നീ ഒന്നും അറിയാത്ത രീതിയിൽ  അഭിനയിച്ചാൽ മതി, എല്ലാത്തിനും നമ്മളു പോയി തലവെയ്ക്കണ്ട…

മാളികവീട്ടിൽ നിന്നുള്ള നോമിനേഷനുകൾ….

എഴുത്ത്: ഷാജി മല്ലൻ

=============

“ദേയ്..ഇച്ചായാ മൂത്തത് എന്തോ പ്രതിഷേധത്തിലാണെന്ന് തോന്നുന്നു.”

ഉച്ചഭക്ഷണം കഴിഞ്ഞു കാറിൽ ഗേറ്റു കടന്ന് പുറത്തേക്കിറങ്ങിയപ്പോൾ ഭാര്യ സിറ്റൗട്ടിൽ മുഖം വീർപ്പിച്ചിരിക്കുന്ന മകളെ നോക്കി പിറുപിറുത്തു.

“എന്തു പറ്റി?” ഒട്ടൊരു താൽപര്യമില്ലാതെയാണ് തോമസ് അതു ചോദിച്ചത്.

“ഒന്നൂല്ല…രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ അടുക്കളയിൽ വന്നത് കാർമേഘം ഉരുണ്ടു കൂടിയ മുഖത്തോടെയാണ്!!. ഒടക്കാനുള്ള മൂഡാണെന്ന് മനസ്സിലായതുകൊണ്ട് ഞാനൊന്നും പറഞ്ഞില്ല. എന്നാലും എനിക്ക് തോന്നുന്നത് പി.ജി ഡിസ്കണ്ടിന്യൂ ചെയ്യാനുള്ള പുറപ്പാടാണെന്ന് തോന്നുന്നു…”

“നിങ്ങളെന്താ ഒന്നും മിണ്ടാത്തത്?” അയാളുടെ ഒട്ടൊരു നേരത്തെ നിശബ്ദത അവളെ അലോസരപ്പെടുത്തിയെന്ന് തോന്നുന്നു.

“നീ ഒന്നും അറിയാത്ത രീതിയിൽ  അഭിനയിച്ചാൽ മതി, എല്ലാത്തിനും നമ്മളു പോയി തലവെയ്ക്കണ്ട, അവൾ ആദ്യം പറയട്ടെ” തോമസ് തന്റെ നിലപാട് വ്യക്തമാക്കി.

എടുത്തു ചാട്ടക്കാരൻ എന്ന ദുഷ്പേര് ഒഴിവാക്കാനെന്നവണ്ണമുള്ള തന്റെ മറുപടി പക്ഷേ അവളുടെ മുഖത്ത് അല്പം പരിഹാസമാണോ വരുത്തിയതെന്ന് അയാൾ സംശയിച്ചു.

“ഓ… ഒരു അഭിനയക്കാരൻ വന്നിരിക്കുന്നു!!!!.അല്ലേലും നിങ്ങൾ ഞാനെന്തു പറഞ്ഞാലും മനസ്സിലാക്കില്ല. അനുഭവിച്ചോ!!! പെങ്ങളെ പോലെ എന്റെ മക്കളെ വളർത്താൻ ഞാൻ സമ്മതിക്കില്ല….അവളുടനെ  തന്നിഷ്ടക്കാരിയായ പെങ്ങൾ അന്നമ്മയുടെ പേര് വലിച്ചിഴച്ചത് അയാൾക്ക്  ഒട്ടും ഇഷ്ടപ്പെട്ടില്ല. പക്ഷേ അയാൾ വീണ്ടും മൗനം പാലിച്ചു.

അവധി ദിവസം യുദ്ധം ചെയ്തു അസ്വസ്ഥതപടർത്തി തിരിച്ചുവന്നുള്ള ഉച്ചയുറക്കം നഷ്ടപ്പെടുത്താൻ മനസ് അനുവദിച്ചില്ലെന്നു പറയുന്നതാകും കുറച്ചു കൂടി ശരി.

“ഓ…അല്ലേലും ഞാനാ മണ്ടി!!. നിങ്ങൾക്ക് എപ്പോഴാ ഇതിനൊക്കെ സമയം. സ്കൂളിലെ പഠിപ്പിക്കല് പോരാഞ്ഞിട്ട് പിള്ളേരെ നാടകം പഠിപ്പിച്ചെടുക്കാൻ നടക്കുകയല്ലേ?!! എല്ലാത്തിനും ചാടിയെറങ്ങുന്ന കണ്ടാൽ തോന്നും വലിയ പുളളിയാണെന്ന്!!!….പണ്ട് അവാർഡുകളൊക്കെ വാങ്ങി കൂട്ടിയ ആളാണെന്ന്!!!”

കലിപ്പടങ്ങാതെ സെലീന പറഞ്ഞുകൊണ്ടിരുന്നിട്ടും തോമസിന്റെ മുഖത്തെ നിർവികാരത കണ്ടിട്ടോയെന്തോ അവളുടെ സംസാരം ഒച്ച കുറച്ചു മൂളലും ഞെരങ്ങലുമാക്കെയായി.

“ശ വത്തിന്റെ മുഖത്ത് ഇതിനേക്കാൾ ഭാവമുണ്ടാകും…മിനിമം കാലനെ കണ്ടതിന്റെയെങ്കിലും!!” അവളുടെ ആത്മഗതം കേട്ടപ്പോൾ അയാളുടെ ഉള്ളിൽ ചിരി പൊട്ടി. പണ്ട് സ്ക്കൂളിൽ ബെസ്റ്റ് നടന്റെ സമ്മാനം വാങ്ങിയ കഥകൾ ഒരു പാട് മധുവിധു കാലത്ത് കാച്ചിയതൊന്നും സെലീന മറന്നിട്ടിലെന്നു തോമസിനു തോന്നി.

“തോമാച്ചൻ വരുന്നില്ലേ?” സൂപ്പർ മാർക്കറ്റിന്റെ ഓരത്തു വണ്ടി നിർത്തി പണമെടുത്തു കൊടുക്കുമ്പോൾ ഭാര്യയുടെ സ്വരത്തിലെ മാർദ്ദവം അയാൾ തിരിച്ചറിഞ്ഞിരുന്നു. തന്റെ പിശുക്കു മറ്റു കസ്റ്റമേഴ്സ് കാണില്ലല്ലോ എന്ന സന്തോഷം  അവളുടെ മുഖത്ത് കണ്ടു.

“നീ പോയി വരു….ഞാൻ ഒന്നു രണ്ടുപേരെ വിളിക്കട്ടെ….സ്ക്കൂളിലെ പരിപാടി അടുത്തയാഴ്ച്ചയല്ലേ?

“തോമസ്  മാഷെ, ഇക്കൊല്ലത്തെ സ്ക്കൂൾ ഡേ നമ്മൾക്ക് ഉഷാറാക്കണം!!ഇത്തവണ അധ്യാപകരുടെ ഒരു നാടകം വേണമെന്നാണ് പി.ടി.എ യുടെ തീരുമനം.”

കഴിഞ്ഞ ആഴ്ച്ച സ്റ്റാഫ് റൂമിൽ വെച്ച് വെറുതെ ഒരു വാശിക്ക് കുട്ടികളുടെ കലാപരിപാടികളുടെ കൂടെ അധ്യാപകരുടെ നാടകവും വേണമെന്ന് ഹെഡ്മിസ്ട്രസ്സ് പറഞ്ഞപ്പോൾ ഏറ്റെടുക്കേണ്ടിയിരുന്നില്ലെന്ന് തോമസിന് തോന്നി. ആരും തയ്യാറാകാത്തതിനാൽ പ്രധാന വേഷം ഏറ്റെടുക്കേണ്ടതായും വന്നു.

“അതിനെന്താ ഞങ്ങൾ റെഡി….അല്ലേ മാഷേ ?” സന്ധ്യ ടീച്ചർ ഇടം കണ്ണിട്ട്  അയാളെ നോക്കി പ്രത്യാശ നിർഭരമായി ചുണ്ടനക്കിയപ്പോൾ എടുത്തു ചാടിയതാണ്.

പുറത്തു നിന്നു നാടകം പഠിപ്പിക്കാൻ വന്ന സംവിധായകൻ അഭിനയം തേച്ചു മിനുക്കാൻ മറ്റുള്ളവരെ നോക്കി പഠിക്കാൻ പറഞ്ഞത് ഓർത്തപ്പോൾ അയാൾക്ക് വേവലാതി തോന്നി. ഒന്നു പ്രാക്ടീസ് ചെയ്തു നോക്കാൻ എവിടെയും പോകാൻ സ്ഥലമില്ലാത്തത് തോമസിനെ ബുദ്ധിമുട്ടിച്ചു.

തിരിച്ചു വരുമ്പോൾ സെലീനയുടെ മുഖത്തെ പ്രസാദത്തിന് അല്പം മങ്ങലേറ്റ പോലെ തോന്നി. ചോദിക്കണമെന്ന് തോന്നിയെങ്കിലും കാശ് തികയാതെ വന്നതിന്റെ പ്രശ്നം വല്ലതുമാണെങ്കിലോ എന്നു കരുതി തോമസ് മൗനത്തിൽ ഓടിയൊളിച്ചു.

“നിങ്ങടെ നായിക സാധനങ്ങൾ വാങ്ങാൻ വന്നത് അറിഞ്ഞില്ലേ?” തോമസ് വാ പൊളിച്ചതു കണ്ടപ്പോൾ സെലീനക്ക് നല്ല അരിശമാണ് തോന്നിയത്.

“സന്ധ്യ ടീച്ചർ നാടകത്തിന്റെ കോസ്റ്റ്യും വാങ്ങാൻ ഉണ്ടായിരുന്നു. തോമാച്ചന്റെ ഒലിപ്പീരായിരിക്കും…നാടകവിശേഷം കേട്ടു ചെവി അടഞ്ഞു”

മുഖത്ത് യാതൊരു ഭാവവും വിരിയാത്ത സന്ധ്യ ടീച്ചർക്കു പകരം കഴിഞ്ഞ ഒരു മണിക്കൂറിനുള്ളിൽ വിവിധ ഭാഗങ്ങൾ മിന്നി മറിയിച്ച സെലീനയിലെ നടിയെ തോമാച്ചൻ മനസാ നമിച്ചു. സെലീനയെ ങ്കിലും ഒന്നു നീരീക്ഷിച്ച് അനുകരിക്കാൻ അയാൾക്ക് ആഗഹം തോന്നി.

“ദേ പിന്നെ നിങ്ങൾ കുറച്ചുനേരം പിള്ളേരോടും അമ്മച്ചിയോടും വർത്തമാനം പറയാതെ എങ്ങോട്ടാ ഈ ഓട്ടം. റൂമും അടച്ചിട്ട്, എന്നതാ ചാറ്റിംഗ് ആണോ പരിപാടി.

“ചാച്ചാ സൂപ്പർ മാർക്കറ്റിൽ നിന്നും കൊറിക്കാനൊന്നും വാങ്ങില്ലേ ?” പതിവില്ലാത്ത വണ്ണം ഇളയമകൾ അയാളെ വട്ടം പിടിച്ചു. കട്ടിലിൽ കിടന്നുകൊണ്ട് മൊബൈൽ ഫോണിന്റെ ലോകത്താണ്!!!പരീക്ഷയ്ക്ക് പഠിക്കാൻ മാത്രമേയുള്ളോ നിനക്ക് സമയമില്ലാതുള്ളു എന്ന് ചോദിക്കാൻ അയാളുടെ മനസ് മന്ത്രിച്ചെങ്കിലും അയാൾ സ്വയം നിയന്ത്രിച്ചു. മൂത്തമകൾ അപ്പനെയും അമ്മച്ചിയേയും കണ്ടപ്പോൾ അപരിചിതരെ പോലെ ദൃഷ്ടി നൽകാതെ ദൂരേക്ക് നോക്കിയിരിക്കുന്നു.

“എന്തോ പറയാനാ കാലം പോയ പോക്കേ..” തോമസിന്റെ അമ്മച്ചി എന്തോ പറയാൻ നാവു പൊക്കി അമ്മച്ചി പുകയുന്ന അ ഗ്നിപ ർവ്വതത്തിന് തീ കൊ ളുത്തുമെന്ന് സംശയമുള്ളതു കൊണ്ട് പെട്ടന്നയാൾ അന്നമ്മയുടെ സുഖ വിവരങ്ങൾ തിരക്കി വിഷയം മാറ്റി.

“അല്ലേലും നിങ്ങടെ അമ്മച്ചിക്ക് എന്റെ മക്കളെ കണ്ടു കൂടാ” മുകളിലേക്ക് ഗോവണി കയറുമ്പോൾ സ്റ്റെപ്പു തുടച്ചു കൊണ്ടിരുന്ന സെലീന അമ്മച്ചിയുടെ ഇളക്ക് ഇഷ്ടപ്പെടാതെ പിറുപിറുത്തു. അയാൾ മെല്ലെ റൂമിലെ ബെഡിലേക്ക് ഉച്ചയുറക്കത്തിന്റെ ആശ്വാസത്തിലേക്ക് ചാഞ്ഞു.

“മറ്റുള്ളവർ അവരുടെ മക്കളെ വളർത്തുന്ന പോലാണോ നിങ്ങൾ വളർത്തുന്നത്?” ഉറക്കത്തിനു ഭംഗം തട്ടു മാറ് പൊട്ടിപ്പുറപ്പെട്ട മക്കൾ കലാപത്തിൽ  ഇടപെട്ട അയാളെ നിഷ്പ്രഭനാക്കാൻ കലികൊണ്ട് വിറച്ച മൂത്തമകൾ കൈചൂണ്ടി അയാളോട് കയർത്തപ്പോൾ തോമസിന് വല്ലാതെ നീറി.

“എന്നതാടി ഞാൻ ചെയ്ത തെറ്റ്. നിന്നെയും ഇളയതിനെയുമൊക്കെ ആവശ്യമുള്ളതൊക്കെ തന്നല്ലേ വളർത്തുന്നത്”. തോമസിന്റെ ദേഷ്യം കണ്ട് സെലീനയ്ക്ക് അയാൾ പെണ്ണിനെ ഒരെണ്ണം പൊട്ടിക്കുമെന്ന് തോന്നി.

“ദേ മനുഷ്യാ നിങ്ങളങ്ങോട്ട് പോയേ….നമ്മുടെ മോളല്ലേ…അവൾ നമ്മളെ വിഷമിപ്പിക്കത്തില്ലന്നേ…”

തോമസിനെ അയാളുടെ റൂമിലേക്ക് ഉന്തി തള്ളിക്കൊണ്ടുപോയി.

“പോ ടി അ ലവ ലാ തി…നീയാ ഇതിനെയൊക്കെ കൊഞ്ചിച്ചു വഷളാക്കിയത്. ആരും ഒന്നും പറയരുതെന്ന് വാശി പിടിച്ചോ…സ്വന്തമായി അനുഭവിച്ച് തീർത്തോണം!!” അയാളുടെ നാവിൽ വികട സരസ്വതി വിളയാടാൻ തുടങ്ങിയപ്പോൾ സെലീന വായ പൊത്തിപ്പിടിച്ചു

“ഇച്ചായാ പതുക്കെ…അപ്പുറത്തൊക്കെ ആൾക്കാർ ഉള്ളതാ….നാളെയും വെളിയിലിറങ്ങി നടക്കേണ്ടെ…നിങ്ങടെ കുടുംബക്കാരുടെ ഇടയിൽ ജീവിക്കണ്ടേ… “

തോമസ് ശബ്ദം അടക്കി. പലപ്പോഴും അയൽക്കാരുടെ കാര്യം പറഞ്ഞാണ് അയാളെ സെലീന ഒതുക്കുന്നത്. വീടിനു കീഴിലെ വസ്തു അന്യാധീനപ്പെടുത്തിയതിന് അപ്പച്ചനോട് അയാൾക്ക് ദേഷ്യം തോന്നി. സലീനയുടെ രണ്ടു വള്ളത്തിലും കാലു വെച്ചുള്ള നിലപാടും അയാളെ ചൊടിപ്പിച്ചു. മക്കളുമായി തെറ്റുമ്പോൾ താനവരെ നിയന്ത്രിക്കണം ഇല്ലേൽ വേണ്ടയെന്നുള്ള നിലപാടാണോ അത് എന്ന് അയാൾക്ക് സന്ദേഹം തോന്നി.

“അച്ചായാ നാശം പി ടി ച്ചവ ൾ എന്തേലും വേണ്ടാതീനം കാട്ടിയാൽ നമ്മളെന്തു ചെയ്യും. ഇളേത് ഒരു പെണ്ണു കൂടി വളർന്നു വരുന്നത് ഓർക്കേണ്ടേ!!”. സെലീന ഹാളിൽ ഫോണിൽ കളിച്ചു കൊണ്ടിരിക്കുന്ന ഇളയവളെ ചൂണ്ടി നയം വ്യക്തമാക്കി മൂക്കുചീറ്റി പതം പറഞ്ഞു പി.ജി കാരി ട്രീസാമോളുടെ അടുക്കലേക്ക് പോയി.

“ദേ ഇച്ചായാ അവൾ എന്നെ പുറത്താക്കി കതകടച്ചിരിക്കുന്നു. നാലഞ്ചു മിനിറ്റായി,  വല്ല അവിവേകവും കാണിച്ചാലോ?” സെലീന ഭയചകിതയായി ഓടി വരുന്നത് കണ്ടു.

തോമസിന്റെ ക്ഷമയറ്റു. അയാൾ പെങ്കൊച്ച് കുറ്റിയിട്ട്  ഭദ്രമാക്കിയ കതക് ചവിട്ടി തുറന്നു. കുറ്റി പറിഞ്ഞ വകയിൽ ആശാരിക്ക് കൊടുക്കേണ്ട ആയിരം രൂപയുടെ അധിക ദേഷ്യം കൂടി കൈവലിച്ച് പെടയ്ക്കുമ്പോൾ തോമസിന്റെ മനസ്സിൽ കൂടി കടന്നുപോയി. അതുവരെ കത്തിജ്വലിച്ചു നിന്ന മോളു പെണ്ണ് പെട്ടെന്ന് വലിയ വായിൽ നിലവിളിക്കാൻ തുടങ്ങിയപ്പോൾ അയാൾ അന്ധാളിച്ചു.

“എല്ലാരും അവരുടെ മക്കളുടെ ആഗ്രഹത്തിനനുസരിച്ച് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കുമ്പോൾ ഇവിടെ ഞങ്ങളോട് എന്താ കാണിക്കുന്നത്. എനിക്ക് ഏതേലും വിദേശ യൂണിവേഴ്സിറ്റി പഠിക്കുവാൻ കഴിയുമായിരുന്നു. അനുവദിച്ചോ നിങ്ങൾ….ഇങ്ങനെ എനിക്ക് ജീവിക്കേണ്ടാ….മരിച്ചാൽ മതി .”

ഒന്നിനെ കുറിച്ചും ചിന്തിക്കാതെയുള ഒരു ഇരുപതുകാരിയുടെ പതം പറച്ചിൽ കേട്ടപ്പോൾ തോമസ് ചിരി വരാതിരിക്കാൻ പ്രയാസപ്പെട്ടു. തന്റെ ചെറുപ്പകാലത്തെ ജീവിക്കാനുള്ള പെടാപാടുകളുo കഷ്ടപ്പാടുകളും ഓർത്തപ്പോൾ അയാളുടെ മനസ് നീറി. ജീവിതത്തിൽ സ്വന്തം താല്പര്യം മാത്രം മുന്നിൽ കാണുന്ന പുതിയ തലുറയെ കുറിച്ചോർത്തപ്പോൾ തോമസിന്റെ ചങ്കുപൊട്ടി. തോമസ് മെല്ലെ സെലീനയെ ഏറുകണ്ണിട്ട് നോക്കി. അവൾ അന്തം കണ്ട പെരുച്ചാഴിയെ പോലെ വായ പിളർന്നിരിക്കുകയാണ്.

അയാൾ ഒന്നു ദീർഘശ്വാസമെടുത്തു പിന്നെ ചുണ്ടുകൂട്ടിപ്പിടിച്ചു മുഖത്തെ പരിഹാസ ചിരി മറയ്ക്കുമാറ് അയാളുടെ വിഷമത്തെ പെയ്തിറക്കി ഹെട്ടിക്കരഞ്ഞു…

“അപ്പനു തെറ്റിയെടി….അപ്പന് തെറ്റുപറ്റിയെടി!!”

അപ്പൻ തന്നെക്കാൾ ഉച്ചത്തിൽ ഏങ്ങലടിക്കുന്നത് കണ്ട പകപ്പിൽ ട്രീസാ കൊച്ചിന്റെ പൂങ്കണ്ണീർ ഒരു വേള നിന്നു പോയി. അപ്പോഴും ഇളയ തല തെറിച്ച പെണ്ണ് ഇതിലൊന്നും ശ്രദ്ധിക്കാരെ ദ്വീപിൽ ഒറ്റപ്പെട്ടു പോയ സഞ്ചാരിയെ  പോലെ മൊബൈലിൽ തന്നെ കളിച്ചു കൊണ്ടിരുന്നതു അയാൾ ശ്രദ്ധിച്ചു. തോമാച്ചൻ മെല്ലെ റൂമിലേക്ക് പോയി. ബെഡിലേക്ക് വീണ്ടും ഉറങ്ങാൻ കിടന്നപ്പോൾ നെഞ്ച് കലങ്ങിയ കണ്ണീരിന്റെ ഉപ്പുരസം അയാളുടെ ചുണ്ടിൽ പറ്റിയിരുന്നു.

താഴത്തെ കോളിംഗ് ബെല്ലിന്റെ പ്രകമ്പനത്തിലാണ് അയാൾ ഉറക്കമുണർന്നത്.

“തോമാച്ചാ എന്തുറക്കമാണിത്….സമയമെത്രയാണെന്നാ വിചാരം….ഗേറ്റടച്ചിട്ടുവന്നു  ഭക്ഷണം കഴിക്കൂ”. താഴെ നിന്ന് ഭാര്യ വിളിച്ചുകൂവി.

അയാൾ ചുവരിലെ ക്ലോക്കിലേക്ക് നോക്കി. ശരിയാണ് സമയം എട്ടു മണിയാകുന്നു. താൻ മൂന്നു മണിക്കൂർ ബോധം കെട്ട് ഉറങ്ങുകയായിരുന്നോ?ഉറക്കം വിട്ടുമാറാതെ കട്ടപിടിച്ചു ഉണങ്ങിയ കണ്ണീർ ചാലുകളുമായി തോമസ് എഴുനേറ്റിരുന്നു.

താഴേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അയാളുടെ മൊബൈലിലെ വാട്ട്സ് ആപ്പിൽ ഏതോ മെസേജ് വരവറിയിച്ച റിംഗ്ടോൺ മുഴങ്ങിയത്. കൊച്ചവൾ എന്തോ വീഡിയോ അയച്ചിരിക്കുന്നു, കൂടൊരു മെസേജും..

“ചാച്ചാ നല്ല നടനുള്ള നോമിനേഷൻ ചാച്ചനു തന്നെ!!”

വീഡിയോ ഡൗൺലോഡായത് കണ്ടപ്പോൾ തോമസ് വാ പൊളിച്ചു!!! മൂന്നു മണിക്കൂർ മുമ്പത്തെ വീട്ടിൽ നടന്ന യുദ്ധത്തിന്റെ ആവിഷ്കരണം….അതു പൊലിമ ചോരാതെ പിടിച്ചിരിക്കുന്നു. ബഹളത്തിൽ പങ്കെടുക്കാതെ അവൾ മൊബൈലിൽ എല്ലാം ഒപ്പുകയായിരുന്നു.

“ദേ പെരുമഴ പെയ്തു തീർന്ന പോലെയായി ഇപ്പോൾ…നല്ല കുട്ടിയായി അടുക്കളയിൽ പാത്രങ്ങളെല്ലാം കഴുകി വെയ്ക്കുന്നു. നിങ്ങടെ അഭിനയം ഏറ്റെന്ന് തോന്നുന്നു, ഇച്ചായൻ ഇപ്പോഴാണ് നടനായത്!!!

തോമസിനെ താഴേക്ക് കാണാഞ്ഞ് ഗോവണി കയറി വന്ന സെലീന അയാളുടെ നരവീണ മുടികളിലൊന്ന് പറിച്ചെടുത്തു കൊണ്ട് പ്രേമപൂർവ്വം പറയുമ്പോൾ അവളുടെ കൺകോണുകളിൽ കണ്ട കണ്ണുനീരിന്റെ അംശം തന്റെ നെഞ്ചുപൊടിഞ്ഞതിന്റെ വേദനയാണെന്ന് തോമസിന് തോന്നി.

തനിക്ക് നാടകത്തിനുള്ള പ്രാക്ടീസ് കിട്ടിയെങ്കിലും മനസ്സിൽ അടുത്ത യുദ്ധകാണ്ഡം എപ്പിസോഡിൽ അപ്പന്റെ തെറ്റ് തിരുത്താൻ ട്രീസാ മോൾ ആവശ്യപ്പടുമോയെന്ന ഭീതി അയാളെ പിടികൂടിയിരുന്നു.

~ഷാജി മല്ലൻ