ഇരുപത്തിയൊന്നാം വയസ്സിൽ കല്യാണാലോചനകൾ വന്ന് തുടങ്ങുമ്പോഴാണ് ഇതിന് മുൻപ് അവൾ സ്വന്തം ശരീരം ഇങ്ങനെ…

ഒറ്റപ്പെട്ടു പോയവൾ….

Story written by Saji Thaiparambu

================

കുളിമുറിയിലെ ഷവറിന് കീഴെ പൂർണ്ണ ന ഗ്ന യായി നില്ക്കുമ്പോൾ, ശാലിനി തന്റെ ശരീരത്തിലേക്ക് നോക്കി നിശ്വാസമുതിർത്തു.

ഇരുപത്തിയൊന്നാം വയസ്സിൽ കല്യാണാലോചനകൾ വന്ന് തുടങ്ങുമ്പോഴാണ് ഇതിന് മുൻപ് അവൾ സ്വന്തം ശരീരം ഇങ്ങനെ ഏറെ നേരം നോക്കി നിന്നിട്ടുള്ളത്.

അന്ന് സ്വയമൊരു അഭിമാനം തോന്നിയിരുന്നു അഴകാർന്ന തന്റെ ശരീര വടിവിനെക്കുറിച്ച്.

ഒരിക്കൽ ഡ്രസ്സ് ചെയ്ഞ്ച് ചെയ്യുമ്പോൾ അനിയത്തി രശ്മിയാണ് തന്റെ ശരീരത്തെ കുറിച്ച് ആദ്യമായി വർണ്ണിച്ചത്.

“ചേച്ചിയെ കല്യാണം കഴിക്കുന്നയാൾ ഭാഗ്യവാനാ, എന്താ ഒരു സ്ട്രെക്ചർ”

ആദ്യമായി, അരക്കെട്ടിലേക്ക് അടിപ്പാവാടയുടെ ചരട് കെട്ടിമുറുക്കുമ്പോഴാണ് അവള് അത് പറയുന്നത്.

“ഒന്ന് പോടീ അപ്പുറത്തോട്ട് “

ജാള്യത മറയ്ക്കാനായി ശാലിനി അവളെ ആട്ടി ഓടിച്ചു.

പക്ഷേ അന്ന് അവൾ പറഞ്ഞ ഭാഗ്യവാനായ ഒരാളും ഈ നാല് പതാം വയസ്സിലും തന്നെ തേടിയെത്തിയില്ല.

പലരുടെയും മുന്നിൽ ഉടുത്തൊരുങ്ങി നിന്നു എങ്കിലും, ചൊവ്വാദോഷമുള്ള ജാതകക്കാരിയെ ഏറ്റെടുക്കാൻ എല്ലാവരും വൈമനസ്യം കാണിച്ചു.

അകാലത്തിൽ മരണമടഞ്ഞ അച്ഛന്റെ ഉത്തരവാദിത്വങ്ങൾ അമ്മയുടെ ചുമലിലായിരുന്നു. റിട്ടേഡ് നഴ്സിങ്ങ് സൂപ്രണ്ട് യശോദാമ്മയ്ക്ക് മൂന്ന് പെൺമക്കളായിരുന്നു.

മൂത്തവൾ രേഷ്മ വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം ദുബായിലാണ്,

രണ്ടാമത്തെയാളാണ് ശാലിനി.

മൂന്നാമത്തെ രമ്യയ്ക്കും കല്യാണപ്രായമായിരിക്കുന്നു,

പക്ഷേ അവളുടെ ചേച്ചി ഇങ്ങനെ കല്യാണം കഴിക്കാതെ നില്ക്കുന്നത് കണ്ട്, യശോദാമ്മ രാഘവൻകണിയാരുടെ അടുത്ത് പോയി ശാലിനിയുടെ ജാതകം കാണിച്ചു.

ദീർഘനേരം കബഡി നിരത്തിയും ഹരിച്ചും ഗുണിച്ചും ഒടുവിൽ ഞെട്ടിക്കുന്ന ഒരു സത്യം അയാൾ പറഞ്ഞു.

ഈ കുട്ടിയുടെത് ഒരു ദോഷ ജാതകമാണ്. ജാതക പ്രകാരം ഈ കുട്ടിയുടെ വിവാഹം നാല്പത് വയസ്സിന് ശേഷമേ നടക്കാൻ പാടുള്ളു. അല്ലാച്ചാ, അതിന് മുൻപൊരു വിവാഹം നടത്തിയാൽ, അതായത് കുട്ടിയുമായി ആദ്യം ഇണ ചേരുന്ന വ്യകതി താമസംവിനാ മരണപ്പെടുകയും കുട്ടി വിധവയാവുകയും ചെയ്യുമെന്നർത്ഥം.

ഞെട്ടലോടെയാണ് യശോദാമ്മ അത് കേട്ടത്.

ഇതറിഞ്ഞ ശാലിനിയാണ് പറഞ്ഞത്, തനിക്ക് വേണ്ടി രമ്യയുടെ വിവാഹം നടക്കാതിരിക്കരുത് എന്ന്.

ആദ്യമായി വന്ന ആലോചന തന്നെ ഇരു വീട്ടുകാർക്കും ബോധിച്ചു.

പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു..വിവാഹം കഴിഞ്ഞ് രമ്യയും പോയതോടെ ആ വീട്ടിൽ യശോദമ്മയും ശാലിനിയും മാത്രമായി.

ബന്ധുക്കളുടെയും നാട്ടുകാരുടെയും ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ബുദ്ധിമുട്ടായപ്പോൾ ദിവസേന ദീപാരാധന തൊഴാൻ പോയിരുന്ന അവൾ അമ്പലത്തിൽ പോക്കും നിർത്തി.

വീട്ടിൽ ചടഞ്ഞ് കൂടി ഇരുന്ന് വർഷങ്ങൾ തള്ളി നീക്കി.

ടെലിവിഷനിൽ കാണുന്ന പ്രണയരംഗങ്ങൾ അവളിലെ സ്ത്രീയെ ഉന്മത്തയാക്കി.

ഇടയ്ക്കിടെ മനസ്സിൽ, തിളച്ച് പൊന്തുന്ന വികാര തിരമാലകളെ അടക്കി നിർത്താൻ അവൾ നന്നേ പാട് പെട്ടിരുന്നു.

നാല്പത് കഴിഞ്ഞപ്പോൾ യശോദാമ്മ വീണ്ടും പത്രപരസ്യം കൊടുത്തു.

ബ്രോക്കർ വഴി ആലോചിച്ച് വന്ന ആളോട് പിറ്റേ ദിവസ്സം പെണ്ണ് കാണാൻ വന്ന് കൊള്ളാൻ പറഞ്ഞു.

കാണാൻ വന്ന യുവാവിനെ യശോദാമ്മയ്ക്കും ശാലിനിക്ക് ഇഷ്ടമായി.

പക്ഷേ പിന്നീട് വിവരമൊന്നും അറിയിക്കാതിരുന്നത് കൊണ്ട് അവർ ബ്രോക്കറെ വിളിച്ച് ചോദിച്ചു.

അയാൾ പറഞ്ഞ മറുപടി യശോദാമ്മയുടെ അടുത്ത് നിന്ന ശാലിനി കേട്ടു

പെണ്ണിന് ഒരു പാട് പ്രായമാണത്രെ, ചെറുക്കന് ആവശ്യം ചോ രയും നീ രും വറ്റാത്ത യുവതികളെയാണെന്ന്,

സങ്കടം കൊണ്ട് പൊട്ടിക്കരഞ്ഞ് പോകുമെന്ന അവസ്ഥയിലാണ് അമ്മയെ വിഷമിപ്പിക്കേണ്ടെന്ന് കരുതി കുളിച്ചിട്ട് വരാമെന്ന് പറഞ്ഞ് ഓടി ബാത്റൂമിൽ കയറിയത്.

അയാൾ പറഞ്ഞത് പോലെ തന്റെ ശരീരത്തിന് അത്രയ്ക്ക് പ്രായമായോ?

ഒരു പുരുഷനെ തൃപ്തിപെടുത്താൻ മാത്രം ഓജസ്സ് ഇപ്പോൾ തന്റെ ശരീരത്തിന് ഇല്ലാണ്ടായോ?

അവൾ തന്റെ ഇടിഞ്ഞമാ റിടത്തിലേക്കും ചാടിയ വയറിലേക്കും നോക്കി

ശരിയാണ്, അന്ന് രശ്മി പറഞ്ഞ് പുകഴ്ത്തിയ  തന്റെ ആ സ്ട്രെക്ചർ ബോഡി ഇന്നാകെ മാറിയിരിക്കുന്നു

മാ റി ടത്തിന്റെ ഇരുവശങ്ങളിലും പ്രായത്തിന്റെ വരകൾ തെളിഞ്ഞിരിക്കുന്നു.

മടക്കുകൾ വീണ അടിവ യറിലും, തു ടക ളിലുമൊക്കെ കലകൾ കാണാം.

അയാൾ പറഞ്ഞത് ശരിയാണ്, പ്രായം തന്റെ ശരീരത്തിന്റെ ആകർഷണീയത ഇല്ലാതാക്കിയിരിക്കുന്നു.

ഇനി തനിക്ക് സുമംഗലിയാവാനും അമ്മയാകാനും കഴിയില്ലേ ?

തണുത്ത വെള്ളം ധാരയായി ഷവറിൽ നിന്ന് വീണ്, തലവഴി ശരീരമാകെ ഒഴുകിയിറങ്ങിയിട്ടും, മനസ്സിലെ തീച്ചൂള കനലായ് തെളിഞ്ഞ് തന്നെ നിന്നു.

കുളി കഴിഞ്ഞിറങ്ങുമ്പോൾ അമ്മ കട്ടിലിൽ കിടക്കുന്നതാണ് കണ്ടത്. പാവം എത്ര വിഷമിക്കുന്നുണ്ടാവും

അവൾ അമ്മയെ ആശ്വസിപ്പിക്കാനായി അടുത്ത് ചെന്നിരുന്നു.

“എന്തിനാ അമ്മേ അതൊക്കെ ഓർത്ത് വിഷമിക്കുന്നത്, ഞാനതൊക്കെ വിട്ടു. എനിക്കെന്റെ അമ്മയുണ്ടല്ലോ കൂട്ടിന്…അല്ലെങ്കിൽ തന്നെ എന്നെയാരെങ്കിലും കെട്ടിക്കൊണ്ട് പോയാൽ എന്റെ അമ്മ തനിച്ചാവുമല്ലോ, എന്ന വേവലാതി ആയിരുന്നു എനിക്ക്. ഇപ്പോഴാ ഒരു സമാധാനമായത്.”

അത് പറയുമ്പോൾ, കണ്ണ് നിറഞ്ഞത് അമ്മ കാണാതെ അവൾ തുടച്ചു.

ഇത്രയും പറഞ്ഞിട്ടും അമ്മ മറുപടി പറയാത്തത് കൊണ്ട് അവൾ അമ്മയെ സൂക്ഷിച്ച് നോക്കി.

അമ്മ ഉറങ്ങുകയാണോ?

അവൾ വിളിച്ച് ചോദിച്ചു

ചരിഞ്ഞ് കിടന്നിരുന്ന അമ്മയുടെ തോളിൽ പിടിച്ച് കുലുക്കി വിളിച്ചു.

ശാലിനിയുടെ ഉള്ളിലുടെ ഒരു കൊള്ളിയാൻ പാഞ്ഞ് പോയി.

യശോദാമ്മയുടെ ശരീരം തണുത്ത് വിറങ്ങലിച്ചിരിക്കുന്നു.

ആ ശരീരത്തിൽ നിന്നും ജീവൻ വിട്ട് പോയെന്ന് മനസ്സിലാക്കാൻ അവൾക്ക് ഏറെ സമയം വേണ്ടി വന്നില്ല.

********************

യശോദാമ്മയുടെ ശവദാഹവും പിന്നീടുള്ള അടിയന്തിരവും കഴിഞ്ഞപ്പോൾ തനിച്ചായ ശാലിനിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ബന്ധുക്കളെല്ലാവരും ഒത്ത് കൂടി.

അപ്പോൾ മൂത്തവൾ രേഷ്മയുടെ ഭർത്താവ്, രവിയാണ് ഒരാശയം പറഞ്ഞത്

“ഇപ്പോൾ നാട്ടിലുള്ളത് രമ്യയും രതീഷുമാണ്. അപ്പോൾ പിന്നെ ശാലിനി രമ്യയ്ക്കൊപ്പം പോയി നില്ക്കട്ടെ. രമ്യയ്ക്കിപ്പോൾ സഹായത്തിന് ഒരാള് വേണ്ടുന്ന സമയമാണിത് “.

രണ്ടാമത് ഗർഭിണിയാണ് രമ്യ

രതീഷ് കുടുംബത്തിൽ നിന്ന് ഓഹരിയും വാങ്ങി വേറെ വീട്ടിലാണിപ്പോൾ താമസം.

അത് കൊണ്ട് സഹായത്തിന് യശോദാമ്മയെ ക്ഷണിക്കാനിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി അവരുടെ മരണം.

അങ്ങനെ ചിതയെരിഞ്ഞ സ്ഥലത്ത് ചെന്ന് യാത്ര പറഞ്ഞ് ശാലിനി അനുജത്തി രമ്യയുടെ വീട്ടിലേക്ക് പോയി.

*****************

“ചേച്ചീ രതീഷേട്ടന്റെ, യൂണിഫോം ഒന്ന് ഇസ്തിരിയിട്ടേക്കണേ”

ബെഡ് റൂമിൽ കിടന്ന് കൊണ്ട് രമ്യയുടെ ആജ്ഞ

നാല് വയസ്സുള്ള കിങ്ങിണി മോളേ സ്കൂൾ ബസ്സിൽ കയറ്റി വിട്ടിട്ട് അടുക്കളയിലേക്ക് കയറിയതേയുള്ളു.

ശാലിനിയോട്, രമ്യയ്ക്കിപ്പോൾ ഒരു സർവ്വന്റിനോട് തോന്നുന്ന അടുപ്പം മാത്രമേയുള്ളു.

ശാലിനി വന്നതിന് ശേഷം രമ്യ പരിപൂർണ്ണമായും ബെഡ് റെസ്റ്റിലാണ്

ശബ്ബളമില്ലാതെ വീട്ട് ജോലിക്ക് ഒരാളെ കിട്ടിയ സന്തോഷത്തിലായിരുന്ന രമ്യ.

അവൾ കട്ടിലിൽ കിടന്നു കൊണ്ട് മൊബൈലിൽ കുത്തി കളിച്ച് കൊണ്ടിരിക്കുമ്പോൾ ഒരു വീട്ടിൽ വേണ്ടുന്ന എല്ലാ ജോലികളും, പരാതിയും, പരിഭവവും ഒന്നുമില്ലാതെ ശാലിനി ചെയ്ത് കൊണ്ടിരുന്നു.

ഡൈനിങ്ങ് റൂമിലെ ഒഴിഞ്ഞ കോണിൽ രതീഷിന്റെ യൂണിഫോം ഇസ്തിരി ഇട്ട് കൊണ്ടിരിക്കുകയായിരുന്നു, ശാലിനി

കുളി കഴിഞ്ഞ് ,ബാത്റൂമിൽ നിന്നിറങ്ങി വന്ന രതീഷ് അവളുടെ പിന്നിൽ നിന്ന് കൊണ്ട് ചോദിച്ചു.

“കഴിഞ്ഞില്ലേ ചേച്ചീ “

അപ്പോൾ അവന്റെ ചുടുനിശ്വാസം അവളുടെ പിൻകഴുത്തിൽ പതിഞ്ഞു.

അവൾക്ക് വല്ലാത്ത ഈർഷ്യതോന്നി അവനോട്…

ഈയിടയായി അവന്റെ പെരുമാറ്റത്തിൽ വന്ന മാറ്റം അവളെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ടായിരുന്നു.

പെട്ടെന്നായിരുന്നു അത് സംഭവിച്ചത്.

പുറകിൽ നിന്ന് ശാലിനിയെ വട്ടം പിടിച്ച് കൊണ്ട് രതീഷ് അവളുടെ കാതിൽ മന്ത്രിച്ചു.

“ഐ ലവ് യു ചേച്ചീ. ലവ് യൂ ടൂ മച്ച് “

ഒരു നിമിഷം പകച്ച് പോയ അവൾ സർവ്വ ശക്തിയുമെടുത്ത് കുതറി മാറി.

പൊട്ടിയാർത്ത് വന്ന കരച്ചിൽ പുറത്ത് വരാതിരിക്കാനായി അവൾ വായ പൊത്തിപ്പിടിച്ച് അടുക്കളയിലേക്ക് ഓടിപ്പോയി.

തനിച്ചിരുന്ന് തന്റെ വിധിയോർത്ത് അവൾ ഒരു പാട് കരഞ്ഞു.

കുറച്ച് കഴിഞ്ഞപ്പോൾ രതീഷിന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്ത്, പുറത്തേക്ക് പോകുന്ന ശബ്ദം കേട്ട് അവൾ എഴുന്നേറ്റു.

രമ്യ ഇത് അറിഞ്ഞാൽ പിന്നെ ഈ കുടുംബം തകരും. അത് പാടില്ല

ഇനി ഇത് പോലൊരു അവസരം രതീഷിന് കൊടുക്കാൻ പാടില്ല

എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ അവൾ കൊതിച്ചു.

ഉച്ചയൂണും കഴിഞ്ഞ് രമ്യ മയക്കത്തിലേക്ക് വീണപ്പോൾ അവിടെ വരുമ്പോൾ കൊണ്ട് വന്ന ബാഗുമെടുത്ത് കൊണ്ട് ശാലിനി അവിടെ നിന്നിറങ്ങി.

ലക്ഷ്യമില്ലാതെ കാലുകൾ വലിച്ച് വച്ച് വേഗം നടന്നു.

ആർക്കും കണ്ടു പിടിക്കാനാവാത്ത  ഒരിടം നോക്കി….

~സജിമോൻ തൈപറമ്പ്