പെണ്ണ് രണ്ട് ദിവസമായി ഓക്കാനവും ശർദ്ധിയും ഇപ്പൊ വയറിന് ചെറിയൊരു വീർപ്പുമുണ്ട്….

ബീഡികുറ്റി

Story written by Abdulla Melethil

==============

‘കാലത്ത് ചായയും കുടിച്ച് കൈകോട്ടും തോളിൽ വെച്ച് പണിക്ക് പോകാൻ തുടങ്ങുമ്പോഴാണ് കോർമ്മനെ പുറകിൽ നിന്നും ഭാര്യ നീലി പെണ്ണ് ഒരു സ്വകാര്യം പോലെ വിളിച്ചത്…

‘ഏന്നും…

കോത തിരിഞ്ഞു നോക്കി..ഇന്നലെ തങ്കുവിന്റെ അവിടെ നിന്നും കുടിച്ചത് കുറച്ചു കൂടിയിരുന്നു എന്നും പണി കഴിഞ്ഞു വരുമ്പോൾ അവിടെ നിന്നും ഒരു രണ്ട് ഗ്ലാസ്സ് പതിവുള്ളതാണ് രാത്രി അതിന്റെ പരാക്രമം മുഴുവൻ തീർത്തത് നീലി പെണ്ണിൽ ആയിരുന്നു

ഉറങ്ങിയിരുന്ന അവളെ ഉണർത്തി ദേഷ്യം പിടിപ്പിച്ചു പ്രാകി കുണുങ്ങി ചൂട് പിടിപ്പിച്ച് അവസാനം ബോധം കെട്ടുറങ്ങി കാലത്ത് എണീറ്റപ്പോൾ തീരെ വയ്യ എന്നാലും കഴിയും പോലെ പോകാൻ നിൽക്കുമ്പോഴാണ് അവളുടെ വിളി..

‘എന്താടി..എന്തിനാ പുറകിൽ നിന്നും വിളിക്കുന്നത് ഞാൻ അവിടെ നിന്നല്ലേ പോന്നത് എന്നൊക്കെ ആ ചോദ്യത്തിലും കോർമ്മന്റെ മുഖ ഭാവത്തിലും ഉണ്ടായിരുന്നു..

ഇങ്ങോട്ട് വാ മനുഷ്യാ…നീലി പെണ്ണ് കുറച്ചു ഗൗരവത്തിൽ വിളിച്ചപ്പോൾ കോർമ്മൻ കൈക്കോട്ട്  താഴെ വെച്ച് വീട്ടിനുള്ളിലേക്ക് കയറി..

അവിടെ തലയും താഴ്ത്തി പിടിച്ചു മോളും നിന്നിരുന്നു..കോർമ്മന്റെ നെഞ്ചോന്ന് കാളി..

എന്താടി…കോർമ്മൻ പിന്നെയും ചോദിച്ചു..

പെണ്ണ് രണ്ട് ദിവസമായി ഓക്കാനവും ശർദ്ധിയും ഇപ്പൊ വയറിന് ചെറിയൊരു
വീർപ്പുമുണ്ട്..

പന്ത്രണ്ട് വയസ്സുള്ള മകളോട് എന്ത് ചോദിക്കണം എങ്ങനെ ചോദിക്കണം എന്നറിയാതെ നീലി പെണ്ണ് നിലത്ത് താടിക്കും കൈ കൊടുത്ത് ഇരുന്നു..കോർമ്മൻ മസിലുകളെല്ലാം അയഞ്ഞ് തളർന്ന് കസേരയിൽ ചുമരിലേക്കും നോക്കി ഇരുന്നു..

സ്കൂൾ വിട്ട് വന്നാൽ ആ അസ്‌റൂവിന്റെ ചെക്കനുമായിട്ടാണ് കളി എല്ലാ പൊന്തയിലും പാടത്തും അലഞ്ഞു നടക്കും രണ്ടും നീലി പെണ്ണ് ആരോടെന്നില്ലാതെ പറഞ്ഞു..

മോളെ നിന്നെ ആരെങ്കിലും കെട്ടി പിടിക്കുകയോ ഉമ്മ വെക്കുകയോ ചെയ്തിട്ടുണ്ടോ നീലി പെണ്ണ് മകളെ അടുത്തേക്ക് വിളിച്ചു നിർത്തി ചോദിച്ചു..

മകൾ അച്ഛനെ നോക്കി..മകൾ നോക്കുന്നിടത്തേക്ക് നീലി പെണ്ണും നോക്കി..എന്റെ ഭഗവതി ഈ മനുഷ്യനെങ്ങാനും തങ്കുവിന്റെ അവിടെ നിന്നും കുടിച്ചു വന്ന് താനില്ലാത്ത നേരത്ത് മോളെ വല്ലതും..

ഭാര്യയുടെ നോട്ടവും ഭാവവും കണ്ടപ്പോൾ കോർമ്മന്റെ മട്ടും മാറി..

എന്താടി എരണം കെട്ടവളെ എന്നെ നോക്കുന്നത് അടിച്ചു നിന്റെ പല്ല് ഞാൻ തെറിപ്പിക്കും..നീലി പെണ്ണ് ഒന്ന് പിന്നോട്ട് ഇരുന്നു..കോർമ്മൻ ഉമ്മറത്തേക്ക് ഇറങ്ങി ഒരു ബീഡിക്ക് തീ കൊളുത്തി..

അപ്പോൾ എന്താ നീലി പെണ്ണേ രാവിലെ തന്നെ ഒരു ഒച്ചയും ബഹളവും എന്നും ചോദിച്ചു അയൽവാസി ആമിന തള്ള അങ്ങോട്ട് വന്നു..ഒരു സൂചന കിട്ടിയാൽ ബാക്കി നിരീച്ചു കൂട്ടുന്ന വർഗ്ഗമാണ്..കോർമ്മന്റെ മട്ടും ഭാവവും കണ്ടപ്പോൾ സംഗതി പന്തിയല്ലെന്ന് കണ്ട് അവർ തിരികെ പോയി..

അബുവിന്റെ വലിയുമ്മയാണ് ആമിന തള്ള..

കോർമ്മൻ പിന്നെ പണിക്ക് പോയില്ല ബീഡികൾ ഓരോന്നായി കൊളുത്തി പുകചുരുളുകൾ വായിലൂടെയും മൂക്കിലൂടെയും പുറത്ത് വിട്ട് അങ്ങനെ ഇരുന്നു..

നീലി പെണ്ണ് വീട്ടിലെ പണികളിൽ ശ്രദ്ധിച്ചു അവളൊന്ന് മനസ്സിൽ വിചാരിച്ചിരുന്നു മകളെയും കൊണ്ട് ഡോക്ടറുടെ അടുത്ത് ഒന്ന് പോകാൻ..

അച്ഛനും അമ്മയും രണ്ട് ഭാഗത്തേക്ക് തിരിഞ്ഞപ്പോൾ മകൾ അബുവിന്റെ വീട്ടിലേക്ക് ഓടി അസ്‌റുവിന്റെ മകനാണ് അവളുടെ കളി കൂട്ടുകാരൻ അവളെക്കാൾ രണ്ട് വയസ്സ് കൂടുതൽ ഉള്ള അബൂ..അവളുടെ സംശയങ്ങൾ തീർക്കുന്നതും അവനാണ്..

അവൾ അങ്ങോട്ട് പോയപ്പോൾ അബു വീടിന്റെ മുറ്റത്ത് സൈക്കിൾ ചവിട്ടി കളിക്കുകയായിരുന്നു..അബു അവൾ അവനെ വിളിച്ചു..അബു അവളെ ചോദ്യഭാവത്തിൽ നോക്കി

എനിക്കൊരു സംശയമുണ്ട്..

എന്താണ്..?.അബു ചോദിച്ചു..

എങ്ങനെയാണ് കുട്ടികൾ ഉണ്ടാകുക..!

അബു സൈക്കിളിൽ നിന്നിറങ്ങി..അതാണും പെണ്ണും തുണി ഒന്നുമില്ലാതെ കെട്ടി പിടിച്ചു മറിയണം അവൻ പതുക്കെ അവളോട് പറഞ്ഞു..

എനിക്ക് വയറ്റിൽ കുട്ടിയുണ്ട്. അവൾ പറഞ്ഞു..

അബു ഞെട്ടി…

എന്താടി പൊട്ടത്തി പറയുന്നത്. നീ ചെറിയ പെണ്ണല്ലേ പോരാത്തതിന് കല്യാണം കഴിയണം അല്ലാതെ ഉണ്ടാകില്ല..

അതല്ലെടാ എനിക്ക് ശർദ്ധിയും വയർ വേദനയും ഉണ്ട് ‘അമ്മ ചോദിച്ചു ആരെങ്കിലും കെട്ടി പിടിച്ചോ എന്നൊക്കെ..

നിന്നെ ആരെങ്കിലും കെട്ടി പിടിച്ചോ അബുവും ചോദിച്ചു..

അന്ന് ഞാൻ ഭഗവതിയുടെ അമ്പലത്തിന്റെ കുന്നിന്റെ അവിടെ പോയപ്പോൾ വേലായുധൻ എന്നെ കെട്ടിപിടിക്കുകയും നെഞ്ചിലും കവിളിലും പിടിക്കുക ഒക്കെ ചെയ്തില്ലേ അപ്പോൾ നീ വന്നപ്പോഴല്ലേ അയാൾ ഓടിയത്..

അതിന്..

അപ്പൊ കുട്ടികൾ ഉണ്ടാകുമോ…

പോടീ പൊട്ടത്തി..അബു അവളെ കളിയാക്കി..

നിങ്ങളുടെ ഭഗവതി പോലെയല്ല ഞങ്ങളുടെ പടച്ചോൻ പടച്ചോൻ അറബിയാണ് അത് നാട്ടിലെ ദൈവങ്ങളെ പോലെയല്ല നല്ല ശക്തി ഉണ്ടാകും ഞാൻ അറബിയിൽ ഓരോന്ന് ചൊല്ലി പടച്ചോനെ എന്ന് വിളിച്ചപ്പോഴാണ് വേലായുധൻ ഓടിയത്..

നിങ്ങളുടെ പടച്ചോനെ കാണാൻ പറ്റൂലല്ലോ ഞങ്ങടെ ഭഗവതിയെ കാണാല്ലോ..പടച്ചോൻ മക്കത്തല്ലേ..അബു പിന്നെ ഒന്നും മിണ്ടിയില്ല അവനറിയുന്ന വിവരങ്ങൾ അവസാനിച്ചിരുന്നു

അപ്പോഴേക്കും നീലി പെണ്ണ്  ഒരു വടിയുമായി മകളുടെ  അടുത്തേക്ക് വന്നു രാവിലെ തന്നെ തെണ്ടാൻ ഇറങ്ങിയോ എന്നും ചോദിച്ച്..

അപ്പോൾ അബുവിന്റെ ഉമ്മ നബീസുമ്മയും മുറ്റത്തേക്ക് ഇറങ്ങി വന്നു സ്കൂൾ ഇല്ലാത്ത ദിവസമല്ലെടി അവർ ഇരുന്ന് കളിച്ചോട്ടെ എന്നും പറഞ്ഞു കൊണ്ട്..

നബീസുമ്മയെ കണ്ടപ്പോൾ നീലിപ്പെണ്ണിന്റെ നിയന്ത്രണം വിട്ടു കണ്ണുകൾ നിറഞ്ഞു..പെണ്കുട്ടി ആണെകിൽ പേടിക്കണം നബീസോ..സമാധാനം കിട്ടില്ല..നബീസുമ്മ നീലി പെണ്ണിന്റെ അടുത്തേക്ക് ചെന്നു

അതിനിപ്പോ എന്താ ഉണ്ടായേ നീലി പെണ്ണേ..

നീലി പെണ്ണ് തന്റെ നെഞ്ചിലെ വേവലതിയും സങ്കടവും നബീസുമ്മയോട് പറഞ്ഞു..

അത് കേട്ടപ്പോൾ നബീസുമ്മ പൊട്ടിച്ചിരിച്ചു..

എടി പെണ്ണേ…അബുവിനും ഉണ്ട് രണ്ട് ദിവസമായിട്ട് വയർ വേദനയും ശർദ്ധിയും..ഞാൻ അയമോദകം കഷായം വെച്ച് രണ്ട് നേരം കൊടുത്തപ്പോഴാണ് അവന് മാറിയത്…രണ്ടും കൂടി തെണ്ടി നടക്കുമ്പോൾ കിട്ടുന്നതൊക്കെ തിന്നിട്ടുണ്ടാകും അത് വല്ലതും ദഹിക്കാതെ കിടക്കുന്നുണ്ടാകും..വീട്ടിലുണ്ട് അവന് കൊടുത്തതിന്റെ ബാക്കി നീ കൊണ്ട് പോയി ചൂടാക്കി കൊടുക്ക് മാറിക്കോളും..

നീലി പെണ്ണിന് കുറച്ചൊന്നുമല്ല ആശ്വാസം ആയത്..വയറ്റിലുള്ളത് കളയിക്കാൻ ആരും അറിയാതെ വള്ളികാവിലെ തള്ളയുടെ അടുത്ത് പോകാൻ വരെ മനസ്സിൽ നിശ്ചയിച്ചതാണ്..

നീലി പെണ്ണ് അപ്പോൾ തന്നെ മകൾക്ക് അത് ചൂടാക്കി കൊടുത്തു..കോർമ്മൻ അന്ന് ഉച്ചക്കും ഒന്നും കഴിച്ചില്ല അയാൾ ആ ഇരുപ്പ് ഇരുന്നു

ഒരു നേരം കൂടി മകൾക്ക് കഷായം കൊടുത്തപ്പോൾ മകളുടെ വയർ വേദനയും ശർദ്ധിയും മാറി ഒന്ന് മറക്ക് ഇരുന്നപ്പോൾ വയറിന്റെ വീർപ്പും പോയി..

നീലിപെണ്ണിനു കോർമ്മന്റെ മുഖത്ത് നോക്കാൻ തന്നെ ധൈര്യം ഉണ്ടായില്ല..മൂന്ന് മണിയായപ്പോൾ അവൾ കുറച്ചു പലഹാരം ഒക്കെ ഉണ്ടാക്കിചായയുമായി കോർമ്മന്റെ അടുത്തേക്ക് ചെന്നു. ഉച്ചക്ക് ഒന്നും കഴിക്കാത്തത് കൊണ്ടാണ് അവൾ പലഹാരം ഒക്കെ ഉണ്ടാക്കിയത്..

കോർമ്മൻ കൈയ്യിലുള്ള ബീഡിയെല്ലാം വലിച്ചു തീർന്ന് മുറ്റത്തേക്ക് എറിഞ്ഞ കുറ്റികളും തിരഞ്ഞെടുത്ത് വലിച്ചു തീർത്തു..അങ്ങാടിയിലേക്ക് ഇറങ്ങാനൊന്നും അയാൾക്ക് തോന്നിയില്ല..

നീലി പെണ്ണ് പലഹാരവും ചായയും തിണ്ടിന്മേൽ വെച്ചിട്ട് അയാൾക്ക് അടുത്ത് ഇരുന്നു..പതിയെ കാര്യങ്ങൾ എല്ലാം പറഞ്ഞു..വെറുതെ എങ്കിലും ഭർത്താവിനെ സംശയിച്ചതിന്റെ കുറ്റബോധം അവളുടെ ഓരോ വാക്കിലും ഉണ്ടായിരുന്നു..

കോർമ്മൻ എല്ലാം കേട്ടിരുന്നു അയാൾ ഒന്നും മിണ്ടിയില്ല അയാളുടെ രണ്ട് കണ്ണുകളും നിറഞ്ഞൊഴുകി അത് കണ്ടപ്പോൾ നീലി പെണ്ണിനും സഹിച്ചില്ല അവളും അയാളെ കെട്ടി പിടിച്ചു കരഞ്ഞു..

നീലി പെണ്ണേ..കോർമ്മൻ വിളിച്ചു..അയളുടെ ശബ്ദം ചിതറി പോയിരുന്നു..

നമുക്ക് ഒരു മോൾ മാത്രമല്ലേ ഉള്ളൂ..അവൾ മൂളി..

എന്റെ മോളെ ഞാൻ ഒന്ന് ഉമ്മ വെച്ചിട്ട് എത്ര വർഷം ആയെന്നറിയുമോ നിന്റെ മേലേ അവൾ കെട്ടി മറിയുമ്പോൾ ഞാനും ആഗ്രഹിക്കാറുണ്ട് അവളോടൊത്ത് കളിക്കാൻ..

കോർമ്മൻ മുഴുപ്പിച്ചില്ല..അയാളുടെ ചങ്കിൽ സങ്കടം തികട്ടി വന്നു..നീലി പെണ്ണ് കോർമ്മനെ ഒന്ന് കൂടി കെട്ടിപിടിച്ചു..

ഞാൻ തന്നെ ഒരുകലം ഇട്ടതാണ്..എന്നിട്ടും നിന്റെ നോട്ടത്തിൽ ഞാൻ വെന്തുരുകി പോയി നീലീ…

അപ്പോഴേക്കും മകൾ അങ്ങോട്ട് വന്നു..അച്ഛനും അമ്മയും ഇരുന്ന് കരയുന്നത് കണ്ട അവളും അവർക്കിടയിലേക്ക് കടന്നിരുന്നു..ഭഗവതിയേക്കാളും അബുവിന്റെ അറബി പടച്ചോനേക്കാളും അവൾക്ക് വലുത് അവളുടെ കണ്മുന്നിലുള്ള ദൈവങ്ങളാണ് അവളുടെയും കണ്ണുകൾ നിറഞ്ഞു..

സ്നേഹത്തോടെ…

~Abdulla Melethil