച കണ്ണനും മേരിയും കൂടി വാഴാലികുന്ന് കേറാൻ പോകും…രണ്ടു പേരുടെയും കയ്യിൽ ഒരു പൊതിയുണ്ടാവും…

പോ ത്തി റച്ചി വരട്ടിയതും അപ്പവുമുള്ള മേരിയുടെ പൊതി അവള് ചിരിച്ച് കൊണ്ട് തുറക്കും…കണ്ണനോ, ശർക്കരയും പീരയും വെച്ച അടയും കൊണ്ടാണ് വരവ്…

ഒരു കുഞ്ഞി ചിരിയോടെ മേരി കണ്ണൻ കൊണ്ടോന്ന പാതിയും കഴിക്കും…രണ്ടു രുചിയും, നിറഞ്ഞ സന്തോഷവും കൊണ്ട് അവര് ചിരിക്കും…മനോഹരമായി, സുന്ദരമായി ചിരിക്കും…

മേരി ആദ്യമായി കണ്ണനോട് പ്രേമം പറഞ്ഞതും അന്നാട്ടിലെ വെസ്റ്റേൺ ടീ ഷോപ്പിൽ വെച്ചാണ്…

അന്നും ഇന്നും മേരിയും കണ്ണനും നാട്ടാരും ഷോപ്പുടമ ഡേവിടിനോട് ഒന്നേ ചോദിച്ചിട്ടുള്ളു,

“ഇന്നാട്ടില് കുഞ്ഞി ദാരിദ്ര്യത്തില് നിങ്ങക്ക് എങ്ങനെയാ കൂടിയ വിലയില് ഈ കടേന്ന് ലാഭം കിട്ടണെ…?”

പതിവ് പോലെ അയാള് ചിരിക്കും, ഉന്തി നിക്കണ വയറും കുലുക്കി അയാള് ചിരിക്കും…

എവിടുന്ന് വന്നു എന്നറിയാത്ത, ഡേവിഡ് ചെലോർക്ക് കൗതുകമായിരുന്നു…വർഷത്തിൽ ഒരിക്കൽ മാത്രേ അയാള് ഷോപ്പ് അടയ്ക്കുന്നത് നാട്ടാര് കണ്ടിട്ടുള്ളൂ…

മേരിയുടെ അപ്പൻ, വർഗീസിൻ്റെ പെങ്ങളുടെ ഓർമ ദിവസം മാത്രമാണ് അയാള് ഷോപ്പ് അടച്ചിരുന്നത്…

പണ്ടെങ്ങോ, പ്രേമിച്ച വരത്തൻ ചെക്കനെ കെട്ടിച്ചു  കൊടുക്കാത്തതിന് ചിന്തിക്കാൻ ശേഷിയില്ലാതെ ഒരു കയറിൽ തൂ ങ്ങിയതാണ് വർഗീസിൻ്റെ കൂടപ്പിറപ്പ്…

അത് കൊണ്ടാണത്രേ മേരീടെ ജീവനായ കണ്ണനുമായുള്ള പ്രേമം വർഗീസിന് ബോധിച്ചത്…ഇനിയൊരു ആ ത്മ ഹത്യ താങ്ങാനുള്ള ത്രാണിയില്ലത്രെ വർഗീസിന്….

അല്പം ചോദ്യങ്ങളും, പതിവ് ചിരിയുമായി അന്നാട്ടില് വെസ്റ്റേൺ ടീ ഷോപ്പ് ഉടമ ഡേവിഡ് ഉണ്ട്…കെട്ടി തൂ ങ്ങിയ വർഗീസിൻ്റെ പെങ്ങള് പ്രേമിച്ച വരത്തൻ ചെക്കൻ ഡേവിഡ്…

സ്വല്പം മൂർച്ഛിച്ച പ്രേമവുമായി കണ്ണനും മേരിയും അങ്ങനെ സുന്ദരമായി മനോഹരമായി അവിടെയുണ്ട്…

~Jishnu Ramesan