അവന്റെ സ്നേഹം മാത്രം കൊതിച്ചിരുന്ന  അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ നഷ്ടപ്പെട്ട ഇന്നലകളിലെ…

എഴുത്ത്: മഹാ ദേവൻ

==============

അന്ന് അവളെ ചേർത്തു പിടിച്ചു നെറുകയിൽ ചുംബിക്കുമ്പോൾ അവൾ കണ്ണുകൾ ചേർത്തടച്ചിരുന്നു.  ഒന്ന് ഉറക്കെ കരയുവാൻ പോലും കഴിയാതെ, ഒന്നും പ്രതികരിക്കാതെ വിറങ്ങലിച്ച മനസ്സുമായി കിടക്കുന്ന,  അവന്റെ സ്നേഹം മാത്രം കൊതിച്ചിരുന്ന  അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ നഷ്ടപ്പെട്ട ഇന്നലകളിലെ ഒരുപാട് സ്വപ്‌നങ്ങൾ ആ കണ്ണുകളിൽ മരിച്ചുകിടക്കുന്ന പോലെ…. !

ചുണ്ടുകൾ പരിഭവം പറയാൻ കൊതിക്കുന്നുണ്ടെങ്കിലും പിണക്കം അവളെ പിന്തിരിപ്പിക്കുന്ന പോലെ….അവനറിയാം അവൾ പിണങ്ങിയാൽ പിന്നെ ഒന്ന് ഇണങ്ങിക്കിട്ടാൻ വലിയ പാടാണെന്ന്. പലപ്പോഴും അവളുടെ ആ ദേഷ്യത്തെ അനുഭവിച്ചത്‌ കൊണ്ടാവണം  അവൻ അവളെ ചേർത്തുപിടിച്ചത്..നിറുകയിൽ, കണ്ണുകളിൽ..അങ്ങനെ അങ്ങനെ സ്നേഹം കൊണ്ട് മൂടാൻ ശ്രമിച്ചത്. തെറ്റ് ഏറ്റു പറഞ്ഞു മാപ്പ് പറഞ്ഞത്…

പക്ഷേ, അതുകൊണ്ടൊന്നും മായുന്നതല്ലായിരുന്നു അവളുടെ ദേഷ്യം.

അവൻ വരുംവരെ ഭക്ഷണം പോലും കഴിക്കാതെ കാത്തിരിക്കുന്ന, അവൻ അടുത്തില്ലാത്ത ഒരു രാത്രി പോലും ഉറങ്ങാൻ കഴിയാതെ വിഷമിച്ചിരിക്കാറുള്ള, അവനിലേക്ക്  മാത്രമായി തന്റെ ലോകം ഒതുക്കിവെച്ചവൾക്ക് മുന്നിൽ മറ്റൊരു പെണ്ണിനൊപ്പം….അതും അവൾ സ്വപ്നം കണ്ട ജീവിതം തുടങ്ങിയ ആ മുറിക്കുള്ളിൽ….

ആദ്യമായി അവന്റെ മാറിൽ അവനിലേക്ക് ചേർന്നുകിടന്നുകൊണ്ട് മോഹങ്ങൾ പങ്കുവെച്ച ബെഡിൽ…..

അവനൊപ്പം ഒന്നായ ഉടലുകൾ മറച്ച പുതപ്പിനുള്ളിൽ…അവളുടെ സ്വപ്നങ്ങൾക്കും  സങ്കടങ്ങൾക്കും സാക്ഷിയായ തലയിണയിൽ…

ഒരു ഭാര്യക്ക് സഹിക്കാവുന്നതിലും അപ്പുറം കണ്മുന്നിൽ കണ്ട കാഴ്ച്ചക്ക് മുന്നിൽ നിന്നും ഒന്നും പ്രതികരിക്കാതെ പിന്തിരിയുമ്പോൾ അവൻ കരുതിയില്ല പിണക്കത്തിന് ഇത്രക്ക് ആഴമുണ്ടാകുമെന്ന്..

“ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം ആയിരുന്നു…പക്ഷേ….പറ്റിപ്പോയി”…..

അവൻ അവളുടെ കാലിൽ പിടിച്ചുകൊണ്ട് മാപ്പ് പറയുമ്പോഴും ഒന്ന് ക്ഷമിക്കാൻ പോലും കൂട്ടാക്കാത്ത പോലെ അവൾ ….

വൈകിയ തിരിച്ചറിവിൽ വേദനിച്ചിട്ട് ഇനി എന്ത് കാര്യം എന്ന് അവനറിയാമായിരുന്നു..ജീവിതത്തിൽ സ്നേഹം കൊണ്ട് തോൽപ്പിച്ചത് അവളായിരുന്നു…അത് അറിഞ്ഞിട്ടും അവഗണിക്കുമ്പോൾ….

ഇപ്പോൾ മൗനം കൊണ്ട് തോല്പിക്കുന്നു അവൾ തന്നെ….

പതിയെ അവളുടെ കാലിൽ പിടിച്ചുകൊണ്ട് മാപ്പെന്ന വാക്ക് മാത്രം ഉരുവിടുമ്പോൾ  അപ്പുറത്തു നിന്ന് ആരോ പറയുന്നുണ്ടായിരുന്നു

“ഇനി എങ്കിലും ബോഡി എടുത്തൂടെ…ഒരുപാട് നേരം ആയില്ലേ..” എന്ന്…….

✍️ ദേവൻ