പവിത്ര കിടക്കുന്നു അയാൾ ആ കട്ടിലിൽ ഇരുന്നു ചേച്ചി മുറിയിൽ നിന്ന് പോയ ശേഷം അയാൾ അവളെ തട്ടിവിളിച്ചു…

തനിയാവർത്തനം…

Story written by Anitha Anu

=================

വിനോദ് മെല്ലെ എഴുന്നേറ്റു ഓരോ ചുവട് വെക്കുമ്പോഴും വീണു പോകുമോ എന്ന പേടിയുണ്ട്, വല്ലാത്ത തളർച്ച തോന്നുന്നു. ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ പവിത്രയെ വിളിക്കാമെന്ന് വെച്ചാൽ ശബ്ദം പുറത്തു വരില്ല, ഒരു വല്ലാത്ത ശബ്ദമാണ് എന്റെ തൊണ്ടയിൽ നിന്നു വരുന്നത് അത് കേൾക്കുമ്പോൾ അവൾക്ക് കലി കയറും.

കാൻസർ എന്റെ ശബ്ദത്തെ കാർന്നു തിന്നു കഴിഞ്ഞിരിക്കുന്നു. അയാൾ ഓരോന്നു ഓർത്തു വാതിൽപ്പടി വരെ മെല്ലെ എത്തി വാതിൽ ചാരി അൽപ്പനേരം നിന്നു വാതിലിലടിച്ചു ശബ്ദമുണ്ടാക്കാൻ ഒരുങ്ങുമ്പോൾ തൊട്ടടുത്ത മുറിയിൽ നിന്ന് അടക്കിപ്പിടിച്ച സംസാരം കേൾക്കുന്നു. അവൾക്ക് ഏത് നേരവും ഫോണിൽ സംസാരിക്കുക തന്നെയാണ് പണി. അയാൾ ചുമർ പിടിച്ച് മെല്ലെ നടന്നു ആ മുറിയുടെ വാതിലിൽക്കൽ എത്തി അയാൾ മെല്ലെ ആ വാതിലിനടിച്ചു.

അകത്ത് നിന്ന് പ്രതികരണമൊന്നുമില്ല..വീണ്ടും അയാൾ വാതിലിന് തട്ടി അകത്ത് നിന്ന് അനക്കമൊന്നും കേൾക്കുന്നില്ല ഇവൾ എന്ത് ചെയ്യുന്നു, അയാൾക്ക് വല്ലാത്ത ക്ഷീണം തോന്നി,..മെല്ലെ ചുമർ പിടിച്ചു നടന്നു ഹാളിലെ കസാരയിൽ ഇരുന്നു. അപ്പോ മുറിയിലെ കതക് തുറക്കുന്ന ശബ്ദം കേട്ടു വിനോദ് തിരിഞ്ഞു നോക്കി..സുരേഷ് മുറിയിൽ നിന്ന് ഇറങ്ങി വരുന്നു വിനോദിനെ കണ്ട് സുരേഷ് ഒന്ന് ഞെട്ടി. ഇവൻ എന്താ പവിത്രയുടെ മുറിയിൽ?.. വിനോദിന് ഒന്നും മനസ്സിലായില്ല ഞാൻ പല തവണ വാതിലിന് തട്ടിയിട്ടും അവൾ തുറക്കാൻ വൈകിയത്?…ഇവൻ എന്തിന് ഇവിടെ വന്നു?.. പല ചോദ്യങ്ങളും അയാളുടെ മനസ്സിൽ തെളിഞ്ഞുവന്നു.

“പവിത്ര നിനക്കുള്ള മരുന്നു വാങ്ങി വരാൻ പറഞ്ഞു എന്നോട്.. അവൾ തലവേദനയായിട്ട് കിടക്കുകയായിരുന്നു മുറിയിൽ” അയാൾ കൃത്യതയില്ലാതെ സംസാരിച്ച് എനിക്ക് മുഖം തരാതെ വേഗം ഇറങ്ങിപ്പോയി. വിനോദിന് ദാഹവും ക്ഷീണവും ഇരട്ടിച്ച പോലെ തോന്നി, പവിത്രയെ കാണുന്നില്ല അവൾ എവിടെ..

“മോനെ”..അമ്മയുടെ വിളി പോലെ വിനോദ് നോക്കിയപ്പോൾ സഹായത്തിന് വരുന്ന ജാനകി ചേച്ചി അവർ അടുത്തേക്ക് വന്നു.

“ഹോസ്പിറ്റലിൽ പോയി വന്നോ നിങ്ങൾ”.. ? അതിന് മറുപടി നൽകാതെ

“ചേച്ചി എനിക്ക് കുടിക്കാൻ വല്ലതും വേണം”.. എന്ന് ആംഗ്യത്തിൽ പറഞ്ഞു.

“എന്നെയൊന്ന് പവിത്രയുടെ മുറിയിൽ കൊണ്ട് ചെന്നാക്കാണം” അയാൾ കൈകൊണ്ട് കാണിച്ചു

ചേച്ചി കൈ പിടിച്ച് അയാളെ പവിത്രയുടെ മുറിയിലാക്കി.

“നിങ്ങൾ പോയിട്ട് എപ്പോ വന്നു?..” ചേച്ചി വീണ്ടും ചോദിച്ചു.

“ഞങ്ങൾ പോയില്ല ചേച്ചി..” എന്ന് ഞാൻ ആംഗ്യ ഭാഷയിൽ തന്നെ കാണിച്ചു.

പവിത്ര കിടക്കുന്നു അയാൾ ആ കട്ടിലിൽ ഇരുന്നു ചേച്ചി മുറിയിൽ നിന്ന് പോയ ശേഷം അയാൾ അവളെ തട്ടിവിളിച്ചു.

“പവിത്ര..”

അവൾ അയാൾക്ക് മുഖം കൊടുക്കാതെ തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു. അയാൾ മേശപ്പുറത്തുള്ള ഡയറിയിൽ നിന്ന് ഒരു താൾ കീറി അതിൽ എഴുതി

“എന്ന് മുതലാണ് ഇത് തുടങ്ങിയത്? സുരേഷ് എന്റെ അടുത്ത കൂട്ടുകരാനാണ്, നീ എന്റെ ഭാര്യയും മകളുടെ അമ്മയും. എന്റെ പ്രിയപ്പെട്ടവർ തന്നെ എന്നെ ചതിക്കുന്നു എല്ലാം എന്റെ തെറ്റാണ്. ഭർത്താവ് എന്ന പേര് മാത്രം കൈമുതലുള്ള ഞാൻ.. എന്നെ എന്തിന് കൊള്ളാം അല്ലേ?.. നമ്മുടെ മോൾക്ക് പത്ത് വയസ്സായി നീ അത് ഓർക്കണം..”

അയാൾ പേപ്പർ അവളുടെ തലയിണക്ക് മേൽ വെച്ചു. ജാനകി ചേച്ചി വെള്ളവുമായി വന്നു..അയാൾ അത് വലിച്ചു കുടിച്ചു, ചേച്ചിയുടെ കൈ പിടിച്ചു മുറിയിൽ പോയി കിടന്നു. അയാൾ കണ്ണുകൾ അടച്ചു പിടിച്ചു. കൺകോണുകളിൽ നിന്ന് ഒലിച്ചിറങ്ങിയ കണ്ണീർ ഇരുവശത്തും ഒലിച്ചിറങ്ങി, അയാളുടെ നെഞ്ചു ഉയർന്നു താഴുന്നു..ശബ്ദമില്ലാതെ നെഞ്ച് പിടഞ്ഞു കരയുയാണ്.

അയാൾ ചില തീരുമാനങ്ങൾ എടുത്തു എനിക്കിനി എത്ര നാൾ ആയസ്സുണ്ടാകുമെന്ന് അറിയില്ല പോകുന്നതിന് മുന്നേ ചിലതൊക്കെ ചെയ്തു തീർക്കാൻ ഉണ്ട്. അയാൾ അനുജനെ കൂട്ടി വക്കീലിനെ കണ്ടു തന്റെ സ്വത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കി. പവിത്രയെ ഇനി വിശ്വസിക്കാൻ പറ്റില്ല, എന്റെ മകൾ കഷ്ടപ്പെട്ട് പോകരുത് അവൾ ഒരു നിലയിൽ എത്തണമെങ്കിൽ ഇനിയും കിടക്കുന്നു വർഷങ്ങൾ…വക്കീലിനെ കണ്ടു നേരെ അയാൾ ബാങ്കിലേക്ക് പോയി, മാനേജർ മാറിയിരിക്കുന്നു..പഴയ മാനേജരുമായി നല്ല അടുപ്പമായിരുന്നു ഒരു വർഷമായില്ലേ ഇങ്ങോട്ട് ഒക്കെ വന്നിട്ട്, മാസത്തിൽ ചെക്കപ്പിന് ഹോസ്പിറ്റലിൽ പോകും അതിന് മാത്രമാണ് ഒന്ന് പുറത്തോട്ട് പോകുന്നത്.

മാനേജർ ഒരു സ്ത്രീയായിരുന്നു..മാനേജരുടെ മുറിയിലേക്ക് കയറി അവരുടെ മുന്നിലെ ചെയറിൽ ഇരുന്നപ്പഴാ മാനേജരുടെ മുഖത്തേക്ക് ഒന്ന് നോക്കിയത്..അയാൾ അറിയാതെ ആ സീറ്റിൽ നിന്ന് പൊങ്ങിപ്പോയി, അവർ അയാളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.

“എന്നെ മറന്നിട്ടില്ല അല്ലേ ..?” അയാൾ ചോദ്യത്തിന് മുന്നിൽ ഒന്ന് പതറി.

അനുജൻ മഹിക്കും പെട്ടന്ന് മനസ്സിലായില്ല അവൻ പറഞ്ഞു

“ചേച്ചിയായിരുന്നോ എനിക്ക് പെട്ടെന്ന് മനസ്സിലായില്ല”..

വിനോദിന് ഒന്നും പറയാൽ കഴിഞ്ഞില്ല. എന്നെയെങ്ങിനെ മനസ്സിലായി സീമക്ക്. കാൻസർ വന്ന ശേഷം എന്റെ കോലം ആകെ മാറിപ്പോയിരുന്നു. എന്ത് പറയണമെന്ന് അറിയാതെ വിനോദ് തളർന്ന മട്ടിൽ ഇരുന്നു, മഹേഷാണ് കാര്യങ്ങൾ സംസാരിച്ചതും മറ്റും..തിരികെ ഇറങ്ങാൻ നേരം സീമയുടെ മുഖത്തു ഒന്നു നോക്കി മേശയുടെ കോണിൽ അയാൾ മുറുകെ പിടിച്ചു. അയാളുടെ കൈയ്യിലെ ഫയലിലുണ്ടായിരുന്ന കടലാസ്സിൽ അയാൾ ഇങ്ങനെഎഴുതി..

“എന്നോട് ക്ഷമിക്കണം നിന്നോട് ചെയ്തതിന്റെ ശിക്ഷയാവും ഞാൻ നാല് വർഷമായി കാൻസറിന്റെ പിടിയിലാണ്… ആ കടലാസ്സ് മാനേജരുടെ മുന്നിലേക്ക് വെച്ചു.

“എന്തിന് ക്ഷമ പറയണം?.. എന്നെ ഒഴിവാക്കിയതിനോ…! അത് ഒക്കെ പഴയ കഥ..”

സീമ മെല്ലെ എഴുന്നേറ്റു..

“വിനു ഏട്ടൻ പോകു.. എനിക്കൊരു പരിഭവവും ഇല്ല, എനിക്ക് ഒരു വിഷമവുമില്ല, എനിക്ക് ഇന്ന് ഒരു കുടുംബമുണ്ട്, ഭർത്താവും രണ്ട് മക്കളും. എന്റെ ഭർത്താവാണ് നിങ്ങളെ ചികിത്സിക്കുന്ന ഡേക്ടർ. നിങ്ങൾ ഒരിക്കൽ വീട്ടിൽ അദ്ദേഹത്തെ കാണാൻ വന്നപ്പോൾ ഞാൻ നിങ്ങളെ കണ്ടിരുന്നു “..

തിരിച്ച് ഒന്നും പറയാനാകാതെ അയാൾ നടന്നു നീങ്ങി കാറിൽ ഇരിക്കുമ്പോൾ അയാൾ എല്ലാം ഓർത്തെടുക്കുകയായിരുന്നു. കല്യാണം കഴിഞ്ഞു രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് സീമയുടെ തുടയിലും കാൽ മുട്ടിലും വെള്ളനിറം കണ്ടത്,..എന്താണെന്ന് ചോദിച്ചു അത്  അലർജി കാരണം വന്നതാണ് എന്നായിരുന്നു അവളുടെ മറുപടി. പക്ഷേ എനിക്ക് ആ മറുപടിയിൽ തൃപ്തി തോന്നിയില്ല ഞാൻ ചേച്ചിയോട് പറഞ്ഞു. ചേച്ചി പറഞ്ഞു അത് വെള്ളപ്പാണ്ട് ആയിരിക്കും. എന്റെ അമ്മാമന്റെ മകൻ എന്റെ കൂട്ടുകാരനെപ്പോലെയായിരുന്നു അവനും ഇത് തന്നെ പറഞ്ഞു.

അവളോട് വീണ്ടും തിരക്കി അവൾ പറഞ്ഞു മരുന്നു കഴിക്കുന്നുണ്ട് വളരെ മാറ്റം ഉണ്ടെന്നും. ഇത് കല്യാണത്തിന് മുന്നേ എന്തെ പറയാതിരുന്നത് എന്ന ചോദ്യത്തിന് മറുപടി കരച്ചിലായിരുന്നു, പിന്നെ അവളുമായി സെ ക് സ് ചെയ്യാൻ പോലും ഞാൻ താത്പര്യപ്പെട്ടില്ല. അവളോട് അവളുടെ വീട്ടിൽ പോയി നിൽക്കാൻ പറഞ്ഞിട്ടും അവൾ പോയില്ല. കല്യാണം കഴിഞ്ഞു ഒരു മാസമേ ആയിട്ടുണ്ടായിരുന്നുള്ളു..ഞാനും, ചേച്ചിയും അവളെ ഒരു ദിവസം അവളുടെ വീട്ടിൽ കൊണ്ട് ചെന്നാക്കി. അവളുടെ അച്ഛനെയും അമ്മയെയും ചേച്ചിയും ഞാനും കൂടി കുറേ കുറ്റപ്പെടുത്തി.

“നിങ്ങൾ ഞങ്ങളെ ചതിക്കുകയായിരുന്നു അല്ലേ പാണ്ടുള്ള പെണ്ണിനെ എന്റെ ആങ്ങളയുടെ തലയിൽ കെട്ടിവെച്ചു..” ചേച്ചി പൊട്ടിത്തെറിച്ചു.

“എനിക്ക് ഇനി ഇവളെ വേണ്ട നിയമപരമായി മുന്നോട്ട് പോകും ഞാൻ”.. അതും പറഞ്ഞു ഞങ്ങൾ ഇറങ്ങി.

“വിനു ഏട്ടാ..” കരഞ്ഞു കൊണ്ടുള്ള അവളുടെ വിളി എന്റെ കാതിൽ ഇപ്പോഴും മുഴങ്ങുന്നു. ആറ് മാസം കൊണ്ട് ഡിവോഴ്സ് കഴിഞ്ഞു കിട്ടി അവസാനമായി അവളെ കണ്ടത് കോടതിയിൽ വെച്ചായിരുന്നു, വലിയ തൂൺ ചാരി കൈയിൽ ഒരു പൊതിയുമായി നിൽക്കുന്നത്.

ആ പൊതി അവൾ എന്റെ നേർക്ക് നീട്ടി ഞാൻ അവളുടെ മുഖത്ത് നോക്കാതെ ആ പൊതി വാങ്ങി ഞാൻ കെട്ടിയ താലിയും വിരലിൽ അണിയിച്ച മോതിരവുമായിരുന്നു ആ പൊതിയിൽ. ആ രംഗം വീണ്ടും കൺമുന്നിൽ തെളിഞ്ഞപ്പോൾ വിനോദിന്റെ നെഞ്ച് പിടയുന്ന പോലെ തോന്നി ഒരു കിളി ചിറകിട്ടടിക്കുന്ന പോലെ അയാളുടെ ഹൃദയത്തിനകത്ത് നിന്നു.. അയാൾ നെഞ്ച് അമർത്തിപ്പിടിച്ചു സീറ്റിൽ ചാരി കിടന്നു.

അവളുടെ അസുഖം മാറി അവൾ ഇന്ന് സന്തോഷകരമായി ജീവിക്കുന്നു എന്റെ ജീവീതമോ?….അയാൾ ശ്വാസം മുട്ടിയത് പോലെ പിടഞ്ഞു.

ശുഭം.

~അനിത പൈക്കാട്ട്.