സുമംഗലിയായ അമ്മായിയമ്മയുടെ കൂടെ വിധവയായ മരുമകൾ നടക്കുമ്പോൾ ആൾക്കാർക്ക് തോന്നുന്ന…

പച്ച മൾബറിയുടെ പുളിപ്പ്…

Story written by Remya Bharathy

===================

“എങ്ങട്ടാ ഇത്ര രാവിലെ?”

ശബ്ദം കേട്ടൊന്ന് തിരിഞ്ഞു നോക്കി. ഉമ്മറത്തെ ചാരു കസേരയിൽ കിടന്ന് പത്രം വായിച്ചു കൊണ്ട് അച്ഛനാണ്. ഈ വീട്ടിൽ കയറി വന്ന കാലം തൊട്ട് രാവിലെ മുടങ്ങാതെ കാണുന്ന കാഴ്ച. ഇതിനിടെ മൂന്നു വട്ടം അമ്മയുടെ ചായയും വാങ്ങി കുടിക്കും.

അറിയാതെ ചുമരിലേക്ക് നോക്കി. ശിവേട്ടന്റെ ഫോട്ടോയുടെ തൊട്ടപ്പുറത്തു അമ്മ. അമ്മ പോയിട്ട് വർഷം അഞ്ചായി.

“ചേച്ചിക്ക് ചായ വേണോ?” അനിയന്റെ ഭാര്യയാണ്. അവളാണിപ്പോൾ ഗൃഹഭരണം. അവളുടെ ചിരി കണ്ടാൽ അപ്പൊ കെട്ടി പിടിക്കാൻ തോന്നും. അത്ര നല്ലൊരു കുട്ടി.

“വേണ്ട ഗംഗേ. ഞാനൊന്ന് അമ്പലത്തിൽ പോവാ. അവിടുന്ന് വേറെ ഒന്ന് രണ്ടിടത്തേക്കും പോകാനുണ്ട്. പഴയ ഒന്ന് രണ്ടു പേരേ കാണണം. ഉണ്ണിക്കുട്ടൻ എണീറ്റാൽ പറഞ്ഞോളൂ ട്ടോ.”

“ഇന്നലെ ഇങ്ങോട്ട് വന്നതല്ലേ ഉള്ളു. രണ്ടൂസം കഴിഞ്ഞിട്ടൊക്കെ പോരെ ഈ കറക്കം?”

അച്ഛന്റെ ശബ്ദത്തിൽ പാതി കരുതലും പാതി കാർക്കശ്യവും. സത്യത്തിൽ മുഴുവൻ സ്നേഹമാണ്.

“അപ്പഴേക്കും കല്യാണ തിരക്കുകൾ ആയില്ലേ അച്ഛാ. എനിക്ക് നേരിട്ട് ക്ഷണിക്കേണ്ട ഒന്നു രണ്ടു പേരുണ്ട്. അവരെ ഒക്കെ ഒന്ന് നേരിട്ട് കാണണം.”

പത്രത്തിൽ നിന്ന് കണ്ണെടുക്കാതെ അച്ഛൻ തലയാട്ടി. ഗംഗ കൊടുത്ത ചായ ഊതി കുടിക്കാൻ തുടങ്ങി. മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ മൾബറിയുടെ അടുത്തൊന്നു നിന്നു. ചുവന്നു തുടുത്ത നാലഞ്ചു പഴം നിൽപ്പുണ്ട്. പറിക്കാനായി ചില്ലയിൽ പിടിച്ചപ്പോൾ ഇന്നലെ പെയ്ത മഴയുടെ ബാക്കി തലയിലേക്കും സാരിയിലേക്കും ചാടി.

“ചേച്ചി പോയിട്ട് വരു. ഞാൻ ശിവാനിയെ കൊണ്ട് പറിപ്പിച്ചു വെക്കാം.” കേട്ടതും ശിവാനി ഓടി വന്നു. ഇന്നലെ ഞങ്ങൾ കൊണ്ടു വന്ന ചോക്ലേറ്റ് കഴിക്കായിരുന്നു എന്ന് കയ്യിലെ മിട്ടായി കടലാസ്സിൽ നിന്ന് വ്യക്തം.

“ഞാൻ പറിച്ചു തരാം വല്യമ്മേ.”

ചിരിച്ച് കൊണ്ട് സ്വകാര്യം പോലെ അവളോട് പതിയെ പറഞ്ഞു.

“കുറച്ച് പച്ചയും പറിക്കണേ.”

എന്തിന് എന്ന ചോദ്യം അവളുടെ മുഖത്ത് വന്നത് ശ്രദ്ധിക്കാതെ ഇറങ്ങി നടന്നു. അവൾക്കറിയില്ലല്ലോ ആ പച്ച മൾബറിയുടെ പുളിക്കു പിന്നിലെ കഥകൾ.

വഴിയൊക്കെ പഴേ ഓർമയാണ്. പത്തിരുപതു കൊല്ലം മുന്നേ അമ്പലത്തിലേക്കു നടന്നു പോയ വഴി. അമ്മയുടെ കൂടെ അമ്പലത്തിൽ പോയിരുന്ന ഓർമ്മകൾ. പിന്നെയെപ്പോഴോ, വിധവയാണെന്ന ദയനീയ നോട്ടം ഏറ്റവും അസ്സഹനീയമായത് ആ അമ്പലകെട്ടിന് അകത്താണെന്ന് മനസ്സിലായപ്പോൾ, പോക്ക് നിർത്തി. സുമംഗലിയായ അമ്മായിയമ്മയുടെ കൂടെ വിധവയായ മരുമകൾ നടക്കുമ്പോൾ ആൾക്കാർക്ക് തോന്നുന്ന സഹതാപം സഹിക്കാൻ വയ്യായിരുന്നു.

*****************

“ശിവാനി… അമ്മയെവിടെ?”

“വല്യമ്മ ഇതാ ഇപ്പൊ പോയെ ഉള്ളു. എന്തേ ഉണ്ണിയേട്ടാ?”

“അമ്മ ഫോൺ എടുക്കാൻ മറന്നിരിക്കുന്നു.”

“അതൊന്നും സാരമില്ല. ഇവിടത്തെ വഴികളിലൂടെ നടക്കാൻ അവൾക്ക് ഫോണൊന്നും വേണ്ട.”

ഗൗരവം വിടാതെ പത്രത്തിൽ നിന്ന് കണ്ണെടുക്കാതെ തന്നെ പറയുന്ന മുത്തശ്ശനെ നോക്കി ചിരിച്ച് കൊണ്ട് ഉണ്ണികൃഷ്ണൻ അടുത്ത് ചെന്നു.

“മുത്തശ്ശനു അറിയാഞ്ഞിട്ടാ. അമ്മക്ക് ഫോണില്ലാതെ വയ്യ. അമ്മേടെ കൂട്ടുകെട്ടുകളും എഴുത്തു കുത്തും ജോലിയും എല്ലാം ഇതിലാ. ഇന്നലെ രാത്രി വന്നപ്പോ ചാർജ് ചെയ്യാൻ വെച്ചതാ. പക്ഷെ പതിവ് പോലെ ചാർജർ ഓണാക്കാൻ മറന്നിരുന്നു. കൊണ്ടോയിട്ടും കാര്യം ഒന്നും ഇല്ല.”

“അയ്യോ മോനെ ചേച്ചിക്ക് ബുദ്ധിമുട്ടാവുമോ? കൊണ്ടോയി കൊടുക്കണോ?”

“അതൊന്നും വേണ്ട. ഒരൂസം ഫോൺ ഇല്ലാഞ്ഞാൽ എന്താ പറ്റാ ന്നു നോക്കട്ടെ. മിക്കവാറും ഇപ്പൊ തന്നെ ഇത് ഓർമ വന്നു തിരിച്ചു വരും. അമ്മേടെ ശരീരത്തിന്റെ ഒരു ഭാഗം പോലെയാ ഇത്.”

“വേറെ എവിടേക്കൊക്കെയോ പോണം ന്നു പറയുന്നുണ്ടായിരുന്നു.”

“ചെറിയമ്മ ടെൻഷൻ അടിക്കണ്ട. അമ്മ എവിടെ പോയാലും സേഫ് ആയി തിരിച്ചു വരും. ഞാനിത് എന്തായാലും ചാർജ് ചെയ്യാൻ വെക്കട്ടെ. തിരിച്ചു വന്നാൽ അപ്പൊ തന്നെ തുടങ്ങാലോ അമ്മക്ക്.” ഉണ്ണി ചിരിച്ചും കൊണ്ട് അകത്തേക്ക് പോയി.

********************

അമ്പലമാകേ മാറി പോയിരിക്കുന്നു. എന്തൊക്കെ മാറ്റങ്ങൾ ആണ്. രണ്ടു ചിന്തയിൽ മനസ്സ് നിന്നു, പുഷ്പാഞ്ജലി കഴിപ്പിക്കണോ വേണ്ടയോ? ചന്ദനവും പുഷ്പവും ഇലക്കീറിൽ കയ്യിലേക്ക് വാങ്ങുന്നതിന്റെ ഒരു സുഖം കുറെ കാലങ്ങൾക്ക് ശേഷം അനുഭവിക്കാൻ കിട്ടിയ ചാൻസ് ആണ്. കളയണ്ട. എന്തായാലും വല്ലപ്പോഴും അല്ലേ. വഴിപാട് കഴിപ്പിച്ചേക്കാം.

നേരെ ശീട്ടാക്കാൻ ചെന്നു. മോന്റെ പേരും നാളും പറഞ്ഞു. മോളുടെ നക്ഷത്രം എന്തായിരുന്നു? അത് മറന്നു. അല്ലേലും ഈയിടെയായി പുതിയ കാര്യങ്ങൾ ഒക്കെ പെട്ടന്ന് മറക്കും. പഴയത് പലതും നല്ല ഓർമയാണ്. ഒരു മെസ്സേജ് അയച്ചു ചോദിക്കാം. ബാഗിൽ തപ്പി. ഫോണില്ല.

ശേ. അത് ചാർജ് ചെയ്യാൻ വെച്ചിട്ട് മറന്നു. ഇനി പ്പോ…?

എന്നാലും എന്തായിരുന്നു നക്ഷത്രം? ഓർക്കുന്നില്ലല്ലോ. ഇതിലൊന്നും വലിയ വിശ്വാസം ഇല്ലാത്തത് കൊണ്ട് ജാതകം നോക്കലും നാള് കുറിക്കലും ഒക്കെ മോളുടെ വീട്ടുകാര് തന്നെയാണ് ചെയ്തത്. അവർക്ക് വിശ്വാസം ഉണ്ടേൽ ആയിക്കോട്ടെ. പണ്ടെന്നോ അമ്മ എഴുതിച്ച മോന്റെ ജാതകം കൊടുക്കുക മാത്രം ചെയ്തു.

‘ശിവന്റെ നാള്’. അങ്ങനെ ആരോ എപ്പഴോ പറഞ്ഞത് ഓർമ വന്നു. അതിനിപ്പോ ഏതാണാവോ മൂപ്പരുടെ നാള്. ഫോണുണ്ടായിരുന്നേൽ ഗൂഗിൾ ചെയ്യാമായിരുന്നു. രണ്ടും കല്പ്പിച്ചു ശീട്ട് എഴുതാൻ ഇരുന്ന ആളോട് ചോദിച്ചു.

“ശിവന്റെ നാളേതാ?”

ഇത്രേം പ്രായമായ സ്ത്രീയെ… നിങ്ങൾക്ക് ഇതറിയില്ലേ? എന്ന മട്ടിൽ അയാളുടെ ഒരു നോട്ടം. ഡൈ ചെയ്യാത്ത എന്റെ തലയിലേക്ക്. എന്നിട്ട് ആരോടോ ഉള്ള ദേഷ്യം പോലെ

“തിരുവാതിര.”

എനിക്കത്ര പ്രായമൊന്നും ഇല്ല ഞാൻ ഇപ്പോഴും കൂൾ മോം ആണ് അടുത്ത ആഴ്ച തൊട്ട് കൂൾ അമ്മായിയമ്മയും ആവാനുള്ളതാണ്. പിന്നെ തലയിങ്ങനെ കുമ്പളങ്ങ പോലെ വെച്ചത്. അതെന്താ എനിക്ക് ഡൈ ചെയ്യാതെ നടന്നൂടെ? എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അയാളോട് പറഞ്ഞു

“എന്നാ ഒരു പുഷ്‌പാഞ്‌ജലി കൂടെ. ഗായത്രി. തിരുവാതിര.”

അമ്മ കൂടെ ഉണ്ടായിരുന്നെങ്കിൽ ഉള്ള പുകിൽ ഓർത്ത് ചിരിച്ച് കൊണ്ട് ശ്രീകോവിലിൽ നോക്കി കണ്ണടക്കാതെ കൈ കൂപ്പി നിന്നു. എന്തു ഭംഗിയാണ് ഈ ശ്രീകോവിൽ ഇങ്ങനെ നോക്കി കാണാൻ. ഈ വിളക്കുകളുടെ വെളിച്ചവും മണവും.

ആരതി ഉഴിഞ്ഞു തൊഴുമ്പോൾ അമ്മയെ ഓർമ വന്നു. പിന്നെ രവി മാഷെയും. ഒരിക്കലെ ഒരുമിച്ച് തൊഴുതിട്ടുള്ളു. പക്ഷെ അന്ന് മാഷേ നോക്കി നിന്ന ഒരുത്തി ഇപ്പഴും ഉള്ളിൽ ഉണ്ട്.

“എന്റെ മാഷേ വിശ്വാസം ഇല്ലേൽ എന്തിനാ ഇങ്ങനെ ആർക്കോ വേണ്ടി?” ഞാനന്ന് കളിയാക്കി ചിരിച്ചപ്പോൾ ചിരിച്ച് കൊണ്ട് തിരികെ പറഞ്ഞ വാക്കുകൾ.

“ചിലതൊന്നും വിശ്വാസത്തിനു വേണ്ടിയല്ലെടോ. ചിലരുടെ സന്തോഷത്തിനു വേണ്ടിയാ. നമുക്കൊട്ടും ഇഷ്ടമില്ലേലും അവരോടുള്ള ഇഷ്ടം കൊണ്ട് നമ്മള് ചെയ്യുന്നു എന്നറിയുമ്പോൾ അവരുടെ കണ്ണിൽ വരുന്ന സന്തോഷം ഇല്ലേ അത് കാണാൻ.”

അമ്പലത്തിൽ നിന്ന് ഇറങ്ങാൻ നേരം ഒന്നൂടെ നോക്കി ബാഗിലേക്ക്. കല്യാണ കത്തുകൾ. തരം തിരിച്ചു പേരെഴുതി വെച്ചിട്ടുണ്ട്. പഴയ കൂട്ടുകാർക്ക്. പഴയ സഹപ്രവർത്തകർക്ക്. ഒന്ന് വിളിച്ചു പറഞ്ഞേക്കാം. ഒന്നൂടെ കൈ ബാഗിന് അകത്തേക്ക് പോയി. അപ്പോഴാണ് വീണ്ടും ഓർമ ഫോണില്ലല്ലോ. വീട്ടിൽ പോയി എടുത്താലോ? വേണ്ട ഇനിയും ഇത്രേം ദൂരം വരണം ബസ് കേറാൻ. അപ്പൊ പിന്നെ ഉണ്ണിയും കൂടെ വരാൻ വാശി പിടിക്കും. അവന്റെ കൂടെ കാറിൽ പോകേണ്ടി വരും. വേണ്ട ഈ യാത്ര ഒറ്റക്ക് തന്നെ.

ഒരു കണക്കിന് നന്നായി. ഇടയ്ക്കിടെയുള്ള വിളി ഒഴിവാക്കാലോ. പഴയ പോലെ ഫോണിന്റെ ഇടപെടൽ ഇല്ലാത്ത കാലം പോലെ ഒരൂസം. അത്യാവശ്യത്തിനുള്ള കാശൊക്കെ കയ്യിൽ ഉണ്ട്. അപ്പൊ ആ ചിന്തയില്ല. എന്നാലും എന്തേലും ഒരു ആവശ്യത്തിന് നമ്പർ വേണ്ടി വന്നാൽ? നാട്ടിലെ ആരുടെയും നമ്പർ അറിയില്ല എന്ന് ആശ്ചര്യത്തോട്ടെ ഓർത്തു. പണ്ട് ലാൻഡ്‍ഫോൺ ആയിരുന്ന കാലത്ത് എത്ര നമ്പർ ഉണ്ടായിരുന്നു ഓർമയിൽ. വീട്ടിലെ പഴയ നമ്പർ ഒക്കെ ഇപ്പഴും ഓർമ. പക്ഷെ മോന്റെ പുതിയ നമ്പർ പോലും ഓർമയില്ല. ബാഗിൽ വിസിറ്റിംഗ് കാർഡ് കിടപ്പുണ്ട്. അതിൽ കാണും നമ്പർ.

ഫോൺ കയ്യിൽ ഉണ്ടായിരുന്നേൽ അമ്പലത്തിന്റെ മുന്നിൽ നിന്നൊരു സെൽഫി എടുത്തു ഇൻസ്റ്റാഗ്രാമിൽ ഇടാമായിരുന്നു. ഉണ്ണി കളിയാക്കും. അമ്മക്ക് ഇത്രേം പ്രായം ആയില്ലേ ന്ന് പക്ഷെ ഗായു മോള് ഫുള്ള് സപ്പോർട്ട് ആണ്.

ഇറങ്ങി നേരെ നടന്നു ബസ് സ്റ്റോപ്പിലേക്ക്. ഒന്ന് രണ്ടു കട പഴയത് പോലെയുണ്ട്. ഇന്നലെ രാത്രി ഈ വഴി വന്നപ്പോൾ ഇവിടെ ഉണ്ടായ മാറ്റങ്ങൾ ഒന്നും ശ്രദ്ധിച്ചില്ലായിരുന്നു. ഇക്കണ്ട കാലമൊന്നും ഈ നാട്ടിലേക്ക് വരാതെ വാശി പിടിച്ചത് എന്തിനായിരുന്നു? എന്തായാലും വന്നല്ലോ. അത് മതി.

പലരെയും നേരത്തെ വിളിച്ചു സംസാരിച്ചിരുന്നു എങ്കിലും, വരുമെന്ന് പറഞ്ഞിരുന്നെങ്കിലും, ഫോൺ കയ്യിൽ ഇല്ലാത്തത് കൊണ്ട് അവസാന നിമിഷത്തെ വിളി ഇല്ലാഞ്ഞത് കൊണ്ട് വരവ് സത്യത്തിൽ അപ്രതീക്ഷിതമായി പലർക്കും.

അവിടേക്ക് കൊണ്ടു പോകാൻ വല്ലതും കടയിൽ കയറി വാങ്ങുമ്പോഴാണ് കൂടുതൽ തമാശ. ചെയിഞ്ചില്ലാത്തത് കൊണ്ട് ഓൺലൈൻ പേയ്‌മെന്റ് നടത്തിക്കോളാൻ. ഫോൺ കയ്യിലില്ല എന്ന് പറഞ്ഞപ്പോൾ നമ്മളെ നോക്കി ഒരു പഴഞ്ചൻ ലുക്ക്. അപ്പൊ നേരെ ചെന്നു അവന്റെ ഫോണിൽ എന്റെ ഇൻസ്റ്റയും എഫ്ബിയും കാട്ടിയാലോ എന്ന് കരുതി. പിന്നെ പേടിപ്പിക്കണ്ട എന്ന് കരുതി വെറുതെ വിട്ടു. ഒരു കടയിൽ കയറി ചിരിച്ച് കാണിച്ചു കുറെ ചെയിഞ്ചു വാങ്ങി.

രണ്ടുമൂന്നിടത്തു പോയി കല്യാണ കത്തൊക്കെ കൊടുത്തു ഓരോ സെൽഫിയും എടുത്തു.

“ഞാൻ ഫോണെടുത്തിട്ടില്ല. ആ ഫോട്ടോയൊക്കെ എന്റെ വാട്സ്സാപ്പിലേക്ക് ഒന്ന് അയച്ചേക്കണെ.”

കേട്ടപ്പോൾ പലർക്കും ചിരി. മറ്റാരേക്കാളും കൂടുതൽ ഫോണിൽ മെസ്സേജും വിളികളും ഫോട്ടോ ഇടലും ഒക്കെയായി നടക്കുന്ന ഞാൻ ഫോണെടുക്കാൻ മറന്നു എന്ന് കേട്ടപ്പോൾ ചിരി.

നാലാമത്തെ വീട്ടിൽ എത്തി ഫോട്ടോ എടുത്തു എന്റെ നമ്പറിലേക്ക് അയച്ചപ്പോൾ അതാ വരുന്നു ഒരു വിളി. ഉണ്ണിയാണ്. നളിനി ടീച്ചർ ഫോൺ എനിക്ക് നേരെ നീട്ടി.

“ഞാൻ തന്നെയാ മോനെ. പറഞ്ഞോ.”

“അത് മനസ്സിലായി. എങ്ങനെയുണ്ട് ഫോണില്ലാതെ?”

“നീ എന്നേ പറ്റി എന്താ കരുതിയെ എനിക്ക് ഫോൺ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്നോ? ഇപ്പൊ മനസ്സിലായില്ലേ?”

“പിന്നെ, അമ്മ മനസ്സ് വെച്ചാൽ എന്തും സാധിപ്പിക്കും എന്നെനിക്ക് അറിയാലോ. അല്ല, ഇപ്പൊ എവിടെയാ?”

“നിന്റെ ഈ ലൈവ് ട്രാക്കിങ് ഒഴിവാക്കാൻ കൂടെ വേണ്ടിയാ ഞാൻ ആ ഫോൺ എടുക്കാഞ്ഞത്.”

“ഓഹോ. പുതിയ കഥയുണ്ടാക്കുന്നോ? മറന്നതാണെന്ന് സമ്മതിക്കാൻ മടി. അല്ലേ?”

“ഒരിടത്തു കൂടെ പോണം. ഇത്തിരി ദൂരെയാണ്. തിരിച്ചു വരാൻ ഇത്തിരി വൈകിയേക്കും. നീ പേടിക്കണ്ട.”

“എനിക്കെന്തു പേടി. അമ്മയെ ബാക്കി ഉള്ളവരു പേടിച്ചാ മതി. പിന്നെ ഈ ഓട്ടത്തിന്റെയും ചാട്ടത്തിന്റെയും ഇടെ ആ ഐഡി കാർഡ് എടുത്തു പ്രായം ഒന്ന് ചെക്ക് ചെയ്യുന്നത് നന്നാവും. ഗായു നെ കെട്ടുന്നത് അമ്മക്ക് കുഴമ്പിട്ടു തരാനല്ല എന്ന് ഓർത്താൽ നന്ന്.”

ഇടക്കൊക്കെ അവൻ അവന്റെ അച്ഛന്റെ കർക്കാശ്യരൂപം വിട്ട് ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറയുന്ന എന്റെ മോനാവും. അവനൊരു ബൈ പറഞ്ഞു ഫോൺ വെച്ചു. ഇറങ്ങാൻ നേരം നളിനി ടീച്ചർ ചോദിച്ചു.

“ഇനി എങ്ങോട്ടാ?”

“അതൊക്കെ ഉണ്ടെടോ. താൻ കല്യാണത്തിന് വരുമ്പോ പറയാം.”

ബസിൽ കയറി ടിക്കറ്റ് എടുത്തപ്പോൾ തൊട്ട് ഹൃദയം മിടിക്കാൻ തുടങ്ങി. രവി മാഷുടെ വീട്ടിലേക്ക് ആണ് യാത്ര. കുറച്ച് കാലമേ ഒരുമിച്ച് ജോലി ചെയ്തുള്ളു എങ്കിലും, ആ കുറച്ച് കാലം കൊണ്ട് ഒത്തിരി അടുത്ത് പോയവർ. തെറ്റായിട്ട് ഒന്നും ഇല്ലാഞ്ഞിട്ടും പഴി കേൾക്കേണ്ടി വന്ന്, ആ അടുപ്പം ഉപേക്ഷിക്കേണ്ടി വന്നതും, രണ്ടു പേർക്കും ഒടുക്കം ആ നാട് തന്നെ വിട്ടു പോകേണ്ടി വന്നതും, എല്ലാം ഒരിക്കൽ കൂടെ മനസ്സിൽ വന്നു പോയി. വീണ്ടും ഫോണിന് വേണ്ടി കൈ ബാഗിനുള്ളിൽ തപ്പി. നിരാശയോടെ വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നു.

ഈയടുത്തു മാഷുടെ സോഷ്യൽ മീഡിയ അക്കൗണ്ട് കണ്ട് പിടിച്ചിരുന്നു. പഴയ ഫോട്ടോകൾ ഒക്കെ വെച്ച് ആള് അത് തന്നെ എന്ന് ഉറപ്പിച്ചു. എന്നാലും നേരിട്ട് മിണ്ടാനോ നമ്പർ ചോദിക്കാനോ മടി. നേരിട്ട് ചെന്നേക്കാം. ഇപ്പോൾ ഒരു കാരണവും ഉണ്ടല്ലോ. മകന്റെ കല്യാണത്തിന് ക്ഷണിക്കാൻ ചെല്ലുന്നു. എന്നാലും ഇന്ദിര. അവൾക്ക് ഇഷ്ടാവാതെ വരുമോ?

ആ വീട്ടിലേക്ക് പണ്ടൊരിക്കൽ പോയതിന്റെ ഓർമയെ ഉള്ളു. ഒരിക്കൽ അവിടെ ഒരു ദിവസം താമസിച്ചിട്ടുണ്ട്. അന്ന് മാഷുടെ മകളുടെ പിറന്നാൾ ആയിരുന്നു. അവിടെ അടുത്തൊരു സ്കൂളിൽ ഒരു ഔദ്യോഗിക ഡ്യൂട്ടിക്ക് പോയതായിരുന്നു. മാഷുടെ ക്ഷണം സ്വീകരിച്ചു കൂടെ വീട്ടിലേക്ക് പോയി. അന്നത്തെ ദിവസം അവിടെ തങ്ങി. അന്നാണ് മാഷുടെ ഭാര്യ ഇന്ദിരയുടെ നിർബന്ധത്തിന് വഴങ്ങി അവരുടെ അമ്പലത്തിൽ പോയത്.

മാഷുടെ നാടും പ്രിയപ്പെട്ട സ്ഥലങ്ങളും എല്ലാം കൊണ്ടോയി കാണിച്ച് തന്നു. പുല്ലുകൾ നിറഞ്ഞ കുന്നിൻപുറത്തു നിന്നു അസ്തമയം കണ്ട് തിരികെ ഇറങ്ങി വീട്ടിലെത്തി, ഇന്ദിര വിളമ്പിയ കഞ്ഞി കുടിച്ചപ്പോഴും, പിന്നെ നിലാ വെളിച്ചത്തിൽ മുറ്റത്തെ മൾബറിയിൽ നിന്ന് പച്ച പൊട്ടിച്ചു തിന്നപ്പോഴും, ഉറങ്ങാനായി ഇന്ദിരയോടൊപ്പം മാഷ് മുറിയിലേക്ക് പോയിട്ടും പിന്നെയും കുറെ നേരം ജനലിലൂടെ മൾബറിക്ക് മുകളിലെ ചന്ദ്രനെ നോക്കി നിന്നപ്പോഴും, മനസ്സിൽ വീണ്ടും വീണ്ടും ആ വാക്കുകൾ ആയിരുന്നു. ആ കുന്നിൻ മുകളിലെ അസ്തമയം കണ്ടു നിന്ന് അന്ന് മാഷ് പറഞ്ഞതും മാഷോട് പറഞ്ഞതും.

അത്രേം മനോഹരമായൊരു അസ്തമയം അതിനു മുന്നെയോ പിന്നെയോ ഉണ്ടായിട്ടില്ല. അന്ന് ഫോണുണ്ടായിരുന്നെങ്കിൽ അതൊക്കെ ഫോട്ടോ എടുത്തു വെക്കാമായിരുന്നു. അത് മാത്രമല്ല. മറ്റു പലതും.

കാലം തെറ്റി കണ്ട് മുട്ടിയ രണ്ടുപേർക്കിടയിലെ സൗഹൃദം. സൗഹൃദമല്ലാതെ മറ്റൊന്നും പങ്കുവെക്കാനില്ലാതെ വീർപ്പുമുട്ടിയ നിമിഷങ്ങൾ. കൂടെയുള്ള നിമിഷങ്ങൾ ഒത്തിരി മധുരമുള്ളതായി തോന്നിയിട്ടും, ഇതിവിടെ വരെ മതി എന്ന് പരസ്പരം പറയാതെ പറഞ്ഞ നിമിഷങ്ങൾ.

എന്തായിരുന്നു അത്? പ്രണയമോ? അതോ അത്രയും കാലത്തിനിടെ കണ്ടിട്ടില്ലാത്ത പോലെ ഒരാൾ, ഇത്രയും മനസ്സിലാവുന്ന ഒരാൾ, ഉള്ളിലുള്ള വാക്കുകളെ പറയാതെ മനസ്സിലാക്കാനും, തിരികെ ഒരു നോട്ടം കൊണ്ടോ ഒന്നോ രണ്ടോ വാക്ക് കൊണ്ടോ ആശ്വസിപ്പിക്കാനും സാധിച്ചിരുന്ന മാജിക്‌. അങ്ങോട്ടും ഇങ്ങോട്ടും.

അഞ്ചോ ആറോ വരികളിൽ അങ്ങോട്ടും ഇങ്ങോട്ടും പറയാനുള്ളത് പറഞ്ഞു തീർക്കാവുന്നത്ര അടുപ്പം. പക്ഷെ യോഗമില്ലായിരുന്നു എന്ന് പറഞ്ഞാൽ, അതൊരു പൈങ്കിളി പ്രയോഗമാവും.

ആളുകൾ അതൊരു വർത്തമാനമാക്കി. അത് ആരൊക്കെയോ പറഞ്ഞ് ഇന്ദിരയുടെ ചെവിയിൽ എത്തി. ശിവേട്ടന്റെ ബന്ധുക്കളുടെയും. ഒടുവിൽ മോനെയും കൂട്ടി ചേട്ടന്റെ കൂടെ വിദേശത്തേക്ക്. പിന്നീട് മാഷേ പറ്റി അന്വേഷിച്ചതെ ഇല്ല.

പിന്നീട് ഇങ്ങോട്ട് വരവും ഉണ്ടായില്ല. നാട്ടിൽ വരുമ്പോൾ മോൻ വല്ലപ്പോഴും വന്നു നിന്നാലും, ഈ നാട്ടിലേക്ക് ഒരു തിരിച്ചു വരവ് എനിക്ക് സാധിക്കുമായിരുന്നില്ല. ഇതിപ്പോൾ ഗായുമോളുടെ വീട് ഇവിടെ അടുത്താണ്. അപ്പൊ കല്യാണത്തിന് എളുപ്പം ഇവിടെ നിന്നാണ്. പിന്നെ അച്ഛന്റെ സ്നേഹം നിറഞ്ഞ നിര്ബന്ധവും.

ഓർമ്മകൾ പിന്നെയും കാട് കയറി പോയി. സ്ഥലം എവിടെ എത്തിയോ എന്തോ? ഗൂഗിൾ മാപ് ഉണ്ടായിരുന്നെങ്കിൽ? പോണ വഴിയിലെ ഓരോരോ സ്ഥലങ്ങൾ കാണുമ്പോൾ ഫോട്ടോ എടുക്കാൻ വല്ലാത്ത തോന്നൽ ഉണ്ടാവും. പിന്നെ ഓർക്കും ഫോൺ ഇല്ലല്ലോ എന്ന്. വല്ലാത്ത കഷ്ടമായി ഫോൺ ഇല്ലാഞ്ഞത്. പക്ഷെ കുഴപ്പമില്ല. ഫോൺ ഇല്ലാതെയും ജീവിക്കാം. അല്ലേൽ തന്നെ ഈ ഫോണൊക്കെ എന്നാ ഉണ്ടായേ.

ബസിൽ വെച്ച ആരോചകമായ പാട്ടുകൾ കേട്ടപ്പോൾ വീണ്ടും തോന്നി ഫോണുണ്ടായിരുന്നെങ്കിൽ ഇഷ്ടമുള്ള പാട്ടൊക്കെ കേട്ട്, രസായി പോവായിരുന്നു എന്ന്.

ഇതിപ്പോ പണ്ടത്തെ പോലെ, വഴിയും നോക്കി, ബസിലെ ആൾക്കാരെ നോക്കി, ഓരോരോ സ്റ്റോപ്പിലെയും കടകളുടെ ബോർഡ് നോക്കി സ്ഥലങ്ങൾ മനസ്സിലാക്കി. അവസാനം സ്ഥലം എത്തി.

മാഷുടെ വീട്ടിലേക്കുള്ള വഴി ഓർമയുണ്ടായിരുന്നെങ്കിലും ഒന്നൂടെ കവലയിൽ ചോദിച്ച് ഉറപ്പു വരുത്തി. അവസാനം ഓട്ടോക്ക് പോകാമെന്നു തീരുമാനിച്ചു.

അവിടെ എത്തിയപ്പോൾ, മാഷെങ്ങോട്ടോ പോവാൻ നിൽക്കായിരുന്നു. വലിയ മാറ്റമൊന്നുമില്ല. തല നരക്കാഞ്ഞതോ അതോ ഡൈയോ?

എന്നേ കണ്ടിട്ട് മനസ്സിലായിട്ടില്ല.

“മാഷേ എന്നേ മനസ്സിലായോ?” മാഷുടെ മുഖഭാവം കണ്ടപ്പോൾ മനാസ്സിലായില്ല എന്നറിഞ്ഞപ്പോൾ ഒരു പരിഭവം തോന്നിയോ? ഏയ്‌.

“ഞാനാ മാഷേ സുധ.” മാഷ് സൂക്ഷ്മമായി നോക്കുന്നതും തിരിച്ചറിയുന്നതും പുഞ്ചിരി വിരിയുന്നതും ഞാൻ കണ്ടു നിറയെ കണ്ടു. ഫോണിൽ റെക്കോർഡ് ചെയ്തു വെക്കേണ്ട നിമിഷങ്ങൾ ആയിരുന്നു.

അതിലും മനോഹരമായി കണ്ണ്കൊണ്ട് റെക്കോർഡ് ചെയ്ത് മനസ്സിനുള്ളിൽ സൂക്ഷിച്ചേക്കാം ഈ നിമിഷം. അന്നത്തെ അസ്തമയ സൂര്യനെ പോലെ.

പെട്ടെന്നാണ് മാഷുടെ മകൾ പുറത്തേക്ക് വന്നത്. ഞാൻ വേഗം ശ്രദ്ധ അങ്ങോട്ടാക്കി. അവളെ അടുത്ത് ചേർത്ത് പിടിച്ചു.

“ഹായ്. വല്യ കുട്ടിയായല്ലോ, ഞാൻ മോളെ മോളുടെ രണ്ടാം പിറന്നാളിന് കണ്ടതാ?”

അവൾ മനോഹരമായി ചിരിച്ചു കൊണ്ട് മാഷേ നോക്കി. ഇന്ദിരയുടെ ചിരി പോലെ തന്നെ ഉണ്ട്. ഇന്ദിര എവിടെയാണോ ആവോ?

“ഇതാണ് അച്ഛൻ പറയാറുള്ള സുധ ടീച്ചർ”

അത് കേട്ടതും അവളുടെ ചിരി സന്തോഷത്തിന്റെതാകുന്നത് കണ്ടപ്പോൾ അഭിമാനത്തോടൊപ്പം ഇത്തിരി അഹങ്കാരവും തോന്നിയോ? മാഷ് എന്നെ പറ്റി മോളോട് പറഞ്ഞിരിക്കുന്നു. പക്ഷെ ഞാനിതു വരെ മോനോട് മാഷേ പറ്റി പറഞ്ഞില്ലല്ലോ. പറയണം. തിരിച്ചു ചെന്ന് എന്തായാലും പറയണം.

“അല്ല മാഷേ ഇന്ദിര എവിടെ? പതിവ് പോലെ അടുക്കളയിൽ ആവും ല്ലേ?”

“ഇല്ലെടോ അവള് പോയി. ഇപ്പോൾ പതിനഞ്ചു കൊല്ലം ആവാറായി. തന്നോടുള്ള ദേഷ്യവും പരാതിയും എല്ലാം മറന്നിട്ടാണ് പോയത് കേട്ടോ. തന്നെ അറിയിക്കാൻ, തന്റെ കോൺടാക്ട് ഒന്നും കയ്യിൽ ഇല്ലായിരുന്നല്ലോ.”

എന്റെ ഉള്ളിലെ സങ്കടം പൊങ്ങി വന്നെന്റെ ശ്വാസം മുട്ടുന്നത് പോലെ തോന്നി.

“വിധി. അല്ലാതെന്താ പറയാ. താൻ കേറി ഇരിക്കു. മോളെ ചായയെടുക്ക്.”

അവൾ അകത്തേക്ക് പോയി. എന്തു പറയണം എന്നറിയാതെ ഞാനും മാഷും കുറച്ച് നിമിഷങ്ങൾ പരസ്പരം നോക്കി ഇരുന്നു.

“മാഷ്ക്ക് ഇത്രേം നല്ലൊരു മോളുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നേൽ എന്റെ മോന് വേണ്ടി ആലോചിക്കായിരുന്നു.”

മാഷ് കുടുകുടാ ചിരിക്കാൻ തുടങ്ങി.

“ന്നിട്ട് വേണം പണ്ട് നമ്മളെ പറ്റി പറഞ്ഞ അതെ നാട്ടുകാര്, നമ്മള് ഒന്നിക്കാൻ വേണ്ടി മക്കളെ ഉപയോഗിച്ചു എന്ന് പറയാൻ. എന്റെ ടീച്ചറെ, ഈ പൊതുജനം എന്ന് പറയുന്നത് വെറും ചെറ്റകളാ. അതിരിക്കട്ടെ. ടീച്ചർ ഇപ്പോൾ എവിടെയാ? എന്താണ് ആഗമന ഉദ്ദേശം?”

“ഞാൻ ചേട്ടന്റെ കൂടെ വിദേശത്താണ്. അന്ന് പോയതാ. പിന്നെ തിരികെ വന്നില്ല. ഞാനും മോനും കൂടെ അവിടെ ഒരു സ്കൂൾ നടത്തുന്നു. മകന്റെ വിവാഹമാണ് അടുത്ത ഞായറാഴ്ച. മരുമകൾ ഞങ്ങടെ സ്കൂളിലെ ടീച്ചർ തന്നെയാണ്. അവസാന നിമിഷമാണ് വിളിക്കുന്നത് എന്നറിയാം. എന്നാലും രണ്ടാളും എന്തായാലും വരണം.”

ബാഗിൽ നിന്ന് കല്യാണക്കുറി എടുത്തു കൊടുത്തു. അപ്പഴേക്കും മാഷുടെ മോള് ചായ കൊണ്ടു വന്നു വെച്ചു. കുറി തുറന്നു നോക്കുന്നതിനിടെ, മാഷ് ചോദിച്ചു

“ഉണ്ണികൃഷ്ണൻ എന്നല്ലായിരുന്നോ മോന്റെ പേര്?” കാർഡിൽ ഒന്നൂടെ വായിച്ചു ഉറപ്പു വരുത്തി ഒന്ന് ചിരിച്ചു.

“ആഹാ പെൺകുട്ടിയുടെ വീട് ഇവിടെ അടുത്താണല്ലോ.”

“അതുകൊണ്ട് കൂടെയാ നാട്ടിലേക്ക് വന്നത്. ശിവേട്ടന്റെ അച്ഛന് നിർബന്ധം. അവൻ കല്യാണം കഴിച്ചു കുട്ടിയെ കൊണ്ട് ആ വീട്ടിലേക്ക് ഗൃഹപ്രവേശം ചെയ്യണം എന്ന്. അല്ലേലും അവിടെ ആകെയുള്ള ഒരു ആൺകുട്ടി അവനാണ്. അവന്റെ വീടല്ലേ. ഞാനും എതിര് പറഞ്ഞില്ല.”

“അത് നന്നായെടോ. ഇത്രയൊക്കെ അല്ലേ നമുക്ക് ചെയ്യാൻ പറ്റു.”

“മാഷെന്റെ മോനെ കണ്ടില്ലല്ലോ…” വീണ്ടും ഫോണെടുക്കാൻ കൈ ബാഗിലേക്ക്

“ശ്ശെടാ…”

“എന്തു പറ്റിയെടോ?”

“ഞാനെന്റെ ഫോൺ എടുക്കാൻ മറന്നു പോയി. എവിടെ പോകുമ്പഴും മറക്കാത്തതാണ്. ഞാനൊരിത്തിരി കൂടുതൽ ആക്റ്റീവ് ആണേ ഈ സോഷ്യൽ മീഡിയയിൽ ഒക്കെ. ഇതൊന്നും കൊച്ചു പിള്ളേർക്ക് മാത്രം അല്ലല്ലോ. നമുക്കും പറ്റും.”

“അത് സാരമില്ല. കല്യാണത്തിന് വരുമ്പോൾ കാണാലോ.”

“ആന്റി അടിപൊളി ആണല്ലോ. അച്ഛൻ പറഞ്ഞത് പോലെ തന്നെ.”

ഞാൻ സംശയത്തോടെ മാഷുടെ മുഖത്തേക്ക് നോക്കി.

“നമ്മുടെ കഥയെല്ലാം ഇവൾക്ക് അറിയാം. ഇടയ്ക്കിടെ കുത്തികുത്തി ചോദിച്ച് എല്ലാം മനസ്സിലാക്കിയിട്ടുണ്ട് തന്നെ പറ്റി.”

അതിനിടെ അവൾ എണീറ്റു പോയി ഫോണെടുത്തിട്ട് വന്നു. അവള് തന്നെ സെർച്ച്‌ ചെയ്ത് എന്നെ കണ്ടു പിടിച്ച് ഉണ്ണിയുടെ ഫോട്ടോ മാഷേ കാണിച്ചു.

“ഒരു റിക്വസ്റ്റ് അയച്ചേക്കണേ. മാഷുടെ ഒരു പ്രൊഫൈൽ ഞാൻ കണ്ടിരുന്നു.”

“അത് ഞാൻ തന്നെ ഉണ്ടാക്കിയതാ. അച്ഛനിതൊന്നും ഇഷ്ടമേ അല്ല.”

മൂന്നു പേരും കൂടെ ചിരിച്ച് കുറെ ഫോട്ടോയൊക്കെ എടുത്തു. മറക്കാതെ അതൊക്കെ അയക്കാൻ പറഞ്ഞു. യാത്ര പറഞ്ഞിറങ്ങി. മാഷും കൂടെ വന്നു. സ്റ്റോപ്പ്‌ വരെ. വായനശാലയിൽ പോകാൻ ഇറങ്ങിയതായിരുന്നു മാഷ്.

ഒരിക്കൽ കൂടെ ആ നാട്ടുവഴികളിലൂടെ മാഷോട് വർത്തമാനം പറഞ്ഞു നടക്കുമ്പോൾ ഞാൻ പഴയ ഇരുപതുകളിൽ ആണെന്ന് തോന്നി.

തിരികെ പോരാൻ ബസിൽ കയറിയപ്പോൾ ഒരിക്കൽ പോലും തോന്നിയില്ല ‘ഫോണില്ലേൽ ഒരു രസമില്ല’ എന്ന്. റെക്കോർഡ് ചെയ്തു വെച്ചത് വീണ്ടും വീണ്ടും കാണുന്നതിനേക്കാൾ മനോഹരമായി ഓരോരോ നിമിഷങ്ങളും മനസ്സിലേക്ക് ഓടി വന്നു.

നന്നായി ഫോണില്ലാഞ്ഞത്.

തിരിച്ച് വീട്ടിലെത്തി മേല് കഴുകി എത്തിയപ്പോഴേക്കും ശിവാനി വിളക്ക് വെച്ചു നാമം ചൊല്ലാൻ തുടങ്ങിയിരുന്നു. അതിനിടെ അവൾ കണ്ണ് കൊണ്ട് അരമതിലിൽ പേപ്പറിൽ പൊതിഞ്ഞു വെച്ച മൾബറിയിലേക്ക് ചൂണ്ടി. പൊതി തുറന്നു നോക്കി. പല നിറങ്ങളിൽ ഉള്ള മൾബറികൾ. ആദ്യം പഴുത്തതൊന്ന് കഴിച്ചു. എന്താ മധുരം. പിന്നെ ഒരു പച്ച എടുത്തു. അതൊന്ന് കടിച്ചതും ഓർമ്മകൾ ഒഴുകാൻ തുടങ്ങി. ആ നിലാവുള്ള രാത്രിയിൽ മാഷോട് സംസാരിച്ചതും, അന്നത്തെ തണുപ്പും ചൂടും ആഹ്ലാദവും നിരാശയും എല്ലാം ഒരു വീഡിയോ ക്ലിപ്പിൽ എന്നപോലെ മനസ്സിൽ ഓടാൻ തുടങ്ങി.

“അമ്മേ, ഫോൺ വേണ്ടേ? ഇതില്ലാതെ അമ്മ ശ്വാസം മുട്ടി മ രിച്ചു പോകാറായിട്ടുണ്ടാവും എന്നാ ഞാൻ കരുതിയത്.” ഉണ്ണി ഫോണും കൊണ്ടു വന്നു എന്റെ നേരെ നീട്ടി.

“ഒന്ന് പോയെടാ ചെക്കാ. എനിക്കിന്ന് ഫോൺ വേണ്ട. ഞാൻ ഫോണില്ലാത്ത ലോകത്തിന്റെ സുഖത്തിലാ ഇന്ന്.”

പൊതിയിൽ നിന്ന് മൾബറി എടുത്തു കൊറിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവന്റെ കൈ തട്ടി.

” അതെ… പഴുത്തത് മാത്രം എടുക്കാവു. പച്ചയെനിക്ക് വേണം.”

“ഏഹ്? അതെന്താ അങ്ങനെ?”

ഞാനവനെ അടുത്ത് പിടിച്ചിരുത്തി, പച്ച മൾബറിയുടെ പുളിപ്പിന്റെ കഥ പറയാൻ തുടങ്ങി. അവൻ എന്നെ ചേർത്ത് പിടിക്കുന്നത് മുറുകാനും…