മൂന്നു വയസ്സുകാരി അമ്മു പാടുന്നത് കേട്ടാണ് അജയ് റൂമിൽ നിന്ന് ഇറങ്ങി വന്നത്. ഇവൾ എന്തായി പാടുന്നത്….

മീനൂട്ടൻ

Story written by Nisha Pillai

===============

“മീനുട്ടാ എന്റെ മീനുട്ടാ, മീമീ തരണേ മീനുട്ടാ ,അമ്മു കാത്തിരിക്കും മീനുട്ടാ “

മൂന്നു വയസ്സുകാരി അമ്മു പാടുന്നത് കേട്ടാണ് അജയ് റൂമിൽ നിന്ന് ഇറങ്ങി വന്നത്. ഇവൾ എന്തായി പാടുന്നത്

“കുഞ്ഞീ എന്തായി പാടുന്നത്, ആരായിത് പഠിപ്പിച്ചത് “

“അമ്മ പാടിയതാണ് കൊള്ളാല്ലോ ല്ലേ അച്ഛാ “

“ഈ പാട്ടു കുഞ്ഞിക്കു വേണ്ടാട്ടോ,അച്ഛൻ വേറെ പാട്ടു പഠിപ്പിച്ചു തരാട്ടോ,മീനൂട്ടനെ കളിയാക്കാൻ പാടില്ല “

അമ്മു തലയാട്ടി സമ്മതിച്ചു

“നേഹാ ” അജയ് ഉറക്കെ വിളിച്ചു

“മീനുട്ടൻ പാട്ടു പാടാനുള്ള വിഷയമല്ല” അവൻ ദേഷ്യപ്പെട്ടു

“നിങ്ങളുടെ അഷ്ടമുടി കായലും കരിമീൻ പ്രേമവും മീനുട്ടന്റെ മുങ്ങി തപ്പലും ഞാൻ കുറെ കേട്ടതല്ലേ,ഇതൊക്കെ കുട്ടിയും മനസിലാകട്ടെന്ന്‌ “

അയാൾ ദേഷ്യത്തോടെ അവളെ നോക്കി

“നീ കഞ്ഞിയും ജ്യൂസും ഒക്കെ എടുത്തു കാറിൽ വയ്ക്കു “

അല്ലേലും അവൾ അങ്ങനെയാ കായൽ മീനും അതുമായി ബന്ധപെട്ടതൊക്കെ ദേഷ്യമാണ്. കായൽ മീനുകൾ ചെറുതും ചെതുമ്പലുകൾ നിറഞ്ഞതുമാണ്. വൃത്തിയാക്കാൻ ബുദ്ധിമുട്ടും .ഞാൻ ആണേൽ കായൽ മീനുകളുടെ ആരാധകനാണ്.അവൾക്കു ഫിഷ് സ്റ്റോറേജിൽ നിന്ന് വാങ്ങുന്ന വല്യ മീനാണ്  ഇഷ്ടം .അതാകുമ്പോൾ അവര് വൃത്തിയാക്കി കഷണങ്ങളാക്കി തരും. ജോലിയും എളുപ്പം.ഞാൻ അങ്ങനെയാണോ ജനിച്ചതും വളർന്നതും കായലിന്റെ തീരത്താണ്.ജീവനുള്ള പിടക്കുന്ന മീനുകൾ ഒക്കെ കണ്ടും തിന്നും ആണ് ശീലം .വല്ലപ്പോഴും ഞാൻ വാങ്ങി വൃത്തിയാക്കി കറി വയ്ക്കുമ്പോൾ അമ്മയും മകളും ഒരു വരവുണ്ട് മണം പിടിച്ചു .പാത്രം അവരുടെ അടുത്തേക്ക് നീട്ടി വയ്ക്കുമ്പോൾ ആ സന്തോഷം ഒന്ന് കാണണ്ടതാണ് .മോളും കായൽമീനിന്റെ ആരാധികയാണ് .

“മരിക്കാൻ കിടക്കുന്നൊരാൾക്കു,പ്രത്യേകിച്ച്  ആരോരുമില്ലാത്തൊരാൾ ,കുറച്ചു മനുഷ്യത്വം ആകാം.അനുകമ്പ കാണിക്കണ്ട ,കളിയാക്കാതെയിരിക്കാം “

“സോറി അജയ് ,ഞാനൊരു തമാശയ്ക്കു …”

അജയ് അമർത്തി മൂളി.കാറിൽ കയറി ഹോസ്പിറ്റലിലേക്ക് പോയി.

കാറിൽ ഇരിക്കുമ്പോൾ തറവാടിനെ കുറിച്ചായിരുന്നു ചിന്ത.അമ്മമ്മയുടെ വീട് അഷ്ടമുടികായലിന്റെ തീരത്താണ്. പുറകിൽ വിശാലമായ കായൽ പരപ്പ്. പക്ഷെ കുട്ടികളായ ഞങ്ങളെ കായലിന്റെ അടുത്തേക്ക് വിടില്ലായിരുന്നു .അമ്മമ്മ ഒരു അദ്ധ്യാപികയായിരുന്നു.അതിലുപരി നല്ല മനുഷ്യ സ്‌നേഹി.പലർക്കും അമ്മമ്മയോടു അസൂയയായിരുന്നു .അമ്മമ്മ വീട്ടിലുള്ള അവധി ദിനങ്ങളിൽ വരാന്തയിൽ ഊണ് കഴിക്കാനായി കുറെ ആളുകൾ ഉണ്ടാകും.ബന്ധുക്കളും പരിചയക്കാരുമായി .അമ്മമ്മയും അപ്പച്ചി അമ്മുമ്മയും  പങ്കിടുന്ന ലോക കാര്യങ്ങൾക്കു കേൾവികാരായി കുറെ ആളുകളും.ചർച്ചകൾ മുറുകുമ്പോൾ എല്ലാരുടേം കണ്ണ് വെട്ടിച്ചു ഞാൻ കായൽ തീരത്തേക്ക് പോകും. അമ്മമ്മക്ക് അഞ്ചു പെണ്മക്കളാണ്. എന്റെ അമ്മക്ക് നാലു അനിയത്തിമാർ. എല്ലാരും വിവാഹിതരാണേലും കൂടുതലും അമ്മമ്മയുടെ കൂടെ തന്നെ ആയിരുന്നു .എല്ലാരും അടുക്കളയിൽ പാചകവും കളിയുമായി കൂടുമ്പോൾ പശ്ചാത്തലത്തിൽ നാടൻ പാട്ടുകൾ ഉയരും.

കുഞ്ഞു നാളിലെ കണ്ടു തുടങ്ങിയ മുഖം.കറുത്ത് മെലിഞ്ഞു പൊക്കം കുറഞ്ഞ മനുഷ്യൻ .ചിരിക്കുമ്പോൾ കറുത്ത മുഖത്തിലെ വെളുത്ത  ചിരിക്കു നല്ല ആകര്ഷണീയതയാണ് .ആദ്യമായി ഞാൻ അയാളെ കണ്ടത് കായലിൽ മുങ്ങി പൊങ്ങുന്നതാണ് .ഓരോ പ്രാവശ്യം മുങ്ങി തപ്പി ഓരോ മീനെ പിടിച്ചു പൊങ്ങും. കയ്യിൽ ഓല കൊണ്ടൊരു കൂടുണ്ടാകും. അതിൽ പിടക്കുന്ന കരിമീനും പ്രാച്ചിയും അഴുക മീനും.എല്ലാരും ഒന്നിനൊന്നു സുന്ദരികൾ ആണ്.രാവിലെ മുതൽ പിടിച്ച  മീനുമായി അമ്മമ്മയുടെ അടുത്ത് വരും.അമ്മമ്മ നല്ല വിലകൊടുത്തു വാങ്ങും.ഒരിക്കലും അയാളെ നിരാശപ്പെടുത്തില്ല.അപ്പോൾ അയാളുടെ ദേഹം മുഴുവൻ ഉപ്പു വെള്ളത്തിൽ കുതിർന്നു,തണുത്തു വിറച്ചു ഇരിക്കും .അടുക്കളയിൽ നിന്ന് കിട്ടുന്ന ചൂട് ചായ ഊതി കുടിക്കുന്ന ആളെ ഞാൻ ആരാധനയോടെ നോക്കി ഇരിക്കും.അടുക്കളയിൽ ഇരിക്കുന്ന പ്രാതലിന്റെ ബാക്കി വയ്പ്പ് ആരും കാണാതെ കൊണ്ട് കൊടുക്കും. അയാളത് ആസ്വദിച്ച് കഴിക്കുന്നത് നോക്കി നിൽക്കും .ഇടയ്ക്കു എന്നെ നോക്കി ചിരിച്ചു കൊണ്ട് കണ്ണിറുക്കും. നേരെ കിണറ്റിങ്കരയിലേക്ക് പോയി വെള്ളം കോരിയൊഴിച്ചു കുളിക്കും.വാഴ ഇലകളുടെ ഇടയിൽ സോപ്പ് ഒളിപ്പിച്ചു വച്ചിരിക്കും. അവിടെയൊക്കെ അയാളറിയാതെ ഞാൻ പിന്തുടരും .പിന്നെ ഒന്ന് പുകച്ചു ഇരികുമ്പോഴേക്കും ഊണ് കാലമാകും.അതും കഴിഞ്ഞു അയാൾ എങ്ങോട്ടോ  മറയും.പിറ്റേന്ന് വീണ്ടു മീനുമായി പ്രത്യക്ഷപ്പെടും .

ആരും അറിയാതെ ഞങ്ങളുടെ ഇടയിൽ ഒരു സുദൃഢ ബന്ധം ഉരുത്തിരിഞ്ഞു വന്നു .ആരും അറിയാതെ എന്നെ നീന്തൽ  പഠിപ്പിച്ചു .കുട്ടയുമായി പോയി കക്ക വാരാൻ പഠിപ്പിച്ചു .ചുട്ട മീനിന്റെ രുചി പഠിപ്പിച്ചു .ഉണക്കകപ്പയുടെ പൊടിയും കക്കയും കുറുക്കി വാഴയിലയിൽ തന്നു .അങ്ങനെ രുചിയുടെ പുതിയ കൂട്ടുകൾ പരിചിതമാക്കി

ഞാൻ ഇപ്പോഴും അയാളെ കായലുമായി ബന്ധപെട്ടു മാത്രേ കണ്ടിട്ടുള്ളു.വീട്ടിൽ ആരൊക്കെ ഉണ്ടെന്നു ഒരിക്കലും ചോദിച്ചിട്ടില്ല.അന്ന് അതിനുള്ള വിവേകം ഉണ്ടായിരുന്നില്ല .എല്ലാരും കുട്ടൻ എന്ന് വിളിച്ച ആളെ ഞാൻ ആണ് ആദ്യമായി മീനുട്ടൻ എന്ന് വിളിച്ചത് .അത് നാട്ടിൽ മുഴുവൻ പരന്നു.നാട്ടിൽ എല്ലാര്ക്കും മീനുട്ടാൻ ആയി. ഒരിക്കൽ സ്കൂളിൽ വച്ച് സയൻസ് ടീച്ചർ ഉഭയ ജീവികൾ പഠിപ്പിച്ചപ്പോൾ എന്നോട് ഉദാഹരണം പറയാൻ പറഞ്ഞു.കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവി .ഞാൻ എണീറ്റു നിന്ന് പറഞ്ഞു “മീനുട്ടൻ  “

ടീച്ചർ ഞെട്ടി ,ക്ലാസ് മുഴുവൻ കൂട്ട ചിരിയായി. എന്റെ നിഷ്കളങ്കമായാ ഉത്തരം ടീച്ചറിനെ ചിരിപ്പിച്ചു.

പ്ലസ് ടു കഴിഞ്ഞപ്പോൾ നേരെ പാലായിലെ സ്കൂളിൽ കൊണ്ടാക്കി .പിന്നെ എൻട്രൻസും അതും കഴിഞ്ഞു തലസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജിലെ പഠനം ,ടെക്നോ പാർക്കിലെ ജോലി ,കല്യാണം ,കുഞ്ഞു  അങ്ങനെ ഓരോരോ തിരക്കായി .ഇടയ്ക്കു അമ്മമ്മയെ കാണാൻ തറവാട്ടിൽ പോകാറുണ്ടായിരുന്നു .അപ്പോഴൊക്കെ  കായൽ മീൻ വിഭവങ്ങൾ  ഉണ്ടാക്കി വച്ചിരിക്കും.പക്ഷെ ഒന്നിനും പഴയ രുചി കിട്ടുന്നില്ല .തേവള്ളി പാലത്തിനു ഇരുവശത്തുമുള്ള മീൻ കടകളിൽ ലഭിക്കുന്ന മീനു പഴയ രുചി കാണില്ല.അപ്പോഴൊക്കെ അമ്മമ്മ മീനൂട്ടനെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കും . നാവിന്റെ രുചി പഴമയിൽ പതിഞ്ഞു പോയ മീന്യൂട്ടന്റെ മീനുകൾ .ഇടക്കെപ്പോഴെ ആളു അനിയൻ ചെക്കനുമായി തല്ലുണ്ടാക്കി നാട് വിട്ടെന്നും കാഷായ വസ്ത്രധാരിയായി കന്യാകുമാരിയിൽ കണ്ടെന്നും ആരൊക്കെയോ നാട്ടിൽ പറഞ്ഞു പരത്തി.അന്ന് മുതൽ അമ്മമ്മയുടെ പ്രാർത്ഥനയിൽ മീന്യൂട്ടന്റെ സൗഖ്യ അപേക്ഷകളും കൂടി ഉൾപ്പെട്ടു

ഒരിക്കൽ ക്ലാസ് മേറ്റ് ആയിരുന്ന ജോണിനെ കാണാൻ മെഡിക്കൽ കോളേജിൽ പോയത്.എനിക്ക് പ്രവേശനം ഇല്ലാത്ത ഒരു വാർഡിൽ ജോണിന്റെ കൂടെ പോയപ്പോൾ ആകസ്മികമായി കണ്ടതാണ് മീനൂട്ടനെ.ഓർമകളുടെ തികട്ടലായിരുന്നു. അർധബോധാവസ്ഥയിലുള്ള അദ്ദേഹം മരണത്തെ പ്രതീക്ഷിച്ചിരിക്കുന്ന ഒരു രോഗിയായിരുന്നു.ആമാശയത്തിൽ കാൻസർ ആയിരുന്നു .അവസാന ഘട്ടം ആയി പോയിരുന്നു .ഭക്ഷണം കഴിക്കുമ്പോൾ വേദന കൊണ്ട്  പുളയും. എന്നെ കണ്ടപ്പോൾ തന്നെ തിരിച്ചറിഞ്ഞു .ആ വാർഡിൽ ഉപേക്ഷിച്ചു മടങ്ങാൻ എനിക്ക് പറ്റിയില്ല. ഇനി ചികിത്സയില്ലെന്നു അറിഞ്ഞിട്ടും ഞാൻ മീനൂട്ടനെ ഒരു സുഹൃത്തിന്റെ പ്രൈവറ്റ് ക്ലിനിക്കിൽ കൊണ്ട് വന്നു. അമ്മമ്മയിപ്പോൾ ഈ ലോകത്തില്ല. എന്നാലും മീനൂട്ടനെ സഹായിക്കാൻ ആ മനസ് ആഗ്രഹിക്കും

മരണം കാത്തു കിടക്കുന്ന രോഗികൾക്ക് ആവശ്യം സമാധാനമായ കാത്തിരുപ്പു  ആണ്. പാലിയേറ്റീവ് കെയർ ആണ് നൽകേണ്ടത്..ശരീരവും മനസും വൃത്തിയായി സൂക്ഷിക്കണം. അതിനൊരു സഹായിയെ നിർത്തി. വേദന അറിയാതിരിക്കാനുള്ള മരുന്നുകൾ നൽകി..പാനീയ രൂപത്തിലുള്ള ഭക്ഷണം നൽകി.

ഇടയ്ക്കു ഞാൻ കയ്യിൽ പിടിച്ചു സംസാരിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു ഒഴുകും.ടീച്ചറമ്മയെ തിരക്കും.അമ്മമ്മയുടെ മരണം അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല.അമ്മു കുട്ടിയെ കാണണം എന്ന് ഇടക്കിടക്ക് വാശി പിടിക്കും

ഒരിക്കൽ എന്റെ കൈ പിടിച്ചു ഒരു ആഗ്രഹം പറഞ്ഞു.മരണാന്തര ക്രിയകൾ ചെയ്യണമെന്നും ചിത ഭസ്മം ഗംഗയിൽ ഒഴുക്കണമെന്നും. ഒരു മകനെ പോലെ എല്ലാം ചെയ്യാമെന്ന് വാക്ക് കൊടുത്തു. അന്ന് അദ്ദേഹംവല്ലാതെ സന്തോഷവാനായി,ശാന്തമായി ഉറങ്ങി

അമ്മയെ കാണിച്ചു  കൊടുക്കാമെന്നു വാക്ക് കൊടുത്തിരുന്നു .വിഷുവിനു പാല്പായസവുമായി അമ്മ വന്നു .പക്ഷെ വൈകി പോയിരുന്നു. ഞങ്ങൾ ചെല്ലുന്നതിനു മുൻപ് മീനുട്ടൻ ഞങ്ങളെ വിട്ടു പിരിഞ്ഞു പോയിരുന്നു.

~നിശീഥിനി