അത് കേൾക്കേണ്ട താമസം, സേതു ഓടിച്ചെന്ന് അവരെ ചേർത്ത് പിടിച്ച് അവരുടെ ചെവിയിൽ എന്തോ പറഞ്ഞു…

പെയ്ത്തു വെള്ളം

Story written by Saji Thaiparambu

================

അവളുടെ പിൻകഴുത്തിൽ അവൻ ചുംബിച്ചപ്പോൾ ഇക്കിളി കൊണ്ടവൾ പുളഞ്ഞു. മതിവരാതെ, അവളെ വാരിയെടുത്ത് മാറോട് ചേർത്ത് പിടിച്ച് നെറ്റിയിലും കവിളുകളിലും തെരു, തെരെ ഉമ്മ വെച്ചപ്പോൾ അവൾ പൊട്ടിച്ചിരിച്ചു പോയി.ആ ചിരി ദുരിതാശ്വാസ ക്യാമ്പിലെ വലിയ ഭിത്തികളിൽ തട്ടി പ്രകമ്പനമുണ്ടായി.

പാത്തു, എന്ന് ഓമനപ്പേരിട്ട് ക്യാമ്പിലുള്ളവർ വിളിക്കുന്ന ഫാത്തിമത്തുസുഹ്റ, എന്ന മൂന്ന് വയസ്സ് കാരിയെ, സേതു എന്ന നാല്പത്തിരണ്ടുകാരൻ കൊതിതീരാതെ വാത്സല്യം കൊണ്ട് മൂടുകയായിരുന്നു.

ഇന്ന് ക്യാമ്പ് പിരിച്ച് വിടുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി, രമയ്ക്കുo, സേതുവിനും മക്കളില്ലാത്തതിന്റെ കുറവ് നികത്തിയിരുന്നത് ,ആ മൂന്ന് വയസ്സുകാരിയുടെ കുസൃതികളായിരുന്നു.

പ്രളയജലം ഒറ്റ നില വീടിനെ മുക്കി കളഞ്ഞപ്പോൾ വല്ലാത്ത നിരാശയിലാണ് ക്യാമ്പിലെത്തിയത്. അതിൽ നിന്നുമൊരു മോചനമായിരുന്നു, പാത്തുവുമായുള്ള ചങ്ങാത്തം. ഇരിട്ടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ, പാത്തുവിന്റെ ഉമ്മയും, ബാപ്പയും ഒലിച്ച് പോയി, ബാക്കിയായത്, അവളുടെ വല്യുപ്പയും, വല്ലുമ്മയും മാത്രം.

വീടിന് മുകളിൽ പൊങ്ങിയ പ്രളയജലം ഒരാഴ്ച കഴിഞ്ഞപ്പോൾ ഭൂമിയിലേക്ക് താഴ്ന്നിറങ്ങിയിട്ടുണ്ട്. തിരിച്ച് പോയാൽ തനിക്കും, രമയ്ക്കും ആ വീട്ടിൽ താമസിക്കാം.

പക്ഷേ വീട് നഷടപ്പെട്ട അനേകം പേരുടെ ഭാവി ഒരു ചോദ്യചിഹ്നമായി നില്ക്കുന്നു.

അതിലുമൊക്കെ അപ്പുറം, ഇവിടുന്ന് പോകുമ്പോൾ പാത്തുവിനെ എന്നന്നേയ്ക്കുമായി, തനിക്കും, രമയ്ക്കും നഷ്ടമാവുകയാണ്.

കുറച്ച് ദിവസങ്ങൾ കൊണ്ട് പാത്തു, അവരുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു.

സേതുവിന്റെ വിഷമം കണ്ടപ്പോൾ രമയാണ് ഒരു ഉപായം പറഞ്ഞത്.

“സേതുവേട്ടാ, നമുക്ക് ചോദിച്ചാലോ?”

എന്ത് എന്ന അർത്ഥത്തിൽ അവൻ അവളെ നോക്കി.

“അല്ലാ, ഈ പാത്തൂന്റെ ഉമ്മീം, വാപ്പീം മരിച്ച് പോയില്ലേ, അവരുടെ വീടും ഉരുൾപൊട്ടലിൽ ഒലിച്ച് പോയി. പ്രായമായ അവളുടെ വല്യുപ്പയും, വല്ലുമ്മയും എങ്ങനെ അവളെ വളർത്തും, വീടില്ലാതെഎവിടെ അവളെ പാർപ്പിക്കും”

അത്രയും പറഞ്ഞപ്പോഴേക്കും, അക്ഷമയോടെ അവൻ ചോദിച്ചു.

“അത് കൊണ്ട് “

അവൾ ബാക്കി പറഞ്ഞു

“അത് കൊണ്ട്, പാത്തൂനെ നമുക്ക് തന്നേയ്ക്കുമോ എന്ന് ചോദിച്ച് നോക്കാം “

പറഞ്ഞ് തീരുന്നതിന് മുമ്പ് ആവേശത്തോടെ അവൻ ചാടിയെഴുന്നേറ്റു,

“എങ്കിൽ വാ, ഇപ്പോൾ തന്നെ ചോദിക്കാം “

അവളുടെ കൈ പിടിച്ചയാൾ വേഗം അങ്ങോട്ട് നടന്നു.

മറ്റെല്ലാവരും ക്യാമ്പിൽ നിന്ന് പോകാനൊരുങ്ങുമ്പോൾ, പോകാനിടമില്ലാതെ നിസ്സഹായരായി ഇരിക്കുകയായിരുന്നു, ചെറു മകളെയുo കയ്യിൽ പിടിച്ച് ആ വൃദ്ധ ദമ്പതികൾ.

സേതു, വന്ന് അവരോട്, ആശങ്കയോടാണ് കാര്യങ്ങൾ പറഞ്ഞൊപ്പിച്ചത്.

ആദ്യം ഒരു അമ്പരപ്പുണ്ടായെങ്കിലും, തങ്ങളുടെ മുന്നിൽ ഇനിയുള്ള ജീവിതം ഒരു വെല്ലുവിളിയാണെന്നറിയാവുന്നത് കൊണ്ട്, കൊച്ചുമകളുടെ ഭാവിയെങ്കിലും, സുരക്ഷിതമാകുമല്ലോ എന്ന് അവർക്ക് ബോധ്യം വന്നിരുന്നു.

കുറച്ച് നേരത്തെ ആലോചനയ്ക്ക് ശേഷം മനസ്സില്ലാ മനസ്സോടെ അവർ പാത്തുവിനെ രമയുടെ കൈയ്യിലേക്ക് കൊടുത്തു.

പിന്നെ ഒട്ടും താമസിക്കാതെ സേതുവിനോടൊപ്പം, അവൾ ആ വലിയ ക്യാമ്പ് ഹാളിൽ നിന്നും പുറത്തേയ്ക്കിറങ്ങി.

ഗേറ്റിനടുത്ത് ചെന്നിട്ട് സേതു പുറകിലേക്കൊന്ന് തിരിഞ്ഞ് നോക്കി, അവിടെ ആ വൃദ്ധന്റെ തോളിലേയ്ച്ച് ചാഞ്ഞ് കിടന്ന് ഏങ്ങലടിച്ച് കരയുന്ന ആ അമ്മയെ കണ്ടപ്പോൾ അവന് സഹിക്കാൻ കഴിഞ്ഞില്ല.

രമയും, അത് കാണുകയായിരുന്നു.

സേതുവിന്റെ ഉള്ളിലെന്താണെന്ന് മനസ്സിലാക്കിയിട്ടെന്നോണം, അവൾ പറഞ്ഞു.

“സേതുവേട്ട, നമുക്ക് നഷ്ടപ്പെട്ടതൊക്കെ, ദൈവം തിരിച്ച് തരുവാണെന്ന് കരുതിയാ മതി. അവരെയും നമുക്ക് കൂടെ കൂട്ടാം, നമ്മുടെ സ്വന്തം അച്ഛനും, അമ്മയുമായിട്ട്. “

അത് കേൾക്കേണ്ട താമസം, സേതു ഓടിച്ചെന്ന് അവരെ ചേർത്ത് പിടിച്ച് അവരുടെ ചെവിയിൽ എന്തോ പറഞ്ഞു.

അത് തന്നെയാണ് അവർ ആഗ്രഹിച്ചതും.

ആ ഗേറ്റ് കടന്ന്, ഒരു കുടുംബം പുതിയ ജീവിതത്തിലേക്ക് പോകുന്നത്, കണ്ടപ്പോൾ അത് നോക്കി നിന്നവരുടെ കണ്ണുകളിൽ ആനന്ദാശ്രു പൊടിഞ്ഞു.

~സജിമോൻ തൈപറമ്പ്