ഒന്നേ നോക്കിയുള്ളു. പിന്നെ ഒന്ന് കൂടി നോക്കാനുള്ള മനോബലം അയാൾക്കില്ലായിരുന്നു….

ഖദീജ

Story written by Saji Thaiparambu

=============

പയ്യന്നൂർ ബസ്സ്റ്റാന്റിലെ വെയ്റ്റിങ്ങ് ഷെഡ്ഡിലെ തൂണിൽ ചാരി കറുത്ത പർദയും ബുർഖയും ധരിച്ച് ഒരു യുവതി നില്ക്കുന്നു.

അവളുടെ ശരീരത്തിൽ ആകെ പുറത്ത് കാണാവുന്ന വെളുത്ത കൈപ്പത്തിക്കുള്ളിലെ സ്മാർട്ട് ഫോണിൽ ദ്രുതഗതിയിൽ ചലിക്കുന്ന വിരലുകൾ.

ഇടയ്ക്ക് തല ഉയർത്തി നോക്കുന്നത് സ്റ്റാന്റിലേക്ക് കയറി വരുന്ന ബസ്സുകളുടെ ബോർഡ് നോക്കാൻ വേണ്ടി മാത്രം.

അവസാനമായി നോക്കിയ ബസ്സ് അവൾക്ക് പോകേണ്ടതായിരുന്നു.

അവൾ ഫോണിന്റെ സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ തന്നെ ഒരു അഭ്യാസിയെ പോലെ ഫുട്ട്ബോർഡ് ചവിട്ടി കയറി ഒഴിവ് കണ്ട ഒരു സീറ്റിൽ കയറി ആസനസ്ഥയായി.

ആ സീറ്റിൽ താനിരുന്നത് ഒരു പുരുഷനോടൊപ്പമാണെന്ന്, മാത്രം അവളറിഞ്ഞുള്ളു..വേറൊന്നും അവൾ ശ്രദ്ധിച്ചില്ല എന്നതാണ് കാര്യം.

അടുത്ത് വന്നിരുന്നത് ഒരു സ്ത്രീയാണെന്ന് മാത്രം ആ മധ്യവയസ്കനും മനസ്സിലായി.

ചുറ്റിനും നടക്കുന്ന തൊന്നും അറിയാതെ അവൾ ചാറ്റിങ്ങിൽ മുഴുകിയിരിക്കുകയായിരുന്നു.

അവൾ തന്റെ മെസഞ്ചറിൽ അവന്റെ പേജിൽ ഇങ്ങനെ എഴുതി

“ഞമ്മളിപ്പോ അങ്ങോട്ടേക്കുള്ള ബസ്സിലാണുള്ളത്, അന്റെ അരികിലേക്കെത്താൻ ഇനി കുറച്ച് നിമിഷങ്ങൾ മാത്രം.”

അവളുടെ അക്ഷരങ്ങളുടെ അടുത്തേയ്ക്ക് അവന്റെ വട്ടത്തിലുള്ള തല ഇറങ്ങി വന്നപ്പോൾ അവന്റെ മറുപടിക്കായി അവൾ അക്ഷമയോടെ നോക്കിയിരുന്നു.

“ന്റെ മുത്തേ അന്നെ കാണാൻ, ഞമ്മൾ ഈ ദുനിയാവിൽ എത്ര നാളായി  കാത്തിരിക്കുന്നു, ജ്ജ് ഒന്ന് ബേഗം വന്നോളിൻ “

അവൾ വീണ്ടും അയാളുടെ പേജിലേക്ക് ടൈപ്പ് ചെയ്തു

“ങ്ങള് ഏടുണ്ട് ഇപ്പോ “

മറുപടി ഉടൻ വന്നു.

“ഞമ്മളിപ്പോ, കോയിക്കോട്ടേക്കുള്ള, ശാലോം ബസ്സിലെ നടുവത്തെ സീറ്റിലുണ്ട്.”

“പെണ്ണുങ്ങടെ സീറ്റിലാണോ നിങ്ങ ഇരിക്കുന്നത്, ആണങ്കി, നിങ്ങ അവരെ മുട്ടാണ്ടിരിക്കണ ട്ടോ?

അവൾ അല്പം സ്വാർത്ഥതയോടെ പറഞ്ഞു.

“നമ്മ, മുട്ടൂല്ല പക്ഷേങ്കില്, ഞമ്മട ഒപ്പരമുള്ള ഓള് എന്നെ വല്ലാണ്ടാക്കുന്നുണ്ട് “

“ആരാണാ ബലാല് “

“എനക്കറിയൂലാ…ഞാനങ്ങോട്ട് നോക്കീം  കൂടീല്ലാ”

“നിങ്ങ ഒരു കാര്യം ചെയ്യ് ഓൾടെ സീറ്റീന്ന് പൊങ്ങി ബേറെ സീറ്റീ കുത്തിരിക്കീൻ “

അവൾ അത് പറഞ്ഞപ്പോൾ തന്നെ, അവളുടെ സീറ്റിൽ ഇരുന്ന ആ കാർന്നോര് വേഗം അവിടുന്ന് എഴുന്നേറ്റ് തൊട്ടടുത്ത സീറ്റിൽ പോയിരുന്നു.

“ഉം, ഞമ്മള് മാറി ബേറെ സീറ്റിലിരുന്നു, അനക്ക് അബടെ എടങ്ങേ റൊന്നുമില്ലല്ലോ അല്ലേ?”

അയാൾ ജിജ്ഞാസയോടെ ചോദിച്ചു.

“ഉം എനക്കുമുണ്ടാർന്നു, ഒരു ഹിമാറിന കൊണ്ടുള്ള, സ്വയ്രക്കേട്, പക്ഷേങ്കില് ഞമ്മളൊരു പിന്നെടുത്ത് കുത്ത് കൊടുത്തപ്പോ, ഓനെഴുന്നേറ്റ് അടുത്ത സീറ്റിലേക്ക് പോയി. ഞമ്മടെ ബേണ്ടാത്തിടത്ത് കൈവെച്ച ഓന പിടിച്ച് പോലീസി, കൊടുക്കണ്ടതാ, പക്ഷേങ്കില് ജ്ജ് ഞമ്മളെ കാണാണ്ട് ബേജാറാവില്ലെ ,അതോണ്ടാ “

ആ മറുപടി വന്നതും, ഉള്ളിലൂടെ ഒരു മിന്നൽ പിണർ കയറിയിറങ്ങി പോയത് പോലെ അയാൾക്ക് തോന്നി.

പിന്ന് കൊണ്ട്, ചോ ര പൊടിഞ്ഞ തു ടഭാഗം, പൊത്തിപ്പിടിച്ച് അയാൾ വലത് വശത്തെ സീറ്റിലേക്ക് തിരിഞ്ഞ് നോക്കി.

അപ്പോൾ ബസ്സിന്റെ വിൻഡോയിലൂടെ അടിച്ച് കയറിയ കാറ്റിൽ ബുർഖ പറന്നുയർന്നപ്പോൾ അയാൾ ആ മുഖം കണ്ടു.

ഒന്നേ നോക്കിയുള്ളു. പിന്നെ ഒന്ന് കൂടി നോക്കാനുള്ള മനോബലം അയാൾക്കില്ലായിരുന്നു.

പതിനാല് വർഷം തന്റെ കൂടെ ജീവിച്ചിട്ടും അവളുടെ നി തം ബത്തിന്റെ മാ ർദ്ദവം താനിപ്പോഴാണല്ലോ അറിയുന്നത്, എന്നോർത്തപ്പോൾ അയാൾക്ക് നഷ്ടബോധവും , ഒപ്പം നിരാശയും തോന്നി.

അപ്പോഴും അവളുടെ കണ്ണുകൾ, മെസ്സഞ്ചർ സ്ക്രീനിൽ തന്നെയായിരുന്നു. കൈവിരലുകൾ സ്മാർട്ട് ഫോണിന്റെ ഗൊറില്ലാ ഗ്ളാസ്സിലും.

അപ്പോഴേക്കും തിരിച്ചറിവുണ്ടായ അയാൾ, ഖദീജയെന്ന ഫേക്ക് ഐഡി ബ്ലോക്ക് ചെയ്ത് കഴിഞ്ഞിരുന്നു.

~സജിമോൻ തൈപറമ്പ്