അയാൾക്കു ഇടക്കിടക്ക് ഫോൺ വരുന്നത് അവൾ ശ്രദ്ധിച്ചു. ഇടയ്ക്കിടയ്ക്ക് അവളുടെ കണ്ണ് ബാഗിലേക്കു നീണ്ടു

യാത്രക്കാരെ സൂക്ഷിക്കുക….

Story written by Nisha Pillai

===============

സമയം ഒൻപതു മണികഴിഞ്ഞു. ഇന്ന് കണ്ണന്മാഷിന്റെ വക ചൂരൽ പ്രയോഗമുണ്ടാകും. ആകാംഷയോടെ ബസ് കടന്നു പോകുന്ന ഓരോ സ്റ്റോപ്പുകളെയും തന്റെ വാച്ചിലേക്കും മാറി മാറി നോക്കി  മീനാക്ഷി നെടുവീർപ്പിട്ടു.

ഇന്ന് ഇറങ്ങാൻ നേരം അച്ഛൻ വീട്ടിലുണ്ടായില്ല. അതാ വൈകിയത് സാധാരണ ഇങ്ങനെ  ഉണ്ടാകാറില്ല. അവൾക്കു സങ്കടവും ദേഷ്യവുമൊക്കെ തോന്നി.

ബസിലാണെങ്കിൽ നല്ല തിരക്ക്. സൂചികുത്താനിടമില്ല. അവളുടെ ബുക്ക്സ് നിറഞ്ഞ ബാഗ് പിന്നിൽ നിൽക്കുന്ന ചേച്ചിയുടെ മുടിയിൽ കുരുങ്ങി എന്ന് പറഞ്ഞു ചേച്ചി കട്ടകലിപ്പിൽ നോക്കി. പോരാത്തതിന് അവരുടെ സാമാന്യം വലിയ പിൻഭാഗം കൊണ്ട് മീനുവിന്റെ മെലിഞ്ഞ ശരീരത്തെ തള്ളി ഒരു വശത്തേക്ക് ആക്കി. തള്ളലിന്റെ ആവേഗത്തിൽ അവൾ ബസിന്റെ കമ്പിയിലൊന്നു വട്ടം തിരിഞ്ഞു. മുന്നിലെ സീറ്റിലിരുന്ന ചേട്ടൻ സഹായിക്കാനെന്ന വണ്ണം അവളുടെ ബാഗ് അയാളുടെ മടിയിൽ വച്ചു.

അയാളെ നോക്കിയപ്പോൾ നല്ല പരിചയം. ഒരേ സ്റ്റോപ്പിലാണ് ഇറങ്ങുന്നത്. അടുത്തുള്ള കോളേജിന്റെ യൂണിഫോം. പിന്നെ മടിച്ചില്ല, ബാഗ് സ്വാതന്ത്ര്യത്തോടെ വിട്ടു കൊടുത്തു അവൾ സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങി നിന്നു.

അയാൾക്കു ഇടക്കിടക്ക് ഫോൺ വരുന്നത് അവൾ ശ്രദ്ധിച്ചു. ഇടയ്ക്കിടയ്ക്ക് അവളുടെ കണ്ണ് ബാഗിലേക്കു നീണ്ടു..ബാഗിൽ എക്സാം ഫീസ് ഉണ്ട്..നഷ്ടപ്പെട്ടാൽ അമ്മയുടെ വഴക്കെല്ലാം കേൾക്കേണ്ടി വരും…

ബസിന്റെ സ്പീഡ് പെട്ടെന്ന് കുറഞ്ഞതും ബസ് റോഡിൻറെ വശത്തേക്കും ഒതുക്കുന്നതും അവൾ ശ്രദ്ധിച്ചു….

അവൾ ബസ് ആകമാനം ഒന്ന് പരതി. തന്റെ സ്കൂളിലെ യൂണിഫോം ഉള്ള ആരെയും കാണുന്നില്ല. ഇന്ന് സ്കൂളിൽ നിന്നു നല്ല വഴക്കു കേൾക്കും. പ്രിൻസിപ്പലിന്റെ മുറിയിൽ കൊണ്ട് പോകും. വിസ്തരിക്കും. ആകെ പൊല്ലാപ്പാകും. വിനോദ് സാറിന് ഫസ്റ്റ് പീരീഡ് ഇല്ലെങ്കിൽ രക്ഷപെട്ടു സാറിനെ പോയി കാണാം. സാർ വളരെ അണ്ടർസ്റ്റാന്റിംഗ് ആണ്. സാറിനോട് പറഞ്ഞാൽ സാർ രക്ഷിചോളും. അച്ഛനെ വിളിച്ചു കാര്യങ്ങൾ കൺഫോം ചെയ്തു ക്ലാസ്സിൽ പറഞ്ഞയക്കും. താര ടീച്ചറാണേലും കുഴപ്പമില്ല. രവിമാഷ് ആണേൽ ആകെ പ്രശ്നമാകും…മനഃപൂർവം വൈകിയതാണെന്നും അല്ല ആൺപിള്ളേരുടെ കൂടെ കറങ്ങാൻ പോയതാണെന്നും മക്കളില്ലാത്ത മാഷ് വിധിക്കും.

ബസ് നിർത്തിയതും കുറെ പോലീസ് വേഷധാരികൾ ബസിൽ കയറി. ആദ്യം പുരുഷൻമാരെ ഓരോരുത്തരെയായി പരിശോധിച്ച് പുറത്തിറക്കി. സീറ്റിൽ അനാഥമായി ഇരുന്ന ബാഗ് അവൾ കണ്ടെടുത്തു. ഫീസിന്റെ പൈസ നഷ്ടപ്പെട്ടില്ല എന്നറിഞ്ഞു അവൾക്കാകെ സന്തോഷം തോന്നി. പക്ഷെ സന്തോഷം അധികം നീണ്ടു നിന്നില്ല. ഓരോരുത്തരുടെ ബാഗിലുള്ള സാധനങ്ങൾ പരിശോധിക്കാൻ തുടങ്ങി….

ഒന്ന് രണ്ടു പെൺകുട്ടികളോട് നിൽക്കാൻ പറഞ്ഞിട്ട് അവർ ബാക്കിയുള്ളവരെ പറഞ്ഞു വിട്ടു. മീനാക്ഷിയോട് അച്ഛന്റെ നമ്പർ മേടിച്ചു. അവസാനം….ബസും യാത്ര പുനരാരംഭിച്ചു…

അവളും കോളേജ് യൂണിഫോമിട്ട ഒരു പെണ്കുട്ടിയോടും മഫ്തി വേഷത്തിലുള്ള ഒരു പോലീസ് കാരിയോടൊപ്പം ഓട്ടോയിൽ കയറാൻ പറഞ്ഞു. എന്തിനാണെന്നറിയാതെ അവൾ കരയാൻ തുടങ്ങി.

മനസ്സിന്റെ ഒരു കോണിലിരുന്ന ധൈര്യവതിയായ മീനാക്ഷി ബോൾഡ് ആയി പിടിച്ചു നിൽക്കാൻ പ്രേരിപ്പിച്ചു. മറുപകുതി വല്ലാതെ ആകുലയായി. സ്റ്റേഷനിൽ വന്നു ഇറങ്ങിയപ്പോൾ തന്നെ കാത്തു നിൽക്കുന്ന വിനോദ് സാറിനെ കണ്ടു. സാറിന്റെ സുഹൃത്തുക്കളാരോ സ്റ്റേഷനിൽ ഉണ്ടായിരുന്നു..യൂണിഫോം കണ്ടു സാറിനെ വിളിച്ചതാണ്..കാര്യം അറിഞ്ഞു താര ടീച്ചറിനോട് മാത്രം വിവരം പറഞ്ഞു സാർ  ഓടി വന്നതാണ്. സാർ അവളുടെ അച്ഛനെ  വിളിച്ചു കാര്യം പറഞ്ഞു. ക്ലാസ്സിൽ എപ്പോഴും ഒന്നാമതായി വരുന്നത് കൊണ്ട് സാറിന് അവളെ വലിയ കാര്യമാണ്…

പക്ഷെ അവർ പങ്കു വച്ച വിവരമെന്താണെന്നു അവൾക്കു മനസിലായില്ല. അവളെ ഇൻസ്‌പെക്ടറുടെ മുറിയിലേക്ക് കൊണ്ട് പോയി. കൂടെ വിനോദ് സാറും.

“സാറെ മീനാക്ഷി അങ്ങനൊരു കുട്ടിയല്ല. എന്തോ അബദ്ധം സംഭവിച്ചിട്ടുണ്ട്.”

“പക്ഷെ തെളിവ് നിസാരമല്ല വിനോദ് മാഷെ, കാര്യങ്ങളുടെ കിടപ്പറിയാമല്ലോ.”

മീനാക്ഷിയോട് ഇന്നത്തെ ദിവസം രാവിലെ തൊട്ടു സംഭവിച്ച കാര്യങ്ങൾ ഒന്നൊന്നായി പറയാൻ പറഞ്ഞു. അവളാകെ പരിഭ്രാന്തയായി തീർന്നു

“ഞാൻ ഇന്ന് 3 മണിക്ക് എഴുന്നേറ്റു. ആറു മണി വരെ പഠിച്ചു. പിന്നെ കിടന്നുറങ്ങി. ഉണർന്നപ്പോൾ കുറെ വൈകി. പ്രാതൽ കഴിച്ചു. ചോറ് പാത്രമെടുത്തു ബാഗിൽ വച്ചു. അച്ഛനേതോ മരണ ചടങ്ങിൽ പങ്കെടുക്കാൻ പോയി മടങ്ങി വന്നു. എന്നെ ബസ് സ്റ്റോപ്പിൽ കൊണ്ട് വിട്ടു. വളരെ വൈകിയിരുന്നു. പതിവ് ബസ് കിട്ടിയില്ല. അങ്ങനെ സ്റ്റേഷനിലും എത്തി. തെറ്റൊന്നും ചെയ്തിട്ടില്ല.”

മീനാക്ഷിയുടെ നിഷ്കളങ്കമായ മറുപടി കേട്ടു ഇൻസ്‌പെക്ടർ വല്ലാതെയായി.

“കുട്ടി ഒന്നോർത്തു നോക്കു…ബസിൽ വച്ച് ആരെങ്കിലുമെന്തെങ്കിലും തന്നിരുന്നോ? ആരുടെയെങ്കിലും കയ്യിൽ നിന്നെന്തെങ്കിലും വാങ്ങിയിരുന്നോ?”

“ഇല്ല.”

“ബാഗ് എവിടെയെങ്കിലും വച്ചിരുന്നോ?”

“ഇല്ല ഒരു  ചേട്ടൻ വാങ്ങി പിടിച്ചിരുന്നു.”

“ചേട്ടനോ??”

“അതെ മോഡൽ കോളേജിലെ യൂണിഫോമിട്ട ചേട്ടൻ ആ ബസിൽ ഉണ്ടായിരുന്നു. തിരക്കിനിടയിൽ ബാഗിന്റെ സിബ് മുടിയിൽ കുരുങ്ങിയപ്പപ്പോൾ അടുത്ത് നിന്ന ചേച്ചി ശക്തമായി തള്ളുകയും വഴക്കു പറയുകയും ചെയ്തു. അപ്പോഴാ സഹായിക്കാനായി ചേട്ടൻ ബാഗ് മേടിച്ചു പിടിച്ചത്.”

“ചേട്ടനെ കണ്ടാൽ അറിയുമോ…എങ്ങനെയാണു ആളിന്റെ രൂപം. നല്ല പൊക്കമുണ്ടോ? മീശയുണ്ടോ?”

“മീശയില്ല,.പക്ഷെ പല്ലിൽ കമ്പിയിട്ടുണ്ട്….ചിരിച്ചപ്പോൾ അങ്ങനെ തോന്നി.”

ഇൻസ്‌പെക്ടറുടെ റൂമിലേക്ക് സാരി ഉടുത്ത നല്ല മാന്യത തോന്നുന്ന ഒരു ചെറുപ്പക്കാരിയും മീനാക്ഷിയോടൊപ്പം ബസിലുണ്ടായിരുന്ന കുട്ടിയും കയറി വന്നു.

“ഇരിക്ക്, മോഡൽ കോളേജിലെ ടീച്ചറല്ലേ.”

“സാർ എന്താണ് കാര്യം…നികിതയെ പിടിച്ചു നിർത്തിയത് എന്തിനാണ്.?എന്തേലും പ്രശ്നമുണ്ടോ….പെൺകുട്ടിയല്ലേ ആരെങ്കിലും അറിഞ്ഞാൽ ഉള്ള പുകിൽ….”

“ടീച്ചറെ, വിനോദ് സാറെ, രണ്ടു പേരോടും ആയി പറയാം. ഒരു ഇൻഫർമേഷൻ കിട്ടിയ പ്രകാരമാണ് ബസ് ഇന്ന് പരിശോധിക്കാൻ ഞങ്ങളുടെ ടീം എത്തിയത്. ഞങ്ങൾ ആദ്യം ചെക്ക് ചെയ്തത് സംശയം തോന്നിയ ആൺകുട്ടികളെയാണ്. പക്ഷെ പരിശോധനയിൽ അവരുടെ പക്കൽ നിന്നും ഒന്നും കണ്ടെടുത്തില്ല. അതിനാൽ പെൺകുട്ടികളും വൃദ്ധരും അടക്കം എല്ലാവരെയും പരിശോധിച്ചു. ഇവരുടെ രണ്ടും പേരുടെയും ബാഗിൽ നിന്ന്….”

ഇൻസ്‌പെക്ടർ ഒരു കവർ എടുത്തു മുന്നിലിട്ടു. അതിൽ നിന്ന് രണ്ടു ചെറിയ കവറുകൾ പുറത്തേക്കിട്ടു. അതിൽ എന്തോ വെള്ള പൊടി നിറച്ചിരുന്നു. ഒരു വിലകൂടിയ ലേഡീസ് പേഴ്സ് മേശപ്പുറത്തു വച്ചു.

“ഇതൊരു വില കൂടിയ മ യ ക്കു മ രുന്നാണ്. ഇത് മീനാക്ഷിയുടെ ബാഗിൽ നിന്ന് കിട്ടിയതാണ്. ഇത് ബാങ്കിൽ ജോലി ചെയ്യുന്ന ഒരു മാഡത്തിന്റെ ഒരു പേഴ്സ് ആണ്. അതും ബസിൽ വച്ചു നഷ്ടപ്പെട്ടതാണ്. അത് നികിതയുടെ ബാഗിൽ നിന്ന് കിട്ടിയതാണ്. ഇത്തരം സംഭവങ്ങൾ ഈ റൂട്ടിൽ സ്ഥിരമാണ്. അത് കൊണ്ട് ഇത് മീനാക്ഷിയും നികിതയുമല്ല ചെയ്തതെന്ന് ഞങ്ങൾക്കറിയാം. മീനാക്ഷിയുടെ ബാഗിൽ അത് നിക്ഷേപിച്ചത് ടീച്ചറുടെ കോളേജിന്റെ  യൂണിഫോമിട്ട ഒരു പയ്യനാണ്. ഒരു പക്ഷെ അവനെ ഐഡന്റിഫൈ ചെയ്യാൻ ടീച്ചറിന് കഴിയും..പയ്യന്റെ പല്ലിൽ കമ്പി കെട്ടിയിട്ടുണ്ട്.”

“അതൊരു പക്ഷെ ജെറി ആയിരിക്കും. ഞാൻ അവന്റെ ഫോട്ടോ കാണിക്കാം..അവൻ മുൻപും മ യ ക്കു മരു ന്ന് കൈവശം വച്ചതിനു കോളേജിൽ വച്ചു പിടിക്കപ്പെട്ടിട്ടുണ്ട്. “

“മീനാക്ഷി ,ഇതാണോ കുട്ടിയുടെ ബാഗ് പിടിച്ച ചേട്ടൻ”

“അതെ സാർ “

“ഈ പേഴ്സ് എങ്ങനെ നികിതയുടെ ബാഗിലെത്തി..നികിത ബാഗ് ആരെയെങ്കിലും ഏല്പിച്ചിരുന്നോ ?”

“ഒരു ചേച്ചി എന്റെ ബാഗ് പിടിക്കാൻ വാങ്ങിച്ചിരുന്നു.”

“കോളേജ് കുട്ടികൾ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പ് ആണിതിന് പിന്നിൽ. പൈസ മോഷ്ടിച്ചിട്ടു ബാഗും മറ്റു രേഖകളും സ്കൂൾ ബാഗിലോ കോളേജ് ബാഗിലോ നിക്ഷേപിക്കും. പോലീസ് പരിശോധനയുള്ള സ്ഥലങ്ങളിൽ നിന്ന് അവർക്കു ആരെങ്കിലും സന്ദേശം കൈമാറും. അപ്പോൾ അടുത്ത സ്റ്റോപ്പിലിറങ്ങി ബൈക്കിലോ മറ്റോ രക്ഷപെടും. ഇത് പതിവായപ്പോഴാണ് ഞങ്ങൾ കുറെ പേരെ സ്കെച്ചിട്ടത്. അവരുടെ സംഘങ്ങളിൽ പെട്ടവരാകും ഇന്ന് നിങ്ങളെ ചതിച്ചതു. തെളിവ് കണ്ടെത്തുന്നത് നിങ്ങളുടെ കൈവശം ആകുമ്പോൾ നിങ്ങൾ കുറ്റവാളികൾ ആകും. അത് കൊണ്ട് ബസ് യാത്രയിലും ട്രെയിൻ യാത്രയിലും അവരവരുടെ സാധന സാമഗ്രികൾ സൂക്ഷിക്കുക. അപരിചിതരുടെ കയ്യിൽ അതൊന്നും നൽകി ചതിക്ക് വിധേയരാവാതെയിരിക്കുക.”

“കേസിന്റെ മുന്നോട്ടുള്ള പുരോഗതിക്കു നിങ്ങളെ ഇനിയും വിളിക്കും. വിലാസവും നമ്പറും നൽകിയിട്ടു പോകുക. ഇന്നത്തെ  ഈ കുട്ടികളാണ് നാളത്തെ പൗരന്മാർ. പാവപെട്ട കുട്ടികൾ ഇത്തരം കുറ്റകൃത്യങ്ങളിൽ ഒരിക്കൽ അകപ്പെട്ടാൽ പിന്നെ അതിൽനിന്നും രക്ഷപെടാൻ വളരെ പാടാണ്.”

എല്ലാവരും പോകാനായിട്ടു എഴുന്നേറ്റു.

“സാറും ടീച്ചറും ഒന്ന് ശ്രദ്ധിക്കുക. കുറ്റവാളികൾ നമ്മുടെ സമൂഹത്തിൽ ആഴത്തിൽ പിടിമുറുക്കിയിരിക്കുന്നു. അവരുടെ ചതിക്കുഴിയിൽ പെടുന്നത് ഇത് പോലെയുള്ള നിഷ്കളങ്കരായ വിദ്യാർത്ഥി വിദ്യാർത്ഥിനികളാണ്. അതിനാൽ നിങ്ങൾ കുട്ടികൾക്ക്   ബോധവത്കരണം നടത്തണം. അതിനു എന്ത് വിധ സഹായവും പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകും. വേണമെങ്കിൽ ഞങ്ങളുടെ സേനയിൽ നിന്നുള്ള അംഗങ്ങൾ വന്നു ക്ലാസ് എടുത്തു തരുന്നതാണ്.”

അവർക്കു നന്ദി പറഞ്ഞു അദ്ധ്യാപകരും, വിദ്യാർത്ഥിനികളും പുറത്തേക്കിറങ്ങി. അവിടെ കുട്ടികളെ  കാത്തു മാതാപിതാക്കൾ നിന്നിരുന്നു…

~നിശീഥിനി