അതിന്റ പേരിൽ പലപ്പോഴും വീട്ടിൽ നിത്യസന്ദർശ്ശകനായ അയാൾ ഇടിഞ്ഞു വീഴാറായ വരാന്തയിലേക്ക്….

എഴുത്ത്: മഹാ ദേവൻ

================

“ശരിക്കും എനിക്ക് ഭ്രാന്തുണ്ടോ ! “

ആ ഇരുണ്ട മുറിയുടെ മൂലയിൽ താളം പിടിക്കുന്ന ചങ്ങലക്കണ്ണികളിൽ തെരുപ്പിടിക്കുമ്പോൾ പലപ്പോഴും അവൾ സ്വയം ചോദിക്കുന്ന ചോദ്യമായിരുന്നു അത്.

നിറം കൊണ്ട ജീവിതത്തെ സ്വപ്നം കണ്ട് തുടങ്ങിയ ഒരു പതിനാറുകാരി ആയിരുന്നു അന്നവൾ. ഇന്ന് നിറം കെട്ട ജീവിതത്തിന്റെ ബാക്കിയെന്നോണം  നിഴൽപോലും കൂട്ടുവരാത്ത ഇരുണ്ടമുറിയിൽ  മങ്ങിയ സ്വപ്നങ്ങളുമായി ഇരുണ്ട നാളുകൾക്കൊപ്പം സഞ്ചരിക്കുന്ന ഇരുപത്തിയാറുകാരിയാണവൾ. തന്നിലേക്ക് മാത്രം ഒതുങ്ങി ജീവിക്കാൻ തുടങ്ങിയിട്ട് പത്തു വർഷങ്ങൾ…കൗമാരത്തിൽ നിന്നും  യൗവനത്തിലേക്ക് ഒരു ഭ്രാന്തിയായി പ്രവേശിച്ചവൾ.

മുന്നിൽ ജീവിതം ഒരുപാട് ബാക്കിയുണ്ടായിട്ടും ഒരു ചങ്ങലതുണ്ടിനാൽ ബന്ധിക്കപ്പെട്ട നല്ല പ്രായം അവൾക്കിന്ന് ഒരു ചോദ്യചിന്ഹമാണ്. !

“എങ്ങിനെ ആയിരുന്നു മായാ നീ ഭ്രാന്തിയായത്  ! എന്തിനായിരുന്നു മായ നീ ഭ്രാന്തിയാക്കപ്പെട്ടത്…എന്തിന് വേണ്ടിയായിരുന്നു നീ സ്വയം നിന്നിലേക്ക് മാത്രമായി ഒതുങ്ങിയത്… !”

അവൾ തന്നോട് തന്നെ ചോദിക്കാറുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ആയിരുന്നു അതെല്ലാം… !

പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് പത്താംക്ലാസ്സിൽ ഉയർന്ന മാർക്കോടെ പാസായി സ്കൂളിന്റെ അഭിമാനമായ പെൺകുട്ടി ! എങ്ങും എത്തിപ്പെടാത്ത ജീവിതസാഹചര്യങ്ങളോട് പൊരുതി നേടിയ ആ വിജയത്തെ അനുമോദിക്കാൻ ഒരുപാട് പേർ ഉണ്ടായിരുന്നു. ജനപ്രതിനിധികൾ,  നാട്ടുകാർ,  ചാനലുകാർ,  അങ്ങനെ അങ്ങനെ…..അവർക്ക് മുന്നിൽ സന്തോഷത്തോടെ സംസാരിക്കുമ്പോൾ പിന്നിൽ ഇടിഞ്ഞുവീഴാറായ വീടിന്റെ ശോചനീയാവസ്ഥ കണ്ട് പലരും മുന്നോട്ട് വന്നു വീടായും പഠനചിലവായും പല പല വാഗ്ധാനങ്ങളുമായി. അച്ഛൻ മരിച്ചിട്ടും ജീവിതത്തിൽ തോൽക്കാതെ മകൾക്ക് വേണ്ടി പൊരുതിജീവിച്ച അമ്മയെ അഭിനന്ദിക്കാനും മറന്നില്ല പലരും.

നാട്ടിലെ ജനകീയകൂട്ടായ്മയുടെ സ്വീകരണത്തിൽ ഇരിക്കുമ്പോൾ മായയെ ഒരുപാട് സന്തോഷിപ്പിച്ചത് അന്നാട്ടിലെ പ്രമാണിയായ പരമേശ്വരന്റെ വാക്കുകൾ ആയിരുന്നു.

“മായ എന്ന ഈ പെൺകുട്ടി ഇന്നീ നാടിന്റെ അഭിമാനമാണ്. ഇല്ലായ്മയിലും പൊരുതിനേടിയ ഈ വിജയത്തിന് ഇന്ന് പത്തരമാറ്റാണ്. എന്നാൽ ഈ കുട്ടിയെ അഭിനന്ദിക്കുമ്പോൾ അതിനോടൊപ്പം ചേർത്ത് വായിക്കേണ്ട ഒരാളുണ്ട്. മായക്ക് മൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചിട്ടും വേറെ ഒരു വിവാഹത്തെ കുറിച്ച് പോലും ചിന്തിക്കാതെ മകൾക്ക് വേണ്ടി ജീവിച്ച് ഈ കുട്ടിയെ തള്ളക്കോഴി കുഞ്ഞുങ്ങളെ ചേർത്തുപിടിച്ചു വളർത്തുംപോലെ വളർത്തി ഈ നിലയിലേക്ക് എത്തിക്കാൻ മുന്നിൽ വാഴക്കാട്ടിയ ഒരമ്മ. ‘ മാലിനി ‘.മായയുടെ അമ്മ….

ഈ അവസരത്തിൽ ശരിക്കും ഞാൻ അവർക്ക് മുന്നിൽ കൈകൂപ്പുകയാണ്. ഇതുപോലെ ഉളള അമ്മയെ കിട്ടിയ ഈ മോൾ എത്ര ഭാഗ്യവതിയാണ് !എന്തായാലും ഇനിയങ്ങോട്ടുള്ള ജീവിതം സന്തോഷകരമാകട്ടെ എന്ന് മനസ്സ് നിറഞ്ഞ് ആശംസിക്കുന്നു. അതോടൊപ്പം തന്നെ എന്നെ കൊണ്ട് കഴിയുന്ന ഒരു സഹായം ഞാൻ ഇവർക്ക് മുന്നിൽ വെക്കുന്നു..ഇന്ന് മുതൽ ഈ കുട്ടിയുടെ എല്ലാ പഠനചിലവും ഞാൻ വഹിക്കുന്നതായിരിക്കും. മോൾക്ക് ഏത് വരെ പഠിക്കാൻ ആണ് ആഗ്രഹം അതുവരെ ! “

കരഘോഷത്തോടെ ആ നല്ല മനസ്സിനെ എല്ലാവരും സ്വീകരിക്കുമ്പോൾ ജീവിതത്തിൽ ആഗ്രഹിച്ച സ്വപ്‌നങ്ങൾ നേടാൻ കഴിയുമെന്ന വിശ്വാസമുണ്ടായിരുന്നു മായക്ക്. അതിലേക്കുള്ള വഴിയാണ് അദ്ദേഹത്തിന്റെ വാക്കിലൂടെ തുറക്കപ്പെട്ടിരിക്കുന്നത് എന്ന്  അറിഞ്ഞ നിമിഷം നിറകണ്ണുകളോടെ അയാൾക്ക് മുന്നിൽ കൈകൂപ്പി അവൾ.

അതിന്റ പേരിൽ പലപ്പോഴും വീട്ടിൽ നിത്യസന്ദർശ്ശകനായ അയാൾ ഇടിഞ്ഞു വീഴാറായ വരാന്തയിലേക്ക് കയറിയിരിക്കുമ്പോഴും അമ്മയുടെ കയ്യിൽ നിന്നും ചായ ചോദിച്ചു വാങ്ങിക്കുടിക്കുമ്പോഴും അവർക്ക് അത്ഭുതമായിരുന്നു.

“ഈ കസേരയിലേക്ക് ഇരുന്നോളൂ..മുണ്ടിൽ ചെളി ആക്കേണ്ട..ആ തിണ്ണയിലൊക്കെ അപ്പിടി മണ്ണാണ് ” എന്ന് പറഞ്ഞ് അയാൾക്ക് മുന്നിലേക്ക് മാലിനി നീക്കിയിട്ട തുരുമ്പിച്ച ഇരുമ്പുകസേരയിലേക്ക് നോക്കികൊണ്ട് അയാൾ പറയും “എന്റെ മാലിനി…ഇതുപോലെ ഒക്കെ തന്നെ ആണ് ഞാനും ജീവിച്ചു വന്നത്. ജീവിതത്തിൽ ഒരുപാട് കഷ്ടതകൾ അനുഭവിച്ചും അതിനോടൊക്കെ പൊരുതിയും ഉണ്ടാക്കിയതാണ് ഇന്നത്തെ ഈ വെളുത്ത  വേഷം. അതിൽ  കുറച്ച് മണ്ണ് പറ്റിയെന്നു കരുതി എന്റെ വില കുറയാനൊന്നും പോകുന്നില്ല ” എന്ന്.

ആ വാക്കുകൾകൊണ്ട് അയാൾ അവരുടെ ബഹുമാനം നേടിയെടുക്കുമ്പോൾ അവർക്ക് ഇല്ലാതാകാൻ പോകുന്ന ജീവിതത്തിലേക്കുള്ള  ആരംഭമായിരുന്നു അതെന്ന് അറിഞ്ഞിരുന്നില്ലവർ…

മാലിനിയുടെയും മകളുടെയും ജീവിതത്തിലേക്ക് അയാൾ കൂടുതൽ അടുത്തുതുടങ്ങുമ്പോൾ നാട്ടുകാർക്കിടയിൽപോലും അതൊരു സംസാരവിഷയമായി തുടങ്ങിയിരുന്നു.

അച്ഛൻ മരിച്ചതിനു ശേഷം ആർക്ക് മുന്നിലും അടിയറവ് വെക്കാത്ത ചാ രിത്ര്യം ഒരു ചോദ്യചിന്ഹമായി നാട്ടുകാരുടെ വാക്കുകളിൽ നിറയാൻ തുടങ്ങിയപ്പോൾ മാലിനി ഗത്യന്തരമില്ലാതെ അയാൾക്ക് മുന്നിൽ കൈകൂപ്പി പറഞ്ഞു

“ഇനി ഒന്നിന്റെ പേരിലും ഈ വഴി വരരുത്. പണമില്ലെങ്കിൽ എന്റെ മോൾക്ക് പഠിക്കാൻ കഴിഞ്ഞില്ലെന്ന് വരാം..അത് വിധിയാണെന്ന് കരുതി സമാധാനിച്ചോളാം ഞങ്ങൾ. അത് എന്റെ മോൾക്ക് പറഞ്ഞാൽ മനസ്സിലാകും. പക്ഷേ, ഇത്രകാലം കാത്തുവെക്കാൻ കുറച്ച് അഭിമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ..അത് കളയാൻ വയ്യ. അതുകൊണ്ട് ഇടക്കിടെ ഉളള ഈ വരവ് നിർത്തണം…സഹായം പോലും ചിലപ്പോൾ ഉപദ്രവമാക്കി മാറ്റുന്ന ആളുകൾ ഉളള നാടാണ് ഇത്. അതുകൊണ്ട് ദയവ് ചെയ്ത് ഇനി ഇടക്കിടെ വരരുത് ” എന്ന്.

പിന്നീട് അദ്ദേഹത്തിന്റെ വരവ് കുറഞ്ഞെങ്കിലും ആളുകളുടെ സംസാരത്തിൽ മാത്രം കുറവിലായിരുന്നു. അന്ന് കോളേജ് വിട്ടതിനു ശേഷം ബസ്സ് ഇറങ്ങി വീട്ടിലേക്കു നടക്കുമ്പോൾ പിന്നിൽ നിന്ന് ആരോ ചോദിക്കുന്നുണ്ടായിരുന്നു “എന്താ മോളെ ഇപ്പോൾ നിന്റെ അമ്മയെ വെച്ചോണ്ടിരിക്കുന്നത് പരമേശ്വരൻ മുതലാളി ആണോ ” എന്ന്.

അതിനിടയിൽ വേറെ ആരോ പുച്ഛത്തോടെ പറയുന്നുണ്ടായിരുന്നു “അലെങ്കിലും അമ്മയ്ക്കും മോൾക്കും ഇപ്പോൾ രാജയോഗമല്ലേ. മോൾക്ക് പഠനച്ചിലവ് നോക്കാനും അമ്മക്ക് കൂട്ട് കിടക്കാനും ഒരാൾ ആയല്ലോ..ഇനി മോളുടെ അ ടി വ സ്ത്രത്തിന്റെ അളവ് കൂടി മൊതലാളി എടുത്തുവെച്ചിട്ടുണ്ടോ എന്ന് ആർക്കറിയാം..പഠനച്ചിലവ് മൊത്തം ഏറ്റെടുത്ത ആളല്ലേ ” എന്ന്.

നാട്ടുകാരുടെ പുച്ഛത്തോടെ ഉളള വാക്കുകളും കളിയാക്കലും കാതിലേക്ക് ഒരു ശൂലം കണക്കെ കുത്തിനോവിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അതോടൊപ്പം പഠിക്കാനുള്ള കഴിവിനെ ആദ്യമായി സ്വയം ശപിച്ചതും അപ്പോഴായിരുന്നു.

“മോളെ വേഗം വീട്ടിലേക്ക് ചെല്ല്..അങ്ങോട്ട്‌ പോയിട്ടുണ്ട് മുതലാളി..നിന്നെ കാത്തിരിക്കുകയാവും” എന്നും കൂടി ആരുടെയോ വാക്കുകൾ കേട്ടപ്പോൾ അവളുടെ കണ്ണുകൾ  സങ്കടത്താൽ ഇരുട്ട് മൂടിയിരുന്നു.

മനസ്സ് മടുപ്പിച്ച നാട്ടുകാരുടെ കുത്തിനോവിക്കുന്ന വാക്കുകൾ കേട്ട് സങ്കടത്തോടെയും അതോടൊപ്പം വർധിച്ച ദേഷ്യത്തോടെയും വീട്ടിലെത്തുമ്പോൾ വീടിനു മുന്നിൽ തന്നെ ഉണ്ടായിരുന്നു അയാളുടെ കാർ. അത് കണ്ട് കൊണ്ട് മുറ്റത്തേക്ക് കടക്കുമ്പോൾ തിണ്ണയിൽ അയാൾ ഇല്ലായിരുന്നു. അത് വരെ നാട്ടുകാർ പറഞ്ഞതിന്റെയും കളിയാക്കിയതിന്റെയും വർദ്ധിച്ച ദേഷ്യവും സങ്കടവും മനസ്സിൽ കിടന്ന് പെരുകുന്നതിനോടൊപ്പം വീടിന് പുറത്ത് ഊരിയിട്ട ചെരിപ്പ് കൂടി കണ്ടത്തോടെ സമനില തെറ്റിയ പോലെ അകത്തേക്ക് കുതിച്ച അവൾ കണ്ടത് മാലിനിയെ ചേർത്തുപിടിച്ചുകൊണ്ട് ബെഡ്‌സിലേക്ക് പതിയെ കിടത്തുന്ന പരമേശ്വരനെ ആയിരുന്നു.

ആ കാഴ്ചയിൽ ഒരു നിമിഷം വിറങ്ങലിച്ചു നിന്ന അവൾക്ക് മുന്നിൽ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു, “അമ്മയുടെ പൂർണ്ണ സമ്മതത്തോടെ ആണോ അയാൾ…അതോ ഇയാൾ അമ്മയെ…അങ്ങനെ ആണെങ്കിൽ അമ്മ പ്രതികരിക്കേണ്ടതല്ലേ..ഇതിപ്പോ അമ്മയുടെ ഭാഗത്തു നിന്ന് ഒരു പ്രതികരണവും ഇല്ല..അതിനർത്ഥം…..”

അവളുടെ ചിന്തകൾ പോലും അവളെ വേട്ടയാടാൻ തുടങ്ങിയ ആ നിമിഷത്തിൽ അടുക്കളയിലേക്ക് കുതിച്ച മായ വെട്ടുക ത്തിയുമായി തിരികെ ആ മുറിയിലെത്തുമ്പോൾ പിന്നിൽ മായ വന്നതറിയാതെ അയാൾ മാലിനിയുടെ ചുണ്ടുകളിൽ അയാളുടെ ചുണ്ടുകൾ ചേർത്തുവെക്കുകയായിരുന്നു.

ചിന്തിക്കാൻ പോലും സമയം നൽകാതെ നിമിഷ നേരം കൊണ്ട് വർദ്ധിച്ച ദേഷ്യത്തോടെ മായയുടെ കയ്യിലുള്ള വാ ക്ക ത്തി വായുവിൽ ഉയർന്നു താഴുമ്പോൾ ആ വീടിനെ നടുക്കിക്കൊണ്ട് ഒരു നിലവിളി ഉയർന്നിരുന്നു..പക്ഷേ, അത് കേൾക്കാത്ത പോലെ ഒരു ഉന്മാദാവസ്ഥയിൽ പിന്നെയും ആ വാ ക്ക ത്തി വായുവിലൂടെ താണിറങ്ങുമ്പോൾ അയാൾ ഒന്ന് മാറിയത് അവൾ അറിഞ്ഞില്ല….അടുത്ത വെട്ട് പെറ്റ വയറിന്റെ  കഴുത്തിലാണെന്നും അവൾ അറിഞ്ഞില്ല…..

ഒരു ഭ ദ്രകാ ളിയെ പോലെ ഉറഞ്ഞാടി ശാന്തയാകുമ്പോൾ മുന്നിൽ രണ്ട് ശരീരങ്ങൾ ഉണ്ടായിരുന്നു ചോരയിൽ കുളിച്ച്. തന്റെ വെട്ടുകൾ പലതും കൊണ്ടത് അമ്മക്കാണെന്ന് അറിഞ്ഞ നിമിഷം അവൾ ഞെട്ടലോടെ രണ്ടടി പിറകോട്ട് മാറുമ്പോൾ മരണത്തിലേക്കുള്ള അവസാനമിടിപ്പിനിടയിൽ പരമേശ്വരൻ പറയുന്നുണ്ടായിരുന്നു,

“മോളെ..എന്തിനാ നീ ഇങ്ങനെ ചെയ്തെ..സഹായിക്കാൻ വന്നതിന്റെ ശിക്ഷയാണോ..? മോൾക്ക് അറിയോ പുറത്തെ സ്വിച്ചിൽ നിന്നും അമ്മക്ക് ഷോക്ക് അടിച്ചപ്പോൾ പേടിയോടെ റൂമിൽ കൊണ്ട് വന്ന് കിടത്തിയതാണ്..കാലിലും കയ്യിലും തിരുമ്മിയിട്ടും അനക്കമില്ലെന്ന് കണ്ടപ്പോൾ കൃത്രിമശ്വാസം കൊടുക്കാൻ ശ്രമിച്ചതാണ് ഞാൻ….പക്ഷേ, കാര്യമറിയാതെ…ജീവിച്ചു കൊതി തീർന്നില്ലല്ലോ മോളെ, അതിന് മുന്നേ ….”

അത് പറഞ്ഞ് മുഴുവനാക്കും മുന്നേ അയാളും അവസാനം ശ്വാസം ഒന്ന് നീട്ടിവലിച്ചു നിശ്ചലമായപ്പോൾ അവൾ കരഞ്ഞുകൊണ്ട് നിലത്തേക്കിരുന്നു.

“അപ്പൊ അയാൾക്ക് വഴങ്ങിയല്ലായിരുന്നു അമ്മ അനങ്ങാതെ കിടന്നത്. എന്നിട്ടും സംശയിച്ച് ഞാൻ എന്റെ അമ്മയെ..അമ്മയെ അങ്ങനെ ഒരു ദുഷിച്ച മനസ്സോടെ കാണാത്ത അയാളെയും… “

അവൾക്ക് കരച്ചിനിടയിൽ ശ്വാസം വിലങ്ങി..തൊണ്ട വരണ്ടു..പേടിയോടെ അവൾ മൂലയിലേക്ക് ഒതുങ്ങി..പതിയെ അവൾ അവളുടെ ബോധത്തിൽ നിന്നും അകന്നുതുടങ്ങിയിരുന്നു. മുടിയഴിച്ചു മൂലയിൽ മുഖം കുനിച്ചിരുന്ന അവൾ കരഞ്ഞും ചിരിച്ചും ചിന്തിച്ചും ആരോടും മിണ്ടാതെ ഒതുങ്ങിയ വർഷങ്ങൾ..

പിന്നീട് ഭ്രാന്തമായ ജീവിതത്തിൽ നിന്ന് തിരികെ മനസ്സ് സഞ്ചരിച്ചു തുടങ്ങിയെങ്കിലും ഇന്നും ആരോടും ഒന്നും പറയാതെ അവൾ ആ മുറിയിലെ തന്നെ സ്വയം ഭ്രാന്തിയായി ഒതുങ്ങുന്നു.

അമ്മയില്ലാത്ത ഈ ലോകത്തെ കാണാൻ കഴിയാതെ…നഷ്ട്ടപ്പെട്ട സ്വപ്നങ്ങളെ ആ മുറിക്കുള്ളിൽ കുഴിച്ചുമൂടി..നിറമണിഞ്ഞ ജീവിതത്തിന്റെ നഷ്ട്ടപ്പെട്ട ഇന്നലെകളെ താലോലിച്ചുകൊണ്ട് നിറം കെട്ട ദിവസങ്ങളുടെ തോളിലേറി ഒന്നും എത്തിപ്പിടിക്കാൻ ഇല്ലാത്ത ശൂന്യമായ മനസ്സിന്റെ എങ്ങോട്ടെന്നിലാത്ത ഒരു യാത്രയിലെന്നോണം…

✍️ ദേവൻ